ജാതി വ്യവസ്ഥ മടുത്തു - രാജേന്ദ്രപാല്‍ ഗൗതം
|ബുദ്ധമത ചടങ്ങില്‍ പങ്കെടുത്ത് വിവാദത്തിലായതോടെ ആണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജലവകുപ്പ് മന്ത്രിയുമായ രാജേന്ദ്രപാല്‍ ഗൗതം സ്ഥാനം ഒഴിഞ്ഞത്. പരിപാടി വിവാദമാക്കിയ ബി.ജെ.പിക്ക് പരാജയ ഭീതിയാണ് ഉള്ളത് എന്നും രാജേന്ദ്ര പാല് ഗൗതം പറയുന്നു. അഭിമുഖം: രാജേന്ദ്രപാല്‍ ഗൗതം/വിഷ്ണു പ്രസാദ്
താങ്കള്‍ പങ്കെടുത്ത പരിപാടി ബി.ജെ.പി വിവാദമാക്കിയതായി താങ്കള്‍ എന്ത് കൊണ്ടാണ് കരുതുന്നത്?
ഉത്തരം: എനിക്ക് ആരുടെയും വിശ്വാസങ്ങളെ അപമാനിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു അംബേദ്കറിസ്റ്റ് ആണ്. ഞാന്‍ എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നു. ഈ പരിപാടി മിഷന് ജയ് ഭീം ആയിരുന്നു സംഘടിപ്പിച്ചത്. 1965 ഒക്ടോബര്‍ 14 ന് ലക്ഷകണക്കിന് അനുയായികള്‍ക്ക് ഒപ്പം അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. അതിന്റെ ഭാഗമായാണ് 22 പ്രതിജ്ഞകള്‍. എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നത് ആണ്. ഇതില്‍ തെറ്റായി ഒന്നുമില്ല. എന്നാല്‍, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ബി.ജെ.പി വസ്തുതകളെ വളച്ചൊടിച്ചത്. കാരണം, അവര്‍ ഗുജറാത്തില്‍ പരാജയ ഭീതിയില്‍ ആണ്. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒന്നും രാജ്യത്തിന് വേണ്ടി ചെയ്തിട്ടില്ല.
ബി.ജെ.പി ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. സൗജന്യ വൈദ്യുതി, വെള്ളം തുടങ്ങി സാധാരണ ജനങ്ങള്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ആംആദ്മി പാര്‍ട്ടി ആണ്. ഇപ്പൊള്‍ താങ്കളുടെ പരാമര്‍ശം വിവാദമാക്കുകയാണ് ബി.ജെ.പി. ഗുജറാത്ത് ആംആദ്മി അധ്യക്ഷനും പൊലീസ് കസ്റ്റഡിയില്‍ ആണ്. എന്താണ് ഈ വിവാദങ്ങളുടെ ലക്ഷ്യം?
ബി.ജെ.പി ആംആദ്മി പാര്‍ട്ടിയെ ഭയക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ കുറെ കാലമായി ബി.ജെ.പി അധികാരത്തില്‍ ഉണ്ട്. എന്നാല്‍, ഗുജറാത്തിലെ ജനങ്ങള്‍ക്കായി ബി.ജെ.പി ഒന്നും ചെയ്തില്ല. നല്ല സ്കൂളുകളോ ആശുപത്രികളോ ഇല്ല. ജനങ്ങള്‍ നല്ലൊരു പാര്‍ട്ടിക്ക് വേണ്ടി കാത്തിരുന്നു. ഇപ്പൊള്‍ ആംആദ്മി പാര്‍ട്ടിയാണ് അവര്‍ക്ക് നല്ല ഒരു ഓപ്ഷന് ആയി ഉള്ളത്. ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. പഞ്ചാബിലെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത് കൊണ്ടാണ് മികച്ച വിജയം നേടി അധികാരത്തില്‍ എത്തിയത്. ഗുജറാത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഇതെല്ലാം ആണ് ബി.ജെ.പിയെ ഭയചകിതരാക്കുന്നത്. അതുകൊണ്ട് തന്നെ ആണ് ബി.ജെ.പി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ഡല്‍ഹിയില്‍ ധര്‍മ ദീക്ഷ(ബുദ്ധമത ചടങ്ങ്) നടന്ന അതെ ദിവസം നാഗ്പൂരിലും ധര്‍മ ദീക്ഷ നടന്നിരുന്നു. ചടങ്ങുകള്‍ക്കും പ്രതിജ്ഞയ്ക്കും മാറ്റം ഇല്ല. അതില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ ആണ് പങ്കെടുത്തത്. എന്തുകൊണ്ട് ബി.ജെ.പി അത് വിവാദമാക്കുന്നില്ല. എന്തുകൊണ്ടാണ് താന്‍ പങ്കെടുത്ത പരിപാടി മാത്രം വിവാദമാക്കുന്നത്. പ്രധാന ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണ്.
ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഭരണം നേടി. ഇപ്പൊള്‍ ഗുജറാത്ത് ആണ് ലക്ഷ്യം. ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. താങ്കളുടെ പ്രസ്താവന ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക ഉണ്ടോ?
ഞാന്‍ രാജി വെച്ചത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമത്തേത് വിവേചനം കാരണമാണ്. രാജ്യം മുഴുവനും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ അതിക്രമങ്ങള്‍ നടക്കുന്നു. എന്റെ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് നേരെ കൊലപാതകവും ബലാത്സംഗവും നടക്കുന്നെന്ന പരാതിയുമായി ദിനംപ്രതി നിരവധി ഫോണ്‍ കോളുകള്‍ ആണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ മുതിര്‍ന്ന മറ്റേതെങ്കിലും നേതാക്കളോ ഒരു വാക്ക് മിണ്ടുന്നില്ല. എന്ത് കൊണ്ട്? ഞങ്ങള്‍ ദലിതരായത് കൊണ്ടാണോ? ഞങ്ങളും ഹിന്ദുക്കള്‍ അല്ലേ? എന്തിനാണ് ഞങ്ങളെ കൊന്നൊടുക്കുന്നത്. ക്ഷേത്രത്തില്‍ കയറുന്നതിനോ? ഭഗവാന്റെ വിഗ്രഹത്തില്‍ തൊടുന്നതിനോ? കുടിവെള്ളം എടുക്കാന്‍ പാത്രത്തില്‍ തൊടുന്നതിനോ? എന്താണ് കാരണം. എല്ലാ ദിവസവും ഞങ്ങളുടെ സഹോദരിമാര്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാകുന്നു. ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ നേതാക്കള്‍ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു. അവര്‍ എന്തുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്തുകൊണ്ട് അവര്‍ പങ്കെടുക്കുന്നില്ല.
വിവാദങ്ങളെ തുടര്‍ന്ന് അങ്ങ് രാജി വെച്ചു. എന്താണ് ഇനി തുടര്‍ നീക്കങ്ങള്‍. വിവാദങ്ങളിലെ സത്യാവസ്ഥ തെളിയിക്കാന്‍ ശ്രമിക്കുമോ?
എനിക്ക് ഈ ജാതി വ്യവസ്ഥ ഇല്ലാതാക്കണം. രാജ്യത്തെ ജാതി വ്യവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണം എന്നാണ് തന്റെ ആത്യന്തികമായ ലക്ഷ്യം. ഈ അതിക്രമങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തണം. ഇതിനായി എല്ലാ വിഭാഗങ്ങളും എനിക്കൊപ്പം ഉണ്ട്. ശരിയായ പാതയിലാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുകയാണ്. ഇതില്‍ എന്താണ് ആംആദ്മി പാര്‍ട്ടിയുടെ റോള്‍?
മനുഷ്യത്വത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ഒന്നിക്കണം. രാഷ്ട്രീയം എന്ത് തന്നെ ആയാലും കുഴപ്പമില്ല. ജാതി വ്യവസ്ഥ രാജ്യത്തിന് ഭീഷണി ആണ്. അത് ഇല്ലാതാക്കണം.