Interview
ആദിവാസികളോടുള്ള വിദ്യഭ്യാസ വിവേചനം ചര്‍ച്ചയാകുന്നില്ല - മണിക്കുട്ടന്‍ പണിയന്‍
Interview

ആദിവാസികളോടുള്ള വിദ്യഭ്യാസ വിവേചനം ചര്‍ച്ചയാകുന്നില്ല - മണിക്കുട്ടന്‍ പണിയന്‍

റഹുമത്ത് എസ്
|
21 Jan 2023 6:27 AM GMT

പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരിയാണ് സി. മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പണിയന്‍. മാനന്തവാടിയില്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിത്വം നിരസിച്ചതോടെയാണ് മണിക്കുട്ടന്‍ പണിയന്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ചും പ്രതിസന്ധികളെകുറിച്ചും അവര്‍ നേരിടുന്ന അവഗണനകളെകുറിച്ചും സംസാരിക്കുന്നു. | അഭിമുഖം: മണിക്കുട്ടന്‍ പണിയന്‍ / റഹുമത്ത് എസ്

സിലബസ് ആദിവാസി സൗഹൃദമാകണം

ഒന്നാം ക്ലാസ്സുമുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ സിലബസ് ഒട്ടും തന്നെ ആദിവാസി സൗഹാര്‍ദം അല്ല. ഞങ്ങളുടെ കുട്ടികളെയും കൂടെചേര്‍ക്കുന്ന രീതിയിലുള്ള പാഠ്യ പദ്ധതികള്‍ വന്നെങ്കില്‍ മാത്രമേ അവര്‍ക്ക് പഠിക്കാനുള്ള ഒരു തോന്നല്‍ ഉണ്ടാകൂ. ബൗദ്ധികമായിട്ടുള്ള സാഹചര്യങ്ങളില്‍ നിന്നും പടപൊരുതി എങ്ങനെയെങ്കിലുമാണ് അവര്‍ എസ്.എസ്.എല്‍.സി വരെ എത്തുന്നത്.

2,500 ഓളം വിദ്യാര്‍ഥികള്‍ പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാകുന്നുണ്ടെങ്കിലും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 750 സീറ്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്. വയനാട്ടില്‍ മാത്രമുള്ള പ്രത്യേകതയാണ് ഇത്. ആദിവാസികള്‍ കുറവുള്ള മറ്റു ജില്ലകളില്‍ ഒരുപാട് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പോരായ്മയാണിത്. ജില്ലാ അടിസ്ഥാനത്തിലും ജനസംഖ്യ അടിസ്ഥാനത്തിലും സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് 2014 മുതല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, അതിന് ഇതുവരെയും ഒരു ഇടപെടല്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. 750 സീറ്റില്‍ ഇരുനൂറ്റി അമ്പത് സീറ്റുകള്‍ സയന്‍സ് ഗ്രൂപ്പിനാണ്. അക്കാദമിക് തലത്തില്‍ കുട്ടികള്‍ക്ക് അറിവ് കുറവായിരിക്കും. അതുകൊണ്ടുതന്നെ കൂടുതലായും ഹ്യൂമാനിറ്റീസ്, കോമേഴ്സ് പോലുള്ള വിഷയങ്ങളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അതിനാല്‍, സയന്‍സ് ഗ്രൂപ്പിലെ സീറ്റുകള്‍ മുഴുവന്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അതിന് പകരം അവരുടെ ഇഷ്ട വിഷയങ്ങളില്‍ അധിക സീറ്റ് വര്‍ധിപ്പിക്കണമെന്ന് അധികാരികളോട് ഏറെ നാളായി ഞങ്ങള്‍ ആവിശ്യപ്പെടുന്നുണ്ട്. പക്ഷെ, അതിന് നാളിതുവരെയും ഒരു തുടര്‍ നടപടിയും ആരുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കുട്ടികള്‍ വിദ്യാഭ്യാസം നിര്‍ത്തുന്നതിനുള്ള ഒരു കാരണം ഇത് തന്നെയാണ്. ഈ വിഷയം വേണ്ടരീതിയില്‍ ചര്‍ച്ചയാകുന്നില്ല.


അതുപോലെതന്നെയാണ് സ്‌പെഷ്യല്‍ ബാച്ച് അനുവദിക്കുന്നതിലെ കാര്യവും. 2014 മുതല്‍ 2022 വരെ സ്‌പോട്ട് അഡ്മിഷന്‍ വഴി (പ്രവേശനം ലഭിക്കാത്ത കുട്ടികളെ സര്‍ക്കാര്‍ മൂന്ന് മാസത്തിന് ശേഷം തിരുകി കയറ്റുന്നതിന്) പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങള്‍ ആര്‍.ടി.ഐ (റൈറ്റ് ടു ഇന്‍ഫൊര്‍മേഷന്‍) നിയമം അനുസരിച്ച് എടുത്ത് നോക്കികഴിഞ്ഞാല്‍ തൊണ്ണൂറ്റി അഞ്ചു ശതമാനം വിദ്യാര്‍ഥികളും സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നേടിയിട്ടും പാതി വഴിയില്‍ പഠനം നിര്‍ത്തിയവരാണ്. പിന്നീട് ഈ കുട്ടികള്‍ കാപ്പി തോട്ടങ്ങളിലേക്കും അങ്ങനെയുള്ള മറ്റു തൊഴിലുകളിലേക്കും ഒതുങ്ങി കൂടുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം

ഹയര്‍ സെക്കന്ററി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി അപേക്ഷ കൊടുക്കുന്നതൊക്കെ വലിയൊരു കടമ്പ തന്നെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ഏകദേശം 750 രൂപയോളമാണ് ചെലവ് വരുന്നത്. എന്നാല്‍, ഒരുനേരം ഭക്ഷണം കഴിക്കാന്‍ പോലുമുള്ള വക കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ഇത്രയും പൈസ മുടക്കാന്‍ കഴിയുക.

ഇനി പ്ലസ്ടു കഴിഞ്ഞ കുട്ടികള്‍ക്കാണെങ്കിലോ മതിയായ കോളജുകളോ, അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകളോ സീറ്റുകളോ വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇല്ല. അപ്പോഴാണ് ഇവര്‍ കാലിക്കറ്റിലേക്കും, എറണാകുളത്തേക്കും ഒക്കെ വണ്ടി കയറേണ്ടി വരുന്നത്. അവിടെയൊക്കെ കുട്ടികള്‍ ജാതീയമായിട്ടും വംശീയമായിട്ടും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഇനി പ്രവേശനം നേടിയെന്നിരിക്കട്ടെ, പല കോളജുകളിലും ഹോസ്റ്റല്‍ സൗകര്യം ഇല്ല. ഗവണ്‍മെന്റ് അവര്‍ക്ക് വേണ്ടി 3,500 രൂപ മാത്രമാണ് ഭക്ഷണത്തിനും താമസത്തിനുമായി നല്‍കുന്നത്. വയനാട്ടില്‍ പോലും ഒരു കുട്ടിക്ക് 3,500 രൂപക്ക് ഭക്ഷണവംു താമസവും കിട്ടില്ല. പിന്നെങ്ങനെയാണ് എറണാകുളത്തും, തിരുവനന്തപുരത്തും ഒക്കെ പോയി പഠിക്കുന്നത്. ഏറ്റവും കുറഞ്ഞത് 6,000 രൂപയാണ് പ്രൈവറ്റ് അക്കമഡേഷന് ഒരു കുട്ടിക്ക് വേണ്ടി ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഓരോ മാസവും കൊടുക്കേണ്ട ഇ-ഗ്രാന്റ് ഒരു വര്‍ഷം കഴിഞ്ഞാണ് ഗവണ്മെന്റ് കൊടുത്തത്.


ഇവിടുത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഒരു പോരായ്മയാണ് എനിക്ക് മുന്‍പ് ഇവിടെയൊരു എം.ബി.എക്കാരന്‍ ഉണ്ടായില്ല എന്നത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടാണ് ഇവിടുത്തെ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന വണ്ടി എന്ന് പറയുന്നത് വിദ്യാഭ്യാസം മാത്രമാണ്. അല്ലാതെ അരി തന്നിട്ടോ മണ്ണെണ്ണ തന്നിട്ടോ, പയറോ പഞ്ചസാരയോ തന്നിട്ടോ ഞങ്ങളെ നന്നാക്കുക എന്നല്ല. മറിച്ച്, എങ്ങനെയാണ് നന്നാവേണ്ടത് എന്നും കൂടെ പറഞ്ഞു തരണം. വേണ്ടത്, ഞങ്ങളുടെ അവകാശങ്ങള്‍ കൃത്യമായിട്ട് എത്തിക്കുക എന്നതാണ്, അതിവിടെ ചെയ്യുന്നില്ല.

പ്രയത്‌നംകൊണ്ട് നേടിയ വിദ്യാഭ്യാസം

അഞ്ചാം ക്ലാസ്സ് വരെ പഠിക്കാന്‍ നല്ല മടിയായിരുന്നു. എന്റെ ക്ലാസ് ടീച്ചറായി വന്നത് അപ്പുക്കുട്ടന്‍ സാറാണ്. സാറിന്റെ ഒരു സ്‌നേഹവും കരുതലും ഒക്കെയാണ് എന്റെ മുന്‍പോട്ടുള്ള പഠനത്തിന് സഹായകമായത്. ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടിയെങ്കിലും വിദ്യാഭ്യാസ രംഗത്തേക്ക് മുന്‍പോട്ട് വരുന്നുണ്ടെങ്കില്‍ അധ്യാപകരുടെ സ്‌നേഹവും കരുതലും അതില്‍ ഒരു മുഖ്യഘടകം തന്നെയാണ്. അതില്ലാതെ ഒരു കുട്ടി പോലും പിന്നീട് ക്ലാസ്സിലേക്ക് വരാനോ പഠിക്കാനോ തയ്യാറാവുകയില്ല. പിന്നീട് നേരിട്ട മറ്റൊരു പ്രശ്‌നം ഭാഷ ആയിരുന്നു. ഊരുകളില്‍ ഞങ്ങളുടെ ഭാഷ സംസാരിച്ചിട്ട് പിന്നീട് സ്‌കൂളില്‍ ചെല്ലുമ്പോള്‍ മലയാളം സംസാരിക്കുന്നത് വലിയൊരു പ്രശ്‌നം ആയിരുന്നു. ഉദാഹരണം പറഞ്ഞാല്‍ ''ചെണ്ട '' എന്നുള്ള വാക്ക് ഞങ്ങളുടെ ഭാഷയില്‍ ''ചെണ്ടെ''എന്നാണ് പറയുന്നത്. ഇത് കേള്‍ക്കുന്ന മറ്റു കുട്ടികള്‍ നമ്മളെ കളിയാക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കളിയാക്കുന്നത് പഠനം നിര്‍ത്തുന്നതിന് ഒരു വലിയ കാരണം തന്നെ ആയിരുന്നു. അത്രയ്ക്കും നിഷ്‌കളങ്കരായ കുട്ടികളാണ് ഞങ്ങളുടെ.


വീട്ടിലാണെങ്കില്‍ മദ്യപാനവും അത് സംബന്ധിച്ച വിഷയങ്ങളും കാരണം രാത്രിയില്‍ ഇരുന്ന് പഠിക്കാന്‍ ഒന്നും പറ്റില്ല. ഞാന്‍ പിന്നെ വെളുപ്പിനെ എഴുനേറ്റ് മൂന്ന് മണിമുതല്‍ ആറു വരെയുള്ള സമയത്തായിരുന്നു പഠിച്ചിരുന്നത്. ഞാന്‍ പഠിച്ചിരുന്ന സമയത്ത് വൈദ്യുതി പോലും ഇല്ലാത്ത സമയം ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ഇവിടെയുള്ള എല്ലാ കുട്ടികളോടും ഈ ഒരു സമയത്ത് പഠിക്കാനാണ് പറയുന്നത്. ഊരിലെ മദ്യപാനം കാരണം രാത്രി സമയങ്ങളില്‍ അവര്‍ക്ക് പഠിക്കാന്‍ കഴിയില്ല. ഇപ്പോള്‍ അന്നത്തെ പോലെയല്ല, എല്ലാ ഊരുകളിലും വൈദ്യുതി ഉണ്ട്.

ഡിഗ്രി കഴിഞ്ഞ് ബി.എഡ് എടുക്കാന്‍ ആയിരുന്നു എനിക്ക് താല്‍പര്യം. പക്ഷെ, ഞാന്‍ അന്വേഷിച്ചപ്പോള്‍ ആദിവാസി മേഖലയില്‍ നിന്ന് കുറച്ചുപേര്‍ ഈ മേഖലയില്‍ വന്നിട്ടുണ്ട്. അതുകൊണ്ടാണ് വ്യത്യസ്തമായിട്ട് ആലോചിച്ചു. അങ്ങിനെയാണ് ഞാന്‍ എം.ബി.എക്ക് വേണ്ടിയുള്ള എന്‍ട്രന്‍സ് എക്‌സാം എഴുതുന്നതും അഡ്മിഷന്‍ കിട്ടുന്നതും.

വീട്ടില്‍ ഞാന്‍ കൂടാതെ ചേച്ചിമാരാണ് എനിക്കുള്ളത്. അവര്‍ എട്ടാം ക്ലാസ് വരെ മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂ. ഡിഗ്രി വരെ എങ്ങനെയെങ്കിലും ഒക്കെ തട്ടിയും മുട്ടിയും ഒക്കെ പഠിച്ച് കയറിപ്പോകാന്‍ പറ്റുമായിരുന്നു. അച്ഛന്‍ നല്ല മദ്യപാനി ആയിരുന്നു. അമ്മയും ചേച്ചിമാരും അടയ്ക്ക ഉണക്കി കടകളില്‍ കൊണ്ട് പോയി കൊടുക്കും. അങ്ങിനെ കിട്ടുന്ന കാശുകൊണ്ടൊക്കെയാണ് ഞാന്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഡിഗ്രിക്ക് പഠിച്ചത് അടുത്തുതന്നെ ആയത് കൊണ്ട് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷം എം.ബി.എക്ക് ചേര്‍ന്നപ്പോഴാണ് ശരിക്കും ബുദ്ധിമുട്ട് അനുഭവിച്ചത്. ഗവണ്‍മെന്റ് സഹായം ഉണ്ടായെങ്കില്‍ പോലും അതിന്റെ ഇരട്ടി പൈസ എന്റെ കൈയില്‍ നിന്നും ചെലവായിട്ടുണ്ട്.

വയനാട്ടില്‍ നിന്നാണ് വന്നത് എന്ന് പറയുമ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ നിന്ന് നല്ല രീതിയില്‍ കളിയാക്കല്‍ ഉണ്ടാകുമായിരുന്നു. പ്രസന്റേഷന്റെ സമയത്തൊക്കെ തന്നെ ഇംഗ്ലീഷ് ഭാഷ ഒരു പ്രശ്‌നം ആയിരുന്നു. ആറു മാസം കൊണ്ടൊക്കെ അത് ഞാന്‍ ശരിയാക്കി. ഡിഗ്രി ഞാന്‍ ബി.എ എക്കണോമിക്‌സ് ആയിരുന്നു. എം.ബി.എ ഡ്യുവല്‍ സ്പഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ആയിരുന്നു.

ദലിത്, ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍

ദലിത്, ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നേരെ നിരന്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ പുറത്തു വരുന്നത് ഇപ്പോഴാണെന്ന് മാത്രം. ഇപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞു. അതില്‍ സമൂഹത്തില്‍ താഴെ തട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ വന്നിട്ടുണ്ടോ എന്നും എന്താണ് വരാത്തത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആരെങ്കിലും നോക്കിയോ? കഴിവില്ലാത്തത് കൊണ്ടല്ല, മറിച്ച് ദലിതരും ആദിവാസികളും ആയത് കൊണ്ടുള്ള മാറ്റി നിര്‍ത്തലാണ്. ഇപ്പോള്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂല്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ഞങ്ങളെ സംബന്ധിച്ച പുതുമയുള്ള കാര്യമല്ല. ഞങ്ങള്‍ നിരന്തരം ഇതിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്നവരാണ്. ഇപ്പോള്‍ അടുത്തിടെ മാധ്യമങ്ങള്‍ക്കൊക്കെ ദലിതരോട് വല്ലാത്ത സ്‌നേഹക്കൂടുതല്‍ ഉള്ള കാഴ്ചയാണ് കാണുന്നത്. ബി.ജെ.പി ഗവണ്മെന്റ് കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നത് കൊണ്ടുമാത്രമാണ് ഞങ്ങളുടെ കാര്യത്തില്‍ ഇത്രയും താല്‍പര്യം കാണിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാത്ത പക്ഷം മൃദുലദേവിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ മാത്രമാണ് നിരന്തരം ഞങ്ങളുടെ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നത്.

ദലിത്-ആദിവാസി വിഷയങ്ങള്‍ സമാനമല്ല, പോളിസികളില്‍ പൊളിച്ചെഴുത്ത് വേണം

ദലിത് വിഷയം പോലെ അല്ല ആദിവാസികളുടെ വിഷയം. ഇപ്പോഴും മുപ്പത് വര്‍ഷം പിന്നില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നവരാണ് ആദിവാസികള്‍. പോളിസികളില്‍ പൊളിച്ചെഴുത്തില്ലാതെ ഈ സമൂഹം മുന്നില്ലേക്ക് വരില്ല. ആദിവാസികള്‍ക്കിടയില്‍ രണ്ട് ശതമാനം റിസര്‍വേഷന്‍ ഉണ്ട് എന്ന് പറയുമ്പോള്‍, ആദിവാസികള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന വിഭാഗത്തിന് മാത്രമാണ് അത് ലഭിക്കുന്നത്. അല്ലാത്തപക്ഷം അടിയനും, പണിയനും, ചോലനായ്ക്കരും ഒന്നും എവിടെയും എത്താന്‍ പോകുന്നില്ല. സ്പൂണ്‍ ഫീഡിങ് ഞങ്ങള്‍ക്ക് ആവശ്യമില്ല. കുടുംബത്തിലെ ഒരാള്‍ക്ക് എങ്കിലും ഗവണ്മെന്റ് ജോലി കൊടുക്കട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ജോലി കൊടുത്ത് അവരെ സ്വയം പര്യാപ്തരാക്കണം. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടുതന്നെ, അവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതില്‍ പരിമിതകള്‍ ഉണ്ടാകാം. ആ പരിമിതികള്‍ ഉണ്ടായിരിക്കെ തന്നെ അവര്‍ക്ക് പല കഴിവികളും ഉണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ട് അവരെ പ്രോത്സാഹിപ്പിച്ച് മുന്‍നിരയിലേക്ക് അവരെ എത്തിക്കണം. മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ പണിയ വിഭാഗത്തിലെ സ്ത്രീകള്‍ നല്ല ആരോഗ്യവതികളാണ്. സര്‍ക്കാര്‍, റേഷന്‍ വഴി ഞങ്ങള്‍ക്ക് തരുന്ന കുറുവ അരിയും, കടലയും ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഇഷ്ടം അല്ല. നിര്‍ബന്ധിച്ച് കഴിക്കേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്ക്. പഞ്ചായത്ത് അധികാരികളോട് കുറുവ അരിക്ക് പകരം റേഷന്‍ അരി തരുന്ന കാര്യം പറഞ്ഞിട്ട് പോലും അവര്‍ അത് നിവര്‍ത്തിച്ച് തരുന്നില്ല.

കുടിയേറ്റം സൃഷ്ടിച്ച കുടിയിറക്കുകള്‍

കൊട്ടും പാട്ടുമായി നടന്നിരുന്നവര്‍ ഇന്ന് മദ്യപാനത്തിന് അടിമകളാകുന്നുണ്ടെങ്കില്‍ അമിതമായുള്ള പൊതുസമൂഹത്തിന്റെ കയ്കടത്തല്‍ ഉണ്ടായത് കൊണ്ടാണ്. വയനാട് എന്നത് നൂറു ശതമാനവും ആദിവാസി ജില്ല ആയിരുന്നു. അതിനിടയിലേക്കാണ് പഴശ്ശിയും ടിപ്പുവും വരുന്നത്. അവരെ മാത്രമെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുള്ളു. അവര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നത് കൊണ്ട് അവര്‍ ചരിത്രത്തില്‍ ഇടം നേടി. വയനാടിന്റെ ചരിത്രത്തില്‍ ആദിവാസികളെ അടയാളപ്പെടുത്താത്ത ഒരു പുസ്തകത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നില്ല. വേലി കൊണ്ടുപോലും ഭാഗം വെയ്ക്കാതിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കുടിയേറ്റം വരുന്നത്. കുടിയേറ്റം വന്നതിന് ശേഷം ഞങ്ങളെ ഒതുക്കപ്പെടുകയാണ് ഉണ്ടായത്. ഞങ്ങളുടെ ഭൂമിയില്‍ ഞങ്ങള്‍ക്ക് ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. അതിലാണ് ആളുകള്‍ ഭൂമി വേലികെട്ടിത്തിരിക്കാന്‍ തുടങ്ങിയത്. അതോടെ നിഷ്‌കളങ്കരായ ഒരുപാട് ആദിവാസികള്‍ അവിടുന്ന് താമസം മാറി പോയി. ഇപ്പോള്‍ അങ്ങനെ പോകാന്‍ അവര്‍ക്ക് ഇടം ഇല്ലാതായി. വളരെ ഐക്യത്തോടും സന്തോഷത്തോടും ജീവിച്ചു പോയിക്കൊണ്ടിരുന്നവരാണ് ആദിവാസികള്‍. മദ്യം കൊടുത്താണ് അവരെ സ്വാധീനിക്കുകയും വശീകരിക്കുകയും ചെയ്തത്. ആദിവാസികളുടെ ലഹരി എന്നത് ലൈംഗീകതയും അത് പോലെ കൊട്ടും പാട്ടുമൊക്കെയാണ്. അതല്ലാതെ അതിനപ്പുറത്തൊരു ലഹരി അവര്‍ക്കില്ല. പ്രകൃതിക്ക് ഒരു ദോഷവും വരുത്താതെ, പ്രകൃതിയെ അത്രയും അകമറിഞ്ഞ് സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന സമൂഹമാണ് ആദിവാസികള്‍.


ഊരില്‍ നടക്കുന്ന പല പ്രശ്‌നങ്ങളെയും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന് എഴുതാറുണ്ട്. അതിന് പല രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും എനിക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളില്‍ പണിയന്‍ എന്നുള്ള പേര് ഞാന്‍ ചേര്‍ത്തത് ഏറെ അഭിമാനത്തോടെതന്നെയാണ്.



Similar Posts