ഹിന്ദുവിന് യൂണിഫോം സിവില്‍ കോഡ് ഉണ്ടോ? - സണ്ണി എം കപിക്കാട്
|ഹിന്ദു വിഭാഗമായി പരിഗണിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനമോ പൂജയ്ക്കുള്ള അധികാരമോ ഇല്ല. അവിടെ കയറിയാല്‍ അവരെ തല്ലിക്കൊല്ലും ഇപ്പോഴും. ഇവര്‍ വിശ്വസിക്കുന്ന ഒരു മതത്തിനകത്ത് തീരെ ഇല്ലാത്ത ഒരു കാര്യം അന്യമതത്തില്‍ ഇല്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ സംഘ്പരിവാര്‍ ഈ പ്രചരണ കോലാഹലങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. | അഭിമുഖം: സണ്ണി എം കപിക്കാട്/നൈന മുഹമ്മദ്
ഒരു ആധുനിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആ രാഷ്ട്രത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും പൊതുവായ ഒരു സിവില്‍ നിയമം ഉണ്ടാവുക എന്നത് ആവശ്യമായ ഒരു കാര്യമാണ്. എന്നാല്‍, അതില്ലാതെ ഒരു രാഷ്ട്രത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നൊന്നും അതിനര്‍ഥമില്ല. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയ രാജ്യങ്ങള്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ ഏതെങ്കിലും തരത്തില്‍ മുന്നിലാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാത്തത് കൊണ്ട് രാഷ്ട്രങ്ങള്‍ ഏതും പ്രതിസന്ധിയില്‍ പെട്ടതായി ചരിത്രത്തില്‍ എവിടെയും തെളിവുകളില്ല. ഇത് യഥാര്‍ഥത്തില്‍ നമുക്ക് അനുയോജ്യവും ബാധകവുമായ ഒരു സംഗതി എന്ന നിലയ്ക്കാണ് പൊതുവായ ഒരു സിവില്‍ നിയമ സംഹിത ഉണ്ടാവണം എന്നുള്ള അഭിപ്രായം നിലനില്‍ക്കുന്നത്. ജനജീവിതത്തെയും, രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെയും, അതിന്റെ മുന്നോട്ട് പോക്കിനെയും സംബന്ധിച്ചിടത്തോളം ഇത് തികച്ചും അനിവാര്യമായ ഒരു ഘടകമായി പരിഗണിക്കാന്‍ പാടില്ല എന്നതാണ് ആദ്യത്തെ കാര്യം. അതാണ് ചരിത്രം നമ്മോട് പറയുന്ന വസ്തുതയും. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് യൂണിഫോം സിവില്‍ കോഡ് എന്ന ചോദ്യത്തെ തന്നെ അഡ്രസ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത്.
ഏകീകൃതമായ ഒരു സിവില്‍ നിയമം നമ്മള്‍ കൊണ്ടുവരുമ്പോള്‍ ആ ജനത അതിനു പാകപ്പെട്ടതാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ നിയമ കമീഷന്‍ യൂണിഫോം സിവില്‍കോഡ് അഭികാമ്യമല്ല ('it is not desirble') എന്ന് പറഞ്ഞത്. ഇപ്പോള്‍ യൂണിഫോം സിവില്‍ കോഡ് ഉണ്ടായി വരേണ്ടത് അനിവാര്യതയോ, അഭിലഷണീയമോ അല്ല എന്നാണവര്‍ പറഞ്ഞത്.
നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാന്‍ എന്ന രാജ്യം യൂണിഫോം സിവില്‍കോഡ് ഉള്ള രാജ്യമാണ്. ഏതെങ്കിലും തരത്തില്‍ ഇന്ത്യയെക്കാള്‍ മെച്ചമാണ് പാക്കിസ്ഥാന്‍ എന്ന് പറയാന്‍ ഒരു തെളിവും നമ്മുടെ കയ്യില്‍ ഇല്ല. ഇവിടെയുള്ള പ്രശ്‌നമൊക്കെ തന്നെ അവിടെയുമുണ്ട്. അതിനേക്കാള്‍ ഗുരുതരമാണ് പല പ്രശ്‌നങ്ങളും. ആഭ്യന്തര കലാപം, പട്ടിണി, മത കലഹങ്ങള്‍ എന്നിവ കൊണ്ട് വികൃതമാണ് കഴിഞ്ഞ 50 വര്‍ഷത്തെ പാകിസ്ഥാന്റെ ചരിത്രം. അപ്പോള്‍ യൂണിഫോം സിവില്‍ കോഡ് എന്നത് ഇതിനൊരു മാനദണ്ഡം ആകുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. പിന്നെ ഇന്ത്യയ്ക്കകത്ത് ഒരു യൂണിഫോം സിവില്‍ കോഡ് രൂപീകരിക്കുക എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഹിന്ദു വിഭാഗങ്ങള്‍ക്ക് ഒരു പൊതുവായ സിവില്‍ കോഡ് ഉണ്ടാക്കാനുള്ള പരിശ്രമമാണ് നടന്നതെന്ന് നമുക്ക് കാണാം. 1938 മുതല്‍ ആരംഭിക്കുന്ന പ്രശ്‌നങ്ങള്‍ അതിന് പിന്നിലുണ്ട് എന്നാണ് ഹിന്ദു കോഡ് ബില്ലിന്റെ ചരിത്രം പറയുന്നത്. 1938ല്‍ തന്നെ അതിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കപ്പെടുന്നുണ്ട്. എന്നാല്‍, 1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അത് പിന്നീട് മുന്നോട്ട് എടുക്കപ്പെട്ടില്ല. അതിന് ശേഷം നെഹ്‌റു പ്രത്യേക താല്‍പര്യമെടുക്കുകയും ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റ് ഒരു ചര്‍ച്ചയായി വന്നു.എന്നാല്‍, രാജഗോപാലാചാരി, പട്ടേല്‍ അടക്കമുള്ള കോണ്‍ഗ്രസുകാര്‍ ഈ ഹിന്ദു ബില്ലിനെ എതിര്‍ത്തുകൊണ്ടാണ് രംഗത്ത് വരുന്നത്. അത് ഹിന്ദു ജീവിതക്രമത്തെ അട്ടിമറിക്കും എന്നും, ഹിന്ദു കുടുംബങ്ങളെ തകര്‍ക്കുമെന്നുമാണ് അന്ന് കോണ്‍ഗ്രസിലെ വലിയൊരു പക്ഷം ആവര്‍ത്തിച്ചത്. ആര്‍.എസ്.എസ് എന്ന സംഘടനയും ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്കെതിരാണ് ഈ സംഭവം എന്ന് പറയുന്നുണ്ട്. ഇതില്‍ നിന്നും മനസ്സിലാകുന്നത് പൊതുവായ നിയമത്തിന് ഇന്ത്യയിലെ സവര്‍ണ്ണരില്‍ വലിയൊരു പക്ഷം തന്നെ എതിരാണെന്നാണ്.
ഇന്ത്യക്ക് ഏകീകൃതമായ ഒരു ക്രിമിനല്‍ നിയമം ഉണ്ട്. സിവില്‍ നിയമം എന്ന് പറയുന്നത് - ഇന്ന് പലതരത്തിലും വ്യക്തിനിയമം എന്നറിയപ്പെടുന്ന വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ജീവനാംശം തുടങ്ങിയവയാണ്. ഇത്തരത്തില്‍ സിവില്‍ ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതികളിലാണ് ഈ വൈവിധ്യം നമ്മള്‍ കണ്ടുവരുന്നത്. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇന്ത്യ വളരെ മതപരമായ ജനസമുദായങ്ങളാല്‍ നിര്‍മ്മിതമായ ഒരു രാഷ്ട്രമാണ്. അപ്പോള്‍ ഏകീകൃതമായ ഒരു സിവില്‍ നിയമം നമ്മള്‍ കൊണ്ടുവരുമ്പോള്‍ ആ ജനത അതിനു പാകപ്പെട്ടതാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ നിയമ കമീഷന്‍ യൂണിഫോം സിവില്‍കോഡ് അഭികാമ്യമല്ല ('it is not desirble') എന്ന് പറഞ്ഞത്. ഇപ്പോള്‍ യൂണിഫോം സിവില്‍ കോഡ് ഉണ്ടായി വരേണ്ടത് അനിവാര്യതയോ,
അഭിലഷണീയമോ അല്ല എന്നാണവര്‍ പറഞ്ഞത്. അതിന്റെ കാരണം, ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ എന്ന് പറയുന്നത്, കേവല മതവിഭാഗങ്ങളല്ല, അല്ലാതെയും വിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള ആദിവാസികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. ആ ട്രൈബല്‍ ജീവിത രീതിയില്‍ നിന്ന് മാറി ജീവിതത്തിലെ പുതിയൊരു തുറവിയിലൂടെ മാത്രമേ അവര്‍ക്ക് ഈ പുതിയ നിയമസംഹിതയെ ഏറ്റെടുക്കാനാവു. ആദിവാസി സമൂഹത്തിനകത്ത് അനിവാര്യമായി നടക്കേണ്ട അവരുടെ സാമൂഹിക, സാമ്പത്തിക പുരോഗതി സംഭവിക്കാത്തിടത്തോളം ഈ ഏകീകൃത നിയമം എന്ന് പറയുന്നത് ഈ വിഭാഗത്തെ മുഴുവന്‍ കുറ്റവാളികളായി പ്രഖ്യാപിക്കുന്നതിന് തുല്യമായി മാറും എന്നതാണ് ഒന്നാമത്തെ ഭീഷണി. ഉദാഹരണത്തിനായി, പോക്‌സോ നിയമപ്രകാരം നിരവധി ആദിവാസി യുവാക്കള്‍ ജയിലിനുള്ളിലാണ്. എന്താണ് കാരണം? കല്ല്യാണം കഴിക്കാന്‍ 18 വയസ്സ് തികഞ്ഞിരിക്കണം എന്നത് നമ്മുടെ നിയമമാണ്; സിവില്‍ എന്ന് പറയുന്ന വിഭാഗങ്ങളുടെ നിയമം. പണ്ട് ഒന്‍പത് വയസ്സിലും 12 വയസ്സിലും കെട്ടിച്ചുകൊടുത്ത മാന്യന്മാരാണ് ഇപ്പോ ഈ സിവിലിറ്റി പറയുന്നത്. ആ ഒമ്പതാം വയസ്സില്‍ നിന്നും വിദ്യാഭ്യാസത്തിലൂടെയും, ജീവിത തുറവിയിലൂടെയും, ബോധത്തിലൂടെയും വളര്‍ന്നുവന്നതുകൊണ്ടാണ് ഈ 9,10,11 എന്ന പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 കടക്കുന്നത്. അല്ലാതെ ഒരു ദിവസം വെറുതെയങ്ങ് ഉണ്ടാകുന്നതല്ല അത്. എന്നാല്‍. ഇതേ പ്രക്രിയ ആദിവാസി സമൂഹത്തില്‍ നടന്നിട്ടില്ല. നമ്മള്‍ അതിന് അവരെ അനുവദിച്ചിട്ടില്ല. അവര്‍ക്കാവശ്യമായ പുരോഗതി കൈവരിക്കാന്‍ ഒരു അവസരവും ഈ രാഷ്ട്രം തുറന്നു കൊടുത്തിട്ടില്ല. തുറന്നു കൊടുത്തിട്ടില്ല എന്ന് മാത്രമല്ല അവരെ തടഞ്ഞിട്ടുമുണ്ട്. അപ്പോള്‍ ആദിവാസികളുടെ സാമൂഹിക സാമ്പത്തിക പുരോഗതിയെ സംബന്ധിച്ച് ഒരിക്കല്‍പോലും ഉത്കണ്ഠപ്പെടാത്ത രാഷ്ട്രം ഇവര്‍ക്ക് ഒരു പൊതുനിയമം ഉണ്ടാവണമെന്ന് എന്തിനാണ് ചിന്തിക്കുന്നത്. വിവാഹത്തെ സംബന്ധിച്ച് അവരുടെ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണിത് നടക്കുന്നത്. തീര്‍ച്ചയായും അത് പരിഷ്‌കരിക്കപ്പെടേണ്ടതാണ്, തീരുമാനിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇതെല്ലാം സിവില്‍ എന്ന് പറയുന്ന നമ്മുടെ സമൂഹത്തിന്റെ സങ്കല്‍പം മാത്രമാണ്. ആദിവാസികള്‍ക്ക് ഇത് ബാധകമല്ല. ആദിവാസികളുടെ ജീവിതബോധം മറ്റൊന്നാണ്, പൊതുധാരയോ രാജ്യത്തെ എഴുതപ്പെട്ട നിയമമോ പറയും പോലെയല്ല.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍, ഭാഷ ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സാംസ്‌കാരിക വ്യക്തിത്വത്തെയെങ്കിലും ഭരണഘടന അംഗീകരിക്കുന്നുണ്ട്. അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍, ഒരു ഭാഷ ന്യൂനപക്ഷം ആ ഭാഷയ്ക്ക്, പ്രത്യേക പദവി കൊടുത്തു അതിനെ നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
ഇന്ത്യയ്ക്കകത്ത് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ ഭരണ നിയന്ത്രണമുള്ള പ്രദേശങ്ങളെ സംബന്ധിച്ച് ഭരണഘടന തന്നെ പറയുന്നുണ്ട്. കേരളത്തിനകത്തൊരു സ്വയംഭരണ പ്രദേശം ഉണ്ടെങ്കില്‍ കേരളത്തിലെ നിയമസഭയിലെ തീരുമാനങ്ങള്‍ നേരിട്ട് അവിടെ ബാധകമായിരിക്കില്ല. കേന്ദ്ര ഗവണ്‍മെന്റും, സംസ്ഥാന ഗവണ്‍മെന്റും, ആദിവാസികളുടെ പ്രാദേശിക ഗവണ്‍മെന്റും തമ്മില്‍ ഒരു ഉടമ്പടിയാണ് വേണ്ടത്. അവരുടെ സമ്മതമില്ലാതെ അവരുടെ പ്രദേശങ്ങളില്‍ ഒരു കാര്യവും നടത്താന്‍ പാടില്ല എന്നൊന്നുണ്ട്. എന്നാല്‍, യൂണിഫോം ക്രിമിനല്‍ കോഡ് എന്ന ഒന്ന് ഉണ്ട്. അത് ശരിയാണ്. കാരണം, കൊലപാതകം നടത്തിയാല്‍ പിന്നെ താന്‍ ആദിവാസിയാണ്, ബ്രാഹ്മണനാണ്, ഹിന്ദുവാണ്, മുസ്‌ലിമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കൊലപാതകത്തെ മനുഷ്യവംശത്തിനെതിരായ ഒരു കുറ്റകൃത്യം എന്ന നിലക്ക് തന്നെയാണ് കാണേണ്ടത്. അതിവിടെ ഉണ്ടല്ലോ.
ഇന്ത്യന്‍ ഭരണഘടനയിലെ 25-ാം വകുപ്പ് പ്രകാരം ഒരു മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം ഉറപ്പു നല്‍കുന്നുണ്ട്. ഈ മതം എന്ന് പറയുന്നത് ദൈവത്തെ കുറിച്ചുള്ള നിലവിളിലി മാത്രമല്ല. മതമെന്നത് നീ എങ്ങനെ ജീവിക്കണമെന്ന ചോദ്യത്തിനുത്തരം കൂടിയാണ്. മതം അങ്ങനെ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് വേറൊരു കാര്യം. രണ്ടാമത്തെ കാര്യം ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍, ഭാഷ ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സാംസ്‌കാരിക വ്യക്തിത്വത്തെയെങ്കിലും ഭരണഘടന അംഗീകരിക്കുന്നുണ്ട്. അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍, ഒരു ഭാഷ ന്യൂനപക്ഷം ആ ഭാഷയ്ക്ക്, പ്രത്യേക പദവി കൊടുത്തു അതിനെ നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
ആദിവാസി മേഖലകളെ സ്വതന്ത്ര മേഖല ആയി തന്നെ പ്രഖ്യാപിച്ചിരുന്നു. അവിടേക്ക് ഭരണകൂടത്തിന്റെ ആളുകള്‍ ആരും തന്നെ പോകാന്‍ പാടില്ലെന്നും, അവിടെ അതിക്രമിച്ച് കേറാന്‍ പാടില്ലെന്നും, അവര്‍ക്ക് ബ്രിട്ടീഷ് നിയമങ്ങള്‍ അതേപടി ബാധകമല്ലെന്നും തീരുമാനിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനയിലും അതുപോലൊരു സമീപനം ആണുള്ളത്. ആദിവാസി മേഖല സ്വതന്ത്ര മേഖലയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് സ്വയംഭരണ പ്രദേശങ്ങള്‍ക്ക് ബാധകമായ 244-ാം വകുപ്പ് ഉണ്ടാകുന്നത്. യഥാര്‍ഥത്തില്‍ ഈ വൈവിധ്യങ്ങളെ ഒക്കെ നമ്മള്‍ അംഗീകരിക്കുന്നുണ്ട്. പിന്നെ യൂണിഫോം സിവില്‍ കോഡിന് എന്ത് പ്രസക്തിയാണുള്ളത്. നമ്മുടെ ക്രിമിനല്‍ നിയമങ്ങളെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ, നമ്മുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കും, പൊതു ധാര്‍മികതക്കും എതിരാണോ എന്നാണ് യഥാര്‍ത്ഥത്തില്‍ ഒരു ഭരണകൂടം പരിശോധിക്കേണ്ടത്. പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ യൂണിഫോം സിവില്‍ കോഡ് നിര്‍ബന്ധമുള്ള ഒരു കാര്യമാണെന്ന് ലോകത്ത് ഒരു രാഷ്ട്രവും പറയുന്നില്ല.
ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഏത് ക്ഷേത്രത്തിലും പൂജാരി ആകാനുള്ള ഒരു നിയമം അവര്‍ പാസാക്കട്ടെ. എന്നിട്ട് മാത്രമേ അവര്‍ യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് പറയേണ്ടതുള്ളൂ. ഇത് ചെയ്യാതെ മുസ്‌ലിംകളെ മാറ്റിനിര്‍ത്തി അതുവഴി ഹിന്ദു വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനുള്ള, ദീര്‍ഘാവീക്ഷണമില്ലാത്ത സംഘപരിവാറിന്റെ ഒരു നീക്കമാണിത്.
ഒരുപാട് രാജ്യങ്ങള്‍ യൂണിഫോം സിവില്‍ കോഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കുറെ രാജ്യങ്ങളില്‍ അതില്ല. ഈ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് എന്തെങ്കിലും ഒരു മെച്ചം ഉണ്ട് എന്ന് അവകാശപ്പെടാന്‍ ഒരു ചരിത്രവും നമ്മെ അനുവദിക്കുന്നില്ല. എഴുതപ്പെട്ട ഒരു കോഡ് ഇല്ലാത്തതുകൊണ്ട് ഇതിന്റെ മേലുള്ള നിയമ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ അത് പിന്നെ പല പഴയ കേസുകള്‍ ഒക്കെ പരിശോധിച്ചും, ഗ്രന്ഥങ്ങള്‍ പരിശോധിച്ചൊക്കെ തീരുമാനത്തിലെത്തേണ്ടി വരും എന്ന ജുഡീഷ്യറിയുടെ ഒരു പ്രതിസന്ധി പലപ്പോഴും ഇതുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. അത് ഏത് രീതിയില്‍ ചെയ്യണമെന്ന് ജുഡീഷ്യറിയാണ് തീരുമാനിക്കേണ്ടത്. അല്ലാതെ അതുകൊണ്ട് ഞങ്ങള്‍ക്ക് അസൗകര്യമുണ്ട് നിങ്ങള്‍ നിങ്ങളുടെ സംസ്‌കാരം തിരിച്ച് വിട്ടേക്ക് എന്ന് പറയാനുള്ള അവകാശം ഒരു കോടതിക്കും ഇല്ല. അത് അവര് പോയി പഠിക്കേണ്ടതാണ്. രാഷ്ട്രം എങ്ങനെ ജീവിക്കുന്നു എന്ന കാര്യത്തില്‍ കുറച്ചൊരു സങ്കല്പം ഉണ്ടാകണം.
ഈ പറയുന്ന സംഘ്പരിവര്‍ ശക്തികള്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് പ്രീതിയും നീതിയും ഒന്നും ഇല്ലായിരുന്നെങ്കിലും ഏറെക്കുറെ സമാധാന അന്തരീക്ഷം അന്ന് ഇന്ത്യയ്ക്കകത്തുണ്ടായിരുന്നു. ഇതെന്തോ അനിവാര്യമായ ഒരു ഘടകമാണ് 'സിവില്‍ കോഡ്' എന്ന നിലയില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഈ ചര്‍ച്ച യഥാര്‍ഥത്തില്‍ അടുത്ത തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ്. അത് നമ്മള്‍ കാണാതിരുന്നു കൂടാ. നിയമ കമീഷന്‍ പറയുന്നതുപോലും സംശയിക്കേണ്ട അവസ്ഥയാണ്. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ഹിറ്റ്‌ലറുടെ രാജ്യമായ ജര്‍മനിയില്‍ ഈ ശാസ്ത്രജ്ഞന്മാരും, തത്വചിന്തകരും എല്ലാം എടുത്ത നിലപാട് നമുക്കറിയാം. ഇവരൊക്കെ, സത്യംപറഞ്ഞാല്‍ മനുഷ്യവംശതിന് വിശ്വസിക്കാന്‍ പറ്റുന്ന ഒരു വര്‍ഗം ഒന്നുമല്ല. അവരൊക്കെ എപ്പോള്‍ വേണമെങ്കിലും കാല് മാറാവുന്നതാണ്. ഏതൊരു സാധാരണ പൗരനെപോലെയും അവരുടെ സുരക്ഷിതത്വം തന്നെയാണ് അവര്‍ക്കും വലുത്. അങ്ങനെ കാല് മാറാത്ത വളരെ ചുരുക്കം ചില ആളുകള്‍ മാത്രമേ ചരിത്രത്തില്‍ ഉള്ളൂ. നിയമ കമീഷന്‍ പറഞ്ഞതും അപ്പോള്‍ പ്രധാന കാര്യം ആകുന്നില്ല എന്നതാണ് ഞാന്‍ പറഞ്ഞു വന്നത്. മുസ്‌ലിം വിവാഹ നിയമത്തെ സംബന്ധിച്ചും വൈവിധ്യത്തെ കുറിച്ചും ആണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ളതിലേക്കവര്‍ കടക്കുന്നില്ല.
ഹിന്ദുവിന് യൂണിഫോം സിവില്‍ കോഡ് ഉണ്ടോ?; ഇല്ല. ഹിന്ദു വിഭാഗമായി പരിഗണിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനമോ പൂജയ്ക്കുള്ള അധികാരമോ ഉണ്ടോ? ഇല്ല. അവിടെ കയറിയാല്‍ അവരെ തല്ലിക്കൊല്ലും ഇപ്പോഴും. ഇവര്‍ വിശ്വസിക്കുന്ന ഒരു മതത്തിനകത്ത് തീരെ ഇല്ലാത്ത ഒരു കാര്യം അന്യമതത്തില്‍ ഇല്ലെന്ന് പറഞ്ഞാണ് ഇവര്‍ ഈ പ്രചരണ കോലാഹലങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. സ്റ്റാലിന്‍ പറഞ്ഞതുപോലെ ആദ്യം അവര്‍ ഹിന്ദു കോഡ് കൊണ്ടുവരട്ടെ. ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഏത് ക്ഷേത്രത്തിലും പൂജാരി ആകാനുള്ള ഒരു നിയമം അവര്‍ പാസാക്കട്ടെ. എന്നിട്ട് മാത്രമേ അവര്‍ യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് പറയേണ്ടതുള്ളൂ. ഇത് ചെയ്യാതെ മുസ്‌ലിംകളെ മാറ്റിനിര്‍ത്തി അതുവഴി ഹിന്ദു വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനുള്ള, ദീര്‍ഘാവീക്ഷണമില്ലാത്ത സംഘപരിവാറിന്റെ ഒരു നീക്കമാണിത്. ഇതിനായി എപ്പോഴും അവര്‍ ചെയ്യുന്നത് നിയമ കമീഷന്‍, കോടതി, കേന്ദ്ര മന്ത്രിസഭ, മന്ത്രിസഭ തീരുമാനം എന്നൊക്കെ പറഞ്ഞാണ് ഭരണഘടനാ സംവിധാനത്തെ പൂര്‍ണമായി അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്.
ജമ്മു കാശ്മീരിനെ ഇവര്‍ ഇപ്പോള്‍ രണ്ടായി പിളര്‍ത്തി ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി. ഇന്ത്യക്കകത് മുസ്‌ലിം ഭൂരിപക്ഷമുള്ള ,മുസ്‌ലിംകള്‍ നേരിട്ട് അധികാരത്തിലേക്ക് വന്ന ഒരേയൊരു സ്ഥലമാണ് ജമ്മു കശ്മീര്‍. അതിനെ നശിപ്പിച്ചേ അവര്‍ക്ക് മതിയാകൂ. ഇത് പറയാനുള്ള ധൈര്യം, രാഷ്ട്രീയമായ ഇച്ഛ, നൈതികതയോ ഒന്നും ഇന്ത്യയിലെ മുസ്‌ലിം നേതൃത്വത്തിന് ഇല്ല. ഇവിടെയാണ് യഥാര്‍ഥ പ്രശ്‌നം കിടക്കുന്നത്. ജമ്മുകശ്മീരില്‍ നടന്ന അതേ ഒരു സംവിധാനം തന്നെയാണ് യൂണിഫോം സിവില്‍ കോഡിലും അവര്‍ ചെയ്യാന്‍ പോകുന്നത്. നിയമ കമീഷന്‍ ഇപ്പോള്‍ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടാണോ ഇന്ത്യയിലെ ഏതെങ്കിലും ഒരു നിയമം ഉണ്ടാക്കുന്നത്. തട്ടിപ്പിന്റെ ഒരു സ്വരൂപമാണിത്. ഇവിടെ എന്തെല്ലാം നിയമങ്ങളുണ്ട്. അതെല്ലാം ജനങ്ങളോട് ചോദിച്ചിട്ട് ഉണ്ടാക്കിയതാണോ? അല്ല. ഇന്ത്യയില്‍ നിയമം ഉണ്ടാക്കാനുള്ള പൊതുവായ സമീപനം എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യന്‍ ഭരണഘടനയ്ക്കകത്താണ്. ഇന്ത്യന്‍ ഭരണഘടനയിലെ 44-ാം വകുപ്പില്‍ യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, അത് നിര്‍ദേശക തത്വങ്ങളില്‍ മാത്രം ഉള്‍പ്പെടുന്നവയാണ്. ആ ഭാഗത്തേചൊല്ലിയാണ് യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് അവര്‍ പറയുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുന്നത് ഇത് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ് എന്നാണ്. എന്നാല്‍, ഇത് എവിടെ പറഞ്ഞു, എന്ത് പറഞ്ഞു, എങ്ങനെ പറഞ്ഞു എന്നൊന്നും ആരും ചോദിക്കാറില്ല.
മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരാണോ അല്ലയോ എന്നല്ല ചിന്തിക്കേണ്ടത്. ചില കാര്യങ്ങള്‍ ആലോചിച്ചു വരുമ്പോള്‍ അവര്‍ക്കെതിരെ ആണെന്ന് നമ്മള്‍ കണ്ടെത്തിയേക്കാം. അല്ലാതെ അവര്‍ക്കെതിരാണോ, അല്ലെയോ എന്നുള്ളത് ഒരു മാനദണ്ഡമായി എടുക്കരുത്. അതല്ല ഇതിന്റെ മാനദണ്ഡം. പുതിയ നിയമം നിര്‍മിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും ഉപരിക്തമാണോ, അനിവാര്യമാണോ, അത്യന്താപേക്ഷിതമാണോ എന്നതാണ് ചോദ്യം. അല്ല എന്നാണ് ഉത്തരം.
ആര്‍ട്ടിക്കിള്‍ 44 നെ ഭരണഘടനയില്‍ ചേര്‍ക്കുമ്പോഴും അംബേദ്കര്‍ പറഞ്ഞു വെച്ചൊരു കാര്യമുണ്ട്. ഇതൊരിക്കലും ബലംപ്രയോഗിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല എന്ന് വളരെ അടിവരയിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഏകപക്ഷീയമായി കൊണ്ടുവരുന്ന യൂണിഫോം സിവില്‍കോഡിനെ പിന്തുണക്കേണ്ട ആവശ്യമില്ല എന്ന് ചുരുക്കം. എല്ലാവര്‍ക്കും ബാധകമായൊരു നിയമം വേണമെന്നൊരു താല്‍പര്യം അദ്ദേഹം പറയുന്നതിനോടൊപ്പം തന്നെ വിഭാഗങ്ങളുടെ നിലനില്‍പ്പ് നമ്മള്‍ കാണേണ്ടതുണ്ടെന്ന് കൂടി പറയുന്നു. ഫലത്തില്‍ ഇന്ത്യയിലെ വ്യത്യസ്തതകളില്ലാതാവും എന്നല്ല ഇതിന്റെ പ്രശ്‌നം, യൂണിഫോം സിവില്‍ കോഡ് ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും അത്യന്താപേക്ഷിതമായ ഒരു കാര്യമേ അല്ല എന്നതാണ്. വ്യത്യസ്തമായ വിഭാഗങ്ങള്‍ പിന്തുടരുന്ന സ്വത്ത് വിഹിതം, സ്ത്രീകളുടെ അവകാശം, അവരുടെ വിവാഹം, വിവാഹമോചനം തുടങ്ങിയ സംഗതികളില്‍ മനുഷ്യത്വത്തിനെതിരായ ഗുരുതരമായ പിഴവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സിവില്‍ കോഡ് അല്ല അതിനുള്ള പ്രതിവിധി. അത് ഏതെങ്കിലും തരത്തില്‍ നമ്മുടെ പൊതു ധാര്‍മികതയെയോ, നിയമത്തെയോ ബാധിക്കുന്നുണ്ടെങ്കില്‍ നമുക്ക് നിയമ നിര്‍മാണം നടത്താം. അതൊക്കെ ഒരു സാധ്യതയാണ്. ഇതിനൊന്നും സിവില്‍ കോഡിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ യൂണിഫോം സിവില്‍ കോഡ് എന്ന് പറയുന്നത് ഈ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടാണ്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ അവിടുത്തെ മന്ത്രി പ്രസംഗിച്ചപ്പോള്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ് 'ഞങ്ങള്‍ക്ക് മുസ്‌ലിംകളുടെ വോട്ട് വേണ്ട' എന്ന്. പിറ്റേദിവസം തന്നെ മന്ത്രിസഭ മുസ്‌ലിംകള്‍ക്ക് അനുവദിച്ചിരുന്ന നാല് ശതമാനം സംവരണം പിന്‍വലിച്ചു. അങ്ങനെ തങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരാണെന്ന് സ്ഥാപിക്കുന്നതിലൂടെ സമാഹരിക്കപ്പെടുന്ന ഹിന്ദു വോട്ടാണ് അവരുടെ ജീവിതത്തിന്റെ അടിത്തറ എന്ന് സഘ്പരിവാര്‍ ശക്തികള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇത് ശരിക്കും മുസ്‌ലിം വിരുദ്ധമല്ല, രാഷ്ട്രത്തിന്റെ നിലനില്‍പ്പുമായി ആലോചിക്കേണ്ട കാര്യമാണ്. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരാണോ അല്ലയോ എന്നല്ല ചിന്തിക്കേണ്ടത്. ചില കാര്യങ്ങള്‍ ആലോചിച്ചു വരുമ്പോള്‍ അവര്‍ക്കെതിരെ ആണെന്ന് നമ്മള്‍ കണ്ടെത്തിയേക്കാം. അല്ലാതെ അവര്‍ക്കെതിരാണോ, അല്ലെയോ എന്നുള്ളത് ഒരു മാനദണ്ഡമായി എടുക്കരുത്. അതല്ല ഇതിന്റെ മാനദണ്ഡം. പുതിയ നിയമം നിര്‍മിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും ഉപരിക്തമാണോ, അനിവാര്യമാണോ, അത്യന്താപേക്ഷിതമാണോ എന്നതാണ് ചോദ്യം. അല്ല എന്നാണ് ഉത്തരം. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജനാധിപത്യത്തേയും ബാധിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ബലപ്രയോഗം മൂലം ഏകീകൃത സിവില്‍ കോഡ് നടപ്പിാക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇപ്പോഴത്തെ ഘട്ടത്തില്‍ തയ്യാറായാല്‍ നിരവധി ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും, വിവാഹ സമ്പ്രദായങ്ങളുടെയും പേരില്‍ ലക്ഷക്കണക്കിന് പേര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളേണ്ടിവരും.
ഇതൊരു രാഷ്ട്രത്തില്‍ ഉണ്ടാകാന്‍ പറ്റുന്ന കാര്യമാണോ. മോദി ചെയ്യുമോ അത്. സാധാരണ മനുഷ്യരെപ്പോലെ നാളെ മരിച്ചുപോകുന്ന ഒരാളാണ് മോദിയും. രാഷ്ട്രത്തിന് അങ്ങനെ മരിക്കാന്‍ പറ്റുമോ. രാഷ്ട്രത്തിന് നിലനില്‍ക്കണ്ടേ. അതാണ് ഇതിന്റെ പ്രശ്‌നം. ഇന്ത്യ എന്നത് കേവലമായ വൈവിധ്യമുള്ള സ്ഥലമല്ല. വ്യത്യസ്ത കാല ദേശങ്ങളില്‍ ജീവിക്കുന്നവരാണ്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വലിയ സമാഹാരമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏകീകൃത സിവില്‍ കോഡ് എന്നത് ഐഡിയല്‍ ആയി പലപ്പോഴും ചര്‍ച്ച ചെയ്‌തെങ്കിലും അത്യന്താപേക്ഷിതവും ഉടനടി നടപ്പാക്കേണ്ടതുമായ ഒരു കാര്യമോ ഭരണകൂടം ബലപ്രയോഗത്തിലൂടെ നടപ്പാക്കേണ്ട കാര്യമോ അല്ല എന്നാണ് പൊതുജനം മനസ്സിലാക്കേണ്ടത്. ഇനി ഏതെങ്കിലും വിഭാഗത്തിന്റെ ആചാരങ്ങളോ, അനുഷ്ഠാനങ്ങളോ, വിശ്വാസങ്ങളോ പൊതു ധാര്‍മികതയ്‌ക്കോ ക്രിമിനല്‍ കോഡിനോ എതിരാണെങ്കില്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞദിവസം ബിജെപി എം.പി സുശീല്‍ മോദി ഒരു വാദം ഉന്നയിച്ചിരുന്നു. അതായത്, തദ്ദേശീയ സമുദായങ്ങളില്‍പ്പെട്ട 'ആദിവാസി' കളെ യൂ.സി.സിയുടെ പരിധിക്ക് പുറത്തു നിര്‍ത്തണമെന്ന്. ഇവര്‍ ഈ പറയുന്നതില്‍ യുക്തി ബന്ധമുണ്ട്. ആദിവാസികള്‍ക്ക് ബാധകമല്ല എന്ന് പറയുന്നതിന്റെ ഒരു കാരണം ആന്റി മുസ്‌ലിം സംഭവം വരുന്നത് നല്ലതാണ് അവരെ സംബന്ധിച്ച്. ആ കാര്യത്തില്‍ അവര്‍ക്ക് ഒട്ടും ഭയപ്പാടില്ല. അത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ, അത് ആന്റി ആദിവാസി ആണ് എന്നുള്ള പ്രഖ്യാപനങ്ങള്‍ പുറത്തു വരാന്‍ തുടങ്ങി.
ഭരണഘടനയില്‍ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്ക് പ്രത്യേക പ്രാവീണ്യമുണ്ട്. അതൊക്കെ മാറ്റേണ്ടിവരും. അപ്പോള്‍ അത് ആദിവാസികള്‍ക്കെതിരാവും. അത് അവര്‍ക്ക് ഗുണം ചെയ്യില്ല എന്നവര്‍ക്ക് അറിയാം. ട്രൈപാര്‍ട്ടി എഗ്രിമെന്റില്‍ നിലനില്‍ക്കുന്ന സ്വയംഭരണാവകാശം ഉള്ള പ്രദേശങ്ങള്‍ ഉണ്ട്. അവര്‍ക്കിത് ബാധകമായിരിക്കില്ല. അവര്‍ക്കിത് ബാധകമല്ലെങ്കില്‍ ഇത് ബാധകമല്ലെന്ന് പറഞ്ഞാല്‍ പോരെ. ആദിവാസികള്‍ക്ക് ഇത് ബാധകമല്ല എന്നവര്‍ പറയുന്നത് വെറും തട്ടിപ്പാണ്. അത് അവരുടെ രാഷ്ട്രീയ പദ്ധതിയെ സഹായിക്കില്ല എന്നത് കൊണ്ടാണ്. അല്ലാതെ ആദിവാസികളോട് പ്രത്യേകം സ്‌നേഹം ഉള്ളതുകൊണ്ടോ ഭരണഘടനയെ ബഹുമാനിക്കുന്നത് കൊണ്ടോ അല്ല. നമ്മള്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം യൂണിഫോം സിവില്‍ കോഡ് എന്ന് പറയുന്ന ഈ മുദ്രാവാക്യം മുസ്‌ലിംകള്‍ക്കെതിരാണ് എന്ന ഏകപക്ഷീയമായ വാദം ഫലത്തില്‍ സംഘപരിവാറിനെ സഹായിക്കുന്ന ഒരു നിലപാടാണ്. രാഷ്ട്രത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് ഈ വിഷയം നമ്മള്‍ മുന്നോട്ട് വെക്കേണ്ടത്.
ഇന്ത്യയിലെ പ്രശ്‌നം മുഴുവന്‍ മുസ്‌ലിംകള്‍ ആണെന്നാണ് ഈ ഹിന്ദുക്കള്‍ മുഴുവന്‍ മനസ്സിലാക്കിയിട്ടുള്ളത്. 15 ശതമാനത്തിന് താഴെയുള്ള ഒരു വിഭാഗമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ചിന്തിക്കാന്‍ വിവേക ശൂന്യം ഉള്ളവര്‍ക്കല്ലേ സാധിക്കൂ. സത്യത്തില്‍ വിവേക ശൂന്യമായ ഒരു ജനക്കൂട്ടത്തെ ഉണ്ടാക്കിയെടുക്കുകയാണിവര്‍. ഇതിനെയൊക്കെ മറികടക്കുംവിധം യുക്തിഭദ്രമായി ഈ വിഷയത്തെ സമീപിക്കണം.
ദലിതര്‍ക്കിടയില്‍ ഒരു വിവാഹ സമ്പ്രദായം ഉണ്ട്, അവരുടെമരണാനന്തര ചടങ്ങുകള്‍ ഉണ്ട്, വിവാഹമോചന സമ്പ്രദായങ്ങളുമുണ്ട്. ഇത് ഏതെങ്കിലും ഇന്ത്യന്‍ ബ്രാഹ്മണന്‍ മോഡലായി എടുക്കുമോ? ഇല്ലല്ലോ. എന്നിട്ടാണ് ഇവര്‍ പറയുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സവര്‍ണ്ണ ജീവിത നിയമങ്ങള്‍ ഇന്ത്യയ്ക്ക് മുഴുവന്‍ ബാധകമാക്കണമെന്ന്. അത് ദലിതരടക്കം ഉള്ള വിഭാഗങ്ങള്‍ക്ക് എതിരായ ഒരു കാര്യമാണ്. ദലിതര്‍ എന്നു പറയുന്ന വിഭാഗം ആചാരപരമായി പുറന്തള്ളപ്പെട്ട ഒരു വിഭാഗമാണ്. ഇങ്ങനെ പുറന്തള്ളപ്പെട്ട ഒരു വിഭാഗത്തെ തിരിച്ച് ഒരു കോണിലേക്ക് കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍, അതിനെക്കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം വേണം എന്നത് ഹിന്ദു കോഡ് ബില്ലിലെ പ്രധാന ആവശ്യമായിരുന്നു. എന്നാല്‍, അന്നവര്‍ അതിനെ അംഗീകരിച്ചില്ല. ഇതേ കാര്യം തന്നെയാണ് ഇന്ന് യു.സി.സിയിലും അവര്‍ മുന്നോട്ടുവയ്ക്കുന്നത്. സത്യത്തില്‍ അവര്‍ സ്ത്രീകളുടെ തുല്ല്യാവകാശത്തെയാണോ പ്രോത്സാഹിപ്പിക്കുന്നത്. ആണെങ്കില്‍ അത് രേഖപുറത്ത് വരട്ടെ. 'ഒരു രാഷ്ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമായാല്‍ എന്താണ് തെറ്റ്' ഫാസിസ്റ്റ് കാലത്തെ ജനക്കൂട്ടത്തിന്റെ യുക്തി പോലെ അതീവ ലളിതമായിട്ടാണ് ഇവരീ സംഭവത്തെ അഭിസംബോധനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രശ്‌നം മുഴുവന്‍ മുസ്‌ലിംകള്‍ ആണെന്നാണ് ഈ ഹിന്ദുക്കള്‍ മുഴുവന്‍ മനസ്സിലാക്കിയിട്ടുള്ളത്. 15 ശതമാനത്തിന് താഴെയുള്ള ഒരു വിഭാഗമാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ചിന്തിക്കാന്‍ വിവേക ശൂന്യം ഉള്ളവര്‍ക്കല്ലേ സാധിക്കൂ. സത്യത്തില്‍ വിവേക ശൂന്യമായ ഒരു ജനക്കൂട്ടത്തെ ഉണ്ടാക്കിയെടുക്കുകയാണിവര്‍. ഇതിനെയൊക്കെ മറികടക്കുംവിധം യുക്തിഭദ്രമായി ഈ വിഷയത്തെ സമീപിക്കണം.
ഏക സിവില്‍കോഡ് സംബന്ധിച്ച് ഏറ്റവും കാതലായ ചോദ്യം എന്താണെന്ന് വെച്ചാല്‍ ഏതാണ് ഇവര്‍ ഉദ്ദേശിക്കുന്ന സിവില്‍ കോഡിന്റെ മാതൃക. അതിലെ നിര്‍ദേശങ്ങള്‍ എന്താണ് പുറത്തു വരാത്തത്. ഏകീകൃത സിവില്‍ കോഡ് വേണോ, വേണ്ടയോ എന്നല്ല. ഇതിനെക്കുറിച്ച് പറയുമ്പോള്‍ ഈ നിലനില്‍ക്കുന്ന ഏതിനെയെങ്കിലും നമ്മള്‍ മാതൃകയാക്കുന്നുണ്ടോ? മാതൃകയാക്കുന്നുണ്ടെങ്കില്‍ അത് ഏതാണ്? ഇല്ലെങ്കില്‍ പിന്നെ എന്തിനെയാണ് നമ്മള്‍ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതല്ലേ വ്യക്തമാക്കേണ്ടത്. അത് വ്യക്തമാക്കാന്‍ അവര്‍ മടിക്കുന്നത്, യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയാണ് ഒരു മോഡലായി വെക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നതെന്ന് ചുരുക്കം.