പതറാത്ത കാലടികൾ
|ഷിബു ബേബി ജോൺ പിതാവിനെ ഓർക്കുന്നു
രാഷ്ട്രീയത്തിലാവട്ടെ വീട്ടിലാവട്ടെ ഒരു അതികായൻ എന്ന നിലയിലാണ് ഞങ്ങൾ അച്ഛനെ കണ്ടിട്ടുള്ളത്. പൊതു രംഗത്ത് ഏത് പ്രതിസന്ധിയിലും കുലുങ്ങാത്ത , എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനുവേണ്ടി അൽപ്പം സമയം കണ്ടെത്തുന്ന ഒരാൾ. അപൂർവ്വമായിട്ട് മാത്രമേയുള്ളൂ ഒരു കർക്കശക്കാരനായത്. അത് ചെറുപ്രായത്തിൽ കുസൃതി കാണിക്കുമ്പോഴോ പരീക്ഷയിൽ മോശം റിസൾട്ട് വരുമ്പോഴോ അമ്മയുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഘട്ടം വരുമ്പോഴോ മാത്രമായിരുന്നു. ഒരു അധ്യാപിക കൂടി ആയിരുന്നതു കൊണ്ട് ഞങ്ങളുടെ എല്ലാ കാര്യങ്ങളും പഠന കാര്യങ്ങളും മറ്റും അമ്മയായിരുന്നു ശ്രദ്ധിച്ചിരുന്നത്.
അദ്ദേഹം മന്ത്രിയായപ്പോൾ എനിക്ക് ഏഴ് വയസ്സാണ്. അതിനുശേഷമുള്ള ഓർമയിൽ , എത്ര തിരക്കുണ്ടെങ്കിലും വൈകീട്ട് അത്താഴം കഴിക്കുന്നത് എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ആയിരുന്നു പതിവ്. ആ അല്പം സമയം മാത്രമാണ് ഞങ്ങളുടെ സ്വകാര്യതയിൽ പിതാവിനെ കിട്ടുന്നത്. എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അതായിരുന്നു പിതാവുമായിട്ട് അടുത്ത് ഇടപഴകുന്ന സമയം.
മന്ത്രിയായ ബേബി ജോൺ
അതിനുശേഷം പിന്നെ കുറച്ചൂടെ കഴിഞ്ഞ് എന്റെ കലാലയ ജീവിതം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഒരു ബിസിനസിലേക്ക് വന്നപ്പോൾ ഏത് വിഷയം ഉണ്ടെങ്കിലും ചെന്ന് ധൈര്യത്തോടുകൂടി പറയാൻ സാധിക്കുന്ന ഒരാളായി. അദ്ദേഹം നേരിട്ട് ബിസിനസ് ഒന്നും നോക്കുമായിരുന്നില്ല. എന്തെങ്കിലും ഒരു വിഷയം ഉണ്ടെങ്കിൽ അദ്ദേഹത്തെ കണ്ട് ധരിപ്പിക്കും. അത്തരം സന്ദർഭങ്ങളിൽ പരിഹാരം കണ്ടെത്തുന്ന ഒരു അത്താണി എന്നുള്ള ഒരു റോളും കൂടെ അദ്ദേഹത്തിന് ഉണ്ടായി. ആദ്യമായിട്ട് മന്ത്രിയാകുന്ന അന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത് എനിക്ക് ഓർമയുണ്ട്. പക്ഷേ, മന്ത്രി എന്താണെന്നോ അതിന്റെ സ്ഥാനമോ തിരിച്ചറിയാനുള്ള വളർച്ചയും പക്വതയൊന്നും ആയിട്ടില്ലായിരുന്നു. അന്നുമുതൽ കണ്ട ഒരു ജീവിതം അങ്ങിനെ തുടർന്നു. പത്ത് വർഷക്കാലം തുടർച്ചയായിട്ട് മന്ത്രിയായിരുന്നിട്ടുണ്ട്. എന്റെ എൻജിനീയറിങ്ങ് പഠന സമയമൊക്കെ ആകുമ്പോഴത്തേക്ക് മന്ത്രിയുടെ മകൻ എന്നുള്ള നിലയിലുള്ള ഒരു സ് റ്റാറ്റസുമായി പൊരുത്തപ്പെട്ടുപോയിരുന്നു.
അറസ്റ്റും കുടുംബ ജീവിതവും
വളരെ തിരക്കുള്ള , മുഴുവൻ സമയവും ജനങ്ങളാൽ ചുറ്റിപ്പറ്റി നിൽക്കുന്ന ഒരാളായിരുന്നു അദ്ധേഹം. ഇതിനിടയിലൊക്കെ ഫാമിലിക്കുള്ള ഒരു സ്പേസും ടൈമും കൃത്യമായി അദ്ധേഹം മാറ്റി വെച്ചു. ഞങ്ങൾക്കെല്ലാവർക്കും പിതാവിനെ സ്വന്തമായി കിട്ടുന്നത് ഈ സമയം മാത്രമാണ്.
അമ്മ പറഞ്ഞു വേറൊരു കാര്യം അറിയാം. ആയിരത്തി തൊള്ളായിരത്തി അൻപത്തി അഞ്ചിലാണ് അവർ വിവാഹിതരായത്. അന്ന് ഉണ്ടായിരുന്നത് വളരെ തിരക്കേറിയ ഒരു ജീവിതമായിരുന്നു. അറസ്റ്റൊക്കെ ആ ഘട്ടങ്ങളിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വിവാഹം കഴിച്ചു കൊണ്ടുവന്നതിനുശേഷം രണ്ടു സിനിമയ്ക്കാണ് ആകെ അമ്മയെ കൊണ്ടുപോയിട്ടുള്ളത്. ആ രണ്ടുദിവസവും അമ്മ തന്നെ അത്ഭുതപ്പെട്ടു. ഒരു സിനിമയ്ക്ക് വാ എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയി. പിറ്റേ ദിവസം അദ്ദേഹം അറസ്റ്റിലായി.
അറസ്റ്റ് മുൻ കൂട്ടി അതറിഞ്ഞുകൊണ്ട് അമ്മയെ ഒന്ന് തൃപ്തിപ്പെടുത്താൻ വേണ്ടിയായിരുന്നു സിനിമക്ക് കൊണ്ടുപോയത്. അങ്ങനെ രണ്ട് പ്രാവശ്യമാണ് കൊണ്ടുപോയിട്ടുള്ളത്. കുട്ടിക്കാലത്ത് അമ്മ ഞങ്ങളെ സിനിമയ്ക്ക് കൊണ്ടു പോകുമായിരുന്നു. അദ്ദേഹത്തിന് അതിനൊന്നും സമയം ചെലവഴിക്കാൻ കഴിയില്ലായിരുന്നു. എൻ്റെ ഓർമവെച്ച നാൾ മുതൽ അദ്ദേഹം ഒരു മന്ത്രിയായിട്ടുള്ള പൊസിഷനിലാണ്.
പ്രതിസന്ധിയുടെ ഘട്ടങ്ങൾ
ഒരു വലിയ പ്രതിസന്ധിയായി ഞങ്ങടെ ജീവിതത്തിൽ വന്നത് സരസൻ കൊല്ലപ്പെട്ട സംഭവം ഉണ്ടായ കാലഘട്ടത്തിലാണ്. കോളജിലൊക്കെ പഠിക്കുന്ന കാലം. അന്ന് അപ്രതീക്ഷിതമായി എല്ലാ ഭാഗത്തുനിന്നും ക്ഷരങ്ങൾ ഏൽക്കുന്നു. ഒരു വലിയ സമൂഹം ഒരു ചെറുപ്പക്കാരനെ കൊന്ന ആളായിട്ട് അദ്ദേഹത്തെ ചിത്രീകരിക്കുന്നു. അവരത് വിശ്വസിക്കുന്നു. അതുണ്ടാക്കിയ ഒരു മാനസിക പിരിമുറുക്കം വളരെ വലുതായിരുന്നു. പത്രങ്ങളിൽ വായിച്ചുള്ളതല്ലാത്ത മറ്റ് രാഷ്ട്രീയ അറിവുകളൊന്നും ഞങ്ങൾക്കതിനെ കുറിച്ച് ഉണ്ടായിരുന്നില്ല.
ഞങ്ങളാരും രാഷ്ട്രീയവും ആയിട്ട് ബന്ധപ്പെട്ട് നിൽക്കുന്നില്ല. പക്ഷേ, പത്രങ്ങൾ വായിച്ചും മറ്റുമുള്ള വിവരം വെച്ച് പലപ്പോഴും അതിനെ പറ്റി ചോദിക്കുമ്പോൾ അതൊക്കെ നിസ്സാരവൽക്കരിച്ചു അദ്ദേഹം. ഇത്തരത്തിൽ ഒരു കരുത്തിന്റെ പ്രതീകമായിട്ടാണ് അദേഹത്തെ കാണാൻ കഴിയുക. എത്ര വിഷമ ഘട്ടങ്ങൾ ഉണ്ടെങ്കിലും നമ്മളെ സമാധാനിപ്പിക്കും. അതൊന്നും പ്രശ്നമില്ല എന്നുള്ള നിലയിൽ നമ്മളെ സമാധാനിപ്പിച്ചുപോകും.
മുല്ലപ്പെരിയാർ വിവാദവും വി.എസിന്റെ നിലപാടും
അതേ സമയം, സരസൻ സംഭവത്തിൽ അദ്ധേഹം ഒത്തിരി ടെൻഷൻ അനുഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. അതായിരുന്നു ഒരു പ്രതിസന്ധി എന്നുള്ള നിലയിൽ ഞങ്ങൾക്കൊക്കെ ബോധ്യപ്പെട്ടിട്ടുള്ള ഒരു വിഷയം. അതിനുശേഷം തൊണ്ണൂറ്റി ആറ് തൊണ്ണൂറ്റി ഏഴിൽ, അദ്ദേഹത്തിന് ഏകദേശം എൺപത് വയസ്സോളം പ്രായമായ ഘട്ടത്തിൽ അദ്ധേഹം മന്ത്രിയായി. രോഗബാധിതനാകുന്നതിന്റെ തൊട്ടുമുമ്പുള്ള ഒരു ഘട്ടം. അന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഒത്തിരിയധികം ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നു. ജലവിഭവ വകുപ്പ് മന്ത്രി ആയതു കൊണ്ടാണ് അത് കേൾക്കേണ്ടി വന്നത്. സ്വന്തം മുന്നണിയുടെ കൺവീനറായ വി.എസിന്റെ അടുത്ത് നിന്നും മുന്നണിക്കകത്ത് നിന്ന് തന്നെയുമാണ് ആക്ഷേപങ്ങൾ വന്നത്. ആ ഘട്ടത്തിലാണ് ഞങ്ങൾ ആദ്യമായി പിതാവ് ഒന്ന് പതറി കാണുന്നത്. കാരണം എന്താണ് ഏതാണെന്ന് അറിയാൻ വയ്യെങ്കിലും വി.എസിനെ പോലെ ഒരാൾ തന്നെ ആക്ഷേപം ഉന്നയിക്കുമ്പോൾ അതിനുള്ള ഒരു സ്വീകാര്യത വളരെ വലുതായിരുന്നല്ലോ അന്ന് സമൂഹത്തിൽ. സ്വന്തം മുന്നണിയിൽ നിന്ന് തന്നെ അത്തരം ആക്ഷേപങ്ങൾ വന്നത് പുള്ളിയെ വല്ലാതെ മാനസികമായി തളർത്തി. ആ ഘട്ടത്തിൽ അദേഹം ഒന്ന് പതറി. എങ്ങനെ ഇതിനെ മറികടക്കണമെന്ന് അറിയാൻ വയ്യാതായി. അന്ന് ഞങ്ങളൊക്കെ വിവാഹിതരായി കൊല്ലത്തും അദ്ദേഹം തിരുവനന്തപുരത്തുമാണ് താമസിക്കുന്നത്. എങ്കിലും അദ്ദേഹത്തിന് ഉണ്ടാക്കിയ മാനസിക ആഘാതം വളരെ വലുതാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
രോഗശയ്യയിലായ ബേബി ജോൺ
രോഗബാധിതനായി കഴിഞ്ഞ് അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു എന്നുള്ള നിലയിലേക്ക് ഒരു പ്രചരണം വ്യാപകമായി അന്നുണ്ടായി. അത് ശരിയല്ലായിരുന്നു. വീട്ടിലുള്ളവർക്ക് അറിയാം. സംസാരശേഷി നഷ്ടപ്പെട്ടതിന്റെ പ്രയാസം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. ശാരീരിക അവശതകൾ വർധിച്ചു വന്നു. പത്ത് വർഷത്തോളം പിന്നെ ജീവിച്ചിരുന്നു. ആർ.എസ്.പി രാഷ്ട്രീയത്തിൽ പിന്നെ സജീവമായി നിൽക്കാൻ സാധിച്ചിട്ടില്ല. ചില സമ്മേളനങ്ങളിൽ ഒക്കെ പങ്കെടുപ്പിച്ചിട്ടുണ്ട്. അതൊരു വികാരമായി പാർട്ടി പ്രവർത്തകർ കണ്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു സജീവത ഉണ്ടായിരുന്നില്ല. സംസാരശേഷി നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ല. ആ നിലയിൽ പത്ത് വർഷം തുടന്നു. ആ ഘട്ടത്തിലാണ് ഞാൻ സജീവ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്.
ഷിബു ബേബിജോൺ എന്ന രാഷ്ട്രീയക്കാരന്റെ പിറവി; ആർ.എസ്.പി ( ബി) യുടെയും
ബേബി ജോണിന്റെ പേരിന്റെയും പ്രശസ്തിയുടെയും ഒരു പ്രതിഫലനം എനിക്ക് കിട്ടി. പാർട്ടി പ്രവർത്തകരുടെയും ചവറയിലെ ജനങ്ങളുടെയും സ്നേഹവും എനിക്ക് കിട്ടി. ഒരു പൊളിറ്റീഷ്യൻ എന്നുള്ള നിലയിൽ അദ്ധേഹം നൽകിയ അത്രയൊന്നും എനിക്ക് സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയരംഗ പ്രവേശനത്തിന് ശേഷം രണ്ടായിരത്തി ഒന്നിൽ ഞാൻ എം.എൽ.എ ആയി.
അതിനുമുമ്പ് പാർട്ടിയിൽ ഒരു പിളർപ്പ് ഉണ്ടായി. അതിനുശേഷം വീണ്ടും ദൗർഭാഗ്യകരമെന്ന് പറയുന്ന നിലയിൽ ഒരു പിളർപ്പ് കൂടി ഉണ്ടായി. താമരാക്ഷൻ ഒരു ഘടകമായി മാറി. ഞാനൊരു രാഷ്ട്രീയപാർട്ടിയുടെ പിൻബലമില്ലാതെ സ്വതന്ത്രൻ ആയിട്ടാണ് രണ്ടായിരത്തി ആറിൽ മത്സരിക്കേണ്ടി വന്നത്. ആർ.എസ്.പി എന്ന പേര് പോലും ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം. അങ്ങനെയാണ് ആർ.എസ്.പി (ബേബി ജോൺ) എന്ന രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനമെടുത്തത്.
(തുടരും)