Life Story
കഠിനകഡോരമീ അണ്ഡകടാഹം
Life Story

'അണ്ഡകടാഹ'ത്തിലെ ബാപ്പയും എന്റെ ബാപ്പയും

ഫാരിസ് മെഹര്‍
|
30 April 2023 6:11 PM GMT

ഖബറിലേക്ക് അവസാന പിടി മണ്ണിടുമ്പോഴാണ് ഹെല്‍ത്തില്‍ നിന്നും എനിക്ക് കാള്‍ വരുന്നത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈന്‍ പാലിക്കണം.

രണ്ടു വര്‍ഷം മുന്‍പാണ് വാപ്പയും ഉമ്മയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. വാപ്പയെക്കാള്‍ ഉമ്മാക്കായിരുന്നു ബുദ്ധിമുട്ടുകള്‍ കൂടുതല്‍. ഛര്‍ദി കാരണം ക്ഷീണിച്ചവശയായി ഉമ്മ. മക്കള്‍ മൂന്നുപേരും പ്രവാസികളായ കാരണം ഓരോരുത്തരായി നാട്ടിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തയും ജേഷ്ഠനുമായിരുന്നു നാട്ടിലേക്ക് ആദ്യം തിരിച്ചത്.

എന്നാല്‍, അപ്പോഴേക്കും വാപ്പയുടെ സ്ഥിതി മോശമായി. പനി കൂടി ന്യൂമോണിയയായി. വാപ്പയെ ഐ.സി.യുവിലേക്ക് മാറ്റി. വാപ്പാക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. വേണ്ട ചികിത്സ നല്‍കുന്നുണ്ടെന്നും ഭേദമാകുമെന്നും ഡോക്ടര്‍മാര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.

ദിവസവും ഐ.സി.യുവിലേക്ക് ഇക്ക വിളിക്കും, എന്തെങ്കിലുമൊരു നല്ല വാര്‍ത്ത കേള്‍ക്കാന്‍. പക്ഷെ, കാര്യങ്ങള്‍ വീണ്ടും വഷളായി. പ്രതീക്ഷ വേണ്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം.

അടുത്ത ദിവസം ഇക്കയുടെ ഒരു മെസ്സജ് ഫോണില്‍. 'വാപ്പാടെ കാര്യങ്ങള്‍ കുറച്ചു സീരിയസാണ്, നീ വേഗം പോരാന്‍ നോക്കിക്കോ'. മൂന്നുപേരും ഒറ്റയടിക്ക് നാട്ടിലേക്ക് വന്നാല്‍ ചികിത്സാ ചിലവുകള്‍ക്ക് ബുദ്ധിമുട്ട് വന്നേക്കാം എന്നതിനാലായിരുന്നു ഞാന്‍ കുറച്ചു കൂടി പിടിച്ചു നിന്നത്. ഉടനെ ഇക്കയെ വിളിച്ചു. നാട്ടില്‍ 14 ദിവസത്തെ ക്വാറന്റൈനുണ്ട്. അതുകൊണ്ട് വേഗം പോരുന്നതാവും നല്ലതെന്ന് ഇക്കയും പറഞ്ഞു. അന്ന് രാത്രി തന്നെ ഞാന്‍ നാട്ടിലേക്ക് ഫ്‌ളൈറ്റ് കേറി.

നാട്ടില്‍ പക്ഷേ അങ്ങനെ പഴയ കോവിഡിന്റെ ഭീകരാവസ്ഥ ഒന്നും കണ്ടില്ല. ആളുകള്‍ അവരവരുടെ കാര്യങ്ങള്‍ നോക്കി നടക്കുന്നു. മാസ്‌ക് ഇടുന്നവര്‍ തന്നെ കുറവായിരുന്നു. ഞാന്‍ വെറും രണ്ടു ദിവസത്തെ ക്വാറന്റൈന് ശേഷം ടെസ്റ്റ് എടുത്തു പുറത്തിറങ്ങി. പക്ഷേ, ഓരോ ദിവസം കൂടുംതോറും വാപ്പയുടെ അവസ്ഥ മോശമായി കൊണ്ടേയിരുന്നു.


ഞങ്ങള്‍ ദിവസവും കോവിഡ് ഐ.സി.യുവിന് മുന്‍പില്‍ പോയി നില്‍ക്കും. ആദ്യമൊക്കെ വാപ്പാക്ക് മാറ്റാനുള്ള മുണ്ട് ചോദിക്കുമായിരുന്നു. എന്നും പുതിയ മുണ്ടുമായിട്ടാണ് ആശുപത്രിയിലേക്ക് ഞങ്ങള്‍ പോയിരുന്നത്. പിന്നെ ഡോക്ടര്‍മാര്‍ അതിന്റെ ആവശ്യമില്ലെന്നറിയിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ മാത്രമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. എന്നിരുന്നാലും ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ കവറില്‍ ഒരു മുണ്ട് വെറുതെ ഉമ്മയെ കാണിക്കാന്‍ എടുത്തുവെക്കും. ദിവസവും ഐ.സി.യുവിലേക്ക് ഇക്ക വിളിക്കും, എന്തെങ്കിലുമൊരു നല്ല വാര്‍ത്ത കേള്‍ക്കാന്‍. പക്ഷെ, കാര്യങ്ങള്‍ വീണ്ടും വഷളായി. പ്രതീക്ഷ വേണ്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം. മരണാനന്തര ചടങ്ങിനുള്ള പ്രോട്ടോകോളുകള്‍ അന്വേഷിച്ചു വെക്കാനാണവര്‍ ഞങ്ങളോട് നിര്‍ദേശിച്ചത്!

2021 ഫെബ്രുവരി 21, ആകെ മൂടി കെട്ടിയ ഒരു ദിവസമായിരുന്നു. ആശുപത്രിയില്‍ നിന്നു ഇക്കയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നെഞ്ചിടിപ്പോടെ ഞാന്‍ ഇക്കയെ നോക്കി. ഫോണ്‍ എടുത്ത ഇക്ക എന്നെ നോക്കി 'വാപ്പ പോയെടാ' എന്ന് ആംഗ്യം കാണിച്ചു. ഞാന്‍ കരഞ്ഞില്ല. ചുറ്റുമാളുകളാണ്. ഹൃദ്രോഗിയായ മൂത്താപ്പ, അടുത്ത റൂമില്‍ കരഞ്ഞുറങ്ങുന്ന ഉമ്മ. ആരോട് എങ്ങനെ പറയണമെന്നറിയാതെ നെഞ്ചുലഞ്ഞു നിന്നത് ഞാനോര്‍ക്കുന്നു.

കോവിഡ് മരണമായതിനാല്‍ വീട്ടിലേക്കു വാപ്പയെ കൊണ്ട് വരാന്‍ പറ്റില്ല. നേരെ പള്ളിയിലേക്കാണ് കൊണ്ട് പോകേണ്ടത്. അതാണത്രെ പ്രോട്ടോകോള്‍. അളിയന്‍ ആശുപത്രിയിലേക്ക് തിരിച്ചു. അടുത്ത ദിവസം വേണ്ടപ്പെട്ട കുറച്ചു പേര്‍ പള്ളിയിലേക്കെത്തും. ഉമ്മാക്ക് അവസാനമായി വാപ്പയെ കാണണം. ഉമ്മ കരഞ്ഞു തളര്‍ന്നു.

രാവിലെ അടുത്ത കുടുംബാംഗങ്ങളും വാപ്പയുടെ സുഹൃത്തുക്കളും മാത്രം പള്ളിയിലേക്കെത്തി. ഉമ്മയും, ഇത്തയും, ബാബിയും പള്ളിയുടെ ഗേറ്റ് പരിസരത്തു കാത്തു നിന്നു. ഞാനും കുറച്ചു ഐ.ആര്‍.ഡബ്ലിയു പ്രവര്‍ത്തകരും പി.പി ഇ കിറ്റുമിട്ട് വാപ്പയെ കാത്ത് പള്ളിക്കാട്ടിലും.

ഒരു ആംബുലന്‍സ് പള്ളി ഗേറ്റില്‍ വന്നു നിന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഉമ്മക്കും ഇത്തക്കും ബാബിക്കും വാപ്പയെ ഒരു നോട്ടം കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് പ്രോട്ടോകോളിനെക്കാളും വലുത് മനുഷ്യത്വമായിരിന്നിരിക്കണം.

ഇത്ത ബോധം കെട്ട് നിലത്തേക്ക് പതിച്ചു. ഞാന്‍ വേഗം ആംബുലന്‍സിന്റെ അടുത്തേക്കോടി. ഡ്രൈവര്‍ എനിക്ക് വാപ്പയെ വിന്‍ഡോ നീക്കി കാണിച്ചു തന്നു. ഞാന്‍ ഒരു മിനിറ്റോളം വാപ്പയെ നോക്കി നിന്നു. വീര്‍പ്പുമുട്ടിക്കുന്ന പി.പി.ഇ കിറ്റിനുള്ളില്‍ എനിക്ക് ശ്വാസം മുട്ടി. മുഖത്തെ വേസര്‍ മുഴുവന്‍ കണ്ണീരില്‍ കുതിര്‍ന്നു.


മയ്യത്ത്, നിസ്‌ക്കരിക്കാനായി പള്ളി വരാന്തയിലേക്ക് ഇറക്കി വെച്ചു. ഇമാമായി നില്‍ക്കാന്‍ ഞാന്‍ മുന്നോട്ട് നിന്നു. ശബ്ദം ഇടറി കൊണ്ട് ഞാന്‍ ആളുകളോട് വാപ്പയുടെ കടമേറ്റെടുക്കുകയും പൊരുത്തപ്പെടലിനും തേടി. പുറകില്‍ നിന്നും ഇക്കയുടെ ഉച്ചത്തിലുള്ള ഒരു കരച്ചില്‍. എപ്പോഴോ ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നു. എത്ര നേരം ഇങ്ങനെ പൊട്ടാതെ പിടയാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ഖബറുകള്‍ പള്ളി കാട്ടില്‍ പ്രത്യേക സ്ഥലത്താണ് മറമാടേണ്ടത്. അതാണത്രെ പ്രോട്ടോകോള്‍. പത്തടി താഴ്ചയിലേക്ക് വാപ്പയുടെ മയ്യത്തിനെ തുണി കൊണ്ട് കെട്ടിയിറക്കുമ്പോള്‍ ഞാന്‍ അവസാനമായി ഒന്ന് തൊട്ടു. അന്ത്യകര്‍മം ചെയ്യുന്ന ഒരു മകന്റെ പ്രോട്ടോകോള്‍. ഖബറിലേക്ക് അവസാന പിടി മണ്ണിടുമ്പോഴാണ് ഹെല്‍ത്തില്‍ നിന്നും എനിക്ക് കാള്‍ വരുന്നത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈന്‍ പാലിക്കണം. അതാണത്രേ പ്രോട്ടോകോള്‍.

ദിവസങ്ങള്‍ കഴിഞ്ഞു, ആളൊഴിഞ്ഞു, വീടുണര്‍ന്നു. വെറുതെ ഫോണില്‍ എന്തോ നോക്കുമ്പോള്‍ വാപ്പയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. ഞാന്‍ മെസ്സഞ്ചറിലേക്ക് മനസ്സില്ല മനസ്സോടെയൊന്നു നോക്കി. വാപ്പയുടെ ഒരുപാട് മിസ്സ്ഡ് കാളുകള്‍.

ഇന്നലെയാണ് കഠിനകഡോരമീ അണ്ഡകടാഹം കണ്ടത്. തീയേറ്ററിലിരുന്നു എല്ലാ പ്രോട്ടോകോളും തെറ്റിച്ചു കരയാന്‍ മാത്രമേ സാധിച്ചുള്ളൂ. ആ ദിവസങ്ങളില്‍ ഞങ്ങള്‍ അനുഭവിച്ചത് അതേപടി സ്‌ക്രീനില്‍ കാണുകയായിരുന്നല്ലോ. ഇപ്പോഴും വാപ്പ പോയി എന്ന് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. ദൈവത്തിന്റെ പ്രോട്ടോകോള്‍ ആര്‍ക്കും മാറ്റാന്‍ സാധിക്കില്ലലോ....


Similar Posts