നല്ല മാധ്യമങ്ങള്‍ ഭരണകൂട വിരോധം ആദര്‍ശമായി സ്വീകരിച്ചവരല്ല - യാസീന്‍ അശ്റഫ്
|ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച ജനാധിപത്യത്തെ ബാധിക്കും എന്നതുപോലെ, ജനാധിപത്യത്തിന്റെ തകര്‍ച്ച മാധ്യമ സ്വാതന്ത്ര്യത്തെയും ബാധിക്കും. ജനാധിപത്യത്തിന്റെ നിലവാരത്തകര്ച്ചകൂടിയാണ് ഇവിടെ മാധ്യമ സ്വാതന്ത്യത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് നിരീക്ഷിക്കുകയാണ് മാധ്യമ നിരൂപകനും എഴുത്തുകാരനുമായ ഡോ. യാസീന്‍ അശ്റഫ്. മലയാളത്തിലെ ശ്രദ്ധേയമായ മാധ്യമ വിശകലന പംക്തിയാണ് ഡോ. യാസീന്‍ അശ്റഫ് അവതരിപ്പിക്കുന്ന മീഡിയാസ്കാന്‍. മീഡിയവണില്‍ അവതരിപ്പിക്കുന്ന മീഡിയാസ്കാന്‍ അഞ്ഞൂറ് എപ്പിസോഡ് പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ മീഡിയവണ്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ യാസീന്‍ അശ്റഫ്, മാധ്യമ പ്രവര്‍ത്തക സോഫിയ ബിന്ദ് മായി സംസാരിക്കുന്നു.
മാധ്യമം വാരികയിലൂടെയാണ് മീഡിയാസ്കാന്‍ എന്ന പംക്തി പുറത്തുവരുന്നത്. 1260 ല്‍പ്പരം ലക്കം പിന്നിട്ടു. പിന്നീട് താങ്കള്‍ ദൃശ്യമേഖലയിലേക്കും പ്രവേശിച്ചു. മീഡിയവണില്‍ ഇപ്പോള്‍ 500 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ ഇങ്ങനെ ഒരെഴുത്ത്, ഇതിന്റെ ആശയമൊക്കെ രൂപപ്പെട്ടതെങ്ങിനെയെന്ന് വിശദീകരിക്കാമോ?
മാധ്യമം പത്രം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടാണ് മാധ്യമം ആഴ്ചപതിപ്പ് വരുന്നത്. ഞാന്‍ പത്രവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ അനുഭവത്തില്‍ മനസ്സിലായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍, വായനക്കാര്‍ക്ക് ഒരുപാട് അഭിപ്രായങ്ങളുണ്ട്. അവര്‍ക്കും പറയാനുണ്ട്. ഒരു മാധ്യമത്തിനും അതു മുഴുവനും കേള്‍ക്കാനോ പ്രസിദ്ധീകരിക്കാനോ സാധിക്കില്ല. അതേ സമയം നിലനിന്നിരുന്ന ഒരു രീതി, മാധ്യമങ്ങള്‍ ഉല്പാദകരാണ്. മറ്റുള്ളവര്വാങ്ങുന്നവരാണ്. ഉപഭോക്താക്കളും ഉല്പാദകരും എന്ന വ്യത്യാസമുണ്ട്. ഉല്പാദകരുണ്ടാക്കുന്നത് ഉപഭോക്താക്കള്‍ വാങ്ങിക്കൊള്ളുക എന്നരീതിയാണ്. കുറച്ചുകാലം എനിക്ക് പത്രത്തിന്റെ എഡിറ്റ് പേജ് ചുമതലയുണ്ടായിരുന്നു. അന്ന് വായനക്കാരുടെ കത്തുകള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ നോക്കിയിരുന്നു. കഴിയുന്നത്ര ആള്‍ക്കാരെ ഉള്‍പ്പെടുത്താന്‍ വേണ്ടി ചുരുക്കെഴുത്ത് എന്ന ഒരേര്പ്പാടൊക്കെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ വായനക്കാരുടെ ഭാഗത്ത് നിന്ന് ഒരു നോട്ടം ഉണ്ടായിരുന്നു. അപ്പോള്‍തോന്നി മാധ്യമങ്ങള്‍ ബാക്കി എല്ലാവരെയും കാണുന്നപോലെ മാധ്യമങ്ങളെ നിരൂപണം ചെയ്യുന്ന ഒരു രീതി വേണ്ടതില്ലേ എന്ന്. അതിനിടയിലാണ് ബി.ആര്.പിയും എഴുത്തുകാരന് സക്കറിയയും ചേര്‍ന്ന് ഏഷ്യാനെറ്റില്‍ പത്രവിശേഷം എന്ന ഒരു പരിപാടി നടത്തിയിരുന്നത്. വാര്‍ത്തകളെ വിശകലനം ചെയ്യുന്ന അവലോകന പരിപാടി, അത് കാണാറുണ്ടായിരുന്നു. മാധ്യമ നിരൂപണം എന്ന രീതിയിലേക്ക് എത്തിയില്ലെങ്കിലും അതില്‍കുറേ സൂചനകളുണ്ടായിരുന്നു. പ്രത്യേകിച്ച് ബി.ആര്.പിയുടെ അനുഭവങ്ങളൊക്കെ അതില്‍ വരുമായിരുന്നു. അതെല്ലാം എനിക്ക് താല്പര്യമുണ്ടായിരുന്നു. അന്ന് മാധ്യമം വാരികയില്‍ ഫായിസ് ബാബു എന്ന സബ് എഡിറ്ററുണ്ടായിരുന്നു. നമുക്കൊരു കോളം തുടങ്ങാമെന്ന് നിര്‍ദേശം വന്നു. എനിക്കും താല്പര്യമായി. തുടക്കത്തില്‍ ഒരു പേജേ ഉണ്ടായിരുന്നുള്ളൂ. ബൈ ലൈനില്ലാതെയായിരുന്നു ഞാന്‍ കൊടുത്തത്. പക്ഷേ അവര്‍ പേര് വയ്ക്കാന്‍ നിര്‍ബന്ധിച്ചു. എന്നാലേ അതിനൊരു ആധികാരികതയുണ്ടാകൂ എന്നും പറഞ്ഞു. അങ്ങനെയാണ് തുടക്കം.
മീഡിയാസ്കാന്‍ എന്ന പേര് എന്റെതല്ല, മുന്‍പേ ഉണ്ടായിരുന്നതാണ്. വേറൊരു പ്രസിദ്ധീകരണത്തിനുണ്ടായിരുന്നു. അധികം സര്‍ക്കുലേഷന്‍ ഇല്ലാതിരുന്ന അത് പെട്ടെന്ന് നിന്നുപോകുകയും ചെയ്തു. പിന്നീട് സി. രാധാകൃഷ്ണന് മാധ്യമം വാരികയുടെ എഡിറ്ററായി വന്നപ്പോള്‍ മീഡിയസ്കാന്‍ രണ്ടുപേജ് വേണമെന്നാവശ്യപ്പെട്ടു. അങ്ങനെ അത് മുന്നോട്ടുപോയി. വാരികയുടെ തുടക്കത്തില്ല്തന്നെ മീഡിയാസ്കാനുണ്ട്.
ഇതിനുമപ്പുറം നോംചോസ്കിയുടെയൊക്കെ മാധ്യമ നിരൂപണമൊക്കെ മാതൃകയായിരുന്നോ?
ആ സമയത്തൊന്നും അങ്ങിനെ ആലോചിച്ചിരുന്നില്ല. ഹെര്‍മനും ചോംസ്കിയും എഴുതിയ മാനുഫാക്ചറിങ് കണ്‍സന്റ്, എഡ്വേവേര്‍ഡ് സയിദിന്റെ ഓറിയന്റലിസം തുടങ്ങി കുറെ പുസ്തകങ്ങള്‍ ഈ രംഗത്തുണ്ട്. അതിലെല്ലാം നമുക്ക് ഉപയോഗിക്കാവുന്ന മീഡിയ സിദ്ധാന്തങ്ങളാണുള്ളത്. അമേരിക്കയില്‍ പരസ്യങ്ങളെങ്ങനെയാണ് മാധ്യമങ്ങളെ സ്വാധീനിക്കുന്നത് എന്നുപറയുന്ന പുസ്തങ്ങളൊക്കെ ധാരാളമുണ്ടായിരുന്നു. അതൊക്കെ അന്ന് വായിച്ചിരുന്നു. അതെല്ലാം എങ്ങനെ മാധ്യമരംഗത്തെ, പ്രത്യേകിച്ചും മലയാള മാധ്യമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമായിരുന്നു ശ്രദ്ധിച്ചിരുന്നത്. അത് സൈദ്ധാന്തികവല്കരിക്കുക എന്നതിലേക്ക് അന്ന് പോയിട്ടില്ല. മലയാളത്തില്‍ മാധ്യമ രംഗത്തെ തിയറൈസ് ചെയ്യേണ്ടതുണ്ട്. എന്നാലേ ആഴത്തില്‍ വിശകലനം ചെയ്യുന്ന കുറച്ച് ടൂള്‍സ് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. വായിക്കുക, അതിനെക്കുറിച്ച് അഭിപ്രായം പറയുക എന്നതിന് തീവ്രത കുറയും. കഴിയുന്നത്ര ഞാന്‍ ആ രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിനായിട്ട് നിര്‍ദിഷ്ടമായ മാതൃകകളില്ല. അന്തരിച്ചുപോയ വിളനിലം സാറൊക്കെ പുസത്കമെഴുതിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പുസ്തകമെഴുതിയിട്ടില്ല. അങ്ങനെ ഒരു ഒഴിവ് ശരിക്കും ഉണ്ട്.
ഇതിലേക്കുള്ള ഉള്ളടക്കം, വിഷയമൊക്കെ എങ്ങനെ കണ്ടെത്തുന്നു എന്ന് വിശദീകരിക്കാമോ? ഒരുപാട് കാര്യങ്ങളാണ് ദിവസവും സംഭവിക്കുന്നത്. അതില്‍നിന്നും എങ്ങനെയാമൊരു തെരഞ്ഞെടുപ്പ് നടത്തുന്നത്?
കഴിഞ്ഞുപോയ ദിവസങ്ങളില്‍, ആഴ്ചകളില്‍ വളരെ പ്രമാദമായ സംഭവങ്ങളെക്കുറിച്ച് വാര്‍ത്ത ചെയ്യുക എന്നരീതിയാണ് പത്രങ്ങള്‍ ചെയ്യുന്നത്. വലിയ കോളിളക്കമൊക്കെ ഉണ്ടാക്കിയ സംഭവങ്ങള്‍ പത്രങ്ങളെങ്ങനെയൊണ് കൈകാര്യം ചെയ്തത്. പറയേണ്ടതൊക്കെ പറഞ്ഞോ, അല്ലെങ്കില്‍ പറയാതെ മറച്ചുവച്ചോ, അല്ലെങ്കില്‍ വളച്ചൊടിച്ചോ, അങ്ങനെ പത്രങ്ങളെ താരതമ്യം ചെയ്തുനോക്കിയിട്ടുണ്ട്. കൂടാതെ പത്രങ്ങളുടെ താല്പര്യം ഇതിനെ സ്വാധീനിച്ചോ എന്നൊക്കെ നോക്കിയിരുന്നു. മറ്റൊന്ന് ഓരോ മാധ്യമങ്ങള്‍ക്ക് മാത്രമായിട്ടുണ്ടാകുന്ന താല്പര്യങ്ങള്, അവരുടെ മാത്രമായുള്ള പ്രത്യേകതകള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ വിമര്‍ശനങ്ങളാണ് ഉയര്‍ത്താറുള്ളത്. ചില കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ശ്രദ്ധ കാരണം സമൂഹത്തിന് ഗുണം കിട്ടിയിട്ടുമുണ്ട്. പ്രത്യേകിച്ച് പരിസ്ഥിതി രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യ എപ്പോഴും വിപണിയുടെ താല്പര്യമാണ് നോക്കാറുള്ളതെങ്കിലും, അവിടെ നല്ല ജേണലിസ്റ്റുകളുണ്ടായിരുന്നു. അതുപോലെ ഇന്ത്യന്‍ എക്സ്പ്രസിലും. ഇവര്‍ ചെയ്ത സംഭവങ്ങള്‍ വടക്കേ ഇന്ത്യയില്‍ പരിസ്ഥിതി സംബന്ധമായ ഒരു പാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ എങ്ങനെയാക്കെയാണ് സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നത്, ദോഷം ചെയ്യുന്നത് എന്നൊക്കെയുളള റിപ്പോര്‍ട്ടുകള്‍ നോക്കിയാണ് വിശകലനം ചെയ്യുന്നത്.
ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷമെടുക്കാം. ആ കാര്യത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അവയുടേതായ താല്പര്യങ്ങളുണ്ട്. സയണിസ്റ്റ് ചായ്വുള്ളവരാണ് മിക്ക ഏജന്‍സികളുടെയും തലപ്പത്തുള്ളത്. അതിന്റെ കണക്കുകളുണ്ട്. ആ കാഴ്ചപ്പാടിലേ വാര്‍ത്തകള്‍ വരികയുള്ളൂ, മറുവശം വരില്ല. ഫലസ്തീന്കാര്ക്കാണെങ്കില് ചാനലുകളില്ല, പത്രങ്ങളില്ല, ഏജന്‍സികളില്ല. അവര്‍ക്കാകെ കുറച്ച് സാമൂഹ്യ മാധ്യമങ്ങളുടെ സാന്നിധ്യമേയുള്ളൂ. അത് മീഡിയ സ്കാനിന് കുറച്ചൊക്കെ വിഷയമാക്കേണ്ടിവന്നു.
വിദേശ വാര്‍ത്തകളുടെ വിശകലനം നടത്തുമ്പോള്‍ ഇതു സാധ്യമാണോ? അതിന്റെ ഉള്ളടക്കം തെരഞ്ഞെടുക്കുന്നതും താരതമ്യപ്പെടുത്തലും നിരൂപണരൂപത്തിലേക്ക് എങ്ങനെയെത്തിക്കും?
ഒരു കാലത്ത് മലയാളപത്രങ്ങളില്‍ വിദേശ വാര്‍ത്തകള്‍ കുറവായിരുന്നു. അതുതന്നെയായിരുന്നു ഒരു വിഷയം. നമ്മുടെ വാര്‍ത്തകള്‍ വല്ലാതെ പ്രാദേശികമാകുന്നു. ലോകത്ത് എന്ത് നടക്കുന്നു എന്നറിയുന്നില്ല. ഇത് മലയാളത്തിന്റെ മാത്രം വിഷയമല്ലതാനും. ആഗോള കാഴ്ചപ്പാട് ഇല്ലാതിരിക്കുക എന്നത് മിക്കവാറും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഏറ്റവും രൂക്ഷമായിട്ടുളളത് അമേരിക്കയില്‍ തന്നെയാണ്. അതിനെക്കുറിച്ച് പറയാറുള്ളത് ഇങ്ങനെയാണ്; നമുക്കിവിടെയുള്ളവര്ക്കെല്ലാം വൈറ്റ്ഹൗസിലുള്ള സ്റ്റാഫിനെ വരെ അറിയാം. അതേ സമയം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പേരു പോലും അവിടെയുള്ളവര്ക്കറിയില്ല എന്ന്. അവിടുത്തെ പത്രങ്ങളില്‍ ചിലതൊക്കെ നോക്കിയപ്പോള്‍ ഇങ്ങനെ തന്നെയാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങി കുറച്ചൊക്കെ ഒഴിച്ചാല്‍ വളരെ പ്രാദേശികമാണ് വാര്‍ത്തകള്‍. ഓരോ സംസ്ഥാനത്തിനും, നഗരത്തിനുമൊക്കെ അതിന്റേതായ പത്രങ്ങളാണുള്ളത്.
ഇങ്ങനെ, തുടക്കത്തില്‍ വിദേശവാര്‍ത്തകള്‍ കുറവാണ് എന്ന വിഷയമാണ് കൂടുതല്‍ പറയേണ്ടിവന്നിരുന്നത്. പക്ഷേ, പിന്നീട് വിദേശ വാര്‍ത്തകള്‍ ശ്രദ്ധിച്ചപ്പോള്‍, വിദേശത്ത് നിന്ന് വരുന്ന വാര്‍ത്തകളുടെ ഉറവിടത്തിന് തന്നെ പ്രശ്നമുണ്ട്. നമുക്ക് എല്ലായിടത്തുമൊന്നും റിപ്പോര്‍ട്ടര്‍മാരെ വെക്കാനാവില്ല. ദി ഹിന്ദുവൊഴിച്ച് ബാക്കി ഇന്ത്യന്‍ പത്രങ്ങള്‍ക്കൊന്നും വിദേശ ലേഖകന്മാരുണ്ടായിരുന്നില്ല. ഇപ്പോള്‍ ഹിന്ദുവും കുറച്ചു. അപ്പോള്‍ നമുക്ക് വാര്‍ത്തകള്‍ കിട്ടുന്നത് എ.പി, റോയിട്ടേഴ്സ്, എ.എഫ്.പി തുടങ്ങിയ ഏജന്‍സി വഴിയാണ്. അവര്‍ക്ക് അവരുടേതായ മൂലധന താല്പര്യമുണ്ട് എന്നത് വളരെ വ്യക്തമാണ്. അവക്ക് അമേരിക്കന്‍ ചായ്വാണുള്ളത്, പാശ്ചാത്യ ചായ്വാണുള്ളത്. ഓറിയന്റലിസം പ്രസക്തമാകുന്നത് അവിടെയാണ്. അതൊരു വിഷയമായിരുന്നു. ഓറിയന്റലിസ്റ് ആഖ്യാനങ്ങള്‍ വാര്‍ത്തകളെ സ്വാധീനിക്കുക മാത്രമല്ല, ആ വാര്‍ത്തകള്‍ തിരിച്ച് ആഖ്യാനങ്ങളെ ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോള്‍ വന്ന ചില 'പാമ്പാട്ടി കാര്ട്ടൂണുകള്' ഓര്‍ക്കുക.
ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്കറിയാം. അവ പോലും പടിഞ്ഞാറുനിന്ന് വാര്‍ത്തകളായി വരുമ്പോള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്തെല്ലാം വളച്ചൊടിക്കല്‍ സംഭവിച്ചു എന്നുകാണാം. ഇതൊരു പ്രശ്നമാണ്. അവിടെയുള്ള നമ്മളറിയാത്ത വാര്‍ത്തകളും ഇതുപോലെ വളച്ചൊടിക്കുന്നുണ്ടെങ്കില്‍ നമുക്കറിയാന്‍ സാധിക്കില്ലല്ലോ. ഉദാഹരണത്തിന് ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷമെടുക്കാം. ആ കാര്യത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അവയുടേതായ താല്പര്യങ്ങളുണ്ട്. സയണിസ്റ്റ് ചായ്വുള്ളവരാണ് മിക്ക ഏജന്‍സികളുടെയും തലപ്പത്തുള്ളത്. അതിന്റെ കണക്കുകളുണ്ട്. ആ കാഴ്ചപ്പാടിലേ വാര്‍ത്തകള്‍ വരികയുള്ളൂ, മറുവശം വരില്ല. ഫലസ്തീന്കാര്ക്കാണെങ്കില് ചാനലുകളില്ല, പത്രങ്ങളില്ല, ഏജന്‍സികളില്ല. അവര്‍ക്കാകെ കുറച്ച് സാമൂഹ്യ മാധ്യമങ്ങളുടെ സാന്നിധ്യമേയുള്ളൂ. അത് മീഡിയ സ്കാനിന് കുറച്ചൊക്കെ വിഷയമാക്കേണ്ടിവന്നു.
വിദേശ വാര്‍ത്തകളറിയാന്‍ മുന്‍പ് ബി.ബി.സിയും മറ്റ് ഏജന്‍സി വാര്ത്തകളെയെല്ലാമായിരുന്നല്ലോ മാധ്യമങ്ങള്‍ ആശ്രയിച്ചിരുന്നത്. ഇതിനപ്പുറം ഒരു മറുവശം തേടാന്‍ മീഡിയാസ്കാനിന് സാധിച്ചിരുന്നില്ലേ? അതെങ്ങിനെയെന്ന് വിശദമാക്കാമോ? താങ്കള്‍ പറഞ്ഞതുപോലെ സയണിസ്റ്റ് താല്പര്യമുളള മാധ്യമങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്കപ്പുറം യാഥാര്‍ഥ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു അല്ലേ?
മറുവശം കാണാന്‍ ശ്രമിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. മുഴുവന്‍ സാധിച്ചോ എന്ന് ഉറപ്പില്ല. അതേസമയം ഓറിയന്റലിസത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചല്ലോ. അതില്‍ ഇത്തരത്തിലുള്ള കെണികളെക്കുറിച്ച് ശരിക്കും പറയുന്നുണ്ട്. വാര്‍ത്തകള്‍ എങ്ങനെ മാറ്റപ്പെടുന്നു, പാശ്ചാത്യ താല്പര്യങ്ങള് എങ്ങനെ കടന്നുകൂടുന്നു എന്നെല്ലാം അതില്‍ പറയുന്നുണ്ട്. ചോംസ്കിയും ഇത് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ ഇത് വ്യക്തമാകും. മറ്റു ബദല്‍ മാധ്യമങ്ങളും സഹായകരമായിട്ടുണ്ട്. ഇന്റര്‍നെറ്റ് വിപുലമായതോടെയാണ് ആ സാധ്യതകള്‍ തുറന്നുകിട്ടിയത്. ഇന്റര്‍നെറ്റിലൂടെ യഥാര്‍ഥ വിവരങ്ങള്‍ പല വാര്‍ത്താ ഉറവിടങ്ങളെയും താരതമ്യം ചെയ്തു നോക്കാന്‍ സാധിച്ചു. ചില സമയത്ത് ഒറ്റ വിഷയത്തിന് വേണ്ടി മാത്രം ഒരുപാട് സൈറ്റുകള്‍ നോക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് ബദല്‍ ഉറവിടങ്ങള്‍ കാണാന്‍ സാധിക്കും. പിന്നീട് കൂടുതലായും അത് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഉദാഹരണത്തിന് fair.org എന്നൊരു സൈറ്റുണ്ട്. ഇടതു ചായ്വുള്ളതാണ. അവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ടെങ്കിലും പാശ്ചാത്യമാധ്യമങ്ങളുടെ ചായ്വുകളെ അവര്കൃത്യമായും പിന്തുടരാറുണ്ട്. അത് വസ്തുനിഷ്ഠമായും കൃത്യമായും അവതരിപ്പിക്കാറുമുണ്ട്. അതുപോലെ അമേരിക്കയുടെ ചായ്വുകളെ പറ്റി, അവരുടെ സങ്കുചിതമായ മനോഭാവങ്ങളെപററി അറിയാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ചോംസ്കി അടക്കം ആളുകളുണ്ട്. ifamericansknew.org എന്നൊരു സൈറ്റ് ഞാന്‍ അന്ന് നോക്കാറുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. കഴിയുന്നതും അമേരിക്കന്‍ സോഴ്സുകള്‍ തന്നെ നോക്കിക്കൊണ്ട് മറുപക്ഷം കാണാം എന്ന ശ്രമമാണ് നടത്തികൊണ്ടിരുന്നത്. മീഡിയാസ്കാനിന്റെ തുടക്കത്തില്‍ അതുണ്ടായിരുന്നില്ല. അന്ന് വ്യക്തികളിലൂടെ അറിയുന്നതും പുസ്തകങ്ങളില്‍ വായിച്ചുട്ടുള്ള അറിവുകളും ഈ വാര്‍ത്തകളുമായി താരതമ്യം ചെയ്തുനോക്കാനേ സാധിച്ചിരുന്നുള്ളൂ.
ദൃശ്യവും അച്ചടിയും തമ്മില്‍ വലിയ വ്യത്യാസം തന്നെയാണ്. ഒന്നാമത് അച്ചടിമാധ്യമത്തിന്റെ വിശ്വാസ്യത അന്നും ഇന്നും ദൃശ്യമാധ്യമത്തിനില്ല. എന്തുകൊണ്ട് ടെലിവിഷനെ നിരാകരിക്കണമെന്ന പുസ്തകം തന്നെയുണ്ട്. അച്ചടിയില്‍ ചെയ്യുന്ന ഗൗരവത്തോടെ ഇതില്പറ്റുമോ എന്ന സംശയമായിരുന്നു. രണ്ടാമത്, അച്ചടിയില്‍ കൊടുക്കുന്നതുപോലെ ദൃശ്യത്തില്പറ്റില്ല. തുടക്കത്തില്‍ രണ്ടിനും ഒരു ഉള്ളടക്കം ഒന്നുമതിയാകും എന്നാണ് കരുതിയത്. പക്ഷെ, ചെയ്തുവന്നപ്പോള്‍ മനസ്സിലായി അത് സാധ്യമല്ല എന്ന്.
കാലം മാറികൊണ്ടിരിക്കുന്നു, വാര്‍ത്തകളും മാറി കൊണ്ടിരിക്കുന്നു, അവയുടെ കെട്ടിലും മട്ടിലുമെല്ലാം മാറ്റങ്ങള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മളിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മീഡിയാസ്കാനിന്റെ ആദ്യകാലത്തെ സ്വഭാവം എങ്ങിനെയായിരുന്നു? അതില്‍ മാറ്റങ്ങള്‍ വന്നതെങ്ങിനെ?
കാഴ്ചപ്പാടില്‍ വന്നൊരു മാറ്റം പറയാം. വിപണിയുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും നല്ലതല്ല എന്ന കാഴ്ചപ്പാടിലാണ് തുടക്കത്തില്‍ എഴുതിയിരുന്നത്. അന്ന് മറ്റു പത്രങ്ങളെ, പ്രത്യേകിച്ചും മനോരമയെയും ടൈംസ് ഓഫ് ഇന്ത്യയെയുമെല്ലാം ഒരുപാട് വിമര്‍ശിക്കാറുണ്ടായിരുന്നു. അത് കുറെയൊക്കെ ശരിയുമായിരുന്നു. പിന്നീടിപ്പോള്‍ മാധ്യമങ്ങളുടെ ചുമതലകൂടി വഹിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വിപണിയെ അത്രകണ്ട് ഒഴിവാക്കാന്‍ സാധ്യമല്ല എന്ന് മനസ്സിലായി. അടിസ്ഥാനപരമായ കാര്യങ്ങള്‍ വിട്ടുകൊടുക്കാതെ അവരെക്കൂടി ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് ബോധ്യപ്പെട്ടു. ആ ഒരു വ്യത്യാസം വന്നിട്ടുണ്ട്. പിന്നെ, അതുപോലെ ടെക്നോളജിയില്‍ വന്ന മാറ്റങ്ങള്‍ വാര്‍ത്തയെ സ്വാധീനിച്ചു, അതിന്റെ ഉള്ളടക്കത്തെ സ്വാധീനിച്ചു. ഇതെല്ലാം മനസിലാക്കി കൊണ്ട് കൈകാര്യം ചെയ്തിട്ടുണ്ട്.
ടെക്നോളജിയിലെ മാറ്റം ഉള്ക്കൊണ്ടതിനു പിന്നാലെ 2013ല്‍ താങ്കള്‍ ദൃശ്യമാധ്യമ രംഗത്തേക്ക് കൂടി ചുവടുവച്ചു. മീഡിയവണിന്റെ തുടക്കം മുതലേ ഈ പരിപാടി ഉണ്ടായിരുന്നു. അച്ചടിയില്‍നിന്ന് ദൃശ്യത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു. ദൃശ്യവാര്‍ത്തകളുടെ വിശകലനത്തിലേക്ക് കടന്നപ്പോള്‍ എന്താണ് താങ്കളെടുത്ത അടിസ്ഥാന സമീപനം/നിലപാട് എങ്ങനെയായിരുന്നു?
അന്ന് ചാനലിന്റെ ഉള്ളടക്കം തീരുമാനിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രോഗ്രാം വേണം എന്ന് തീരുമാനിച്ചിരുന്നു. വാസ്തവത്തില്‍ എന്റെ പ്രശ്നമെന്തെന്ന് വെച്ചാല്‍ വ്യക്തിപരമായി സ്ക്രീനില്‍ വരുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍. കാമറയുടെ മുന്നില്‍ വരുന്നതിന് ആത്മവിശ്വാസക്കുറവുമുണ്ട്. അന്ന് ഈ പരിപാടിയുടെ പ്രൊഡ്യൂസറായിരുന്ന ഇര്‍ഷാദ് എന്നെ പരുവപ്പെടുത്തി എടുക്കുകയായിരുന്നു. എന്റെ ആത്മവിശ്വാസക്കുറവ് കൊണ്ട് തുടക്കത്തില്‍ നന്നായിരുന്നില്ല. സ്ക്രീനില്‍ കണ്ടപ്പോള്‍ ആളുകളൊക്കെ നന്നായിരുന്നു എന്ന് പറയുന്നത് കേട്ട് ആശ്വസിച്ചിട്ടുണ്ട്. വ്യക്തിപരമായി എനിക്കിതൊരു യാത്ര തന്നെയാണ്. മീഡിയവണിലെ ബന്ധപ്പെട്ട എഡിറ്റര്‍മാരും പ്രൊഡ്യൂസര്്രമാരും ടെക്നിഷ്യന്മാരും ചേര്‍ന്ന് വളര്‍ത്തികൊണ്ടുവരികയായിരുന്നു എന്ന് തന്നെ പറയാം. പിന്നെ ദൃശ്യവും അച്ചടിയും തമ്മില്‍ വലിയ വ്യത്യാസം തന്നെയാണ്. ഒന്നാമത് അച്ചടിമാധ്യമത്തിന്റെ വിശ്വാസ്യത അന്നും ഇന്നും ദൃശ്യമാധ്യമത്തിനില്ല. എന്തുകൊണ്ട് ടെലിവിഷനെ നിരാകരിക്കണമെന്ന പുസ്തകം തന്നെയുണ്ട്. അച്ചടിയില്‍ ചെയ്യുന്ന ഗൗരവത്തോടെ ഇതില്പറ്റുമോ എന്ന സംശയമായിരുന്നു. രണ്ടാമത്, അച്ചടിയില്‍ കൊടുക്കുന്നതുപോലെ ദൃശ്യത്തില്പറ്റില്ല. തുടക്കത്തില്‍ രണ്ടിനും ഒരു ഉള്ളടക്കം ഒന്നുമതിയാകും എന്നാണ് കരുതിയത്. പക്ഷെ, ചെയ്തുവന്നപ്പോള്‍ മനസ്സിലായി അത് സാധ്യമല്ല എന്ന്. ഇതില്‍ ദൃശ്യത്തിനാണല്ലോ പ്രാധാന്യം. ആ തരത്തില്‍ ഉള്ളടക്കം ദൃശ്യത്തിലൂടെതന്നെ പറയണം. ദൃശ്യപ്രധാനമായ വിഷയങ്ങള്‍ മീഡിയവണിലേക്കും അല്ലാത്തവ മാധ്യമം ആഴ്ചപ്പതിപ്പിലേക്കും എന്നായി തരം തിരിവ്.
അച്ചടിമാധ്യമത്തിന്റെ വിശ്വാസ്യത അന്നും ഇന്നും ദൃശ്യമാധ്യമത്തിനില്ല എന്ന് താങ്കള്‍ പറയുന്നു. ഒരുപക്ഷെ, ദൃശ്യങ്ങളിലൂടെയുള്ള കാഴ്ചയല്ലേ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. അതേസമയം ദൃശ്യങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ വൈരുധ്യത്തെ എങ്ങനെയാണ് മറികടക്കുന്നത്?
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉണ്ടായി വന്ന ഒരു പ്രസ്ഥാനം തന്നെയാണ് fact checking , വസ്തുതാ പരിശോധന എന്നത്. സത്യത്തില്‍ അത് ജേണലിസത്തിന്റെ ഭാഗം തന്നെയാണ്. പക്ഷേ, ജേണലിസം തന്നെ പലപ്പോഴും ഫെയ്ക്കു (fake) കളുടെ കെണിയില്‍ വീണുപോകുന്നുണ്ട്. Deep fake ഉം Cheap fake ഉം ഉണ്ട്. കണ്ടതുപോലും വിശ്വസിക്കാനാകില്ല എന്നാണ് അവ തരുന്ന സന്ദേശം. അപ്പോള്‍ ദൃശ്യങ്ങളെ വിശ്വസിക്കാന്‍ പറ്റാതാകുന്നു. ഇത് കണ്ടുപിടിക്കാന്‍ പുതിയ ടൂള്‍സ് ആവശ്യമാകുന്നു. അതിനുള്ള ടൂള്‍സ് കണ്ടുപിടിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ fact checkers (വസ്തുതാ പരിശോധകര്). അതിനായി അന്താരാഷ്ട്ര സംഘടനകള്‍ തന്നെ ഇപ്പോഴുണ്ട്. Cross checking , അഥവാ പലതരത്തിലുള്ള പരിശോധനകള്‍ പ്രധാനമാണ്. ഒരു ദൃശ്യം കാണുമ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ വേറെ Source കളിലൂടെ പരിശോധിക്കേണ്ടതുണ്ട്. അതിന് പല തരം ഡിജിറ്റല്‍ സങ്കേതങ്ങളുണ്ട്. അതൊക്കെ പുതിയകാലത്തിന്റെ ഉല്പന്നങ്ങളാണ്; പുതിയ കാലത്തെ ഡിജിറ്റല്‍ വ്യാജങ്ങള്‍ കണ്ടെത്താന്‍ പുതിയ ഡിജിറ്റല്‍ ടൂളുകള്‍ വേണം. പുതിയ സങ്കേതങ്ങള്‍ ഇപ്പോള്‍ വികാസ ഘട്ടത്തിലാണ്.
പോസ്റ്റ് ട്രൂത്ത് കാലം, എന്നൊക്ക പറയുന്ന സത്യാനന്തരകാലം എന്ന പ്രയോഗം തന്നെ കാലഹരണപ്പെട്ട് തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഫാക്ട് ചെക്കിങിന്റെ കാര്യത്തില്‍ ഓരോ മാധ്യമങ്ങളുടെയും താല്പര്യങ്ങളും കൂടി പ്രവര്‍ത്തിക്കില്ലേ? അതിനെ എങ്ങനെ വേര്‍തിരിച്ചെടുക്കും?
Fact checking, വസ്തുതാ പരിശോധന ഒരു രീതിയായി വന്നതിനുശേഷം അവിടെയും വ്യാജന്മാര് കയറിയിട്ടുണ്ട്. വ്യാജ വാര്ത്തകളുണ്ടാക്കുന്നവര്തന്നെ fact checking അവരുടെ സൈറ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്. അതില്‍ മറ്റുള്ളവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് പറയുന്നതാണ് അവരുടെ രീതി. നേര് പറയുന്നവരെ കള്ളന്മാരായി ചിത്രീകരിക്കാനാണ് ശ്രമം. പല വലതു പക്ഷ മാധ്യമങ്ങളും സ്വന്തം ഫാക്ട് ചെക്കിങ് നടത്തുന്നത് വ്യാജങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കാനും നേര് പറയുന്നവരുടെ വിശ്വാസ്യത ഇല്ലാതാക്കാനുമാണ്. ഇത് സാധാരണക്കാരെ സ്വാധീനിക്കും. എന്നാലും പതുക്കെപ്പതുക്കെ ചെമ്പ് പുറത്തു വരും എന്നത് തന്നെയാണ് അനുഭവം. oped എന്ന വലതുപക്ഷ വെബ്സൈറ്റിന്റെ കാര്യം ഉദാഹരണം. മറുപുറത്ത് വലതുപക്ഷ മാധ്യമങ്ങളും സര്‍ക്കാരും ഓണ്‍ലൈന്‍ പടകളുമെല്ലാം ശ്രമിച്ചിട്ടും രവീഷ് കുമാറിന്റെയോ altnews ന്റെയോ വിശ്വാസ്യതക്ക് ക്ഷതമേnd]പിക്കാന് കഴിഞ്ഞിട്ടില്ല.
മാധ്യമങ്ങളെന്തൊണ് ചെയ്യുന്നത്, എന്താണ് ചെയ്യേണ്ടത് ഇതൊക്കെ അറിയുക അതിനനുസരിച്ച് അവരെ അറിയുക എന്നൊരു സംഗതിയുണ്ട്. ഇവിടെ പോസ്റ്റ് ട്രൂത്ത് കാലത്ത് മാധ്യമങ്ങള്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് വൈകാരികമായി ആവശ്യമുള്ളത് കൊടുക്കുക എന്നതാണ്. മാധ്യമങ്ങള്‍ വസ്തുതാപരമായി കാര്യങ്ങള്‍ കാണുന്നതിനുപകരം വൈകാരികമായാണ് ജനങ്ങളെ സ്വാധീനിക്കുന്നത്. ജനങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. എനിക്ക് വിശ്വസിക്കാനിഷ്ടമുള്ളത് വിശ്വസിക്കുക, അല്ലാത്തത് വിശ്വസിക്കില്ല. അതും പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ പ്രത്യേകതയാണ്. ഇതിനിടയില്‍ യഥാര്‍ഥ സത്യം എവിടെയോ കിടപ്പുണ്ട്.
സങ്കീര്‍ണമായ മേഖലയാണ് ഇത്. അതൊക്കെയിരിക്കുമ്പോളും സത്യം എന്ന ഒന്നുണ്ട്. അത് കണ്ടുപിടിക്കേണ്ട പ്രശ്നമാണുള്ളത്. അത് മുന്‍പും ഇപ്പോഴുമൊക്കയുള്ള അവസ്ഥ തന്നെയാണ്. മുമ്പൊക്കെ സത്യം പറയാതിരിക്കാനും നുണയുണ്ടാക്കാനും ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ നുണയുണ്ടാക്കാന് എളുപ്പമാണ് എന്ന വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ യഥാര്‍ഥ സത്യം കണ്ടുപിടിക്കാനുള്ള അറിവ് നമുക്കുണ്ടായിരിക്കണം. Fact checking സമ്പ്രദായത്തില്‍ വിശ്വാസ്യതയെ നിര്‍ണയിക്കുക അതിനുപയോഗിക്കുന്ന ശാസ്ത്രീയമായ രീതികളാണ്. ഉദാഹരണത്തിന്, 'മെറ്റ' കമ്പനിയും അവരുടെ ഇന്‍സ്റ്റഗ്രാം വാര്‍ത്ത രീതികളും വിഷയമായ വാര്‍ത്ത ചെയ്യുന്നതില്‍ ദി വയറിന് തെറ്റുപറ്റി. തെറ്റുപറ്റിയിട്ടും ആളുകള്‍ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല. തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിക്കുന്നു. അതെങ്ങിനെയെന്നുള്ളത് അവരുടെ അറിവനുസരിച്ച് പറയുന്നു. തെറ്റ് പറ്റിയാല്‍ പിന്നെ എങ്ങനെ മുന്നോട്ടു പോകണമെന്നതിനുള്ള ചില നല്ല മാതൃകകള്‍ സൃഷ്ടിക്കാനും അവര്‍ ഈ സന്ദര്‍ഭം ഉപയോഗിച്ചു. മാപ്പു പറഞ്ഞു, വാര്‍ത്ത പിന്‍വലിച്ചു, സൈറ്റില്‍നിന്ന് നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണവും വിദഗ്ധരെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണവും നടത്തി. അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അറിഞ്ഞുകൊണ്ട് തെറ്റ് പ്രചരിപ്പിക്കുന്നതും ഇതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആളുകളുടെ വിശ്വാസ്യത, സമ്പ്രദായങ്ങള്‍, അവരുപയോഗിക്കുന്ന ടൂളുകള്‍ എല്ലാം വച്ച് നമുക്ക് ഒരു നിഗമനത്തിലെത്താന്‍ സാധിക്കും.
ദേശീയ മാധ്യമങ്ങളേക്കാള്‍ വിദേശ മാധ്യമങ്ങളിലെ fact checking, കുറേക്കൂടി ഫലവത്താണ് എന്നഭിപ്രായം പൊതുവിലുണ്ട്.
Reputed media യെ സംബന്ധിച്ചിടത്തോളം അവമതിപ്പുണ്ടാക്കുന്ന തരത്തിലൊന്നും പ്രവര്‍ത്തിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് കഴിയുന്നത്ര വാര്‍ത്തയിലൊന്നും വെള്ളം ചേര്‍ക്കില്ല. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പോകുന്ന സമയത്ത് ഡ്രോണ്‍ ഉപയോഗിച്ച് ഒരു കുടുംബത്തിലെ 10 പേരെ കൊന്നുകളഞ്ഞു. തീവ്രവാദികളാണ് എന്ന് കരുതിയാണ് ചെയ്തത് എന്നാണ് അമേരിക്കന്‍ സൈന്യം പറഞ്ഞത്. വാസ്തവത്തില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ സൈന്യത്തെ സഹായിച്ചുകൊണ്ടിരുന്ന ഒരു സന്നദ്ധ സംഘടനയുടെ ആളും അയാളുടെ കുടുംബവുമാണ്. അയാള്‍വെള്ളം കൊണ്ടുപോകുന്ന കാനുകളെല്ലാം വണ്ടിയില്‍ വെക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇത് വേറെ എന്തോ സ്ഫോടനം നടത്താനുള്ള സാധനങ്ങളാണെന്ന് സൈന്യം കരുതി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കുട്ടികളടക്കം 10 പേര്കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈന്യം അന്ന് മുതലേ പറഞ്ഞുകൊണ്ടിരുന്നത് അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ്. ഈ സംഭവം അന്ന് ന്യൂയോര്‍ക്ക് ടൈംസ് fact checking നടത്തി. പത്രം തന്നെ അവിടേക്ക് റിപ്പോര്‍ട്ടര്‍മാരെ അയച്ചു. സാങ്കേതിക വിദഗ്ധരെ അയച്ചു. എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും എടുത്തു. അവിടുത്തെ പ്രാദേശിക ജനങ്ങളുമായി സംസാരിച്ചു. സൈന്യവുമായും കൂടിക്കാഴ്ച നടത്തി. ഒടുവില്‍ സംശയലേശമന്യേ അവര്‍ നിരപരാധികളായ പൗരന്മാരെയാണ് കൊന്നത് എന്ന് തെളിയിച്ചു. അതിനുശേഷമാണ് അമേരിക്ക തെറ്റുപറ്റിയെന്ന് സമ്മതിച്ചത്. ഇത്തരം fact checkingന് ഒരുപാട് മുതല്‍മുടക്ക് ആവശ്യമാണ്. ഇവിടെ അത്രയൊന്നും ആയിട്ടില്ല. ഇന്ത്യയിലുള്ളത് ആള്‍ട്ട് ന്യൂസ്, ദി ക്വിന്റ്, ബൂം ലൈവ് തുടങ്ങി കുറച്ചുപേരാണ്. വികാസഘട്ടത്തിലാണ്. ഇതിനകം തന്നെ അവര്‍ ഈ രംഗത്ത് നല്ല സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പാശ്ചാത്യ രീതിയിലുള്ള സാങ്കേതികത്തികവ് നേടി വരുന്നേയുള്ളൂ. ഇന്ത്യയില്‍ ഇത്തരത്തിലൊക്കെ fact checking നടത്താന്‍ മനുഷ്യവിഭവശേഷിയും മുതല്‍മുടക്കും ഇല്ലാത്തതുകൊണ്ടുള്ള കുറവേയുള്ളൂ.
ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈറിന് നേരിടേണ്ടി വന്ന അനുഭവം നമുക്കെല്ലാം അറിയാമല്ലോ. മാധ്യമ സ്വാതന്ത്യത്തില്‍ ഇന്ത്യ 150ാം സ്ഥാനത്താണ്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് നമ്മുടേത്?
ഇത് ജനങ്ങളുടെ മനോഭാവവുമായി ബന്ധപ്പെട്ട ഒരുകാര്യം കൂടിയാണ്. സര്‍ക്കാര്‍ മാത്രമല്ല ഇതിനുത്തരവാദി. മാധ്യമ സാക്ഷരത എന്ന ഒന്നുണ്ടല്ലോ. മാധ്യമങ്ങളെന്തൊണ് ചെയ്യുന്നത്, എന്താണ് ചെയ്യേണ്ടത് ഇതൊക്കെ അറിയുക അതിനനുസരിച്ച് അവരെ അറിയുക എന്നൊരു സംഗതിയുണ്ട്. ഇവിടെ പോസ്റ്റ് ട്രൂത്ത് കാലത്ത് മാധ്യമങ്ങള്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് വൈകാരികമായി ആവശ്യമുള്ളത് കൊടുക്കുക എന്നതാണ്. മാധ്യമങ്ങള്‍ വസ്തുതാപരമായി കാര്യങ്ങള്‍ കാണുന്നതിനുപകരം വൈകാരികമായാണ് ജനങ്ങളെ സ്വാധീനിക്കുന്നത്. ജനങ്ങളും അതുതന്നെയാണ് ചെയ്യുന്നത്. എനിക്ക് വിശ്വസിക്കാനിഷ്ടമുള്ളത് വിശ്വസിക്കുക, അല്ലാത്തത് വിശ്വസിക്കില്ല. അതും പോസ്റ്റ് ട്രൂത്ത് കാലത്തിന്റെ പ്രത്യേകതയാണ്. ഇതിനിടയില്‍ യഥാര്‍ഥ സത്യം എവിടെയോ കിടപ്പുണ്ട്. അതുകാണാതെ പോവുകയാണ്. ജനാധിപത്യപരമായി പക്വതയില്ലാത്ത ജനസമൂഹത്തിന്റെ പ്രശ്നം തന്നെയാണിത്. നേരേമറിച്ച് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അട്ടിമറിശ്രമം നടത്തിയപ്പോള്‍ വലിയൊരു കൂട്ടം മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിരോധമാണ് അമേരിക്കന്‍ ജനാധിപത്യത്തെ രക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കപ്പെട്ടു എന്ന ട്രംപ് പക്ഷക്കാരുടെ വ്യാജപ്രചാരണത്തെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതേസംഗതി ഇന്ത്യയിലാണ് നടക്കുന്നതെങ്കില്‍ എങ്ങനെയാവും പര്യവസാനിക്കുക എന്ന് പറയാന്‍ കഴിയില്ല. കാരണം, ജനാധിപത്യ ബോധത്തെക്കാള്‍ ഇവിടെ പൊതുസമൂഹത്തെ നിയന്ത്രിക്കുന്നത് ചൂഷകര്‍ക്ക് മുതലെടുക്കാവുന്ന, ഏതു തരത്തിലും കൊണ്ടുപോകാവുന്ന, വൈകാരികാവേശങ്ങളാണ്. ജനങ്ങളുടെ പക്വതയനുസരിച്ചാണ് ജനാധിപത്യത്തിന്റെ ഗുണദോഷങ്ങള്‍ വരിക. മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച ജനാധിപത്യത്തെ ബാധിക്കും എന്നതുപോലെ, ജനാധിപത്യത്തിന്റെ തകര്‍ച്ച മാധ്യമ സ്വാതന്ത്ര്യത്തെയും ബാധിക്കും. ജനാധിപത്യത്തിന്റെ നിലവാരത്തകര്ച്ചകൂടിയാണ് ഇവിടെ മാധ്യമ സ്വാതന്ത്യത്തിന്റെ തകര്‍ച്ചക്ക് കാരണം.
ദേശീയ മാധ്യമങ്ങളെക്കുറിച്ച് തന്നെ പറയാം. ഭരണകൂട സ്തുതി, ഭരണകൂട വേട്ട ഇതുരണ്ടും നടന്നുകൊണ്ടിരിക്കുകയാണ്. ഗോദി മീഡിയ (Lapdog media) എന്ന വിശേഷണം പോലും ദേശീയ മാധ്യമങ്ങള്‍ക്കുണ്ട്. ഇത് മാധ്യമ മേഖലക്ക് എത്രത്തോളം കരുത്തും തളര്‍ച്ചയും നല്‍കുന്നുണ്ട്?
വാര്‍ത്തയെക്കുറിച്ച് ഒരു ഉദ്ധരണിയുണ്ട്, 'ഭരണകൂടം മറച്ചുവെക്കുന്നതെന്താണോ അതാണ് വാര്‍ത്ത' എന്നതാണത്. ഭരണകൂട വീഴ്ചകള്‍ പുറത്തുകൊണ്ടുവരിക എന്നത് മാധ്യമങ്ങളുടെ ധര്‍മം തന്നെയാണ്. അത് ചെയ്യുമ്പോള്‍ ഭരണകൂടം വേട്ടയാടും. സ്തുതിയാണ് അവര്‍ ഇഷ്ടപ്പെടുക. ഭരണകൂട വേട്ടയും ഭരണകൂടത്തെ ഇപ്പോഴും സ്തുതിക്കേണ്ടിവരുന്ന അവസ്ഥയും രണ്ടും മാധ്യമങ്ങളെ തളര്‍ത്തുന്നുണ്ട്. അതേസമയം മറ്റൊരു നിലക്ക് അവ മാധ്യമരംഗത്ത് ചില ഗുണമൊക്കെ ചെയ്യുന്നുമുണ്ട്. നെല്ലും പതിരും വേര്‍തിരിക്കുക എന്ന ഒരു പ്രക്രിയ നടക്കുന്നുണ്ട്. മാധ്യമ രംഗത്ത് ആരെല്ലാം എന്ത് വില കൊടുത്തും സത്യത്തോട് ചേര്‍ന്ന് നില്ക്കുന്നു, ആരെല്ലാം ഭരണകൂടത്തിന് വേണ്ടി അതില്‍ സന്ധി ചെയ്യുന്നു എന്ന് കൃത്യമായി തെളിയുമല്ലോ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വെല്ലുവിളി വരുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്. ഉദാഹരണത്തിന് ഓപ്പണ്‍ മാഗസിന് ഒരു കാലത്ത് ഭരണകൂടത്തെ നന്നായി വിമര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍, മോദി വന്നതിനുശേഷം, അത് പൂര്‍ണമായും വിധേയപ്പെട്ട്, ഭരണകൂടത്തിന്റെ ബുള്ളറ്റിന് ആയ മട്ടാണ്. മുഖചിത്രമായി കൂടെക്കൂടെ മോദിയുടെ പടങ്ങള്‍ കൊടുക്കേണ്ടി വരുന്നു, ഉള്ളടക്കത്തിലെ വിധേയത്വത്തിന്റെ പരസ്യമായ പ്രഖ്യാപനം പോലെ. അതൊരു രീതിയാണ്. അതേസമയം റാണാഅയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് പ്രസിദ്ധീകരിച്ച കാലത്ത് തെഹല്ക്കയെ ഇവര്‍ വേട്ടയാടി. വാജ്പേയിയുടെ കാലത്ത് കേസുകള്‍ കൊണ്ട് ബുദ്ധിമുട്ടിച്ച് തെഹല്‍ക്ക നിര്‍ത്തുകയായിരുന്നു. എന്നാലും അവര്‍ വഴങ്ങിയിരുന്നില്ല. ഇന്നും കാരവന് പോലുള്ള മാഗസിനുകള്‍ ധീരവും വസ്തുനിഷ്ഠവുമായ ജേര്‍ണലിസത്തിന്റെ മാതൃകകളായുണ്ടല്ലോ. ഇങ്ങനെ രണ്ടുതരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം വേര്‍തിരിയുന്ന പ്രക്രിയ ഭരണകൂട സ്തുതി, ഭരണകൂട വേട്ട തുടങ്ങിയ മാധ്യമ അവസ്ഥകളിലൂടെ നടക്കുന്നുണ്ട്. അതിലെവിടെ നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. അധികാരത്തിന് വഴങ്ങുമ്പോള്‍ വിശ്വാസ്യതയില്ലാതാകുന്നു. അധികാരത്തോട് സത്യം പറയുമ്പോള്‍ വിശ്വാസ്യത സ്ഥാപിക്കപ്പെടുന്നു. ഇന്ന് കുറേ മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുന്നു എന്നുള്ളത് തന്നെ അവര്‍ക്കുള്ള അംഗീകാരമായി മാറുന്നു. അവരാണ് യഥാര്‍ഥ മീഡിയ. ദി വയര്‍, എന്‍.ഡി.ടിവി ഇവയെല്ലാം വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ അത് അംഗീകാരമാണ്. ശരിയായ മാധ്യമങ്ങള്വളരുന്നു എന്നുതന്നെ പറയാം.
ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനത്തെക്കുറിച്ച് പറയുമ്പോള്‍ റാണാ അയ്യൂബിന് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കരണ്‍ ഥാപ്പര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ കാണാം. 2007 ല്‍ അദ്ദേഹം മോദിയുമായി നടത്തിയ അഭിമുഖം മൂന്ന് മിനിറ്റുകൊണ്ട് അവസാനിച്ചു. ചോദ്യം ഗുജറാത്ത് വംശഹത്യയെ ക്കുറിച്ചും അതില്‍ മോദിയുടെ പങ്കിനെക്കുറിച്ചുമുള്ള സുപ്രീംകോടതി പരാമര്‍ശത്തെയും കുറിച്ചായിരുന്നു. ഥാപ്പര്‍ ഇന്ന് മാധ്യമരംഗത്ത് സജീവമല്ല. ദി വയറിലും, ക്വിന്റിലും വല്ലപ്പോഴുമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. ഇങ്ങനയൊക്കെയുള്ള ഉദാഹരണങ്ങളെടുക്കുമ്പോള് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം ഏതുദിശയിലാണ്, ഏതു സ്വാഭാവത്തിലാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് എന്ന ചോദ്യം വരും.
സ്ഥാപനങ്ങളെയും വ്യക്തികളെയും രണ്ടു രീതിയില്‍ കാണേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ അവരുടെ രീതിയിലാണ് പോവുക. വ്യക്തികള്‍, സ്വതന്ത മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരുമുണ്ട്. അവര്‍ സ്ഥാപനങ്ങള്‍ക്കപ്പുറം വ്യക്തിഗതമായ സംഭാവനകളിലൂടെ വളരാനാണ് ഇഷ്ടപ്പെടുന്നത്. കരണ്‍ ഥാപ്പര്‍ അങ്ങനെയുള്ള മാധ്യമ പ്രവര്‍ത്തകനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബി.ബി.സിയിലെല്ലാം അദ്ദേഹമുണ്ടായിരുന്നല്ലോ. അതുപോലെ ദി വയറിലെ വേണു, സിദ്ധാര്‍ഥ് വരദരാജ്, കാരവന്റെ വിനോദ് ജോസ് തുടങ്ങിയവരുണ്ട്. ഇവരെല്ലാം സ്ഥാപനത്തേക്കാള്‍ തിളങ്ങി നില്‍ക്കുന്നവരാണ്. വെല്ലുവിളികള്‍ക്കിടയിലും പൊരുതിക്കൊണ്ട് മുന്നോട്ട് പോകുന്നവരുണ്ട്. റാണാ അയ്യൂബ് ഇവിടെ വേട്ടയാടപ്പെടുന്ന മുറക്ക് ലോക മാധ്യമങ്ങളിലും സ്ഥാപനങ്ങളിലും സ്വീകാര്യത നേടി വരുകയാണുണ്ടായത്. നൊബേല്‍ അടക്കമുള്ള ആഗോള പുരസ്കാരങ്ങള്‍ നേടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്; സ്വന്തം നാട്ടില്‍ വേട്ടയാടപ്പെടുന്നു എന്നതാണത്.
എടുത്തുപറയേണ്ട ഒരു കാര്യം, നല്ല മാധ്യമങ്ങളും മാധ്യമ സ്ഥാപനങ്ങളും ഭരണകൂട വിരോധം ആദര്‍ശമായി സ്വീകരിച്ചവരല്ല എന്നതാണ്. അവര്‍ക്കു പ്രധാനം വസ്തുതയാണ്; അത് ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സത്യം പറയുമ്പോള്‍ അത് ചിലപ്പോള്‍ ഭരിക്കുന്നവരെ വിമര്‍ശിക്കലാകുന്നത് അവരുടെ കുഴപ്പമല്ലല്ലോ. നല്ല മാധ്യമങ്ങള്‍ നല്ല സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഡേറ്റാ ജേണലിസം പ്രധാനമായി വരുന്നുണ്ട്. മാധ്യമരംഗം പോകുന്ന ഒരു ദിശ വസ്തുതാപരമായ സത്യം കൊണ്ടുവരിക എന്നതിലേക്ക് തന്നെയാണ്.
ദേശീയ വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോള്‍ മാധ്യമ നിരൂപകര്‍ നേരിടുന്ന വെല്ലുവിളിയുടെ ആഴം ഊഹിക്കാവുന്നതേയുള്ളൂ. അതെങ്ങനെ പങ്കിടും?
ദേശീയമെന്നാല് എന്താണ്? ദേശത്തെ സംബന്ധിക്കുന്നത് തന്നെ. ദേശമെന്നാലോ, അവിടത്തെ ജനങ്ങളും. പക്ഷെ, തീവ്രദേശീയത ഉണ്ടാക്കിയ ഒരു ദോഷമാണ് ജനങ്ങളെക്കാള്‍ കൂടുതലായി അതിരുകള്‍ക്കും വേര്‍തിരിവുകള്‍ക്കും ഭിന്നതകള്‍ക്കും സ്ഥാനം കേള്‍പ്പിക്കുക എന്നത്. ഏത് രാജ്യത്തും തീവ്രദേശീയത വരുമ്പോള്‍ വരുന്ന പ്രശ്നമാണിത്. ചില വിഷയങ്ങളില്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിക്കില്ല. ചിലതില്‍ മൗനം പാലിക്കേണ്ടിവരും. കാര്യം തുറന്നു പറയാന്‍ അനുവാദമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടും. നിയമം കൊണ്ട് വിലക്കുകയല്ല ചെയ്യുക; മറിച്ച്, പൊതുബോധത്തെ സങ്കുചിതമായി പരുവപ്പെടുത്തുകയാണ്. സയണിസത്തെ വിമര്‍ശിക്കുന്നത് സെമിറ്റിക് വിരോധമായി നിര്‍വചിക്കപ്പെടുന്നത് അങ്ങനെയാണ്. ഇന്ന് ഇന്ത്യയിലടക്കം അതുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, അതിനെക്കുറിച്ച് പറയുന്നതുകൊണ്ട് പ്രശ്നമില്ല. അതേസമയം ഇന്ത്യയുടെ ഭാഗമായതുകൊണ്ടു തന്നെ അവിടെ മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ അത് പറയാന്‍ പറ്റേണ്ടതാണ്. അതുപറ്റുന്നില്ല എന്നത് വൈരുധ്യമാണ്. അത് പറയുന്നവരെ ദേശദ്രോഹികളാക്കുന്ന രീതി ഇന്നുണ്ട്. അത് തീവ്രദേശീയത കൊണ്ട് വരുന്ന പ്രശ്നമാണ്.
സാമൂഹ്യ മാധ്യമങ്ങളെക്കൂടി സ്കാന്‍ ചെയ്യേണ്ടതുണ്ട് ഇപ്പോള്‍. നവമാധ്യമങ്ങള്‍ പല രീതിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വ്യക്തികള്‍ തന്നെ മാധ്യമ പ്രവര്‍ത്തകനാകുന്ന ലോകം. ഇവിടെ നിരൂപണം എങ്ങനെയാണ് സാധ്യമാകുന്നത്?
അതെ, എല്ലാവരും പ്രൊഡ്യൂസര്‍മാരാണ്, വായനക്കാരാണ്. അത് പുതിയ ഇക്കോസിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഭാഗത്ത് അത് ആഗോള വ്യാപ്തിയുള്ളതാണ്. മറുവശത്ത് വ്യക്തി കേന്ദ്രീകൃതമാകുകയും ചെയ്യുന്നുണ്ട്. ഞാന്‍ ഫേസ്ബുക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് ആഗോള ശൃംഖലയിലുണ്ട് എന്നവകാശപ്പെടാം. എന്നാല്‍, എല്ലാം ഞാന്‍കാണുന്നില്ല. ഞാന്‍ ഫോളോ ചെയ്യുന്ന ആളുകളുടെത് മാത്രമേ കാണുന്നുള്ളൂ. അല്ലെങ്കില്‍ അവര്‍ ഫോളോ ചെയ്യുന്ന ആളുകളുടേതേ ഞാന്‍ കാണുന്നുള്ളു. ഞാന്‍ കാണേണ്ടതെന്ത് എന്ന് തീരുമാനിക്കുന്നത് എന്റെ അഭിരുചികളും മാധ്യമ പ്ലാറ്റ്ഫോമിന്റെ അല്‍ഗോരിതവുമാണ്. ആഗോളമെന്ന് കരുതുന്ന ഈ ആപ് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ചുറ്റും കറങ്ങുകയാണ്. ഒരുതരം എക്കോ ചേംബറാണത്. അതുകൊണ്ട് തന്നെ ആഗോളവ്യാപ്തി എന്ന പേരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും വേണ്ടി കസ്റ്റമൈസ് ചെയ്തിരിക്കുകയാണ് വിവര സ്രോതസ്സുകള്‍. വേറൊരു പ്രശ്നം, ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് കമ്പനികളാണ് എന്നതാണ്. അവര്‍ക്ക് അവരുടേതായ നിയമങ്ങളുമുണ്ട്. നമ്മുടെ പങ്കാളിത്തം അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് കൂടി വിധേയമാണ്. എന്‍ഗേജ്മെന്റും അതുവഴി ലാഭവും വര്‍ധിപ്പിക്കാന്‍ വേണ്ട ഉള്ളടക്കത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം. ആ പങ്കാളിത്തം ഉറപ്പുവരുത്താന്‍ എന്തെല്ലാമാവശ്യമാണോ അതെല്ലാം അവര്‍ അംഗീകരിക്കും. അങ്ങനെയാണ് ഹേറ്റ് സ്പീച്ച് പ്രചരിക്കുന്നത്. ഹേറ്റ് സ്പീച്ച് അവരുടെ വിപണിയുടെ ആവശ്യമാണ്. അപ്പോള്‍ ലാഭം കൂടും. പരസ്യം കൂടും. ഇവയൊക്കെ വളരെ വിശാലമാണ് എന്ന് തോന്നും, അതേസമയം സങ്കുചിതവുമാണ്. ഇങ്ങനെയുള്ള വൈരുധ്യങ്ങളുടെ കലവറയാണ് സമൂഹമാധ്യമങ്ങള്‍. ഇതെല്ലാം പരിണാമദശയിലാണ് എന്ന് തന്നെയാണ് ഇപ്പോള്‍ പറയാനാവുക.
മീഡിയാസ്കാനിന് എതിരെ എന്തെങ്കിലും വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? ന്യൂനപക്ഷ രാഷ്ട്രീയത്തെ പിന്‍പറ്റി നീങ്ങുന്ന രാഷ്ട്രീയ മാധ്യമ വിശകലനം എന്ന രീതിയില്‍ മീഡിയാസ്കാനിനെ പരിമിതപ്പെടുത്തുന്നുണ്ടോ?
ഉണ്ട്. തുടക്കം മുതലേ ഒരു പ്രത്യേക വിഷയത്തിലേക്ക് വരുന്നു എന്ന വിമര്‍ശനമുണ്ട്. അതിനൊരു കാരണമുണ്ട്. ഞാനൊരു വ്യക്തിയാണ്, ഈ മാധ്യമങ്ങള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളും, പരിമിതികളുമൊക്കെയുള്ളതുപോലെ എനിക്കും എന്റേതായ വീക്ഷണങ്ങളുണ്ട്. അതേസമയം, ഇത് കഴിയുന്നത്ര ഇന്ക്ലൂസിവാക്കാനും അക്കാദമിക്കാക്കാനും ഞാന്‍ നോക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൈങ്കിളി സ്വാഭാവമുള്ള പലതും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ സ്വഭാവം വിപണി നിശ്ചയിക്കരുത്, മറ്റുള്ളവര്‍ നിശ്ചയിക്കരുത് എന്നുള്ളതുകൊണ്ട് നമ്മുടെ കാഴ്ചപ്പാടുകള്‍ ഇതിനെ ബാധിക്കും. എന്റേതായ പരിമിതികളുണ്ട്, കാര്യങ്ങള്‍ സംഘടിപ്പിച്ചെടുക്കാനുള്ള പ്രയാസങ്ങളുണ്ട്.
ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളികള്‍ മീഡിയാസ്കാന്‍ നേരിടുന്നുണ്ടോ?
വിവരങ്ങളുടെ അമിതഭാരം (information overload) എന്നൊരു സംഗതിയുണ്ട്. വാര്‍ത്തകളുടെ ബാഹുല്യം വരുന്നുണ്ട്. അപ്പോള്‍ എല്ലാം ഉള്പെടുത്താന്പറ്റില്ല. ഏത് തെരഞ്ഞെടുക്കും, ഏത് ഒഴിവാക്കും എന്നത് പ്രശ്നം തന്നെയാണ്. ചിലപ്പോള്‍ പിഴവ് പറ്റാം. അതൊരു വലിയ വെല്ലുവിളിയാണ്. ടെക്നോളജിയുടെ മുന്നേറ്റത്തിനൊപ്പം ഓടിയെത്തുക എന്നതും വെല്ലുവിളിയാണ്.
സോഫിയ ബിന്ദ്