മാംസനിബദ്ധം തന്നെയാണ് പ്രണയം, ശരീരമില്ലെങ്കില്‍ എവിടെയാണ് പ്രണയം? - ബിനീഷ് പുതുപ്പണം
|ശരീരത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പ്രണയത്തെ നമുക്ക് അംഗീകരിക്കാനാകില്ല. എന്നാല്‍, ശരീരം മാത്രമായി നമുക്ക് പ്രണയിക്കാനുമാകില്ല. അതില്‍ പല ഘടകങ്ങള്‍ കൂടിച്ചേരണം. സ്നേഹവും കരുതലും വാത്സല്യവും കരുണയുമൊക്കെ കലരുമ്പോഴാണ് ആ ശരീരങ്ങള്‍ തമ്മില്‍ പ്രണയം ഉടലെടുക്കുന്നത് എന്നു വേണം പറയാന്‍. അഭിമുഖം: ബിനീഷ് പുതുപ്പണം / നജ ഹുസൈന്
ഉച്ചവെയിലിന്റെ ഉഷ്ണച്ചൂടിനെ വകവെക്കാതെ നിലമേല്‍ എന്‍.എസ്സ്.എസ്സ് കോളജിന്റെ പടികള്‍ കയറിയത് ഇന്ന് യുവത ഏറെ ആഘോഷിക്കുന്ന ഒരെഴുത്തുകാരനെ കാണാനാണ്. സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും പ്രണയത്തെ സ്വതന്ത്രമാക്കി വായനയുടെ ആകാശത്തേക്ക് പറത്തിവിട്ട എഴുത്തുകാരന് ബിനീഷ് പുതുപ്പണം മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്പില് പുഞ്ചിരിയോടെ നില്‍പ്പുണ്ടായിരുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വക്താവ്, പ്രേമ നഗരത്തിന്റെ കര്‍ത്താവ്, കുട്ടികളുടെ പ്രിയപ്പെട്ട മലയാളം ടീച്ചര്‍ സഹപ്രവര്‍ത്തകരോടൊപ്പം എന്നെ സന്തോഷത്തോടെ വരവേറ്റു.സഹപ്രവര്‍ത്തകര്‍ തങ്ങളുടെപ്രിയപ്പെട്ട എഴുത്തുകാരനെക്കുറിച്ച് വാചാലരായി.
ഇന്‍സ്റ്റ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ജീവനില്ലാത്ത അക്ഷരങ്ങളെ മാത്രം തൊട്ട് വളര്‍ന്ന യുവ തലമുറയെപ്പോലും പുസ്തകത്തിലേക്ക് മടക്കി വിളിച്ചുവെന്നതാണ് ബിനീഷ് പുതുപ്പണം പ്രേമനഗരം എന്ന നോവലിലൂടെ മലയാളത്തിന് നല്കുന്ന സംഭാവന - ഈ പുസ്തകത്തിലൂടെ വരുംകാലം ഓര്‍മിക്കുന്നതും ഇത് തന്നെയായിരിക്കും. വായനയുടെ വസന്തത്തെ തിരികെ വിളിച്ച വലിയൊരു പൂമരമായിരുന്നു പ്രേമനഗരമെന്ന് പില്ക്കാലം രേഖപ്പെടുത്തുക തന്നെ ചെയ്യും.ഒരേ വഴിയിലൂടെ നടക്കുമ്പോഴല്ല, പുതിയ വഴി കണ്ടെത്തുമ്പോഴാണ്അവിടെയൊരു വിപ്ലവം സാധ്യമാകുന്നത്. ആ അര്‍ഥത്തില്‍ പ്രേമനഗരമെന്നത് ഒരു പുതു വഴി വെട്ടല്‍ തന്നെയായിരുന്നു. പ്രണയം, രതി, ടോക്സിക്ക് റിലേഷന്‍, ലിംഗനീതി തുടങ്ങിയ അനേകം മാനങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നുണ്ട്. വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന എല്ലാ കമ്പോള ചേരുവകളും ഇതില്‍ വായനക്കാരന് കണ്ടെത്താന്‍ കഴിയും. ചോദ്യങ്ങളിലേക്ക് കടന്നപ്പോള്‍ എഴുത്തുകാരനെന്നതിലപ്പുറം വാഗ്മിയും തത്വചിന്തകനും ഗവേഷകനുമായ ഒരധ്യാപകനായി ബിനീഷ് പരിണമിക്കുന്നത് ഞാന്അതിശയത്തോടെ നോക്കിക്കണ്ടു. നീലുവിന്റെയും മാധവിന്റേയും ഉപാധികളില്ലാത്ത പ്രണയ കഥ വായനക്കാരുടെ ഹൃദയം കവര്‍ന്നതിന്റെ ആത്മവിശ്വാസം ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പുസ്തകത്തെക്കുറിച്ചും എഴുത്തു വഴികളെക്കുറിച്ചും എഴുത്തുകാരന്.
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് - എഴുത്തു വഴികളെ എങ്ങനെ നോക്കിക്കാണുന്നു?
കുട്ടിക്കാലത്ത് ബാലഭൂമിയും ബാലരമയുമൊക്കെ വായിച്ചു നടക്കുമ്പോള്‍ അതിലൊക്കെ കൃതികള്‍ അച്ചടിച്ച് വരുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ആദ്യം എഴുതിയത് കവിതകളായിരുന്നു. എന്നാല്‍, ആദ്യമായി എഴുതിയ എഴുപതോളം കവിതകള്‍ സമാഹാരമാക്കാനാകാഞ്ഞത് നിരാശപ്പെടുത്തി. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അധ്യാപകരുടെ സംഘടന അത് പുസ്തകമാക്കാനായി ഒരു പ്രസ്സില്‍ കൊടുത്തു. എന്നാല്‍, പ്രസ്സ് അവിടുന്ന് ഷിഫ്റ്റ് ചെയ്തപ്പോള്‍ എന്റെ കവിതകളടങ്ങിയ ബുക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഡി.സി ബുക്സാണ് ആദ്യത്തെ കവിതാസമാഹാരം പുറത്തിറക്കിയത്. അതിന് ശേഷം കഥകളും ലേഖനങ്ങളും എഴുതുമായിരുന്നു. പിന്നീട് നോവലുകളിലേക്ക് ശ്രദ്ധ തിരിച്ചു. രണ്ടു നോവലുകളെഴുതി, രണ്ട് പ്രസാധകര്‍ക്ക് നല്കി. ഒന്ന് കോട്ടയം പാപ്പിറസും രണ്ടാമത്തേത് വിദ്യാര്‍ഥി പബ്ലിക്കേഷനും. എന്നാല്‍, രണ്ടും സംതൃപ്തി പോരാഞ്ഞ് അവസാന നിമിഷത്തില്‍ ഞാന്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കോവിഡ് സമയത്തെ അടച്ചു പൂട്ടല്‍ കാലത്താണ് പ്രേമനഗരമെഴുതുന്നത്. അതില്‍ ചുറ്റും കാണുന്ന പലരുടെയും ജീവിതങ്ങളും ചിന്തകളുമുണ്ട്. ഇപ്പോള്‍ അടുത്ത നോവലും പുറത്തിറങ്ങി. ഇതൊക്കെയാണ് എഴുത്തു വഴികള്‍.
വായനയാണോ അനുഭവമാണോ എഴുത്തിനെ കൂടുതല്‍ സഹായിച്ചത്?
വായനയാണ് കൂടുതല്‍ സ്വാധീനിച്ചത്. അച്ഛന് ഗുമസ്തപ്പണിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നു പോലും പുസ്തകങ്ങളും വാരികകളും വാങ്ങാന്‍ പൈസ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ അമ്മ പലപ്പോഴും പരിഭവം പറയുന്നതും കേട്ടിട്ടുണ്ട്. സത്യത്തില്‍ അമ്മയും നല്ല ഒരു വായനക്കാരിയായിരുന്നു. അങ്ങനെ ഞാനും പുസ്തകങ്ങളുടെ കൂട്ടുകാരനായി വളര്‍ന്നു. പിന്നെ യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അനുഭവങ്ങളും എഴുത്തിലേക്കുള്ള വഴി തുറന്നിട്ടുണ്ട്.
ഖസാക്കിനേയും ഡല്‍ഹിയേയും നെഞ്ചിലേറ്റിയ വായനാസമൂഹത്തില്‍ നിന്ന് വ്യതിചലിച്ച് റാം c/o ആനന്ദിയും പ്രേമനഗരവുമൊക്കെ ആഘോഷിക്കുന്ന വായനയുടെ പുതിയ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതും ലളിതമായി വായിച്ചു പോകാനാകുന്നതുമായ മനോരമ, മംഗളം നോവലുകള്‍ക്ക് ഏറെ സ്വീകാര്യം ലഭിച്ച ഒരു കാലം നമുക്കുണ്ടായിരുന്നു.അതേസമയം തന്നെ ഒ.വി വിജയനേയും മുകുന്ദനേയുമൊക്കെ ആസ്വദിച്ച് വായിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍, ഖസാക്കിന് ആ കാലത്തില്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ലെന്ന് മാത്രമല്ല വിമര്‍ശനങ്ങളായിരുന്നു അധികവും ലഭിച്ചത്. പിന്നീട് മറ്റൊരു തലമുറയാണ് അതിനെ ഉയര്‍ത്തിക്കൊണ്ടു വന്നത്. അതുപോലെ എന്‍. മോഹനന്റെ ഒരിക്കല്‍ എന്ന നോവല്‍ ഇന്ന് ആഘോഷിക്കപ്പെടുന്നുണ്ട്. എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടിയ കൃതി ലഭിക്കുമോയെന്ന് അന്വേഷിച്ച് വരുന്നവരുണ്ട്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ആ നോവല്‍ ആരും ശ്രദ്ധിക്കാതെ പോയി. ഞാന്‍ പറഞ്ഞു വന്നത് വായന മരിക്കുന്നുവെന്ന് നമ്മള് മുറവിളി കൂട്ടുമ്പോഴും ഒരു കാലത്തും വായന മരിച്ചിട്ടില്ല എന്നാണ്. അത് ലളിതമായ ഭാഷയില്‍ എഴുതിയതായാലും അല്ലെങ്കിലും ഓരോ കാലത്തിലും വായനക്കാരുണ്ടാകുന്നുണ്ട്. അതില്‍ അഭിമാനവുമുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഇന്നത്തെ എഴുത്തുകളേയും വായനകളേയും എത്രത്തോളം സ്വാധീനിക്കുന്നുണ്ട്. പ്രേമനഗരത്തിനും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. രണ്ടര ലക്ഷം കോപ്പിയോളം വിറ്റുപോയ റാം c/o ആനന്ദിക്കും, ഏറ്റവും പ്രിയപ്പെട്ട എന്നോടിനുംപ്രേമനഗരത്തിനുമെല്ലാം സോഷ്യല്‍ മീഡിയകള്‍ തന്നെയാണ് റീച്ചുണ്ടാക്കിത്തന്നത്. ഇപ്പോള്‍ ഒരു പുസ്തകമിറങ്ങിയാല്‍ അതിനെക്കുറിച്ചുള്ള റിവ്യൂസ് റീലുകളായി ഇറങ്ങും. ആ റീലുകള്‍ ഹിറ്റാവുന്നതിനനുസരിച്ച് പുസ്തകവും ഹിറ്റാവും. അത്തരത്തില്‍ വിജയിച്ചു കഴിഞ്ഞ ഒരു പുസ്തകം വാങ്ങുന്നതും ഷെല്‍ഫില്‍ വെക്കുന്നതും അഭിമാനമായി കാണുന്നവരുമുണ്ട്. ആടുജീവിതം വായിച്ചിട്ടില്ലെങ്കില്‍പ്പോലും അത് കയ്യിലുണ്ടെന്ന് പറഞ്ഞ് അഭിമാനിക്കുന്ന ധാരാളം പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ടെക്നോളജികള്‍ ഇന്നത്തെ വായനയേയും മാറ്റിയിട്ടുണ്ട്.
എന്‍. മോഹനനെപ്പോലെയുള്ള എഴുത്തുകാരെ വച്ചു നോക്കുമ്പോള്‍ നിങ്ങടെ കാലത്തു തന്നെ പുസ്തകങ്ങള്‍ക്ക് ഏറെ സ്വീകാര്യത കിട്ടുന്ന നിങ്ങള്‍ ഭാഗ്യവാന്മാരല്ലേ. എന്നാല്‍, വരും കാലത്തും ഇതേ സ്വീകാര്യത നോവലിന് കിട്ടുമോ?
ജീവിച്ചിരിക്കുന്ന കാലത്തു തന്നെ പുസ്തകം വായിക്കപ്പെട്ടത് സന്തോഷം. നാളെയും വായിക്കപ്പെടുമോയെന്നു ചോദിച്ചാല്‍, കാലമാണ് ആത്യന്തികമായ നിരൂപകന്. ശാകുന്തളം ഇന്നും വായിക്കപ്പെടുന്നില്ലേ? മലയാള സാഹിത്യത്തില്‍ ബഷീറിനെ എടുത്തു നോക്കൂ. ഏതു കാലത്തും അദ്ദേഹം വായിക്കപ്പെടുന്നുണ്ട്. ഈ വായനാ സമൂഹം മൊത്തത്തില്‍ മാറിയേക്കാം. ചിലപ്പോള്‍ മാറാതെ വന്നേക്കാം. കാലം തന്നെയാണ് വായനയേയും സാഹിത്യത്തേയും നിശ്ചയിക്കുന്നത്.
അത്തരത്തില്‍ കാലത്തിനെ അടയാളപ്പെടുത്തുന്ന തരത്തില്‍, അല്ലെങ്കില്‍ വരും തലമുറയെക്കൂടി ആകര്‍ഷിക്കുന്ന രീതിയിലുള്ള ചേരുവകളാണ് പ്രേമനഗരത്തില്‍ ചേര്‍ത്തിരിക്കുന്നത്?
അതേ, പ്രണയം. മനുഷ്യന് സാഹിത്യം രൂപപ്പെടുത്തിയെടുത്ത കാലം മുതല്‍ പ്രണയമുണ്ട്. മനുഷ്യനുള്ള കാലത്തോളം നിലനില്ക്കും എന്നു വിശ്വാസമുള്ള പ്രണയം തന്നെയാണ് ഇപ്പോഴത്തേയും ഇനി വരാനുള്ളതുമായ കാലത്തെ വായനക്കായി ചേര്‍ത്തുവച്ചത്. പ്രണയത്തിന്റെ വൈകാരിക തലം കാളിദാസന്റെ കാലത്തെ അതേ തീവ്രതയില്‍ മാറ്റമില്ലാതെ ഇന്നുമുണ്ട്. മേഘസന്ദേശം വായിച്ചു നോക്കിയാലറിയാം യക്ഷന്റെ മാനസികാവസ്ഥ തന്നെയാണ് ഇന്നത്തെ നോവലുകളിലെ പ്രണയിതാക്കള്ക്കുമുള്ളത്. എന്നും നിലനില്‍ക്കുന്ന ഈ വൈകാരിക തലമാണ് പ്രണയത്തെ ഉദാത്തമാക്കുന്നതും ആ പ്രമേയങ്ങള്‍ ഏതു കാലത്തും വായന ആവശ്യപ്പെടുന്നതും.
അത്തരത്തില്‍ പ്രണയം ഉദാത്തമാകുന്നുവെന്ന് പറയപ്പെടുമ്പോഴും ആശാന്റെ 'മാംസനിബദ്ധമല്ല രാഗം' എന്ന ഭാവത്തില്‍ നിന്നും ഇന്നത്തെ പ്രണയത്തിന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?
പ്രണയം ഏതു കാലത്തും മാംസനിബദ്ധമാണ്. ശരീരമില്ലെങ്കില്‍ പ്രണയമെവിടെയാണ്? എന്തിനോടാണ്? ശരീരമില്ലാത്ത പ്രണയമാണ് പരിശുദ്ധമെന്ന് നമുക്കെങ്ങനെ പറയുവാനാകും? നമുക്ക് സങ്കല്പ്പിക്കാനെങ്കിലും ഒരു ശരീരമുണ്ടെങ്കിലല്ലേ അവിടെ പ്രണയത്തിന് നിലനില്‍പ്പുള്ളൂ. നമ്മള് എത്ര അകലെയായാലും രണ്ടു ശരീരങ്ങള്‍ അവിടെയുള്ളതു കൊണ്ടാണ് പ്രണയമുള്ളത്. ആ രൂപമില്ലെങ്കില്‍ പ്രണയമില്ല. രണ്ടാമത്തെ കാര്യം മാംസനിബദ്ധമല്ല രാഗം എന്ന സങ്കല്‍പ്പമൊക്കെ വന്നത് നൂറ്റാണ്ടുകള്‍ ശേഷമാണ്. അതിനും എത്രയോ മുന്‍പ് പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലൊക്കെ സെക്സിനെപ്പറ്റി പഠനം തുടങ്ങതിനും മുന്‍പു തന്നെ വാത്സ്യായനന്കാമസൂത്രയിലൂടെ സെക്സിനെ മനോഹരമായി വരച്ചു വച്ചിരുന്നു. ശരീരത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പ്രണയത്തെ നമുക്ക് അംഗീകരിക്കാനാകില്ല. ശരീരം മാത്രമായി പ്രണയിക്കാനുമാകില്ല. അതില്‍ പല ഘടകങ്ങള്‍ കൂടിച്ചേരണം. സ്നേഹവും കരുതലും വാത്സല്യവും കരുണയുമൊക്കെ കലരുമ്പോഴാണ് ആ ശരീരങ്ങള്‍ തമ്മില്‍ പ്രണയം ഉടലെടുക്കുന്നത് എന്നു വേണം പറയാന്‍.
അതുകൊണ്ടാണോപ്രേമനഗരത്തിലെ നീലുവിന്റെയും മാധവിന്റെയും പ്രണയത്തില്‍ ശരീരത്തിന്റെ ആഘോഷം കാണാന്‍ കഴിയുന്നത്?
നീലുവും മാധവും സാധാരണ വികാരവിചാരങ്ങളുള്ള മനുഷ്യരാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രണയത്തിലും എല്ലാ വൈകാരിക തലങ്ങളും അടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഇന്നത്തെ തലമുറ വളരെ ഭാഗ്യം ചെയ്തവരാണ്. കാരണം, സൗഹൃദമായാലും പ്രണയമായാലും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനവര്ക്ക് സാധിക്കുന്നു. ഒന്നിലും അടിച്ചേല്‍പ്പിക്കലുകളില്ല. പണ്ടുകാലത്ത് നാല്പ്പതുകാരന് പതിമൂന്ന്കാരിയെ വരിക്കുന്നു. ഒരാള്‍ രണ്ടും മൂന്നും സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നു. അതില്‍ നിന്നൊക്കെ മാറി, സ്വന്തം ജീവിതം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ തലമുറക്കുണ്ട്. ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ട്. അത്തരത്തില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് നീലുവും മാധവും.
ഉപാധികളില്ലാത്ത പ്രണയം എന്നൊന്നുണ്ടോ?
സത്യത്തില്‍ ഇല്ല. പ്രണയം മാത്രമല്ല എല്ലാ ബന്ധങ്ങളും ഉപാധികളോടു കൂടിയതാണ്. സ്വാര്ഥതയില്ലെങ്കില് പ്രണയത്തിന് നിലനില്‍പ്പില്ല. പക്ഷേ, ഭാവനയില്‍ കൂടിയെങ്കിലും അത്തരം ഒരു പ്രണയത്തെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍പ്പോലും സ്വാര്‍ഥത കടന്നു വരുന്നുണ്ട്. എന്റേതാണെങ്കില്‍ കൂടി അവര്‍ക്ക് ഒരു വിശാലമായ ഒരു ലോകമുണ്ടെന്നും എല്ലാ സ്വാതന്ത്ര്യങ്ങളുമുണ്ടെന്നും പരസ്പരം പിരിഞ്ഞാലും തന്റേതായി നിലനില്ക്കുന്നുണ്ടല്ലോയെന്ന് ചിന്തിക്കുന്ന, ഉപദ്രവിക്കാത്ത പ്രണയത്തെയാണ് ഉപാധികളില്ലാത്ത പ്രണയമായി ഞാന്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. അവസാനം നീലുവിലൂടെ ഒരു പരിധിവരെ ആ പ്രണയത്തെ ആവിഷ്കരിക്കാനും സാധിച്ചു.
പുതിയ നോവലിന്റെ വിശേഷങ്ങള്‍?
അഞ്ച് സ്ത്രീകള്‍ അവരുടെ യാത്രകളിലൂടെ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും സന്തോഷങ്ങളുമാണ് പുതിയ നോവലിലെ പ്രമേയം. സ്ത്രീമുന്നേറ്റം ഉദ്ദേശിച്ച് എഴുതിയതാണ്. വളരെ വേഗത്തില്‍ എഴുതിത്തീര്‍ത്ത ഒരു നോവലായിരുന്നുവെന്നത് കൊണ്ട് അടുത്ത നോവല്‍ കുറച്ച് സമയമെടുത്ത് എഴുതുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിലും വിഷയം പ്രണയമാണെങ്കിലും പ്രേമ നഗരത്തില്‍ നിന്നും വ്യത്യസ്തമായി പ്രണയത്തിന്റെ മറ്റൊരു തലത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.
മലയാളിയുടെ നിര്‍മിത സദാചാരത്തെ തച്ചുടക്കാന്‍ പ്രേമനഗരത്തിന് സാധിച്ചിട്ടുണ്ട്?
മനുഷ്യനുള്ളിടത്തോളം സദാചാരവുമുണ്ട്. അതിന് മാറ്റങ്ങള്‍ വരും. വലിയ ചങ്ങല ചെറിയ ചങ്ങലയാകുന്നതുപോലെ. നമ്മളെത്ര മുറിച്ചു കളയാല്‍ ശ്രമിച്ചാലും ആ ചങ്ങല നമ്മളിലുണ്ട്. ഒരു ഭാര്യക്കും ഭര്‍ത്താവിനും സ്വതന്ത്രമായി കടപ്പുറത്തിരുന്ന് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്നുമുണ്ട്. സദാചാര പൊലീസിന്റെ കണ്ണിലെ കരടായി അവര്‍ മാറും. ഒരാണ് കുട്ടിയും പെണ്‍കുട്ടിയും നടന്നു പോകുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നമ്മള് പോലുമറിയാതെ അവരെ പിന്തുടരും. പുറമെ നമ്മള് എത്രയൊക്കെ പുരോഗമനം പറഞ്ഞാലും എന്നിലും നിങ്ങളിലുമൊക്കെ അതുണ്ട്. നമ്മുടെ കുട്ടികളുടെ വിവാഹത്തില്‍, തെരഞ്ഞെടുപ്പില്‍, തൊഴിലിടങ്ങളിലൊക്കെ നമ്മളില്‍ ആ ചിന്തകള്‍ മുളച്ചു വരും. അവിടെയെല്ലാം പുറമെ വാദിക്കുന്ന തരത്തില്‍ പെരുമാറാനാകാതെ പരാജയപ്പെടുന്ന നമ്മളെ കാണാം.
സദാചാര ബോധത്തെ തച്ചുടക്കാന്‍ നോവലിന് കഴിഞ്ഞിട്ടുണ്ടോയെന്നെനിക്കറിയില്ല. എന്നാല്‍, പ്രായം കൊണ്ടും ചിന്തകള്‍ കൊണ്ടുമൊക്കെ അന്തരമുള്ള രണ്ടു വ്യക്തികളെ പ്രണയം വഴി കൂട്ടിയിണക്കാനും അതിന് വായനക്കാരുടെ മനസ്സില്‍ ഇടം നേടാനും കഴിഞ്ഞിട്ടുണ്ടെന്നുള്ളത് സന്തോഷം തരുന്നു. വളരെ ദൂരെ നിന്നു പോലും ഇതെന്റെ കഥയാണെന്ന് പറഞ്ഞ് എന്നെ കാണാന്‍ വരുന്നവരാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ ആദരവായി തോന്നിയിട്ടുള്ളത്. നമ്മുടെ എഴുത്തുകള്‍ക്ക് ഒരാളുടെയെങ്കിലും ഹൃദയത്തെ സ്പര്‍ശിക്കാനായാല്‍ അതല്ലേ ഏറ്റവും വലിയ പുരസ്കാരം.