അരിക്കൊമ്പന്‍മാരെ ഹീറോകളാക്കുമ്പോള്‍
|നെറ്റിപ്പട്ടവും മുത്തുക്കുടയും ചൂടിയ ഗജവീരന്മാരെ മാത്രം കാണുന്നവര്‍ക്ക് പ്രകൃതി സ്നേഹം അണപൊട്ടി ഒഴുകുമായിരിക്കും. വയലുകളും കായലുകളും വരെ നികത്തി കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അരിക്കൊമ്പന്‍മാരുടെ വാര്‍ത്തകള്‍ നേരംപോക്കും സാഹിത്യവുമൊക്കെ ആവും.
ദിനങ്ങളേറേയായി കേട്ടുകൊണ്ടിരിക്കുന്ന നാമം. ഒത്തിരി ചര്‍ച്ചകളും പഠനങ്ങളും നടത്തി കൊമ്പന്റെ ജീവിതത്തിലെ ഓരോ ഏടും മനഃപാഠമാക്കി മാധ്യമ പ്രവര്‍ത്തകരും മത്സരിച്ചു. ഒടുവില്‍ കാട്ടിലേക്കയച്ചപ്പോള്‍ കവിതകള്‍ എഴുതിയും കഥകള്‍ മെനഞ്ഞും സഹതാപം പറഞ്ഞും പ്രകൃതിസ്നേഹമെന്ന പേരില്‍ പരിഭവിച്ചും കുറേ പേര്‍. അരിക്കൊമ്പന്റെ യാത്ര ട്രോളുകളാവുമ്പോഴും ഹൃദയം തകര്‍ന്ന് മറ്റ് ചിലര്‍ കാടിനെയും ഗജവീരനെയും സ്നേഹിച്ച് കൊതിതീരാതെ വര്‍ണ്ണിക്കുന്നു.
ഈ ചര്‍ച്ചകള്‍ക്കിടയിലെല്ലാം എന്റെ മനസ്സ് തേടിയത് അവളെയാണ്. മാസങ്ങള്‍ക്ക് മുന്നില്‍ അവളുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് കാര്യം അന്വേഷിക്കാനാണ് ഞാന്‍ അവളെ വിളിച്ചത്. അവള്‍ ആരാണെന്ന് അറിയണ്ടേ? എന്റെ കളിക്കൂട്ടുകാരി. പുസ്തകങ്ങളോടൊപ്പം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചിരുന്ന കളിക്കൂട്ടുകാരി.
നെഞ്ചിടിപ്പ് അവളുടെ കാര്യത്തില്‍ കാലങ്ങളായുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പച്ചക്കറികൃഷിയും കന്നുകാലി വളര്‍ത്തലുമായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മുന്നോട്ട് പോവുമ്പോഴും കാലാവസ്ഥയുടെ വികൃതികളില്‍ കൃഷി നശിച്ചപ്പോഴും പറക്കമുറ്റാത്ത മക്കളെ അവളെ ഏല്‍പ്പിച്ച് വര്‍ഷങ്ങളായി പ്രവാസത്തിലെ കാണാകനിവ് തേടി പ്രിയതമന്‍ വീണ്ടും അക്കരക്ക് പറന്നപ്പോഴും പകച്ചു നില്‍ക്കാതെ ധൈര്യത്തോടെ പിടിച്ചു നിന്നവള്‍.
ഒരു അര്‍ധരാത്രി ഭീകരമായ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ പാതി പണി തീര്‍ത്ത വീടിന്റെ ചുമര്‍ തകര്‍ത്തുകൊണ്ട് വീടിനുള്ളില്‍ നില്‍ക്കുന്ന കൊമ്പനെ കണ്ട് അമ്പരന്നവള്‍. മൂത്ത രണ്ട് മക്കളെയും ഇരുട്ടിന്റെ മറവില്‍ തട്ടി എണീപ്പിച്ചു മൗനം പാലിക്കാന്‍ ഉപദേശിച്ചു അലമാരയുടെ പുറകില്‍ ഒളിപ്പിച്ചവള്‍. ചിന്നം വിളിച്ചെത്തിയ കൊമ്പന്റെ മുന്നിലൂടെ വൈദ്യുതി പോലും ഇല്ലാത്ത നേരത്ത് പിഞ്ചു കുഞ്ഞിനെ എടുത്തോടി ഇരുട്ടില്‍ മറഞ്ഞവള്‍. ഒരാളെ കിട്ടിയെന്ന തോന്നലില്‍ കട്ടിലിലെ ബ്ലാങ്കറ്റ് വലിച്ചിഴച്ചു നിലത്തിട്ട് കാല് കൊണ്ട് മെതിച്ചു അരിശം തീര്‍ക്കുന്ന കൊമ്പനെ കണ്ട് ശ്വസിക്കാന്‍ പോലും മറന്നവള്‍. അടുത്ത വീട്ടിലെ കേള്‍വിശക്തിയില്ലാത്ത പ്രായമായ അമ്മൂമ്മ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുന്നതിനിടയില്‍ ഇതൊന്നും അറിയാതെ എണീക്കുന്നതോര്‍ത്ത് നെടുവീര്‍പ്പിടുന്നവള്‍.
പറഞ്ഞ് തീരാത്ത അവളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ സ്വപ്ന ജീവിതം കടലല പോലെ ഇരമ്പുന്നുണ്ടായിരുന്നു.
ഇത് ഒരുവളുടെ മാത്രം കഥയല്ല, തേയില തോട്ടങ്ങളില്‍ ജോലിക്ക് പോയാല്‍ തിരിച്ചു വരും വരെ നെഞ്ചിടിക്കുന്നവര്‍, അടുക്കള പൊളിച്ച് അവരവരുടെ അന്നത്തിന്റെ വക നശിപ്പിക്കുന്ന കരിവീരന്മാരുടെ അപകടം മണത്തു ഇമ ചിമ്മാതെ രാത്രിയെ പകലാക്കുന്ന എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ജീവിച്ച്കൊണ്ടിരിക്കുന്നു.
നെറ്റിപ്പട്ടവും മുത്തുക്കുടയും ചൂടിയ ഗജവീരന്മാരെ മാത്രം കാണുന്നവര്‍ക്ക് പ്രകൃതി സ്നേഹം അണപൊട്ടി ഒഴുകുമായിരിക്കും. വയലുകളും കായലുകളും വരെ നികത്തി കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്ന പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ നേരംപോക്കും സാഹിത്യവുമൊക്കെ ആവും. എന്നാല്‍, ചിന്നം വിളി കേള്‍ക്കുമ്പോള്‍ മുലപ്പാല്‍ നുണയുന്ന പിഞ്ചു മക്കളുടെ പോലും മുഖം പൊത്തി പ്രാര്‍ഥനയോടെ കഴിയുന്ന കുടുംബങ്ങള്‍ക്ക് വലുത് സമാധാനമായി അന്തിയുറങ്ങുന്ന ഇടങ്ങള്‍ മാത്രമാണ്. സ്വന്തം വീടിന്റെ പടിവാതിലില്‍ എത്തും വരെ ഏത് കൊമ്പനും ഹീറോയാണ്.