ചന്തന്‍ചിറയിലെ തുടിപ്പാട്ട്: ഗോത്രതാളത്തിന്റെ ചരിത്രവഴി
|തുടികൊട്ടിപ്പാടി ദേവനെ പ്രീതിപ്പെടുത്തിയിരുന്ന പഴയ ഗോത്ര സമൂഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ക്കിപ്പോള്‍ 'തുടി' താളമേളം മാത്രമല്ല, അവരുടെ പാരമ്പര്യത്തിന്റെ പേരുകൂടിയാണ്. പണിയ ഭാഷയെ കാത്തു സൂക്ഷിക്കുന്ന വയനാട് ചന്തന്‍ചിറയിലെ ഒരുപറ്റം യുവാക്കളുടെ 'തുടിപ്പാട്ടിന്റെ' ചരിത്രവും വര്‍ത്തമാനവും. അഭിമുഖം : വിജിത / ബിന്‍സി ദേവസ്യ
കേരളത്തിലെ തന്നെ ആദ്യ ട്രൈബല്‍ ബാന്‍ഡ് ആണ് തുടിപ്പാട്ട്. തുടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം തന്നെ വിജിതക്കുണ്ട്. തുടിപ്പാട്ടിന്റെ ജനനം എങ്ങനെയായിരുന്നു?
തുടിപ്പാട്ട് എന്ന ആശയം ആദ്യമേ ഉണ്ടായിരുന്നു. എന്നാല്‍, എങ്ങനെ തുടങ്ങുമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ വിത്തുത്സവത്തിന് ഒരു വേദി ലഭിക്കുന്നത്. അന്ന് തനതായ ഗോത്രവസ്ത്രം ധരിച്ച് ആ വേദിയില്‍ ഒരു പരിപാടി അവതരിപ്പിച്ചു. അതാണ് തുടിയുടെ ആദ്യ സ്റ്റേജ് പ്രോഗ്രാം. അതിന് ശേഷം കുട്ടികളോട് താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ശേഷമാണ് ബാന്‍ഡ് തുടര്‍ന്നുകൊണ്ടു പോകാന്‍ തീരുമാനിക്കുന്നത്. ചന്തന്‍ചിറയിലെ എല്ലാ കുട്ടികള്‍ക്കും ബാന്‍ഡിന്റെ ഭാഗമാകാനുള്ള അവസരവും നല്‍കിയിരുന്നു. ആര്‍ക്കുവേണമെങ്കിലും പാടാനും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനുമുള്ള അവസരവും നല്‍കിയാണ് തുടി ഞങ്ങള്‍ ആരംഭിക്കുന്നത്.
തുടിപ്പാട്ട് പാടുന്നത് പണിയ ഭാഷയിലുള്ള പഴയകാലത്തെ പാട്ടുകളാണല്ലോ, ഇന്നത്തെ കാലത്ത് ട്രെന്‍ഡുകള്‍ക്ക് പിറകെയാണ് യുവത്വം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പാട്ടുകള്‍ കണ്ടെത്തുന്നത്?
പാട്ടുകള്‍ കണ്ടെത്തുകയെന്നത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. പഴയ പാട്ടുകളെ കണ്ടെത്താന്‍ ഏക വഴി പഴയ ആളുകളാണ്. തനത് പാട്ടുകള്‍ പാടുന്നത് തന്നെയാണ് മറ്റു ബാന്‍ഡുകളില്‍ നിന്ന് തുടിയെ വ്യത്യസ്തമാക്കുന്നതും. പണിയ ഭാഷ കേട്ടു വളര്‍ന്നവരായതുകൊണ്ടു തന്നെ പാട്ടുകള്‍ പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറില്ല.
തുടിപ്പാട്ടിന് മുന്‍പ് മറ്റൊരു ബാന്‍ഡ് ഉണ്ടായിരുന്നെന്നും പിന്നീടത് ഇല്ലാതാവുകയായിരുന്നെന്നും കേട്ടിട്ടുണ്ട്. അതിനുള്ള കാരണം എന്തായിരുന്നു?
ആദ്യം ഒരു ബാന്‍ഡ് ഉണ്ടായിരുന്നു. ഇപ്പോള്‍ ബാന്‍ഡിന് നേത്യത്വം നല്‍കുന്ന മോഹനന്‍ തന്നെയായിരുന്നു ആ ബാന്‍ഡിനും നേത്യത്വം നല്‍കിയിരുന്നത്. ആ സമയത്ത് പാട്ടുകള്‍ എഴുതി, അതിന് സംഗീതം നല്‍കി, എല്‍സ മീഡിയ എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ആ സമയത്താണ് ഇങ്ങനെ ഒരു ബാന്‍ഡ് തുടങ്ങാമെന്ന ആശയം ആദ്യമായി വരുന്നത്. ജോര്‍ജ് കോര സാര്‍ ആണ് അന്ന് അവര്‍ക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തിരുന്നത്. അന്ന് ബാന്‍ഡ് തുടങ്ങിയെങ്കിലും അധികം സ്റ്റേജ് പരിപാടികളൊന്നും ചെയ്തിരുന്നില്ല. പ്രധാനമായും എല്‍സ മീഡിയക്ക് വേണ്ടിയുള്ള വര്‍ക്കുകളാണ് ചെയ്തിരുന്നത്. അതിന് ശേഷം കോമഡി ഉത്സവത്തില്‍ അവര്‍ക്കൊരു വേദി ലഭിക്കുകയും അവര്‍ അവിടെ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ആ ബാന്‍ഡില്‍ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞപ്പോഴേക്കും അതില്‍ പലരുടെയും കല്യാണം കഴിഞ്ഞു. പലര്‍ക്കും ഇതിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു, പിന്നെ ചില ഈഗോ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് ആ ബാന്‍ഡ് ഇല്ലാതാകുന്നത്.
ട്രൈബല്‍ വകുപ്പില്‍ നിന്നോ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ ഇത്തരമൊരു ആശയത്തിന് എന്തെങ്കിലും പിന്തുണയോ സഹായമോ ലഭിക്കുന്നുണ്ടോ?
ഇതുവരെ ബാന്‍ഡിന് ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല. ഒരു ചെറിയ പരിപാടി കിട്ടിയാല്‍ പോലും തുടിപ്പാട്ട് ചെയ്യാറുണ്ട്. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. ആകെ പറയാനുള്ളത്, പഴയ ബാന്‍ഡിന്, അതായത് തുടിക്ക് മുന്‍പുള്ള ബാന്‍ഡ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കുറച്ച് വാദ്യോപകരണങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അതില്‍ ചെണ്ട മാത്രമേ ഉപയോഗിക്കുന്നുള്ളു. ബാക്കി നിലവില്‍ ഉപയോഗിക്കുന്ന എല്ലാ വാദ്യോപകരണങ്ങളും ഞങ്ങള്‍ തന്നെ ഉണ്ടാക്കിയതാണ്. ഒരുപാട് തവണ ഞാന്‍ തന്നെ മീനങ്ങാടി പഞ്ചായത്തില്‍ പോവുകയും ഇത്തരമൊരു ബാന്‍ഡ് ചന്തന്‍ചിറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ, അവര്‍ യാതൊരുവിധ സഹായവും ചെയ്തു തന്നിട്ടില്ല. വയനാട് ജില്ലാ കലക്ടറുടെ മുന്നില്‍പ്പോലും തുടിപ്പാട്ടിന്റെ പരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്. എന്നിട്ട് പോലും ബാന്‍ഡിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ഒരു പക്ഷേ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ഇതിനോടൊക്കെയുള്ള താല്‍പര്യ കുറവായിരിക്കാം ഈ അവഗണനക്ക് കാരണം. ഒരു പ്രൊജക്ടുണ്ടാക്കി സുല്‍ത്താന്‍ ബത്തേരി എം.എല്‍.എക്ക് മുന്നില്‍ വെക്കണമെന്നായിരുന്നു വിചാരിച്ചിരുന്നത്. ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ആളുകളെ കണ്ട് ഒരു പ്രോജക്ട് തയാറാക്കാന്‍ അവരാണ് നിര്‍ദേശിച്ചത്. അതിനായി സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ആളുകളെ സമീപിക്കുകയും ചെയ്തതാണ്. പക്ഷേ, അവരെന്നോട് പറഞ്ഞത് ഇതുവരെ ഇത്തരം ഒരു പ്രൊജക്ട് ചെയ്തിട്ടില്ലെന്നും, ചെയ്യാന്‍ അറിയില്ലെന്നുമാണ്. ഇതിനുവേണ്ടിയാണ് നിങ്ങളെ ഇവിടെ ജോലിക്കെടുത്തതെന്നും, ഇത് ചെയ്തു തരണമെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍, ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട അവരുടെ മറുപടി 'നോ' എന്നായിരുന്നു. അതിന് ശേഷം ഞാനും എന്റെ സുഹ്യത്തുക്കളും ചേര്‍ന്ന് ഒരു പ്രൊജക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷം ട്രൈബല്‍ വകുപ്പിന് ആ പ്രൊജക്ട് സമര്‍പിക്കണം.
തുടിയുടെ കലാകാരന്മാര്‍ പല പ്രായത്തിലുള്ളവരാണ്, ഇവരെ എങ്ങനെയാണു ചേര്‍ത്ത് നിര്‍ത്തുന്നത്. അവരെക്കുറിച്ച് ഒന്ന് പറയാമോ?
17 പേരടങ്ങുന്ന പാട്ടുകൂട്ടമാണ് തുടി. ഒന്നാം ക്ലാസുകാരി ശോഭിക മുതല്‍ 26 വയസ്സുള്ള മോഹനന്‍ വരെയാണ് ബാന്‍ഡിലുള്ളത്. പരിശീലന സമയത്ത് സ്റ്റേജ് പ്രകടനം ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് പരിശീലന സമയം അവരെ തന്നെ ഉയര്‍ത്തികൊണ്ടു വരാനുള്ളതാണ്. അവര്‍ തന്നെ സ്വയം പാടി തെളിഞ്ഞു കഴിഞ്ഞതിന് ശേഷമാണ് അവരെ വേദിയില്‍ പാടിക്കുന്നത്. കഴിവുള്ള എല്ലാവര്‍ക്കും അവസരങ്ങളുമുണ്ട്. പ്രാചീന പണിയ കലാരൂപമായ വട്ടക്കളി ചെയ്യാന്‍ ആഗ്രഹമുള്ളവരുമുണ്ട്. അവരെ അതിന് വേണ്ടി പരിശീലിപ്പിച്ച് പാകപ്പെടുത്തും. ഇത്തരം ആശയങ്ങളും കഴിവുള്ള ആളുകളും ഉണ്ടാകുമ്പോള്‍ ആരെയും ഒഴിവാക്കാതെ എല്ലാവരെയും ചേര്‍ത്ത് പിടിക്കാന്‍ കഴിയും.
ഷിജുവും മോഹനനുമാണ് ബാന്‍ഡിലെ പ്രധാനപ്പെട്ട ഗായകര്‍. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ശോഭികയും പാട്ടുപാടി ബാന്‍ഡിലെ പ്രധാനപ്പെട്ട അംഗമായി കഴിഞ്ഞു. എങ്ങനെ പാടണമെന്നും, പാട്ടിന്റെ വരികളും, താളവുമൊക്കെ അവള്‍ പരിശീലിക്കുന്നുണ്ട്. അവളിപ്പോള്‍ വേദിയില്‍ പാടാന്‍ തുടങ്ങിയിട്ടില്ല. ഒരു വേദിയെ അഭിമുഖികരിക്കാന്‍ പ്രാപ്തയാകുമ്പോള്‍ അവളും തുടിക്ക് വേണ്ടി വേദിയില്‍ പാടും.
പണ്ടു മുതലേ പാടി പരിശീലിച്ച ആളാണ് ഷിജു. അതുകൊണ്ടു തന്നെ ഷിജുവിനെ ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. ഒരു വേദിയില്‍ കയറി പാടാന്‍ തുടങ്ങിയാല്‍ ആ വേദി പിന്നെ അവന്റേതാണ്. ശാരീരിക പരിമിതികളെ മറികടന്നും അവന്‍ സദസ്സിനെ കയ്യിലെടുക്കാറുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിന്റെ ഗ്രൗണ്ടില്‍ കളിക്കാന്‍ പോയതായിരുന്നു അവന്‍. അവിടെയുണ്ടായിരുന്ന വലിയൊരു മരത്തിന് മുകളില്‍ കയറി ഇരിക്കുകയും അതില്‍ നിന്ന് വീഴുകയുമായിരുന്നു. അതില്‍ അവന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും അരക്ക് താഴേക്ക് തളര്‍ന്നു പോകുകയും ചെയ്തു. പക്ഷേ, അതൊന്നും അവന്റെ കഴിവുകള്‍ക്ക് തടസമായിരുന്നില്ല.
തുടിയുടെ ആകര്‍ഷണം തുടിയുടെ വാദ്യോപകരണങ്ങളാണ്. എങ്ങനെയാണ് സ്വന്തമായി വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്നത്?
മറ്റു ബാന്‍ഡുകളില്‍ നിന്നും തുടിയെ വ്യത്യസ്തമാക്കുന്നത് തുടിയുടെ വാദ്യോപകരണങ്ങളാണ്. തനതായ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നതും. ഈ വാദ്യോപകരണങ്ങള്‍ എല്ലാം ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്നതാണ്. പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന ഏക വാദ്യോപകരണം ചെണ്ടയാണ്. തുടിയും. കായലും, കായല്‍ തുടിയുമെല്ലാം ഞങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ്. തുടി ഇവരുടെ പരമ്പരാഗത വാദ്യോപകരണമായതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം തുടിയുണ്ടാക്കുക എന്നത് എളുപ്പമാണ്. അത് കൊണ്ടാണ് ബാന്‍ഡിന് തുടിയെന്ന പേര് നല്‍കിയതും.
ഓരോ പ്രായത്തിലുള്ള മുളയില്‍ നിന്നും ഏത് ശബ്ദം വരുമെന്ന് ക്യത്യമായ ധാരണ ഇവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യത്യസ്തമായ വാദ്യോപകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്. അങ്ങനെയാണ് ആദ്യമായി കായലുണ്ടാക്കുന്നത്. തുടിയുടെ മറ്റൊരു രൂപമാണ് കായല്‍ തുടി. മൂത്ത കായല്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. ആനമുള വെട്ടി പുഴുങ്ങിയെടുത്ത് അതില്‍ ഓട്ടയിട്ട് വരച്ചാണ് കായല്‍ ഉണ്ടാക്കുന്നത്. കായല്‍ തുടി ശരിക്കും ആടിന്റെ തോല്‍ ഉപയോഗിച്ചാണ് ചെയ്യേണ്ടത്. എന്നാല്‍, അതിനുള്ള പണം ഇല്ലാത്തതിനാല്‍ വീടിന്റെ ജനല്‍ മറക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ആണ് ഉപയോഗിക്കുന്നത്. അത്യാവശ്യം നല്ല ശബ്ദമാണ് നമുക്ക് കിട്ടുന്നത്. ഏറ്റവും അധികം സമയമെടുക്കുന്നത് തുടി ഉണ്ടാക്കാനാണ്. ഒരു മുള വെട്ടി, ചെത്തിയെടുത്ത് ആ രൂപത്തിലേക്കെത്തിക്കാന്‍ സമയമെടുക്കാറുണ്ട്. ആടിന്റെ തോല്‍ ആണെങ്കില്‍ അത് ഉണങ്ങിവരാനൊക്കെ ഒരു മാസം വരെ സമയമെടുക്കും. കായലും കായല്‍ തുടിയൊക്കെ ഒരാഴ്ച കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
തുടിയിലൂടെ പാട്ട് മാത്രമല്ല, ഇവരുടെ വായന ശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ 'ബുക്കുപിരെ'യും സജീവമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്?
'ബുക്കുപിരെ' എന്നത് കുറച്ച് യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയൊരു കൂട്ടായ്മയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് 'ബുക്കുപിരെ' ലക്ഷ്യമിടുന്നത്. ആദ്യമൊരു വായനശാല എന്ന ആശയം മാത്രമേ ഉണ്ടായിരുന്നുളളു. പക്ഷേ, പഠിക്കാനായി മാത്രം ഒരു സ്ഥലം ഒരുക്കികൊടുത്താല്‍ അവരില്‍ ഒരാള്‍ പോലും അങ്ങോട്ട് വരില്ല. അവരില്‍ ചിലര്‍ക്ക് വായിക്കാനാണിഷ്ടം, ചിലര്‍ക്ക് പാട്ടു പാടാന്‍, മറ്റു ചിലര്‍ക്ക് ഡാന്‍സ് ചെയ്യാനാണിഷ്ടം. അവരുടെ ഇത്തരം ഇഷ്ടങ്ങളെ കണ്ടെത്തി അത് പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് 'ബുക്കുപിരെ'യില്‍ ചെയ്യുന്നത്. വായിക്കാന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരുപാട് പേര്‍ അവരുടെ കൂട്ടത്തിലുണ്ട്. തുടിപ്പാട്ട് തുടങ്ങിയപ്പോള്‍ അവര്‍ക്ക് പാട്ട് പഠിക്കണം. പാട്ടിന്റെ വരികള്‍ പഠിക്കാന്‍ അവര്‍ക്ക് അക്ഷരങ്ങള്‍ പഠിക്കണം. അപ്പോള്‍ സ്വാഭാവികമായും അവര്‍ ബുക്കുപിരെയില്‍ എത്തും. പുസ്തകങ്ങള്‍ വായിക്കും. അങ്ങനെ അവരുടെ പാട്ട് പഠിക്കും. ബുക്കുപിരെയും തുടിപ്പാട്ടും ഇവരുടെ വിദ്യാഭ്യാസത്തിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബുക്കുപിരെയിലുടെ ഉണ്ടായ കൂട്ടായ്മയുടെ തുടിയുടെ വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്.
ആദ്യം വേണ്ടത് കുട്ടികളെ ബുക്കുപിരെയില്‍ എത്തിക്കുകയായിരുന്നു. അതിനായി ചെറിയ കുട്ടികളെ ആകര്‍ഷിക്കാന്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടുവന്നു. ഒരുപാട് ആളുകളുടെ സഹായത്തോട് കൂടിയാണ് ഇവയൊക്കെ ഞങ്ങള്‍ക്ക് ലഭിച്ചത്. ചെസ്സ് ബോര്‍ഡ്, ക്യാരംസ്, പാവകള്‍ തുടങ്ങി ഇവരുടെ ഒഴിവു സമയം ബുക്കുപിരെയ്ക്കുള്ളില്‍ ചിലവഴിക്കാന്‍ വേണ്ട കാര്യങ്ങളെക്കെ അവിടെ ഒരുക്കി. അവിടെ എത്തുന്നത് അവരുടെ ദിനചര്യയായി മാറി. ആദ്യമൊക്കെ കളി മാത്രമായിരുന്നു നടന്നിരുന്നത്. പിന്നീട് കളിക്കാന്‍ വരുന്ന കുട്ടികള്‍ ഇടക്കൊക്കെ പുസ്തകങ്ങളിലേക്ക് കണ്ണോടിക്കാന്‍ തുടങ്ങി. ഇടക്കൊക്കെ എന്തെങ്കിലും വായിക്കും. ഈ ശീലം പതിയെ പതിയെ വളര്‍ന്ന് അവരില്‍ നല്ല വായനാശീലമുണ്ടാകാന്‍ തുടങ്ങി. ഇപ്പോള്‍ പുസ്‌കങ്ങള്‍ എടുത്തോട്ടെയെന്ന് അവരിങ്ങോട്ട് വന്ന് ചോദിക്കാന്‍ തുടങ്ങി. അത് കേള്‍ക്കുന്നത് തന്നെ സന്തോഷമാണ്. ശരിക്കും ഇവരിലെ വായാനാശിലം വളര്‍ത്തിയതില്‍ കളിപ്പാട്ടങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഈ പാട്ടുകൂട്ടത്തിലൂടെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുമോ? അതിനായി മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
എനിക്ക് നല്ല ഉറപ്പുണ്ട്, ഇപ്പോഴുള്ള നിലയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന്. പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടാണ് നമ്മള്‍ പഠിക്കുന്നത്. ഇതുപോലൊരു ബാന്‍ഡ് തുടങ്ങുകയും ഒരുപാട് വേദികള്‍ കയറുകയും ചെയ്യുമ്പോള്‍ ഇത് കാണുന്ന പലര്‍ക്കും ഇങ്ങനെ ചെയ്യണമെന്ന് തോന്നും. അങ്ങനെയുള്ളവര്‍ക്ക് ഒരു പ്രചോദനമായിരിക്കും തുടിപ്പാട്ട്. നിലവില്‍ ഒരു നാടക സംഘം രൂപികരിച്ചിട്ടുണ്ട്. തനത് ഭാഷയിലുള്ള നാടകങ്ങളാണ് ഇതിലുടെ അവതരിപ്പിക്കുക. ഇതിനായി വയനാട്ടിലെ എല്ലാ കോളനികളിലും കയറി ഒരു ബോധവത്കരണം നടത്തുകയും, ഞങ്ങളുടെ പാട്ട് അവരിലേക്ക് എത്തിക്കുകയുമൊക്കെ ചെയ്യണം.
തുടിപ്പാട്ട് ചന്തന്‍ചിറയിലെ കുട്ടികളെ എങ്ങിനെയൊക്കെയാണ് സ്വാധീനിക്കുന്നത്?
എന്ത് കാര്യം ഉണ്ടെങ്കിലും അവര്‍ തമ്മില്‍ സംസാരിച്ചതിന് ശേഷമേ തീരുമാനമെടുക്കാറുള്ളു. തുടിയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഞാന്‍ ആണ്. ഞാന്‍ അവരില്‍ ഒരാളോട് പരിപാടിയുടെ ഏന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ പോലും അവരെല്ലാവരും ഒന്നിച്ചിരുന്ന് ആലോചിച്ച് തീരുമാനിച്ചതിന് ശേഷം മാത്രമേ എന്നോടൊരു തീരുമാനം പറയാറുള്ളു. എന്ത് പ്രശ്‌നം ആണെങ്കിലും ഒന്നിച്ച് നിന്നായിരിക്കും അതിനെ നേരിടുക. പുറത്ത് നിന്ന് ആരെയും അതില്‍ ഇടപെടാന്‍ സമ്മതിക്കാറുമില്ല. നല്ല കാര്യം ആണെങ്കിലും മോശം കാര്യം ആണെങ്കിലും ഞങ്ങളതിനെ ഒന്നിച്ചാണ് നേരിടാറ്. ഒരു പക്ഷേ ഇവരുടെ ഈ കൂട്ടായ്മ കൊണ്ടാണ് ഇവരെ ഇപ്പോഴും സറ്റേജ് പരിപാടികള്‍ക്കൊക്കെ വിടുന്നത്. പലരുടെയും വീട്ടില്‍ ഇങ്ങനെ പാടുന്നതൊന്നും ഇഷ്ടമല്ല. പക്ഷേ, ഈ കൂട്ടായ്മ ആ പ്രശ്‌നത്തെയും ഒന്നിച്ച് നിന്ന് നേരിടുകയാണ്.
പുരോഗമനം പറയുന്ന ഇന്നത്തെ സമൂഹത്തിലും ജാതി ചിന്ത മുഴച്ച് നില്‍ക്കുന്നുണ്ട്. കരിന്തണ്ടന്റെ പിന്‍മുറക്കാരെ സമൂഹം ഇപ്പോഴും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആളുകളില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ?
ഒരുപാട് ഉണ്ടായിട്ടുണ്ട്. ബുക്കുപിരെ തുടങ്ങിയപ്പോള്‍ ഇവിടെയുള്ള നാട്ടുകാര്‍ തന്നെ എതിര് പറഞ്ഞിട്ടുണ്ട്. ബുക്കുപിരെ തുടങ്ങാനായി സന്നദ്ധ സേവനങ്ങള്‍ ചെയ്തിരുന്ന ഒരുപാട് പേര്‍ വന്നിരുന്നു. അവരുടെ കൂടി സഹായം കൊണ്ടാണ് ബുക്കുപിരെ തുടങ്ങുന്നത്. ആ സമയത്ത് ഇവിടെയുള്ള ആളുകള്‍ ഞങ്ങളോട് ചോദിച്ചത് 'ഇവര്‍ക്കു വേണ്ടിയിട്ടാണോ ഇത് ചെയ്തു കൊടുക്കുന്നത്, ഇവരൊന്നും ഒരിക്കലും നന്നാവില്ല' എന്നാണ്. ഒന്നല്ല ഒരുപാട് ആളുകള്‍ എന്നോടിത് പറഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കുറേയൊക്കെ എന്നെക്കൊണ്ടത് കഴിഞ്ഞിട്ടുമുണ്ട്. സഹായിക്കാന്‍ ആളുകള്‍ വരികയാണെങ്കില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
ചന്തന്‍ചിറയിലെ ഈ കലാകാരന്‍മാരുടെ ജീവിത സാഹചര്യങ്ങള്‍ എങ്ങനെയാണ്?
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം പണിക്ക് പോകുന്ന മനുഷ്യരാണ് ഇവിടെ അധികവും. രാവിലെ പണിക്ക് പോകുന്നു, വൈകുന്നേരം വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി തിരിച്ചെത്തുന്നു. അന്നത്തെ ദിവസം കഴിയുന്നു. പിന്നെ നാളെ മുതല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. എന്നാല്‍, ചില വീടുകളിലെ സ്ഥിതി വ്യത്യസ്തമാണ്, അവിടെ തന്നെയുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. നന്നായി മദ്യപിക്കുന്ന ആളാണ് ആഅ കുട്ിയുടെ അച്ഛന്‍. എന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ മതിയെന്നേ അയാള്‍ക്കുള്ളു. അമ്മയാണെങ്കില്‍ നല്ല ബുദ്ധിമുട്ടിലാണ് കഴിയുന്നത്, ഒരു പൈസ പോലും അവരുടെ കൈയില്‍ കിട്ടില്ല. ഒരു അവധിക്കാലത്ത് ഇവരുടെ കുട്ടി ഒന്ന് വീണു. വീഴ്ചയില്‍ മുട്ടിന് മുകളിലായി കാല്‍ ഉളുക്കിയിരുന്നു. കുട്ടിക്കാണെങ്കില്‍ നടക്കാനും കഴിയുന്നില്ല. ആ സമയത്താണ് ക്ലാസുകള്‍ എടുക്കാനായി ഞാന്‍ പോകുന്നത്. ആ സമയത്ത് ഈ കുട്ടി മാത്രം ക്ലാസിലേക്ക് വരുന്നില്ല. നടക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ സമയമായതിനാല്‍ എനിക്ക് കോളനിയിലേക്കിറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. ഒന്നര മാസത്തിന് ശേഷം ആളെ കാണാനായി ഞാന്‍ കോളനിയിലേക്കിറങ്ങി. അപ്പോള്‍ ഞാന്‍ കാണുന്നത് നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കുട്ടിക്ക് നടക്കാന്‍ പോയിട്ട് കാലൊന്ന് നിലത്ത് കുത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഒരു കൈ താങ്ങിപ്പിടിച്ചായിരുന്നു ആളെ നടത്തിയിരുന്നത്. എന്നിട്ട് പോലും ആ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല. മൂന്ന് മാസത്തോളമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഇപ്പോഴും ആ കുട്ടിക്ക് നടക്കാന്‍ ബുദ്ധിമുട്ടാണ്. അത്രയും അശ്രദ്ധമായാണ് മാതാപിതാക്കള്‍ കുട്ടികളെ നോക്കുന്നത്.
പലയിടങ്ങളിലും പിന്നാക്കം നില്‍ക്കുന്ന ജനതയെ മുന്നോട്ടുകൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കാറില്ല. അവരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വിജിത. തന്റെ ജോലിക്കപ്പുറം അവരെ ചേര്‍ത്ത് പിടിക്കുന്നുണ്ട്. ഈ ജോലിക്കിടയില്‍ മറക്കാന്‍ കഴിയാത്ത എന്തെങ്കിലും അനുഭവങ്ങളുണ്ടോ?
ഇപ്പോഴുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് എന്റെ ജീവിതം പോയിക്കൊണ്ടിരുന്നത്. ഞാന്‍ എന്റെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമായിരുന്നു. അപ്പോഴായിരുന്നു ഇങ്ങനെ ഒരു അവസരം എന്നെ തേടി എത്തുന്നത്. പഠനത്തിനൊപ്പം വൈകുന്നേരമൊരു രണ്ടു മണിക്കൂര്‍ ചെയ്യാവുന്നെരു ജോലിയായെ ഞാനിതിനെ കണ്ടിരുന്നുള്ളു. എനിക്ക് ഒട്ടും താല്‍പര്യമില്ലാത്തൊരു മേഖല കൂടിയായിരുന്നു ഇത്. ആദ്യം ഇവരുടെ കൂടെ കൂടിയ സമയത്ത് എനിക്ക് ഈ ജോലി വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാനിവരെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി തുടങ്ങി. നമ്മള്‍ പിന്തുടരുന്ന വിദ്യാഭ്യാസത്തിന്റെ വഴികള്‍ അതിനെന്നെ സഹായിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിന്റെ കാരണം അവര്‍ക്കൊട്ടും താല്‍പര്യം ഇല്ലാത്ത മേഖലയാണ് പഠനം എന്നത് തന്നെയാണ്. പക്ഷേ, എനിക്കിവരെ പഠനത്തിലേക്ക് കൊണ്ടുവരണമായിരുന്നു. ഞാന്‍ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടും അതായിരുന്നു. എത്ര പഠിക്കാന്‍ പറഞ്ഞാലും ഇവര്‍ പഠിക്കില്ലായിരുന്നു. അങ്ങനെയാണ് ഇവര്‍ക്ക് താല്‍പര്യമുള്ള മേഖലകളേതൊക്കെയാണെന്ന് ഞാന്‍ നോക്കാന്‍ തുടങ്ങിയത്. അതിലൊന്ന് ഫുട്‌ബോളും മറ്റൊന്ന് പാട്ടുമായിരുന്നു. അങ്ങനെയാണ് ഇവര്‍ക്കായി അക്കാദമികള്‍ തുടങ്ങിയത്. പക്ഷേ, ഇത്രയും ചെറിയ പ്രായത്തില്‍ അങ്ങനെയൊരു ദൗത്യവുമായി ഞാന്‍ ഇറങ്ങിയപ്പോള്‍ ചുറ്റുമുള്ളവരില്‍ നിന്നും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായി അക്കാദമി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെയായി. അങ്ങനെ അക്കാദമി ഇല്ലാതാവുകയായിരുന്നു. ഇതൊക്കെയുണ്ടെങ്കിലും ഇപ്പോള്‍ ഏത് പാതിരാത്രിക്കും ചന്തന്‍ചിറയിലെ ഏത് വീട്ടിലും എനിക്ക് കയറി ചെല്ലാം. അതാണ് ഞാന്‍ നേടിയെടുത്ത ഏറ്റവും വലിയ കാര്യം.
പിന്നോക്ക ജില്ലയായ വയനാട്ടിലെ ജനതയുടെ ജീവിത പുരോഗതിക്കായി പ്രവര്‍ത്തിക്കാത്ത, കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ പറ്റി എന്തുപറയുന്നു?
നമുക്ക് ആകെ കുറച്ച് സമയമെ ആകെ ജോലി ചെയ്യാന്‍ കിട്ടുന്നുള്ളു. ആ സമയം വെറുതെ അവരുടെ കൂടെ ഇരുന്ന് തിരിച്ചു വരുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഒരിക്കലും അങ്ങനെ ചെയ്യരുത്. ഏത് ജോലിയായാലും അതിന്റേതായ മാന്യതയുണ്ട്. അതിനി കുറച്ച് സമയം ആണെങ്കിലും ഉള്ള സമയം ആത്മാര്‍ത്ഥമായി ജോലി ചെയ്യുക. അങ്ങനെ ചെയ്താലേ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയു. അങ്ങനെ അവരുടെ ജീവിതത്തില്‍ പലതും നേടാന്‍ അവര്‍ക്ക് കഴിയും. നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ചെയ്യുക. അല്ലെങ്കില്‍ ചെയ്യാതിരിക്കുക. നമ്മള്‍ കാരണം ഒരാള്‍ക്ക് ലഭിക്കേണ്ടതൊന്നും നഷ്ടമാകരുത്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടായാല്‍ അതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. ഞങ്ങളാണെങ്കില്‍ പോലും ഒരുപാട് സഹായങ്ങള്‍ ആവശ്യമുള്ളവരാണ്, ഞങ്ങളെ സഹായിക്കാമെന്ന് പറഞ്ഞെത്തിയ പലരും പിന്നീട് വിളിക്കുമ്പോള്‍ ഫോണെടുക്കില്ല. അവരെ പ്രതീക്ഷിച്ചു നിന്ന ഞങ്ങള്‍ പെരുവഴിയിലാകും. ഇങ്ങോട്ട് വന്ന സഹായിക്കാം എന്ന് പറഞ്ഞവര്‍ പിന്നിട് തിരിഞ്ഞു നോക്കാതാകുമ്പോള്‍ നമ്മള്‍ നിസഹായരാകും. പറ്റില്ലെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. അല്ലെങ്കില്‍ ഇങ്ങനൊരു മേഖലയിലേക്ക് വരാതിരിക്കുക. കൃത്യവിലോപം കാണിക്കുന്നവരോട് എനിക്ക് ഇതേ പറയാനുള്ളു.
വിജിത