'രാവും പകലും ക്രൂര മര്‍ദനം, താടിയില്‍ പിടിച്ച് വലിച്ചു'
|ലഷ്കറെ ത്വയ്ബ ബന്ധം ഉള്‍പ്പെടെ ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച ഹരിയാന സ്വദേശി മുഹമ്മദ് റാഷിദ് ജയില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കേസില്‍ ഡല്‍ഹി ഹൈക്കോടതി റാഷിദ് ഉള്‍പ്പടെ അഞ്ചുപേരെ വെറുതെ വിട്ടിരുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍ മുമ്പ് പുലര്‍ച്ചെ നാല് മണി. ഹരിയാനയിലെ സ്കൂള്‍ അധ്യാപകനായ യുവാവ് മുഹമ്മദ് റാഷിദിനെ തിരക്കി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ല് വീട്ടിലെത്തി. റാഷിദ് ഉണ്ടോയെന്നും ഒരു കേസ് ഉണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഭാര്യയോട് പറഞ്ഞു. ആ സമയം റാഷിദ് പാടത്തായിരുന്നു. വിവരം അറിഞ്ഞ ആ ചെറുപ്പക്കാരന് ഭയന്ന് മാറിനിന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കോടതിയില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഒരാഴ്ചക്ക് ശേഷം കോടതിയില്‍ ഹാജരായി. അപ്പോഴേക്കും തന്റെ മേല്‍ ഗുരുതരമായ പല കുറ്റങ്ങളും ആരോപണങ്ങളും പൊലീസ് വെച്ചുകെട്ടിയിരുന്നു. അതോടെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് അങ്ങോട്ട് ഒന്‍പത് വര്‍ഷം നടന്ന കാര്യങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ പോലും റാഷിദിന് ഭയമാണ്. ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് തനിക്ക് എതിരെ ലഷ്കറെ ത്വയ്ബ ബന്ധം ഉള്‍പ്പെടെ ആരോപിച്ച് ഗുരുതരമായ കുറ്റങ്ങള്‍ പൊലീസ് ചുമത്തിയത്. ഇന്ത്യായില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതിന് പണം സ്വരൂപിക്കാന്‍ മോചനദ്രവ്യത്തിനായി ബിസിനസ്സുകാരനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. ഈ കേസില്‍ റാഷിദ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഡല്‍ഹി ഹൈക്കോടതി വെറുതെവിട്ടത്.
ഭീകരനും ജിഹാദിയും
അന്നുമുതല്‍ എനിക്ക് പുതിയ രണ്ട് വിളിപ്പേരുകള്‍ ചാര്‍ത്തിക്കിട്ടിയെന്ന് റാഷിദ് പറഞ്ഞു. ഒന്ന് 'ഭീകര'നും മറ്റൊന്ന് 'ജിഹാദി'യും. ലഷ്കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് വിലങ്ങ് അണിയിച്ചു. ഇതോടെ ഗ്രാമവും ഗ്രാമവാസികളും കുടുംബത്തെയും ഒറ്റപ്പെടുത്തി. എല്ലാവര്ക്കും ഭയമായി. ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. കുട്ടികളുടെ പഠനം മുടങ്ങി. സമാധാനം നഷ്ടമായി. ആളുകള്‍ക്ക് ബന്ധുക്കളുടെ നിഴല്‍വെട്ടം കാണുന്നത് പോലും ഭയമായി മാറി. പിന്നീടങ്ങോട്ട് എല്ലാവരും ഒറ്റപ്പെടുത്തി.
അവിടം കൊണ്ടും തീര്‍ന്നില്ല. പിതാവിനൊരു പലചരക്ക് കടയുണ്ടായിരുന്നു. ഭീകരവാദിയുടെ പിതാവെന്ന് ആ വൃദ്ധനെ എല്ലാവരും വിളിച്ചു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി. അതോടെ കച്ചവടം അവസാനിപ്പിച്ച് പിതാവ് വീട്ടിലിരിക്കേണ്ടി വന്നു. മക്കളുടെതടക്കം കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു.
ഓര്‍ക്കാന്‍ ഭയക്കുന്ന മര്‍ദനങ്ങള്‍
'പൊലീസ് കസ്റ്റഡിയില്‍ രാവും പകലും ക്രൂരമായി മര്‍ദനമേറ്റു, സഹതടവുകാരും മര്‍ദിച്ചു. 'മതപരമായ ചിഹ്നങ്ങളെ പോലും ചോദ്യം ചെയ്തു, താടിയില്‍ പിടിച്ച് വലിച്ചു. നീ മുസ്ലിം അല്ലെയെന്ന് പലതവണ പൊലീസ് അടക്കം ചോദിച്ചു'. ഒരു മാസത്തോളം നിരന്തരമായി പൊലീസ് പീഡിപ്പിച്ചു. പല ഏജന്‍സികളും ചോദ്യം ചെയ്തു. വെള്ള പേപ്പറില്‍ പല തവണ ഒപ്പിട്ടുവാങ്ങി. എന്തിനാണ് എന്നുപോലും ചോദിക്കാന്‍ സാധിച്ചിരുന്നില്ല. ജയിലിലെത്തിയ വീട്ടുകാരെ പോലും കാണാന്‍ അനുവദിച്ചില്ല.
'അറസ്റ്റ് രാഷ്ട്രീയ സമ്മര്‍ദം മൂലം, നഷ്ടപരിഹാരം വേണം
നിരന്തരമായ മര്‍ദനങ്ങള്‍ക്ക് ഇടയില്‍ എന്തിനാണ് അന്യായമായി പിടികൂടിയിരിക്കുന്നതെന്ന് പല തവണ ചോദിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദം മൂലമെന്ന് പൊലീസ് വെളിപ്പെടുത്തി. ആ സമയം എന്ത് പറയണം എന്ത് ചോദിക്കണം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. നീണ്ട ഒന്‍പത് വര്‍ഷത്തെ തീഹാര്‍ ജയില്‍ വാസത്തിന് ശേഷമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. തനിക്ക് സംഭവിച്ചത് മറക്കാന്‍ പറ്റിയാലും കുടുംബത്തിന് സംഭവിച്ചത് മറക്കാന്‍ കഴിയില്ല. പൂര്‍ണ്ണമായും നീതി ലഭിച്ചിട്ടില്ല. നഷ്ട്ടപ്പെട്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് സര്‍ക്കാരിന് എന്ത് മറുപടിയാണ് നല്കാന് ഉള്ളതെന്ന് അറിയണം. അതിനായി കോടതിയെ സമീപിക്കും. ആവശ്യമായ നഷ്ടപരിഹാരവും കുറ്റവാളികള്‍ക്ക് ശിക്ഷയും ലഭിക്കണം. തന്നെ പോലെ നിരപരാധികളായ ആളുകള്‍ ജയിലിലുണ്ട്. അവര്‍ക്ക് വിശ്വാസം കോടതിയെയാണ്.
തീവ്രവാദി എന്ന 'ടാഗി'ല്‍ ജീവിക്കേണ്ടിവന്ന, സമൂഹം ഒന്നടങ്കം ബഹിഷ്കരിച്ച ഈ കുടുംബം എങ്ങനെ ജീവിതത്തിലേക്ക് തിരികെ വരും? കൂട്ടിന് ആരുമില്ലെങ്കിലും അഭിമാനത്തോടെ ജീവിക്കാനാണ് ഇവരുടെ തീരുമാനം.
തൗഫീഖ് അസ്ലം | മുഹമ്മദ് റാഷിദ്