IFFK: ആഗോളീകരണത്തിന്റെ ഇരകളാണ് മണിപ്പൂരിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ - റോമി മെയ്‌തേയ്
|മണിപ്പൂരില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകനാണ് റോമി മെയ്‌തേയ്. ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ 'ഐഖോഗി യം' (അവര്‍ ഹോം) പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഫിപ്രെസി ഇന്റര്‍നാഷണല്‍ അവാര്‍ഡും നെറ്റ്പാക് ജൂറി പരാമര്‍ശവും ഈ സിനിമ നേടി. നിറഞ്ഞ സദസ്സില്‍ കൈയടികളോടെയാണ് ആസ്വാദകര്‍ സിനിമയെ വരവേറ്റതെന്ന് റോമി മെയ്‌തേയ് പറയുന്നു. അഭിമുഖം: റോമി മെയ്‌തേയ് / റാഷിദ നസ്രിയ
ഐബോഗിയം ( Our Home) എന്ന താങ്കളുടെ സിനിമ മണിപ്പൂരിലെ മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ ജീവിത സാഹചര്യങ്ങളെയാണോ പകര്‍ത്തുന്നത്?
2011ല്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. മണിപ്പൂരില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനെതിരെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആ സംഭവത്തിലൂടെയാണ് എനിക്ക് ഈ പ്രമേയം കിട്ടുന്നത്. എന്നാല്‍, കഥയും ഇതിവൃത്തവും സാങ്കല്‍പ്പികമാണ്. അതേസമയം, കുടിയൊഴിപ്പില്‍ സംഭവം സത്യമാണ്. ഈ സംഭവമാണ് കഥയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ ഞാന്‍ ആരുടേയും പക്ഷം നില്‍ക്കുന്നില്ല. ഞാന്‍ കഥ പറയുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നോ അല്ല. ഞാന്‍ ഒരു കലാകാരന്‍ മാത്രമാണ്. കുടിയൊഴിപ്പിക്കലും ആഗോളവല്‍കരണവും ഒരു ചെറിയ, കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് EiKhoigi Yum എന്ന സിനിമ.
സിനിമയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച്?
ലോക്തക് തടാകത്തിന്റെ പശ്ചാത്തലത്തിലാണ് ( Our Home ) എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളും അവിടെ താമസിക്കുന്ന മനുഷ്യരുടെ, മത്സ്യതൊഴിലാളികളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. തടാകത്തില്‍ താമസിക്കുന്ന മിടുക്കനായ കുട്ടിയെ ചുറ്റിപ്പറ്റിയാണ് സിനിമ. തടാകത്തിലെ ജനങ്ങളുടെ ജീവിതത്തിലേക്കും അവരുടെ പ്രതിസന്ധികളിലേക്കുമാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ ഒന്നും സിനിമ പറയുന്നില്ല. പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വെല്ലുവിളിയെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.
ഇന്ത്യയില്‍ കുടിയൊഴിപ്പിക്കല്‍ സാര്‍വത്രികമാണ്. മണിപ്പൂരി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട്?
വികസനം ചെറിയ സമൂഹങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആഗോളവല്‍കരണത്തിന്റെ ഭാഗമായിരുന്നു ഈ കുടിയൊഴിപ്പിക്കല്‍. കുഴിയൊഴിപ്പിക്കല്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇത് കൂടുതല്‍ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയിട്ടുള്ള സമൂഹത്തെയാണ് ബാധിക്കുന്നത്. എന്റെ സിനിമയില്‍ കാണിക്കുന്ന സമൂഹം ഒരു ചെറിയ ഇടത്തില്‍ സഹവസിക്കുന്നവരാണ്. അവരുടെ സ്വന്തം പാരമ്പര്യങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ വ്യാപൃതരാണ് അവര്‍. സ്വന്തം സംസ്‌കാരം പിന്തുടരുന്നവരാണ് അവര്‍. വികസന പ്രേരിത കുടിയൊഴിപ്പിക്കല്‍ അവരുടെ പാരമ്പര്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് എന്റെ സിനിമ.
ഒരുകാലത്ത് സമൂഹവുമായി സഹവസിച്ചിരുന്നതായി അവര്‍ വിശ്വസിക്കുന്ന അവരുടെ സംസ്‌കാരം അപ്രത്യക്ഷമാകുന്നു. ഇത് ശരിയായ വികസനത്തിന്റെ ലക്ഷണമല്ല. ഏത് തരത്തിലുള്ള വികസന പ്രക്രിയയും അംഗീകരിക്കപ്പെട്ടാല്‍ അത് ഒരു സമുദായാധിഷ്ഠിത സമൂഹത്തിന്റെ സത്ത സംരക്ഷിക്കാനുള്ള സാധ്യതയായിരിക്കണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സംസ്‌കാരവും പാരമ്പര്യവും അവര്‍ സംരക്ഷിക്കണം. പക്ഷേ, മാനുഷിക മൂല്യങ്ങള്‍ അവിടെ നശിപ്പിക്കപ്പെടുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്.
കുടിയൊഴിപ്പിക്കല്‍ നടക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണോ, അതോ മറ്റു വികസനത്തിന്റെയും പരിസ്ഥിതിയുടെയും പേരിലാണോ?
ആഗോളവല്‍കരണ പ്രക്രിയയുടെ ഭാഗമാണ് എല്ലാം. അത് ആര്‍ക്കും തടസ്സപ്പെടുത്താനാവില്ല. മണിപ്പൂര്‍ താഴ്‌വരയിലെ ഒരു പ്രധാന ഭാഗമാണ് ലോക്തക് തടാകം. അത് നാഗരികതയുടെ പ്രതിഫലനമാണ്. അവിടത്തെ ആളുകള്‍ പരമ്പരാഗതമായ തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. 2006ലെ ലോക്തക് ലെയ്ക്ക് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് മത്സ്യ തൊഴിലാളികളായ ജനങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. കുടിയൊഴിപ്പിക്കപ്പെട്ടതോടെ അവരുടെ ഉപജീവനമാര്‍ഗം അപഹരിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ പാരിസ്ഥിതിക നാശം ഉണ്ടാക്കുന്നുവെന്ന തെറ്റായ പ്രചാരണത്തിലൂടെയാണ് കുടിയൊഴിപ്പിക്കലിന് സമ്മിതി നേടിയെടുക്കുന്നത്. തുടര്‍ന്ന് നഗര കേന്ദ്രങ്ങളിലേക്ക് താമസം മാറേണ്ടിവരുകയും ഉപജീവനം നിലക്കുകയും ചെയ്യുന്നു. നിര്‍ബന്ധിതമായി നഗര ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ജനതയുടെ സംഘര്‍ഷങ്ങളെ മുന്നില്‍ വെക്കുകയാണ് സിനിമ. ഏതൊരു വികസനം വരുമ്പോഴും തദ്ദേശീയരായ ചെറു സമൂഹങ്ങളെ സംരക്ഷിക്കാനുള്ള ബോധമുണ്ടാകണം. അതേസമയം, വികസന പ്രക്രിയയെ ആര്‍ക്കും തടയാനുമാവില്ല.
സിനിമ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായതിനാല്‍ സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടോ?
ഇത് സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന് പറയാന്‍ കഴിയില്ല. ഒരു കലാകാരന്റെ വീക്ഷണകോണില്‍ നിന്ന് കഥ പറയാനാണ് ഞാന്‍ ശ്രമിച്ചത്. മനുഷ്യജീവിതം വളരെ പ്രധാനമാണ്. ഇതാണ് ഞാന്‍ ലോകത്തെ കാണിക്കാന്‍ ആഗ്രഹിച്ചത്. ഈ സിനിമ സര്‍ക്കാരിന് എതിരല്ല. ഞാന്‍ കഥ പറയുന്നത് സര്‍ക്കാരിന്റെ ഉള്ളില്‍ നിന്നോ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നോ അല്ല. രണ്ട് വശങ്ങളേയും നോക്കിക്കാണുകയാണ്. അവതരിപ്പിക്കുകയാണ്.
എന്ന സിനിമയുടെ നിര്‍മാണ ഘട്ടത്തിലെ അനുഭവത്തെക്കുറിച്ച്?
സിനമിയിലെ ഒരു കഥാപാത്രമൊഴിച്ച് ബാക്കി എല്ലാവരും തദ്ദേശീയരായ മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയില്‍നിന്നുള്ളവരാണ്. സിനിമ നിര്‍മിക്കാന്‍ സാമ്പത്തികമൊന്നും ഞാന്‍ കണ്ടെത്തിയിട്ടില്ലായിരുന്നു. മണിപ്പൂരിലെ മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ പ്രശ്നത്തെക്കുറിച്ച് അറിയാത്ത ഒരാളില്‍ നിന്ന് എനിക്ക് ധനസഹായം ആവശ്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ സിനിമ ചെയ്യാന്‍ എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ എനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
യഥാര്‍ഥ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍ എന്ന് പറഞ്ഞല്ലോ. എങ്ങനെയാണ് അവരെ അഭിനയത്തിലേക്ക് കൊണ്ടുവന്നത്?
കാസ്റ്റിംഗിനായി ഞങ്ങള്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു. വളരെ ഓര്‍ഗാനിക് തരത്തിലുള്ള ഓഡിഷനാണ് ഞാന്‍ നടത്തിയത്. ഭാഗ്യവശാല്‍, എനിക്ക് ഒരു ആണ്‍കുട്ടിയെ കണ്ടെത്താനായി. ഞാന്‍ അവനോട് സംസാരിക്കുകയും അവനെ നിരീക്ഷിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അന്വേഷിക്കുന്ന ആണ്‍കുട്ടി ഇതാണ് എന്ന് എനിക്ക് തോന്നി. ഞാന്‍ അവനെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷമുണ്ട്. മാസ്റ്റര്‍ നിങ്തൗജം പ്രിയോജിത്, സോറി സെന്‍ജാം, നഗന്‍തോയിബി, ഭൂമേഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. തങ്ങള്‍ക്കുവേണ്ടി നിര്‍ണയിച്ച കഥാപാത്രങ്ങളെ അവര്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെ ഫെസ്റ്റിവെല്‍ അനുഭവത്തെ കുറിച്ച്?
വളരെ പ്രബുദ്ധരായ ഓഡിയന്‍സിനെയാണ് എനിക്ക് ഇവിടെ കാണാന്‍ കഴിഞ്ഞത്. സിനിമയെ ഇത്രയധികം ഗൗരവത്തോടെ കാണുന്ന ഓഡിയന്‍സിനെ മറ്റെവിടെയും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്റെ സിനിമക്ക് മൂന്ന് പ്രദര്‍ശനമാണ് മേളയില്‍ ഉണ്ടായിരുന്നത്. എല്ലാ പ്രദര്‍ശത്തിലും നിറഞ്ഞ സദസ്സായിരുന്നു. ആദ്യ പ്രദര്‍ശനത്തോടെ തന്നെ മേളയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമയായി അവര്‍ ഹോം മാറി. ഒരുപാട് ചര്‍ച്ചകളും അഭിപ്രായങ്ങളും ഉണ്ടായി. മാധ്യമങ്ങളില്‍ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. അതിലൊക്കെ ഏറെ സന്തോഷമുണ്ട്. നന്ദിയുണ്ട് മേളയിലെ സിനിമ ആസ്വാദകരോടും അക്കാദമിയോടും മാധ്യമ പ്രവര്‍ത്തകരോടും.