Interview
തിരിച്ചുവരവ് ഇല്ലാത്ത പ്രവാസങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവണം - ഷഫീഖ് വളാഞ്ചേരി
Interview

തിരിച്ചുവരവ് ഇല്ലാത്ത പ്രവാസങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവണം - ഷഫീഖ് വളാഞ്ചേരി

അലി ഹസ്സന്‍ ടി.പി
|
6 Dec 2023 11:52 AM GMT

മണിപ്പാല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റീസില്‍ അസിസ്റ്റന്റ് പ്രൊഫസറും The gulf migrant archives in Kerala, reading borders and belonging എന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കിനിരിക്കുന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ കൂടി ആയ ഷഫീഖ് വളാഞ്ചേരിയുമായി അലി ഹസ്സന്‍ ടി.പി നടത്തിയ അഭിമുഖം.

പ്രവാസി പഠനങ്ങളുടെ പുതിയ പ്രത്യേകതകളെ കുറിച്ച് ?

പ്രവാസത്തെ കുറിച്ച് വന്നിട്ടുള്ള പഠനങ്ങള്‍ അധികവും സാമൂഹിക സാമ്പത്തിക ഡാറ്റയെ കേന്ദ്രീകരിച്ചാണ് പൊതുവേ വന്നിട്ടുള്ളത്. അതില്‍ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമം ആണ് ഞങ്ങള്‍ നടത്തുന്നത്. എന്റെ പഠനത്തില്‍ ഗള്‍ഫ് പ്രവാസികളിലെ സാഹിത്യം, ഫോട്ടോഗ്രഫി തുടങ്ങിയവയെ കുറിച്ച ക്വാളിറ്റേറ്റീവ് പഠന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗള്‍ഫ് എന്നത് സാമ്പത്തിക സ്രോതസ് ആയി മാത്രം കാണാതെ ഗള്‍ഫിന്റെ മറ്റു പ്രതീതികളെ കുറിച്ചുള്ള ആലോചനകളും പ്രസക്തമാണ്.

ഫോട്ടോഗ്രഫിയെ പ്രവാസി പഠനങ്ങളിലെ മുഖ്യ ആര്‍ക്കേവ് ആയി കാണുന്നതിലെ സാധ്യതകള്‍ എന്തൊക്കെയാണ്?

ഗള്‍ഫ് യഥാര്‍ഥത്തില്‍ നാം കാണുന്നത് ഫോട്ടോഗ്രാഫിയിലൂടെയാണ്. സിനിമകള്‍ ഉണ്ടാവുന്നത് പിന്നീടാണ്. ഗള്‍ഫ് എന്ന സങ്കല്‍പ്പത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള കോണ്‍ക്രീറ്റ്‌നസ് ഉണ്ടെങ്കില്‍ അത് ഫോട്ടോകളിലൂടെയാണ്. രണ്ട് വശങ്ങള്‍ നമുക്ക് അതില്‍ കാണാം. നമ്മള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ റിയല്‍ ആയ ഒന്നിന്റെ ഡോക്യുമെന്റേഷന്‍ എന്നതിനപ്പുറം അതില്‍ തന്നെ ഒരു ഫാന്റസി ഉണ്ട്. അങ്ങനെ വരുമ്പോള്‍ നമ്മുടെ നാട്ടില്‍ ഗള്‍ഫ് ഒരു ഫാന്റസി ആവുകയും അതേസമയം ഒരു റിയല്‍ ആവുകയും ചെയ്യുകയാണ്. ഈ ഒരു ദ്വന്ദം നമ്മുടെ പ്രവാസത്തിന്റെ വലിയൊരു ഡ്രൈവ് ആണ്. പ്രവാസത്തെ കുറിച്ച് പറയുമ്പോള്‍ പൊതുവേ പണം ഉള്ളിടേത്തക്ക് പോവുന്നു എന്ന തികച്ചും റാഷനല്‍ ആയ ചിന്തക്കപ്പുറത്തേക്ക് ആലോചിക്കേണ്ടതുണ്ട്. പണം ഉണ്ടാക്കുക എന്നതിനപ്പുറം ഒരിടത്തേക്ക് പോയി അവിടെ ജീവിക്കല്‍ കൂടിയാണ് പ്രവാസം എന്നത്. ആ ജീവിതം നമുക്ക് ഫോട്ടോഗ്രാഫിയിലൂടെ ലഭിക്കും.

പ്രവാസത്തോട് കൂടി കേരളത്തില്‍ ഉണ്ടായിട്ടുള്ള സാംസ്‌കാരിക മാറ്റങ്ങള്‍, വസ്ത്ര ധാരണത്തിലും ഭക്ഷണത്തിലും മറ്റും?

സാംസ്‌കാരികം എന്നാല്‍ നമ്മുടെ ഭക്ഷണം, വസ്ത്രം, ഭാഷ തുടങ്ങിയവയാണല്ലോ. അതിലെല്ലാം സ്വാഭാവികമായും ഗള്‍ഫ് സ്വാധീനം ഉണ്ട് എന്നത് തീര്‍ച്ചയാണ്. അല്ലീ വല്ലീ, ഹിമാറ് പോലുള്ള പദ പ്രയോഗങ്ങള്‍ നമുക്ക് ടെക്സ്റ്റ് ബന്ധത്തിലൂടെ ലഭിക്കുന്നതല്ല. മറിച്ച് ഗള്‍ഫിന്റെ lived experience ലൂടെ വരുന്ന വാക്കുകള്‍ ആണ്. അതേസമയം ഗള്‍ഫിലും നമ്മളിലൂടെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട് എന്നതും പ്രധാനമാണ്. അവിടെ മലയാളി ഭക്ഷണ ശാലകള്‍ പോലുള്ള മലയാളി അനുഭവങ്ങള്‍ പലതരത്തില്‍ കാണാവുന്നതാണ്.

പഴയഗള്‍ഫ് പഠനങ്ങളില്‍ ഉള്ള ഒരു പൊതു പ്രത്യേകത ഗള്‍ഫ് എപ്പോഴും പണം ഉത്പാദിപ്പിക്കാന്‍ ഉള്ള ഒരു കേന്ദ്രവും നാട് ഒരു പെരിഫറി ആയി മാത്രം നില്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഉള്ളതാണ്. യു.കെ പോലുള്ള രാജ്യങ്ങളിലേക്കുള്ള പുതിയ പ്രവാസങ്ങള്‍ യഥാര്‍ഥത്തില്‍ ഗള്‍ഫ് യാത്രയുടെ തുടര്‍ച്ചയായി തന്നെ കാണാവുന്നതാണ്. എങ്കിലും അതിലുള്ള പ്രധാന വ്യത്യാസം ഒരു തിരിച്ചു വരവ് ഇല്ലാത്ത വിധം പോയി settle ആവുക എന്നതിലേക്ക് കേന്ദ്രീകരിക്കുന്നതാണ്. അത്തരം പുതിയ പ്രവസങ്ങളെ കൂടുതല്‍ പഠനങ്ങള്‍ വരേണ്ടതാണ്.

പത്തേമാരി, മ്യാവൂ പോലുള്ള പ്രവാസം പ്രമേയമായി വരുന്ന സിനിമകളെ കുറിച്ച്?

പത്തേമാരി പൊതുവേ ഒരു പഴയ പ്രമേയമുള്ള സിനിമയാണ്. അതിലുള്ള പ്രവാസി സങ്കല്‍പ്പം എന്നത് നമ്മുടെ പഴയ ഓര്‍മക്കുറിപ്പുകളില്‍ ഉള്ള പോലെ നാട്ടില്‍ ഉള്ളവര്‍ക്ക് വേണ്ടി ഒരുപാട് ത്യജിച്ച് ഗള്‍ഫില്‍ പോയി കഷ്ടപ്പെടുന്നു എന്നതാണ്. കുടിയേറ്റ സിനിമകള്‍ (migration cinema) എന്ന് വിശേഷിപ്പിക്കുമ്പോള്‍ മ്യാവൂ പോലുള്ള പുതിയ സിനിമകള്‍ ഡയസ്‌പ്പോറിക് സിനിമകള്‍ ആണ് എന്ന് പറയാം. അവിടെ നാട്, ഗള്‍ഫ് എന്ന ഒരു വേര്‍തിരിവ് അത്ര ശക്തമല്ല. മ്യാവൂ, ആയിരത്തൊന്നു നുണകള്‍ പോലുള്ള സിനിമകള്‍ യഥാര്‍ഥത്തില്‍ ഈ വേര്‍ത്തിരിവിനെ ഇല്ലാതാക്കുന്ന, കേരള ജീവിതത്തിന്റെ തന്നെ ഒരു വികസിത രൂപം എന്ന അര്‍ഥത്തില്‍ ഒരു പുതിയ ജോണര്‍ രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെ കാണാവുന്നതാണ്. പ്രവാസ ജീവിതത്തിലും സാമൂഹികവും കുടുംബപരവുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിക്കുന്ന സിനിമകളാണ് ഇപ്പോഴുള്ളത് എന്നതാണ് പ്രധാന വ്യത്യാസം. ഇത്തരം സിനിമകളിലൂടെ ഇപ്പോള്‍ പഴയ കഥകള്‍ക്ക് പൊതുമണ്ഡലത്തില്‍ കാര്യമായ ദൃശ്യത ലഭിക്കുന്നു എന്നതും പുതിയ ഗള്‍ഫ് പഠനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രധാനമാണ്.


Related Tags :
Similar Posts