ശവ്വാല്‍ പിറയുടെ പെരുന്നാള്‍ മൊഞ്ച്
|ശവ്വാല്‍ മാസപ്പിറവി മാനത്തു തെളിഞ്ഞ് പെരുന്നാള്‍ ഉറപ്പിച്ചാല്‍ അടുത്ത വീടുകളിലെ സമപ്രായക്കാരും കുട്ടികളും ബഹളമുണ്ടാക്കി ഓടിക്കളിക്കും. നോമ്പിന്റെ അവസാന നാളുകളില്‍, മൈലാഞ്ചി ഇല പറിക്കാന്‍ കൂട്ടം കൂട്ടമായി കുട്ടികള്‍ മൈലാഞ്ചിചെടിയുള്ള വീടു വീടാന്തരം നടക്കും. | പെരുന്നാളോര്‍മ
ഓരോ വിശ്വാസിയും പാപങ്ങളില്‍ നിന്നെല്ലാം തൗബ* ചെയ്ത് പുനര്‍ജന്മമായി പുതുക്കി എടുക്കുന്ന ആത്മ സമര്‍പ്പണത്തിന്റെ റമദാന് വിരാമമായിരിക്കുന്നു. കടുത്ത ചൂടും തൊണ്ട വറ്റിയ ദാഹവും കൊണ്ട് ശരീരം തളരുമ്പോഴും, വിശ്വാസത്തിന്റെ ഊര്‍ജ്ജത്തില്‍ ആവോളം ഹൃദയം ഉണര്വാക്കുന്ന നോമ്പിന്റെ കഠിന നാളുകള്‍.
മഗ്രിബ് ബാങ്കൊലി കേട്ട് നോമ്പ് തുറക്കുന്ന നേരത്ത് തിടുക്കത്തില്‍ കാരക്ക വായില്‍ വെക്കുമ്പോള്‍ മനസ്സില്‍ വേദനയോടെഅവശേഷിച്ചത് ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങളാണ്. നമുക്കിടയില്‍ തന്നെ എല്ലാം ഉണ്ടായിട്ടും കൂടെ ആരും സഹായത്തിനില്ലാതെ ഒറ്റപ്പെട്ട് പോകുന്നവരുടെ നിസഹായതകളെയാണ്. ഓരോ നോമ്പും ഇല്ലായ്മകളുടെ അവകാശങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വം പങ്കുവെക്കേണ്ടുന്ന സക്കാത്ത് എന്ന നന്മയുടെഓര്മപ്പെടുത്തല് കൂടിയാണ്.
പുണ്യങ്ങള്‍ പൂക്കുന്ന ഇരുപത്തേഴാം രാവിന്റെ അനുഗ്രഹങ്ങളുടെ ആത്മനിര്‍വൃതിയില്‍, ഭക്തിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ദിക്ക്റുകളും ദുആകളുമായി റമദാനിന്റെ രാപ്പകലുകള്‍ വിടപറഞ്ഞു. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞെന്ന് കേട്ടതോടെ ചുറ്റിലും തക്ബീര്‍ ധ്വനികളുയര്‍ന്നു. ആഹ്ലാദത്തില്‍ പ്രിയപ്പെട്ടവരിലെല്ലാംപെരുന്നാള് മൊഞ്ചിന്റെ നിറപുഞ്ചിരി. പെരുന്നാള്‍ രാവിന്, അതുവരെ പകര്‍ന്നു കിട്ടിയിട്ടില്ലാത്ത ഒരു പുത്തന്‍ നിറമായിരുന്നു. വെളിച്ചമാവും ആവേശമായിരുന്നു.
മൈലാഞ്ചിയുടെയും ചക്ക വിളഞ്ഞി ചൂടാക്കുമ്പോഴും ഉണ്ടാകുന്ന അനിര്‍വചനീയമായ ഒരു മണമുണ്ട്. ആ മണവും ഹരമായി ആസ്വദിച്ച്, ചെറു തീയില്‍ വിളഞ്ഞി ഉരുക്കി ചൂടാക്കി ഈര്‍ക്കില്‍ കൊണ്ട് കൈകളില്‍ വരയ്ക്കുമ്പോള്‍ ചൂട് അറിയാതിരിക്കാന്‍ മെല്ലെ ഊതി ഊതിതണുപ്പിച്ച്, വരച്ചുതീര്‍ത്ത ഡിസൈനിനു മുകളിലൂടെ അരച്ചുവെച്ച മൈലാഞ്ചിനല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കും.
ജീവിതം തന്ന നിരാശകളില്‍ നിന്നും അതിജീവിക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാല്‍ ഇഷ്ടങ്ങളും സൗകര്യങ്ങളും ആഗ്രഹങ്ങളും ആശിച്ചതിനേക്കാള്‍ സാധ്യമായി കിട്ടിയിട്ടുണ്ട്. ഇപ്പോഴും പെരുന്നാള്‍ എന്നാല്‍ എല്ലാവരുമായും ഒത്തുകൂടാന്‍ കഴിയുന്ന സന്തോഷത്തിന് പൂത്തിരിയുടെ ആവേശങ്ങളിലേക്കാണ്.
പെരുന്നാളിന്റെ പൊലിവുകള്‍ ഏറെയും ഉണ്ടായിരുന്നത് ശരിക്കും കുട്ടിക്കാലത്തായിരുന്നു. നോമ്പിന്റെ മാഹാത്മ്യം കൂടുതലായി അറിയില്ലെങ്കിലും എല്ലാവരോടും പറയാന്‍ ഇടയ്ക്ക് എണ്ണം പിടിച്ച് നോല്‍ക്കുന്ന നോമ്പ് കാലം കഴിഞ്ഞ്, ദിവസങ്ങളെണ്ണി കാത്തു കാത്ത് വന്നെത്തുന്ന ആഘോഷ നാള്. അന്നൊക്കെ പെരുന്നാള്‍ വര്‍ഷത്തിലൊരിക്കലായിരുന്നു.
ശവ്വാല്‍ മാസപ്പിറവി മാനത്തു തെളിഞ്ഞ് പെരുന്നാള്‍ ഉറപ്പിച്ചാല്‍ അടുത്ത വീടുകളിലെ സമപ്രായക്കാരും കുട്ടികളും ബഹളമുണ്ടാക്കി ഓടിക്കളിക്കും. നോമ്പിന്റെ അവസാന നാളുകളില്‍, മൈലാഞ്ചി ഇല പറിക്കാന്‍ കൂട്ടം കൂട്ടമായി കുട്ടികള്‍ മൈലാഞ്ചിചെടിയുള്ള വീടു വീടാന്തരം നടക്കും. മാസപ്പിറ കണ്ട ശേഷമാണ് മുതിര്‍ന്നവര്‍ ആരെങ്കിലും മൈലാഞ്ചിയില അമ്മിയില്‍ അരച്ചെടുക്കുന്നത്. ഒരു പാത്രം നിറയെ അരച്ച മൈലാഞ്ചിയുമായി അയല്പക്കത്തെ കുട്ടികളും എന്റെ അടുത്തെത്തും. ഒപ്പമിരുന്ന് മൈലാഞ്ചി ഇടാന്‍. ഓരോരുത്തരുടെയും കൈകളില്‍ വളരെ ശ്രദ്ധയോടെ വിളഞ്ഞീന്‍ (ചക്കപ്പശ ചൂടാക്കിയത്) ചെറുചൂടോടെ ഈര്‍ക്കില്‍ കൊണ്ട് പൂക്കളും വള്ളികളും വരച്ചുകൊടുക്കുമ്പോള്‍ കൂടെയുള്ളവര്‍ ഓരോരുത്തരും ഊഴം കാത്ത് എത്രനേരം വേണമെങ്കിലും അക്ഷമരായ് നില്ക്കും. മൈലാഞ്ചിയുടെയും ചക്ക വിളഞ്ഞി ചൂടാക്കുമ്പോഴും ഉണ്ടാകുന്ന അനിര്‍വചനീയമായ ഒരു മണമുണ്ട്. ആ മണവും ഹരമായി ആസ്വദിച്ച്, ചെറു തീയില്‍ വിളഞ്ഞി ഉരുക്കി ചൂടാക്കി ഈര്‍ക്കില്‍ കൊണ്ട് കൈകളില്‍ വരയ്ക്കുമ്പോള്‍ ചൂട് അറിയാതിരിക്കാന്‍ മെല്ലെ ഊതി ഊതിതണുപ്പിച്ച്, വരച്ചുതീര്‍ത്ത ഡിസൈനിനു മുകളിലൂടെ അരച്ചുവെച്ച മൈലാഞ്ചിനല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കും. അതിനു ശേഷം കൈയിനൊത്ത ചെറിയൊരു പ്ലാസ്റ്റിക്ക് കവറില്‍ മൈലാഞ്ചിയിട്ട കൈകള്‍ മൂടി ചാക്കുനൂല് മെല്ലെ ചുറ്റി കെട്ടും. (കൈകളില്‍ തേച്ച് പിടിപ്പിച്ച മൈലാഞ്ചി ഉറങ്ങുമ്പോള്‍ പടരാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്) പാതിരാത്രിയുടെ പകുതി സമയം കഴിഞ്ഞിട്ടാകും അടുക്കള പണികള്‍ ഒതുക്കി വെച്ച് ഉമ്മ വരുന്നത്. ഉമ്മയുടെ സ്ഥിരം ചിത്രമായ ഒരു ചന്ദ്രക്കലയും ചുറ്റും നക്ഷത്രം പോലെ കുഞ്ഞി കുത്തുകളും ഇട്ട് ഉമ്മയുടെ ഉള്ളംകയ്യില്‍ മുഴുവന്‍ മൈലാഞ്ചി നിറച്ച് പൊതിഞ്ഞു കൊടുക്കും. ഏറ്റവും ഒടുവിലായിരിക്കും എന്റെ കൈകളില്‍ മൈലാഞ്ചി ഇടുന്നത്. അതിന് ശേഷമാണ് ഉറങ്ങാന്‍ കിടക്കുക.
കയ്യില്‍ മൈലാഞ്ചി ഇട്ട് കിടക്കുന്നത് കൊണ്ട് നേരം വെളുക്കുവോളം ഉറക്കം ശരിയാവാതെ പെരുന്നാളിന്റെ സന്തോഷം മനസ്സില്‍ നിറച്ച് തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ച പെരുന്നാള്‍ രാവുകള്‍.ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ സുബ്ഹി ബാങ്കിന് മുമ്പ് തുടങ്ങുന്ന തക്ബീര്‍ ദിക്റുകള്‍ക്കൊപ്പം ഏറ്റ് ചൊല്ലുമ്പോള്‍ അടുക്കളയില്‍ നിന്നു പാത്രങ്ങളുടെകൂട്ടിമുട്ടലുകള് കേള്‍ക്കാം. ഉമ്മ എപ്പോഴേ എഴുന്നേറ്റിട്ടുണ്ടാകും. ഉപ്പയും അനിയനും പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയില്പോകുമ്പോഴേക്കും നേരത്തെയെഴുന്നേറ്റ് ഭക്ഷണമൊരുക്കാനുള്ള ഉമ്മാന്റെ പണിത്തിരക്ക്. എത്ര എടുത്താലും തീരാത്ത അടുക്കളയില്‍ പെരുന്നാളിന് വീട്ടില്‍ വരുന്ന കുറെ പേര്‍ക്ക് കൂടിയുള്ള ഭക്ഷണം ഒരുക്കി വെക്കുന്ന തിരക്കാണ് ഉമ്മാക്ക്.
പെരുന്നാളിന് പുലര്‍ച്ചെ എഴുന്നേറ്റാല്‍ തേങ്ങാപ്പാലില്‍ മഞ്ഞളിട്ട് വേവിച്ച വെളിച്ചെണ്ണ തേച്ച് ഞങ്ങള്‍ നാല് പേരെയും കുളിപ്പിച്ചിരുന്നത് ഉപ്പയായിരുന്നു. മഞ്ഞളിട്ട എണ്ണ മേലാകെ തേച്ച് പിടിപ്പിച്ച് കുറെ നേരം നിര്‍ത്തും. പിന്നെ ഒരു ചകിരിച്ചണ്ടി കൊണ്ട് തേച്ചു ഉരച്ചുള്ള കുളിപ്പിക്കലാണ്. ഉപ്പയുടെ ശക്തിയെല്ലാം എടുത്ത് ഞങ്ങളുടെ മേലുള്ള ചളി പോകാന്‍ ചകിരിച്ചണ്ടി കൊണ്ട് ഉരക്കുന്ന വേദനയിലും നീറ്റലിലും നിശബ്ദമായി കരഞ്ഞ് കൊണ്ടാണ് ഞങ്ങളുടെ പെരുന്നാള്‍ കുളി. കുളി കഴിയുമ്പോള്‍ മഞ്ഞളിന്റെസ്വര്ണ്ണനിറവും തേച്ച് ഉരച്ച് ചെളി പോയതിന്റെ തെളിച്ചവും ഞങ്ങളില്‍ നാല് പേര്‍ക്കും ഉണ്ടാകാറുണ്ട്.
ഉപ്പ തരുന്ന പെരുന്നാള്‍ പൈസയാണ് മറ്റൊരു വലിയ സന്തോഷം. കുളി കഴിഞ്ഞ് പുതിയ കുപ്പായമിട്ടൊരുങ്ങി, മുല്ലപ്പൂ മണമുള്ള അത്തറ് തേച്ച്, ഞങ്ങള്‍ അതിനായി കാത്തിരിക്കും. ഇരുപത്തിയേഴാം രാവിലും പെരുന്നാള്‍ ദിനങ്ങളിലുമാണ് ഉപ്പ ഞങ്ങള്‍ക്ക് പിടക്കുന്ന പുത്തന്‍ കാശ് തരുന്നത്. അത് അടുത്ത കൊല്ലം പെരുന്നാള്‍ വരെയും ഉപയോഗിക്കരുത് എന്ന കര്‍ശന നിയന്ത്രണത്തില്‍, കിട്ടിയ കാശ് ചിലവാക്കാന്‍ പേടിച്ച് കാലങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നു.
അടുത്ത വീട്ടിലെ കൂട്ടുകാര്‍ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട്ആദ്യമെത്തിയിരുന്നത് എന്റെ അടുത്തേയ്ക്കായിരുന്നു. എന്റെ അഭിപ്രായമറിയാന്‍! തലേന്ന് ഒരുമിച്ചാണ് മൈലാഞ്ചി ഇട്ടിരുന്നതായിരുന്നെങ്കിലും, കൂടുതല്‍ ചുമന്നത് ഏത് കൈകളാണ്. അതില്‍ ആരുടെ കൈകളിലെ ഡിസൈനുകളാണ് ഏറെ രസം. പുത്തനുടുപ്പ് ഭംഗിയുളളത് ആരുടേതാണ്. ആകാംക്ഷ മുറ്റിയ നിഷ്കളങ്ക നോട്ടങ്ങളെ നിരുത്സാഹപ്പെടുത്താതെ അവരെയെല്ലാം ഇഷ്ടത്തോടെ അഭിനന്ദിക്കുമ്പോള്‍ അവരുടെ കുഞ്ഞ് മുഖങ്ങളില്‍ തെളിയുന്ന സംതൃപ്തി നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഓടിപ്പോയിരുന്ന ചിത്രം മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
പല വിധ അത്തറിന്റെയും സുഗന്ധമാണ് പെരുന്നാളിന്. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഉപ്പയും അനിയനും വീട്ടിലെത്തുമ്പോഴേക്കും മേശപ്പുറത്ത് ആവി പറക്കുന്ന ചൂടോടെ നെയ്ചോറും പായസവും നിരന്നിട്ടുണ്ടാകും. വര്‍ഷത്തില്‍ പെരുന്നാളിന് മാത്രം എടുക്കുന്ന പുത്തനുടുപ്പിന്റെ വര്ണ്ണവൈവിധ്യങ്ങളില് എല്ലാവരും ഒന്നിച്ച് വട്ടം കൂടിയിരുന്ന് മൈലാഞ്ചി ചോപ്പിന്റെ മണം നിറഞ്ഞ കൈകള്‍ കൊണ്ട് നെയ്ച്ചോറും കോഴിക്കറിയും കൂട്ടിക്കഴിക്കുന്ന ഗൃഹാതുരത്വം. സേമിയാ പായസത്തിന്റെ മധുരിമയില്‍ അയല്പക്ക വീടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും കുട്ടികളും കൂട്ടുകാരും ബന്ധുക്കളും അന്നത്തെ അടുപ്പം പോലെ ബന്ധം മുറിയാതെ പെരുന്നാള്‍ വിശേഷങ്ങളുടെ കലപിലകള്‍ കൂടി ഊഷ്മളമായി ഇപ്പോഴും കൂടാറുണ്ട്.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഒറ്റയും കൂട്ടവുമായി സന്ദര്‍ശകരാല്‍ സമ്പന്നമായി ഏറെ ആഘോഷമാക്കുന്ന നാളുകളാണ് പെരുന്നാള്‍ ദിനങ്ങള്‍. സൗഹൃദങ്ങളും ബന്ധങ്ങളും എന്നേക്കുമുള്ള സ്നേഹത്തിന്റെ അടയാളങ്ങളായി ഇത്ര കാലം വരെയും ഓര്‍മയില്‍ മങ്ങാതെ അവശേഷിപ്പിക്കുന്ന പൊലിമയും പ്രാധാന്യവുമുണ്ട്.
ഓരോ ദിനങ്ങളിലും മറ്റുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തത തേടി പുതുമകള്‍ക്കു പിന്നാലെ തിരക്കിട്ടോടുന്ന ഇപ്പോഴത്തെ ആര്‍ഭാടങ്ങള്‍ അന്നത്തെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല.
2020ലെ കൊറോണ കാലത്തെ നോമ്പും പെരുന്നാളും ഏറെ വ്യത്യസ്തയായിരുന്നു. പുറത്ത് ഇറങ്ങാന്‍ കഴിയാതെ എല്ലാവരില്‍ നിന്നും അകന്നു നില്ക്കുന്ന അവസ്ഥയില്‍ വീട്ടില്‍ ഒന്നിച്ചു നോമ്പ് തുറക്കാനും, ഒന്നിച്ച് തന്നെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാനും കഴിഞ്ഞു. പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്കിയ ഉപ്പയോടൊപ്പം വീട്ടില്‍ വലിയവരും കുട്ടികളും ഒരുമിച്ച് പങ്കെടുത്തു. ആദ്യമായി അങ്ങനെ ഒരു അവസരമുണ്ടായതാണ് മറക്കാനാവാത്ത മറ്റൊരു പെരുന്നാള്‍ ഓര്‍മകള്‍.
എന്നവസാനിക്കുമന്ന് അറിയാതെ പോകുന്ന ആയുസ്സില്‍, ആരെയും വേദനിപ്പിക്കാതെയും വെറുപ്പിക്കാതെയും സന്തോഷത്തിലും സമാധാനത്തിലും പ്രിയപ്പെട്ടവരോടൊപ്പം നിറഞ്ഞ് നില്‍ക്കണം. അമിത ആവേശങ്ങള്‍ അതിരു വിടാതെ ഓരോ നിമിഷങ്ങളിലും ഇഷ്ഖിനാല്‍ തീര്‍ക്കുന്ന ഇഴയടുപ്പത്തില്‍,
കൊണ്ടും കൊടുത്തും ബന്ധങ്ങളെ ചേര്‍ത്ത് വെക്കാനും, അത് എന്നന്നേക്കും ഊട്ടിയുറപ്പിക്കാനും കഴിയണം എന്നാണ് പ്രാര്‍ഥന. മുന്‍വിധി ഇല്ലാതെ ചേര്‍ത്ത് വെക്കുന്ന ബന്ധങ്ങളാണ് ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രാപ്തയാക്കുന്നത്. ശവ്വാല്‍ പിറയുടെ ആനന്ദവും ആഹ്ലാദവും നിറയുന്ന വേളയില്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞചെറിയ പെരുന്നാള്‍ ആശംസകള്‍.
* തൗബ: പാപമോചന പ്രാര്‍ഥന