ചെറുവള്ളിപ്പുഴയും കടത്തുതോണിയും പിന്നെ പെങ്ങാമുക്ക് ഹൈസ്‌കൂളും
|സ്‌കൂളില്‍ എത്തണമെങ്കില്‍ ഞങ്ങള്‍ക്ക് കടവ് കടക്കണം. സ്‌കൂള്‍ തുറക്കുന്ന സമയം മഴക്കാലമായതിനാല്‍ കടവില്‍ നിറയെ വെള്ളമുണ്ടാകും. കുറേപേര്‍ പേടിച്ചാണ് വഞ്ചിയില്‍ കയറിയിരുന്നത്. ചിലര്‍ക്ക് അത് ആവേശമായിരുന്നു. | ഓര്‍മ
ഞാന്‍ സാഹിത്യ തറവാട്ടിലെ ഒരു അംഗമല്ല. തറവാട്ടില്‍ കയറാനുള്ള യോഗ്യതയുമില്ല. കേവലം അഭിരുചിയുള്ള ഒരു ആസ്വാദകന്‍ മാത്രമാകുന്നു. വൃത്താലങ്കാരങ്ങളുടെ അകമ്പടിയില്ലാതെ, അതീവ ലളിതമായി കോറിയിട്ടിരിക്കുന്ന ഈ ആഖ്യാനത്തില്‍ വന്നു ഭവിച്ചിട്ടുള്ള എല്ലാ സ്ഖലിതങ്ങള്‍ക്കും അക്ഷരപ്പിശാചുക്കള്‍ക്കും ശിക്ഷിക്കപ്പെടരുതെന്നും കക്ഷിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു തരണമെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചു കൊള്ളുന്നു.
ഒരുപക്ഷേ, കേരളത്തിന്റെ ഭൂപടത്തില്‍ നോക്കിയാല്‍ കാണാന്‍ പറ്റാത്ത, പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം സ്ഥിതിചെയ്യുന്ന ഒരു കൊച്ചു സ്ഥലമാണ് ചെറുവള്ളിക്കടവ്. ചെറുവള്ളി മന എന്ന പേരില്‍ ഒരു നമ്പൂതിരി കുടുംബം കുന്നംകുളത്തിനടുത്ത് - പെങ്ങാമുക്ക് ദേശത്തിന്റെ തെക്കുവശത്ത് താമസിച്ചിരുന്നു. അവരുടെ പേരില്‍ ആണ് ആ കടവ് അറിയപ്പെടുന്നത്. ചെര്‍ളിക്കടവ് എന്നും പറയാറുണ്ട്. അത് വര്‍ഷക്കാലങ്ങളില്‍ ഒരു വലിയ പുഴയായി മാറും.
ചുറ്റുപാടുമുള്ള പുഞ്ചപ്പാടങ്ങളില്‍ വെള്ളം വന്നു നിറയും. കണ്ണ് എത്തുന്ന ദൂരമെല്ലാം വെള്ളം നിറഞ്ഞു കവിഞ്ഞ് പടിഞ്ഞാറെ ദിശയിലേക്ക് ഒഴുകുന്നുണ്ടായിരിക്കും. ഈ വെള്ളപ്പരപ്പുകളുടെ മുകളില്‍ ഇടയ്ക്കിടയ്ക്ക് നീര്‍നായകളുടെ തലകള്‍ പെട്ടെന്ന് പുറത്തേക്ക് വരുന്നത് കാണാം. ഒറ്റയ്ക്ക് അവയെ കാണാറില്ല. രണ്ടോ മൂന്നോ നാലോ അഞ്ചോ ഒക്കെയായി അവര്‍ കൂട്ടമായിട്ടാണ് കണ്ടുവരാറുള്ളത്. ഏതാനും നിമിഷങ്ങള്‍ അവയെ കാണാം. അവ നാലുപുറവും ഒന്നു വീക്ഷിച്ചു മുങ്ങി മറയുന്നു. പിന്നെ വീണ്ടും ഒരു നൂറടി അകലത്തില്‍ പൊങ്ങുന്നത് കാണാം. നല്ല ഓമനത്തമുള്ള കറുത്ത ഉണ്ടക്കണ്ണുകള്‍ ഉള്ള മിനുങ്ങുന്ന തലകള്‍. ചിലപ്പോള്‍ ഞങ്ങളുടെ കടത്തു തോണിയുടെ അരികില്‍ പൊങ്ങും. കുട്ടികള്‍
ബഹളമുണ്ടാക്കും. ചിലര്‍ക്ക് കൗതുകം, ചിലര്‍ക്ക് ഭയം. തോണി തുഴയുന്ന കുഞ്ഞന്‍ ശബ്ദമുണ്ടാക്കി കുട്ടികളെ അടക്കിയിരുത്തും. കുട്ടികളുടെ പെട്ടെന്നുള്ള ചലനങ്ങള്‍ കൊണ്ട് തോണിയുടെ സന്തുലിതാവസ്ഥ തകരാറിലാകും. നിയന്ത്രണം വിട്ട് പോകും. അറിയാമല്ലോ, പിന്നെ വഞ്ചി മറിയും. എല്ലാവരും വെള്ളത്തിലാവും. ആകെ കുഴപ്പമാകും - തുഴച്ചില്‍ക്കാരന്‍ പറഞ്ഞുകൊണ്ടിരിക്കും.
വര്‍ഷക്കാലങ്ങളില്‍ ഈ കടവില്‍ ഞങ്ങള്‍ കുളിക്കാനും നീന്താനും പതിവായി പോകാറുണ്ട്. ഞങ്ങളുടെ നാട്ടിലെ (മുതുവമ്മല്‍ ഗ്രാമം) മുഴുവന്‍ ആണ്‍കുട്ടികളും നീന്തല്‍ പഠിക്കുന്നത് ഈ കടവില്‍ നിന്ന് തന്നെയാണ്. പുഴക്കരികില്‍ വലിയ ഒരു ആല്‍മരം ഉണ്ടായിരുന്നു. ഗംഭീര വേരുകളും തടിയും നിബിഡമായ ഇലകളൂം ശാഖകളും കൊണ്ടു സമ്പുഷ്ടമായ ഒരുകാരണവര്‍ വടവൃക്ഷം. അതിന്റെ ഇലകള്‍ എപ്പോഴും ഒരു താളത്തില്‍ തുള്ളിക്കളിച്ചു കൊണ്ടിരിക്കും. നല്ല തണല്‍ നല്‍കുന്ന ഈ മരം എല്ലാവര്‍ക്കും അനുഗ്രഹവും ഇഷ്ടവുമായിരുന്നു. വേനല്‍കാലത്ത് കരയില്‍ നില്‍ക്കുന്ന ഈ ആല്‍മരം വര്‍ഷക്കാലത്തില്‍ വെള്ളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നതു പോലെ തോന്നാറുണ്ട്. വേരുകളും തടിയും കഴുകി കുളിപ്പിച്ച് വൃത്തിയായി നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. യാത്രക്കാര്‍ക്ക് തോണിയും കാത്ത് ഇരിക്കാനുള്ള ഒരു സംവിധാനവും കൂടി ആണ് ഈ ആല്‍മരം നിര്‍വഹിച്ചിരുന്നത്.
ചെറുവള്ളിപ്പുഴ പാലം
ഞങ്ങളുടെ കൊച്ചു ഗ്രാമത്തിന്റെ വടക്കേ അതിര്‍ത്തിയാണ് ചെര്‍ളിക്കടവ്. വടുതല പ്രൈമറി സ്‌കൂളില്‍നിന്ന് അഞ്ചാം ക്ലാസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി ചേരുന്നത് പെങ്ങാമുക്കിലുള്ള മാനേജ്‌മെന്റ് ഹൈസ്‌കൂളിലാണ്. സ്‌കൂളില്‍ എത്തണമെങ്കില്‍ ഞങ്ങള്‍ക്ക് കടവ് കടക്കണം. സ്‌കൂള്‍ തുറക്കുന്ന സമയം മഴക്കാലമായതിനാല്‍ കടവില്‍ നിറയെ വെള്ളമുണ്ടാകും. കുറേപേര്‍ പേടിച്ചാണ് വഞ്ചിയില്‍ കയറിയിരുന്നത്. ചിലര്‍ക്ക് അത് ആവേശമായിരുന്നു.
ആ കാലങ്ങളില്‍ കടവ് ലേലം ചെയ്യുകയാണ് പതിവ്. ആദ്യം സ്‌കൂളില്‍ പോണ കാലത്ത് പാകത്തിന് ഉയരവും തടിച്ച് കുടവയറുമുള്ള, എപ്പോഴും മുറുക്കി ചുണ്ടും നാവും പല്ലും ചുവപ്പിച്ചു നടക്കുന്ന കുഞ്ഞന്‍ എന്ന ആളായിരുന്നു കടവിന്റെ ലേലക്കരന്‍. കുടവയറിന് താഴെ ജഗന്നാഥന്‍ മുണ്ട്, മടിയില്‍ മുറുക്കാന്‍ പൊതി, പണസഞ്ചി. മുണ്ടിനടിയില്‍ മുട്ടോളം എത്തുന്ന ഒരു ട്രൗസര്‍. മുണ്ടില്‍ അവിടവിടെയായി മുറുക്കാന്‍ കറ. ഒരു വര്‍ഷം മുഴുവന്‍ യാത്രക്കാരെ അക്കരെയും ഇക്കരെയും കൊണ്ടാക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥന്‍. പിന്നീട് കുറെ നാള്‍ അപ്പുണ്ണി ആയിരുന്നു. തടി കുറവാണ്. തലേക്കെട്ട്, മിക്കവാറും നീല കള്ളിത്തുണി. ഒരു മുഷിഞ്ഞ മടിശീല, മുണ്ട് മടക്കിക്കുത്തും. അതിനടിയില്‍ വീതിയില്‍ നീലയും വെള്ളയും വരകളുള്ള അണ്ടര്‍വെയര്‍ അതാണ് വേഷം. അവസാനമായി കണ്ടത് ബാപ്പുട്ടിയെ ആണ് എന്നാണ് ഓര്‍മ. മെലിഞ്ഞ് ഉദ്ദേശം ആറടി ഉയരം, ഒരു കൗബോയ് തൊപ്പി ചരട് വലിച്ച് താടിയില്‍ മുറുക്കിയിട്ടുണ്ടാകും. എല്ലാ യാത്രക്കാരുമായും കുശലങ്ങള്‍ പറയും, നല്ല തമാശകള്‍ പറഞ്ഞ് എല്ലാവരേയും ചിരിപ്പിക്കും. പരുപരുത്ത ശബ്ദക്കാരന്‍. കുഞ്ഞനും അപ്പുണ്ണിയും ഷര്‍ട്ട് ഇടാറില്ല. ബാപ്പുട്ടി ജഗന്നാഥന്‍ തുണിയിലുള്ള ഒരു വി നെക്ക് ടീഷര്‍ട്ട് ധരിക്കാറുണ്ട്. രണ്ടുവശവും പോക്കറ്റുണ്ട്, എന്നാലും കടത്ത് പിരിവിനുള്ള കാശു വെക്കാന്‍ ഒരു കാക്കി തുണികൊണ്ട് തുന്നിയ, രണ്ട് അറകള്‍ ഉള്ള ഒരു സഞ്ചി ഉണ്ടാകും. ഒരുതവണ അങ്ങോട്ടും തിരിച്ച് ഇങ്ങോട്ടും തോണിയില്‍ കടക്കാന്‍ കാലണയാണ് (ഒന്നര പൈസ) കടത്ത് കൂലി. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യാത്രയാണ്.
വടുതല ഗവ. യു.പി. സ്‌കൂള്‍
കടവു കടന്ന് പോകുന്നവരുടെ പണം വാങ്ങി അതില്‍ നിക്ഷേപിക്കും. ബാക്കി കൊടുക്കാന്‍ ഉണ്ടെങ്കില്‍ ഒരു പിടിവാരി അതില്‍ നിന്ന് തെരഞ്ഞെടുത്തു ബാക്കി ചില്ലറ എണ്ണി കൊടുക്കും. പിന്നെ നാട വലിച്ചു ചുഴറ്റി കെട്ടി അരയില്‍ തിരുകും. 25 മുതല്‍ 50 ആളുകള്‍ വരെയാണ് ഒരു ദിവസം ശരാശരി ഈ വഴി കടന്നുപോവുക. അഞ്ചു രൂപയില്‍ താഴെയാണ് ഒരു ദിവസ വരുമാനം. അതും ഭീമമായ ലാഭം ആയിട്ടാണ് ജനം സംസാരിച്ചിരുന്നത്. 25 ആള്‍ക്ക് ഇരിക്കാവുന്ന ഒരു തോണി. ഏകദേശം 20 അടി നീളമുള്ള മുളയുടെ ഒരു കൗക്കോല്‍. വഞ്ചിയിലെ വെള്ളം മുക്കി കളയാന്‍ തുന്നിയ പാള കൊണ്ടുള്ള ഒരു ഉപകരണം, ഇത്രയും ആണ് അയാള്‍ക്ക് മുടക്കുമുതല്‍. വഞ്ചി തുഴയുന്നവരോട് ബഹുമാനം തോന്നിയിട്ടുണ്ട്. യാത്രക്കാരുടെ ജീവന്റെ ഉത്തരവാദിത്തമുള്ള ഒരു സാരഥി. തോണിക്കാരന്‍ കടവിന്റെ ഏതെങ്കിലും കരയില്‍ കാത്തിരിക്കും. ബാപ്പുട്ടിക്ക് കടവിലെ മീന്‍ പിടിക്കാനുള്ള അവകാശവും ലേലം വഴി ലഭിച്ചിരുന്നു. ആകയാല്‍ ചിലപ്പോള്‍ കടത്തു തോണി പടിഞ്ഞാറു ഭാഗത്തുള്ള ചീനവലയുടെ അരികിലും കാണാറുണ്ട്. ചീനവലക്കടിയല്‍ വലിയ മുളകാണ്ടുണ്ടാക്കിയ കുരുത്തികള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ വലിയ മീനുകള്‍ കുടുങ്ങാറുണ്ട്. ബാപ്പുട്ടിയുടെ അധികവരുമാനത്തിന്റെ സ്രോതസ്സുകൂടിയാണ് അത്. ബാപ്പുട്ടിക്ക ഞങ്ങളുടെ അയല്‍വാസിയായിരുന്നു. കുട്ടികളെല്ലാം അദ്ദേഹത്തെ വാപ്പുട്ടിക്കാ എന്നാണ് വിളിച്ചിരുന്നത്. ആരെങ്കിലും അക്കരയില്‍ നിന്ന് കൂക്കി വിളിച്ചാല്‍ ഇക്കരയുള്ളവരെ കയറ്റി അങ്ങോട്ടു പോകും.
കടവ് കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പോയാല്‍ ഹൈസ്‌കൂളായി. അതായത് ചുമ്മാരു മാഷുടെ സ്‌കൂള്‍. അന്ന് അത് വലിയൊരു സ്‌കൂള്‍ ആയി തോന്നിയിരുന്നു. ഒരുപക്ഷേ അതിനേക്കാള്‍ ചെറിയ സ്‌കൂളില്‍ നിന്ന് വന്നതു കൊണ്ടാകാം. വലിയ വലിയ കുട്ടികള്‍, കുറേയേറെ വിദ്യാര്‍ഥികള്‍. കുറേ അധ്യാപകര്‍. കുറേ ക്ലാസ് മുറികള്‍, കളിക്കാനുള്ള ഗ്രൗണ്ട് അങ്ങനെ എല്ലാംകൊണ്ടും ഒരു വലിയ സ്ഥാപനമായിരുന്നു. ഞാന്‍ നേരത്തെ പഠിച്ചിരുന്ന ആ ചെറിയ സ്‌കൂളില്‍ ആകെ ആറ് മുറികളും അഞ്ച് അധ്യാപകരും ആണ് ഉണ്ടായിരുന്നത്. ഓരോ ക്ലാസിനും ഓരോ അധ്യാപകന്‍. ഏകദേശം 80 കുട്ടികള്‍. അത്ര തന്നെ.
സി.എ ഫാറൂഖ്
പുതിയ സ്‌കൂളും കുട്ടികളും പരിസരവും എല്ലാം പെട്ടെന്ന് പരിചയമായി, ഇഷ്ടമായി ഇണങ്ങിച്ചേര്‍ന്നു. ആദ്യമായി ഇംഗ്ലീഷ് അക്ഷരമാല പഠിക്കുന്നത് പുതിയ സ്‌കൂളില്‍ നിന്നാണ്. ആറാം ക്ലാസില്‍ എത്തിയപ്പോഴാണ് എന്ന് തോന്നുന്നു ഹിന്ദി പഠനം തുടങ്ങുന്നത്. കൂടാതെ മലയാളം, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്. കണക്ക് വേറെയും. എല്ലാ വിഷയങ്ങള്‍ക്കും ടീച്ചര്‍മാര്‍ വേറെ വേറെ. ഇതും ഒരു പുതിയ അനുഭവമായിരുന്നു. പിന്നെ ടൈം ടേബിള്‍ എന്ന ഒരു സംഗതി. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം നേരം, പ്രത്യേകം അധ്യാപകര്‍. ആകപ്പാടെ ഒരു തകര്‍പ്പന്‍ അന്തരീക്ഷം. ഒരു ഉത്സവ പ്രതീതി. ക്ലാസ് മുടങ്ങാന്‍ തോന്നാത്ത സ്ഥിതി വിശേഷം.
പെങ്ങാമുക്ക് ഹൈസ്‌കൂള്‍
ആഴ്ചതോറും കലാ സാഹിത്യ സമ്മേളനം, കായിക മത്സരങ്ങള്‍, യുവജനോത്സവം, എനിവേഴ്‌സറി തുടങ്ങി എല്ലാം ഹരം പിടിപ്പിക്കുന്നതായിരുന്നു. പഠനകാര്യത്തില്‍ പ്രകടനം മോശമായിരുന്നു എങ്കിലും എല്ലാ വിഷയങ്ങളിലും തോല്‍ക്കാതെ നോക്കാന്‍ വിയര്‍ക്കാറുണ്ട്. അക്കാലത്ത് ക്ലാസില്‍ വന്നിരുന്ന ചില ടീച്ചര്‍മാരെ ഓര്‍ക്കുന്നു. പേരുകള്‍ കൃത്യമായിക്കൊള്ളണമെന്നില്ല, എങ്കിലും ശ്രമിക്കാം. പതുങ്ങിയ ശബ്ദത്തിനുടമയായ അമ്മിണി ടീച്ചര്‍, തടിച്ചുവെളുത്ത അച്ചായി ടീച്ചര്‍, പിന്നെ കര്‍ക്കശക്കാരിയായ കുഞ്ഞാത്തിരി ടീച്ചര്‍.
അവര്‍ എന്നെക്കൊണ്ട് ഇംഗ്ലീഷ് പോയട്രി 25 തവണ ഇമ്പോസിഷന്‍ എഴുതിപ്പിച്ചിട്ടുണ്ട്. എനിക്ക് ആ ടീച്ചറെ പേടിയായിരുന്നു. പിന്നെ സാരിയുടുത്ത് വന്നിരുന്ന, എല്ലാവരുടേയും സ്‌നേഹഭാജനമായ ശോശാമ്മ ടീച്ചര്‍, കുന്നംകുളത്തുനിന്നും വന്നിരുന്ന ഫേഷന്‍ ലേഡി സൂസക്കുട്ടി ടീച്ചര്‍. നീഡ്ല്‍ വര്‍ക് പഠിപ്പിച്ചിരുന്ന ശാരദ ടീച്ചര്‍. ബയോളജി ഏലിയാമ്മ ടീച്ചര്‍, ഹിന്ദി സുന്ദരി മോളുക്കുട്ടി ടീച്ചര്‍.
രണ്ടു ഭാഗത്തും പോക്കറ്റിന് ഫ്‌ളേപ്പുകളുള്ള വെള്ള ഷര്‍ട്ടും മുണ്ടും കട്ട മീശയുമുള്ള സുന്ദരനായ ജോര്‍ജ് മാഷ്. അതിസുന്ദരമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന, ഇടക്കിടക്ക് ചുണ്ട് നനക്കുന്ന ജോബ് മാഷ്. കോളറില്ലാത്ത വെള്ള ജുബ്ബ ധരിച്ചു വരുന്ന സകലകലാവല്ലഭനായ തടിച്ചു കരുത്തനായ, ലോലനായ പാത്തു മാഷ്. ഷര്‍ട്ടിന്റെ കോളറു പൊക്കി വെച്ചു നടക്കുന്ന വറദപ്പന്‍ മാഷ്. സ്തൂല ശരീരനായ ചുരുളന്‍ മുടിയുള്ള രാധാകൃഷ്ണന്‍ മാഷ്. ഉയരം കുറഞ്ഞ ഗോവിന്ദന്‍ മാഷ്. പൊടി വലിക്കുന്ന, മലയാളത്തിന്റെ മൂസത് മാഷ്. മുടി മുള്ള് പോലെ എഴുന്നു നില്‍ക്കുന്ന ഭട്ടതിരി മാഷ്. പൊടി വലിയില്‍ മൂസത് മാഷിന്റെ ഒട്ടും പിന്നിലല്ലാത്ത ഒരു കുറുപ്പ് മാഷ്. ഹിന്ദി പഠിപ്പിക്കുന്ന, ഒരു കാലിനു സ്വാധീനം കുറവുള്ള കൃഷ്ണന്‍ മേനോന്‍ മാഷ്. പാവം ക്രാഫ്റ്റ് മാഷ് ആന്റണി, പിന്നെ നമ്മുടെ ചുമ്മാര് മാഷ്. മുറുക്കി, മുറുക്കാന്‍ വായില്‍ വച്ച് തന്നെ ക്ലാസ് എടുത്തിരുന്നു ചുമ്മാരു മാഷ്. സബ്സ്റ്റിറ്റിയൂഷന്‍ പിരീഡുകളില്‍ കഥകള്‍ പറഞ്ഞു തരുന്ന
ചെറുപ്പക്കാരന്‍ കൊച്ചുണ്ണി മാഷ്. പുതിയതായി എത്തിയ പുതിയ യുഗത്തിന്റെ പുതുരക്തം ജോസ് മാഷ്, ഉണ്ണികൃഷണന്‍ മാഷ്, ബെന്നി മാഷ്, ഒരു പ്രസന്നവതിയായ സുന്ദരിയായ എറണാകുളം സ്വദേശിയും ശോശാമ്മ ടീച്ചറുടെ കടുംബക്കാരിയുമായ പ്രസന്ന ടീച്ചര്‍. മെലിഞ്ഞു നീണ്ട നീള മുഖമുള്ള ഒരു പ്യൂണ്‍, കാക്കുട്ടി.
ക്ലാസിലെ കുട്ടികളെ മുഴുവനായും ഓര്‍മയില്‍ വരുന്നില്ല. ചില പേരുകള്‍: പാട്ടുകാരന്‍ ഭാസ്‌കരന്‍, കേശവന്‍, വേലു, പി.സി തമ്പി, പി.ഒ തമ്പി, ചെറിയാന്‍, ഉക്‌റു കുട്ടി, സക്കറിയ, റഹീം, അബ്ദുസ്സമദ്, അബ്ദുല്‍ കാദര്‍, അബു, വേലായുധന്‍, വിശ്വംഭരന്‍, ഗംഗാധരന്‍, ഡേവിഡ്, സൈമന്‍, ജോസ്, ജോണി, ജോര്‍ജ്, സരസ്വതി, ദേവകി, ബേബി, പാപ്പി, ശാന്ത, സീമന്തിനി, മേഴ്‌സി, ഗ്രേസി, കൊച്ചു മോള്‍, ലീല, ഭാര്‍ഗവി, കാളി, ഭാനുമതി അങ്ങിനെ... ഇനി ഓര്‍മയില്‍ ഇല്ല. വഴുതിപ്പോയിരിക്കുന്നു.
ക്ലാസില്‍ നാല്‍പതിലേറെ കുട്ടികള്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് ശേഷം പടച്ചോന്റെ കൃപകൊണ്ട് സഹപാഠികളേയോ അധ്യാപകരെയോ കാണാനുള്ള അവസരം ഉണ്ടായിട്ടില്ല. ആദ്യമായി സ്വന്തമായി ഒരു കയ്യൊപ്പ് സൃഷ്ടിക്കുകയും അത് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിഗത പ്രമാണത്തില്‍ ചാര്‍ത്തുകയും ചെയ്തു. എന്റെ Sഎസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍. അന്ന് ടി.സിയും വാങ്ങി പോരുകയും ചെയ്തു.
എച്ച്.എം ശോശാമ്മ ടീച്ചറാണ് ഒപ്പിട്ടു തന്നത്. നല്ല ഭംഗിയുള്ള ഒപ്പാണ് ടീച്ചറുടേത്. ഉപരിപഠനത്തിന് പോകാനുള്ള ധനശേഷി ആറു പ്രജകളുള്ള രക്ഷിതാക്കള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. അതു കൊണ്ട് ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനമായി. ഭാരതത്തിന്റെ പ്രതിരോധ വിഭാഗത്തില്‍ വ്യോമസേനയില്‍ സേവനം തുടങ്ങുകയായിരുന്നു.
......
അന്നത്തെ ഗ്രൂപ് ഫോട്ടോ ആരെങ്കിലും സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. കണ്ടു പിടിക്കണം. ഫോട്ടോ എടുത്ത ദിവസം ഉത്സവം പോലെയായിരുന്നു. ആ ഇടവും സന്ദര്‍ഭവും ഏതാണ്ട് ഒര്‍മയിലുണ്ട്. വീട്ടില്‍ നിന്ന് കാശ് വാങ്ങി ചായപ്പീടികയില്‍ പോയി ചായയും ഉണ്ടപ്പൊരിയും സുഖിയനും കഴിച്ചാണ് (അത് ഞങ്ങള്‍ കുട്ടിക്കൂട്ടുകാരുടെ ഒരു ആഢംഭരവും ധാരാളിത്തവും ആയിരുന്നു) ക്ലാസിലെ തെരെഞ്ഞെടുത്ത സഹപാഠി കൂട്ടുകാര്‍ ഒരു പരസ്പര വിരുന്നു സല്‍ക്കാരം കഴിഞ്ഞ് പിരിഞ്ഞത്.