ഫോര്‍ഡ് തിയേറ്റര്‍: ലിങ്കണ്‍ സ്മാരകം സന്ദര്‍ശനം
|അക്കാലത്ത് പ്രസിദ്ധരായ മിക്കവാറും എല്ലാ ഡോക്ടര്‍മാരും പ്രസിഡന്റിന്റെ ചികിത്സയില്‍ ഭാഗഭാക്കായി. സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ ബാണ്‍സ് എബ്രഹാം ലിങ്കന്റെ വലത് കണ്ണിന്റെ പുറകില്‍ തറച്ചിരുന്ന വെടിയുണ്ട ഒരു കൊടില്‍ കൊണ്ട് എടുത്തു മാറ്റാനായി വിഫലശ്രമം നടത്തി. ഇത് അദ്ദേഹത്തിന്റെ മരണം കുറെ കൂടി വേഗത്തില്‍ ആക്കി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
അടിമത്തം അവസാനിപ്പിക്കാനായി സ്വന്തം ജനതയോട് പൊരുതി വിജയിച്ചയാളായാണ് ലോകം അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കനെ അറിയുന്നത്. എന്നാല്‍, അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തിയതും യൂണിയനെ കൂടുതല്‍ ശക്തമാക്കിയതും അദ്ദേഹത്തിന്റെ തൊപ്പിയിലെ മറ്റു പൊന്‍ തൂവലുകളാണ്. കഴിഞ്ഞ മാസം അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ DC സന്ദര്‍ശിച്ച അവസരത്തില്‍ എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ട ഇടം കാണാനുള്ള അവസരം ലഭിച്ചു.
1809 ഫെബ്രുവരി12ന് ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വന്തമായ പരിശ്രമത്തിലൂടെ വക്കീലാകുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് എത്തുകയും ചെയ്തു. ആഭ്യന്തര യുദ്ധകാലത്ത് ഗറ്റീസ്ബര്‍ഗിലെ പോരാളികളുടെ ശ്മാശാനത്തില്‍ വെച്ച് അദ്ദേഹം ചെയ്ത പ്രസംഗം പില്‍ക്കാലത്ത് 'ഗെറ്റിസ് ബര്‍ഗ് അഡ്രസ്' എന്ന പേരില്‍ പ്രസിദ്ധമായി. എല്ലാ മനുഷ്യടെയും തുല്യതയെയും അവരുടെ അവകാശങ്ങളെയും ഊന്നി പറഞ്ഞു കൊണ്ട് നടത്തിയ മൂന്നു മിനിറ്റ് നീണ്ടുനിന്ന ആ പ്രസംഗം അമേരിക്കന്‍ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം 1865 ഏപ്രില്‍11ന് ലിങ്കണ്‍ നടത്തിയ പ്രസംഗത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ അനുകൂലിച്ചു കൊണ്ട് സംസാരിച്ചിരുന്നു. കൊലയാളി ആയ ജോണ്‍ വില്‍ക്‌സ് ബൂത് പ്രസിദ്ധ നാടക നടനും കോണ്‍ഫെഡറേറ്റ് പാര്‍ട്ടിയുടെ ചാരനും ആയിരുന്നു. കടുത്ത വലതുപക്ഷക്കാരനായ ഇയാള്‍ക്ക് ലിങ്കണിനോട് വളരെയധികം ശത്രുത ഉണ്ടായിരുന്നു. എന്നാല്‍, ഇതിനെപ്പറ്റി കുടുംബാംഗങ്ങള്‍ക്ക് ഒഴികെ അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. എബ്രഹാം ലിങ്കണിന്റെ പല താല്‍പര്യങ്ങളില്‍ ഒന്നായിരുന്നു നാടകം. ഇത് മൂലം അക്കാലത്തെ ഒരു പ്രധാന തീയേറ്റര്‍ ആയിരുന്ന ഫോര്‍ഡ് തീയേറ്റര്‍ അദ്ദേഹം പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. പുനരുദ്ധരിക്കപ്പെട്ടതാണ് എങ്കിലും ഇപ്പോഴും തീയേറ്റര്‍, ദുരന്തം നടന്ന ദിവസത്തെ പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്.
'മൈ അമേരിക്കന്‍ കസിന്‍' എന്ന നാടകം ആണ് അന്ന് രംഗത്ത് അവതരിപ്പിച്ചത്. നാടകത്തിലെ ഒരു തമാശ നിറഞ്ഞ ഡയലോഗ് കേട്ട് ഏകദേശം 1800 ഓളം വരുന്ന കാണികള്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കുകയും ആ ആരവത്തിനിടയില്‍ പ്രസിഡന്റ് ഇരുന്ന ബാല്‍ക്കണിയിലെ പ്രത്യേക ബോക്‌സിന് അകത്തേക്ക് പിറകില്‍ ഉള്ള വാതില്‍ തുറന്ന് കൊലയാളി പ്രവേശിച്ച് പിന്നില്‍ നിന്ന് വെടി വയ്ക്കുകയായിരുന്നു. അത്രത്തോളം ആസൂത്രണം ഇതിനുവേണ്ടി നടത്തിയിരുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം. ഇന്ന് കാണുന്നതു പോലെയുള്ള സെക്യൂരിറ്റിയും മറ്റും അക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റിന് ഉണ്ടായിരുന്നില്ല എന്നത് കൊലയാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അദ്ദേഹത്തിന്റെ ഭാര്യ മേരി ലിങ്കണും ഒരു സുരക്ഷാ ഭടനും മാത്രമേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുള്ളൂ. കൊലപാതകം നടത്തിയ ശേഷം ജോണ്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി. അവിടെനിന്ന് രക്ഷപ്പെട്ടു ഓടിയെങ്കിലും രണ്ടാഴ്ചത്തെ തിരച്ചിലിന്റെ ഒടുവില്‍ പൊലീസിന്റെ വെടിയേറ്റ് അയാള്‍ കൊല്ലപ്പെട്ടു. അബോധാവസ്ഥയിലായ പ്രസിഡന്റിനെ തിയേറ്ററില്‍ നിന്നും തൊട്ടടുത്ത പീറ്റേഴ്സ്സണ്‍ ബോര്‍ഡിങ് ഹൗസിലെ ഒരു മുറിയിലെ കിടക്കയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
കാറുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാതിരുന്ന അക്കാലത്ത് കരിങ്കല്ല് പാകിയ റോഡുകളിലൂടെ കുതിരവണ്ടിയില്‍ ആശുപത്രിയിലേക്ക് മാറ്റുന്നത് നല്ലതല്ല എന്നുള്ള അഭിപ്രായം ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് റോഡിന് എതിര്‍വശമുള്ള ഒരു ലോഡ്ജിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിച്ചത്. ആറടി നാലിഞ്ച് ഉയരമുള്ള ലിങ്കണിനെ അവിടെ ഉണ്ടായിരുന്ന സാധാരണ വലിപ്പമുള്ള ഒരു കിടക്കയില്‍ കോണോട് കോണ്‍ ചേര്‍ത്ത് കിടത്തേണ്ടി വന്നുവത്രേ. മുറിവ് മാരകമാണെന്നും അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ചികിത്സിച്ച എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു എങ്കിലും കഴിയുന്നത്ര വേദന കുറയ്ക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. ഏകദേശം 9 മണിക്കൂര്‍ ഇവിടെയുള്ള ഒരു മുറിയില്‍ അദ്ദേഹം ബോധരഹിതനായി കിടന്നു. അക്കാലത്ത് പ്രസിദ്ധരായ മിക്കവാറും എല്ലാ ഡോക്ടര്‍മാരും ഈ മുറിയില്‍ വന്നു പ്രസിഡന്റിന്റെ ചികിത്സയില്‍ ഭാഗഭാക്കായി. സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ ബാണ്‍സ് ലിങ്കണിന്റെ വലത് കണ്ണിന്റെ പുറകില്‍ തറച്ചിരുന്ന വെടിയുണ്ട ഒരു കൊടില്‍ കൊണ്ട് എടുത്തു മാറ്റാനായി വിഫലശ്രമം നടത്തി. ഇത് അദ്ദേഹത്തിന്റെ മരണം കുറെ കൂടി വേഗത്തില്‍ ആക്കി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
പിറ്റേന്ന് രാവിലെ -അതായത് 1865 ഏപ്രില്‍ 15ന്, ദുഖവെള്ളിയാഴ്ചയുടെ പിറ്റേന്ന് - 7.22ന് അദ്ദേഹം അന്തരിച്ചു. 'Now he belong to the ages' എന്നാണ് അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്നവരില്‍ ഒരാള്‍ അന്ന് പറഞ്ഞത്. മൃതശരീരം വൈറ്റ് ഹൗസിലും കാപ്പിറ്റോള്‍ മന്ദിരത്തിലും പൊതു ദര്‍ശനത്തിനായി വെച്ചശേഷം ട്രെയിനില്‍ ഇലനോയിയിലെ സ്പ്രിംഗ് ഫീല്‍ഡിലേക്ക് കൊണ്ട് പോയി അടക്കം ചെയ്തു. മൂന്ന് ആഴ്ചകള്‍ നീണ്ട് നിന്ന ഈ യാത്ര പല പട്ടണങ്ങളിലും നിത്തി, പ്രത്യേക അനുശോചന സമ്മേളനങ്ങളും ആദരങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് അന്തിമ വിശ്രമസ്ഥലത്ത് എത്തിച്ചേര്‍ന്നത്. അക്കാലത്തെ ഇത് സംബന്ധിച്ചുണ്ടായ എണ്ണമറ്റ പത്രവാര്‍ത്തകളും പെയിന്റിങ്ങുകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാധാരണ ഹോട്ടല്‍ മുറികളുടെ വലിപ്പമുള്ള ഒരു മുറിയിലാണ് അദ്ദേഹം കിടന്നിരുന്നതെങ്കിലും പില്‍ക്കാലത്ത് അദ്ദേഹം മരണക്കിടക്കയില്‍ ആയിരിക്കുന്ന രംഗം ചിത്രീകരിച്ച പെയിന്റിങ്ങില്‍ അദ്ദേഹത്തിന്റെ ചുറ്റും ഏകദേശം അന്‍പതോളം ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാം. യഥാര്‍ഥത്തില്‍ അവിടെ ഇല്ലാതിരുന്ന പലരെയും ഇതില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. മരണദിവസം ലിങ്കണ്‍ ഉപയോഗിച്ച തിയേറ്ററിലെ ബോക്‌സ് അമേരിക്കന്‍ ദേശീയ പതാക ഉപയോഗിച്ച് അലങ്കരിച്ച പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രസിഡണ്ടിനെ കൊല്ലാന്‍ ഉപയോഗിച്ച് തോക്ക് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ധാരാളം ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നു പോയ വിവാഹ ജീവിതമായിരുന്നു എങ്കിലും ലിങ്കണിന്റെ മരണശേഷം മേരി ലിങ്കണ്‍ വളരെയധികം ദുഃഖിതയായിരുന്നു. കറുത്ത വസത്രം ധരിച്ചല്ലാതെ പിന്നീട് അവരെ പൊതു ഇടങ്ങളില്‍ കണ്ടിട്ടില്ല. പത്തുവര്‍ഷത്തിനു ശേഷം മാനസിക നില തകര്‍ന്ന മേരിയെ മകന്‍ റ്റോഡ് ലിങ്കണ്‍ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് പുറത്തുവന്ന മേരി മരണം വരെ സഹോദരിയോടൊപ്പം ആണ് താമസിച്ചത്.
തിയേറ്ററിന്റെയും ലോഡ്ജിന്റെയും ഇടയിലുള്ള നടപാതയില്‍ ഇവയുടെ പുനരുദ്ധാരണ കാലത്ത് നടത്തിയ ധനസമാഹരണത്തില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ എഴുതിയ ചുടുകട്ടകള്‍ പാകിയിരിക്കുന്നത് കാണാം. സമാരാധ്യനായ ഈ മഹാത്മാവിന്റ സ്മാരകം സന്ദര്‍ശിക്കാനായി എത്തിയ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ ധാരാളം സന്ദര്‍ശകരെ അവിടെ കണ്ടു.
ഡോ. സലീമ ഹമീദ്