Interview
ബഫര്‍സോണ്‍: കര്‍ഷകരെ ഒഴിവാക്കികൊണ്ടുള്ള വനവത്കരണ ഗൂഢാലോചനയാണ് നടക്കുന്നത് - കെ.ജെ ദേവസ്യ
Interview

ബഫര്‍സോണ്‍: കര്‍ഷകരെ ഒഴിവാക്കികൊണ്ടുള്ള വനവത്കരണ ഗൂഢാലോചനയാണ് നടക്കുന്നത് - കെ.ജെ ദേവസ്യ

റഹുമത്ത് എസ്
|
23 Dec 2022 10:13 AM GMT

വനാതിര്‍ത്തി പ്രദേശങ്ങളില്‍ കരുതല്‍മേഖല അഥവാ, ബഫര്‍സോണ്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വലിയ ആശങ്കയിലാണ് മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍. ആയിരക്കണക്കിന് കുടുംബങ്ങളുടെ അതിജീവനവും ഉപജീവനവും തകര്‍ക്കുന്ന നടപടിയാണ് ഇതെന്നാണ് ആക്ഷേപം. ബഫര്‍സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ കൂടി വന്നതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. വിഷയത്തില്‍ പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം നേതാവുമായ കെ.ജെ ദേവസ്യ മീഡിയവണ്‍ ഷെല്‍ഫ് പ്രതിനിധി റഹുമത്ത് എസ് നോട് സംസാരിക്കുന്നു.

വന്യജീവി സങ്കേതങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായതാണ് ബഫര്‍സോണ്‍. യു.പി.എ ഗവണ്‍മന്റിന്റെ കാലത്ത് പരിസ്ഥിതി വകുപ്പ് മന്ത്രി ആയിരുന്ന ജയറാം രമേഷാണ് ബഫര്‍സോണ്‍ നിശ്ചയിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിച്ചത്. അങ്ങനെ താല്‍പര്യം കാണിക്കുമ്പോള്‍ അത് സ്വാഭാവികമായിട്ടും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ പ്രത്യേകത ഉണ്ട്. ദക്ഷണേന്ത്യക്ക് പ്രത്യേകത ഉണ്ട്, വിശിഷ്യ കേരളത്തിന്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വളരെ വിശാലമായ വന പ്രദേശങ്ങളാണുള്ളത്. അതില്‍ തന്നെ കേരളം എടുത്താല്‍ ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വന പ്രദേശമുള്ളത് വയനാട്ടിലാണ്. വനങ്ങളേയും വന്യജീവി സങ്കേതങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കരുതല്‍ മേഖല ആവശ്യമെങ്കില്‍ വനത്തിനുള്ളില്‍ തന്നെ ചെയ്താല്‍ മതിയാകും. എന്റെ ഒരു ഭൂമി സംരക്ഷിക്കണം, അതിന് ഞാന്‍ തന്നെ അതിരിട്ട്, വേലികെട്ടി സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. വനം വകുപ്പിന് ബഫര്‍സോണ്‍ നിശ്ചയിക്കണമെങ്കില്‍ അവരുടെ ഭൂമിയില്‍ തന്നെ ഒരു മീറ്റര്‍ വീതിയില്‍ അല്ലെങ്കില്‍ രണ്ട് മീറ്റര്‍ വീതിയില്‍ ചെയ്താല്‍ മതി.

മുമ്പുണ്ടായിട്ടുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുള്ള സര്‍ക്കുലറുകളും വിജ്ഞാപനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് ഉണ്ടായിരിക്കെതന്നെ, അതിനേക്കാള്‍ ഭീകരമായ വിധത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും.

വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി പറഞ്ഞത്, ജനവാസ മേഖല ഉണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഓരോ സംസ്ഥാന ഗവണ്‍മെന്റുകളും എംപവേര്‍ഡ് കമ്മറ്റിയെ സമീപിക്കുകയും അവര്‍ വഴി സുപ്രീം കോടതിയില്‍ സമര്‍പിക്കുകയും ചെയ്യണെമന്നാണ്. രാജസ്ഥാനിലുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഇങ്ങനൊരു ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇതിനാധാരമായി ഉണ്ടായ മറ്റൊരു കേസ് എന്ന് പറയുന്നത്, ഗോവ ഫൗണ്ടേഷന്‍ കൊടുത്ത കേസും നിലമ്പൂര്‍ കോവിലകത്തെ തിരുമുല്‍പ്പാട് നീലഗിരിയില്‍ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് - വൃക്ഷങ്ങള്‍ മുറിക്കുന്നതിനെ ചൂണ്ടിക്കാണിച്ച് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് - കേസുമായിരുന്നു. നമ്പൂതിരിപ്പാട് മരിച്ചിട്ട് വര്‍ഷങ്ങളായി. ഗോവ ഫൗണ്ടേഷന്‍ കേസും അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഏത് കേസ് വന്നാലും ഈ രണ്ട് കേസുകളെയും ഒരുമിച്ച് ചേര്‍ത്താണ് വാദം തുടരുന്നത്. രാജസ്ഥാനില്‍ ഇത്തരത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അവിടെ പല സ്ഥലത്തും നൂറും, അഞ്ചും മീറ്ററുകളും ഒന്നും ഇല്ല. വനത്തിനുള്ളില്‍ തന്നെയാണ് അവര്‍ ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ച്, ഞാന്‍ ഇപ്പോള്‍ വയനാട്ടിലാണ് താമസം. വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ആകാശദൂരത്തില്‍ ബഫര്‍സോണ്‍ ആക്കിയാല്‍ ജനങ്ങള്‍ വനം വകുപ്പിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാകും. നിലവില്‍ ഞങ്ങള്‍ അനുസരിക്കുന്നത് റവന്യൂ നിയമങ്ങളാണ്.


മുമ്പുണ്ടായിട്ടുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുള്ള സര്‍ക്കുലറുകളും വിജ്ഞാപനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് ഉണ്ടായിരിക്കെതന്നെ, അതിനേക്കാള്‍ ഭീകരമായ വിധത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരും. കടലാസില്‍ കാണുന്നത് പോലെ ഒരു ചെറിയ കേസല്ല ഇത്. ബഫര്‍സോണില്‍ റോഡ് വെട്ടാനും കിണര്‍ കുഴിക്കാനും വീട് പണിയാനും കൃഷിചെയ്യാനും - കൃഷി ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ - നിയന്ത്രണങ്ങളുണ്ട്. വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി പാടില്ല. വലിയ മരമില്ല് പാടില്ല, ക്വാറികള്‍ പാടില്ല എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ഉള്ളത്. പോകെ പോകെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അവസാനം വനമാക്കാന്‍ ഇടയാകും. ഗൂഡല്ലൂര്‍ അങ്ങനെ ആയി. ബഫര്‍സോണ്‍ എന്ന് പറയുന്നത് കേരളത്തിലെ വനം കുറച്ചു കൂടി വര്‍ധിപ്പിക്കാനുള്ള നടപടി ആയിട്ടാണ് കാണേണ്ടത്. ബഫര്‍സോണ്‍ വന്ന് കഴിഞ്ഞാല്‍ ഭൂമി കൊടുക്കല്‍ വാങ്ങലുകളെല്ലാം നിരോധിക്കപ്പെടും എന്നതരത്തിലുള്ള നിയമങ്ങളൊന്നും ഇല്ല. പക്ഷേ, ബഫര്‍സോണ്‍ പാലുള്ള പ്രദേശങ്ങളില്‍ നിന്ന് ആരും തന്നെ ഭൂമി വാങ്ങാനായി വരില്ല.


ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട് കൊണ്ടാണ് ഇപ്പോള്‍ പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ഉപഗ്രഹ സര്‍വേയില്‍ എന്താണ് ഉള്ളതെന്ന് പുറത്ത് വിടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുകയും ഗവണ്‍മന്റ് അത് പുറത്ത് വിടുകയും ചെയ്തു. പുറത്ത് വിട്ട് കഴിഞ്ഞപ്പോള്‍ സംഭവിച്ചത്, ആകാശ ദൃശ്യമായത് -ഉപഗ്രഹ സര്‍വെ - കൊണ്ട് തന്നെ പച്ചപ്പുള്ള പ്രദേശങ്ങളെയാണ് കൂടുതലും ചേര്‍ത്തിരിക്കുന്നത്. കെട്ടിടങ്ങള്‍ സര്‍വേ റിപ്പോട്ടില്‍ കുറവാണ്. വന്‍ കെട്ടിടങ്ങള്‍ പോലും കാണിക്കുന്നില്ല. എന്നാല്‍, അത് ജനവാസ മേഖലയാണ്. സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് ഞാന്‍ താമസിക്കുന്നത്. അവിടുത്തെ നാലില്‍ ഒന്ന് കെട്ടിടങ്ങള്‍ പോലും സര്‍വ്വേ റിപ്പോട്ടില്‍ കാണിക്കുന്നില്ല. അതിന് കാരണം, ഡ്രോണ്‍ സര്‍വ്വേയില്‍ കൂടുതലും മരങ്ങളെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വേ റിപ്പോട്ടിന്റെ ഫോട്ടോ കാണുമ്പോള്‍ ജനസാന്ദ്രത കൂടിയ പ്രദേശമാണെന്ന് കോടതി മുമ്പാകെ തെളിയിക്കാന്‍ കഴിയല്ല. നേരത്തെ തന്നെ ഇവിടെ വന പ്രദേശമാണല്ലോ. പിന്നെ ജനങ്ങള്‍ക്കെന്താണ് പ്രയാസം എന്നാണ് കോടതി ചോദിക്കുന്നത്. ജനങ്ങളെ സംബന്ധിച്ച് ഒരുപാട് പ്രയാസങ്ങളുണ്ട്. കാരണം, അവരുടെ ഭൂമി, ജീവിത വ്യവസ്ഥ എല്ലാം അവിടെ തന്നെയാണ് ഉള്ളത്. പത്രത്തില്‍ വന്നൊരു റിപ്പോട്ടില്‍, വടക്കനാട് തുടങ്ങിയിട്ടുള്ള ഗ്രാമങ്ങള്‍ ഫോറസ്റ്റായിട്ടാണ് സര്‍വ്വേ റിപ്പോട്ടില്‍ കാണിക്കുന്നത് എന്നാണ്.


തീര്‍ത്തും അപാകതകള്‍ മാത്രം നിറഞ്ഞ ഒരു ഡ്രോണ്‍ സര്‍വ്വേ റിപ്പോട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോടതി ജനുവരി ഏഴുവരെ സമയം കൊടുത്തിട്ടുണ്ട്. അതിനുള്ളില്‍ ഡ്രോണ്‍ സര്‍വ്വേ റിപ്പോട്ട് പിന്‍വലിച്ച്, ഫീല്‍ഡ് സര്‍വ്വെ മാന്വുവലായിട്ട് ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. റവന്യൂ വകുപ്പിന്റേയും, ഫോറസ്റ്റ് വകുപ്പിന്റേയും, കൃഷി വകുപ്പിന്റേയും ഒക്കെ സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമസഭ വിളിച്ച് ചേര്‍ക്കണം. അത് പോലെ തന്നെ വില്ലേജിലുള്ള രേഖയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രേഖയും എല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് നടത്തുന്ന സര്‍വ്വേ ഫലപ്രദമായിരിക്കും. ഇപ്പോള്‍ ഉയര്‍ന്നുവന്ന സമരത്തിന് ചെറിയൊരു അയവ് വന്നിട്ടുണ്ട്. അതിന്റെ കാരണം, കര്‍ഷകരെ ഒഴിവാക്കികൊണ്ടുള്ള ഒരു ഉത്തരവും ഉണ്ടാകില്ലാ എന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. നമ്മുടെ ഉദ്യോഗസ്ഥ വിഭാഗം എത്രമാത്രം നല്ല നിലയിലാണ് സേവനം അനുഷ്ടിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു ചെറിയ കാര്യത്തിന് പോലും പാവപ്പെട്ട ആളുകള്‍ ചെന്നിട്ടുണ്ടെങ്കില്‍ അവരെ മൈന്റ് ചെയ്യാതെ, അല്ലങ്കില്‍ നൂറ് കൂട്ടം നിബന്ധനകള്‍ പറഞ്ഞ് കൊണ്ട് അവരെ ഒഴിവാക്കും.


വയനാട്ടില്‍ ഫോറസ്റ്റ് കൂടുതലാണ്. വനത്തിനകത്ത് തന്നെ ഒന്നോ രണ്ടോ കിലോമീറ്റര്‍ ബഫര്‍സോണ്‍ ആക്കിക്കോട്ടെ. കര്‍ഷകരെ ഒഴിവാക്കികൊണ്ടുള്ള ഒരു വനവത്കരണ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഫോറസ്റ്റ്കാര്‍ക്ക് സംവേദക മേഖലയുടെ നിയന്ത്രണം നല്‍കി നിശ്ചയിക്കുന്നത് ശരിയല്ല. കാരണം, ഫോറസ്റ്റ്കാരുടെ അടുത്ത് നിന്നും നമുക്ക് നീതി കിട്ടില്ല. നിലവിലുള്ള നിയമം കൊണ്ട് ആളുകള്‍ ബുദ്ധിമുട്ടുമ്പോഴാണ് കൂടുതല്‍ വന നിയമങ്ങള്‍ കൊണ്ട് നാട്ടിലെ ജനങ്ങളെ പ്രയാസപ്പെടുത്താന്‍ ശ്രമിക്കുന്നത്. മൊത്തത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്, വനം സംരക്ഷണവും, വന്യ ജീവി സംരക്ഷണവും വേണം. അതില്‍ ആര്‍ക്കും അഭിപ്രായ വത്യാസമൊന്നു ഇല്ല. പക്ഷെ, വിളകള്‍ നശിപ്പിച്ചും മനുഷ്യനെ ഇല്ലാതാക്കിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.


കെ.ജെ ദേവസ്യ

Similar Posts