IFFK: ട്രാന്‍സ് സമൂഹം ഐ.എഫ്.എഫ്.കെയില്‍ കാഴ്ചക്കാരല്ല, സംഘാടകരാണ് - ശീതള്‍ ശ്യാം
|രണ്ടായിരത്തി പതിനേഴിലെ ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ അവതാരികയായത് ഒരു ട്രാന്‍സ് വുമണ്‍ ആണ്. തീര്‍ച്ചയായും അവിടെയൊക്കെ ഉണ്ടായ മാറ്റങ്ങള്‍ ഇവിടെയും സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. ചലച്ചിത്രമേളകള്‍ സംവദിക്കുന്നത് - ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു. അഭിമുഖം: ശീതള്‍ ശ്യാം / ആഷിഖ് റഹ്മാന്
2016 ഐ.എഫ്.എഫ്.കെയില്‍ ഞാന്‍ അഭിനയിച്ച സിനിമ- കാ ബോഡീസ്കേപ്പിന്റെ പ്രദര്‍ശനമുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ഐഡി പാസ്സ് നല്കി അതിഥിയായിട്ടാണ് അക്കാദമി അന്ന് എന്നെ സ്വീകരിച്ചത്. അന്ന് മുതല്‍ ഞാന്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമാണ്. പിറ്റത്തെ വര്‍ഷം സിനിമ ജീവിതത്തില്‍ വഴിത്തിരിവായ ആഭാസം എന്ന സിനിമയും പ്രദര്‍ശിപ്പിച്ചിരിന്നു. 2019 ആയപ്പോഴേക്കും റീജിയണല്‍ ഫെസ്റ്റിവലിന്റെ പ്രോഗ്രാം കമ്മിറ്റി അംഗമാകാന്‍ സാധിച്ചു.
വേദികളില്‍ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയില്‍ നിന്ന് നടത്തിപ്പുകാരാകുന്ന നിലയിലേക്ക് മാറിയിരിക്കുന്നു ഇന്ന് ട്രാന്‍സ് കമ്യൂണിറ്റി. പ്രോഗ്രാം കമ്മിറ്റിയിലെ അംഗമാകാന്‍ സാധിച്ചതിനു ശേഷം, കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ചകളും പരിപാടികളും നന്നായി നടത്താന്‍ കഴിഞ്ഞിരുന്നു. 2017ല്‍ ഓസ്കാര്‍ അവാര്‍ഡിന്റെ അവതാരികയായത് ഒരു ട്രാന്‍സ് വുമണാണ്. തീര്‍ച്ചയായും അവിടെയൊക്കെ ഉണ്ടായ മാറ്റങ്ങള്‍ ഇവിടെയും സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. അവസരങ്ങള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. നിരന്തര പോരാട്ടങ്ങളാണ് മാറ്റി നിര്‍ത്തിയ ഇടങ്ങളില്‍ മുന്‍ നിരയില്‍ നില്ക്കാന് ഞങ്ങളെ പ്രാപ്തരാക്കിയത്. പഴയ കാലത്തെ അപേക്ഷിച്ച് സമൂഹത്തിലെ കുറച്ചു പേരെങ്കിലും ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചതും ഈ ഒരു മാറ്റത്തിന് കാരണമാണ്.
2016- ലാണ് gender -bender പാക്കേജ് ചലച്ചിത്ര അക്കാദമി കൊണ്ടുവരുന്നത്. അന്ന് ധാരാളം ട്രാന്‍സ്, വുമന്‍ ഐഡന്റിറ്റി പടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ട്രാന്‍സ് സമൂഹത്തിന്റെ ജീവിതം, സ്വപ്നങ്ങള്‍, പ്രണയം, വികാരങ്ങള്‍ എന്താണെന്ന് ഈ സിനിമകള്‍ കാണിച്ചു നല്കി. കാലം മുമ്പോട്ട് പോകുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടുകളിലും മാറ്റം വരുന്നുണ്ട്. ഇത്തവണ ഐ.എഫ്.എഫ്.കെ യില്‍ LGBTQ വിഭാഗതത്തെക്കുറിച്ചുള്ള ധാരാളം സിനിമകള്‍ വന്നിട്ടുണ്ട്. ലൈംഗീക ന്യൂനക്ഷത്തിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ ഇത്തരം സിനിമകള്‍ സ്വാധീനിച്ചേക്കാം. മലയാള സിനിമകളില്‍ പാര്ശ്വവള്ക്കരിക്കപ്പെടുന്നവരെ പരിഹസിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന്, വ്യക്തിത്വമുള്ള കഥാപാത്ര സൃഷ്ടികള്‍ പിറവിയെടുക്കുന്നുണ്ട്. സിനിമകള്‍ നിരന്തരം social auditing- ചെയ്യപ്പെടുന്ന എന്ന ബോധ്യം സംവിധായകര്‍ക്ക് ഉള്ളത് കൊണ്ടാകാണിത്. മലയാള സിനിമാ പ്രേമികളുടെ ആസ്വാദനത്തില്‍ വന്ന ഈ മാറ്റം വളരെ പോസിറ്റിവായി കാണുന്നു.
കെ.എം കമലിന്റെ കൂടെ സ്ക്രിപ്റ്റ് ചെയ്യാന്‍ എനിക്ക് സാധിച്ചു. വിജയരാജ മല്ലിക 'ആണ്' എന്ന സിനിമക്ക് ഗാനം എഴുതി. രഞ്ജു രഞ്ജിമാരി കുട്ടിക്കൂറ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു. സിനിമാ മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അഭിനയം എന്നിവക്കു പുറമെ സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഞങ്ങളുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി പതിയെയെങ്കിലും സിനിമാമേഖലയില്‍ ഒരു ഇടം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് തഴയലുകളും വിവേചനങ്ങളും നേരിടേണ്ടി വരുന്നത്.
ഇപ്പോള്‍ ഞങ്ങളില്‍ പലരും അനുഭവിക്കുന്ന വിവേചനം തുല്യ വേതനം ഇല്ല എന്നുള്ളതാണ്. ഒരേ തൊഴിലിന് പുരുഷന് സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം കൊടുക്കുന്ന നാടാണ് നമ്മുടേത്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന വരുമാനമാണ് ഞങ്ങള്‍ക്കും ലഭിക്കുന്നത്. പക്ഷേ, സ്ത്രീക്കു സ്വന്തമായി വീട്, വീട്ടില്‍ ഭക്ഷണം, കുടുംബക്കാര് എന്നിവയൊക്കെയുണ്ട്. ഇതൊന്നുമില്ലാത്ത ട്രാന്‍സ് സമൂഹത്തിന് ആ തൊഴിലുമായി അതിജീവിക്കുക ബുദ്ധിമുട്ടാണ്. പലരും തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ ഒരു വിവേചനവും നമ്മുടെ സമൂഹത്തില്‍ നിന്ന് മാറണം.
മറ്റു പല മേഖലകളിലും ഞങ്ങള്‍ക്കു വ്യക്തിമുദ്ര പതിപ്പിക്കാന്‍ കാഴിയുന്നുണ്ട്. ദില്ലി കോര്പറേഷന് കൗണ്‍സിലറായി ട്രാന്‍സ് വുമന്‍ ജയിച്ചിരുന്നു. ഭരണ നേതത്വത്തില്‍ പോലും ഞങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. സമൂഹം ഞങ്ങളെ അംഗീകരിക്കുന്നതിന്റെ തെളിവാണിത്. കളിയാക്കപ്പെടലുകള് ഇപ്പോഴും ഉണ്ടെങ്കിലും ഞങ്ങളുടെ പോരാട്ടം തുടരുക തന്നെയാണ്. ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് ആട്ടിയോടിക്കപ്പെടുകയും, ആത്മഹത്യ ചെയ്യുകയും ചെയ്തയിടത്തില് നിന്ന് ഇത് വരെ മുന്നേറാന്‍ കഴിഞ്ഞു. ഇനിയും ആ മുന്നേറ്റം തുടരുക തന്നെ ചെയ്യും.