2023ലെ താളുകളെ അടയാളപ്പെടുത്തുന്ന ഒരു അദൃശ്യനൂല്‍
|എഴുത്തിലൂടെയും വായനായിലൂടെയും എനിക്കെന്നേയും ചുറ്റുമുള്ളവരേയും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നു. അതിലുപരി, ഈ ലോകത്തെ അറിയുന്നു. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍
ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിത്തന്ന വര്‍ഷമാണ് 2023. ഒരു യുദ്ധം നമ്മെ നിശ്ചലമാക്കിയ വര്‍ഷമാണിത്. ആദ്യം ചേരി തിരിഞ്ഞു ഭാഗം പിടിച്ചിരുന്നവരെല്ലാം പിന്നീട് തിരിച്ചറിഞ്ഞു, തങ്ങള്‍ക്ക് നിയന്ത്രണാധീതമായ ചില കാര്യങ്ങളാണു യുദ്ധത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്. പതിയെ, ലോകം യുദ്ധത്തിന്നു നേരെ കണ്ണും കാതുമടച്ചു.
''In order for me to write poetry that
Ins't political,
I must listen to the birds
And in order to hear the birds
The warplanes must be silent'
-Marwan Makhoul, Palestinian Pote
ലോകത്ത് ശാന്തിയും സമാധാനവുമുണ്ടാകട്ടെ എന്നു ആശിച്ചു പോകുന്നു.
മീഡിയ വണ്‍ ഷെല്‍ഫ് ഖണ്ഡശ പ്രസിദ്ധീകരിച്ച, ബുക് പ്ലസ്സ് പുസ്തമാക്കിയ വീര്‍സാല്‍ എന്ന നോവല്‍ പുറത്തിറങ്ങിയ വര്‍ഷമാണ് എനിക്കു 2023. എന്റെ ആദ്യത്തെ പുസ്തകമാണ് വീര്‍സാല്‍. ഒരു യാത്രയ്ക്കിടയില്‍ രണ്ടു സഹോദരങ്ങള്‍ക്ക് ഒരു കല്ല് കിട്ടിയ ലിയോ ടോള്‍സ്റ്റോയിയുടെ 'Two Brothers' എന്ന കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും. ആ കല്ലിലെന്താണെഴുതിയിരുന്നത്? നിങ്ങള്‍ നേരെ കാടിനുള്ളിലേക്ക് പോകുക. നദി നീന്തിക്കടക്കുക. അമ്മക്കരടിയുടെ പക്കല്‍ നിന്നു മൂന്നു കരടിക്കുഞ്ഞുങ്ങളെയുമെടുത്ത് തിരിഞ്ഞു നോക്കാതെ കുന്നു കയറുക. അവിടെ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താം. ഒരേ സാഹചര്യങ്ങളില്‍ വളര്‍ന്ന ഈ രണ്ടു സഹോദരങ്ങള്‍ ഈ സന്ദേശത്തെ വളരെ വ്യത്യസ്തമായാണ് കണ്ടത്. വേറിട്ട ചിന്തകളുള്ള രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന നോവലാണ് വീര്സാലും. പുസ്തകമെന്നത് ഒരു അടയാളമാണ്. ഓരോ താളുകളും ശ്രദ്ധാപൂര്‍വ്വം ഒരുപാട് തവണ വായിച്ചു ചിട്ടപ്പെടുത്തിവരുമ്പോഴാണ് അതിനെ അണിയിച്ചൊരുക്കാന്‍ ഒരു അവതാരികയും കവര്‍ പേജും കൂടി വേണമെന്ന തിരിച്ചറിവുണ്ടാകുന്നത്. ആമുഖമെഴുതിക്കഴിഞ്ഞപ്പോള് അവതാരികയ്ക്കുള്ള തിരച്ചിലായി. ഇതുവരെ, അക്ഷരങ്ങളുടെ മാസ്മരികതയില്‍ തിളങ്ങിനില്ക്കുകയും അനീതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും ചെയ്തവര്‍ നിര്‍ദ്ദാക്ഷിണ്യം ഫോണ്‍കോള്‍ കട്ട് ചെയ്തപ്പോള്‍ മനസ്സൊന്നു പിടഞ്ഞു. അവര്‍ താത്കാലികമായി ക്യാമറയ്ക്കുമുന്നില്‍ എടുത്തണിയുന്ന വെറുമൊരു ആടയാഭരണമാണോ ഈ എഴുത്തുകാരെന്ന മേലാട? ചിലര്‍ കാര്യമെന്തെന്നു കേള്‍ക്കാനുള്ള സന്മനസ്സ് കാണിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു. ഒടുവില്‍, ദൈവത്തിന്റെ കാരുണ്യത്താല്‍ ആ പുസ്തകത്തിനു ഏറ്റവും മികച്ച ഒരു അവതാരിക തന്നെ കിട്ടി.
പുസ്തകലോകത്ത് ഒരു ശ്രേണിയുണ്ട്. ഇതിനോടകം തന്നെ അംഗീകരിച്ച ഒന്ന്. അതിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് നമ്മുടെ പുസ്തകമെന്നു പിന്നീടാണ് മനസ്സിലായത്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും എല്ലാവരുമൊരു പുസ്തകം പ്രസിദ്ധീകരിക്കണം. നിങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരക്കഷ്ണത്തെ നോക്കി നിന്നിട്ടുണ്ടോ? അതിന്റെ നടുക്ക് നില്‍ക്കുന്നത് പോലെയാണനുഭവം. ഒരു ബിന്ദുവിന് ചുറ്റും കറങ്ങുന്ന വൃത്തങ്ങള്‍. അതില്‍ ചിലത് നമ്മില്‍ നിന്നകലുകയും ചിലത് ബിന്ദുവിലുറച്ചു നില്‍ക്കുകയും ചെയ്യും. അതുവരെ ശ്രുതി പാടി നിന്നവര്‍ വൃത്തത്തിനു പുറത്തു കടക്കുന്നത് നമ്മെ ആദ്യമൊന്നു അമ്പരപ്പിക്കുമെങ്കിലും പിന്നീട് അതാണ് യാഥാര്‍ഥ്യമെന്നത് അംഗീകരിക്കാന്‍ പഠിക്കും.
ജനനിബിഡമായ ഒരു പട്ടണത്തിന് മദ്ധ്യേ നിരവധി സുഹൃത്തുക്കളാലും ബന്ധുക്കളാലും വലയം ചെയ്യപ്പെട്ടിരുന്ന ഒരു ഏകാന്തതയായിരുന്നു അത്. കടലിന്റെ അടിത്തട്ടിലായാലും ഭൂമിക്കടിയിലായാലും ഇത്രയും പരിപൂര്‍ണ്ണമായ ഏകാന്തത മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. (ഐവാന്‍ ഇല്ലിച്ചിന്റെ മരണം ലിയോ ടോള്‍സ്റ്റോയ്) എന്നാല്‍, ഒരു പോലെ ചിന്തിക്കുന്ന ഒരുപിടി സുഹൃത്തുക്കള്‍ എന്നെ അത്ഭുതപ്പെടുത്തി. നമ്മുടെ സന്തോഷത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്ന കുറച്ചാളുകള്‍ ചുറ്റുമുണ്ടെന്ന് മനസ്സിലായിത്തുടങ്ങി.
എഴുതപ്പെട്ട വാചകങ്ങള്‍ മാഞ്ഞുപോകുന്നതിന് മുന്‍പ് അവയ്ക്ക് മുകളിലൂടെ എഴുതുന്നതു പോലെ തനിക്കനുഭവപ്പെടാറുണ്ടെന്ന് നോബല്‍ സമ്മാന ജേതാവായ ജോണ്‍ ഫോസ്സെ തന്റെ മുഖ്യപ്രസംഗത്തില്‍ പറയുകയുണ്ടായി. അത്തരത്തിലുള്ള ചിന്തകള്‍ എഴുത്തുകാരുടെ മനസ്സിലേക്ക് പലപ്പോഴും കടന്നു വരാറുണ്ട്. അങ്ങനെ നോക്കിയാല്‍, എഴുത്തുകാരെയെല്ലാം ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ നൂലുണ്ട്. ചിന്തിക്കുന്നവരുടെ മാത്രം മുന്നിലേയ്ക്ക് വരുന്ന ഒരു മാന്ത്രിക നൂല്.
എഴുത്തിലൂടെയും വായനായിലൂടെയും എനിക്കെന്നേയും ചുറ്റുമുള്ളവരേയും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നു. അതിലുപരി, ഈ ലോകത്തെ അറിയുന്നു. എല്ലാ എഴുത്തുകാരും പറയുന്നത് ഒരു കഥ തന്നെയാണ്. അവര്‍ക്ക് അവരുടേതായ ഒരു വഴി കണ്ടെത്തണമെന്നേയുള്ളൂ; ആശയം വ്യക്തമാകുന്നത് വരെ.
(ജെയിംസ് ബാള്ഡ്വിന്) എനിക്കു പറയേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ കഴിയുന്നത് വരെ ഞാന്‍ അക്ഷരങ്ങളുടെ ക്രമവും നിരയും വരിയും തിരുത്തിക്കൊണ്ടേയിരിക്കുന്നു.
കഥകള്‍ക്കും നോവലുകള്‍ക്കും പുറമേ സിനിമാ നിരൂപണങ്ങളും യാത്രാവിവരണങ്ങളും ലേഖനങ്ങളും കൂടി എഴുതാന്‍ കഴിഞ്ഞു. വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കാലങ്ങളായി മനസ്സില്ക്കൊണ്ട് നടന്ന ഒരു സ്വപ്നത്തിന് ചിറകുകള് മുളയ്ക്കുക കൂടിച്ചെയ്തു. ഡി.സf ബുക്സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തില്‍ എന്റെ ആല് 2.0 എന്ന നോവല്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ഒരു എഴുത്തുകാരിയെന്ന നിലയില്‍ വലിയൊരു അംഗീകാരം തന്നെയാണത്. ആ അദൃശ്യനൂലില്‍ അക്ഷരങ്ങള്‍ കോര്‍ത്ത് കുഞ്ഞ് മാലകളുണ്ടാക്കി ഈ ലോകത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു. എല്ലാവര്ക്കും നന്മകള് നേരുന്നു. പുതുവത്സരാശംസകള്‍.