Life Story
കാന്‍-അമേരിക്കന്‍ യാത്രകള്‍,  അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍
Life Story

കാനമേരിക്കന്‍ യാത്രകള്‍

ഡോ. സലീമ ഹമീദ്
|
23 Dec 2023 7:57 AM GMT

അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം തുടങ്ങുന്നു.

ആയിരം ദ്വീപുകള്‍

''തൗസന്‍ഡ് ഐലന്‍സ്'' എന്നറിയപ്പെടുന്ന സെന്റ് ലോറന്‍സ് നദിയിലെ ആയിരം ദ്വീപുകളുടെ സമൂഹം സന്ദര്‍ശിക്കാന്‍ വളരെ നാളായി ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് തരപ്പെട്ടില്ല. ആഗസ്റ്റ് മാസത്തിലെ ഒരു ശനിയാഴ്ച്ച അവിടേക്ക് പോകാം എന്ന ഞങ്ങളുടെ തീരുമാനം പെട്ടെന്നായിരുന്നു. കുടിയിരിപ്പായ ബെല്‍ റിവറില്‍ നിന്നും റോഡ് മാര്‍ഗ്ഗം 675 കിലോമീറ്റര്‍ സഞ്ചരിച്ച് ബ്രോക്വില്‍ എന്ന പട്ടണത്തില്‍ എത്തി. അവിടെ രാത്രി കഴിച്ചുകൂട്ടിയ ശേഷം പിറ്റേന്ന് അതിര്‍ത്തി കടന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ അലക്‌സാണ്ട്രിയ ബേയില്‍ നിന്നും ക്രൂയിസ് എടുക്കുവാന്‍ ആയിരുന്നു പ്ലാന്‍.

ആയിരം ദ്വീപുകള്‍ എന്നാണ് പേരെങ്കിലും 1864 ദ്വീപുകള്‍ ഈ സമൂഹത്തിലുണ്ട്. അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന സെന്റ് ലോറന്‍സ് നദിയില്‍ 50 മൈല്‍ നീളത്തില്‍ പരന്ന് കിടക്കുന്നതാണ് ഈ ദ്വീപസമൂഹം.

നദിയുടെ ഈ ഭാഗത്ത്, വടക്ക് കാനഡയിലെ ഒന്റേരിയോ ആണെങ്കില്‍ തെക്ക് അമേരിക്കയിലെ അപ്പര്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ആണ് വളരെ മനോഹരമായ ഈ ഭാഗം കരമാര്‍ഗ്ഗം കാല്‍നടയായോ സൈക്കിളിലോ സഞ്ചരിച്ചു കാണാനുള്ള നടവഴികള്‍ ഇരുകരകളിലും ഉള്ള നാഷണല്‍ പാര്‍ക്കുകളില്‍ ഉണ്ട്. ധാരാളം ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് കണ്ടു. ദ്വീപുകളില്‍ ഏറ്റവും വലുത് 40 ചതുരശ്ര മൈല്‍ വലിപ്പം ഉള്ളതാണ്. വളരെ ചെറിയ ദ്വീപുകളും ഈ കൂട്ടത്തില്‍ കാണാം. ദ്വീപിന്റെ നിര്‍വചനം കേള്‍ക്കേണ്ടേ? 'ഒരു വര്‍ഷത്തില്‍ മുഴുവന്‍ സമയവും ജലനിരപ്പിനു മുകളിലായി ഒരു ചതുരശ്ര അടിയെങ്കിലും വലിപ്പമുള്ളതും ഒരു മരമോ രണ്ടു കുറ്റിച്ചെടിയോ എങ്കിലും ഉള്ള ഭൂവിഭാഗത്തെ ദ്വീപായി കണക്കാക്കപ്പെടും'

സെല്ലോറന്‍സ് നദിയെപ്പറ്റി പറയുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിലെ വെള്ളത്തിന്റെ തെളിമയാണ് പലഭാഗങ്ങളിലും 80 അടി താഴ്ചയിലുള്ള പാറക്കൂട്ടങ്ങളും മറ്റും നന്നായി വ്യക്തതയോടെ കാണാന്‍ പറ്റും. വര്‍ഷങ്ങള്‍ക്കു മുമ്പ് തകര്‍ന്നടിഞ്ഞ പല ജലയാനങ്ങളുടെ അവശിഷ്ടങ്ങള്‍ യാത്രയ്ക്കിടെ അവിടവിടെയായി കണ്ടു. ഈ തെളിമയ്ക്ക് നന്ദി പറയേണ്ടത് ഇതിലെ താമസക്കാരായ കടുക്കാ വര്‍ഗ്ഗത്തില്‍ പെട്ട 'സീബ്ര മസില്‍' എന്ന ജീവികളോടാണ്. വെള്ളത്തിലെ പായലും മറ്റ് അഴുക്കുകളും മുഴുവന്‍ ഇവറ്റകള്‍ ഭക്ഷിച്ചുകൊള്ളും. ഇവരില്‍ കുറെ പേരെ നമ്മുടെ നദികളിലും കൊണ്ടുപോയി പാര്‍പ്പിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് ഓര്‍ത്തുപോയി. പക്ഷെ, സീബ്രാ ചിപ്പികള്‍ പല തരത്തില്‍ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. വൈദ്യുതി നിലയങ്ങളുടെ ഉള്ളിലേക്ക് പോകുന്ന ജലവാഹിനിക്കുഴലുകള്‍ ഇവ മൂലം അടഞ്ഞ് പോകുന്നുണ്ട്. ഇതില്‍ നിന്ന് സീബ്രാചിപ്പികളെ നീക്കം ചെയ്യുന്നതിനായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നുണ്ടത്രേ!


പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അമേരിക്കയിലെയും കാനഡയിലെയും പ്രശസ്തരും ധനികരുമായ പലരും ഈ ദ്വീപുകളില്‍ പലതും സ്വന്തമാക്കുകയും അതില്‍ ആഡംബര വസതികള്‍ പണിയുകയും ചെയ്തു.

വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടല്‍ ഉടമയും കോടീശ്വരനുമായ ജോര്‍ജ്ജ് ബോള്‍ട്ടിന്റ ഹാര്‍ട്ട് ഐലന്‍ഡ്, സിംഗര്‍ തുന്നല്‍ മെഷീന്‍ കമ്പനിയുടെ ഉടമയുടെ സിംഗര്‍ ഐലന്‍ഡ്, ഡിയര്‍ ഐലന്‍ഡ് എന്നിവയാണ് ഏറ്റവും പ്രസിദ്ധമായവ. കൂട്ടത്തില്‍ മനുഷ്യനിര്‍മ്മിതമായ ഏക ദ്വീപ് ലോങ് വ്യൂ ഐലന്‍ഡ് (Longue Vue Island) മാത്രമാണ്.

അലക്‌സാണ്‍ഡ്രിയ ബേ എന്ന ഒരു ചെറുപട്ടണത്തില്‍ നിന്നുമാണ് ബോട്ട് പുറപ്പെടുന്നത്. സമ്മര്‍ ജോബിന് വന്ന ഒരു കോളജ് വിദ്യാര്‍ഥിനി ആയിരുന്നു ഗൈഡ്. തന്റെ ജോലി വളരെ ആത്മാര്‍ത്ഥമായി ചെയ്യണമെന്ന് നിര്‍ബന്ധം ഉള്ളതുപോലെ തോന്നി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പഠനത്തിന്റെ ഭാഗമായി കുറച്ചു സമയം വേനല്‍ക്കാലത്ത് ജോലി ചെയ്യാനുള്ള സൗകര്യം ലഭിക്കും, ഇതിനാണ് സമ്മര്‍ ജോബ് എന്ന് പറയുന്നത്. ഓരോ ദ്വീപിനടുത്ത് കൂടി പോകുമ്പോള്‍ അതിനെ സംബന്ധിച്ച കഥകളും ചരിത്രവുമൊക്കെ അവള്‍ വിശദമായി പറഞ്ഞു തന്നു. ഇടക്ക് പെയ്ത മഴ മാത്രമായിരുന്നു രസം കൊല്ലി; പക്ഷേ അതും വേഗം മാറി.

സാവികോണ്‍ ഐലന്‍ഡ് കൗതുകകരമായ കാഴ്ചയാണ്. വലുതും ചെറുതുമായ രണ്ട് കുഞ്ഞുദ്വീപുകള്‍ ഒരു ചെറുപാലം കൊണ്ട് ബന്ധിച്ചിരിക്കുന്നു. ഇതില്‍ വലുത് കാനഡയുടെയും ചെറുത് അമേരിക്കയുടെയും അതിര്‍ത്തിക്കുള്ളില്‍ ആണ്. ലോകത്തിലെ ഏറ്റവും ചെറിയ ഇന്റര്‍നാഷ്ണല്‍ ക്രോസിംഗ് ബ്രിഡ്ജ് ആണിത്!

ജര്‍മ്മനിയില്‍ നിന്നും 1864ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ജോര്‍ജ് ബോള്‍ട്ട് തന്റെ ഭാവി അമ്മായിയപ്പന്റെ അടുക്കളയില്‍ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളും വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിന്റെ ഉടമസ്ഥനുമായി വളര്‍ന്ന വഴികളില്‍ എപ്പൊഴോ, ലൂയിസ് അദ്ദേഹത്തിന്റെ കൂട്ടുകാരിയും പിന്നീട് വീട്ടുകാരിയുമായി മാറി. ഈ ഹോട്ടല്‍ നിന്ന സ്ഥലത്താണ് പിന്നീട് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് പണികഴിപ്പിക്കപ്പെട്ടത്.

പില്‍ക്കാലത്ത് തന്റെ ഉടമസ്ഥതയില്‍ ഉള്ള ഹാര്‍ട്ട് ഐലന്‍ഡില്‍ തന്റെ പ്രിയപത്‌നിക്കായി ഒരു രമ്യഹര്‍മ്മം പണിയിക്കണമെന്ന് തീരുമാനിക്കുകയും 1900ല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പക്ഷേ, 1904ല്‍ ഒരു ദിവസം ലൂയിസ് ക്ഷയരോഗം മൂലം മരണപ്പെട്ടു. പണികളെല്ലാം നിര്‍ത്തിവയ്ക്കാനുള്ള ഒരു കേബിള്‍ സന്ദേശം വഴി ഈ വിവരം അദ്ദേഹം പണിക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് ഒരിക്കലും ജോര്‍ജ്ജ് ഈ ദ്വീപില്‍ കാലെടുത്ത് കുത്തുകയുണ്ടായിട്ടില്ല. ഏകദേശം മുക്കാല്‍ ഭാഗത്തോളം പണികഴിഞ്ഞ ആ മണിമന്ദിരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറ്റും മഞ്ഞും മഴയും വെയിലും കൊണ്ട് 73 വര്‍ഷം അങ്ങനെ നിലകൊണ്ടു.

1977ല്‍ തൗസന്‍ഡ് ഐലന്‍ഡ് പോര്‍ട്ട് അതോറിറ്റി നാമമാത്രമായ ഒരു ഡോളറിന് ഹാര്‍ട്ട് ഐലന്‍ഡും അതിനു തൊട്ടടുത്ത യാട്ട് ഹൗസ്, ഗോള്‍ഫ് കോഴ്‌സ്, കുതിരാലയം എന്നിവ അടങ്ങിയ ദ്വീപും വിലയ്ക്കുവാങ്ങി. സന്ദര്‍ശകര്‍ക്ക് വളരെ ചെറിയ ഒരു ഫീസ് മാത്രം ഏര്‍പ്പെടുത്തി, ആ പണം ഉപയോഗിച്ച് ഇത് പുനരുദ്ധരിച്ച് ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കണം എന്ന ഒരു വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ വര്‍ഷം തോറും ലക്ഷക്കണക്കിനാളുകള്‍ ഇവിടം സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്കും ഇത് വാടകയ്ക്ക് നല്‍കാറുണ്ട്. ഈ മണിമന്ദിരത്തിന് ചുറ്റും വളരെ സുന്ദരമായ ഒരു പൂന്തോട്ടവും പുല്‍ത്തകിടിയും ഉണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്ലേ ഹൗസ്, പവര്‍ ഹൗസ് അവിടേക്കുള്ള തുരങ്കം എന്നിവയും ഈ സമുച്ചയത്തില്‍പ്പെടുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നായ ഈ അഞ്ചുനില മന്ദിരം 120 മുറികളും നീന്തല്‍ കുളവും അടങ്ങിയതാണ്. ഇന്ന് കാണുന്ന പല നിറത്തിലുള്ള സ്റ്റെയിന്റ് ഗ്ലാസ് കൊണ്ടുണ്ടാക്കിയ കുംഭഗോപുരം തടികൊണ്ടുണ്ടാക്കിയ ഗോവേണി, മാര്‍ബിള്‍ പാകിയ തറ എന്നിവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. 100 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിക്കപ്പെട്ടതെങ്കിലും ഇന്നത്തെ ഏത് ആധുനിക ഭവനങ്ങളോടും കിട പിടിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.

ഒരു വ്യക്തിക്ക് തന്റെ ഇണയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായ ഈ മണിമന്ദിരത്തിലൂടെ നടക്കുമ്പോള്‍, വിധി തന്റെ മാന്ത്രിക വടി വീശുമ്പോള്‍ ഓരോ ജീവിതവും എത്രമേല്‍ മാറിമറിയുന്നു എന്ന അത്ഭുതം കൂറാതിരിക്കാന്‍ കഴിയില്ല. ഒരു കൈ കൊണ്ട് തലോടുകയും മാറുകൈകൊണ്ട് തല്ലുകയും ചെയ്യുന്ന ആ പ്രഹേളികയെപ്പറ്റി ചിന്തിക്കാതെ ഒരാളും ഇവിടം വിട്ടു പോകില്ല.


ലൂയിസ്

മുന്നൂറോളം അപൂര്‍വ്വങ്ങളായ പുരാതന ബോട്ടുകളും ആയിരത്തോളം ഉല്ലാസനൗകകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോട്ട് മ്യൂസിയം ഇവിടത്തെ മറ്റൊരാകര്‍ഷണമാണ്. ഞങ്ങള്‍ വേനല്‍ക്കാലത്തിന്റെ അവസാനമായിരുന്നു ഞങ്ങളുടെ സന്ദര്‍ശനം. ഇലകള്‍ക്ക് നിറം മാറുന്ന ശരത്ക്കാലത്തും വളരെ മനോഹരമാണ് ഇവിടം.

അനുബന്ധം: തൗസന്‍ഡ് ഐലന്‍ഡ് ഡ്രസ്സിംഗ് എന്ന പേരിലുള്ള സാലഡ് ഡ്രസ്സിങ്ങിന്റെ കഥ ഇങ്ങനെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ ദ്വീപസമൂഹങ്ങളില്‍ മീന്‍പിടുത്തത്തിന് വരുന്ന അതിഥികള്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്ന ഒരു സ്ത്രീയുടെ സൃഷ്ടിയായിരുന്നു ഇതിന്റെ ആദ്യ പാചകക്കുറിപ്പ്. പിന്നീട് അത് പല കൈമറിഞ്ഞ് ജോര്‍ജ്ജ് ബോള്‍ട്ടിന്റെ കയ്യില്‍ എത്തുകയും ഹോട്ടലിന്റെ മെനുവില്‍ സ്ഥാനം പിടിക്കുകയും ചെയ്തു, അങ്ങനെയാണ് തൗസന്‍ഡ് ഐലന്‍ഡ് ഡ്രസ്സിംഗ് ലോകപ്രസിദ്ധമായത്.

( തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.




Similar Posts