Life Story
അബുദാബിയില്‍ നിന്നും പാവാടശീലയുടെ വരവും കാത്ത്; പെരുന്നാള്‍ നിറങ്ങള്‍
Life Story

അബുദാബിയില്‍ നിന്നും പാവാടശീലയുടെ വരവും കാത്ത്; പെരുന്നാള്‍ നിറങ്ങള്‍

ഷബാന ബീഗം
|
10 April 2024 5:19 AM GMT

പുതിയ സിനിമകളുടെ പേരുകള്‍ ആയിരുന്നു വളകള്‍ക്ക്. നീലസ്ഫടികത്തില്‍ സുവര്‍ണ്ണ രേഖയുള്ള 'മണിത്താലി'വളയാണ് എനിക്ക് ഇട്ടത്. പെരുന്നാളിനല്ല, അന്നൊന്നും വളയിടുന്നത്. തങ്കമാളു എന്നാണോ വരുന്നത് അന്ന്..! | പെരുന്നാളോര്‍മ

നോമ്പ് ഇരുപതും കഴിഞ്ഞു. ഉപ്പ അബുദാബിയില്‍ നിന്നും കാദര്‍ക്കാന്റെ പക്കല്‍ കൊടുത്തായക്കാമെന്നു പറഞ്ഞ പാവാടശീല ഇനിയും കിട്ടിയില്ല. അനിയന് ഉപ്പ കഴിഞ്ഞ തവണ വന്നപ്പോള്‍ കൊടുന്ന നിക്കറും, കുപ്പായവും ഉണ്ട്. അന്ന് അവനത് വലുപ്പക്കൂടുതലായിരുന്നു. പെരുന്നാള്‍ ആവുമ്പോള്‍ക്കും പാകമാവും എന്നു പറഞ്ഞു എടുത്തു വെച്ചതാണ് ഉമ്മ.

ഇത്താടെ നിക്കാഹ് കഴിഞ്ഞതുകൊണ്ട് അവര്‍ 'തുണീം, കുപ്പായോം'കൊണ്ടു വന്നിരുന്നു. അന്നൊന്നും റെഡിമെയ്ഡ് തുണികള്‍ ഞങ്ങളുടെ നാട്ടില്‍ ആരും വാങ്ങിയിരുന്നില്ല. എല്ലാരും ഗള്‍ഫില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ കൊണ്ട് തരുന്ന തുണികൊണ്ട് തയ്ക്കുകയായിരുന്നു പതിവ്.

നോമ്പ് ഇരുപത്തഞ്ചും ആയി, കാദര്‍ക്ക വന്നില്ല. വളക്കാരി തങ്കമാളുവിനെയും കാണുന്നില്ല. എന്റെ പെരുന്നാള്‍, നിറം കെട്ടുപോവും.. ഞാന്‍ ഉറപ്പിച്ചു.

കാറ്റിന്റെ ശീല്‍ക്കാരം മാത്രമുയര്‍ന്ന ഒരു ഉച്ചക്ക്. തൊടിയില്‍ ചറപറ വീഴുന്ന തേക്കിലകളെയും നോക്കി വെയില്‍ ചാഞ്ഞാല്‍ പറങ്കിമാങ്ങ പെറുക്കാന്‍ പോവായിരുന്നു എന്ന മോഹത്തില്‍ ഞാനും അനിയനും വെറുതെ ഉമ്മറക്കൊലായിലെ തിണ്ണയില്‍ വിഷണ്ണരായി ഇരിക്കുമ്പോള്‍ കേട്ടു.

'വളേയ്..വളേയ്..'

പച്ച പുതച്ച വയലേലകള്‍ക്കിടയിലൂടെ കണ്ടു, വളപ്പെട്ടിയും തലയില്‍ ചുമന്ന് തങ്കമാളു..!

തങ്കമാളുവിന്റെ ചുവന്ന സാരി കാറ്റിലുയര്‍ന്നു പറന്നു എന്റെ സ്വപനങ്ങള്‍ക്ക് അരുണാഭ നല്‍കി.

പായല്‍പിടിച്ച ഒതുക്കുകള്‍ കയറി വന്ന് അവള്‍ കിതച്ചു. വന്ന ഉടനെയൊന്നും അവള്‍ പെട്ടി തുറക്കില്ല. ഉമ്മാനോട് കുറെ നാട്ടുവര്‍ത്തമാനം പറയും. ഞാനും അനിയനും പെട്ടിക്ക് ചുറ്റും ഉപഗ്രഹങ്ങളായി കറങ്ങി.

അനിയന് മഞ്ഞയോ പച്ചയോ നിറമുള്ള കളി വാച്ച് വാങ്ങും. (തങ്കമാളു പോവും മുന്നേ തന്നെ അവന്‍ അതിന്റെ പരിപ്പെടുക്കും.)

പുതിയ സിനിമകളുടെ പേരുകള്‍ ആയിരുന്നു വളകള്‍ക്ക്. നീലസ്ഫടികത്തില്‍ സുവര്‍ണ്ണ രേഖയുള്ള 'മണിത്താലി'വളയാണ് എനിക്ക് ഇട്ടത്. പെരുന്നാളിനല്ല, അന്നൊന്നും വളയിടുന്നത്. തങ്കമാളു എന്നാണോ വരുന്നത് അന്ന്..! കൈ ഞെക്കി ഞെക്കി ഒരു ഡസന്‍ വളകള്‍ എന്റെ കയ്യിലിട്ടു. കുഞ്ഞു കൈകള്‍ ചുവന്നു. നീലവളകള്‍ കുടുങ്ങിക്കിടന്നു, നല്ല ശേല്.

അബുദാബിയില്‍ നിന്നും പാവാടശീല എത്താത്ത കാര്യം ഞാന്‍ മറന്നേ പോയി. പെരുന്നാള്‍ തലേന്ന് ആയി. പടിക്കലെക്കുളത്തിനുമപ്പുറത്തുള്ള തൊടിയില്‍ മൈലാഞ്ചിച്ചെടികള്‍ കൂട്ടംകൂട്ടമായുണ്ട്. ഞാനും, മൂന്നാലു കൂട്ടുകാരും കൂടിയാണ് പോയത്. കൊട്ട നിറയെ മൈലാഞ്ചി ഊരി.

അവസാന നോമ്പ് ആണ്. അബുദാബിയിലെ പാവാടത്തുണി ഇനിയും എത്തിയില്ല. എന്നാലും നീലവളയും, മൈലാഞ്ചി ച്ചോപ്പുമായി പെരുന്നാള്‍ ഉഷാറാക്കാം. മഗ്രിബ് ബാങ്ക് കൊടുക്കാറായി. മാനത്തു ശവ്വാലമ്പിളി പൊങ്ങാറായി. കാക്കകള്‍ കൂടണയുന്ന തിരക്കില്‍. കാറ്റടിച്ചു, നല്ല മഴക്കാര്‍ ഉണ്ട്.

ഇടി മുരണ്ടു..!

ഞങ്ങള്‍ ഓടി.

പെട്ടെന്ന്. പടിക്കലെ കുളത്തിലെ കല്ലില്‍ തട്ടി ഞാന്‍ തെറിച്ചു വീണു. കയ്യ് കല്ലില്‍ അടിച്ച് എന്റെ മുഴുവന്‍ വളകളും പൊട്ടിപ്പോയി. മൈലാഞ്ചിയിലകള്‍ പുല്ലില്‍ ചിതറി. ചോരയൊലിച്ച കയ്യുമായി വീട്ടിലെത്തി. ഉമ്മ ആകെ ബേജാറായി. മുറിവില്‍ മരുന്ന് വെച്ചു.

കൂട്ടുകാരികള്‍ അവരുടെ മൈലാഞ്ചിയില്‍ നിന്നും ഒരു പങ്ക് എനിക്കും തന്നു. വല്ലിത്ത അമ്മിയില്‍ മൈലാഞ്ചി അരച്ചു.

'ന്റെ കുട്ടിന്റെ പെരുന്നാള്‍...'

ഉമ്മ സങ്കടപ്പെട്ടു.

ചെറു ചൂടുള്ള ചക്ക വളഞ്ഞികൊണ്ട് വല്ലിത്ത കൈവെള്ളയില്‍ നക്ഷത്രങ്ങളും, അമ്പിളിമാമനേയും വരച്ചു.

ഞാന്‍ അപ്പോഴും എന്തിനോ കരഞ്ഞു കൊണ്ടിരുന്നു. അരച്ചുവെച്ച തണുത്ത മൈലാഞ്ചി, വല്ലിത്ത കൈവെള്ളയില്‍ വാരിപ്പൊത്തി. നല്ല സുഖം.

നിറംകെട്ട പെരുന്നാളിനെ വരവേല്‍ക്കാന്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. കൈയിലെ മൈലാഞ്ചി ചിന്താതിരിക്കാന്‍ കവര്‍വെച്ചു കെട്ടിയിരുന്നു. ജാലകത്തിലൂടെ നേരിയ നിലാവ്. ഏതൊക്കെയോ പാതിരാപ്പൂക്കളുടെ മണവുമായി കാറ്റു വീശി. കുന്നിന്‍ മോളില്‍ നിന്നും കുറ്റിച്ചൂളാന്റെ കൂവല്‍. എന്റെ ചെന്നിയിലൂടൊഴുകിയ കണ്ണീരില്‍ ഇത്താന്റെ വെള്ളപ്പുള്ളിപ്പാവാട കൊണ്ടു തുന്നിയ തലയണ നനഞ്ഞു. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു.

'നാളെ ആ കാദറിന്റെ വീട്ടില്‍ പോയി നോക്കാം ട്ടൊ.

ന്റെ കുട്ടിന്റെ പാവാടശീല കയ്യോടെ വാങ്ങിപ്പോരണം, ഹല്ല പിന്നെ..'

ഉമ്മാന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുന്നിന്‍ മോളില്‍ നിന്നും ഒരു മഴ അരിച്ചരിച്ചു വന്നു വീടിനെ തണുപ്പില്‍ പൊതിഞ്ഞു. ഞാന്‍ ഉറങ്ങും വരെ ഇടക്കിടെ തേങ്ങിക്കൊണ്ടിരുന്നു..

ഉപ്പ നാട്ടിലാവുമ്പോള്‍ തയ്യല്‍ക്കാരന്‍ മൊയ്ദുട്ടിക്കാനെ വീട്ടില്‍ വരുത്തിയാണ് പെരുന്നാള്‍ ഉടുപ്പുകള്‍ തയ്ച്ചിരുന്നത്. പാവാടയും, ജംബറും, ഉടുപ്പുകളും ഞങ്ങളുടെ കണ്‍മുന്നില്‍ വിടര്‍ന്നു വിരിഞ്ഞു...!

ഇപ്പോള്‍ അങ്ങാടിയില്‍ അയാളുടെ കടയില്‍ കൊണ്ടുകൊടുക്കണം. നാളെ കൊണ്ടു കൊടുത്താല്‍ തയ്ച്ചു കിട്ടില്ലെന്ന് എനിക്കും, ഉമ്മാക്കും അറിയാം. മൊയ്ദുട്ടിക്കാക്ക് പെരുന്നാള്‍ തിരക്കാവും. പക്ഷെ, രണ്ടാള്‍ക്കും അത് പറയാന്‍ ത്രാണി ഇല്ലായിരുന്നു. സങ്കടം എന്റെ തൊണ്ടയില്‍ ഒരു കരിങ്കല്ലുപോലെ ഇരുന്നു.

വളപൊട്ടിയ മുറിവില്‍ ഉമ്മ തലോടി.

പുറത്ത് കാറ്റു ചീറി. തകരത്തില്‍ മഴ വീഴുന്നത് കേട്ട് ഞാന്‍ ഉറങ്ങി. രാവിലെ ചെഞ്ചായം പൂശിയ കൈകളോടെ ഞാന്‍ ഉണര്‍ന്നു. കടും ചുവപ്പില്‍ വെളുത്ത ചന്ദ്രനും, താരാഗണങ്ങളും! അതിനും മുകളില്‍ ചുവന്ന മുറിവുകള്‍..!

വീടിനു മുന്നിലെ മഴപെയതു നനവാര്‍ന്ന മുറ്റത്ത് ഒരു സൈക്കിള്‍ വന്നുനിന്നു. വന്ന ആള്‍ ഒരു പൊതി ഉമ്മാനെ ഏല്‍പിച്ചു.

'ഹാജിയാര്‍ അബുദാബി യില്‌നിന്നും കൊടുത്തയച്ചതാ..'

എന്റെ ഉള്ളില്‍ ഇശലുകള്‍ ഉണര്‍ന്നു.

'തമ്പുരാനേ.. ന്റെ പാവാടശ്ശീല!'

ഞാന്‍ തുള്ളിച്ചാടി.

പക്ഷെ, തയ്ച്ചുകിട്ടില്ലല്ലൊ.

മൊയ്ദുട്ടിക്കക്ക് പെരുന്നാള്‍ തിരക്കാവും. പിന്നെയും സങ്കടമായി..

വന്നയാള്‍ സൈക്കിള്‍ തിരിച്ചു ചവിട്ടിപ്പോയി.

കവര്‍ തുറന്നു. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. അതില്‍ പായല്‍പച്ച നിറത്തില്‍ ഉള്ള ഒരു ജോഡി സല്‍വാര്‍കമീസ്! ഞാന്‍ സന്തോഷം കൊണ്ട് ആറാടി. പള്ളിയില്‍ നിന്നുയര്‍ന്ന തക്ബീര്‍ ഞാന്‍ ഉറക്കെ ചൊല്ലി...'അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്..'

രാമന്‍കുട്ടിയുടെ കൂടെ സൈക്കിളില്‍ കരിങ്കല്ലത്താണിയില്‍ പോയി പച്ച നിറത്തിലുള്ള വളകള്‍ വാങ്ങിച്ചു.

വട്ടം കുറച്ച് അധികമായിരുന്നു. എന്നാലും കൈകളില്‍ അവ പെരുന്നാളിന്റെ കിലുകിലാരവം മുഴക്കി..!

മങ്ങിപ്പോവുമായിരുന്ന എന്റെ പെരുന്നാള്‍ ഹരിതാഭമായ സല്‍വര്‍കമീസും, വളകളുമായി,

റങ്കണിഞ്ഞു..


Similar Posts