Interview
എന്റെ രാഷ്ട്രീയമല്ല എന്റെ സിനിമ;   ജന ഗണ മന രാഷ്ട്രീയ സിനിമയുമല്ല - ഷാരിസ് മുഹമ്മദ്
Click the Play button to hear this message in audio format
Interview

എന്റെ രാഷ്ട്രീയമല്ല എന്റെ സിനിമ; ജന ഗണ മന രാഷ്ട്രീയ സിനിമയുമല്ല - ഷാരിസ് മുഹമ്മദ്

ഇജാസുല്‍ ഹഖ്
|
7 Jun 2022 7:53 AM GMT

2018ല്‍ ഒരു കൂട്ടം പുതുമുഖങ്ങളുമായെത്തിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരിസ് മുഹമ്മദ് മലയാള സിനിമയിലെ തന്റെ വരവ് അറിയിച്ചത്. ക്വീനിന്റെ വിജയം ഷാരിസിന്റെയും കരിയറില്‍ വഴിത്തിരിവായി. ആദ്യ രാത്രി, എല്ലാം ശരിയാകും വഴി ജനഗണമന വരെ എത്തി നില്‍ക്കുന്നു ഷാരിസിന്റെ സിനിമാ ജീവിതം. ജനഗണമന കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഷാരിസിന് സമ്മാനിച്ചത്. വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി കൊടുത്ത ചിത്രം അന്‍പത് കോടി ക്ലബില്‍ ഇടം പിടിച്ചു. ചിത്രം നെറ്റ്ഫ്‌ലിക്‌സ് ടോപ്പ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രാഷ്ട്രീയ ചിഹ്നങ്ങളും ഉള്ളടക്കങ്ങളും കൊണ്ട് ചര്‍ച്ചയായ ചിത്രത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് മീഡിയവണ്‍ നോട് മനസ്സുതുറക്കുന്നു.

ജനഗണമന ഒ.ടി.ടിയില്‍ ഇറങ്ങി ആദ്യമായുള്ള അഭിമുഖമാണ്. ഷാരിസിന്റെ സിനിമാ കരിയറിലെ ആദ്യത്തെ വലിയ ഹിറ്റ് സിനിമയാണ്. ഒരു സാധാരണ മത്സ്യ കര്‍ഷക കുടുംബത്തില്‍ നിന്നും മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പൊസിഷനിലെത്തി നില്‍ക്കുകയാണ്. ഇതുവരെയുള്ള ആ യാത്ര ആലോചിക്കുമ്പോള്‍ എന്തു തോന്നുന്നു?

ഞാന്‍ സത്യം പറഞ്ഞാല്‍ ഒറ്റ സിനിമ ചെയ്യാന്‍ വേണ്ടി ഈ ഫീല്‍ഡില്‍ വന്നയാളാണ്. ചെറുപ്പം തൊട്ട് ഈ മാധ്യമത്തോടുള്ള ആഗ്രഹവും ബിഗ് സ്‌ക്രീനിലെ കഥകളോടുള്ള ആഗ്രഹത്താലും സിനിമയില്‍ വന്നതാണ്. എനിക്ക് റിയലിസം ഒട്ടും ഇഷ്ടമല്ല. ഞാനൊക്കെ വന്ന കാലത്ത് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ഡമിന്റെ അങ്ങേയറ്റമായിരുന്നു. അതിനോടാണ് ഇന്നും ആരാധന. അങ്ങനെ ബിഗ് സ്‌ക്രീനില്‍ നമ്മുടെ ആശയം വരണമെന്ന ആഗ്രഹത്തിലാണ് ഞാന്‍ സിനിമയില്‍ വരുന്നത്. ക്വീനായിരുന്നു എന്റെ ആദ്യത്തെ സിനിമ. അത് കഴിഞ്ഞ് ഞാന്‍ തിരിച്ച് അധ്യാപക ജോലിയില്‍ കയറി. പിന്നെ വളരെ യാഥ്യശ്ചികമായിട്ടാണ് രണ്ടാമത്തെ സിനിമ ചെയ്യേണ്ടി വന്നത്. ക്വീനിന് ശേഷമുള്ള എന്തും എനിക്ക് ബോണസാണ്. ഞാന്‍ ഭയങ്കരമായിട്ട് ambitious അല്ല. ഇപ്പോഴും ambitious അല്ല സിനിമയില്‍. പക്ഷേ, സിനിമ കുറച്ചുകൂടി റെസ്‌പോണ്‍സിബിള്‍ ആയി ചെയ്യണമെന്ന് തിരിച്ചറിവുണ്ടായത് പൃഥിരാജുമായി അസോസിയേറ്റ് ചെയ്തപ്പോഴാണ്. പാഷനേറ്റായിട്ടല്ല പ്രൊഫഷണലി കൂടി സമീപിക്കണമെന്ന കാഴ്ച്ചപ്പാട് വന്നത് അപ്പോഴാണ്. ഇപ്പോള്‍ കുറച്ച് കൂടി സീരിയസാണ്.

ജനഗണമനയുടെ തുടക്കത്തിലാണ് സിനിമ സീരിയസ് ആയിട്ട് എടുക്കണമെന്ന് തോന്നിയതെന്നാണോ?

അതെ, ഞാന്‍ ഭയങ്കര കണ്‍ഫ്യൂസ്ഡായിരുന്നു. എനിക്ക് അധ്യാപനമാണ് മെയിന്‍ പ്രൊഫഷന്‍. ടീച്ചിങ്ങില്‍ പോവണോ സിനിമ എടുക്കണമോയെന്നതില്‍ ഭയങ്കര കണ്‍ഫ്യൂഷനായിരുന്നു. അതില്‍ എനിക്ക് കുറച്ചു കൂടി ക്ലാരിറ്റി വന്നത് ജനഗണമന ചെയ്തപ്പോഴാണ്. അതില്‍നിന്ന് എനിക്ക് കിട്ടിയ ഒരു തിരിച്ചറിവുണ്ട്. വെറുതെ സിനിമ ചെയ്തുകൂട്ടുക എന്നതില്‍ അപ്പുറം.....എന്റെ സിനിമാ കരിയറില്‍(നാല് സിനിമകള്‍) വിജയവും പരാജയവും ആവറേജ് അനുഭവവുമുണ്ടായിട്ടുണ്ട്. എല്ലാത്തിലും കടന്നുപോകുമ്പോള്‍ നമുക്ക് ഒരു സക്‌സസ് വരുമ്പോള്‍ ഭ്രമിക്കാന്‍ മാത്രമൊന്നുമില്ലായെന്ന ഒരു തിരിച്ചറിവുണ്ട്. ആദ്യത്തെ സിനിമ ചെയ്യുന്നതിന് മുന്നേ തന്നെ എം.ബി.എ കഴിഞ്ഞ് ആറ് വര്‍ഷം സിനിമ ചെയ്യാന്‍ വേണ്ടി നടന്നിട്ടുണ്ട്. ആ സമയത്തെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്‍മാരുടെ മാനേജര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ഒക്കെ നമ്പര്‍ കൈയ്യിലുണ്ട്. അങ്ങനെ സ്ട്രഗിള്‍ ചെയ്ത് വന്നതാണ്. രാഷ്ട്രീയത്തില്‍ പറഞ്ഞത് പോലെ ഓട് പൊളിച്ച് വന്നതല്ല. അത് കൊണ്ട് നമുക്കെന്താണെന്ന് വെച്ചാല്‍ വിജയങ്ങളില്‍ ഭയങ്കരമായിട്ട് ആര്‍മാദിക്കാനോ ആറാടാനോ തോന്നില്ല.

എം.ബി.എ പഠനം കഴിഞ്ഞാണ് സിനിമയിലെത്തിയതെന്ന് പറഞ്ഞു. തിരക്കഥയില്‍ എഴുതി മുന്‍ പരിചയമുണ്ടായിരുന്നോ? തിരക്കഥാ രചനയുടെ സ്വഭാവം എങ്ങനെയാണ് എന്നതില്‍ ഒരു ധാരണ മുന്‍പുണ്ടായിരുന്നോ?

'ക്വീന്‍' ഞാനും ഡിജോയും ചെയ്യുന്ന ആദ്യത്തെ സിനിമയാണ്. അതിന് മുന്നേ തന്നെ ഞങ്ങളൊരുപാട് വിഷയങ്ങള്‍ ഡിസ്‌കസ് ചെയ്യുകയും എഴുതുകയും സിനിമയാകാതെ പോവുകയും ചെയ്തിട്ടുണ്ട്. ആ കോണ്‍ഫിഡന്‍സും എക്‌സ്പീരിയന്‍സും ആണ് ഇപ്പോഴുള്ളത്. സിനിമയില്‍ ഏത് ഫീല്‍ഡും നമുക്ക് അസിസ്റ്റ് ചെയ്യാം, അസോസിയേറ്റ് ചെയ്യാം-ക്യാമറ ആണെങ്കില്‍ ക്യാമറ അസിസ്റ്റന്റ് ആകാം, ഡയറക്ഷന്‍ ആണെങ്കില്‍ ഡയറക്ടര്‍ അസിസ്റ്റന്റ്ആകാം. റൈറ്റിങില്‍ അസിസ്റ്റന്റ് പണിയില്ല. അതൊരു ചലഞ്ചാണ്. നമ്മള്‍ നമ്മുടെ ഐഡന്റിറ്റിയുണ്ടാക്കി തന്നെ വരണം. നമ്മള്‍ ഒരുപാട് സ്‌ക്രിപ്റ്റുകള്‍ ട്രൈ ചെയ്തു. ഇതുവരെ വെളിച്ചം കാണാതെ പോയ സ്‌ക്രിപ്റ്റുകളാണ് എന്റെ പാഠപുസ്തകം. അതിലെ തെറ്റുകള്‍ തിരുത്തി തിരുത്തിയാണ് ക്വീന്‍ എന്ന സിനിമയുണ്ടായത്. അതിലും തെറ്റുകളുണ്ട്, അതിന് ശേഷമുള്ളതിലും തെറ്റുകളുണ്ട്. ജനഗണമനയിലും തെറ്റുകളുണ്ട്, പക്ഷേ, നമ്മള്‍ കുറേക്കൂടി തിരിച്ചറിയും. ഷൂട്ടിങ്ങിന് സഹായിക്കുന്ന, ഗൈഡ് ചെയ്യുന്ന ഡ്രാഫ്റ്റ്- അത്രമാത്രമാണ് ഒരു സ്‌ക്രിപ്റ്റ്, ഇതാണ് ബേസിക്ക് റൂള്‍ ബുക്ക് എന്ന് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ ഡയറക്ടറുമായി ക്ലോസായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ ആ സെറ്റില്‍ റൈറ്റര്‍ ഇല്ലെങ്കില്‍ പോലും ആ സെറ്റിലുള്ള എല്ലാവര്‍ക്കും എന്താണ് ഷൂട്ട് ചെയ്യേണ്ടത്, എന്താണ് ഉദേശിക്കുന്നത് എന്ന് ഡ്രാഫ്റ്റ് വായിച്ചാല്‍ മനസ്സിലാകണം. അത്രേയുള്ളൂ. അതിനപ്പുറത്തേക്ക് എഴുത്തുകാരന്റെ ഉള്ളിലെ ഭാഷയും സാഹിത്യവും നിറക്കാനുള്ള ഒന്നല്ല ഇന്നത്തെ സ്‌ക്രിപ്റ്റുകള്‍. നമ്മള്‍ ഷൂട്ട് കഴിഞ്ഞ് ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് എടുത്ത് വായിക്കില്ലല്ലോ. എടുത്തു കഴിഞ്ഞാല്‍ അത് വേണമെങ്കില്‍ കത്തിച്ചു കളയാം(ചിരിക്കുന്നു). പക്ഷേ ഷൂട്ടിന്റെ സമയത്ത് സ്‌ക്രിപ്റ്റാണ് ഒരു സിനിമയുടെ ബൈബിള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്ന് വിചാരിച്ച് സ്‌ക്രിപ്റ്റിലുള്ളത് ആയിരിക്കരുത് ഒരിക്കലും ഷൂട്ട് ചെയ്യുന്നത്. സ്‌ക്രിപ്റ്റിലുള്ളത് ഷൂട്ട് ചെയ്യാന്‍ ശരിക്കും റൈറ്റര്‍ മതി. അല്ലെങ്കില്‍ നല്ലൊരു അസോസിയേറ്റ് മതി. അതിന് മേലെ ഒരു മാജിക്കിന് പ്രാപ്തനായിരിക്കണം ഡയറക്ടര്‍. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ എഴുതിവെച്ചതായിരിക്കരുത് സ്‌ക്രീനില്‍ വരേണ്ടത്. ആ ഡയറക്ടര്‍ കണ്‍സീവ് ചെയ്യുന്നതെന്താണോ അത് വരണം എന്ന തിരിച്ചറിവുണ്ടാവുമ്പോഴാണ് നമ്മള്‍ ഒരു നല്ല റൈറ്റര്‍ ആവുക.


ക്വീന്‍ സിനിമയിലെ രംഗം

തിരക്കഥാ രചനയുടെ സ്വഭാവം എങ്ങനെയാണ്, എഴുത്തുവേളയിലെ ഇഷ്ടാനിഷ്ടങ്ങള്‍ പറയാമോ? എഴുത്തില്‍ അങ്ങനെ ആരുടെയെങ്കിലും സ്വാധീനമുണ്ടോ, റഫറന്‍സ് എടുക്കാറുണ്ടോ?

എനിക്ക് ഇഷ്ടപ്പെട്ട റൈറ്റര്‍ എന്നത് ഡെന്നീസ് ജോസഫ് സാറാണ്. ഡെന്നീസ് ജോസഫ് സാറിന്റെ ഒരു സ്‌ക്രിപ്റ്റും ഞാന്‍ വായിച്ചിട്ടില്ല, സിനിമകളേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞാന്‍ നേരിട്ട് കണ്ട് എനിക്ക് പരിചയമുള്ള ഒരു സീനിയര്‍ റൈറ്റര്‍ എന്നത് മരിച്ചുപോയ സച്ചിയേട്ടനാണ്. സച്ചിയേട്ടന്‍ ആകെ തന്ന ഒരു ഉപദേശം എന്നത് ഒരിക്കലും മറ്റുള്ളവരുടെ റൈറ്റിങില്‍ പ്രചോദനം ഉള്‍കൊള്ളരുതെന്നാണ്. സ്വന്തമായിട്ട് എഴുത്തു ശൈലി കൊണ്ടുവരണം. അത്രമാത്രമാണ് അദ്ദേഹം പറഞ്ഞത്. അത് ഞാന്‍ പിന്തുടരാന്‍ ശ്രദ്ധിക്കാറുണ്ട്. നമ്മള്‍ വേറെയൊരാളുടെ റൈറ്റിങ് റഫര്‍ ചെയ്തുകൊണ്ട് ഒരു റൈറ്റിങ് ഡ്രാഫ്റ്റ് എഴുതരുത്. നമ്മള്‍ എഴുതിയെഴുതി തന്നെ പരിചയിച്ച് തന്നെ വരണം. ആ തെറ്റുകളില്‍ കൂടെ തന്നേ ഇത് ശരിയാവുകയുള്ളൂ. പാട്ട് പഠിക്കുന്നത് പോലെയാണ്. നമ്മള്‍ എത്രത്തോളം എഫര്‍ട്ട് എടുത്ത് നമ്മുടെ ശബ്ദത്തെ പരിപാലിക്കുന്നോ, എന്നാല്‍ മാത്രമേ നമ്മള്‍ ഉദേശിക്കുന്ന ശ്രുതിയിലേക്കും താളത്തിലേക്കും എത്താന്‍ പറ്റുകയുള്ളൂ. നിശ്ശബ്ദനായിട്ട് ഇരുന്നാല്‍ ഒരിക്കലും സംഗീതം നന്നാവില്ല. എഴുതിയെഴുതി തെറ്റുവരുത്തി അങ്ങനെയങ്ങനെ പോകാം. ഞാന്‍ വേറെ എഴുത്തുകാരുടെ സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ല, സിനിമകള്‍ കാണും. അതില്‍ ഞാന്‍ എടുക്കുന്ന ഉപദേശം സച്ചിയേട്ടന്റേതാണ്.

എനിക്ക് ഒരു ഡയറക്ടറുമായിട്ടുള്ള ഇന്ററാക്ഷനാണ് കൂടുതല്‍ സമയമെടുക്കുക. മാസങ്ങളോളം ഇരുന്ന് ഡിസ്‌കസ് ചെയ്ത് ബൗണ്‍സ് ചെയ്തുള്ള പരിപാടി. എഴുത്ത് എനിക്ക് ഒരാഴ്ച്ചയൊക്കെയേ എടുക്കുകയുള്ളൂ. പത്ത് ദിവസത്തിനുള്ളില്‍ മുഴുവന്‍ എഴുതി തീരും. എന്റെ നാല് തിരക്കഥകളും അങ്ങനെയാണ് തീര്‍ന്നത്. ഡിസ്‌കഷന് അങ്ങനെ ഒരു ഡയറക്ടറെ കിട്ടുക, ആ ഡയറക്ടറുടെ കൂടെ ഡിസ്‌കസ് ചെയ്യുക, പിന്നെ ഒരൊറ്റ എഴുത്താണ്. ഇതാണ് എന്റെ ശൈലി.

സിനിമയുടെ മൂഡ് നിശ്ചയിക്കുന്നത് എങ്ങനെയാണ്? എഴുത്തുവേളയില്‍ അതെല്ലാം തയ്യാറാക്കിയാണോ മുന്നോട്ടുപോവാറ്?

ജനഗണമനയെടുത്താല്‍, അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഇത് നടക്കുന്നത് എവിടെ, ഏത് സമയത്ത് എന്നുള്ളതാണ്. ആദ്യം നമുക്ക് 'രാമനഗര' എന്ന സ്ഥലം ക്രിയേറ്റ് ചെയ്യണം. ഇത് ഇന്ന സ്ഥലത്ത് നടന്നു എന്ന് പറഞ്ഞാല്‍ അത് ശരിയാവില്ല. അവിടുത്തെ എല്ലാ കാര്യങ്ങളോടും നമ്മള്‍ കമ്മിറ്റഡ് ആവും. നമ്മള്‍ 'imaginary രാമനഗര' ക്രിയേറ്റ് ചെയ്തതാണ്. സിനിമ മലയാളമാണ്, പക്ഷേ നമുക്ക് കേരളത്തിന് പുറത്ത് പിടിക്കണം. കേരളത്തിന് പുറത്ത് പിടിച്ചാല്‍ മലയാളി ഓഡിയന്‍സിന് മനസ്സിലാകുമോയെന്ന് സംശയമുണ്ടായിരുന്നു. ഇത് എനിക്കും ഡിജോക്കും ഇടയിലുള്ള ഒരു ഡിസ്‌കഷനായിരുന്നു. അങ്ങനെയാണ് നാല് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ഒരു ജംക്ഷന്‍ പോയിന്റുണ്ടായിരുന്നെങ്കില്‍ അവിടെയാണ് ഇത് നടക്കുകയെന്ന് തീരുമാനിക്കുന്നത് (നമ്മുടെ ഒരു ക്ലോസ് റഫറന്‍സ് മംഗലാപുരം ആയിരുന്നു). ഇവിടെയാണ് ക്രിയേറ്റീവ് ഡിസ്‌കഷന്‍ ഉണ്ടാവുന്നത്.


പിന്നെ റൈറ്റിങില്‍ ഭയങ്കര ഡീറ്റെയിലിങ് കൊടുത്താല്‍ അത് ഡയറക്ടറുടെ ഫ്രീഡത്തെ ബാധിക്കും. ഉദാഹരണത്തിന്, ജനഗണമനയിലെ ഒരു സീനുണ്ട്-അവസാനത്തില്‍ ഗൗരി (വിന്‍സി അലോഷ്യസ്) വന്നിട്ട് സബാ മറിയത്തോട്(മംമ്ത) ഒരു പരാതി പറയുന്നുണ്ട്, 'ഇതിനാണോ ഈ യൂണിയനെ തെരഞ്ഞെടുത്തതെന്നൊക്കെ', പറഞ്ഞുള്ള സീന്‍. അപ്പോള്‍ ശരിക്കും ഒരു സ്റ്റാഫ് റൂമില്‍ ഇവള്‍ വന്നിട്ട് അധ്യാപികയുടെ ടേബിളില്‍ ബുക്ക് വെച്ചിട്ട് ദേഷ്യത്തോടെ പറയുന്നതായിരുന്നു. ലൊക്കേഷനായി ഞങ്ങള്‍ക്ക് മൂന്ന് നിലയുള്ള ഒരു ലൈബ്രറി കിട്ടി. അവിടെ വെച്ച് സംവിധായകന്‍ ഡിജോയും ക്യാമറാമാന്‍ സുദീപ് ഇളമണും കോറിയോ ചെയ്തതാണ് സിനിമയിലുള്ളത്. മൂന്നാം നിലയില്‍ നിന്നും ഇവള്‍(വിന്‍സി) ഉറക്കെ വിളിച്ചുപറയുന്നതാണ്, 'മാം ഇതിനാണോ ഈ യൂണിയനെ തെരഞ്ഞെടുത്തതെന്ന്...'. അവിടെ ഒരു ലൊക്കേഷനില്‍ വന്ന്, അതിനെ എങ്ങനെ ഒരു ക്യാമറാമാനും ഡയക്ടറും ഉപയോഗിക്കുന്നു എന്നതെല്ലാം ദൈവാനുഗ്രഹമാണ്. അത് അവരുടെ ക്രാഫ്റ്റാണ്. നമ്മള്‍ ഭയങ്കരമായിട്ട് റൈറ്റിങില്‍ അവസാന പുള്ളി വരെ എഴുതി വെച്ചാല്‍ ഈ ഫ്രീഡമില്ലാതാവും. മൊത്തത്തില്‍ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുക എന്നുള്ളത് ക്യാമറാമാനും സംവിധായകനുമെല്ലാം ഇരുന്ന് ഡിസ്‌കസ് ചെയ്യും. 'രാമനഗര' എന്ന പ്രദേശം ഇന്ത്യന്‍ അപ്പീലൊക്കെ വെച്ച് ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തനിമ തോന്നുന്ന തെങ്ങിന്‍ തോപ്പൊന്നും വരാന്‍ പാടില്ലല്ലോ. 'Terrain wise' അങ്ങനെയൊന്നും വരരുതെന്ന നിര്‍ബന്ധമൊക്കെയുണ്ടായിരുന്നു.

എഴുത്തുകഴിഞ്ഞുള്ള കഥ പറയുക എന്നത് വലിയ പ്രയാസമേറിയ ഒരു പ്രോസസ് ആയി തോന്നാറുണ്ടോ? ആരോടായാലും എഴുതിയ കഥ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയെന്നത് പ്രയാസമല്ലേ...അതില്‍ ഏതെങ്കിലും തരത്തിലുള്ള എളുപ്പ പണികള്‍ ചെയ്യാറുണ്ടോ?

എളുപ്പപണിയൊന്നുമില്ല. നേരത്തെ പറഞ്ഞ പോലെ, ക്വീന് മുന്നെയുള്ള ആറ് വര്‍ഷം നമ്മള് ഇത് തന്നെയായിരുന്നു. ചെറുതും വലുതുമായ പല ആര്‍ട്ടിസ്റ്റുകളെയും പ്രൊഡ്യൂസര്‍മാരെയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെയും കാണുക എന്നത്. എത്ര പേരെ കണ്ടുവെന്നതിന്റെ എണ്ണം ശരിക്കും എനിക്കും ഡിജോക്കും തന്നെ ഓര്‍മയുണ്ടാകില്ല, അത്രയധികം ആള്‍ക്കാരോട് കഥ പറഞ്ഞു, പതുക്കെ പതുക്കെ നമ്മള്‍ക്കുണ്ടാവുന്നതാണ് കോണ്‍ഫിഡന്‍സ്. പഠിക്കും, പഠിച്ചു പഠിച്ചു അതിന്റെ ശരികളും കള്ളത്തരങ്ങളും പഠിച്ചുള്ള ആ അനുഭവത്തില്‍ നിന്നേ കഥ പറയാന്‍ പറ്റുകയുള്ളൂ. മൂന്ന് സ്റ്റെപ്പുകളാണ് ഒരു സിനിമയാകുന്നതില്‍ വരെ എത്തുന്നത്. ഒന്ന് സ്‌ക്രിപ്റ്റ് എഴുതുക എന്നുള്ളത്. അതൊരു മുറിക്കകത്ത് ഇരുന്നാല്‍ പറ്റും. ജനഗണമനയേക്കാള്‍ പത്തിരട്ടി മികച്ച തിരക്കഥകള്‍ അങ്ങനെയുണ്ടാക്കാം. ഇത് മൂന്നിലൊന്നേയാകൂ. മൂന്നില്‍ രണ്ട്, ഇതൊരു ആര്‍ട്ടിസ്റ്റിനെ കണ്‍വിന്‍സ് ചെയ്യിക്കുകയെന്നതാണ്. അതാണ് അടുത്ത വലിയ കടമ്പ. ആര്‍ട്ടിസ്റ്റിനെ മീറ്റ് ചെയ്യുകയെന്നത് തന്നെ വളരെ വലിയൊരു കടമ്പയാണ്. മൂന്ന്- ഇതൊരു പ്രൊജക്ടാക്കിയെടുക്കുകയെന്നതാണ്. എന്നോട് ഒരു വലിയ പ്രൊഡ്യൂസര്‍ പറഞ്ഞിട്ടുണ്ട്, പതിനായിരം രൂപ ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുക്കാത്ത കാലഘട്ടത്തിലാണ് ഒരു നിര്‍മാതാവ് നിങ്ങളുടെ മേലെ അഞ്ചോ പത്തോ കോടി നിക്ഷേപിക്കുന്നത്, അത് മറക്കരുതെന്ന് പറയും. അത് വളരെ ശരിയാണ്. ഞങ്ങളുടെ ഫസ്റ്റ് സിനിമക്ക് പൃഥ്വിരാജിനടുത്ത് പോയി കഥ പറയാന്‍ ഞങ്ങള്‍ എലിജിബിളല്ല. ആ കഥ പറയാന്‍ ഒരു എലിജിബിലിറ്റി വേണം. ആ എലിജിബിലിറ്റിയാണ് ക്വീനിലൂടെ നേടിയെടുത്തത്. നല്ല രീതിയില്‍ പണിയെടുത്തിട്ടാണ് ക്വീന്‍ എന്ന സിനിമയുണ്ടായത്. ഒരു അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റും റൈറ്ററും ഡയറക്ടറും ക്യാമറാമാനും പ്രൊഡ്യൂസറുമില്ലാതെയാണ് ആ സിനിമയെടുത്തത്. ക്വീന്‍ നമുക്ക് കാണിക്കാനുണ്ട്. ഇത് ചെയ്തിട്ടാണ് വന്നതെന്ന് പറയാം. അതായിരുന്നു പൃഥ്വിരാജിന്റെ അടുത്തെത്താനുള്ള ഞങ്ങളുടെ ടിക്കറ്റ്. പരിശ്രമമല്ലാതെ കഥ പറയാന്‍ ഒരു കുറുക്കുവഴിയുമില്ല. intent ശരിയാവുകയെന്നുള്ളതുമുണ്ട്. സിനിമയില്‍ നിന്നും ഭയങ്കര പൈസയുണ്ടാക്കുകയെന്നതിലപ്പുറം എന്തെങ്കിലും ഒരു ആശയം പറയാനുണ്ടെങ്കില്‍ നമ്മളില്‍ ഒരു ഫയറുണ്ടാവും. 'ജനഗണമന'ക്ക് അതുണ്ടായിരുന്നു, 'ക്വീന്' അതുണ്ടായിരുന്നു, എന്റെ മൂന്നാമത്തെ സിനിമയായ 'എല്ലാം ശരിയാകു'മിനും അതുണ്ടായിരുന്നു. അതില്ലാതിരുന്ന സിനിമയായിരുന്നു എന്റെ കരിയറില്‍ കണക്ടാവാതെ പോയ സിനിമ. 'ആദ്യ രാത്രി'-യാണത്. നല്ലൊരു സിനിമയായിരുന്നു. പക്ഷേ, എന്റെ പേഴ്‌സണല്‍ ലൈഫിലെ കല്യാണവും കുറച്ച് തിരക്കുകളും കാരണം എനിക്ക് ആ ഫയര്‍ ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ പറ്റിയില്ല. എഴുത്തില്‍ വന്ന പിശകാണ്. അതില്‍ നിന്നും പാഠമുള്‍കൊണ്ടാണ് ജിബു സാറിന്റെ കൂടെ 'എല്ലാം ശരിയാകും' ചെയ്തത്. എനിക്ക് ഭയങ്കര സാറ്റിസ്ഫാക്ഷന്‍ തന്ന വര്‍ക്കാണത്.


തിരക്കഥ എഴുതിയ സിനിമകളെല്ലാം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് സമ്പന്നമാണ്. രാഷ്ട്രീയം എത്രത്തോളം ഷാരിസിന്റെ ജീവിതത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ ഓര്‍മകള്‍ ജീവിതത്തിലുണ്ടോ?

ഞാന്‍ രാഷ്ട്രീയം നിരോധിക്കപ്പെട്ട ഒരു കാമ്പസിലാണ് പഠിച്ചത്. രാഷ്ട്രീയം നിരോധിക്കപ്പെടുമ്പോളുണ്ടാവുന്ന ഒരു വീര്‍പ്പുമുട്ടലുണ്ട്. നമ്മുടെ ശബ്ദവും അഭിപ്രായവും ഒക്കെ പറയാന്‍ അവസരം നിഷേധിക്കപ്പെട്ട കാമ്പസിലാണ് ഞാനും ഡിജോയും പഠിച്ചത്. രാഷ്ട്രീയം എന്നത് നമ്മുടെ അഭിപ്രായം ഉറക്കെ പറയുകയെന്നുള്ളതാണല്ലോ. അതല്ലാതെ ഞാന്‍ ഒരു പാര്‍ട്ടിയുടെയോ കൊടിയുടെയോ രാഷ്ട്രീയ ചട്ടക്കൂടില്‍ നില്‍ക്കില്ല. അതല്ലാതെ അടിസ്ഥാനപരമായി ഒരു രാഷ്ട്രീയമുണ്ട്. ഞാന്‍ വിശ്വസിക്കുന്നത്, കേരളത്തിന്റെ പൊതു-'ലെഫ്റ്റ് ഓഫ് സെന്റര്‍' സ്വഭാവമാണ്, ഒരു ഐഡിയോളജിക്കല്‍ സ്‌പേസുണ്ട്, അവിടെയാണ് ഞാന്‍ നില്‍ക്കുന്നത്. നമ്മുടെ ഒരു അഭിപ്രായം ഒരു നേതാവിനോ, വിശ്വസിക്കുന്ന ആശയത്തിന് എതിരാണെങ്കിലും അതുറക്കെ പറയുക എന്ന ഒരു സ്‌പേയ്‌സുണ്ട്. ആ സ്‌പേയ്‌സില്‍ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. മനുഷ്യന്റെ ഓരോ ശ്വാസത്തിലും രാഷ്ട്രീയമുണ്ടാവണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. I hate politics എന്ന് പലരും അഹങ്കാരത്തോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവന് പൊളിറ്റിക്‌സുണ്ടാവരുത് എന്നത് മറ്റു ചിലരുടെ പൊളിറ്റിക്‌സാണ്. അരാഷ്ട്രീയമായ ഒരു സമൂഹമുണ്ടാവണമെന്നത് രാഷ്ട്രീയത്തില്‍ ചിലരുടെ ആവശ്യമാണ്. രാഷ്ട്രീയമില്ലായെന്ന് പറയുന്നവരും മനസ്സിലാക്കുക, അവരും ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുകയാണ്. എനിക്ക് കൃത്യമായിട്ടുള്ള പേഴ്‌സണല്‍ പൊളിറ്റിക്‌സുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും അസംബ്ലി തെരഞ്ഞെടുപ്പിനും ഒരേ ചിഹ്നത്തില്‍ തന്നെ കുത്താത്ത ഒരാളാണ് ഞാന്‍. സ്ഥാനാര്‍ഥിയുടെയും മുന്നണിയുടെയും രാഷ്ട്രീയം നോക്കി സ്ഥിതിഗതികള്‍ നോക്കി മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. ഏറ്റവും അരാഷ്ട്രീയവാദി പതിനെട്ടാം വയസ്സു തൊട്ട് മരണം വരെ ഒരേ ചിഹ്നത്തില്‍ കുത്താന്‍ വിധിക്കപ്പെട്ടവരാണ്. ഷാരിസ് അതല്ല. എല്ലാത്തിലും പ്രതികരിക്കുന്ന ആളുമല്ല, വളരെ സൈലന്റാണ്. ഇല്ലാത്ത ഒരു പൊളിറ്റിക്‌സുണ്ടെങ്കില്‍ അത് മതത്തിന്റേതാണ്. മതത്തിന്റെ പൊളിറ്റിക്‌സ് തീരെയില്ല. പൊളിറ്റിക്കല്‍ സ്‌പെയ്‌സില്‍ മതമുണ്ടാവരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ള ഒരാളാണ്.

ഞങ്ങളുടെ രാഷ്ട്രീയമല്ല ജനഗണമന എന്ന സ്റ്റേറ്റ്‌മെന്റ് കണ്ടു, സിനിമ രാഷ്ട്രീയം പറയുന്നതില്‍ പ്രശ്‌നം തോന്നിയിട്ടുണ്ടോ? അതിനെ പേടിക്കുന്നുണ്ടോ?

ഒരു പേടിയുമില്ല. പേടിക്കുന്ന ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. ചോദ്യം ചോദിക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. ഞാന്‍ നേരത്തെ പറഞ്ഞ ലെഫ്റ്റ് ഓഫ് സെന്റര്‍ സ്‌പേയ്‌സ് ആണത്. 'ക്വീനി'ലാണെങ്കില്‍ സലീം കുമാറിന്റെ കഥാപാത്രം കോടതിയെ ചോദ്യം ചെയ്യുന്നുണ്ട്. 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലാണെങ്കില്‍ അതിലെ രണ്ട് മുന്നണികളിലെയും നേതാക്കന്മാര്‍ അതത് മുന്നണികളെയാണ് ചോദ്യം ചെയ്യുന്നത്. ഇവരാരും പുറത്തല്ല ചോദ്യം ചെയ്യുന്നത്. 'ജനഗണമന'യില്‍ ആണെങ്കില്‍ ഒരു വിദ്യാര്‍ഥി വിദ്യാലയത്തിന്റെ നാഥനായ വി.സിയെയാണ് ചോദ്യം ചെയ്യുന്നത്. കോടതി മുറിയില്‍ അരവിന്ദ് സ്വാമിനാഥന്‍ എന്ന വക്കീല്‍ നിയമത്തെയാണ് ചോദ്യം ചെയ്യുന്നത്. അവസാനത്തിലെ ഓം പ്രകാശ് എന്ന വലതുപക്ഷ വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥി ആ പാര്‍ട്ടിക്കകത്താണ് ചോദ്യം ചെയ്യുന്നത്. അവന്‍ പാര്‍ട്ടിയോ രാഷ്ട്രീയമോ മാറുന്നില്ല. അതുകൊണ്ടാണ് 'ജനഗണമന' രാഷ്ട്രീയ സിനിമയല്ലായെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതും. 'ജനഗണമന' ഒരു 'മെക്‌സിക്കന്‍ അപാരതയല്ല', ജനഗണമന ഒരു 'സഖാവു'മല്ല. അതായിരുന്നെങ്കില്‍ ഓം പ്രകാശ് എന്ന ആ വിദ്യാര്‍ഥി ചെങ്കൊടിയോ മൂവര്‍ണ കൊടിയോ എടുത്തേനേ. അതായിരുന്നെങ്കില്‍ സിനിമയില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയമുണ്ടെന്ന് പറയാമായിരുന്നു. ആ വിദ്യാര്‍ഥി അവന്റെ പ്രസ്ഥാനത്തിലാണ് ശബ്ദമുയര്‍ത്തുന്നത്. അവന് അവന്റെ രാഷ്ട്രീയം പാടില്ലേ. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഇന്റേണലി ഒരു പൊളിറ്റിക്ക്‌സുണ്ടാവും. ഇന്റേണല്‍ ജനാധിപത്യമുണ്ടാവും. അവിടെ ഭക്തരായി പോവരുത്. എനിക്ക് ജനഗണമനയില്‍ ഏറ്റവും ഇഷ്ടമുള്ള രണ്ട് ഡയലോഗുകളില്‍ ഒന്ന് ശാരി ചേച്ചി പറയുന്ന ഒരു ഡയലോഗാണ്- 'മോന് ചെയ്തതിനുള്ളതൊക്കെ മോന് ദൈവം തരും', എന്നുള്ളത്. സിംപിള്‍ ഡയലോഗാണ്. രണ്ടാമത് ഇഷ്ടപ്പെട്ട ഡയലോഗ്, 'രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് വികാരമാണ്', എന്ന് വില്ലന്‍ പറയുന്ന ഡയലോഗാണ്. 'ആ ഭ്രാന്ത് പിടിപ്പെട്ടാല്‍ അവര്‍ അണികളല്ല, ഭക്തരാണ്'- എന്ന് പറയുന്നത്. നമ്മളിപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഭക്തരല്ലേ കാണുന്നത്. അത് അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ കാര്യമാണ്. ഭക്തി വിട്ടിട്ട് ചോദ്യം ചോദിക്കുകയെന്നതിലേക്ക് കടക്കുന്നതാണ് ജനഗണമന. അത് കൊണ്ടാണ് ഞങ്ങള്‍ ധൈര്യമായി പറയുന്നത്, ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ലായെന്ന്. ഇത് ഒരു രാഷ്ട്രീയ സിനിമയുമല്ല. ജനഗണമന ഒരു എന്റര്‍ടെയിനറാണ്. അതുകൊണ്ടാണ് ഇത്രയും പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകുന്നതും. അതല്ലെങ്കില്‍ വളരെ അടുത്ത് ഇറങ്ങിയ ഒരു സിനിമയുണ്ട് (പേര് പറയില്ല), എന്റര്‍ടെയിനറാകാത്തത് കൊണ്ട്, കൃത്യമായ രാഷ്ട്രീയം മാത്രം പറഞ്ഞതുകൊണ്ട് പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിയില്ല (ബ്രില്യന്റ് സിനിമയാണ്). ഞങ്ങള്‍ക്ക് അത് വേണ്ടായിരുന്നു.


എനിക്ക് പെര്‍മിഷന്‍ ഉള്ള എല്ലാ സിനിമകളിലും പൊളിറ്റിക്‌സ് സംസാരിക്കും, politics affects our everyday life എന്നാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്ന ന്യായം. പ്രൊപോഗാണ്ട മേക്കിങ്ങ് എന്നല്ല അത് കൊണ്ട് അര്‍ഥമാക്കുന്നതെന്നും കമല്‍ ഹാസന്‍ പറയുന്നു. ഷാരിസിന് പക്ഷെ ഇതേ അഭിപ്രായം അല്ലായെന്നാണ് മനസ്സിലാകുന്നത്. പറയുന്ന കാര്യങ്ങള്‍ എല്ലാം വിരുദ്ധമാണ് താനും. ഷാരിസിന്റെ രാഷ്ട്രീയമെന്താണ്?

എന്റെ രാഷ്ട്രീയമെന്താണെന്ന് എനിക്ക് തന്നെ കൃത്യമല്ല. ഒരു രാഷ്ട്രീയ ഐഡിയോളജിയുമായും ഐഡന്റിഫൈ ചെയ്യുന്ന ആളുമല്ല. പക്ഷേ, രാഷ്ട്രീയമുള്ളയൊരാളാണ് ഞാന്‍. എന്റെ രാഷ്ട്രീയമല്ല എന്റെ സിനിമ എന്ന് പറയാന്‍ കാരണം- 'എല്ലാം ശരിയാകും', 'ജനഗണമന' എന്നിവ എടുത്തുനോക്കിയാല്‍, എവിടെയാണ് എന്റെ രാഷ്ട്രീയ സ്‌പേയ്‌സ് എന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ ഉത്തരം കിട്ടില്ല. നമ്മുടെ ഉള്ളിലുള്ള ചോദ്യങ്ങള്‍ കഥയില്‍ വരും. അതൊരു രാഷ്ട്രീയ സ്‌പേയ്‌സില്‍ നിന്നുകൊണ്ടോ മറ്റൊരു പൊളിറ്റിക്കല്‍ സ്‌പേയ്‌സില്‍ നിന്നുകൊണ്ടോയല്ലയത്. 'ജനഗണമന'യിലെ പല ചോദ്യങ്ങളും ആ കഥാപാത്രങ്ങള്‍ ചോദിക്കുന്നതാണ്. നമ്മളോട് പലരും പേടിയില്ലേ, ഭയമില്ലേയെന്ന് എന്നൊക്കെ ചോദിക്കും. എഴുത്തുകാരനായ ഷാരിസിന്റെ ഭയം കൊണ്ട് ആ കാരക്ടറിന്റെ ശബ്ദം ഒരിക്കലും oppressed ആവരുതെന്ന നിര്‍ബന്ധമുണ്ട്. സബാ മറിയം എന്ന കഥാപാത്രത്തിന്റെ വോയ്‌സ് ഷാരിസിന്റെ ഉള്‍ഭയം കൊണ്ട് oppressed ആയി പോകരുത്. ഒരു സ്‌ക്രിപ്റ്റ് സിനിമയാകുവാന്‍ എത്രയോ പേരിലൂടെ കടന്നുപോകണം. എനിക്ക് ഒരു രാഷ്ട്രീയമുണ്ടെങ്കില്‍ അത് സംവിധായകനോട് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയം വേറെയാണ്. ഇവരൊക്കെ നമ്മുടെ ലൈഫില്‍ ആദ്യമായിട്ട് കാണുന്നതല്ലേ. നമ്മള്‍ ഒരുമിച്ച് പഠിച്ച് വളര്‍ന്നവരാണെങ്കില്‍ പറയാം നമ്മുടെ രാഷ്ട്രീയം ഒന്നുതന്നെയെന്ന്. നമ്മള്‍ ആദ്യമായിട്ട് കാണുന്ന, കഥ പറയുന്ന പ്രൊഡ്യൂസേഴ്‌സാണ് ലിസ്റ്റന്‍ സ്റ്റീഫനും പൃഥ്വിരാജുമൊക്കെ. അവരിലൂടെയൊക്കെ മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയമല്ല, കഥയാണ് മുന്നോട്ടുവെക്കുന്നത്. ആ കഥയില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയിനിങ് എലമെന്റുണ്ടാവണം.

ഷാരിസിന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയവും സിനിമയും എത്രത്തോളം ചേര്‍ന്ന് നില്‍ക്കണം?

നമ്മളത് രാഷ്ട്രീയത്തെ ഡിഫൈന്‍ ചെയ്യുന്നത് പോലെയിരിക്കും. ഈ ലോകം ഇന്ന് സംസാരിക്കേണ്ടത് ഗ്രീന്‍ പൊളിറ്റിക്‌സാണ്. അങ്ങനെയുള്ള വിഷയങ്ങളാണ് നമ്മള്‍ സംസാരിക്കേണ്ടതെന്ന് തോന്നുന്നു. അതൊക്കെ ഭംഗിയായി പറഞ്ഞ സിനിമയാണ് 'ആദാമിന്റെ മകന്‍ അബു'. എന്തുകൊണ്ട് അങ്ങനെയൊരു വിഷയം ചിന്തിച്ചില്ലല്ലോയെന്നൊക്കെ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. നമ്മള്‍ ഗ്ലോബലി സംസാരിക്കേണ്ട രാഷ്ട്രീയങ്ങള്‍ കുറേയുണ്ട്. അത് ഒരിക്കലും പാര്‍ട്ടി/പാര്‍ലമെന്ററി പൊളിറ്റിക്‌സല്ല. അതിനപ്പുറത്ത് ദൂരവ്യാപകമായ മനുഷ്യന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുണ്ട്. അതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ലായെന്നുള്ളത് വളരെ വിഷമമുള്ള കാര്യമാണ്. മണ്ണിന്റെ രാഷ്ട്രീയം, മനുഷ്യന്റെ ജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന രാഷ്ട്രീയങ്ങള്‍ സിനിമയിലൂടെയല്ലെങ്കില്‍ കൂടി ചര്‍ച്ച ചെയ്യണമെന്നുള്ളതാണ്. ഓരോ ശ്വാസത്തിലും രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഇപ്പോള്‍ ആസ്വദിക്കുന്ന സ്വാതന്ത്രൃം പോലും കഴിഞ്ഞ നൂറ്റാണ്ടിന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയ സ്വത്വമാണ്. എനിക്ക് രാഷ്ട്രീയമില്ലായെന്ന് പറയുന്നവരോടാണ് എനിക്ക് അമര്‍ഷമുള്ളത്. അവര്‍ക്ക് അത് പറയാന്‍ ഒരു അവകാശവുമില്ല. അവര്‍ക്ക് മുന്നേ കടന്നുപോയ രാഷ്ട്രീയത്തിന്റെ/രാഷ്ട്രീയക്കാരുടെ ഭിക്ഷയില്‍ നിന്നുകൊണ്ടാണ് അവര്‍ ഈ അരാഷ്ട്രീയവാദം പറയുന്നത്. അരാഷ്ട്രീയവാദത്തിന് നേരെ ചോദ്യം ചെയ്യണം. അതൊരു ആഗ്രഹമുള്ള കാര്യമാണ്. ബാക്കിയെന്തുമാകട്ടെ, അരാഷ്ട്രീയമാകല്ല, രാഷ്ട്രീയം സംസാരിക്കട്ടെ. എല്ലാവരും സാമൂഹിക ബോധമുള്ളവര്‍ ആവുകയെന്നത് ആഗ്രഹമുള്ള കാര്യമാണ്. ഒരു പാര്‍ട്ടിയില്‍ ഭാഗമാകാനോ ആശയത്തിന്റെ ഭാഗമാകാനോ അല്ല, അതില്ലാതെയിരിക്കുന്നതാണ് നല്ലത്. എപ്പോഴും നമ്മള്‍ക്ക് ഒരു അഭിപ്രായമുണ്ടാവുക. ആ അഭിപ്രായമുണ്ടാവുകയെന്നതാണ് ഏറ്റവും നല്ല കാര്യം.


ഇതിനോട് അടുപ്പിച്ചു പറയാവുന്ന ഒരു കാര്യമാണ്, ജനഗണമന സിനിമക്കെതിരായ സന്ദീപ് വാര്യരുടെ സ്റ്റേറ്റ്‌മെന്റ്. ജന ഗണ മന' മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രസ്താവന ശ്രദ്ധിച്ചിരുന്നോ? എന്താണ് തോന്നിയത്?

സന്ദീപ് വാര്യര്‍ പറഞ്ഞത് കേട്ടു. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്. അങ്ങനെയേ കാണുന്നുള്ളൂ. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. ഈ സിനിമ തന്നെ, എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നില്ല, ചിലര്‍ക്ക് ഇഷ്ടമാവാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാവും.

ജനഗണമന സിനിമക്ക് പിന്നിലുള്ളവര്‍ രാജ്യവിരുദ്ധരാണെന്ന ഗുരുതര സ്വഭാവത്തിലുള്ള ആരോപണമല്ലേ സന്ദീപ് വാര്യര്‍ ഉയര്‍ത്തുന്നത്?

സന്ദീപ് വാര്യര്‍ സിനിമ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. മറ്റുള്ളവര്‍ നമ്മളെ കുറിച്ച് പറയുന്നതല്ലല്ലോ നമ്മുടെ റിയാലിറ്റി. നമുക്ക് നമ്മുടെ വര്‍ക്കിനെ കുറിച്ച് ഒരു ബോധ്യമുണ്ടാകും. നമ്മള്‍ നമ്മുടെ വര്‍ക്ക് ചെയ്യുക, അത്രയേയുള്ളൂ. ചിലപ്പോള്‍ വല്ല തെറ്റിദ്ധാരണ ആയിരിക്കാം. വേറെയാരെങ്കിലും പറഞ്ഞതു വെച്ചുള്ള ധാരണയായിരിക്കാം. സിനിമ മുന്നോട്ടുവെക്കുന്ന കഥയില്‍ കുറച്ചുകൂടി മനുഷ്യന്റെ കാര്യങ്ങളാണ് പറയുന്നത്. മനുഷ്യന്റെ കാര്യം പറയുന്നതില്‍ ഒരു പാര്‍ട്ടി പൊളിറ്റിക്‌സോ പാര്‍ലമെന്ററി പൊളിറ്റിക്‌സോ നമ്മള്‍ ഉദ്യേശിച്ചിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ പ്രതികരണം ഇങ്ങനെയൊന്നുമായിരിക്കില്ലല്ലോ.

വിദ്യ എന്ന് പറയുന്ന കുട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന വേദനയൊക്കെ പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യുന്നത് കൊണ്ടാണ് ഇത് സ്വീകരിക്കുന്നത്. അതില്‍ വിദ്യ എന്ന് പറയുന്ന കുട്ടിയുടെ ജാതി ഏതാണെന്ന് പറയുന്നില്ല. ജനഗണമന സ്‌ക്രിപ്റ്റ് എഴുതിയ എനിക്കറിയില്ല അരവിന്ദ് സ്വാമിനാഥന്റെ ജാതി ഏതാണെന്ന്. കാണുന്നവര്‍ നിറം വെച്ചിട്ട് ഒരു കാസ്റ്റ് കല്‍പ്പിക്കുകയാണ്. ഒരാളുടെ പേര് വെച്ചിട്ട്, നിറം വെച്ചിട്ട് അവന്റെ ജാതി ഇതാണെന്ന് പറയുന്നത് എങ്ങനെയാണെന്ന് സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല. അരവിന്ദ് സ്വാമിനാഥന്റെ ജാതി എഴുതിയ എനിക്കോ സംവിധായകനായ ഡിജോക്കോ അറിയില്ല.



അതൊരു നിഷ്‌കളങ്കമായിട്ടുള്ള ന്യായമല്ലേ?

അതിന് ഒരു ഉദാഹരണം പറയാം. ജനഗണമനക്ക് കിട്ടിയ ഒരു പ്രശംസ പറയാം. 'ഒരു ക്രിസ്ത്യാനിയായ സംവിധായകനും മുസ്‌ലിമായ എഴുത്തുകാരനും ഹൈന്ദവരായ നടീനടന്‍മാരെ വെച്ച് ചെയ്ത മതേതര സിനിമയാണ് ജനഗണമന'- തീര്‍ത്തും വര്‍ഗീയമായിട്ടുള്ള പരാമര്‍ശമാണിത്. ഇതെഴുതുന്നവന്‍ ധരിക്കുന്നത് അവന്‍ മതേതരമായിട്ടുള്ള ഒരു കാര്യം എഴുതുന്നുവെന്നതാണ്. നമ്മുടെ സമൂഹത്തില്‍ അത് പോലും വര്‍ഗീയമായി കഴിഞ്ഞു. ഒരു ഇന്ത്യക്കാരനായ എഴുത്തുകാരനും ഇന്ത്യക്കാരനായ സംവിധായകനും ഇന്ത്യക്കാരായ നടീനടന്‍മാരും ചെയ്ത സിനിമയാണെന്ന് കാണാന്‍ പറ്റുന്നില്ല. വര്‍ഗീയതയെ പ്രതിരോധിക്കുന്നത് പോലും അറിയാതെ വര്‍ഗീയമായി കൊണ്ടാണ്. അതാണ് കാലഘട്ടം. അത് നമ്മളെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്ക് ആ പ്രശംസ കിട്ടിയപ്പോ ഞാന്‍ ഭയങ്കരമായി അസ്വസ്ഥനായി. ഞാന്‍ എന്നെ ഒരു മുസ്‌ലിമായി കണ്ടിട്ടോ ഡിജോയെ ക്രിസ്ത്യന്‍ ആയി കണ്ടിട്ടോയല്ല സിനിമ ചെയ്യുന്നത്. നമ്മള്‍ ഫിലിം മേക്കേഴ്‌സായിട്ടാണ് എഴുതുന്നത്. അല്ലെങ്കില്‍ ഒരു ഇന്ത്യന്‍ എന്ന അപ്പീലില്‍ ആണ് ഈ സിനിമ ചെയ്യുന്നത്. ഒരു വിദ്യാലയത്തില്‍ ഒരു വിദ്യാര്‍ഥിനി ഹിജാബണിഞ്ഞ് വരുമ്പോള്‍ ജയ് ശ്രീറാം വിളിക്കുമ്പോള്‍ അതിനെ അല്ലാഹു അക്ബര്‍ വിളിച്ചല്ല പ്രതിരോധിക്കേണ്ടത്. വിദ്യാലയത്തിനകത്ത് ജയ് ശ്രീറാം വിളിക്കുന്നതും തെറ്റാണ്, അതുപോലെ തന്നെ തെറ്റാണ് അല്ലാഹു അക്ബര്‍ വിളിക്കുന്നതും. മുസ്ഖാന്‍ എന്ന ആ പെണ്‍കുട്ടി ഒരിക്കലും ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട കുട്ടിയല്ല. ആ കുട്ടി പറഞ്ഞതും തെറ്റാണ്. അവിടെ പറയേണ്ടിയിരുന്നത് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നാണ്, വിപ്ലവം ജയിക്കട്ടെയെന്നാണ്. ആ വിദ്യാലയത്തിനകത്ത് അല്ലാഹു അക്ബര്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രതിരോധങ്ങള്‍ പലപ്പോഴും തെറ്റിപോകുന്നുണ്ട്. നമ്മള്‍ മതേതരം എന്ന് വിശ്വസിച്ചു പറയുന്ന പലതില്‍ പോലും വര്‍ഗീയത കലര്‍ന്നിട്ടുണ്ട്. കലരരുത് എന്ന് നമുക്ക് ആഗ്രഹമുണ്ട്.

ജനഗണമന സിനിമ നമ്മള്‍ മുന്നോട്ടുവെച്ചപ്പോള്‍ പലരും ചോദിച്ചു കിസ് ഓഫ് ലവ് പരാമര്‍ശം തെറ്റിപോയില്ലേയെന്ന്. ഇതില്‍ അങ്ങനെയൊക്കെയുണ്ടെന്ന് നമ്മള്‍ അപ്പോഴാണ് ഓര്‍ക്കുന്നത്. നമ്മള്‍ വേറെയേതോ ലെവലില്‍ ഒരു ആശയം മുന്നോട്ടുവെക്കാന്‍ നോക്കിയതാണ്. രണ്ടേ മുക്കാല്‍ മണിക്കൂര്‍ എടുത്തുവെച്ചിട്ടും കിസ് ഓഫ് ലവ് ആണല്ലോ പലര്‍ക്കും മനസ്സില്‍ സ്പര്‍ശിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍... ഓരോരുത്തര്‍ക്കും അവരവരുടെ സ്വാതന്ത്രൃം. നമ്മള്‍ ഒന്നും ശരിയെന്നോ തെറ്റെന്നോ പറഞ്ഞുവെക്കുന്നില്ല. ഒരു കാര്യം ഉറപ്പുപറയാന്‍ പറ്റും. നേരത്തെ പറഞ്ഞല്ലോ, അരവിന്ദ് സ്വാമിനാഥന്റെ ജാതി അത് എനിക്കറിയില്ല. ആ രീതിയില്‍ അല്ല ഞങ്ങള്‍ ആ സിനിമയെ കണ്ടിട്ടുള്ളത്. മനസ്സുകൊണ്ടാണ് ആ സിനിമയെ സ്പര്‍ശിച്ചിട്ടുള്ളത്.

ഷാരിസിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചതില്‍ നിന്നും മനസ്സിലായതാണ്, റഫറന്‍സ് സ്വഭാവത്തില്‍ പറയുന്ന രംഗ് ദേ ബസന്തി, ഉറി (ജോഷ് എഫ്ക്ട്), മലയാളത്തിലെ ടി. ദാമോദരന്‍, ഐ.വി ശശി സിനിമകള്‍, സത്യന്‍ അന്തിക്കാടിന്റെ സന്ദേശം (അരാഷ്ട്രീയ പടമല്ല എന്ന സ്റ്റേറ്റ്‌മെന്റ്), ഇതിനെല്ലാം ഒരു പൊതുസ്വഭാവം ഫീല്‍ ചെയ്യുന്നുണ്ട്. ഹിന്ദിയിലെ റഫറന്‍സ് സിനിമകള്‍ ദേശീയത/അതിദേശീയത എന്ന ഒറ്റ ബിന്ദുവില്‍ വരുന്നതാണ്, മലയാളത്തില്‍ ഐ.വി ശശി, ടി. ദാമോദരന്‍ സിനിമകള്‍ എല്ലാം അതിലെ സവര്‍ണ ബിംബങ്ങളുടെ പ്രദര്‍ശനം കൊണ്ടും പ്രശ്‌നവത്കരിക്കപ്പെട്ടവയാണ്. സത്യന്‍ അന്തിക്കാടിനെതിരെയുള്ള വിമര്‍ശനവും സമാന സ്വഭാവത്തിലുള്ളതാണ്. ഇതിലെല്ലാം പ്രശ്‌നങ്ങള്‍ തോന്നിയിട്ടില്ലേ? ഒരു വശത്ത് ഇത്തരം സിനിമകളിലെ പ്രശ്‌നങ്ങള്‍ അംഗീകരിച്ച്, മാറ്റങ്ങളുമായാണ് പുതുനിര സംവിധായകര്‍ വരുന്നത് (ശ്യാം പുഷ്‌കരന്‍, ആഷിഖ് അബു, ഹര്‍ഷദ്, മുഹ്‌സിന്‍ പരാരി, സകരിയ സിനിമകള്‍) ഇതിനെ അഡ്രസ് ചെയ്ത് എഴുത്തില്‍ അങ്ങനെ കൊണ്ടുവരണമെന്ന് തോന്നിയിട്ടുണ്ടോ?

1991ല്‍ റിലീസ് ചെയ്ത സിനിമയാണ് സന്ദേശം എന്ന് തോന്നുന്നു. ഇപ്പോള്‍ 2022. അതായത് 31 വര്‍ഷത്തിന് ശേഷമാണ് നമ്മള്‍ സന്ദേശത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. സന്ദേശം 2022ന് വേണ്ടി ഡിസൈന്‍ ചെയ്ത സിനിമയല്ല. '91ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് ഡിസൈന്‍ ചെയ്‌തൊരു സിനിമയാണ്. അത് അന്നത്തെ രാഷ്ട്രീയം കൃത്യമായി പറഞ്ഞ ഒരു സിനിമയാണ്. ഇന്നെടുക്കുന്ന ഒരു സിനിമ, (താങ്കള്‍ പറഞ്ഞ പ്രഗത്ഭ എഴുത്തുകാരുടെ സിനിമ) മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ത് ഗ്യാരണ്ടിയുണ്ട് അവരീ പറയുന്ന കോണ്‍ഫിഡന്‍സോടു കൂടി അന്നത്തെ സിനിമാ കാഴ്ച്ചക്കാര്‍ അംഗീകരിക്കുമെന്നത്. ശ്രീനിവാസന്‍ സാറിന്റെ സ്‌ക്രിപ്റ്റ് 31 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസക്തമായി നിന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സന്ദേശം പോലെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ ഇനി മലയാളത്തിലുണ്ടാവണമെങ്കില്‍ അതൊരു ശ്രീനിവാസന്‍ സാറിനെ കൊണ്ടേ പറ്റുകയുള്ളൂവെന്ന് നൂറ് ശതമാനം ഞാന്‍ വിശ്വസിക്കുന്നു. 31 വര്‍ഷമായിട്ടും മറ്റൊരു സന്ദേശമുണ്ടായിട്ടില്ലല്ലോ. ഇന്ന് തിരുത്തി എഴുതുന്നുവെന്ന് പറയുന്നവര്‍ അവരുടെ സ്‌ക്രിപ്റ്റുകള്‍ 2052ലെ പ്രേക്ഷകര്‍ വിലയിരുത്തട്ടെ. അത്രയൊന്നും പോകണ്ട, 2022ല്‍ പുറത്തിറങ്ങിയ ജനഗണമനക്ക് 2024ല്‍ ഇത് മോശം സിനിമയാണെന്ന് വിലയിരുത്തുന്ന ഓഡിയന്‍സ് വരാം. We are not making great cinemas. ജനഗണമന ഒരു ഗ്രേറ്റ് സിനിമയാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍, സന്ദേശം മലയാളത്തിലെ ടോപ് അഞ്ച് സിനിമകളില്‍ ഒന്നാണെന്ന് എനിക്ക് നൂറ് ശതമാനം പറയാന്‍ പറ്റും. അങ്ങനെയല്ലായെന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്രൃവുമുണ്ട്. ആ സ്വാതന്ത്രൃം ഉപയോഗിക്കേണ്ടത് ആയുസ് നീട്ടികിട്ടി 2050 വരെ പോയി അന്നത്തെ ഓഡിയന്‍സ് അവര്‍ ഇന്ന് ചെയ്ത സിനിമകള്‍ അന്ന് കാണിച്ചിട്ട് അവരുടെ കൈയ്യടി അന്ന് വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അവരെ സമ്മതിക്കാം. നോക്കാം.

മുന്‍പ് പറഞ്ഞ സിനിമകള്‍ക്ക് നേരെ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അഡ്രസ്സ് ചെയ്യണ്ടായെന്നാണോ ഷാരിസ് പറയുന്നത്?

അല്ല, അന്നത്തെ സിനിമകള്‍ അന്നത്തെ ശരികള്‍ ആണെന്നാണ് ഞാന്‍ പറയുന്നത്. '91ല്‍ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലിറങ്ങിയ സന്ദേശം അന്നത്തെ സിനിമയാണ്. അന്നത്തെ ശരികളാണത്. ഇന്നത്തെ സോ കോള്‍ഡ് ന്യൂ ഏജ് സിനിമക്കാര്‍ പറയുന്ന പൊളിറ്റിക്കലി കറക്ട് ഇന്നത്തെ പൊളിറ്റിക്കല്‍ കറക്ടനസാണ്. അവര്‍ക്ക് എങ്ങനെയറിയാം പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇതാണ് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സെന്ന്. ജനഗണമനയുടെ രാഷ്ട്രീയം എന്ന് പറഞ്ഞ് ഇന്ന് കൈയ്യടിക്കുന്ന ജനറേഷന്‍ മൂന്നോ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ് ഇതല്ല അന്ന് പറയേണ്ടിയിരുന്നത് എന്ന് പറയും. നമ്മളതിന് തയ്യാറാകണം. ഞാന്‍ ഈ പറഞ്ഞ ന്യൂ ഏജ് എഴുത്തുകാരുടെയടക്കം തിരക്കഥകള്‍ ബഹുമാനത്തോടെയല്ലാതെ നോക്കാതിരുന്നിട്ടില്ല. അതിനെയൊക്കെ പാഠപുസ്തകങ്ങളാക്കി അതിനെയെല്ലാം ബഹുമാനിച്ചാണ് മുന്നോട്ടുപോകുന്നത്. അതില്‍ ഏറ്റവും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നതാണ് ശ്രീനിവാസന്‍ സാറിന്റെ സ്‌ക്രിപ്റ്റുകള്‍. ശ്രീനിവാസന്‍ സാറിന്റെ സ്‌ക്രിപ്റ്റുകള്‍ മാത്രമാണ് repli-cate ചെയ്യാന്‍ പറ്റാത്തത്. ഇന്ന് മലയാളികള്‍ക്ക് അവനവനെ തന്നെ നോക്കി കണ്ണാടിയില്‍ ചിരിക്കുന്ന ഒരു ട്രോള്‍ സംസ്‌കാരമുണ്ടെങ്കില്‍ വടക്കുനോക്കി യന്ത്രം കണ്ടതുകൊണ്ടാണ്. ഇന്ന് മലയാളികള്‍ക്ക് സഹിഷ്ണുത കുറച്ചെങ്കിലുമുണ്ടെങ്കില്‍ അതിന് വലിയൊരു പങ്ക് ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ക്കാണ്. അവരാണ് കണ്ണാടിയില്‍ നോക്കി നമ്മളെ തന്നെ കൊഞ്ഞനം കാണിക്കാന്‍ പഠിപ്പിച്ചത്. അതല്ലെങ്കില്‍ ഈ പറയുന്ന മലയാളിയും സീരിയസായി പോയേനെ. എനിക്ക് എല്ലാവരെയും ബഹുമാനമാണ്. എനിക്ക് ബഹുമാനം ഇല്ലാത്തത് മറ്റുള്ളവരെ ബഹുമാനിക്കാത്തവരെയാണ്. അവരുടെ പോലും വര്‍ക്കിനെ ഞാന്‍ ബഹുമാനിക്കും.


ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം നേടിയ സാമ്രാട്ട് പൃഥ്വിരാജ്, അതിന് മുന്നേ കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍-ഇവയെല്ലാം ഹിന്ദുത്വ രാഷ്ട്രീയം പരസ്യമായും ഒളിപ്പിച്ചും കഥ പറയുന്ന സിനിമകളാണ്. പ്രൊപ്പഗണ്ട സിനിമകളോടുള്ള ഷാരിസിന്റെ സമീപനമെങ്ങനെയാണ്? ഇത്തരത്തിലുള്ള സിനിമകള്‍ സിനിമാ വ്യവയാസത്തിന് ഭീഷണിയാണോ? ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സിനിമകളുടെ നിലനില്‍പ്പ് ഇനി എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? സ്വതന്ത്ര സിനിമാ നിര്‍മാണം ഇവിടെ സാധ്യമാണോ?

തീര്‍ച്ചയായും. നമ്മള്‍ ജനഗണമന ചെയ്തില്ലേ. അതല്ലേ ഏറ്റവും വലിയ ഉത്തരം. ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. പിന്നെ ആര്‍.ആര്‍.ആര്‍ സിനിമയിലെ പ്രശ്‌നം എനിക്ക് മനസ്സിലായിട്ടില്ല. ആര്‍.ആര്‍.ആര്‍ എന്റര്‍ടെയിനറല്ലേ. രാമന്റെ ഐഡന്റിറ്റി എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഐഡന്റിറ്റിയല്ലേ. ഞാന്‍ ആ ഐഡന്റിറ്റിയെ endorse ചെയ്യുന്ന ഒരാളാണ്. ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. മതം എന്ന രീതിയിലല്ല. ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അതൊക്കെ കാണുമ്പോള്‍ ശരിക്കും എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്. രാം ചരണിന്റെ കഥാപാത്രത്തിന് ശ്രീരാമന്റെ റഫറന്‍സ് നല്‍കിയത് എനിക്ക് ഭയങ്കര മനോഹരമായി തോന്നി. ഭയങ്കര രസമായിട്ടും അപ്പീലിങ്ങുമായി തോന്നി. ആര്‍.ആര്‍.ആര്‍ സിനിമയില്‍ കണ്ടപ്പോള്‍ അത് ഭയങ്കരമായി ഇഷ്ടമായി. കശ്മീര്‍ ഫയല്‍സ് ഞാന്‍ കണ്ടിട്ടില്ല. ആര്‍.ആര്‍.ആര്‍ പ്രൊപഗണ്ട സിനിമയാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. അത് പ്രോപര്‍ എന്റര്‍ടെയിനറാണ്. ശ്രീരാമന്റെയും ഭീമിന്റെയും representation ഉണ്ടെങ്കില്‍ അത് ഭയങ്കര നല്ലതാണെന്നാണ് ഞാന്‍ പറയുന്നത്. ലോക സിനിമകളിലേക്ക് എടുത്തുവെക്കുകയാണ് ഈ സിനിമകള്‍. ഈ സിനിമകള്‍ ലോക സിനിമയിലേക്ക് എടുത്തുവെക്കുമ്പോള്‍ നമ്മുടെ സംസ്‌കാരം അടിസ്ഥാനമാക്കിയാണ് വെക്കേണ്ടത്. അതിലൊന്നും ഒരു അസഹിഷ്ണുത കാണിക്കരുത്. നമ്മള്‍ ഭയങ്കര അഹങ്കാരത്തോടെ അഭിമാനത്തോടെ എടുത്തുവെക്കണം.

സ്റ്റേറ്റ് സെന്‍സറിങ്ങിനെതിരെ സിനിമാ മേഖലയില്‍ നിന്നും ആളുകള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ഒരുപാട് രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള ജനഗണമനയെ സെന്‍സര്‍ ബോര്‍ഡ് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിച്ചിരുന്നോ? സെന്‍സറിങ്ങിനോടുള്ള ഷാരിസിന്റെ നിലപാടെന്താണ്?

ജനഗണമനക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ഇതില്‍ അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല. ഞങ്ങള്‍ക്ക് ഇതുവരെ ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടില്ല. അതല്ലാതെ വേറെ സിനിമകള്‍ക്കുണ്ടായ അനുഭവത്തെ കുറിച്ച് പറയാനുള്ള അറിവ് എനിക്കില്ല.

ജനഗണമന 2 എന്ന് വരും? പേരെന്തായിരിക്കും? sequel or prequel?

ജനഗണമന പാര്‍ട്ട് 2 എന്ന് തന്നെയാണ് പേര്. കഥ ഫിക്‌സ് ചെയ്തിട്ടുണ്ട്. ആദ്യ ഭാഗം പറഞ്ഞപ്പോള്‍ തന്നെ മുഴുവന്‍ കഥയും വണ്‍ലൈനായി പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. അതിന്റെ മുഴുവന്‍ തിരക്കഥ എഴുതിയിട്ടില്ല. അതാണോ അടുത്ത സിനിമയെന്നത് ഡിജോയും നിര്‍മാതാക്കളുമാണ് തീരുമാനിക്കേണ്ടത്. അവര്‍ ഒരു തീരുമാനത്തിലെത്തുമ്പോള്‍ അതിന്റെ ജോലി തുടങ്ങും. ജനഗണമന 2 കുറച്ചു കൂടി വലിയ കാന്‍വാസില്‍ ചെയ്യേണ്ട ഒരു സിനിമയാണ്. പാന്‍ ഇന്ത്യന്‍ സിനിമയല്ല, ഇന്ത്യന്‍ സിനിമയായിരിക്കും. ജനഗണമന 'ഇന്ത്യന്‍ സിനിമ' എന്ന് തന്നെയാണ് പറഞ്ഞത്. ഒരു ഇന്ത്യന്‍ ഫീല്‍ കിട്ടുന്ന സിനിമയായിരിക്കും ജനഗണമന 2. പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന കാര്യം കാത്തിരിക്കുക തന്നെ വേണം (ചിരിക്കുന്നു).

മറ്റു സിനിമകള്‍ ഉടനുണ്ടാകുമോ?

ഡിജോയുമായി ഒരു സിനിമ ചര്‍ച്ചകളിലാണ്. പറയാന്‍ മാത്രമുള്ള ഘട്ടത്തിലല്ല അത്. ഈ മാസം അവസാനത്തോടെ ഒന്നില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കും.

Similar Posts