Life Story
അവളെക്കാളേറെ അവളാവുന്ന ഞാന്‍
Click the Play button to hear this message in audio format
Life Story

അവളെക്കാളേറെ അവളാവുന്ന ഞാന്‍

ഫര്‍സാന
|
27 April 2022 8:17 AM GMT

അര്‍ഹതപ്പെട്ടവളുടെ സ്‌നേഹകരങ്ങള്‍ ഓര്‍മവെക്കും മുന്നേ അന്യമായവളില്‍ മറ്റേതൊരു അമ്മസ്‌നേഹത്തെയും മനസ്സിലാക്കാനുള്ള ശേഷി അസ്തമിച്ചിട്ടുണ്ടാവണം.

അന്ന്, മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരുന്നു അവളെ വീണ്ടും കണ്ടത്. ബാല്‍ക്കണിയിലിരിക്കുന്ന എന്നെ നോക്കി അവളൊന്ന് ചിരിച്ചു. പറയരുതെന്ന് വിചാരിച്ചിട്ടും നീ നന്നായി ക്ഷീണിച്ചല്ലോ, എന്താ പറ്റിയേ എന്നതാണ് വായില്‍നിന്നും ആദ്യമേ വീണത്.

'ഒന്നൂല്ല..'

അവളുടെ ഒറ്റ വാചകമറുപടി.

കഥകളിലും വായനകളിലുമായി അലിഞ്ഞു ചേര്‍ന്നിരുന്ന എന്റെ പതിനാലാം വയസ്സ് കാലത്താണ് അവളുടെ അമ്മ അവളെ പ്രസവിച്ചത്. സ്‌കൂള്‍ വിട്ട് ഒരു ചായയും കുടിച്ച് ഞാനോടി ചെന്നിരുന്ന് വിശേഷങ്ങള്‍ പറയാറുള്ളത് അവളുടെ അമ്മയോടായിരുന്നു. രക്തബന്ധത്തിന്റെ കറയേതും അവകാശപ്പെടാനില്ലാതിരുന്നിട്ടും ഏതെല്ലാമോ കാരണങ്ങളാല്‍ അവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നല്ലോ. അവള്‍ ഈ ലോകത്തെ പുണര്‍ന്നതും, സ്‌കൂള്‍ വിട്ടുവരുന്ന വേളകളിലെല്ലാം എന്റെ ചുമലുകളും മടിത്തട്ടും അവള്‍ക്കായി അഹ്ലാദത്തോടെ പകുത്തു നല്‍കേണ്ടിവന്നു. അവളുടെ കുസൃതികള്‍ക്കായുള്ള ചിലയിടങ്ങള്‍!

അമ്പിളിയമ്മാവനെ കാണിച്ചു ചോറൂട്ടിച്ച ക്ലിഷേ ആദ്യമായി അനുഭവിച്ചത് അവളിലൂടെ..

കമിഴ്ന്നു കിടക്കുന്ന ഒരുവയസ്സുകാരിയെ, പുറത്തു മെല്ലെ മെല്ലെ തട്ടി ഉറക്കത്തിലേക്ക് ഇറക്കിവിടുന്ന കൗതുകം ആദ്യമായി അനുഭവിച്ചതും അവളിലൂടെ..

അമ്മഹൃദയം സര്‍വ പെണ്‍കുട്ടികളിലും നിശ്ചയമായും ഉണ്ടെന്നാദ്യമായി അറിഞ്ഞതും അവളിലൂടെ..

മണിക്കൂറുകള്‍ ഇഴഞ്ഞുപോവുന്ന സ്‌കൂള്‍ നേരങ്ങളിലെല്ലാം ഒരു കുഞ്ഞുമുഖം എന്നെയും കാത്തിരിപ്പുണ്ടല്ലോ എന്ന ആനന്ദം നിറഞ്ഞ ആകുലത എന്നില്‍ ആദ്യമായി സൃഷ്ടിച്ചതും അവള്‍ തന്നെ..


ജനനത്തിനും മുന്നേ അമ്മയെ ഉപേക്ഷിച്ച് പടിയിറങ്ങിപ്പോയ അച്ഛനെക്കുറിച്ച് യാതൊന്നുമറിയിക്കാതെ മൂന്നു വയസ്സോളം അമ്മ അവളെ വളര്‍ത്തി. ടെറസ്സിന് മുകളില്‍ പായ വിരിച്ച് കിടത്തി, നക്ഷത്രങ്ങളെ കാണിച്ച് ഞങ്ങളവളെ കഥകളൂട്ടി. ഉറങ്ങുന്ന അവളെ നോക്കി, 'കുഞ്ഞ് വളര്‍ന്നാല്‍ നല്ല സുന്ദരിയായിരിക്കുമല്ലേ?'- എന്ന് അവര്‍ ചോദിക്കുമ്പോഴെല്ലാം 'അതെ' എന്ന് നിസംശയം ഞാന്‍ ഉത്തരമേകി. അപ്പോഴവര്‍ ഏറ്റവും സുന്ദരമായി ചിരിച്ചുകൊണ്ട് അവളെയെടുത്ത് തൊട്ടിലിലേക്ക് മെല്ലെയിടും. താരാട്ടുപാടി തൊട്ടില്‍ മെല്ലെയുന്തും. എത്ര ശാന്തമായായിരുന്നെന്നോ ഞങ്ങളുടെ ജീവിതം നീങ്ങിയത്!

പക്ഷെ, നദികള്‍ ചെന്ന് ചേരുന്നയിടമാണ് സമുദ്രം എന്നപോല്‍ ജീവിതം ചെന്ന് ചേരേണ്ടയിടമാണല്ലോ മരണം. ചെറുപ്പം എന്നതൊഴിച്ചാല്‍ വളരെയേറെ സ്വാഭാവികമായ ഒരു കാരണത്തോടെ മരണം ഒരുനാളില്‍ അവളുടെ അമ്മയെ പിടികൂടി.

പിന്നീടങ്ങോട്ട്, ഒരു സിനിമാക്കഥപോലെ അവളുടെ ജീവിതം സകലര്‍ക്കും മുന്നില്‍ നിറഞ്ഞാടിയപ്പോള്‍ ചെറുമരത്തില്‍ ബാക്കിയായ നനഞ്ഞ ഒരിളം ചില്ലയെപ്പോലെയാണ് അവളെന്ന കുരുന്നിനെ എനിക്ക് തോന്നിയത്. അവളെ നോക്കവേ എന്നെ തണുത്തു. കരുതലും സംരക്ഷണവും ആവോളം നല്‍കാന്‍ ആള്‍ക്കാരുണ്ടായി. അനാഥമക്കളുടെ മുന്‍പില്‍ വച്ച് സ്വന്തം മക്കളെ ലാളിക്കരുതെന്ന പ്രവാചക ദര്‍ശനത്തെക്കുറിച്ച് ബോധ്യമില്ലാത്ത പലരിലൂടെയുമായി അവളുടെ ജീവിതം തട്ടിയും തടഞ്ഞും പോയി. നിര്‍വികാരത സ്വന്തമായുള്ള കാഴ്ചക്കാരി മാത്രമായി പലയിടങ്ങളിലും ഞാന്‍.

ഇന്നവള്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയാണ്.

'എന്റെ ഫ്രണ്ട്‌സിനെ വീട്ടിലേക്ക് വിളിക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് വേണ്ടി പറയാന്‍ ആരും ഇല്ലല്ലോ..'

അവള്‍ വിതുമ്പി.

ഈ സമയത്ത് അത്തരം വിസിറ്റൊന്നും സെയ്ഫല്ലല്ലോ. അതുകൊണ്ടാവും അവരങ്ങനെ പറഞ്ഞത് എന്ന മറുപടിയായിരുന്നു എനിക്കുള്ളത്.

'ഉം. ആയിരിക്കും..'

സ്വയം വിശ്വസിക്കാന്‍ മടിച്ചുകൊണ്ടുള്ള അവളുടെ മറുപടി.

അര്‍ഹതപ്പെട്ടവളുടെ സ്‌നേഹകരങ്ങള്‍ ഓര്‍മവെക്കും മുന്നേ അന്യമായവളില്‍ മറ്റേതൊരു അമ്മസ്നേഹത്തെയും മനസ്സിലാക്കാനുള്ള ശേഷി അസ്തമിച്ചിട്ടുണ്ടാവണം. എല്ലാ പറച്ചിലുകളും കേവലം ചില അക്ഷരങ്ങളുടെ കൂട്ടിവെക്കല്‍ മാത്രമായിരിക്കാം.

'അപ്പുറത്തെ വീട്ടില്‍ പോയപ്പോ ഡോര്‍ തടഞ്ഞ് ഞാന്‍ വീഴാന്‍പോയതും അവിടത്തെ ആള്‍ എന്നെ കേറിപ്പിടിച്ചു..'

ഭയത്തോടെ അവള്‍ പറഞ്ഞപ്പോള്‍ അത് കരുതലിന്റെ പിടിത്തമായിരിക്കാം, മോശം ഉദ്ദേശ്യത്തോടെയാവില്ല എന്ന മറുപടിയേ എനിക്ക് നല്‍കാനായുള്ളു.

'ആയിരിക്കും. ചിലപ്പോ അങ്ങനെത്തന്നെ ആയിരിക്കും..'

അവളുടെ മുറുമുറുപ്പ്.

പ്രായം ഇത്രയായിട്ടും ബാഡ് ടച്ചും ഗുഡ് ടച്ചും മനസ്സിലാക്കാനാവാത്തവള്‍.

ആണുങ്ങളുടെ മുഖത്തുനോക്കി വല്ലതും പറയാന്‍ അറക്കുന്നവള്‍.

പേടിക്കുന്നവള്‍.

സ്വന്തം അച്ഛന്റെ സ്പര്‍ശനമേല്‍ക്കാത്ത പെണ്ണുടലിന് ഏത് പുരുഷന്റെ കരുതലിനേയും ഭയപ്പെടാനുള്ള അര്‍ഹതയുണ്ടല്ലോ. ഏതൊരാണിന്റെ നോട്ടത്തെയും അവള്‍ കീറിമുറിച്ചേക്കുമല്ലോ.

ഇടയ്ക്ക് വരാമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോള്‍ അവളറിയാതെ, അവളെമാത്രം നോക്കിനിന്നു ഞാന്‍. ആ നടത്തത്തിനു നൃത്തത്തിന്റെ ചടുലതയുണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ ശ്രമിച്ചു. വര്‍ണങ്ങള്‍ ധാരാളമായുള്ള ഒരു ശലഭത്തെപോലെയുള്ള അവള്‍; അതായിരുന്നു എന്റെ സ്വാര്‍ഥമായ ആവശ്യം. എത്ര മുതിര്‍ന്നാലുംശരി, ഒരിടം തേടി അലയുന്ന, സദാ ഉറങ്ങാതെയിരിക്കുന്ന ഒരു ബാലിക അവളിലും കലാകാലവും ഉണ്ടാവട്ടെ എന്നതായി നിശബ്ദമായ എന്റെ പ്രാര്‍ഥന.

ആ നേരം അവളുടെ അമ്മ എന്റെ കണ്ണിലൊരു കരടായിമാറി; അല്ലാതെ കണ്ണെങ്ങനെ നിറയാനാണ്.

Similar Posts