കാല്പന്ത്കൊണ്ട് അഭ്യാസം; അഖില്‍ റാസിഖിന്റെ ഖത്തറിലേക്കുള്ള വഴി
|മലപ്പുറത്തുക്കാരുടെ ഫുട്ബാള്‍ ഭ്രമം അറിയാത്തവരല്ല മലയാളികള്‍. കാല്‍പന്തുകൊണ്ടുള്ള അഭ്യാസമാണ് മലപ്പുറത്തുനിന്നുള്ള അഖില്‍ റാസിയെന്ന ചെറുപ്പക്കാരനെ ഖത്തറിലെത്തിച്ചത്. രണ്ടു ബക്കെറ്റ്, അതിനുമുകളില്‍ രണ്ട് ഫുട്ബാള്‍, അതിനും മുകളില്‍ മുതുകത്തൊരു പന്തുമായ്നിന്ന് അഭ്യാസം. ഇങ്ങനെ ഫുട്ബാള്‍ കൊണ്ട് റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത അഖില്‍ റാസിഖിന് ഇപ്പോള്‍ ലോകകപ്പ് വേദിയില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ക്ഷണം കിട്ടിയിരിക്കുന്നു. ലോകകപ്പ് നടക്കുന്ന രണ്ട് വേദികളില്‍ തുടര്‍ച്ചയായി പന്ത്രണ്ട് ദിവസം ഇനി അഖില്‍ റാസിയുടെ പ്രകടനമുണ്ടാകും. റാസിയുടെ കാല്പന്ത് വിശേഷങ്ങള്‍ പങ്കുവെക്കുന്നു. അഭിമുഖം: അഖില്‍ റാസി/ഷംന കെ.
ഫുട്ബോള്കൊണ്ടുള്ള ഇത്തരമൊരു സ്കില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതെപ്പോഴാണ്?
എന്റെ പത്താമത്തെ വയസ്സില്‍ ഏഷ്യന്‍ കപ്പ് ഓഫ് ഫുട്ബാളിന്റെ കീഴില്‍ വിഷന്‍ ഇന്ത്യ എന്നൊരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. സുബ്രമണ്യം സര് ആയിരുന്നു അവിടുത്തെ കോച്ച്. ഞാന്‍ അവിടെ പോയി ചേര്‍ന്നു. ഗ്രാസ് റൂട്ട് ലെവലിലുള്ള ഒരു ട്രെയ്നറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കീഴിലാണ് ഞാന്‍ ഫുട്ബാളിന്റെ ബാലപാഠങ്ങളെല്ലാം പഠിച്ചത്. പത്തുമുതല്‍ പതിനാറ് വയസ്സുവരെ ഞങ്ങള്‍ മുപ്പതോളം കുട്ടികള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഫുട്ബാള്‍ എന്താണെന്ന് പഠിച്ചു. അതായിരുന്നു എന്റെ ഫസ്റ്റ് സ്റ്റേജ്. പ്ലസ് വണ്‍ കഴിഞ്ഞപ്പോള്‍ എന്റെ കാലിന് ഇന്റേണല്‍ ഇന്ഫെക്ഷന് കാരണം ഒരു സര്‍ജറി കഴിഞ്ഞു. പൂര്‍ണ്ണമായും അതില്‍ നിന്നും റിക്കവര്‍ ആവാന്‍ ഒരു വര്‍ഷത്തോളം സമയമെടുത്തു. അതിന് ശേഷം കളിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ഫുട്ബാള്‍ കൊണ്ട് പുതുമയുള്ള എന്തെങ്കിലും എന്ന ആശയത്തിലേക്കെത്തുന്നത്. കാരണം, ഞാന്‍ ഫുട്ബാളിനെ അത്രയധികം സ്നേഹിക്കുന്ന ഒരാളാണ്.
ഫുട്ബോള്‍ കൊണ്ടുള്ള അഭ്യാസം എന്ന ആശയത്തിലേക്കെത്തിപ്പെട്ടതിന് ശേഷം അത് പ്രാക്ടിക്കല്‍ ആക്കിയതെങ്ങനെയാണ്?
ഡെവലപ് ചെയ്തത് സത്യത്തില്‍ ലോക്ഡൗണ്‍ സമയത്താണ്. അന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനോ പുറത്തു പോവാനോ കഴിയാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടിവന്നപ്പോഴാണ് ഞാന്‍ ഓരോ സ്കില്ലുകളും കൂടുതല്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയത്. പക്ഷെ, ബക്കറ്റിനുമുകളില്‍ നിന്നുള്ള അഭ്യാസം ആദ്യമായി ചെയ്ത് നോക്കുന്നത് റെക്കോര്‍ഡ് നേടാനായി ഞാന്‍ വീഡിയോ എടുക്കുമ്പോഴാണ്. ഒരിക്കല്‍ വീട്ടിലിരിക്കുമ്പോള്‍ ഗിന്നസ് റെക്കോര്‍ഡിന്റെ ഒരു വീഡിയോ കണ്ട് അതിനെ കുറിച്ചുള്ള സംസാരത്തിനിടയില്‍ കസിന്‍സാണ് റെക്കോര്‍ഡിന് വേണ്ടി ട്രൈ ചെയ്യാന്‍ പറയുന്നത്. അങ്ങനെ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അവിടെ ഒരു ബക്കെറ്റ് കണ്ടു. അതിന്റെ മുകളില്‍ കയറി നിന്ന് ചെയ്താലോ എന്ന് എന്റെ കസിന് പറഞ്ഞു. പക്ഷെ ആദ്യം അത് ചെയ്യാതെ ഒരു ബോള്‍ നിലത്തു വെച്ച് അതിനുമുകളില്‍ കയറി നിന്ന് പുറത്തു ഒരു ബോള്‍ വെച്ച് ടീ ഷര്‍ട്ട് റിമൂവ് ചെയ്തു. അതിന് ശേഷം രണ്ട് ബോള്‍ നിലത്തു വെച്ച് അതിന് മുകളില്‍ കയറി നിന്ന് ചെയ്യാന്‍ തുടങ്ങി. അതിനും ശേഷമാണ് ബക്കറ്റിന്റെ മുകള്‍ ബോള്‍ വെച്ച് പരിശീലിച്ചത്. പിന്നീട് നാല് ബക്കറ്റ് ആക്കി. ഇപ്പോള്‍ ഒന്‍പത് ബക്കെറ്റ് വരെ ഞാന്‍ ചെയ്യും.
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് വരെ ഇടം പിടിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നോ?
നിലവില്‍ എനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഗ്രാന്‍ഡ്മാസ്റ്റര്‍ ഇന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, യു.ആര്.എഫ് റെക്കോര്‍ഡ് (യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം) ഇങ്ങനെ മൂന്ന് റെക്കോര്‍ഡ് ഉണ്ട്. അതിന് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് എന്റെ കസിന്‍സ് ആണ്. അവരാണെന്നോട് പുതുമയുള്ള എന്തെങ്കിലും ചെയ്യാന്‍ പറയുന്നത്. റീല്‍ എടുക്കാന്‍ ചിലപ്പോള്‍ ഒരുപാട് ടേക്കുകളും ഷോട്ടുകളും വേണ്ടി വരും. മണിക്കൂറുകളോളം നില്‍ക്കേണ്ടി വരും. അപ്പോഴൊക്കെയും ഒരു ക്ഷീണവും മടുപ്പുമില്ലാതെ അവരാണ് ഷൂട്ട് ചെയ്യുന്നതും എന്നെ സപ്പോര്‍ട് ചെയ്യുന്നതും. അവരാണെന്നോട് റെക്കോര്‍ഡിനെ കുറിച്ച് സംസാരിക്കുന്നതും ബക്കറ്റിന്റെ മുകളില്‍ കയറി നിന്ന് പരിശീലിക്കാന്‍ പറയുന്നതും. അങ്ങനെ അതിന് വേണ്ടിയാണ് ഞാന്‍ പിന്നീട് പരിശീലിച്ചത്, വീഡിയോ അയച്ചു കൊടുക്കുന്നതും.
സര്‍ജറി കഴിഞ്ഞില്ലായിരുന്നെങ്കില്‍ വീണ്ടും കളിക്കാമായിരുന്നു. ഇപ്പോഴുള്ള ഈ അഭ്യാസ പ്രകടനങ്ങള്‍ക്ക് പകരം കളിയില്‍ കോണ്സണ്ഡ്രെറ്റ് ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. സര്‍ജറി ഒന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കളിയില്‍ മാത്രം ഫോക്കസ് ചെയ്യുമായിരുന്നു. മറ്റൊരു ഓപ്ഷനേ ചിന്തിക്കില്ലായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് ഈ സ്കില്ലുകള്‍ കൊണ്ട് നേട്ടങ്ങള്‍ മാത്രമാണുണ്ടായത്. നമ്മയുടെ നാട്ടില്‍, പ്രതേകിച്ച് മലപ്പുറത്ത് ഒരുപാട് പ്ലയേഴ്സുണ്ട്. പലര്‍ക്കും ഫാമിലി, ഫിനാന്‍ഷ്യല്‍, അങ്ങനെ ഓരോ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴും എവിടെയും എത്താന്‍ പറ്റിയിട്ടില്ല. പക്ഷെ, എനിക്ക് ഈ സ്കില്‍ കൊണ്ട് ഒരുപാട് റെക്കോര്‍ഡ് കിട്ടി. അതുകൊണ്ട് ഇനിയും ഇതില്‍ തന്നെ തുടരാനാണ് ആഗ്രഹം.
നെഗറ്റീവ് കമെന്റുകള്‍ ഉണ്ടാകാറുണ്ടോ? അതിനോട് എങ്ങിനെയാണ് പ്രതികരിക്കാറ്?
ഒരുപാട് നെഗറ്റീവ് കമെന്റ്സ് വന്നിട്ടുണ്ട്. അതെല്ലാം ഗോളടിച്ച് തെറിപ്പിക്കുന്നത് പോലെയാണ് ഞാന്‍ കാണാറുള്ളത്. ഒന്നും മനസ്സില്‍ വെക്കാറില്ല. ഞാന്‍ കുപ്പിയുടെ മുകളില്‍ ബോള്‍ വെച്ചെല്ലാം പ്രാക്ടീസ് ചെയ്യുമ്പോള്‍ നീ ആക്രി പണിക്കാണോ പോകുന്നത്, ഇതെല്ലാം മാറ്റി വേറെ എന്തെങ്കിലും പണി കണ്ടെത്തിക്കൂടേയെന്ന് പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരെയാണ് ഞാന്‍ ഓര്‍ക്കാറ്. ഇപ്പോഴും ഈ സ്കില്‍ ഞാന്‍ ചെയ്യുന്നത് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. പിന്നെ എല്ലാത്തിനും ആദ്യം വേണ്ടത് ഫാമിലി നമ്മുടെ കൂടെ നില്‍ക്കലാണ്, അതെനിക്കുണ്ട്. എല്ലാത്തിനും സപ്പോര്‍ട് ചെയ്യുന്നവരാണ് എന്റെ ഫാമിലി. എന്റെ പല ഫ്രണ്ട്സിനും ഫാമിലി സപ്പോര്‍ട്ട് ഇല്ലാത്തത് കൊണ്ട് പ്രഷര്‍ അനുഭവിക്കുന്നുണ്ട്. എനിക്ക് എന്റെ വീട്ടുകാരുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്.
ഖത്തറിലേക്കുള്ള ക്ഷണം എങ്ങനെയായിരുന്നു?
ടാലന്റ്റ് ഉള്ളവരെ ഇന്‍വൈറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ് ഫിഫ ഖത്തറിന്റെ ഓണ്‍ലൈന്‍ പേജില്‍ ഒരു പോസ്റ്റ് കണ്ട് എന്റെ സുഹൃത്തുക്കളും സഹോദരന്മാരുമെല്ലാം എനിക്ക് അയച്ചു തന്നു. അതിലേക്ക് അപേക്ഷിക്കാന്‍ പറഞ്ഞു. പിന്നീട് ആദ്യം മുതല്‍ അവസാനം വരെയും എന്റെ സുഹൃത്തുക്കളാണ് എന്റെ ഒപ്പം നിന്നത്. അവരുടെ ഫോണ്‍ വഴി എല്ലാം ചെയ്തു. ചോദിച്ച ഡീറ്റെയില്‍സ് അയച്ചു കൊടുത്തു. എന്റെ വീഡിയോസ് അയച്ചു കൊടുത്തു. അതെല്ലാം കണ്ട അവര്‍ സെലക്റ്റ് ചെയ്യുകയും ഇന്‍വിറ്റേഷന്‍ അയക്കുകയും ചെയ്തു. അങ്ങനെയാണ് ഇതുവരെ എത്തിയത്.
കഴിവുകളുണ്ടായിട്ടും സ്വപ്നങ്ങളൊന്നും എത്തിപ്പിടിക്കാന്‍ പറ്റാത്ത ധാരാളം ആളുകള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?
ഒറ്റയടിക്ക് ആര്‍ക്കും ഇന്ത്യന്‍ ടീമിലോ കേരളാ ടീമിലൊ കളിക്കാന്‍ കഴിയില്ല. എന്റെ കാര്യം തന്നെ നോക്കൂ. നാലാം വയസ്സുമുതല്‍ ഞാന്‍ ഫുട്ബാള്‍ ഫീല്‍ഡില്‍ വന്നതാണ്. പത്താമത്തെ വയസ്സില്‍ അതിനായി ഒരു അക്കാഡമിയില്‍ ചേര്‍ന്നു. ഇപ്പോള്‍ എനിക്ക് ഇരുപത്തിനാല് വയസ്സ് കഴിഞ്ഞു. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് നല്ലൊരു റിസള്‍ട്ട് ഉണ്ടായത്. സൊ, കീപ് ഗോയിങ്. ഒരിക്കലും ഒറ്റയടിക്ക് ഉയരങ്ങളില്‍ എത്താന്‍ കഴിയില്ല. നിരന്തരം ചെയ്തുകൊണ്ടേ ഇരിക്കുക. ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നതിനനുസരിച്ച് റിസള്റ്റ് ഉണ്ടാവും.