124 എ റദ്ദാക്കുമ്പോള്‍; കേരള പൊലീസ് രാജ്യദ്രോഹിയാക്കിയ ചെറുപ്പക്കാരന് പറയാനുള്ളത്.
|ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കോടതിതന്നെ അഭിപ്രായപ്പെട്ട, നിരവധി നിരപരാധികള്‍ തടവിലാക്കപ്പെടാന്‍ കാരണമായ ഇന്ത്യന്‍ പീനല്‍കോഡിലെ 124(എ) വകുപ്പ് കഴിഞ്ഞ ദിവസം സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നു. ആറ് വര്‍ഷം മുന്‍പ് കേരള പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്ത തിരുവനന്തപുരം സ്വദേശി ഷാഹു അമ്പലത്ത് സംസാരിക്കുന്നു.
നൂറിലേറെ വര്‍ഷങ്ങളായി ഉപയോഗത്തിലുണ്ടായിരുന്ന ഐ.പി.സി 124 (എ)യുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുന്ന സുപ്രിം കോടതിവിധിയോട് എങ്ങനെ പ്രതികരിക്കുന്നു?
ഈ നിയമത്തിന്റെ ഉപയോഗം നിര്‍ത്തലാക്കിയത് സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാലും ആശങ്കയുള്ളത്, TADAയും POTA യും ഉണ്ടാകുന്നു, പിന്നീട് അതെല്ലാം എടുത്തു കളഞ്ഞിട്ടാണ് യു.എ.പി.എയുടെ ആരംഭവും അതിന്റെ ഭേദഗതിയുമെല്ലാം. നിലവില്‍ നിര്‍ത്തലാക്കിയെങ്കിലും ഭാവിയിലേക്ക് ഇതിനൊപ്പം മറ്റൊരു നിയമമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് മുന്‍കാല അനുഭവങ്ങള്‍ വെച്ച് തോന്നുന്നത്. പൂര്‍ണമായും സന്തോഷം എന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണ്. നാളത്തേക്കുള്ള അവസ്ഥ എന്താണെന്ന് അറിയില്ല.
യു.എ.പി.എ നിയമത്തെയും ഈ സംവിധാനത്തിന് ഇതേ രീതിയില്‍ പരിഗണിക്കാന്‍ കഴിയുമോ എന്നൊരു ചോദ്യമില്ലേ?
രാജ്യദ്രോഹക്കേസിനാണ് വലിയൊരു കാലത്തെ ചരിത്രമുള്ളത്. യു.എ.പി.എ പിന്നീടാണ് വരുന്നത്. യു.എ.പി.എ എടുത്തുകളയും എന്ന വിശ്വാസമൊന്നും ഇല്ല. സുപ്രീം കോടതി ഈ നിയമം റദ്ദ് ചെയ്തതില്‍ തന്നെയാണ് സന്തോഷമുള്ളത്. യു.എ.പി.എ എടുത്തുകളയാനുള്ളൊരു ശ്രമം ജനങ്ങള്‍ നടത്തും എന്ന പ്രതീക്ഷ മാത്രമേ ഉള്ളൂ.
ഇന്നത്തെ സാഹചര്യത്തില്‍ നിയമസംവിധാനത്തിലടക്കം വലതുപക്ഷ ഭരണത്തോടുള്ള വിധേയത്വം പ്രകടമാകാറുണ്ട്. രാജ്യദ്രോഹ കുറ്റത്തിന്റെ ഉപയോഗം നിര്‍ത്തിവെക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സുപ്രീം കോടതി വിധിയുടെ പ്രായോഗികത എത്രത്തോളമായിരിക്കും?
നിയമമന്ത്രി കിരണ്‍ റിജ്ജു, ''ലക്ഷ്മണ രേഖയ്ക്കപ്പുറം കോടതി കടക്കരുത്'' എന്ന് താക്കീത് പോലെ പറയുകയുണ്ടായി. കേന്ദ്രത്തിന് താല്‍പര്യമുള്ള കാര്യമല്ല ഇതെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. ഈ നിയമം തീര്‍ച്ചയായും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി മനസ്സിലാക്കിയതുകൊണ്ടാവണം ഇങ്ങനെയൊരു പുനഃപരിശോധനയുടെ സാഹചര്യം വന്നതും. സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള വാക്ക്-യുദ്ധത്തിലേക്ക് കടക്കുന്നതുപോലെ. സുപ്രീം കോടതി നേരായ വഴിയിലാണ് സഞ്ചരിക്കുതെന്ന് തന്നെയാണ് നിലവിലെ സാഹചര്യത്തില്‍നിന്ന് വ്യക്തമാകുന്നത്.
എനിക്കും 124 എ ചാര്‍ത്തിയിട്ടുള്ളതുകൊണ്ട് ആശങ്കയോടൊപ്പംതന്നെ താല്‍ക്കാലികമായ ആശ്വാസം ഉണ്ട്. കാരണം, 124 എ കിട്ടുന്നതോടുകൂടി തന്നെ രാജ്യദ്രോഹി എന്നൊരു പട്ടം കിട്ടുകയാണ്. ഗ്രേവ് വിഭാഗത്തില്‍പെട്ടൊരു കേസാണല്ലോ 124 എ, സ്വാഭാവികമായും അതെടുത്തു കളയുമ്പോള്‍ അതില്‍ ഇരയാക്കപ്പെട്ട വ്യക്തി എന്ന നിലയ്ക്ക് എനിക്കിത് വലിയ സന്തോഷമുണ്ടാക്കുന്നുണ്ട്.
രാജ്യദ്രോഹ കുറ്റം ചുമത്തേണ്ട ഒരുപാടാളുകള്‍ പുറത്ത് നില്‍ക്കുന്ന സമയത്ത് തന്നെയാണ് ചില അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍, അല്ലെങ്കില്‍ കള്ളക്കേസ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഈ കേസ് ചാര്‍ത്തപ്പെടുന്നത്. സ്വാഭാവികമായും നീതിപരമായി യു.എ.പി.എയോ രാജ്യദ്രോഹ കുറ്റമോ കിട്ടേണ്ട ആളുകളുണ്ട്, അങ്ങനെ പ്രവര്‍ത്തിക്കുന്ന, ഫെയ്സ്ബുക്കില്‍ ആണെങ്കിലും മറ്റെവിടെയാണെങ്കിലും അങ്ങനെ പ്രസംഗിക്കുന്ന, ഈ വകുപ്പ് ചുമത്തി കേസെടുക്കേണ്ട ആളുകള്‍ക്കെതിരെയൊന്നും അങ്ങനെയൊരു കേസ് എടുക്കപ്പെടുന്നതായി അറിവില്ല.
എന്നെപ്പോലെ സാധാരണക്കാരായ ആളുകള്‍ക്കുനേരെ വ്യക്തിവൈരാഗ്യമോ രാഷ്ട്രീയവിരോധമോ അല്ലെങ്കില്‍ മതവൈരാഗ്യമോ മതവെറിയോ വെച്ച് ആളുകള്‍ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുകയാണ്. അതിനുള്ള ഒരു താക്കീത് കൂടിയായാണ് ഈ നിയമം എടുത്തുകളഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എനിക്കെതിരെ ചുമത്തിയ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന് ഓണ്‍ലൈന്‍ വഴി ആ സമയത്ത് തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നിട്ടുപോലും 124 എ, 153എ, ബി വകുപ്പുകളും 66എഫ് എന്നീ വകുപ്പുകളും ചാര്‍ത്തി. എനിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഒറ്റനോട്ടത്തില്‍ത്തന്നെ ഇല്ല എന്നിരിക്കെ രാജ്യദ്രോഹ കുറ്റം ചുമത്തി. രാഷ്ട്രീയ എതിര്‍പക്ഷത്ത് നിന്ന് സംസാരിക്കുന്നവരെ പീഡിപ്പിക്കുവാന്‍ വേണ്ടി മാത്രമായി മാറ് ഈ വകുപ്പ്. സംവരണം ചെയ്യപ്പെട്ട പോലെയായി 153എയും 124എയുമെല്ലാം. അതില്‍ ഞാന്‍ ഇരയാക്കപ്പെട്ട വ്യക്തിയാണ്. എന്തോ ഭാഗ്യത്തിനാണ് അന്ന് ജയിലില്‍ കിടക്കാതെ തിരിച്ച് ഇറങ്ങാനുള്ള സാഹചര്യം ഉണ്ടായി.
ആറുവര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസാണ്. ഞാന്‍ ഫെയ്സ്ബുക് പതിവായി ഉപയോഗിച്ചിരുന്ന രീതിയില്‍ത്തന്നെ ഉപയോഗിച്ചുവന്ന സമയത്ത് എന്റെ ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ ഇന്ത്യാവിരുദ്ധ വാചകങ്ങള്‍ എഴുതിച്ചേര്‍ക്കുകയും 'കപീഷ് വാനരന്‍' എന്നൊരു ഐഡി ഉണ്ടാവുകയും പല ഗ്രൂപ്പുകളിലേക്കും ഇത് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. പോസ്റ്റ് ചെയ്ത ശേഷം ആ ഐഡി പെട്ടെന്ന് ഡീ ആക്റ്റിവേറ്റഡ് ആയി. അപ്പോഴും എന്റെ പേരിലുള്ള സ്‌ക്രീന്‍ഷോട്ട് ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിക്കപ്പെട്ടു. ഒറ്റനോട്ടത്തില്‍ത്തന്നെ ആ സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അന്നുതന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്താചാനലുകളും പ്രഖ്യാപിച്ചിരുന്നു, ഷാഹു നിരപരാധിയാണ് എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെ അന്ന് രാത്രി 12 മണിയോടെ പൊലീസ് വന്ന് എന്നെ പിടിച്ചുകൊണ്ടുപോകുകയാണ് ഉണ്ടായത്.
എന്നെ കസ്റ്റഡിയില്‍വെച്ച് ചോദ്യം ചെയ്യുകയും ഐജി, കമ്മീഷണര്‍ എന്നിരുടെ അടുത്ത് കൊണ്ടുപോവുകയും ചെയ്തു. ഞാന്‍ പൂര്‍ണമായും നിരപരാധിയാണെ് അവര്‍ക്ക് മനസ്സിലായി. 24 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍. എന്റെ ഫെയ്സ്ബുക്, ഇമെയില്‍ ഐഡി എല്ലാം പരിശോധിച്ച് എന്റെ ഭാഗത്ത് തെറ്റില്ല എന്ന് ബോധ്യമായിട്ടും 124 എ ചുമത്തി. അന്ന് ഭരിക്കുന്നതും സി.പി.ഐ.എം തന്നെയാണ്. 124 എ ക്ക് എതിരെയും യു.എ.പി.എക്കെതിരെയും ശക്തമായി അകത്തും പുറത്തും സംസാരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തീര്‍ത്തും അവരുടെ ഭാഗത്തുനിന്നും വരാന്‍ പാടില്ലാത്തതായിരുന്നു അത്. ഫാസിസ്റ്റുകള്‍ക്കെതിരെ നിലകൊള്ളുന്ന, അന്യായമായി പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി സംസാരിക്കേണ്ട, ശബ്ദിക്കേണ്ട ഒരു പ്രസ്ഥാനം ഭരിക്കുമ്പോള്‍ ഒരിക്കലും വരാന്‍പാടില്ലാത്തതാണിത്. അത്രയധികം ആര്‍.എസ്.എസ് സ്വാധീനം പൊലീസില്‍ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.
പൊലീസ് സേനയിലെ ആര്‍.എസ്.എസ് സ്വാധീനത്തെക്കുറിച്ച് ഇന്ന് നിരവധി തെളിവുകള്‍ ലഭ്യമാണ്. മുസ്‌ലിംകള്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഇത്തരം നിയമങ്ങളുടെ ഉപയോഗത്തിന് തുടര്‍ച്ചയുണ്ടാക്കുകയല്ലേ ചെയ്യുന്നത്?
അതെ. ഒരു വ്യക്തിക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുമ്പോള്‍ പെട്ടെന്ന് ഊരിവരാന്‍ പറ്റാത്ത രീതിയില്‍, യു.എ.പി.എ ചാര്‍ത്താനുള്ള പരിപാടിയിലേക്കാണ് കടക്കുന്നത്. അതിന് താല്‍ക്കാലികമായെങ്കിലും തടയിടുന്നതിന് രാജ്യദ്രോഹ കുറ്റം മരവിപ്പിച്ചത് സഹായിക്കും. ഒരു പക്ഷേ, ലക്ഷക്കണക്കിന് പേരായിരിക്കാം സോഷ്യല്‍മീഡിയയില്‍ എനിക്കുവേണ്ടി സംസാരിച്ചത്. ആയിരക്കണക്കിന് മെയിലുകള്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും പോയതുകൊണ്ട്, ഒരു ജനകീയ പ്രക്ഷോഭം ഓണ്‍ലൈന്‍ ആയി എങ്കിലും സംഘടിപ്പിച്ചതുകൊണ്ടാകാം പുറത്തുവരാനായത്. നിരപരാധിയായതുകൊണ്ട് വെറുതെവിട്ടു എന്നൊന്നും ഞാന്‍ പറയുകയില്ല, കാരണം നിരപരാധിയാണ് എന്ന് കൃത്യമായി ബോധ്യമുണ്ടായിട്ടും ഇപ്പോഴും പലരും ജയിലില്‍ കിടക്കുന്നുണ്ട്. അന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ചോ ആറോ മാസമേ ആയിട്ടുള്ളൂ. പൊലീസ് കസ്റ്റഡിയില്‍ ഞാന്‍ മാനസികപീഡനമാണ് നേരിട്ടത്, ഐ.എസ്‌കാരനാണെന്നും സിറിയയിലേക്ക് ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹംചെയ്തു കൊണ്ടുപോകുന്ന കണ്ണിയില്‍പെട്ടവനാണ് എന്നും പൊലീസ് ആരോപണം ഉന്നയിച്ചു. ഇങ്ങനെയൊക്കെ അവര്‍ക്ക് പീഡിപ്പിക്കാന്‍ കഴിയുന്നത് 124 എ എന്ന വകുപ്പുകൂടി ഉള്ളതുകൊണ്ടാണ്.
മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ വാര്‍ത്താ പരിപാടിക്കെതിരെ ഒരു ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ ചുമത്തിയ രാജ്യദ്രോഹകുറ്റം 2021 ജൂണില്‍ സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. 'വോട്ടുനേടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊലപാതകങ്ങളും തീവ്രവാദ ആക്രമണങ്ങളും ആയുധമാക്കി' എന്നു വിനോദ് ദുവെയുടെ ഷോയില്‍ പരാമര്‍ശിച്ചു എന്നതാണ് പരാതി. മാധ്യമപ്രവര്‍ത്തകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് കോടതി ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള നീക്കം ആകാതിരുന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി സുരക്ഷിതത്വം നല്‍കുമെന്ന സൂചനയാണ് ഈ കേസിലെ വിധി. അതേസമയം, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് പരിഗണിക്കവേ ഇങ്ങനെയൊരു സമീപനമല്ല ഉണ്ടായത്. ഇങ്ങനെയുള്ള മുന്‍കാല വിധികളും പരിഗണിക്കപ്പെടേണ്ടതല്ലേ?
ഇരയോടൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന കോലം തന്നെയാണ് ഇവിടെ എപ്പോഴും ഉള്ളത്. നമ്മള്‍ വെറും കാഴ്ചക്കാരാണ്. നിയമങ്ങള്‍ അതിന്റെ വഴിക്ക് പോകുന്നു. ഠഅഉഅ, ജഛഠഅ എന്നീ നിയമങ്ങളുടെ കീഴില്‍ പതിനായിരക്കണക്കിന് ആളുകളെ പിടിച്ചിട്ട് അതില്‍ വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്, ബാക്കിയുള്ള അത്രയും പേര്‍ നിരപരാധികളായിരുന്നു. പക്ഷേ, ഗവണ്‍മെന്റിന് അവരുടേതായ ശത്രുതാ മനോഭാവത്തില്‍ അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൂട്ടിയിടുവാന്‍, അതിന്റെ പേരില്‍ പിടിച്ച് അകത്തിടുവാന്‍ അല്ലാതെ ഇത്തരം നിയമങ്ങള്‍ പ്രായോഗക്കില്ല. നമ്മളെ ബുദ്ധിമുട്ടിക്കുക എല്ലാതെ മറ്റൊന്നും അതിലില്ല.
ഇന്ത്യന്‍ സേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്റ്റ്- അഫ്സ്പ നിലവില്‍ വന്ന സമയത്തെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന സായുധ സംഘടനകള്‍ ഏഴാണ്. ഈ നിയമം പ്രബലമായ ശേഷം അറുപതിലധികം സായുധ ഗ്രൂപ്പുകളുണ്ടായി. അക്രമികളായ സംഘങ്ങളെ ഒരിക്കലും ഇത്തരം നിയമങ്ങള്‍ കൊണ്ട് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അനുഭവിക്കുന്നത് അത്രയും സാധാരണക്കാരായ മനുഷ്യര്‍, ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവര്‍, പൊലീസിന്റെ കണ്ണില്‍ കരടായവര്‍ എന്നിവര്‍ക്കെതിരെയെല്ലാം മാത്രമാണ് ഉപയോഗിക്കുന്നത്. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ദലിതരും മുസ്‌ലിംകളും ഉള്‍പ്പെടെ പിന്നോക്ക സമുദായങ്ങളില്‍നിന്ന് ഉള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തന്നെ ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരേക്കാള്‍ രണ്ടിരട്ടിയാണ് ജയിലിനകത്ത് വിചാരണത്തടവുകാരായി കഴിയുന്നത് ശിക്ഷിക്കപ്പെട്ടവരല്ല, വിചാരണത്തടവുകാരാണ്. എല്ലാത്തിനും ഇത്തരം ഭീകരനിയമങ്ങളാണ് ഉപയോഗിക്കുന്നത്.
വിചാരണത്തടവുകാര്‍ എന്ന് പറയുമ്പോള്‍ വിചാരണ തുടങ്ങിയിട്ടുപോലുമില്ലാത്ത കേസുകളും വളരെയധികമായിരിക്കുമല്ലോ?
യു.എ.പി.എയുടെ ഒരു പ്രത്യകത അതാണ്, കേസിന്റെ പുരോഗതിയെന്തായി എന്ന് ജഡ്ജി ചോദിക്കുമ്പോള്‍ പൊലീസിന് വാക്കാല്‍ പറഞ്ഞാല്‍ മതി. അന്യായമായി കേസ് നീട്ടിക്കൊണ്ടുപോകാനുള്ള വകുപ്പ് ആ വകുപ്പില്‍തന്നെയുണ്ട്.
ഇത്തരം നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്ററി ഇടപെടലുകള്‍ തൃപ്തികരമാണ് എന്ന് പറയാന്‍ കഴിയുമോ?
തൃപ്തികരമല്ല. സി.പി.ഐ.എം ഡല്‍ഹിയില്‍ യു.എ.പി.എക്കെതിരെ കൊടിപിടിക്കുകയും കേരളത്തില്‍ അത് നടപ്പാക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്, ഏറ്റവുമൊടുവില്‍ അലന്‍, താഹ കേസില്‍ പോലും. കോണ്‍ഗ്രസ് ഭരണകാലത്ത് നൂറ്റിമുപ്പതിലേറെ യു.എ.പി.എ കേസുകള്‍ ചാര്‍ജ് ചെയ്തു. നിലവില്‍ ഇവരാരും ഇരകള്‍ക്കുവേണ്ടി നിന്നിട്ടില്ല. കേരളത്തില്‍ ടാഡയും പോട്ടയും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കരുണാകരന്‍ ആയിരുന്നു. കരുണാകരന്റെ പാരമ്പര്യമൊന്നും കോണ്‍ഗ്രസ് നിലനിര്‍ത്തിയിട്ടില്ല. എല്ലാ സര്‍ക്കാരുകളും ദലിതരെയും മുസ്‌ലിംകളെയും തെരഞ്ഞുപിടിച്ച് പൂട്ടിയിടുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ ഈ നിയമം നടപ്പാക്കിയാല്‍ ഇവിടത്തെ പ്രശ്നങ്ങളെല്ലാം തീരും. പക്ഷേ, അതൊന്നും നടക്കുന്നില്ല. ബാബരി മസ്ജിദ് കേസില്‍ വിധി വന്ന ദിവസം യാതൊരുവിധ ആഘോഷങ്ങളോ അനുഭാവപൂര്‍ണമോ എതിരായതോ ആയ സോഷ്യല്‍മീഡിയ പോസ്റ്റുകളോ പാടില്ല എന്ന് ഡി.ജി.പിയുടെ ഉത്തരവുണ്ടായിരുന്നു, അതേ സമയത്താണ് പ്രതീഷ് വിശ്വനാഥ് കമ്പിത്തിരിയും വിളക്കും കത്തിച്ച് ആഘോഷിച്ചത്. കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും അങ്ങനെയൊരു സംഭവത്തില്‍ കേസെടുക്കാനോ ഒന്ന് ചോദ്യംചെയ്യാനോ പൊലീസ് തയ്യാറായില്ല. പലരുടെയും ഫേസ്ബുക് പോസ്റ്റുകളുടെ പേരില്‍ കേസെടുത്തു. ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് കൊലപാതകങ്ങളെ തുടര്‍ന്ന്, സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നൂറോളം പേര്‍ക്കെതിരെ ഏകപക്ഷീയമായി പൊലീസ് കേസെടുത്തു. മുസ്‌ലിംകള്‍ക്കെതിരെ കേസെടുക്കുകയും പ്രതീഷ് വിശ്വനാഥിനെ പോലുള്ളവരെ ഒരിക്കലും ചോദ്യം ചെയ്യാന്‍ വിളിക്കാതിരിക്കുകയും ചെയ്യുന്നിടത്താണ് ഈ നിയമം നോക്കുകുത്തിയായി മാറുന്നത്. ഏതായാലും യഥാര്‍ഥ രീതിയില്‍ ഇവിടെ ശിക്ഷ നടപ്പാക്കുന്നില്ല. ഈ നിയമം നിര്‍ത്തലാക്കുന്നതില്‍ ആശ്വാസംകൊള്ളാന്‍ മാത്രമേ ഇവിടുത്തെ ഇരകള്‍ക്ക് നിവൃത്തിയുള്ളൂ.