Life Story
മാനസിക സമ്മര്‍ദ്ദം, വിദ്യാര്‍ഥികളിലെ ഡിപ്രഷന്‍
Life Story

മാനസികാരോഗ്യം - അതിജീവനത്തിന്റെ നാള്‍വഴികള്‍; ഐ.ഐ.ടി വിദ്യാര്‍ഥിയുടെ അനുഭവക്കുറിപ്പ്

സചിന്ത് പ്രഭ പി.
|
31 Oct 2023 8:33 AM GMT

എത്ര തവണ പറഞ്ഞു കേട്ടാലും ഒരിക്കലെങ്കിലും അനുഭവിച്ചവന് മാത്രമേ ക്ലിനിക്കല്‍ ഡിപ്രഷന്‍, ആങ്‌സൈറ്റി ഇതെല്ലാം എന്താണെന്നും മാനസിക വ്യഥ അനുഭവിക്കുന്നവന്റെ ഉള്ളിലൂടെ കടന്നു പോകുന്ന ചിന്തകള്‍ എന്താണെന്നും തിരിച്ചറിയാനാകൂ. സ്വ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയ കുറിപ്പ്.

(മുഖവുര: ഇതൊരു ശാസ്ത്രീയ ലേഖനമല്ല..! വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ഒരു കുറിപ്പ് മാത്രമാണ്..! അങ്ങനെ വായിക്കുക, അങ്ങനെ മാത്രം ഉള്‍ക്കൊള്ളുക)

2018...

ഐ.ഐ.ടി മദ്രാസില്‍ പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്ത ആദ്യ സെമെസ്റ്ററില്‍ ഒക്ടോബറിനോടടുപ്പിച്ചാണ് ഉറക്കക്കുറവ് എന്നെ വല്ലാതെ മഥിച്ചു തുടങ്ങുന്നത്. സാധാരണ നിലയില്‍ തന്നെ കിടന്നാല്‍ ഉറക്കോട് പറ്റാന്‍ ഒരു റൗണ്ട് 'സഞ്ചാരിയുടെ ഡയറിക്കുറിപ്പില്‍' മുങ്ങിത്താഴ്ന്ന്, പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടന്ന് ആ ദിവസത്തെ കണക്കുകള്‍ കൂട്ടിക്കിഴിച്ചു നോക്കാനുള്ളത്രയും നേരം എടുക്കാറുണ്ടെന്നതിനാല്‍ ആദ്യമാദ്യം ഞാന്‍ അത് കാര്യമാക്കിയില്ല. പക്ഷെ. പിന്നീട് ലാബിലും കോഴ്‌സ് വര്‍ക്ക് ക്ലാസ്മുറികളിലും ഫോക്കസ് ചെയ്യാനാവാതെ ഉറങ്ങിത്തൂങ്ങുകയും, മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ കനപ്പെട്ട തടസ്സം കുരുങ്ങിക്കിടക്കുന്ന പോലെ തോന്നുകയും, ആള്‍കൂട്ടം കാണുമ്പോള്‍ ഭയപ്പാട് തോന്നി മുറിയിലേക്ക് പതുങ്ങിത്തുടങ്ങുകയും ചെയ്തപ്പോള്‍ ഇത് മറ്റെന്തോ ആണെന്ന ബോധ്യം എന്നില്‍ മിന്നലായി.

ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ പലകുറി കയറിയിറങ്ങി..! യക്ഷഗന്ധര്‍വ കിന്നരന്മാരുടെ മുന്നില്‍ പെട്ട മനുഷ്യജീവനെ പോലെ ഓരോ പോക്കിലും എന്റെ രക്തം ഊറ്റിയെടുക്കപ്പെട്ടു എന്നല്ലാതെ എന്തെന്ന് കണ്ടെത്താന്‍ അവര്‍ക്കുമായില്ല. എല്ലാം നോര്‍മല്‍. പറയത്തക്ക ഒന്നും തന്നെ ഇല്ല. മെഡിക്കലി ഫിറ്റ് ആണ്..! പക്ഷെ, കൃത്യമായി ഭക്ഷണം എടുക്കാനാവാതെ ഉറങ്ങാനാവാതെ ഞാന്‍ ദിനേന ഉരുകിത്തീര്‍ന്നു. ക്ലാസിലും ലാബിലും പോകാതെയായി. ഒടുക്കം വീട്ടിലേക്കു പോയി നോക്കാമെന്നായി. ഒരു പോക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഗേറ്റിനു മുന്നിലെ തലകറക്കത്തില്‍ പാതിവഴിയില്‍ അവസാനിച്ചു. പിന്നെ ഒറ്റയ്ക്ക് പോകാനുള്ള പേടിയായി. കൂടെയുള്ളവര്‍ക്ക് കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെയും അറ്റന്റന്‍സിന്റെയും നിസഹായത. ഒടുവില്‍ സിദ്ധാര്‍ഥ് എന്ന കൂട്ടുകാരന്‍ വീട്ടിലേക്കു കൊണ്ടുവിട്ടു. രണ്ട് ദിവസം, കൂടിപ്പോയാല്‍ ഒരാഴ്ച. അത്രയും മാത്രം നീളുമെന്ന് കരുതിയ എന്റെ ഗൃഹവാസം അനന്തമായി നീണ്ടു തുടങ്ങി. വീട് എന്റെ അഭയ കേന്ദ്രമായി..! ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു തിരിച്ചു പോയാല്‍ ഇനിയും അങ്ങനെയെല്ലാമായി തീരുമോ എന്ന ചിന്ത എന്നെ വല്ലാതെ ഉലച്ചു. പലതവണ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. തിരിച്ചു വരാനാകാതെ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യപ്പെട്ടു.

കൗണ്‍സിലിംഗ് തെറാപ്പിസ്റ്റിന്റെ റൂമിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് കിട്ടുന്ന പതിവില്‍ കവിഞ്ഞ അറ്റെന്‍ഷനും ചൂഴ്ന്നു നോട്ടങ്ങളും അനുഭവിച്ചു തുടങ്ങുന്നത്. ഇത് ഒളിച്ചു വയ്ക്കേണ്ട എന്തോ ഒന്നാണെന്നുള്ള ബോധ്യം സമൂഹം എങ്ങനെയാണ് ഒരുവനിലേക്ക് അദൃശ്യമായി ഇമ്പോസ് ചെയ്യുന്നതെന്ന് മനസിലാക്കുന്നത്..!

ഒരു തവണ ഏട്ടന്‍ തിരിച്ചു കൊണ്ട് വിട്ടു. രായ്ക്ക് രാമാനം കരച്ചിലും കാവടിയുമായി അവനെ കൊണ്ട് വിമാനം ബുക്ക് ചെയ്യിച്ചു തിരികെ വരുത്തിച്ച് ഞാന്‍ വീട്ടിലേക്കു പറന്നു. (എന്റെ ആദ്യത്തെ വിമാന യാത്ര..!)..! പറഞ്ഞു വരുമ്പോള്‍ ഇപ്പോഴൊരു തമാശക്കഥ പോലെ തോന്നുന്നുവെങ്കിലും ആ കാലത്തെ ഓരോ ദിവസത്തിനും ഓരോ യുഗത്തിന്റെ നീളമുണ്ടായിരുന്നു. ഓരോ നിമിഷവും ഒന്ന് വേഗം കടന്നു പോയെങ്കിലെന്ന് ഉള്ളാലെ പ്രാര്‍ഥിച്ചിരുന്നു..!

വീട്ടിലേക്കുള്ള രണ്ടാമത്തെ തിരിച്ചു വരവിലാണ് കൗണ്‍സിലിങ് തെറാപ്പിയുടെ നിര ആരംഭിക്കുന്നത്. ഇവിടം തൊട്ടാണ് എനിക്ക് പറഞ്ഞു തുടങ്ങാനുമുള്ളത്. നമ്മള്‍ക്ക് ചുറ്റിലുമുള്ള ചെറുതും വലുതുമായ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്ന് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് യുഗത്തിലും എങ്ങനെ അഡ്രസ് ചെയ്യപ്പെടുന്നുവെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. കൗണ്‍സിലിംഗ് തെറാപ്പിസ്റ്റിന്റെ റൂമിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഒരു വ്യക്തിക്ക് കിട്ടുന്ന പതിവില്‍ കവിഞ്ഞ അറ്റെന്‍ഷനും ചൂഴ്ന്നു നോട്ടങ്ങളും അനുഭവിച്ചു തുടങ്ങുന്നത്. ഇത് ഒളിച്ചു വയ്ക്കേണ്ട എന്തോ ഒന്നാണെന്നുള്ള ബോധ്യം സമൂഹം എങ്ങനെയാണ് ഒരുവനിലേക്ക് അദൃശ്യമായി ഇമ്പോസ് ചെയ്യുന്നതെന്ന് മനസിലാക്കുന്നത്..!


ക്ലിനിക്കുകളില്‍ പോകാനുള്ള ഹിണ്ടറന്‍സ് കാരണം ആരെ സമീപിക്കണമെന്ന തിട്ടമില്ലാതെ 'രഹസ്യമായി' ആളുകളെ തപ്പിത്തപ്പി വീട്ടുകാര്‍ക്ക് കിട്ടിയ കോണ്ടാക്ടുകള്‍ വഴി ആദ്യം കാണേണ്ടി വന്ന രണ്ടു തെറാപ്പിസ്റ്റുകള്‍ പാര്‍ടൈം പ്രൊഫഷണലുകള്‍ ആയിരുന്നു. ഡിപ്ലോമോ തെറാപ്പിസ്റ്റുകള്‍ക്ക് രണ്ടു പേര്‍ക്കും പറയാനുണ്ടായിരുന്നത് ഏതാണ്ട് ഒരേ കഥയായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയും അനുഭവിച്ചിരുന്ന യാദനകളുടെ, എന്റെ തലമുറയുടെ സുഖലോലുപതയുടെ കഥ.. ('പഴയ തലമുറ അനുഭവിച്ച കഷ്ട്ടപ്പാട് വച്ച് നോക്കുമ്പോള്‍..!'..എന്ന് തുടങ്ങുന്ന ആ ക്‌ളീഷേ കഥ..). പിന്നെ 'യൂ കാന്‍ യൂ കാന്‍' എന്ന കുറേ ഫേക്ക് പോസിറ്റിവിറ്റി സ്റ്റേറ്റ്‌മെന്റുകളും. (പൗലോ കൊയ്ലോയെ അന്നെന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..!). എന്റെ കൗണ്‍സിലിങ് സെഷന്‍ കഴിഞ്ഞ ശേഷം അച്ഛനെയും അമ്മയെയും വിളിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ എക്‌സ്ട്രാ ഓര്‍ഡിനറി സ്റ്റുഡന്റസ്‌നെ സംബന്ധിച്ച് സാധാരണയാണെന്നും ഇതൊക്കെ ഐ.ഐ.ടി പിള്ളേരില്‍ കാണാറുള്ളതാണെന്നുമെല്ലാം പറഞ്ഞു നിര്‍ത്തി. അവര്‍ക്ക് ആശ്വാസമായി. പക്ഷെ, എന്റെ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി തുടര്‍ന്നു. അത് കഴിഞ്ഞും മാറ്റമില്ലാത്ത ഒരുപാട് ദിനങ്ങള്‍. വിരസമായ ചെറുകഥയുടെ താളുകള്‍ പോലെ മുന്നോട്ടു നീങ്ങാന്‍ മടിച്ചു നിന്ന ദിവസങ്ങള്‍..!

വര്‍ഷങ്ങളോളം സ്വഭാവത്തില്‍ അലിഞ്ഞു നില്‍ക്കുന്ന ഗുപ്ത ഗുണം ഒരു സാഹചര്യം വന്നപ്പോള്‍ പ്രകട ഗുണമായെന്ന തിരിച്ചറിവ് അതിനകം എനിക്ക് വന്നിരുന്നു..! അതിനാല്‍ തന്നെ അതിജീവന കാലത്ത് സ്വയം ഒരു ടൈം ടേബിള്‍ ഉണ്ടാക്കി ഞാന്‍ അതിലേക്കൊതുങ്ങി. കൂട്ടുകാര്‍ കരിങ്കല്ല് പോലെ കൂടെ നിന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ അവര്‍ വെറും നിലത്ത് കൂട്ടുകിടന്നു, എനിക്ക് അസ്വാഭാവികത തോന്നുന്ന ഇടങ്ങളില്‍ എന്നെ പൊതിഞ്ഞു നിന്നു, ആര്‍ക്കും വേണ്ടാത്തൊരുവനല്ല ഞാനെന്ന വിശ്വാസം എന്നില്‍ വളര്‍ത്തിയെടുത്തു.

അങ്ങനെയിരിക്കെയാണ് ഞാന്‍ കൊയ്ലി ആശുപത്രിയിലെ ഒരു പ്രൊഫഷണല്‍ തെറാപ്പിസ്റ്റിനെ പരിചയപ്പെടുന്നത്. കൃത്യമായ വെന്റിലേഷനും പ്രൈമറി അസ്സസ്‌മെന്റ് ടാസ്‌കുകളും കഴിഞ്ഞ ശേഷം അവരാണ് ആന്റിസിപ്പേറ്ററി ആങ്‌സൈറ്റിയുടെ സാധ്യതകളെ പറ്റി പറയുന്നത്. ക്യാരക്ടര്‍ ട്രെയിറ്റില്‍ അലിഞ്ഞു ചേര്‍ന്ന കാര്യമായതിനാല്‍ തന്നെ മാറി വരാന്‍ സമയം എടുക്കുമെന്നും, പതുക്കെ പതുക്കെ ഇപ്പോള്‍ മനസിലുള്ള കുരുക്കുകള്‍ അണ്‍ലേണ്‍ ചെയ്ത് പഴയ നിലയിലേക്ക് ശീലങ്ങളെ എത്തിക്കാം എന്നുമെല്ലാം പറഞ്ഞു തരുന്നത്..! അവിടം തൊട്ടാണ് സ്വദേ തെറാപ്പിയില്‍ വിശ്വാസമില്ലാതിരുന്ന എനിക്ക് ഈ പ്രക്രിയയോട് സഹകരിക്കണമെന്ന് തോന്നി തുടങ്ങുന്നത്.

അവിടെ നിന്ന് പതിയെ പതിയെ ശീലങ്ങള്‍ പഴയ പടി ആയി തുടങ്ങുന്നു. ഒരുപാട് ഫോബിയകള്‍ ഉണ്ടായിട്ടും തിരിച്ചു പോയി ഇതിനെ തരണം ചെയ്യണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പിന്നെയും ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും ഒടുവില്‍ കോഴ്‌സ് വര്‍ക്ക് അധ്യാപകരുടെയും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരുടെയും ധൈര്യത്തില്‍ തിരിച്ച് കാമ്പസിലെത്തുകയും ആ സെമസ്റ്റര്‍ മുഴുമിപ്പിക്കുകയും ചെയ്യുന്നു. സ്വിച്ച് ഇട്ടതു പോലെ അണഞ്ഞു പോകുന്ന ഒരു പ്രശ്‌നമായിരുന്നില്ല അത്. വര്‍ഷങ്ങളോളം സ്വഭാവത്തില്‍ അലിഞ്ഞു നില്‍ക്കുന്ന ഗുപ്ത ഗുണം ഒരു സാഹചര്യം വന്നപ്പോള്‍ പ്രകട ഗുണമായെന്ന തിരിച്ചറിവ് അതിനകം എനിക്ക് വന്നിരുന്നു..! അതിനാല്‍ തന്നെ അതിജീവന കാലത്ത് സ്വയം ഒരു ടൈം ടേബിള്‍ ഉണ്ടാക്കി ഞാന്‍ അതിലേക്കൊതുങ്ങി. കൂട്ടുകാര്‍ കരിങ്കല്ല് പോലെ കൂടെ നിന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ അവര്‍ വെറും നിലത്ത് കൂട്ടുകിടന്നു, എനിക്ക് അസ്വാഭാവികത തോന്നുന്ന ഇടങ്ങളില്‍ എന്നെ പൊതിഞ്ഞു നിന്നു, ആര്‍ക്കും വേണ്ടാത്തൊരുവനല്ല ഞാനെന്ന വിശ്വാസം എന്നില്‍ വളര്‍ത്തിയെടുത്തു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു തുറന്നെഴുത്ത് വേണമെന്ന് തോന്നാന്‍ കാരണങ്ങള്‍ പലതാണ്..!

1. എത്ര തവണ പറഞ്ഞു കേട്ടാലും ഒരിക്കലെങ്കിലും അനുഭവിച്ചവന് മാത്രമേ ക്ലിനിക്കല്‍ ഡിപ്രഷന്‍, ആങ്‌സൈറ്റി ഇതെല്ലാം എന്താണെന്നും മാനസിക വ്യഥ അനുഭവിക്കുന്നവന്റെ ഉള്ളിലൂടെ കടന്നു പോകുന്ന ചിന്തകള്‍ എന്താണെന്നും തിരിച്ചറിയാനാകൂ എന്ന് തോന്നുന്നു. ആ അവസ്ഥയിലൂടെ കടന്നു പോകുന്ന ആര്‍ക്കെങ്കിലും അതില്‍ നിന്നു പുറത്തു കടക്കാനുള്ള, സ്വയം ഒരു തെറാപ്പിസ്റ്റ് അസ്സിസ്റ്റന്‍സ് എടുക്കാനുള്ള ഒരു സൂചകമായി എന്റെ എഴുത്തു മാറുന്നുണ്ടെങ്കില്‍..!

2. സ്വയം എന്ത് ചെയ്യാം: സ്വയം ചെയ്യാവുന്നത് നാം ഇത്തരത്തിലുള്ള ഒരാവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് അംഗീകരിക്കലാണ്! നമ്മളെ ആത്മാര്‍ഥമായി സഹായിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവരെ കണ്ടെത്താന്‍ ശ്രമിക്കുക എന്നുള്ളതാണ! എത്രയും വേഗം വിദഗ്ധ സഹായം തേടുക എന്നുള്ളതാണ്. ആ ഒരു മനഃസ്ഥിതിയില്‍ ഇതെല്ലാം ഏറെ സമയമെടുക്കുന്ന, ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയ ആണെന്ന് പൂര്‍ണമായും മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ, ഇത്തരം ഒരു സെല്ഫ് റിയലൈസേഷനാണ്, വില്ലിങ്‌നെസ് ആണ് അതിജീവനത്തിന്റെ ആദ്യ പടി.

3. മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാം: രക്ഷിതാക്കള്‍ക്ക്, കൂട്ടുകാര്‍ക്ക്, കൂടെ ചേര്‍ന്ന് നില്‍ക്കുന്ന ആര്‍ക്കും ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം നല്ല കേള്‍വിക്കാരാകുക എന്നതാണ്. ചിലപ്പോഴെങ്കിലും ആളുകള്‍ നിങ്ങളോടു സംസാരിക്കുന്നത് മറുപടി പ്രതീക്ഷിച്ചല്ല! അവരെ കേള്‍ക്കുക. അവരെ പറഞ്ഞോ കരഞ്ഞോ തീര്‍ക്കാന്‍ അനുവദിക്കുക. അവരെ ചേര്‍ത്തു നിര്‍ത്തുക. നമ്മളിലൊതുങ്ങാത്ത ചിലതാണ് അവരെ അലട്ടുന്നതെങ്കില്‍ അവരെ അനുയോജ്യരായ വിദഗ്ധരിലേക്കു ലീഡ് ചെയ്യുക.

4. മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാതിരിക്കാം: ഫേക്ക് പോസിറ്റിവിറ്റി കൊടുക്കാതിരിക്കുക! ഒരു തലമുറ അനുഭവിച്ച യാതന മറ്റൊരു തലമുറ പിന്‍പറ്റണമെന്ന ലിഖിത നിയമമുണ്ടെന്നു തെറ്റിദ്ധരിക്കാതിരിക്കുക. നിങ്ങള്‍ക്ക് പ്രശ്‌നമാണെന്നു തോന്നാത്ത, ഇതിലൊരു കഴമ്പുണ്ട് എന്ന് തോന്നാത്ത പലതും മറ്റൊരാള്‍ക്ക് പ്രശ്‌നമായേക്കാം എന്ന് തിരിച്ചറിയുക. ഇന്‍ക്ലൂസീവ് ആവാന്‍ ശ്രമിക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം അവരെ തളര്‍ത്താതിരിക്കുക.

5. തെറാപ്പിസ്റ്റുകള്‍ക്ക് ചെയ്യാനാവുന്നത്: എല്ലാവരിലും ഒരേ രീതി വര്‍ക്ക് ചെയ്യണമെന്നില്ല. എല്ലാവര്‍ക്കും എല്ലാ തെറാപ്പിസ്റ്റുകളും വര്‍ക്ക് ആവണമെന്നില്ല! ആളുകള്‍ക്കനുസരിച്ച് മെത്തേഡും അപ്പ്രോച്ചും മാറ്റുക എന്നത് മിക്കവാറും എക്‌സ്‌പെര്‍ട്ടുകള്‍ ചെയ്യുന്ന കാര്യവുമാണ്. ആ രീതി തുടരുക. മുറിവൈദ്യം ആളെ കൊല്ലുമെന്ന തത്വം മുന്‍നിര്‍ത്തി 'അഭിനവ സൈക്കോളജിസ്റ്റുകളെ' അകറ്റി നിര്‍ത്തുന്നതിന് മുന്‍കൈ എടുക്കുക..!

ആരിലും എപ്പോഴും കടന്നു വരാവുന്ന അവസ്ഥയാണ് മാനസിക വ്യാപാരങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍. മേല്‍പറഞ്ഞ കഥയെല്ലാം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കിപ്പുറം പോസ്റ്റ് കൊറോണ ട്രാന്‍സ്‌ഫോര്‍മേഷന്‍ സമയത്ത് ഇതേ അവസ്ഥ പിന്നെയും എന്നെ വരിഞ്ഞു ചുറ്റിയിരുന്നു. പക്ഷെ, ഈ അവസ്ഥയെ പറ്റിയുള്ള തിരിച്ചറിവ്, എന്ത് ചെയ്യണം എന്നുള്ള ബോധ്യം ഇവയെല്ലാം കൊണ്ട് തന്നെ മുന്നത്തെ അത്രയും കാലവിളമ്പമില്ലാതെ അതില്‍ നിന്നു പുറത്തു കടക്കാന്‍ സാധിച്ചു! ആ അതിജീവന കാലത്ത് തെറാപ്പിസ്റ്റ് ആയി വന്ന് ഏറ്റവും അടുത്ത സുഹൃത്തായി മാറിയ താനിയ ചേച്ചി പറഞ്ഞു തന്ന ചില കാര്യങ്ങളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു തോന്നുന്നു. 'നമുക്ക് ശരീരത്തിന് അസുഖം വരുമ്പോള്‍ ചികിത്സ എടുക്കും പോലെ അനാരോഗ്യത്തിന്റെ പീക്ക് സ്റ്റേജില്‍ എടുക്കേണ്ട ഒന്നല്ല വെല്‍നെസ്സ് സെഷന്‍സ്. അത് നമ്മള്‍ പോലും അറിയാതെ നമ്മുടെ ജീവിതരീതിയുടെ ഭാഗമാകേണ്ടുന്ന ഒന്നാണ്. വെല്‍നെസ്സ് ഈസ് എ കണ്ടിന്യൂസ് പ്രോസസ്സ!'

(വാലറ്റം: ഐ.ഐ.ടിയിലെ എന്റെ ഏറ്റവും അടുത്ത ഇഷ്ടങ്ങളില്‍ ഒരാളാണ് ഇപ്പോള്‍ സോഫിയാ മാം. എന്നെ ഏറ്റവും അടുത്തു മനസിലാക്കിയ എന്റെ തെറാപിസ്റ്റ്! സന്തോഷവും ഇടങ്ങേറുകളുമെല്ലാം കേട്ടിരിക്കാനുള്ള ഒരു പ്രൊഫഷണല്‍ ഇടം. സോഫിയാ മാമിനും താനിയേച്ചിക്കും ഇരിക്കട്ടെ ഈ എഴുത്തിന്റെ നേരവകാശം!)

(ഐ.ഐ.ടി മദ്രാസ് രസതന്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിയാണ് കുറിപ്പുകാരന്‍)


Similar Posts