ഗാന്ധിജി എന്ന പേരുമാത്രമാണ് ആഘോഷിക്കപ്പെടുന്നത്, ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു - സക്കറിയ
|മുന്‍പ്, ഫാസിസം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ പുച്ഛിക്കുകയാണുണ്ടായത്. വര്‍ഗ്ഗീയത എന്താണെന്നുംഅതിന്റെ ഭവിഷ്യത്തുകള്‍ എങ്ങനെയാണെന്നും നമ്മുടെ മുഖ്യധാരകള്‍ അതിനെ വളരാന്‍ എന്തു മാത്രം സഹായിക്കുന്നുണ്ടെന്നും ചരിത്രം അറിയുന്നവര്‍ക്കു പോലും ധാരണയില്ല. എഴുത്തുകാരന്‍ സക്കറിയയുമായി നജാ ഹുസൈന്‍ നടത്തുന്ന അഭിമുഖ സംഭാഷണം.
വിവിധങ്ങളായ പരിണാമങ്ങളിലൂടെ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും വികസിച്ച ചെറുകഥാ സാഹിത്യത്തെ അതിന്റെ പുതുമ നഷ്ടപ്പെടാതെ തന്നെ പഴമയുടെ മാധുര്യത്തിലും കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് മലയാളികളുടെ പ്രിയപ്പെട്ട പോള്‍ സക്കറിയ എന്ന സക്കറിയ. കഥ, നോവല്‍, യാത്രാ വിവരണം, ബാല സാഹിത്യം, തിരക്കഥ തുടങ്ങി സാഹിത്യത്തിലെ സമഗ്ര മേഖലകളിലും തന്റെ കയ്യൊപ്പു പതിപ്പിച്ച എഴുത്തുകാരന് പുതുകാല എഴുത്തുകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. പുതുവഴികളിലൂടെയും ചിന്തകളിലൂടെയും മലയാള കഥാസാഹിത്യത്ത കൊണ്ടുവന്ന സക്കറിയ തന്റെ ദര്‍ശനങ്ങളെക്കുറിച്ചും എഴുത്തു പരിസരങ്ങളെക്കുറിച്ചും സമകാലിക പരിതസ്ഥിതികളെക്കുറിച്ചും നജ ഹുസൈനുമായി സംസാരിക്കുന്നു.
എം.പി സക്കറിയ എന്ന വ്യക്തിയില്‍ നിന്നും സക്കറിയ എന്ന എഴുത്തുകാരനിലേക്ക് എത്ര ദൂരമുണ്ടായിരുന്നു?
കുട്ടിക്കാലം മുതല്‍ വായിക്കുമായിരുന്നു. ഗ്രാമീണ വായനശാലകള്‍ക്ക് പുറമേ വീട്ടുകാരും വായനയെ പ്രോത്സാഹിപ്പിച്ചിരുന്നു. വീട്ടില്‍ പുസ്തകങ്ങളുണ്ടായിരുന്നു. വായനയുടെ ഒരു ഘട്ടത്തില്‍ എഴുത്ത് കടന്നുവന്നു. എല്ലാ എഴുത്തുകാരെയും വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇംഗ്ലീഷിലേക്കും വായനയെ കൊണ്ടുപോയി. ഈ വായനകള്‍ മാത്രമാണ് എന്നിലെ എഴുത്തുകാരനെ സൃഷ്ടിച്ചത്.
മനോഹരമായ യാത്രാവിവരണങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച യാത്രികനെന്നെ നിലയില്‍ നാടിന്റെ സാംസ്‌കാരികതയും സാമൂഹ്യവ്യവസ്ഥിതിയും മനസ്സിലാക്കാന്‍ ആ യാത്രകള്‍ എത്ര മാത്രം സഹായിച്ചിട്ടുണ്ട്?
യാത്ര ചെയ്യുന്നതിന് മുന്‍പ് നല്ല പ്രിപ്പറേഷന്റെ ആവശ്യമുണ്ട്. പോകുന്ന രാജ്യത്തെപ്പറ്റിയും അവിടുത്തെ ഭൂപ്രകൃതിയെപ്പറ്റിയുമൊക്കെ ഏകദേശ ധാരണയുണ്ടാക്കിയിട്ട് പോകുന്നതാണ് നല്ലത്. ഞാന്‍ സൂക്ഷ്മമായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് പോകുക.യാത്രകളിലൂടെ നമ്മളിലെ മനുഷ്യനാണ് വളരുന്നത്.മറ്റു നാടുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് വ്യത്യസ്തമായ സംസ്‌കാരങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നത്. വ്യക്തിത്വവികസനത്തിന് യാത്രകള്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്.
യാത്രകളിലെ ഒരു സാഹസിക അനുഭവം പങ്കുവയ്ക്കാമോ? അതുപോലെ ആഫ്രിക്കന്‍ യാത്രകളില്‍ ഉണ്ടായ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
എല്ലാ യാത്രകളും സാഹസികങ്ങളാണ്. എല്ലാറ്റിനും അതിന്റേതായ വെല്ലുവിളികളും ആനന്ദങ്ങളുമുണ്ട്. 15000 അടി ഉയരത്തില്‍ ഹിമാലയത്തിലെ തപോവനത്തിലേക്കുള്ള യാത്രയായിരിന്നു ഏറ്റവും സാഹസികമെന്ന് തോന്നുന്നത്. ആ അനുഭവമാണ് 'തപോവന യാത്ര' എന്ന പുസ്തകത്തിലുള്ളത്. ആഫ്രിക്കയില്‍ എസ്.കെ പൊറ്റക്കാട് അനുഭവിച്ച കഷ്ടപ്പാടിന്റെ ഒരംശം പോലും ഞാനനുഭവിച്ചിട്ടില്ല. ആഫ്രിക്കയിലേക്ക് പോകുന്നത് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. റോഡുകള്‍ പോലും മാറിക്കഴിഞ്ഞു. പൊറ്റക്കാടിന് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകാന്‍ റോഡിലൂടെ അടുത്ത ചരക്കുവണ്ടി വരുന്നതുവരെ കാത്തിരിക്കണമായിരുന്നു. ആഫ്രിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുരന്തം സ്വേച്ഛാധിപതികള്‍ അവരെ എളുപ്പത്തില്‍ കൈയടക്കുമെന്നുള്ളതാണ്. ടാന്‍സാനിയ മാത്രമാണ് അതിനൊരപവാദമായി തോന്നിയിട്ടുള്ളത്.
ജനാധിപത്യം സേച്ഛാധിപത്യത്തിന് വഴി മാറുന്നത് ആഫ്രിക്കയില്‍ മാത്രമാണോ?
അല്ല. ഇന്ത്യയുള്‍പ്പെടെയുള്ള അനേകം രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിവിശേഷമാണത്. പക്ഷേ, സ്വതന്ത്ര മാധ്യമങ്ങള്‍ കുറവായതും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞതുമായ ജനതയെന്ന നിലയില്‍ ആഫ്രിക്കയില്‍ അത് വളരെ എളുപ്പത്തില്‍ സാധിക്കുന്നുവെന്ന് മാത്രം. സ്വതന്ത്ര മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥകളുമുള്ള രാജ്യങ്ങളില്‍ അതെളുപ്പത്തില്‍ സാധിക്കില്ല. എന്നാലും പൂര്‍ണ്ണമായും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പേരു പറയാന്‍ കഴിയുന്നില്ല. അമേരിക്കയിലും സ്ഥിതി മറിച്ചല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതീക്ഷ നിലനില്‍ക്കുന്നത്.
ഇതിനെല്ലാം മാറ്റം വരുന്ന ഒരു കാലത്തെ നമുക്ക് സ്വപ്നം കാണാന്‍ കഴിയുമോ?
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ പ്രയാസമാണ്. മതങ്ങള്‍ പിടിമുറുക്കുന്ന ഭരണ സംവിധാനങ്ങളില്‍ ജനാധിപത്യം പുലരുമെന്ന് പ്രതീക്ഷിക്കാനാവില്ല. പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമാകുന്നു. പകരം, കുട്ടികള്‍ കളവുകള്‍ പഠിക്കേണ്ടതായി വരുന്നു. ഏറ്റവും പ്രധാനം കുട്ടികള്‍ക്ക് പൗരന്‍ എന്ന നിലയിലുള്ള അഭിമാനം, അവകാശം, ജനാധിപത്യ ബോധം എന്നിവ ലഭിക്കുകയെന്നതാണ്. ഇവിടെയാണ് നാം യൂറോപ്യന്‍ രാജ്യങ്ങളെ മാതൃകയാക്കേണ്ടത്. അവിടെ ചെറിയ ക്ലാസ്സുകള്‍ മുതല്‍ സാമൂഹിക ചുമതലകളും ജനാധിപത്യ മൂല്യങ്ങളും സിലബസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ പൗരന്റെ അവകാശത്തെക്കുറിച്ചോ കടമകളെക്കുറിച്ചോ കുട്ടികളെ പഠിപ്പിക്കുന്നില്ല. അങ്ങനെ ജനാധിപത്യമൂല്യങ്ങളറിയാത്ത ഒരു തലമുറ ഉണ്ടാകുന്നു. ചെറിയ ക്ലാസ്സു മുതല്‍ ജനാധിപത്യബോധം അരക്കിട്ടുറപ്പിച്ചാല്‍ മാത്രമേ ഇനിയുള്ള കാലത്ത് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
താങ്കളുടെ ലേഖനങ്ങളില്‍ വര്‍ഗീയ ഫാസിസത്തെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. കോര്‍പ്പറേറ്റുകള്‍ വര്‍ഗീയതയെ ഒരായുധമാക്കുന്നുണ്ടോ?
കോര്‍പ്പറേറ്റുകള്‍ക്ക് എന്തും ആയുധമാണ്. അവരെ സംബന്ധിച്ച് സദാചാരത്തിന്റെയോ സത്യബോധത്തിന്റെയോ പ്രശ്‌നമില്ല. അവരുടെ കച്ചവടത്തിന് എന്താണോ വളമാകുന്നത് അതുപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അത് മതസ്പര്‍ധയാകട്ടെ, മത സാഹോദര്യമാകട്ടെ. പക്ഷേ, ഒരു കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. അസമാധാനം അവര്‍ ആഗ്രഹിക്കുന്നില്ല. കാരണം, കലഹങ്ങളും യുദ്ധങ്ങളും അവരുടെ വിപണി ഇല്ലാതാക്കും. എന്നാല്‍, ആയുധ നിര്‍മാണ കോര്‍പ്പറേറ്റുകള്‍ക്ക് യുദ്ധമാണ് ആവശ്യം.
'ഇതാണെന്റെ പേര്' എന്ന നോവലില്‍ ഗോഡ്‌സേയുടെ മനോവിചാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇരക്ക് മരണശേഷം മുക്തി കിട്ടുമെന്ന ചിന്ത പോലും ഘാതകനെ അസ്വസ്ഥനാക്കുന്നു. അന്നത്തെ വായനക്കാര്‍ ആ വിദ്വേഷത്തെ മനസ്സിലാക്കുന്നവരായിരുന്നോ?
അന്ന് മാത്രമല്ല ഇന്നും അത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് അധികവും എന്നു തോന്നുന്നു. അന്ന് ഫാസിസം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ പുച്ഛിക്കുകയാണുണ്ടായത്. വര്‍ഗ്ഗീയത എന്താണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ എങ്ങനെയാണെന്നും നമ്മുടെ മുഖ്യധാരകള്‍ അതിനെ വളരാന്‍ എന്തുമാത്രം സഹായിക്കുന്നുണ്ടെന്നും ചരിത്രം അറിയുന്നവര്‍ക്കു പോലും ധാരണയില്ല. സയന്‍സ് വിഷയങ്ങളില്‍ തല്‍പരരായ ഇന്നത്തെ തലമുറക്കു ചരിത്രവും അറിയില്ല, അതറിയാനും ശ്രമിക്കുന്നില്ല. 'ആരാണ് ഹിറ്റ്‌ലര്‍?' എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമറിയില്ല. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരാണവര്‍. ഞാനവരെ കുറ്റം പറയുകയല്ല. കാരണം, അവരെ അത് പഠിപ്പിക്കുന്നില്ല. ഇവിടെ ഫാസിസം ഇപ്പോഴും ഉണ്ടെന്നും അതുമൂലം ഭാവിയില്‍ ഭീകര ഭവിഷ്യത്തുകള്‍ ഉണ്ടായേക്കാമെന്നും പറഞ്ഞാല്‍ അവര്‍ ചിരിക്കുകയേ ഉള്ളൂ. അതാണ് ആ നോവലിനും സംഭവിച്ചത്.
താങ്കളുടെ ചില കഥകളില്‍ ഗാന്ധിജി ഒരു കഥാപാത്രമായി കടന്നു വരുന്നുണ്ട്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സമകാലിക പ്രസക്തിയെപ്പറ്റി?
എല്ലാ തത്വചിന്തകന്‍മാര്‍ക്കും ആദര്‍ശവാദികള്‍ക്കും സംഭവിച്ചിട്ടുള്ള കാര്യമാണ് ഗാന്ധിജിയുടെ കാര്യത്തിലും സംഭവിച്ചത്. ആ കാലത്തു പോലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ അനഭിമതമായിരുന്നു. അതില്‍ പലതും നെഹ്‌റുവിനും പട്ടേലിനുമൊക്കെ ഒരു ഭാരമായാണ് തോന്നിയത്. കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് പറഞ്ഞത്, സൈന്യം ഉണ്ടാക്കാന്‍ പാടില്ലെന്ന് പറഞ്ഞത്, വിഭജനം പാടില്ലെന്നും എന്നാല്‍ അതു നടന്നപ്പോള്‍ പാകിസ്താന് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞതൊക്കെയും ആര്‍ക്കും വേണ്ടാത്ത കാര്യങ്ങളായിരുന്നു. അന്നേ പിന്‍തള്ളപ്പെട്ട ആദര്‍ശങ്ങളായിരുന്നു അതൊക്കെ. പിന്നെ ഇപ്പോഴത്തെ കാലത്തെപ്പറ്റി പറയാനുണ്ടോ? ഒരു കരണത്തടിക്കുമ്പോള്‍ മറ്റൊരു കരണവും കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ കേള്‍ക്കുമെന്ന് തോന്നുന്നുണ്ടോ? അഹിംസയെന്നത് ഒരു കാലത്തും മനുഷ്യന് നടപ്പാക്കാനാവാത്ത സങ്കല്‍പ്പമാണ്.'ഗാന്ധിജി' എന്ന പേരു മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തോടു കൂടി അവസാനിച്ചു.
'ഇത്രയധികം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ ഒരു രക്ഷകന്‍ കടന്നു വരേണ്ടത്?' - ആര്‍ക്കറിയാം എന്ന കഥയിലെ ഈ ചോദ്യം ഫലസ്തീനില്‍ നടക്കുന്ന ശിശുഹത്യകളെ ഓര്‍മിപ്പിക്കുന്നു?
ഫലസ്തീനില്‍ മാത്രമല്ല, ഒരു രാജ്യത്തും രക്ഷകനെ പ്രതീക്ഷിച്ചിട്ടല്ല ചോരയൊഴുക്കുന്നത്. അധികാരം എന്ന ഒറ്റ ലക്ഷ്യമേ അതിനു പിന്നിലുള്ളൂ. ഏതു യുദ്ധത്തിലും കൂടുതലും കൊല്ലപ്പെടുന്നത് കുട്ടികളടക്കമുള്ള നിരപരാധികളായിരിക്കും. അതിപ്പോള്‍ യുക്രെയിനിലായാലും ഇറാഖിലായാലും ഫലസ്തീനിലായാലും. എല്ലാറ്റിനും പിറകില്‍ ഒരു ലോബിയുണ്ടായിരിക്കും. അവര്‍ക്ക് വ്യക്തമായ അജണ്ടകളുമുണ്ടാകും. അതില്‍ ചിലത് ആയുധ കച്ചവടവുമായി ബന്ധപ്പെട്ടതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ ആളിക്കത്തിച്ചു ബിസിനസ് ചെയ്യുകയെന്നുള്ളതാണ് ആയുധക്കച്ചവടക്കാരുടെ ലക്ഷ്യം. യുദ്ധം എത്രകാലം നീളുന്നുവോ അത്രയും നല്ലത്. അതിലിപ്പോള്‍ കുട്ടികള്‍ കൊല്ലപ്പെടുന്നെന്നോ സ്ത്രീകള്‍ അനാഥരാവുന്നെന്നോ അവര്‍ക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. ഒന്നുകഴിഞ്ഞാല്‍ അടുത്തത് തുടങ്ങണമെന്നതാണ് അവരുടെ ആവശ്യം. വിമാനങ്ങളെയും ബോംബുകളെയുമൊക്കെ നിരന്തരം പുതുക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയിഒരെണ്ണം വാങ്ങിയതിന്റെ പിറ്റേന്ന് അത് കാലഹരണപ്പെട്ടിട്ടുണ്ടാവും. പാകിസ്താനും അടുത്ത മോഡല്‍ വാങ്ങിയിട്ടുണ്ടാവും.
താങ്കളുടെ കഥാപാത്രങ്ങളെല്ലാം ബന്ധങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നവരാണല്ലോ. ഇക്കാലത്ത് നമ്മുടെ നാട്ടില്‍ വ്യക്തി സ്വാതന്ത്ര്യത്തിനു പോലും അത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നു കാണാം?
ഓരോരുത്തര്‍ക്കും അവരുടേതായ സ്‌പെയ്‌സ് ഉണ്ടെന്ന് കേരളം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. നമ്മുടേതായ ഇടം നമുക്കുണ്ടാവണം. പരസ്പര ബഹുമാനം എല്ലാ ബന്ധങ്ങളിലും പ്രാധാന്യമാണ്. പാശ്ചാത്യരെ കാണുക, അവര്‍ക്ക് വ്യക്തമായ സ്വാതന്ത്യങ്ങളുണ്ട്. പരസ്പരം ബാധ്യതകളാകാതെ എന്നാല്‍, ബഹുമാനം കൊടുത്തുകൊണ്ട് പെരുമാറുന്നു. ഭാര്യയും ഭര്‍ത്താവുമാണെങ്കിലും മക്കളും മാതാപിതാക്കും തമ്മിലാണെങ്കിലും കാമുകിയും കാമുകനും തമ്മിലാണെങ്കിലും അങ്ങനെ തന്നെ. കേരളത്തിലെ ചെറുപ്പക്കാരില്‍ മാറ്റം കാണുന്നുണ്ട്. ആണിന്റെ വാലില്‍ തൂങ്ങി നടക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ചുരുക്കമാണ്. ഭര്‍ത്താവിന് ആറടി പിറകേ ഭാര്യ നടക്കണമെന്ന് പറഞ്ഞാല്‍ ഇന്നത്തെ പെണ്‍കുട്ടികളെ അതിന് കിട്ടുമെന്ന് തോന്നുന്നില്ല. ഒരു തുല്യത ഉണ്ടാക്കിയെടുക്കാന്‍ ഈ തലമുറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ മാറ്റമാണ്.
സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തില്‍ എഴുത്തുകള്‍ ആഘോഷിക്കപ്പെടുന്നുണ്ട്. അതേസമയം എഴുത്തുകാരെ ലോകം അറിയാതെ പോകുന്ന സ്ഥിതിയും ഉണ്ട്?
സോഷ്യല്‍ മീഡിയകളുടെ വര്‍ഗ്ഗീയ വിഷപ്രചരണത്തിനല്ലാത്ത സ്വാധീനങ്ങളെ സ്വാഗതം ചെയ്യുന്നു. പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പുതുതലമുറ മടിക്കുന്ന കാലത്ത് ഇത്രയധികം കോപ്പികള്‍ വിറ്റഴിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നുവെന്നത് കാലത്തിന്റെ ഒരു നല്ല മാറ്റമായി കാണാം. പിന്നെ എന്തുകൊണ്ട് സോഷ്യല്‍ മീഡിയയിയല്‍ എഴുത്തുകാര്‍ ആഘോഷിക്കപ്പെടുന്നില്ലായെന്നു ചോദിച്ചാല്‍ ആഘോഷങ്ങള്‍ക്ക് കാലമെടുക്കും എന്നാണുത്തരം. എഴുതി തെളിയണം. ബഷീറും എം.ടിയുമൊക്കെ എഴുതുന്നത് വായിക്കുമ്പോള്‍ വെറും രണ്ടുവരികള്‍ കൊണ്ട് എഴുത്തിനൊപ്പം എഴുത്തുകാരനെയും അടയാളപ്പെടുത്തുന്നത് കാണാം. അതെല്ലാം ഒറ്റ ദിവസം കൊണ്ട് ഉണ്ടായി വരുന്നതല്ല. നിരന്തരമായ വായനയും എഴുത്തും കൊണ്ട് സാധിക്കുന്നതാണ്. ഇന്നത്തെ എഴുത്തുകാര്‍ക്ക് അതിനുള്ള ക്ഷമയില്ലാത്തതാകാം അവര്‍ പുറന്തോടുകള്‍ പൊട്ടിച്ച് പുറത്തു കടക്കാത്തതിനു കാരണം.
എഴുത്തു ജീവിതത്തില്‍ എപ്പോഴെങ്കിലും റൈറ്റേഴ്‌സ് ബ്ലോക്കില്‍ പെട്ടു പോയിട്ടുണ്ടോ?
സത്യത്തില്‍ അങ്ങനൊന്നുണ്ടോ? എഴുത്തുകാരന്റെ തലച്ചോറില്‍ ഉടലെടുക്കുന്ന ആശയങ്ങളുടെ ആവിഷ്‌കാരമാണ് രചനകള്‍. അവിടെ ഒരു ബ്ലോക്കിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. പിന്നെ ചിലര്‍ ഒരു ഫാന്റെസിക്ക് വേണ്ടി അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു പക്ഷേ അതൊരു ഒഴികഴിവു മാത്രമായിരിക്കാം. എന്തായാലും എനിക്കങ്ങനെ ഉണ്ടായിട്ടില്ല.