Life Story
പെരുന്നാള്‍ ഓര്‍മ
Life Story

പെരുന്നാളോര്‍മയില്‍ ഒരു തറവാട്ടുവീട്

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
30 Jun 2023 3:49 AM GMT

പെരുന്നാള്‍ ദിനത്തിലുള്ള സ്ഥിരമായുള്ള ഒത്തുകൂടലുകള്‍ ആ തറവാടിനൊപ്പം ഇല്ലാതായി. ജീവിത നൗകയുടെ തിരക്കുകള്‍ക്കിടയില്‍പ്പെട്ടുലഞ്ഞു പോകുന്നവര്‍ ഒന്നിച്ചുണ്ടാകണേയെന്നു ആ വീട് ഇന്ന് ആശിക്കുന്നുണ്ടാകുമോ?

പള്ളികളില്‍ നിന്ന് തകബീര്‍ ഉയര്‍ന്നു കേള്‍ക്കുമ്പോഴും മണല്‍ വിരിച്ച ആ വിടാണിപ്പോഴും മനസ്സില്‍ വരുന്നത്. മംഗാല ബോര്‍ഡും മാവിന്‍ കൊമ്പത്തെ ഊഞ്ഞാലും ബാലമാസികകളുടെ വലിയ അട്ടികളുള്ള ആ ചെറിയ മുറിയും ഒത്തിരി സ്‌നേഹവുമായി ഒരുപാടാളുകളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന ആ വീട്.

ആലുവയിലെ കുട്ടമശ്ശേരി എന്ന ഗ്രാമത്തിലായിരുന്നു ഉമ്മയുടെ തറവാട് വീട്. ഗെയ്റ്റ് കടന്നു ഇരുവശവും വൃക്ഷലതാധികള്‍ നിറഞ്ഞു നില്‍ക്കുന്ന പാതയിലൂടെ മുറ്റത്തെത്തുമ്പോള്‍ മനസ്സ് കുതിക്കുകയാകും, എല്ലാവരേയുമൊന്നു കാണാന്‍. മൈലാഞ്ചിച്ചുവപ്പുള്ള കൈകളുമായി മേശയുടെ ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുമ്പോളും കൂട്ടമായിരുന്നു ദംഷരാട്‌സ് കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയാകും.


അടുക്കളലിയിലേക്കുള്ള വഴിയിലെ ഇടുങ്ങിയ സ്റ്റോര്‍ റൂമും അവിടെ തൂക്കിയിടാറുള്ള പഴക്കുലയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. കോണിപ്പടി കയറി അകത്തേക്ക് തുറക്കുന്ന വാതിലുള്ള മച്ചിന്‍ പുറം സന്ദര്‍ശിച്ച് പഴയ തത്തക്കൂട് കാണുമ്പോള്‍ വല്ലുമ്മ പണ്ട് പറഞ്ഞു തരാറുള്ള സംസാരിക്കുന്ന തത്തമ്മയുടെയും അതിനെയൊരിക്കല്‍ മരപ്പട്ടി പിടിച്ചതുമായുള്ള കഥകളാകും മനസ്സില്‍. കസവു തട്ടവും ചുറ്റു കമ്മലുമിട്ടു പല്ലില്ലാത്ത മോണ കാട്ടി വെറ്റില ചവച്ചു ചിരിക്കുന്ന ഇഞ്ഞാമ്മയുടെ (വല്ലുമ്മയുടെ ഉമ്മ) ഓര്‍മ്മകളും ആ വീട്ടിലങ്ങിങ്ങ് തങ്ങി നില്‍ക്കുന്നു. കുട്ടികളെക്കാള്‍ ആവേശത്തോടെ ചിരട്ടകള്‍ നിരത്തി വെച്ചു പുളിങ്കല്ല് കൊണ്ട് മംഗാല കളിക്കുകയും, കുട്ടികള്‍ രാത്രിയുറങ്ങുമ്പോള്‍ ബിരിയാണി വെച്ച് കഴിക്കുന്ന രണ്ടാനമ്മയുടെയും അച്ഛന്റെയും കഥകളും ആ ചുമരുകളിലിപ്പോഴും ഒളിഞ്ഞിരിക്കുന്നുണ്ടാകണം.

'' പഴേ പഴം...'' എന്ന സംഭാഷണ ശകലമുള്ള സ്‌കിറ്റ് ടേപ്പ് റെക്കോര്‍ഡറിലെ കേസറ്റിലെ തവിട്ടു നിറത്തിലുള്ള ഫിലിമിനുള്ളിലാക്കുമ്പോള്‍ ആരും വിചാരിച്ചില്ല ആ വീടും ഒരിക്കല്‍ ഓര്‍മകള്‍ക്കുള്ളില്‍ മാഞ്ഞുപോകുമെന്ന്. അവിടെ നിന്ന് പടിയിറങ്ങുമ്പോള്‍ കളിക്കാന്‍ മറന്നു പോയ കളികളും പറയാതെ ബാക്കി വെച്ച വിശേഷങ്ങളും മനസ്സിനെ വീര്‍പ്പുമുട്ടിക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തിലുള്ള സ്ഥിരമായുള്ള ഒത്തുകൂടലുകള്‍ ആ തറവാടിനൊപ്പം ഇല്ലാതായി. ജീവിത നൗകയുടെ തിരക്കുകള്‍ക്കിടയില്‍പ്പെട്ടുലഞ്ഞു പോകുന്നവര്‍ ഒന്നിച്ചുണ്ടാകണേയെന്നു ആ വീട് ഇന്ന് ആശിക്കുന്നുണ്ടാകുമോ? ഇനി അവിടെക്കൊരു മടക്കമില്ലെന്നറിയുമ്പോള്‍ ചിലപ്പോഴെങ്കിലും മനസ്സൊന്നു വിങ്ങും.

Related Tags :
Similar Posts