Life Story
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം
Life Story

ആനവണ്ടിയില്‍ ഒരു വയനാട് യാത്ര

ഹബീബ കുമ്പിടി
|
19 April 2024 9:47 AM GMT

തടാകത്തിന് ചുറ്റുമുള്ള ഒറ്റയടിപ്പാതയിലൂടെ കാടിനെ ശ്വസിച്ച് ഇളം കാറ്റേറ്റ്, ജണ്ടകളെണ്ണി അങ്ങിനെ നടന്നു. ഒരു കൂട്ടം കുട്ടികള്‍ ഒന്നിച്ച് പാട്ടുപാടി പോകുന്നത് കണ്ടു. തടാകത്തിലെ ബോട്ടിംഗ് അവസാനിക്കാറായി എന്ന് തോന്നുന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കാടിനുള്ളില്‍ പക്ഷികളുടെ കൂട് ചേക്കേറാനുള്ള കലപില ശബ്ദങ്ങള്‍ ശ്രവണസുന്ദരമായിരുന്നു. | യാത്ര

ആനവണ്ടിയിലൊരു ഉല്ലാസയാത്ര എന്നും ഒരു സ്വപ്നമായിരുന്നു. കുറെ അന്വേഷിച്ചതിനൊടുവിലാണ് പൊന്നാനി ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ പാക്കേജ് ഒത്തുവന്നത്. യാത്ര വിചാരിച്ചതിലധികം രസകരവുമായിരുന്നു. നമ്മുടെ ചുറ്റുവട്ടത്തിനപ്പുറം ഏത് ലോകത്തിനെ പറ്റിയും അറിയാനും, അവിടുത്തെ ഭൂപ്രകൃതി, ചരിത്രം, സാമൂഹിക വ്യവസ്ഥിതി, ജനങ്ങളുടെ ജീവിതരീതി എന്നിവയെ കുറിച്ചെല്ലാം ആകാംക്ഷയോടെ നോക്കി കാണുകയും ചെയ്യുന്ന പതിവ് മലയാളിക്ക് എന്നുമുണ്ട്. വളരെ ചെറിയ ചിലവില്‍ സുരക്ഷിതത്വത്തോടുകൂടി പ്രതീക്ഷക്കപ്പുറം കെ.എസ്.ആര്‍.ടി.സി അത് സാധ്യമാക്കിത്തന്നു.

പുലര്‍ച്ചെ നാലുമണിക്കായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. യാത്ര തുടങ്ങുന്ന സ്ഥലം വരെ ഒറ്റക്ക് പോകാനുള്ള വഴി അറിയാത്തതുകൊണ്ടും ഇരുട്ടായതിനാലും കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ ഓപറേറ്റര്‍ മുഹമ്മദ് വളാഞ്ചേരിയെ വഴികാട്ടിയായി കൂടെ കൂട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. ഡിപ്പോയിലെത്തിയപ്പോള്‍ വണ്ടി കഴുകി വൃത്തിയാക്കി കാത്തുനിന്നിരുന്നു. സ്ത്രീകളും കുട്ടികളും എല്ലാം ഉള്‍പ്പെട്ട 37 പേരടങ്ങുന്ന സംഘം. കുറച്ചുപേര്‍ വഴിയില്‍ നിന്നാണ് കയറിയത്. അടിവാരം എത്തിയാണ് രാവിലത്തെ ഭക്ഷണം കഴിച്ചത്. നേരത്തെ ബുക്ക് ചെയ്തിരുന്നതിനാല്‍ നല്ല ഭക്ഷണം തന്നെ ലഭിച്ചു.

ലക്കിടി എത്തിയപ്പോള്‍ വണ്ടി നിന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് ലക്കിടി. അവിടെ ഒരു പ്രതീകമെന്ന പോലെ കരിന്തണ്ടന്‍ മൂപ്പന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കയ്യില്‍ ഒരു കത്തിയുമുണ്ട്. ബലിഷ്ടമായ ശരീരമുള്ള കാടിന്റെ പുത്രനെ മരത്തിനു മുകളില്‍ നിന്നൊരു ചങ്ങല താഴോട്ട് നീട്ടി കാഞ്ഞിരത്തില്‍ ആവാഹിച്ച് ബന്ധിച്ചിരിക്കുന്നു. ചതിയുടെയും വഞ്ചനയുടെയും പിടിച്ചടക്കലിന്റെയും കഥ പറയുന്ന കാട്ടുമൂപ്പന്റെ രക്തസാക്ഷിത്വത്തിന്റെ ഇടം.


കരിന്തണ്ടന്റെ പ്രതിമ

സുഗന്ധദ്രവ്യങ്ങള്‍ സമ്പുഷ്ടമായ വയനാട്ടില്‍ നിന്നും അവ കടത്തിക്കൊണ്ടുപോവാനുള്ള വഴി നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരുടെ പല എന്‍ജിനീയര്‍മാര്‍ക്കും കഴിഞ്ഞില്ല. ചെങ്കുത്തായ മലകള്‍ കയറുന്ന വഴി അപ്രാപ്യമായിരുന്നു. തുടര്‍ന്ന് കാട്ടിലെ വഴിയറിയുന്ന പണിയരിലെ ആദിവാസി മൂപ്പനായ കരിന്തണ്ടന്റെ സഹായം തേടുന്നു. കാട് നശിപ്പിക്കാന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞതോടെ പാത മാത്രമാണ് ലക്ഷ്യമെന്ന ഉറപ്പിന്മേല്‍ നടക്കുന്നിടത്തെല്ലാം കടുകുമണികള്‍ വിതറി കരിന്തണ്ടന്‍ മലമ്പാത നടന്നു കയറി. പിന്നെ പെയ്ത മഴയില്‍ വയനാട്ടിനെ കോഴിക്കോടും കര്‍ണാടകയുമായി ബന്ധിക്കുന്ന അപകടകരമായ ചെരിവുകളില്‍ 12 കി.മീ വരുന്ന മലയടി പാതയില്‍ കടുക് ചെടികള്‍ വളര്‍ന്നു പൊന്തി. ഈ രഹസ്യം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ വേണ്ടി കൊലചെയ്യപ്പെട്ട കരിന്തണ്ടനെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് ഇടുക്കി ഡാം നിര്‍മിച്ച കൊലുമ്പന്‍ മുപ്പനെ ഓര്‍മ വന്നു. എത്ര എത്ര രക്തസാക്ഷിത്വങ്ങള്‍.

ബസ് മെല്ലെ ചുരം കയറാന്‍ തുടങ്ങിയിരുന്നു. പഴമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കമാനം. ചുരം കയറി കവാടം എത്തുന്നത് വരെ കോഴിക്കോടിന്റെ ഭാഗമാണെന്ന് സുഹൃത്ത് പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ച ചുരം കയറുന്ന ഈ പാത എത്രയോ കേരളീയരെക്കൊണ്ട് അടിമവേല ചെയ്യിച്ചാണ് നിര്‍മിച്ചിരിക്കുക എന്ന് ഓര്‍ത്തു. ഉയര്‍ന്നുപൊങ്ങിയ പാട്ടുകള്‍ക്കനുസരിച്ച് കുട്ടികള്‍ താളം പിടിക്കാന്‍ തുടങ്ങി. ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍. തോടുകളും ചാലുകളും കാടിന്റെ പാദസരങ്ങളെ പോലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകി. കാപ്പി ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതിന്റെ മദിപ്പിക്കുന്ന ഗന്ധം കാറ്റില്‍ കലര്‍ന്നിരിക്കുന്നു.


താമരശ്ശേരി ചുരം | ഫോട്ടോ കടപ്പാട്: www.aanavandi.com

ചരക്ക് കയറ്റി പോകുന്ന നീണ്ട ലോറികള്‍. വാഹനങ്ങള്‍ ഇടിച്ച് സംരക്ഷണഭിത്തികള്‍ തകര്‍ന്നതിന്റെ കാഴ്ചകള്‍ നെഞ്ചിടിപ്പോടെ നോക്കാനേ കഴിഞ്ഞുള്ളൂ. മൊട്ടക്കുന്നുകളില്‍ വെട്ടിനിര്‍ത്തിയ തേയില ചെടികള്‍. ചുറ്റും പശ്ചിമഘട്ട മലനിരകള്‍ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്നു.

ഞങ്ങള്‍ ആദ്യം എത്തിയത് 'എന്‍ ഊര്' എന്ന ആദിവാസി ഗോത്ര മാതൃകാ ഗ്രാമത്തിലായിരുന്നു. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. വയനാടിന്റെ തണുപ്പ് പ്രതീക്ഷിച്ചുവന്ന ഞങ്ങള്‍ക്ക് വെയിലിന്റെ കാഠിന്യം കനത്തതിനാല്‍ അസഹനീയമായി തോന്നി. അവിടെയുള്ള ശില്‍പ ഭംഗി ആസ്വദിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം ബാണാസുരസാഗര്‍ ഡാമില്‍ എത്തി. മണ്ണു കൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടുമാണിത്. ടിക്കറ്റ് എടുത്ത് അകത്തു കയറിയപ്പോള്‍ യാത്രക്കാരെ പ്രതീക്ഷിച്ചെന്ന വണ്ണം വാനുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഡാമിന് മുകളില്‍ എത്തിയപ്പോള്‍ ബോട്ട് യാത്രയുണ്ടായിരുന്നു. അംബരചുംബികളായ ബാണാസുര മലകള്‍ക്കിടയില്‍ ചെറിയൊരു ആലസ്യത്തോടെ കിടക്കുന്ന കബനി നദിയുടെ മനോഹാരിത ആസ്വദിക്കാന്‍ ഞങ്ങള്‍ ബോട്ടില്‍ കയറി. ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ സാഹസികമായിരുന്നു അയാളുടെ ബോട്ട് ഡ്രൈവിംഗ്. അതി വിദഗ്ധമായി തന്നെ അയാള്‍ ആഴങ്ങളും ചുഴികളും തീര്‍ത്തു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഇടക്ക് ഒരു ദ്വീപില്‍ മരങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ പാരമ്പര്യ തച്ചുശാസ്ത്ര രീതിയിലുള്ള റിസോര്‍ട്ടുകളുടെ സമുച്ചയം കണ്ടു. മറ്റൊരു ദ്വീപില്‍ മരങ്ങള്‍ക്കിടയില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന താജ് റിസോര്‍ട്ട്. കറുത്ത പാറക്കൂട്ടങ്ങള്‍ക്ക് ചുറ്റും കിടക്കുന്ന കബനി നദി. പാമ്പുകളെ സൂക്ഷിക്കുക എന്ന ബോര്‍ഡ് കുറച്ചു ഭയപ്പെടുത്തി. ബോട്ടില്‍ നിന്ന് പരിചയപ്പെട്ടവരോട് യാത്രപറഞ്ഞ് ഞങ്ങള്‍ സ്‌കിപ്പ് ലൈന്‍ തേടി നടന്നു. ജീവിതത്തില്‍ ആദ്യമായായിരുന്നു സ്‌കിപ്പ് ലൈനിലൂടെ പ്രകൃതി ആസ്വദിച്ച് ഒരു യാത്ര. കണ്ണില്‍ ആകാശക്കാഴ്ചകള്‍ നിറച്ച് യാത്ര ചെയ്യുമ്പോള്‍ താഴെ നിന്നും കുട്ടികള്‍ കൈ വീശി കാണിക്കുന്നത് കാണാം. പാര്‍ക്കിനു പുറത്ത് കച്ചവടക്കാരുടെ ബഹളം കേള്‍ക്കാം.


ബാണാസുര ഡാം

അവിടെ ബസിനു മുന്നില്‍ ഞങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തു. അടുത്തത് ഉദ്യാനലഹരി പൂക്കുന്ന പൂക്കോട്ട് തടാകത്തിലേക്കായിരുന്നു പോയത്. തടാകത്തിന് ചുറ്റുമുള്ള ഒറ്റയടിപ്പാതയിലൂടെ കാടിനെ ശ്വസിച്ച് ഇളം കാറ്റേറ്റ്, ജണ്ടകളെണ്ണി അങ്ങിനെ നടന്നു. ഒരു കൂട്ടം കുട്ടികള്‍ ഒന്നിച്ച് പാട്ടുപാടി പോകുന്നത് കണ്ടു. തടാകത്തിലെ ബോട്ടിംഗ് അവസാനിക്കാറായി എന്ന് തോന്നുന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കാടിനുള്ളില്‍ പക്ഷികളുടെ കൂട് ചേക്കേറാനുള്ള കലപില ശബ്ദങ്ങള്‍ ശ്രവണസുന്ദരമായിരുന്നു. ആറര മണിക്ക് പുറത്തേക്കിറങ്ങാന്‍ ബസ് ഡ്രൈവര്‍ അനീഷ് പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം കഴിഞ്ഞതിലുള്ള വിഷമമാണോ അതോ ഒരു ദിവസം ആസ്വദിച്ചതിലുള്ള സന്തോഷമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ ആവാത്ത വിധം ഹൃദയം തുടിച്ചിരുന്നു. പുറത്ത് കാടിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ കയറി എല്ലാറ്റിനും വില ചോദിച്ചു. ഹോം മെയ്ഡ് ചോക്ലേറ്റുകള്‍, ബാഗുകള്‍, കാട്ടുതേന്‍ അങ്ങനെ പലതും വില്‍പനക്കുണ്ട്. ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങി പുറത്തിരിക്കുന്ന കുരങ്ങന്മാര്‍ക്ക് നല്‍കി. ശാന്തവും സുന്ദരവുമായ കാഴ്ചകള്‍. ബസ് എത്തിയിട്ടില്ല. ഞങ്ങള്‍ കൂട്ടമായി റോഡ് സൈഡിലൂടെ നടന്നു. കാനന യാത്ര. തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ ജണ്ടകള്‍ വീണ്ടും എണ്ണി തുടങ്ങി. പ്രകൃതി ഭംഗിയാല്‍ ആവരണം ചെയ്യപ്പെട്ട മലകളും മാമലകളും പച്ചപുതച്ചു കിടക്കുന്നതിനിടയിലൂടെ ബസ് വളഞ്ഞു പുളഞ്ഞു ഇറങ്ങിക്കൊണ്ടിരുന്നു. ഡ്രൈവറുടെ ഡ്രൈവിംഗ് പാടവം ഓരോ ഹെയര്‍ പിന്‍ വളവിലും കണ്ടു.


പൂക്കോട് തടാകം

അനേകം ജീവികളുടെ ശബ്ദം കര്‍ണ്ണ കഠോരമായിരുന്നു. ആധുനികതയുടെ വര്‍ണ്ണപകിട്ടാര്‍ന്ന കെട്ടിടങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. പൗരാണികത അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന വയനാട്. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ കൂടി പങ്കുവെക്കുന്ന കേരളത്തിലെ ഏക പീഠഭൂമി. ഭാഷ കൊണ്ടും സംസ്‌കാരം കൊണ്ടും ഉള്ള പ്രത്യേകതകള്‍ അവിടുത്തെ ആദിവാസികളെ കാണുമ്പോള്‍ കൗതുകം ഉണര്‍ത്തി.

പണ്ട് പഴശ്ശിരാജ വയനാടന്‍ മല കയറി കുറിച്യര്‍ ഗോത്രക്കാരെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരുമായി ഒളിപ്പോരാട്ടം നടത്തിയ കഥ ഓര്‍മ വന്നു. ഞാന്‍ ചെരിഞ്ഞു വളര്‍ന്നു പന്തലിച്ചു കിടക്കുന്ന വടവൃക്ഷങ്ങളിലേക്കും അതില്‍ നിന്ന് ഇറങ്ങി വരുന്ന വേടുകളിലേക്കും ഇരുട്ട് പനിച്ചിറങ്ങുന്നതിനിടയിലൂടെ നോക്കി. അടവ് പഠിപ്പിക്കുന്ന പഴശ്ശിരാജയുടെ ഒളിയമ്പുകളുടെ ശീല്‍ക്കാരങ്ങള്‍ എന്റെ ചെവിയില്‍ പതിച്ചു. അതോ സ്വന്തം നാടിനു വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ ഹൃദയവേദനയുടെ ശബ്ദമായിരുന്നോ. ഇടക്കെപ്പോഴോ ടിപ്പുവിന്റെ പട്ടാളത്തിന്റെ ബൂട്ട് ഒരേ താളത്തിലങ്ങിനെ കേട്ടു.


ബസ്സ് ഒമ്പതാം വളവിലെത്തി. അടുത്തിടെ ഒരാളെ കൊന്ന് പെട്ടിയിലാക്കി വലിച്ചെറിഞ്ഞ ഒമ്പതാം വളവിന്റെ നിഗൂഢമായ കാടിന്റെ വന്യത. ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചു. പണ്ടിവിടെ നിലനിന്നിരുന്ന ഒരു ഗോത്ര സംസ്‌കാരം. ഇതിലൂടെ കടന്നു പോയിരുന്ന ലോറിക്കാര്‍ക്ക് വേണ്ടി കാത്തിരുന്ന പെണ്ണുങ്ങള്‍. അവരുടെ ചിരികള്‍ മരങ്ങളില്‍ തട്ടി മുഴങ്ങുന്നത് പോലെ. ചതിയിലൂടെയും വഞ്ചനയിലൂടെയും ജീവനെടുത്ത് കന്യാവനത്തിന്റെയും ജീവജാലങ്ങളുടെയും ശ്രേഷ്ഠത നഷ്ടപ്പെടുത്തിയതിന് കരിന്തണ്ടന്റെ മൂര്‍ച്ചയേറിയ കണ്ണുകള്‍ ഉറ്റു നോക്കുന്നതായി തോന്നി. ബസ് ചുരം ഇറങ്ങുകയാണ്. ഓരോ ഹെയര്‍പിന്‍ വളവുകളിലും മനോഹാരമായ കാഴ്ചകളാണ് ഞങ്ങളെ കാത്തിരുന്നത്. പൂര്‍ണ്ണമായ കോഴിക്കോടിന്റെ ആകാശക്കാഴ്ച വിസ്മയം പടര്‍ത്തി. അത് നോളജ് സിറ്റി ആണെന്ന് പറഞ്ഞു. താജ്മഹലും നക്ഷത്രങ്ങളും ഭൂമിയില്‍ പറുദീസ ഒരുക്കിയത് പോലെ ഒരു ആകാശക്കാഴ്ച്ച. ഓരോ സ്ഥലത്തും ഡ്രൈവര്‍ കാണാന്‍ സൗകര്യം ഒരുക്കി തന്നു; തിരക്കുകള്‍ക്കിടയില്‍ പ്രയാസമായിരുന്നിട്ടുകൂടി.

പകലത്തെ ക്ഷീണമാവാം കുട്ടികളെല്ലാം ആലസ്യത്തിലാണ്. ഇടക്ക് ഭക്ഷണത്തിനുവേണ്ടി നിര്‍ത്തി. തിരിച്ചുപോരുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. വീടിനു മുന്നില്‍ ഓരോരുത്തരെയായി ഇറക്കി വിടുമ്പോള്‍ കണ്ടക്ടര്‍ ജയതിലകന്‍ ചേട്ടന്‍ അവരോട് യാത്രയെക്കുറിച്ച് ചോദിക്കുന്നത് കേട്ടു. എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞുപോരുമ്പോള്‍ അടുത്ത ട്രിപ്പിനെ കുറിച്ച് അന്വേഷിച്ചതിനു ശേഷം എന്നെയും കൂട്ടണം എന്ന് പറഞ്ഞാണ് പോന്നത്.



Similar Posts