Life Story
മാര്‍ക്‌സും ജെന്നിയും; മേപ്പിള്‍ മരങ്ങള്‍ ഇലകൊഴിക്കുന്ന ഹൈഗേറ്റ് സെമിട്രി
Life Story

മാര്‍ക്‌സും ജെന്നിയും; മേപ്പിള്‍ മരങ്ങള്‍ ഇലകൊഴിക്കുന്ന ഹൈഗേറ്റ് സെമിട്രി

വി. വിമല്‍റോയ്
|
26 Jan 2024 5:05 AM GMT

നൂറു മീറ്ററോളം നടന്നുചെല്ലുമ്പോള്‍ വഴി വലത്തേക്ക് തിരിയുന്നതിന്റെ മൂലയിലായി ആ സെമിത്തേരിയിലെ ഏറ്റവും തലയെടുപ്പുള്ള ശവകുടീരം കണ്ടു. അഖിലലോക തൊഴിലാളികളുടെ മാര്‍ഗ്ഗദര്‍ശിയായ, ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹിതരായ മനുഷ്യരില്‍ ഒരുവന്‍ തന്റെ പ്രിയതമയുമൊത്ത് അന്തിയുറങ്ങുന്നതിന്റെ മഹാസ്മാരകം.

ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്‌സ്‌പോ ലണ്ടനില്‍ നടക്കുകയാണ്. ഡബ്ല്യു.ടി. എം. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്. കേരളത്തില്‍ നിന്നും ലണ്ടനിലെത്തിയ പ്രചാരസംഘത്തില്‍ ഞാനുമുണ്ടായിരുന്നു. എക്‌സിബിഷനും മറ്റ് ഔദ്യോഗിക പരിപാടികളും നാല് ദിവസത്തില്‍ അവസാനിപ്പിച്ച്, അഞ്ചാം ദിനം ഞങ്ങള്‍ നാടുകാണാനിറങ്ങി. ലണ്ടന്‍ ബ്രിഡ്ജില്‍ തുടങ്ങി ലണ്ടന്‍ ഐയില്‍ അവസാനിക്കുന്ന പതിവ് കാഴ്ചകള്‍ മുന്‍വര്‍ഷങ്ങളില്‍ നിരവധി തവണ കണ്ടു കഴിഞ്ഞതിനാല്‍ പുതുതായി എവിടേക്ക് എന്ന ചിന്ത ഞങ്ങളില്‍ ഉടലെടുത്തു.

ഗൗരവതരമായ ചര്‍ച്ചക്കൊടുവില്‍, 'നമുക്കൊരു സെമിത്തേരി കാണാന്‍ പോയാലോ?' എന്ന എന്റെ ചോദ്യത്തില്‍ ജെനീഷിന്റെയും ജിബ്രാന്റെയും കണ്ണ് തള്ളി!

'സെമിത്തേരിയാ?'

തിരോന്തോരം ശൈലിയില്‍ ജനീഷ് അതിശയം പൂണ്ടു.

'അതെ, ഇത്തിരി ദൂരമുണ്ട്. അങ്ങ് നോര്‍ത്ത് ലെണ്ടനിലാണ്.' ഒന്നു നിറുത്തി പിന്നെ പതിയെ ഞാന്‍ പറഞ്ഞു.

'അവിടെയാണ് കാള്‍ മാര്‍ക്‌സിന്റെ സ്മൃതികുടീരം'

'ആഹാ.. അതിവിടെയാണോ'

ജിബ്രാന്‍ അത്ഭുതത്തോടെ ചോദിച്ചു.

എന്നിട്ട് പെട്ടന്ന് ഗൂഗിള്‍ നോക്കി പറഞ്ഞു,

'ഹൈഗേറ്റ് സെമിട്രി, അതാണതിന്റെ പേര്.'

മന്ത്രി മുഹമ്മദ് റിയാസ് അവിടെ പോയതിന്റെ വീഡിയോ കണ്ടത് ജെനീഷ്‌ ഓര്‍ത്തെടുത്തു.

'എന്നാപ്പിന്നവിടെ പോയിട്ട് തന്നെ കാര്യം' ജിബ്രാനാണ് പറഞ്ഞത്.

അണ്ടര്‍ഗ്രൗണ്ട് ടൂബ് ട്രെയിന്‍ന്റെ നോര്‍തേണ്‍ ലൈനില്‍ കയറി ഹൈഗേറ്റ് സ്റ്റേഷനിലിറങ്ങി, അവിടെ നിന്നും ഊബര്‍ ടാക്‌സിയെടുത്ത് നേരെ സെമിത്തേരിയിലേക്ക്.

പാതിദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ കാറിലിരുന്ന് കണ്ടുവന്ന കൗതുക കാഴ്ചകളില്‍ ക്രമേണ മാറ്റം വന്നു തുടങ്ങി. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും വീണു കിടക്കുന്ന മരച്ചില്ലകളുടെ നിഴലുകള്‍ വഴിയിലാകെ നിശാസമാനമായ നിറം പകരുന്നു. വാഹനങ്ങളുടെ തിരക്കില്ലാത്ത നിരത്തിലാകെ നിശബ്ദത നിറയുന്നുമുണ്ട്.

'ഇവിടെ നിര്‍ത്തിയാല്‍ മതി'.

ജെനീഷാണ് പറഞ്ഞത്. 'നല്ല വൈബുള്ള വഴി നമുക്കിനി നടന്നു പോകാം'.

ഇടതൂര്‍ന്ന വന്‍വൃക്ഷങ്ങള്‍ ഇരുവശവും ഇലകൊഴിച്ച് നില്‍ക്കുന്നു. നനവ് പടര്‍ന്ന്, നല്ല കറുപ്പ് നിറം പൂണ്ട ടാര്‍ റോഡില്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ വീണു കിടക്കുന്ന മേപ്പിള്‍ മരത്തിന്റെയും പേരറിയാത്ത മറ്റ് മരങ്ങളുടേയും ഇലകള്‍ വിരിച്ച പരവതാനിയിലൂടെ ഞങ്ങള്‍ നടന്നുനീങ്ങി.

കിഴക്കും പടിഞ്ഞാറുമായി മുഖാമുഖം നില്‍ക്കുന്ന രണ്ട് ഗേറ്റുകള്‍. ഇതില്‍ കിഴക്കേ ഗേറ്റിലാണ് മാക്‌സിന്റെ സ്മൃതികുടീരം. സെമിത്തേരി സൂക്ഷിപ്പുകാരായ മൂന്ന് സ്ത്രീകള്‍ അവിടെ വര്‍ത്തമാനം പറഞ്ഞ് നിപ്പുണ്ട്.

കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളതും അതീവ സുന്ദരിയുമായ ഒരു സ്ത്രീ ഞങ്ങള്‍ക്കുള്ള ടിക്കറ്റ് തന്നു. ഒപ്പം ഒരു വാണിങും.

'ഇപ്പോള്‍ സമയം 3.20 ആയി. നാല് മണിയാണ് ക്ലോസിംഗ് ടൈം. അന്നേരം ഗേറ്റടയ്ക്കും. അതിന് മുന്‍പായി ഇങ്ങ് തിരിച്ച് വന്നേക്കണം'.

പറഞ്ഞതിനെ ശരിവെച്ചുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് നടന്നു.

സെമിത്തേരികളിലാകയും ദുഃഖം തളംകെട്ടി നില്‍ക്കുമെന്നും സെമിത്തേരികളുടെ മൗനം പോലെ പ്രഗാഢമായി പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ലന്നുമുള്ള എന്റെ പതിവ് ധാരണകള്‍ക്കപ്പുറമായിരുന്നു ഹൈഗേറ്റ് സെമിട്രിയും അതു പകര്‍ന്നു നല്‍കിയ കാഴ്ചകളും.


വന്‍മരങ്ങള്‍ ഇടതൂര്‍ന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരുദ്യാനം. കടുംപച്ച നിറത്തോട് വിട പറയാന്‍ തയ്യാറെടുക്കുന്ന ഇലപ്പടര്‍ച്ചകളില്‍ ഇളം പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും എന്തിന് നീലയുടെ വരെ നിറഭേദങ്ങള്‍ തീര്‍ക്കുന്ന വലുതും ചെറുതുമായ വൃക്ഷവിസ്മയങ്ങള്‍.

'ഇങ്ങനെയും ഒരു സെമിത്തേരിയോ!'

ഞങ്ങള്‍ മൂന്ന് പേരും ഒരേപോലെ പറഞ്ഞു.

അല്‍പദൂരം പിന്നിട്ടപ്പോള്‍ വഴി രണ്ടായി പിരിയുകയാണ്. അതില്‍ ഇടത്തോട്ടുള്ള വഴിയിലേക്കാണ് പോവേണ്ടതെന്ന് ജെനീഷ് ടിക്കറ്റിനൊപ്പം കൊടുത്ത റൂട്ട്മാപ്പ് നോക്കി പറഞ്ഞു.

ഇല പൊഴിക്കുന്ന വന്‍മരങ്ങളുടെ മര്‍മ്മരങ്ങള്‍ അവിടെയാകെ നിറഞ്ഞുകേള്‍ക്കാം. നനുത്ത കാറ്റ് വീശിയടിക്കുമ്പോള്‍ കാതില്‍ വന്ന് പാട്ട് മൂളുന്നത് പോലെ തോന്നി. ഭൂമിയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശ്മശാനം ഇതു തന്നെയാവും, തീര്‍ച്ച.

നൂറു മീറ്ററോളം നടന്നുചെല്ലുമ്പോള്‍ വഴി വലത്തേക്ക് തിരിയുന്നതിന്റെ മൂലയിലായി ആ സെമിത്തേരിയിലെ ഏറ്റവും തലയെടുപ്പുള്ള ശവകുടീരം കണ്ടു. അഖിലലോക തൊഴിലാളികളുടെ മാര്‍ഗ്ഗദര്‍ശിയായ, ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹിതരായ മനുഷ്യരില്‍ ഒരുവന്‍ തന്റെ പ്രിയതമയുമൊത്ത് അന്തിയുറങ്ങുന്നതിന്റെ മഹാസ്മാരകം.

കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം.

ലോക കമ്യൂണിസ്റ്റുകളെയാകെ അന്നുമിന്നും ആവേശഭരിതരാക്കുന്ന മഹത്തായ ആ ഒറ്റവരി അവിടെ കൊത്തി വെച്ചിട്ടുണ്ടായിരുന്നു...

'Workers of All Land Unite'

'സര്‍വ്വരാജ്യ തൊഴിലാളികളാകെ സംഘടിക്കുവിന്‍'

രാഷ്ട്രീയ, സാമ്പത്തിക തത്വചിന്തകള്‍ക്കപ്പുറം ലോകം അറിയാതെ പോയ മറ്റൊരു മാര്‍ക്‌സ് ഉണ്ട്. തന്നേക്കാള്‍ നാല് വയസ് മൂത്ത തന്റെ കാമുകിക്ക് വേണ്ടി നിരന്തരം പ്രണയ ഗീതകങ്ങളെഴുതിയ മാര്‍ക്‌സ് എന്ന കാല്‍പനിക യൗവ്വനം.

മാര്‍ക്‌സിന്റെ പിതാവ് ഹെന്റിച്ചിന്‌ പേര്‍ഷ്യന്‍ പ്രമാണിയായ ഒരു സുഹൃത്തുണ്ടായിരുന്നു. അതാണ് ലുഡ്വിഗ് വോണ്‍ വെസ്റ്റ് ഫാല്ലെന്‍. അദ്ദേഹത്തിന്റെ മകള്‍ ജെന്നി വോണ്‍ ആയിരുന്നു മാര്‍ക്‌സിന്റെ പ്രണയിനി. ജര്‍മ്മനിയിലെ ട്രയര്‍ എന്ന നഗരത്തിലാണ് അവര്‍ ജീവിച്ചതും പ്രണയിച്ചതും. ജെന്നി തന്റെ അഞ്ചാമത്തെ വയസിലാണ് ഒരു വയസുകാരന്‍ മാര്‍ക്‌സിനെ ആദ്യമായി കാണുന്നത്. അവര്‍ ബാല്യകാല കളിക്കൂട്ടുകാരായി. പിന്നീട് രൂപപ്പെട്ട മനോഹരമായ പ്രണയകാലത്തിനിപ്പുറം ജന്നിയ്ക്ക് 29 വയസ് തികഞ്ഞപ്പോള്‍ രണ്ടാളും വിവാഹിതരാവാന്‍ തീരുമാനിച്ചു. അന്ന് മാക്‌സിന് 25 വയസ് പ്രായം.


തന്റെ പ്രിയപ്പെട്ടവനേ... എന്ന അഭിസംബോധനയില്‍ ജന്നി മാര്‍ക്‌സിനെഴുതിയ കത്തിലെ വാചകങ്ങള്‍ ഇങ്ങനെയാണ്:

കണ്ണുകളടയ്ക്കുമ്പോഴെല്ലാം ഞാന്‍ കാണുന്നതു താങ്കളുടെ ചിരിയാണ്. ഇതെന്റെ നിധിയാണ്... എന്നും അതെന്നോടൊപ്പമുണ്ടാകും... കഴിഞ്ഞുപോയ സന്തോഷകരമായ മണിക്കൂറുകളിലൂടെ ഞാന്‍ വീണ്ടും ജീവിക്കുകയാണിപ്പോള്‍... ആ പ്രേമത്തില്‍ മുഴുകി താങ്കളുടെ ഹൃദയത്തോടു ചേര്‍ന്ന് ഞാന്‍ കിടക്കുന്നു. കാള്‍, താങ്കളുടെ ഭാര്യയാവുക... ഈശ്വരാ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു...

വിവാഹാനന്തരം അവര്‍ കടന്നുപോയത് സമാനതകളില്ലാത്ത ദുഃഖങ്ങളിലൂടെയും ദുരിതങ്ങളിലൂടെയുമാണ്. കടുത്ത പട്ടിണിയും ഇടയ്ക്കിടെയുളള പലായനവും ജെന്നിയെ തളര്‍ത്തിയെങ്കിലും പരസ്പര സ്‌നേഹത്തിന്റെ ഇഴയടുപ്പം കൊണ്ട് അവര്‍ പ്രണയിച്ചു കൊണ്ടേയിരുന്നു. ദുരിതക്കയത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും അവര്‍ പടുത്തുയര്‍ത്തിയ മനോഹരമായ കുടുംബാന്തരീക്ഷത്തിലിരുന്നാണ് ലോക ചരിത്രത്തെ മാറ്റിമറിച്ച പുസ്തകങ്ങള്‍ മാര്‍ക്‌സ് എഴുതിയത്. പാരമ്പര്യമായി കിട്ടിയ വെള്ളി പാത്രങ്ങള്‍ നിരവധി തവണ പണയം വെച്ചും തിരിച്ചെടുത്തും ഇല്ലായ്മയെ വകഞ്ഞുമാറ്റി അവര്‍ മുന്നോട്ട് നീങ്ങി.ലിവര്‍പൂളില്‍ നിന്ന് വാങ്ങിയ കോട്ട് ഒരിക്കല്‍ പണയം വെച്ചു കൊണ്ടാണ് മാര്‍ക്‌സ് തനിക്ക് എഴുതാനുള്ള പേപ്പറുകള്‍ വാങ്ങിയതെന്നോര്‍ക്കുക. ദാരിദ്ര്യത്തിന്റെ ഏറ്റവും മോശം അവസ്ഥയില്‍ മൂന്ന് മക്കള്‍ പോഷകാഹാരക്കുറവുമൂലം മരണപ്പെടുന്നതും മാര്‍ക്‌സിന് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഒരുവയസ്സുകാരന്‍ മകന്‍ ഫ്രാന്‍സിസ്‌കയുടെ മൃതദേഹം പിറകിലത്തെ മുറിയില്‍ കിടത്തിയിട്ട് ശവപേടകം വാങ്ങാന്‍ കാശിനായി ഉറ്റവരുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ കൈനീട്ടി നിരാശനായി മടങ്ങിയിട്ടുണ്ട് മാര്‍ക്‌സ്.

ലോകത്താകെയുള അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ പുതിയൊരു പുലരിവെളിച്ചമുണ്ടാക്കിയ

മാര്‍ക്‌സിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതം ലോകമറിയുന്നത് മേരീ ഗബ്രിയേല്‍ എഴുതിയ മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും ജീവിതകഥയായ, പ്രണയവും മൂലധനവും എന്ന പുസ്തകത്തിലൂടെയാണ്.

1881 - മാര്‍ക്‌സിന്റെ സംഭാവനകള്‍ ലോകം അറിഞ്ഞു തുടങ്ങുന്ന കാലം. ജെന്നി രോഗാതുരയായി കിടക്കയിലാണ്. ലീഡേഴ്‌സ് ഓഫ് മോഡേണ്‍ തോട്ട് മാസികയില്‍ ബെല്‍ഫോര്‍ഡ് ബാക്‌സ്, മാര്‍ക്‌സിനെപ്പറ്റി ഒരു ലേഖനമെഴുതി. കോപ്പര്‍ നിക്കസിന്റ കണ്ടുപിടുത്തങ്ങളോട് മാര്‍ക്‌സിയന്‍ ചിന്തകളെ താരതമ്യം ചെയ്യുന്നതായിരുന്നു അത്. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലെന്നും ലോകത്താകമാനം മാര്‍ക്‌സ് സ്വാധീനം ചെലുത്തുമെന്ന് ലേഖനം പറയുന്നു.

കിടക്കയില്‍ ജെന്നിയോട് ചേര്‍ന്നിരുന്ന് അവളുടെ കാതുകളിലേക്ക് മാര്‍ക്‌സ് അത് മെല്ലെ വായിച്ചു കേള്‍പ്പിച്ചു. തന്റെ പ്രിയപ്പെട്ടവനെ ലോകം തിരിച്ചറിഞ്ഞതോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തങ്ങളുടെ കഷ്ടപ്പാടുകള്‍ വെറുതെയായില്ലല്ലോ എന്നവള്‍ ആശ്വസിച്ചു. അധികം താമസിച്ചില്ല ജെന്നി എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു. അതായിരുന്നു ത്യാഗോജ്വലമായ മാര്‍ക്‌സ് ജെന്നി പ്രണയത്തിന്റെ അവസാന രംഗം.

രണ്ട് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ 1883 മാര്‍ച്ച് 17 ന് മാര്‍ക്‌സും യാത്രയായി. ജന്നി അന്തിയുറങ്ങുന്ന അതേ കല്ലറയില്‍ തന്നെയാണ് മാര്‍ക്‌സിനേയും അടക്കം ചെയ്തത്.

ഒരു പക്ഷേ ഹൈഗേറ്റിന്റെചരിത്രത്തിലെ ഏറ്റവും ലളിതമായ ശവസംസ്‌കാരങ്ങളിലൊന്നായിരുന്നിരിക്കണം മാര്‍ക്‌സിന്റേത്. നാല് പതിറ്റാണ്ടുകാലം തന്റെ ജീവിതത്തിലെ നിറസാന്നിധ്യമായിരുന്ന എംഗല്‍സ് ഉള്‍പ്പടെ വെറും പതിമൂന്ന് പേര്‍ മാത്രമായിരുന്നു ചരമോപചാരങ്ങളില്‍ പങ്കെടുക്കാന്‍ ഹൈഗേറ്റ്‌സില്‍ കൂടിയത്.

മരണ സമയത്ത് മാര്‍ക്‌സിന്റെ കുപ്പായത്തിന്റെ കീശയില്‍ മൂന്ന് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് പിതാവിന്റെ ചിത്രം. രണ്ടാമത്തേത് ഭാര്യ ജെന്നിയുടേത്. പിന്നൊന്ന് രണ്ടുമാസം മുന്നേ അകാലത്തില്‍ വിട പറഞ്ഞു പോയ മകളുടേത്. എംഗല്‍സ് ഈ മൂന്ന് ചിത്രങ്ങളുമെടുത്ത്മാര്‍ക്‌സിന്റെ ശവമഞ്ചത്തിനുമേല്‍ വച്ചു. അതിന് മുകളിലായ് രക്തവര്‍ണ്ണത്തിലുള്ള രണ്ട് പുഷ്പഹാരങ്ങള്‍ ചാര്‍ത്തി.

അവിടെ കൂടിയ സഖാക്കളോടായി എംഗല്‍സ് നടത്തിയ ലഘു പ്രസംഗം ഇങ്ങനെയാണ് അവസാനിപ്പിച്ചത്:

'ഈ പതിനാലിന് ഉച്ചക്ക് രണ്ടേമുക്കാലോടെ ഇന്ന് ജീവിച്ചിരുന്ന ഏറ്റവും വലിയ ചിന്തകന്‍ തന്റെ ചിന്തകള്‍ അവസാനിപ്പിച്ചു. ഡാര്‍വിന്‍ മനുഷ്യവംശത്തിന്റെ പരിണാമ ചരിത്രം കണ്ടെത്തിയതിനു തുല്യമാണ് മാര്‍ക്‌സ് കണ്ടെത്തി അവതരിപ്പിച്ച മനുഷ്യന്റെ ചരിത്ര ദര്‍ശനം. അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തിയും കാലങ്ങളോളം നിലനില്‍ക്കും'.


എംഗല്‍സ് പറഞ്ഞ് നിറുത്തിയിടത്ത് നിന്നും, കാലങ്ങള്‍ക്കിപ്പുറവും കാലികമായി നിലനില്‍ക്കുന്ന ദര്‍ശനങ്ങള്‍ മാര്‍ക്‌സിന്റേത് മാത്രമാണ്. ലോക പ്രസിദ്ധരായ മറ്റ് പല ചിന്തകരും മുന്നോട്ട് വെച്ച ചിന്തകളുടേയും സാമ്പത്തിക നിരീക്ഷണങ്ങളുടേയും പ്രസക്തി അവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നിടത്താണ് മാര്‍ക്‌സ് വ്യത്യസ്തനാകുന്നത്.

1999 - ല്‍ BBC നടത്തിയ സര്‍വ്വേ പറയുന്നത്, സഹസ്രാബ്ദത്തിന്റെ ചിന്തകനായി ലോക ജനത തിരഞ്ഞെടുത്ത് മാര്‍ക്‌സിനെയാണെന്നാണ്. ഏല്ലാ ഭൂഖണ്ഡങ്ങളിലും പെടുന്ന കോടാനുകേടി മനുഷ്യര്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്ന സ്മാരകങ്ങളുടെ പട്ടികയില്‍ ഹൈഗേറ്റ്‌സിലെ ഈ ശവകുടീരവും ഒന്നാം നിരയിലുണ്ട്.

വിശ്വമാനവികതയുടെ ചുവന്ന പുഷ്പങ്ങളുമായ് ലോകത്തിന്റെ പല കോണില്‍നിന്നും ജനങ്ങള്‍ മാര്‍ക്‌സിനെ തേടിയെത്തുകയും മുഷ്ടിചുരുട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. അത് കണ്ട് ഞങ്ങളും ആവേശഭരിതരായി. താന്‍ മുന്നോട്ട് വെച്ച വിശാല ചിന്തകള്‍ക്കൊപ്പം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന വിശ്വചിന്തകന്റെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ഈന്‍ക്വിലാബ് വിളിച്ചപ്പോള്‍, മേപ്പിള്‍ മരത്തിന്റെ ചില്ലകളില്‍ നിന്നും വീശിയടിക്കുന്ന നനുത്ത കാറ്റിനൊപ്പം മൂളിക്കേട്ടത് മാനവികതയുടെ വിപ്ലവഗീതങ്ങളായിരുന്നു.

ഇതേ സമയം എവിടെനിന്നോ ഒരു കൂട്ട മണിയടി കേട്ടു! നേരത്തെ ടിക്കറ്റ് തന്ന സ്ത്രീ നിര്‍ത്താതെ മണിയടിച്ചുകൊണ്ട് അവിടേക്ക് കടന്നുവരിയൊണ്... ക്ലോസിംങ് ടൈം ക്ലോസിംങ് ടൈം എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്...

തിരികെ ഗേറ്റിലേക്ക് നടക്കുംവഴി അവര്‍ഞങ്ങളോട് കുറേയേറെ വര്‍ത്തമാനം പറഞ്ഞു. മാര്‍ക്‌സിനെ കാണാനാണത്രേ തൊണ്ണൂറ് ശതമാനം ആളുകളും ഇവിടെത്തുന്നത്. അവിടെ അടക്കം ചെയ്തിരിക്കുന്ന വിശ്വപ്രമുഖരായ പലരുടേയും പേരുകള്‍ അവര്‍ പറയുന്നുണ്ടായിരുന്നു. ശാസ്ത്രഞ്ജരും ചിന്തകരും പോപ്പ് ഗായകരും കവികളും കായിക താരങ്ങളും രാഷ്ട്രീയ പ്രമുഖരും തുടങ്ങി രണ്ട് ലക്ഷത്തോളം പേരെ അവിടെ അടക്കം ചെയ്തിട്ടുണ്ട്.

അവര്‍ പറഞ്ഞുപോയ പേരുകളില്‍ ഒന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 'ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍' പത്തൊന്‍പതാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിലായി വാഴ്ത്തപ്പെട്ട മഹാന്‍. മാര്‍ക്‌സിന്റെ നിശിത വിമര്‍ശകന്‍. അക്കാലത്ത് മാര്‍ക്‌സിനേക്കാള്‍ ഉന്നതമായ പ്രൗഡി. എന്നാല്‍, അതൊക്കെയും പതിയെപ്പതിയെ കെടുത്തിക്കളഞ്ഞുകൊണ്ട് മാര്‍ക്‌സ് ഉഗ്രപ്രതാപിയായി കാലത്തിനൊപ്പം വളര്‍ന്നു. ഇന്ന് മാര്‍ക്‌സിനെ കാണാന്‍ വരുന്നവരൊന്നും സ്‌പെന്‍സര്‍ അവിടെയുണ്ടെന്ന് പോലും ഓര്‍ക്കാതെമടങ്ങിപ്പോകുന്നു.

കാലത്തിന്റെ കാവ്യനീതി...

നാല്മണി കഴിഞ്ഞു, ഹൈഗേറ്റിനോട് യാത്ര പറയാന്‍ നേരമായി. ഞങ്ങളാണ് അവിടെ നിന്നും പുറത്തിറങ്ങുന്ന അന്നത്തെ അവസാന സന്ദര്‍ശകര്‍.

ഒരു സെമിത്തേരി കണ്ടതിനപ്പുറം മണ്‍മറഞ്ഞു പോയവരുടെ സ്മൃതിയിലൂടെ കാലത്തിന്റെ മറുപുറങ്ങളിലേക്ക് ചുവടുവെയ്ക്കുന്ന ഇംഗ്ലണ്ടിന്റെ ഒരു പൈതൃക - ചരിത്ര മ്യൂസിയം കണ്ടിറങ്ങിയ സന്തോഷത്തില്‍ ഞങ്ങള്‍ ആ മൂന്ന് സ്ത്രീകളോടും യാത്ര പറഞ്ഞ് ഗേറ്റിന് പുറത്തിറങ്ങി.

ടാക്‌സി നോക്കി ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയില്‍ ജെനീഷ് ഓര്‍ത്തെടുത്ത മാക്‌സിന്റെ ഒരു വാചകം പറഞ്ഞു കൊണ്ടേയിരുന്നു,

'The death of heroes is like a sunset'

അതേ.. എല്ലാ നായകരും മരിക്കുമ്പോള്‍ സംഭവിക്കുന്നത് ഒരസ്തമനം മാത്രമാണ്.

'ശവകുടീരത്തില്‍ നീയുറങ്ങുമ്പൊഴും

ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു!

ഇടിമുഴക്കമായ്, വിദ്യുത്കരണങ്ങളായ്,

ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു.

എവിടെ മാനുഷരൊന്നുപോല്‍ വാഴുന്നു

അവിടെ നിന്‍ വാക്കു കാവലായ് നില്‍ക്കുന്നു'

- ഒ.എന്‍ .വി


Similar Posts