Interview
പെൺകൂട്ടിന്റെ കഥ
Interview

'പെൺകൂട്ടിന്റെ' കഥ

വിജി പെൺകൂട്ട്
|
27 March 2022 1:01 PM GMT

കഷ്ടപ്പാടും ബുദ്ധിമുട്ടും പട്ടിണിയുമൊക്കെ ഉണ്ടെങ്കിലും അതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ - വാങ്ങൽ, അടി - പിടി, അങ്ങനെ നേരം വെളുക്കുന്നുണ്ട് വൈകുന്നേരം ആകുന്നുണ്ട്, ഒന്നും അറിയില്ല. അങ്ങനെ വളർന്നു പോകുന്നുണ്ടായിരുന്നു.

ഞാൻ വിജി പെൺകൂട്ട്. 1968ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഞാൻ ജനിച്ചത്. കോഴിക്കോട് തൊണ്ടയാട് എന്ന് പറയുന്ന സ്ഥലത്താണ് ഞങ്ങൾ താമസിച്ചത്. ഇപ്പോൾ അവിടെയല്ല. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയ വീട്ടിലാണ് - ബൈപ്പാസിൽ വഴി പോക്കിൽ. അന്ന് ഞങ്ങളുടെ വീട്ടിലെ അമ്മയുടെ അച്ഛനുണ്ട്, ഞങ്ങൾ മൂന്നു പേരുണ്ട് - ഞാൻ, എന്റെ ചേച്ചി, അനിയൻ. അതേപോലെ മാമനുണ്ട് അമ്മായിയുണ്ട്, അമ്മായിക്ക് നാല് മക്കളുണ്ട്. പ്രേമേച്ചി, റാണിയേച്ചി, പിന്നെ രണ്ട് ആൺകുട്ടികളും; ബാബുവേട്ടൻ, മണി. ഞങ്ങളെല്ലാവരും കൂട്ടു കുടുംബമായിരുന്നു. നല്ല രസമായിരുന്നു. കഷ്ടപ്പാടും ബുദ്ധിമുട്ടും പട്ടിണിയുമൊക്കെ ഉണ്ടെങ്കിലും അതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ - വാങ്ങൽ, അടി - പിടി, അങ്ങനെ നേരം വെളുക്കുന്നുണ്ട് വൈകുന്നേരം ആകുന്നുണ്ട്, ഒന്നും അറിയില്ല. അങ്ങനെ വളർന്നു പോകുന്നുണ്ടായിരുന്നു.

അമ്മയും അച്ഛനും അമ്മാവനും അമ്മായിയും ഒക്കെ തന്നെ അടി ഉണ്ടാക്കാറുണ്ടായിരുന്നു, അച്ഛൻ അമ്മ അടിക്കുന്നുണ്ട്. മാമൻ അമ്മായിയെ അടിക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങൾ കാണുന്നുണ്ട്. കൂട്ടക്കരച്ചിൽ കരയുന്നുണ്ട്. പിന്നെ രാവിലെ ആയിക്കഴിഞ്ഞാൽ രണ്ടാളും ജോലിക്ക് പോകും. അമ്മയും അച്ഛനും ജോലിക്ക് പോകും. രണ്ടാളും തൊഴിലാളികളാണ്. മാമനും അമ്മായിയും ജോലിക്ക് പോകും. ഞങ്ങൾ സ്കൂളിൽ പോകും. മാമന്റെ മൂത്ത ചേച്ചിമാരാണ് ഞങ്ങളെ നോക്കിയിരുന്നത്. പ്രേമേച്ചിയും റാണിയേച്ചിയുമെല്ലാം ഞങ്ങളെ നോക്കും. ഞങ്ങളൊക്കെ ചെറുതായിരുന്നു. മാമന്റെ രണ്ട് ആൺകുട്ടികളും ഞങ്ങളും ഒക്കെ ഏകദേശം ചെറിയ വ്യത്യാസമൊക്കെ ഉള്ളൂ, ഒരു വയസ്സ് ഒക്കെ വ്യത്യാസത്തിലുള്ള ഞങ്ങൾ നാലാളും ചെറുതും പ്രേമേച്ചിയും റാണിയേച്ചിയുമൊക്കെയാണ് കുറച്ച് മുതിർന്ന ആളുകൾ. അവരാണ് ഞങ്ങളെ നോക്കുക. ഒരുപാട് ബുദ്ധിമുട്ട് ഒക്കെയാണ്.

അമ്മയും അമ്മമ്മയുമൊക്കെ അവിടെ പോയി, ജോലിക്ക് പോയ സ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കാതെ ആ ഭക്ഷണം വീട്ടിൽ കൊണ്ടുവന്നു ഞങ്ങൾക്ക് വിഭജിച്ച് തരികയാണ് ചെയ്തത്. വേർതിരിച്ച് ഇങ്ങനെ ഞങ്ങൾക്ക് തരും. ദീപാവലിക്ക് മിഠായി കൊണ്ടുവന്നാലും അത് ഇങ്ങനെ കറക്റ്റ് ഞങ്ങൾ നാലും മൂന്നും ഏഴ് ആൾക്കാർക്ക് ഇങ്ങനെ ഓരുവെച്ച് തരും. അപ്പോൾ ഞങ്ങൾ നന്നായി ശ്രദ്ധിക്കും. ഈ ഓരിൽ എന്തെങ്കിലും ജനാധിപത്യവിരുദ്ധ കാണിച്ചു വച്ചിട്ടുണ്ടോ എന്ന് അന്നേ നോക്കും. ആർക്കെങ്കിലും കൂടുതൽ ആയിപോയിട്ടുണ്ടോ, ആർക്കെങ്കിലും കുറഞ്ഞോ എന്ന് ഞങ്ങൾ അന്നേ തിരയും. അങ്ങനെ വളർന്നുവന്നതാണ് ഞങ്ങൾ. പിന്നെ കുടിയിറപ്പിന് കിട്ടുന്ന, ആ സമയം വന്നപ്പോൾ ഞങ്ങൾക്ക് അവർ 3 സെന്റ് സ്ഥലം മാമനും, 3 സെന്റ് സ്ഥലം അമ്മയ്ക്കും, അമ്മയ്ക്കാണ് 6 സെന്റ് സ്ഥലം കിട്ടിയത്, അത് 3- 3 സെന്റ് ആയി വിഭജിച്ച് അമ്മയ്ക്കും മാമനും കൊടുത്തു. അതിൽ ഞങ്ങൾ ചെറിയ കുടിൽ ഒക്കെ കിട്ടി ഞങ്ങൾ വേറെ വേറെ വീടുകളിലായി. അപ്പോൾ ഏറെക്കുറെ അടിക്ക് പരിഹാരം ഉണ്ടായി. കാരണം അമ്മായിനെ മാമൻ അടിക്കുന്നത് ഞങ്ങൾക്ക് കാണണ്ട. കുറച്ച് അപ്പുറത്താണ്.

ഇപ്പുറം അച്ഛൻ അമ്മയെ അടിക്കുന്നത് മാത്രം ഞങ്ങൾ നോക്കിയാൽ മതി. ഈ അമ്മയായ തൊഴിലാളിയെ അച്ഛനായ തൊഴിലാളി വന്ന് അടിക്കുക, മാമൻ ആയ തൊഴിലാളി അമ്മായി ആയ തൊഴിലാളിയെ അടിക്കുക. രണ്ടുകൂട്ടരും അമ്മമ്മയായ തൊഴിലാളിയെ അടിക്കുക, മാമനും അച്ഛനും. എന്ത് ഭീകരമായ അവസ്ഥയായിരുന്നു? അക്രമത്തിന് മുന്നിലായിരുന്നു ഞങ്ങൾ തൊണ്ടയാട്. കാരണം ഞങ്ങളുടെ ചുറ്റും ദരിദ്രരായിരുന്നു. എല്ലാവരും, എല്ലാ വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും തൊഴിലാളികളായിരുന്നു. അതുകൊണ്ട് ആലോചിക്കാമല്ലോ ഞങ്ങളുടെ ആ ഏരിയ മൊത്തം തൊഴിലാളി കുടുംബങ്ങളായിരുന്നു. അപ്പോൾ അവിടെ പാർട്ടിയുള്ള സ്ഥലമായിരുന്നു. അച്ഛനൊക്കെ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നും. എല്ലാവരും സി.പി.എം ആയിരുന്നു. ഞങ്ങളുടെ ഏരിയ മൊത്തം സി.പി.എമ്മിന്റെ ഏരിയ ആയിരുന്നു. ഞങ്ങൾക്ക് ആ ഒരു വല്ലാത്ത അവസ്ഥയിൽ അമ്മയുടെ പഠിക്കാൻ ഒന്നും പറ്റില്ല. നിങ്ങൾ പഠിക്കാനിരിക്കുമ്പോൾ ഒരു ഭാഗത്തുനിന്ന് അപ്പുറത്തെ കരച്ചിൽ ഇപ്പുറത്തെ കരച്ചിൽ, പെണ്ണുങ്ങളുടെ, സ്ത്രീകളുടെ കരച്ചിലാണ്. സ്ത്രീകൾ അന്നേ ഇങ്ങനെ, അടി കിട്ടുമ്പോൾ ആരാണ് കരയാതിരിക്കുക?


ഇന്ന് നമ്മൾക്ക് എന്തായാലും മക്കളെ എത്രമാത്രം പഠിപ്പിക്കണം എങ്കിലും പഠിക്കുമായിരുന്നു. അവരെത്ര പഠിച്ച് മുന്നോട്ട് പോകുന്നു അത്രയും നമ്മൾ സപ്പോർട്ട് ചെയ്യും ഇന്നത്തെ അച്ഛനമ്മമാർ. അന്ന് മക്കൾ നന്നായി പഠിച്ചാലും സപ്പോർട്ട് ചെയ്യാൻ അച്ഛനും അമ്മയ്ക്കും പറ്റില്ല. ഞാൻ ഒരു ദിവസം കോലായിൽ ഇരുന്നു പഠിച്ചു കൊണ്ടിരിക്കുമ്പോൾ, അന്ന് അങ്ങനെയാണല്ലോ എവിടെയാണ് കിട്ടുന്നത് എന്ന് വെച്ചാൽ അവിടെ വിളക്കും കത്തിച്ചു വെച്ച് പഠിക്കുകയാണ് ചെയ്യുക. കോലായിൽ ഇരുന്നാണ് പഠിക്കുക. അപ്പോഴാണ് നമ്മുടെ വീട്ടിനടുത്തുള്ള ലളിത ഏട്ടത്തി, അന്നൊക്കെ വെള്ളം പുറത്ത് പോയി കൊണ്ടുവരണം - താഴെ താഴെ ഇറങ്ങി കൊണ്ടുവരണം, താഴേക്ക് ഒരു കിണറുണ്ട്, ഞങ്ങളൊക്കെ ഒരു കുന്നിനു മുകളിലാണ്. അപ്പോൾ വെള്ളവും കൊണ്ട് ഇങ്ങനെ വരുമ്പോൾ ലളിത ഏടത്തിയുടെ ഭർത്താവ് ലളിത ഏട്ടത്തിയുടെ ഒരൊറ്റ ചവിട്ട് പുറത്ത്. അപ്പോ ആ ചപ്പിടും ലളിത ചേട്ടത്തിയും അങ്ങ് വീണു. മൂക്കിൽ നിന്ന് ചോര വന്നു. ആരും ഇടപെടുന്നില്ല. അത് അവർ ഭാര്യയും ഭർത്താവും അല്ലെ. ഇവിടെ അച്ഛൻ അമ്മയുടെ കഴുത്തിൽ തോർത്ത് ടൈറ്റ് ആക്കിയിട്ട് ഇങ്ങനെ, അമ്മയുടെ നാവൊക്കെ ഇങ്ങനെ പുറത്തേക്ക് വരും. പേടിച്ച് ഞങ്ങളൊക്കെ കരയും. ആരും ഇടപെടില്ല. ഭാര്യയും ഭർത്താവും അല്ലെ! ഗർഭിണിയായ ചേച്ചിയുണ്ട്, ഇവരൊക്കെ തൊഴിലാളികളാണെ. അവർ ഗർഭിണി ആയിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിൽ അവരുടെ ഭർത്താവ് വന്നിട്ട്, ഒക്കെ മദ്യപാനികളാണ്, മദ്യപിച്ചിട്ട് ആണ് ഈ അക്രമമൊക്കെ നടത്തുന്നത്. അവരെ ഈ ഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ ഇവർ വീടിന്റെ ചുറ്റും ഓടി കൊണ്ട് ഭക്ഷണം കഴിക്കാണ്. ഗർഭിണിയായ ആ ചേച്ചി. ആരും ഇടപെടുന്നില്ല. അവര് ഭാര്യയും ഭർത്താവും അല്ലെ! ഇങ്ങനെ കണ്ടു വളർന്നതാണ് ഞാൻ.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്, ഇവരൊക്കെ മനുഷ്യരല്ലേ, ഈ അക്രമിക്കുന്ന ആളുകളും മനുഷ്യരാണ്. അക്രമം നേരിടുന്ന ഞങ്ങളെപ്പോലുള്ള സ്ത്രീകളും മനുഷ്യരാണ്. അന്നേ ഇതൊക്കെ കണ്ടിട്ടാണ് ഞാൻ ഇങ്ങനെ മുന്നോട്ടു വരുന്നത്. പത്താംക്ലാസ് പഠിക്കുമ്പോൾ, ഞാൻ ഇങ്ങനെ ചെവി കോർത്ത് കണ്ണൊക്കെ ഇങ്ങനെ ചുറ്റും നോക്കുന്ന സ്വഭാവം എനിക്ക് അന്നുമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ പത്താംക്ലാസ് എത്തുന്നത്. എന്റെ അമ്മാവന്റെ മക്കളൊക്കെ അഞ്ച്, ആറ് മാക്സ് ഏഴാം ക്ലാസ്, പിന്നെ കഴിഞ്ഞു. പഠിപ്പ് കഴിഞ്ഞു ഇവരുടെയൊക്കെ. മാമന്റെ മക്കളുടെ പഠിപ്പു മുഴുവൻ കഴിഞ്ഞു. പിന്നെ ഞങ്ങൾ ആയി. ചേച്ചിയും അതേപോലെ മാക്സിമം ഒരു ഒമ്പതാം ക്ലാസ് വരെ ഒപ്പിച്ചു, അവളും കഴിഞ്ഞു. പിന്നെ ഞാൻ. ഞാൻ അങ്ങ് പത്തിലേക്ക് അങ്ങോട്ടു ചാടി. പത്തിൽ എത്തിയപ്പോൾ പുസ്തകം വേണ്ടേ പഠിക്കാൻ. ടെക്സ്റ്റ് ഞങ്ങൾക്ക് അന്ന് കിട്ടിയിട്ടുണ്ട്. അതിന് എന്തോ ചെറിയ ഫീസ് , സ്കൂൾ ഫീസ് എന്തോ ഒരു ചെറിയ പൈസ അടയ്ക്കണം. അപ്പോൾ ഞാൻ അച്ഛനോട് പറയും, അച്ഛാ ഒരു സ്കൂൾ ഫീസ് അടക്കാത്തതിൽ ടീച്ചർമാർ പ്രശ്നമുണ്ടാക്കുന്നുണ്ട്.


"ഞാൻ അച്ഛനോട് ചോദിച്ചു ടീച്ചറേ, അച്ഛൻ പറഞ്ഞു അച്ഛൻ ഫ്രന്റ് ആണ് ചാക്കിരി അതുകൊണ്ട് അച്ഛൻ അടക്കേണ്ട എന്നാണ് പറഞ്ഞത്." ടീച്ചർ ചിരിച്ചു. അങ്ങനെ എനിക്ക് രണ്ട് പുസ്തകമേ ഉള്ളൂ. രണ്ടു പുസ്തകം, നോട്ട്ബുക്ക് ഉള്ളത്. ടെക്സ്റ്റ് എന്തൊക്കെയോ തരത്തിൽ ഏതൊക്കെയോ കിട്ടിയിട്ടുണ്ട്. പക്ഷേ വരയില്ലാത്ത പുസ്തകത്തെ കണക്ക്, സയൻസ് ഒക്കെ എഴുതും. വരെയുള്ളതിൽ ബാക്കി വിഷയങ്ങളൊക്കെ എഴുതും. എങ്ങനെയെങ്കിലും ഒക്കെ ഒപ്പിക്കും. അന്ന് 210 മാർക്ക് മതി പാസാവാൻ. 193 മാർക്ക് ഞാൻ വാങ്ങി. ഈ രണ്ടു ബുക്കിൽ. ഞാൻ അന്ന് സ്കൂൾ ലീഡർ ഒക്കെ ആയിരുന്നു. അന്ന് ഞാൻ പിള്ളേരുടെ ഇടയിൽ ഒക്കെ, ഞങ്ങൾ കൂട്ടുകാരികളൊക്കെ സ്കൂൾ മുഴുവൻ എന്റെ കൂട്ടുകാരികൾ ആയിരുന്നു.


(തുടരും )

Related Tags :
Similar Posts