ഓര്‍മകളില്‍ കിലുങ്ങുന്ന മുട്ടുറുപ്പികകള്‍
|അന്നൊന്നും പള്ളിയില്‍ പോവുന്ന പതിവില്ല. ഉമ്മച്ചിക്കൊപ്പം വീട്ടില്‍ നിന്ന് പെരുന്നാള്‍ നിസ്കാരം. ഞങ്ങള്‍ കോടി ഉടുത്ത് അണിഞ്ഞൊരുങ്ങോമ്പോഴേക്കും വലിയ ചെമ്പില്‍ ചെറുപയര്‍ പരിപ്പ് പായസം റെഡി ആയിട്ടുണ്ടാകും. പിന്നീട് ചുട്ട് വെച്ച അപ്പങ്ങളും പായസവും അയല്‍വീടുകളില്‍ എത്തിക്കുന്ന ഡ്യൂട്ടി ഞങ്ങള്‍ക്കാണ്. | പെരുന്നാളോര്‍മ
നഷ്ടപ്പെടുന്നത് കാലണ ആണെങ്കിലും തിരിച്ചു കിട്ടും വരെ നമ്മള് അത് തേടി തേടി നടക്കും. തേടി ചെന്നാലും കിട്ടാതെ പോകുന്നവയെ ഓര്‍മകള്‍ കൊണ്ട് നട്ട് നനച്ചു പച്ച പിടിപ്പിക്കും. കുട്ടിക്കാലം ഓരോരുത്തര്‍ക്കും അത്രമേല്‍ ഹൃദ്യവും വൈകാരികവുമാകുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ടായിരിക്കണം.
കുട്ടിക്കാലത്ത് നോമ്പ് ഇരുപത് കഴിഞ്ഞാല്‍ ആകെ ഒരു പരവേശമാണ്. അതുവരെ പെരുന്നാള്‍ കോടി എടുത്തിട്ടുണ്ടാവില്ല. ഇനി എട്ടോ ഒമ്പതോ ദിവസമേ ബാക്കി കാണൂ. അപ്പോഴേക്കും അയല്‍വീട്ടിലും കുടുംബ വീടുകളിലും എത്തിയ പെരുന്നാള്‍ കോടികള്‍ കണ്ട് മനസ്സ് കുളിര്‍ത്ത് കൂട്ടിയും ഗുണിച്ചും എന്റെ കോടി ഉടുപ്പ് സ്വപ്നം കണ്ട് ഞാന്‍ നടക്കും. രാമനാട്ടുകര കുഞ്ഞക്കന്‍ ചെട്ടിയാരുടെ കടയില്‍ നിന്നോ മാക്ക് ഇല് നിന്നോ ആയിരിക്കും ഞങ്ങള്‍ക്ക് വസ്ത്രം എടുക്കുന്നത്. ചേരുന്ന വളകളും മാലയും ആശ ഫാന്‍സിയില്‍ നിന്നും തരപ്പെടുത്തും.
ഇരുപത്തി ഒമ്പതിന് നോമ്പ് തുറന്നാല്‍ പിന്നെ ആകാശവാണിയില്‍ നിന്ന് അറിയിപ്പ് കിട്ടും വരെ കാത്തിരിക്കും. ഇടക്ക് അയല്‍വക്കത്തേക്കൊക്കെ വിളിച്ചു ചോദിക്കും മാസം കണ്ടോ എന്ന്. ചീരാകഞ്ഞിയും അത്താഴച്ചോറും വെക്കണമെങ്കില്‍ മാസം കണ്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഗള്‍ഫില്‍ പെരുന്നാള്‍ ഉറപ്പിച്ചെന്ന് അറിയിപ്പ് വരും. ഒരുപാട് വൈകിയാവും മിക്കവാറും മാസം കണ്ട വിവരം അറിയുക. മാളിലെ കുഞ്ഞാപ്പുകാക്ക ഞങ്ങള്‍ നാലഞ്ച് വീട്ടിലേക്കുള്ള പോത്തിറച്ചി വാങ്ങാന്‍ സഞ്ചിയും പണവും വാങ്ങി തുണി മടക്കി കുത്തി അപ്പോഴേ പേങ്ങാട്ടേക്ക് പോയിട്ടുണ്ടാകും. അറവും വാരലും കഴിഞ്ഞു ഇറച്ചി തൂക്കി കിട്ടുമ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിയും.
ഞങ്ങള്‍ കുട്ടികള്‍ അപ്പോഴേക്കും മൈലാഞ്ചി ഇടാനുള്ള ഒരുക്കത്തിലാകും. മറിയാത്തന്റെ തൊടിയില്‍ നിന്ന് ഊരിയെടുത്ത മൈലാഞ്ചി പെണ്ണു അരച്ച് വാഴയിലയില്‍ ഉരുട്ടി വെക്കും. ചക്ക കാലത്ത് ചെത്തി കൂര്‍പ്പിച്ച മുളങ്കോലില്‍ വെളഞ്ഞി ചുറ്റി അടുക്കള കഴുക്കോലിന്റെ ഇടയില്‍ തിരികിയത് മൂത്തമ്മ എടുത്ത് തരും. തിരിയിട്ട് കത്തുന്ന വിളക്കില്‍ ചൂട് തട്ടിച്ച് വിളഞ്ഞി ഉരുക്കി ചൂടോടെ കയ്യില്‍ ഉറ്റിക്കും. അതിന് മുകളില്‍ മൈലാഞ്ചി പൊത്തും. അടുക്കളയില്‍ നെയ്യപ്പമോ കാരോലോ ഉണ്ടാക്കുന്ന തിരക്കിലാവും അപ്പോള്‍ ഉമ്മച്ചി. അങ്ങോട്ടേക്ക് എത്തി നോക്കാന്‍ പോലും പറ്റൂല. കുട്ടികള്‍ നോക്കി നിന്നാല്‍ കൊതി കൂടും. അപ്പം ചുട്ടാല് നന്നാവില്ലത്രേ. കയ്യിലും കാലിലും മൈലാഞ്ചി അണിഞ്ഞ് പുല്പായ താഴെ വിരിച്ച് ഞാനും അനിയത്തിയും ഉറങ്ങും. ഉണര്‍ന്നാല്‍ പിന്നെ ഉണങ്ങി പിടിച്ച മൈലാഞ്ചി ഇളക്കി എടുക്കാനുള്ള ശ്രമമാണ്. മിക്കവാറും മുഖത്തും മറ്റിടങ്ങളിലും അത് പറ്റി പിടിച്ചു കാണും.
കൊതി പിടിച്ചു പൊട്ടിയതും കരിഞ്ഞതുമായ അപ്പങ്ങള്‍ തലേന്ന് ചുട്ട് മാറ്റി വെച്ചതാണ് പ്രഭാത ഭക്ഷണത്തിനു ആദ്യം കഴിക്കുക. പിന്നെ പൂരി. പുലര്‍ച്ചക്ക് അഞ്ച് മണിക്ക് എഴുന്നേറ്റ് തലയിലും ശരീരത്തിലും എണ്ണ തേച്ച് കിണറ്റിന്കരയില് നിന്ന് വെള്ളം കോരി കുളിക്കുന്നത് പെരുന്നാളിന് മാത്രമാണ്. അന്നൊന്നും പള്ളിയില്‍ പോവുന്ന പതിവില്ല. ഉമ്മച്ചിക്കൊപ്പം വീട്ടില്‍ നിന്ന് പെരുന്നാള്‍ നിസ്കാരം. ഞങ്ങള്‍ കോടി ഉടുത്ത് അണിഞ്ഞൊരുങ്ങോമ്പോഴേക്കും വലിയ ചെമ്പില്‍ ചെറുപയര്‍ പരിപ്പ് പായസം റെഡി ആയിട്ടുണ്ടാകും. പിന്നീട് ചുട്ട് വെച്ച അപ്പങ്ങളും പായസവും അയല്‍വീടുകളില്‍ എത്തിക്കുന്ന ഡ്യൂട്ടി ഞങ്ങള്‍ക്കാണ്. ഓരോ വീട്ടിലും കയറി ഇറങ്ങുമ്പോള്‍ അവരെയൊക്കെ ഉച്ച ഭക്ഷണത്തിനു വീട്ടിലേക്ക് ഒരിക്കല്‍ കൂടി ക്ഷണിക്കും.
വെറും ചോറിനൊപ്പം കുമ്പളം മോര് കാച്ചിയത്, ഇറച്ചി വരട്ടിയത്, ചിക്കന്‍ മുളകിട്ടത്, ഇഞ്ചി കറി, പപ്പടം, പയറ് ഉപ്പേരി, ക്യാബേജ് തോരന്‍. ഇതാരുന്നു വര്‍ഷങ്ങളോളം ഞങ്ങളുടെ പെരുന്നാള്‍ വിഭവങ്ങള്‍. രവിയേട്ടന് അനിയേട്ടന് സുജേച്ചി, കുട്ടേട്ടന്, ബിന്ദു തുടങ്ങി എല്ലാവരും ചേര്‍ന്ന് ഇല വെട്ടി കൊണ്ട് വന്ന് ഡൈനിങ് ഹാളില്‍ നിലത്ത് ഇലയിട്ട് ഒന്നിച്ചിരുന്നു ചോറുണ്ണും.
അമ്മാവന്മാരോ അവരുടെ മക്കളോ വൈകുന്നേരം വരും. അവര്‍ക്കൊപ്പമാണ് ഉമ്മവീട്ടില് പോകുന്നത്. ഞങ്ങള്‍ പത്തിരുപതു കസിന്‍സ് ചേര്‍ന്നാല്‍ മേളമാണ്. ഇരുമ്പു ചട്ടിയില്‍ വറുത്തെടുത്ത കറുപ്പ് നിറത്തില്‍ മൊരിഞ്ഞ ഇറച്ചിയും നെയ്ച്ചോറും ഉണ്ടാക്കി വല്ലിമ്മച്ചി കാത്തിരിക്കും. വിളമ്പാന്‍ പോലും നില്‍ക്കാതെ കട്ട ഉടക്കാതെ നെയ്ച്ചോര്‍ ചെമ്പില്‍ നിന്ന് എടുത്ത് വാരി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെ.
കാലിയായ പൌഡര്‍ ടിന്നുകള്‍ അടിയില്‍ തുളച്ചു മുട്ടുറുപികകള് (ഒറ്റ രൂപ നാണയങ്ങള്‍) പേരക്കുട്ടികള്‍ക്ക് കൊടുക്കാനായി ശേഖരിച്ചു വെക്കും വായിച്ചി (ഉമ്മയുടെ ഉപ്പ). പെരുന്നാള്‍ പൈസ കൂടി കയ്യില്‍ കിട്ടിയാല്‍ ആ കൊല്ലത്തെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞു.
മറിയാത്തന്റെ തൊടിയില്‍ ഇപ്പോള്‍ മൈലാഞ്ചിയില്ല. അവിടെല്ലാം വെട്ടിത്തെളിച്ച് ഫ്ളാറ്റ് പണിതു, വിളഞ്ഞി ചുറ്റി തങ്കേരിക്കാന് (സൂക്ഷിച്ചു വെക്കുക) മൂത്തമ്മക്ക് ആരോഗ്യമില്ല, പാടെ കിടപ്പായി. പെരുന്നാള്‍ക്ക് കൂടെ ഉണ്ണാന്‍ അനിയേട്ടനോ സുജേച്ചിയോ ഇന്ന് കൂടെയില്ല. അവര്‍ മുന്‍പേ യാത്ര തുടങ്ങി. ഇറച്ചി പൊരിച്ചു കാത്തിരിക്കാന്‍ വലിമ്മച്ചിയും മുട്ടുറുപിക വീതിച്ചു തരാന്‍ വായിച്ചിയും ഇല്ല.
തിരക്കി നടക്കാന്‍ ആവില്ലെന്ന് പറഞ്ഞ് നോമ്പിന് മുന്നേ ഏതെങ്കിലും ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് പെരുന്നാള്‍ ഡ്രെസ് എടുത്ത്, എണ്ണ തേക്കാതെ കുളിച്ച് പള്ളിയില്‍ പോകുന്നതിനു തൊട്ട് മുന്‍പ് നഖത്തില്‍ ബിഗ് ബി കൊണ്ട് ചായം പിടിപ്പിച്ച് തൊട്ടടുത്തുള്ളവരോടു പോലും സംസാരിക്കാന്‍ നേരമില്ലാതെ ഓടിപായുന്നതിനിടക്കും ഇതൊക്കെ മനസ്സിലേക്ക് ഓടി വരും. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു കൊച്ചു വാര്‍ത്തമാനത്തിന് നില്‍ക്കുമ്പോഴാകും ഓര്‍ഡര്‍ കൊടുത്ത പെരുന്നാള്‍ വിഭവങ്ങള്‍ എത്തിയെന്നു പറഞ്ഞു ഡെലിവറി ബോയ് വിളിക്കുന്നത്.
കാലം കഴിഞ്ഞ് ഈ തലമുറ കുട്ടികള്‍ അവരുടെ പെരുന്നാള്‍ ഓര്‍മകള്‍ അയവിറക്കുന്നത് കേള്‍ക്കണമെന്ന് ഞാനെപ്പോഴും ആഗ്രഹിക്കും. എന്തൊക്കെയായിരിക്കും അവര്‍ക്ക് പറയാനുണ്ടാവുക? കൈ പൊള്ളിയും മുഖത്തേക്ക് ആവി തട്ടിയും മുറ്റത്തെ അടുപ്പില്‍ വലിയ ചെമ്പില്‍ പായസവും അപ്പങ്ങളും ഉണ്ടാക്കി അയല്‍ വീടുകളിലേക്ക് കൊടുത്തു വിടാത്ത ഉമ്മമാരെയും പൗഡര്‍ കുറ്റിയില്‍ മുട്ടുറുപ്പികകള്‍ കാത്തു വെച്ചിരിക്കുന്ന വലിയുപ്പമാരുമില്ലാത്ത പെരുന്നാളുകളെ അവരെങ്ങനെയാകും അടയാളപ്പെടുത്തുക.