മലയാള സിനിമയെ ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കും - ഗോള്‍ഡ സെല്ലം
|മലയാള സിനിമയെ ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം.
കുറ്റമറ്റരീതിയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഓരോ സിനിമയും അത് പങ്കുവെക്കുന്ന രാഷ്ട്രീയവും ലോകശ്രദ്ധ നേടുമ്പോള്‍ അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ക്യൂറേറ്റര്‍ക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. ലോകത്തിന് മുന്പില് മലയാള സിനിമയെ എത്തിക്കുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പാക്കുന്നത് സുപ്രധാനമാണ്.
മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകര്‍ക്ക് ചിത്രങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നതിന് ഭാഷ തടസ്സമാകാറുണ്ട്. വിദേശ മേളകളില്‍ മലയാള സിനിമയുടെ സബ്ടൈറ്റില്‍ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമ്പോള്‍ സംവേദനത്തില്‍ പ്രശ്നം വരാന്‍ സാധ്യതയുണ്ട്. ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. വിദേശ കമ്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തില്‍ മലയാള സിനിമകള്‍ക്ക് ഗുണം ചെയ്യും. അടുത്ത ഘട്ടത്തില്‍ സഹനിര്‍മാണത്തിലേയ്ക്ക് കടക്കാന്‍ സാധിക്കും.
സബ്ടൈറ്റില്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ സിനിമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ക്ക് പരിശീലനം നല്കുന്നതിനോടൊപ്പം ഏജന്‍സികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകും.