Interview
IFFK: ആദ്യ ഐ.എഫ്.എഫ്.കെ സമ്മാനിച്ചത് കള്‍ച്ചറല്‍ ഷോക്ക് - വിധു വിന്‍സെന്റ്
Interview

IFFK: ആദ്യ ഐ.എഫ്.എഫ്.കെ സമ്മാനിച്ചത് കള്‍ച്ചറല്‍ ഷോക്ക് - വിധു വിന്‍സെന്റ്

ഫായിസ ഫർസാന
|
14 Dec 2022 5:42 PM GMT

ഐ.എഫ്.എഫ്.കെ പോലുള്ള വേദികളില്‍ നിന്ന് കിട്ടിയ സൗഹൃദങ്ങളില്‍ നിന്നാണ് ഞാന്‍ പലതും പഠിക്കുന്നതും, പഠിച്ച പലതും തിരുത്തുന്നതും. ഞാന്‍ പഠിച്ച എന്റെ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു വരുന്നത് പോലെയാണ് എനിക്ക് ഐ.എഫ്.എഫ്.കെയില്‍ വരുന്നത്. ചലച്ചിത്രമേളകള്‍ സംവദിക്കുന്നത് എന്ത് എന്ന ചര്‍ച്ചയോട് പ്രതികരിക്കുന്നു. അഭിമുഖം: വിധു വിന്‍സെന്റ് / ഫായിസ സിദ്ധീഖ്

1996 ല്‍ ആരംഭിച്ച കേരള സംസ്ഥാന അന്തര്‍ദേശീയ ചലച്ചിത്ര മേള ഇന്ന് ഇരുപത്തിയേഴിന്റെ നിറവിലാണ്. സമകാലിക ലോകസിനിമ, നവ മലയാള സിനിമ, പ്രമുഖ ചലച്ചിത്രകാരന്‍മാരുടെ റെട്രോസ്പെക്റ്റീവുകള്‍, സമകാലിക ഇന്ത്യന്‍ സിനിമ, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ എന്നിവ ചലച്ചിത്ര മേളയുടെ നിറക്കൂട്ടുകളാണ്. ഇന്ന് ഈ ചലച്ചിത്രോത്സവം പൊതുജന പിന്തുണയാലും പങ്കാളിത്തത്താലും ശ്രദ്ധ നേടിയിരിക്കുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലും ജുവനൈല്‍ ഹോമിലും ശ്രീചിത്ര പുവര്‍ ഹോമിലും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സ്‌ക്രീനിംഗ് നടത്തുന്നു. ഇത് ഐ.എഫ്.എഫ്.കെയുടെ മാത്രം പ്രത്യേകതയാണ്.


ലോകത്ത് നാം കണ്ടതില്‍ അപ്പുറത്തേക്ക് വൈവിധ്യങ്ങളാര്‍ന്ന ഒരു പാട് സിനിമകള്‍ ഉണ്ടെന്ന് മനസ്സിലാകുന്നത് ഐ.എഫ്.എഫ്.കെ പോലുള്ള ചലച്ചിത്രോത്സവങ്ങളില്‍ നിന്നാണ്. വ്യത്യസ്തമായ ജോഗ്രാഫിയും സംസ്‌കാരവും ഭാഷയും മനുഷ്യരെയും ഒക്കെ കാണുന്നത് യഥാര്‍ഥത്തില്‍ മേളകളില്‍ പങ്കെടുത്ത് തുടങ്ങിയതിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം സത്യം പറഞ്ഞാല്‍ ഒരു കള്‍ച്ചുറല്‍ ഷോക്ക് ആണ് ഐ.എഫ്.എഫ്.കെ എന്നില്‍ ഉണ്ടാക്കിയത്. ഈ വേദിയില്‍ വന്ന ശേഷമാണ് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഇന്റര്‍കോഴ്‌സ് സീന്‍ വരെ ഞാന്‍ കാണുന്നത്. എന്തിനേറെ പറയുന്നു, ഒരു സ്ത്രീയും പുരുഷനും ആലിംഗനം ചെയ്യുന്നത് വരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ലാറ്റിന്‍ കത്തോലിക്ക് കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന എനിക്ക് ഇതെല്ലാം ഒരു കള്‍ച്ചറല്‍ ഷോക്ക് ആണ് സമ്മാനിച്ചത്. ഒരു ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയില്‍, അതിന് മുന്‍പ് ഒരു മനുഷ്യന്‍ എന്ന നിലയില്‍ വ്യത്യസ്തരായ മനുഷ്യരുടെ ഒരു ലോകം കൂടിയാണ് ഇത് എന്നും, നമ്മള്‍ യഥാര്‍ഥത്തില്‍ ഇങ്ങനെയൊന്നുമല്ല എന്നുമൊക്കെ ഞാന്‍ തിരിച്ചറിയുന്നത് ഐ.എഫ്.എഫ്.കെ പോലുള്ള വേദികളില്‍ വന്ന ശേഷമാണ്. ഇവിടുന്നുള്ള സൗഹൃദങ്ങളില്‍ നിന്നാണ് ഞാന്‍ പലതും പഠിക്കുന്നതും, പഠിച്ച പലതും തിരുത്തുന്നതും.


'I consider it as my university ' ഞാന്‍ പഠിച്ച എന്റെ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു വരുന്നത് പോലെയാണ് എനിക്ക് ഇവിടെ വരുന്നത്. ഒരു ഡെലിഗേറ്റ് ആയി ഐ.എഫ്.എഫ്.കെയില്‍ വന്ന ഞാന്‍ പിന്നീട് ഒരു മാധ്യമ റിപ്പോര്‍ട്ടര്‍ ആയിട്ടാണ് എത്തുന്നത്. പിന്നീട് ഇരുപത്തി ഒന്നാമത് ചലച്ചിത്ര മേളയില്‍ ഞാന്‍ എന്റെ മാന്‍ഹോള്‍ എന്ന ഒരു സിനിമയുമായിട്ടാണ് വരുന്നത്. ഇവിടെ നിന്ന് കിട്ടിയ പ്രചോദനം കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം - making of a film-അത് ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ കാണുന്ന പലരും നാളെ സിനിമ ചെയ്യുന്നവരായി മാറും എന്നതില്‍ സംശയമില്ല. സിനിമകളിലെ കണ്ടെന്റുകള്‍ക്കല്ല, അതിന്റെ ഫോമിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരു യുക്രൈന്‍ സിനിമ നമ്മളോട് എന്താണ് പറയാന്‍ പോവുന്നതെന്ന് നമുക്കറിയാം. പക്ഷെ, അത് എങ്ങനെ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യമുള്ളത്. 'form is a content ' എന്നാണ് ഞാന്‍ വിചാരിക്കുന്നത്.


വിവിധ ഭാഷകളില്‍ നിന്നുള്ള, രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അക്കാദമിയുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഈ വര്‍ഷത്തെ സിനിമകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഐ.എഫ്.എഫ്.കെയുടെ വേദി സിനിമകള്‍ക്കും ആസ്വാദനത്തിനും ഉപരിയായി പ്രതിഷേധങ്ങളുടെ ഒരു വേദി കൂടി ആയി മാറാറുണ്ട്. അതില്‍ സന്തോഷമുണ്ട്. പ്രതിഷേധിക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയും ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഒരുപാട് സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളും വിവിധ ചിന്താഗതിയുള്ളവരുമൊക്കെ ഈ വേദിയില്‍ വരുന്നു. അവരുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നു. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുന്നു എന്നുള്ളത് ഇവിടെ അതിന് ഒരു വലിയ സ്‌പേസ് ഉള്ളത് കൊണ്ട് തന്നെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീയേറ്ററുകളുടെ എണ്ണത്തിലായാലും സ്റ്റുഡന്റ്, ഡെലിഗേറ്റുകളെ അപ്പ്രൂവ് ചെയ്യുന്നതിലായാലും അക്കാദമി വലിയ മാറ്റങ്ങള്‍ തന്നെ വരുത്തിയിട്ടുണ്ട്.


സിനിമ ആസ്വാദനം എന്നതിലൊക്കെ അപ്പുറത്തേക്ക് ഈ സാംസ്‌കാരിക വേദി ഇന്ന് ഒരുപാട് ആളുകള്‍ക്ക് അവരുടെ നിത്യ ജീവിതത്തില്‍ നിന്ന് റിഫ്രഷ് ചെയ്യാനുള്ള ഒരു വേദി കൂടി ആയി മാറിയിരിക്കുകയാണ്. ഇവിടെ സിനിമകള്‍ക്കപ്പുറത്തേക്ക് എന്തെങ്കിലുമൊക്കെ ദിവസവും അവര്‍ക്ക് ആസ്വദിക്കാനും വിനോദത്തിനുമൊക്കെയായി സംഭവിക്കുന്നുണ്ട്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഉള്ള സൗഹൃദങ്ങളെ ദൃഢപ്പെടുത്താനും അവര്‍ക്ക് കഴിയുന്നുണ്ട്. അവര്‍ക്ക് പുതിയതായി എന്തെങ്കിലുമൊക്കെ ഇവിടുന്ന് എടുക്കാന്‍ ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെയാണ് ഇതരത്തിലൊരു ജനവ്യൂഹം ഇവിടെ എത്തുന്നത്. അവര്‍ ഇങ്ങോട്ടേയ്ക്ക് വരട്ടെ, അവര്‍ ഇവിടെ ജീവിക്കട്ടെ.





Similar Posts