പൊതിഞ്ഞുവച്ച തേക്കിലയിലെ മൈലാഞ്ചി തണുപ്പ്
|രാത്രിയില്‍ മുഴുവന്‍ ക്ഷമയോടെ പൊതിഞ്ഞുവച്ച തേക്കിന്റെ ഇലയിലെ മൈലാഞ്ചി തണുപ്പില്‍ കുതിര്‍ന്നുപോയ കൈകളില്‍ വെളിച്ചെണ്ണയും പുരട്ടി ഞങ്ങള്‍ ചെറിയ കുട്ടികളും ഒരല്പം മുതിര്‍ന്ന കുട്ടികളും അതിരാവിലെ പുഴയിലേക്ക് കുളിയ്ക്കാന്‍ പുറപ്പെടുന്നതാണ് പെരുന്നാള്‍ ദിനത്തിന്റെ തുടക്കം. | പെരുന്നാളോര്‍മ
പെരുന്നാളോര്‍മകളുടെ തുടക്കം തേടിപ്പോവുകയാണെങ്കില്‍ എനിക്ക് ചുരം കയറി വളവുകള്‍ ഏറെ പിന്നിട്ട് നെല്ലിയാമ്പതിയുടെ തണുപ്പിലേക്ക് ചേക്കേറേണ്ടി വരും. പക്ഷേ, എന്തുകൊണ്ടോ അന്നത്തെ ആ കാലം ഓര്‍മിക്കുമ്പോഴൊക്കെയും മധുരം പകരാന്‍ മാത്രം സമ്പന്നമായിരുന്നില്ല. അല്ലെങ്കില്‍ അന്നെനിക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരില്‍ അധികവും സ്‌നേഹത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യരായിരുന്നു. പെരുന്നാള്‍ എന്നാല്‍ സ്‌നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും ഓര്‍മകളുടെ ബാക്കിവെക്കലുകള്‍ ആണെന്നിരിക്കെ എന്റെ പെരുന്നാള്‍ ഓര്‍മകള്‍ക്കും ബാല്യത്തിനും നിറം ഏറെ പകര്‍ന്നത് മലയിറങ്ങി താഴെ നെന്മാറയും പിന്നിട്ട് അടിപ്പരണ്ട എത്തുമ്പോഴാണ്. അടിപ്പരണ്ട അത്താന്റെ നാടാണ്. തേയിലതോട്ടങ്ങളും യുക്കാലിപ്സ്റ്റുമരങ്ങളും മഞ്ഞും തണുപ്പുമകന്ന തെങ്ങുകളുടെയും പാടങ്ങളുടെയും പുഴകളുടെയും നാട്.
പെരുന്നാള് കൊള്ളാന്‍ മലയിറങ്ങുമ്പോള്‍ ഉള്ളില്‍ തിളച്ചുമറിയുന്നൊരു സന്തോഷമുണ്ട്. തണുപ്പ് പറ്റിപ്പിടിച്ച മരങ്ങളും കരിമ്പന്‍ പാറകളും പിന്നിട്ട് ആനവണ്ടി പോത്തുണ്ടി ഡാമിന്റെ മനോഹരകാഴ്ച്ചയിലേക്ക് എത്തുമ്പോള്‍ ഇരട്ടിച്ചിരുന്നത്. വല്ലങ്ങിയിലെ സര്‍ബത്ത് കടക്ക് മുന്നില്‍ നിന്നും ജെംസ് മിട്ടായി നുണയുമ്പോള്‍ ഓടി അടുക്കാന്‍ കൊതിപ്പിച്ചിരുന്നത്. പൊളിച്ചേട്ടന്റെ കടയ്ക്ക് മുന്നില്‍ ബസ് ഇറങ്ങുമ്പോള്‍ സംപ്തൃപ്തമായിരുന്നത്.
പെരുന്നാള്‍ ദിനം കരുതിവച്ചിരിക്കുന്ന സന്തോഷങ്ങളിലേക്ക് കൊതിയോടെ നടന്നടുത്തിരുന്ന ആ പഴയ എന്നെകുറിച്ച് എഴുതി ഫലിപ്പിക്കാന്‍ പരാജയപ്പെടുന്നു. എങ്കിലും ബാല്യം ബാക്കി വച്ച പെരുന്നാള്‍ ഓര്‍മകളിലേക്ക് മടക്കയാത്ര നടത്തുമ്പോള്‍ ഏറെ തിളങ്ങി നില്‍ക്കുന്നതായതൊന്നും വിട്ടുപോകാതിരിക്കട്ടെ.
അത്താന്റെ തറവാട് വീട്ടില്‍ പെരുന്നാള്‍ കൂടിയ ഓര്‍മയില്ല. എങ്കിലും ഇങ്ങനെ എഴുതനായി ഓര്‍ത്തോര്‍ത്ത് ഇരുന്നപ്പോള്‍ ഓടിട്ട ആ വീടും നടുമുറ്റവും തൂണുകളും, തൂണും ചാരിയിരുന്ന ഒരു വെളുത്ത് മെലിഞ്ഞൊരു മനുഷ്യനും കണ്മുന്നില്‍ തെളിയുന്നു. എന്റെ നന്നത്ത. അദ്ദേഹം വെള്ളാരം കണ്ണുകളില്‍ ചെറിയ ചിരി ഒളിപ്പിച്ചുകൊണ്ട് കാലത്തിന്റെ ഏതോ കോണിലേക്ക് ഓടി മറയുന്നു. ഓലപ്പായയുടെ മണം മാത്രം ശേഷിക്കുന്നു.
അത്താന്റെ ജേഷ്ഠന്റെ വീട്ടിലാണ് പെരുന്നാള്‍ കൂടല്‍. അന്നൊക്കെ വലിയ മനുഷ്യര്‍ എന്ത് ചെയ്തെന്നത് അറിവില്ല. അവര്‍ അരിഞ്ഞിട്ട ഉള്ളിയുടെയും ഇഞ്ചിയുടെയും കണക്കുകളും അടുക്കളയിലെ അധ്വാനത്തിന്റെ അളവും തിട്ടപ്പെടുത്താന്‍ പോയിട്ടില്ല. പെരുന്നാള്‍ ഞങ്ങള്‍ കുട്ടികളുടേത് മാത്രമായിരുന്നു. വെന്തുപാകമാകുന്ന ഭക്ഷണത്തേക്കാളും കൊതിപ്പിച്ചത് കയ്യില്‍ പൊതികെട്ടിയ മൈലാഞ്ചിയുടെ മണമായിരുന്നു. രാത്രിയില്‍ മുഴുവന്‍ ക്ഷമയോടെ പൊതിഞ്ഞുവച്ച തേക്കിന്റെ ഇലയിലെ മൈലാഞ്ചി തണുപ്പില്‍ കുതിര്‍ന്നുപോയ കൈകളില്‍ വെളിച്ചെണ്ണയും പുരട്ടി ഞങ്ങള്‍ ചെറിയ കുട്ടികളും ഒരല്പം മുതിര്‍ന്ന കുട്ടികളും അതിരാവിലെ പുഴയിലേക്ക് കുളിയ്ക്കാന്‍ പുറപ്പെടുന്നതാണ് പെരുന്നാള്‍ ദിനത്തിന്റെ തുടക്കം.
കരിയണ്ണന്റെ പുഴയിലായിരുന്നു കുളി. ഇരുഭാഗത്തും മുളം കാടുകള്‍ തഴച്ചുവളര്‍ന്ന മണ്‍പാതയും പിന്നിട്ട് തെങ്ങും കവുങ്ങും സമൃദ്ധമായി വളരുന്ന പറമ്പും കടന്നാല്‍ പുഴയെത്തി. അങ്ങനെ പണ്ട് പണ്ടൊരു പെരുന്നാള്‍ കാലത്ത് പുഴയിലേക്ക് ഉള്ള യാത്രയില്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു. പച്ചിലയുടെ ഉടലില്‍ പറ്റിപിടിച്ചിരുന്ന അവന്റെ മനോഹരമായ ഉടുപ്പിലെ സ്വര്‍ണ്ണവര്‍ണ്ണം എന്നിലുണ്ടാക്കിയ കൗതുകം പറഞ്ഞറിയിക്കുക അസാധ്യം. പൊന്നാമ.
ഒരു പെരുന്നാള്‍ ദിനം മുഴുവന്‍ അവനെനിക്കൊപ്പമുണ്ടായിരുന്നു. പുത്തന്‍ ഉടുപ്പിട്ട് ചൂടോടെ ദോശ കഴിക്കുമ്പോഴും, മൈലാഞ്ചിമണത്തോടൊപ്പം നെയ്‌ച്ചോറും ബീഫും കൊതിയോടെ അകത്താക്കുമ്പോഴും സഹോദരങ്ങള്‍ക്കൊപ്പം കുഞ്ഞുകളികളില്‍ ഏര്‍പ്പെടുമ്പോഴും മനസ്സ് നിറയെ പൊന്നാമയേ സ്വന്തമാക്കിയ സന്തോഷമായിരുന്നു.
ആ പെരുന്നാള്‍ സായാഹ്നം മറ്റെന്തിലും മനോഹരമായിരുന്നു. എന്നിരുന്നാലും തീര്‍ന്നുപോകുന്നു എന്ന നൊമ്പരവും അതിനോട് പറ്റിചേര്‍ന്ന് കിടന്നു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴാണ് നാളെ തിരികെ മല കയറേണ്ട സങ്കടം എന്നെ ഭരിച്ച് തുടങ്ങിയത്. ഒരു പെരുന്നാള്‍ സമ്മാനം പോലേ പൊന്നാമയെ കൂടെ കൂട്ടണം, അതൊരു സന്തോഷമാണ്. അങ്ങനെയാകുമ്പോള്‍ അപരിചിതമായൊരു ഭൂമിയിലേക്ക് തടങ്കലിലാക്കി എനിക്കവനെ കൊണ്ടുപോകേണ്ടി വരും. സന്തോഷങ്ങളും സ്‌നേഹങ്ങളും ഉപേക്ഷിച്ചു പോകുമ്പോള്‍ ആര്‍ക്കാണ് വേദനകള്‍ ഇല്ലാതിരിക്കുക. അവന്റെ മനോഹരമായ ചിറകുകളിലേക്ക് ഞാന്‍ ഉറ്റുനോക്കി. മോചനം ആഗ്രഹിക്കുന്ന ഒരു അഭയാര്‍ഥിയുടെ ചൂട് നിശ്വാസം എനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ മാത്രം. മറ്റൊരു ചിന്തക്ക് അവസരം നല്‍കാതെ അവന് മോചനം നല്‍കപ്പെട്ടു. പെരുന്നാള്‍ ദിനം തീരുകയാണ്. ഞാന്‍ ഉറങ്ങാതെ കണ്ണ് മിഴിച്ച് കിടന്നു.