പള്ളിക്ക് മുന്നിലെന്നെ എത്തിച്ചത് എന്റെ ഭ്രാന്തമായ സ്വപ്നമായിരുന്നു
|നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ ആ പള്ളി കണ്ടു. വിറക്കുന്ന കൈയും കാലും. എന്റെ മനസ്സൊക്കെ കൈവിട്ടു പോയിരുന്നു. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം സത്യമായിരുന്നു. എന്നെ കടന്നു പോകുന്ന പര്‍ദ്ദയിട്ട ആ നാലു സ്ത്രീകള്‍ വരെ. | അനുഭവം
നാഗൂര് ദര്‍ഗ നില്‍ക്കുന്നത് അവിടെയാണ്. നാഗൂര് ആണ്ടവന് എന്ന് നാഗൂര് മക്കള്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാഹുല്‍ ഹമീദ് എന്ന സൂഫി സന്യാസിയുടെ ഖബറിടം.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാനൊരു മുസ്ലിം പള്ളി സ്വപ്നം കാണുന്നത്. ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു ആ പള്ളിക്ക്. വലിയൊരു മിനാരം. പള്ളിക്കുള്ളില്‍ നീണ്ട ഇടനാഴികള്‍. തടിച്ച തൂണുകള്‍. കൊത്തുപണികള്‍. പച്ചയും മഞ്ഞയും തുണികള്‍ വിരിച്ചിട്ട ഖബറുകള്‍. സ്വര്‍ണനിറമുള്ള പടികള്‍.
മുകളിലെ സ്വര്‍ണനിറമുള്ള ചിത്രങ്ങള്‍. അവിടെ നിറഞ്ഞു നില്ക്കുന്ന പ്രത്യേക സുഗന്ധം.
പിന്നെ ആ കുളം. ഞാന്‍ കയറി ചെല്ലുമ്പോള്‍ ഇറങ്ങി വരുന്ന നാലു പര്‍ദ്ദയിട്ട സ്ത്രീകള്‍.
വല്ലാത്തൊരു പിടച്ചിലായിരുന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് നാഗൂര് ദര്‍ഗ എന്നൊരു പേര്. നാഗപട്ടണം കഴിഞ്ഞു കാര്‍ പോയിട്ടും ആ പേര് മനസ്സില്‍ ഉടക്കി കിടന്നു. ആ നിമിഷം ഫോണെടുത്തു ഞാന്‍ നോക്കി. ആ സ്ഥലത്തിന്റെ പ്രത്യേകത. ആ പള്ളി.
ആദ്യമായാണ് അങ്ങിനെ ഒരു സ്വപ്നം കാണുന്നത്. ഇങ്ങനെയുള്ള സ്വപ്നം കാണുന്നതും പിന്നെ ഞാന്‍ അവിടേക്ക് എത്തി ചേരുന്നതുമെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അന്ന് അങ്ങനെ കണ്ടപ്പോള്‍ അറിയുന്ന മുസ്ലിം സുഹൃത്തുക്കളോട് അങ്ങനെയൊരു പള്ളിയെ പറ്റി ഞാന്‍ അന്വേഷിക്കുമായിരുന്നു. റഷീദ് ഇക്കയോട് ഇടയ്ക്കിടെ അതേ പറ്റി ചോദിച്ചു ചെല്ലും. പിന്നെ ഫെമിയോടും. പക്ഷേ, അവര്‍ പറയുന്ന പള്ളിയുമായി എന്റെ സ്വപ്നത്തിനു സാമ്യമില്ലായിരുന്നു. പതിവ് പോലെ ഞാന്‍ ആ സ്വപ്നം അവിടെ സൂക്ഷിച്ചു വച്ചു. കാരണം, എനിക്കുറപ്പായിരുന്നു എന്നെങ്കിലും ഞാന്‍ അങ്ങനെയൊരു സ്ഥലത്ത് പോകുമെന്ന്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. രണ്ടാഴ്ച മുന്‍പ് നാഗപട്ടണത്തേക്കുള്ള യാത്രയില്‍. ഇടയില്‍ ഞാന്‍ ഉറങ്ങി പോയിരുന്നു. ഒരു മിന്നല്‍ പോലെ മനസ്സിലേക്ക് ആ സ്വപ്നം വീണ്ടും. ആ മുസ്ലിം പള്ളി. വലിയ മിനാരം.
ഒരു വലിയ മരത്തിനെ ചുറ്റി പിണഞ്ഞ വെളുത്ത വസ്ത്രങ്ങളും. അങ്ങേയറ്റം ദിവ്യമായൊരു മുഖവും. ഒരു സൂഫി സന്യാസി.
വല്ലാത്തൊരു പിടച്ചിലായിരുന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് നാഗൂര് ദര്‍ഗ എന്നൊരു പേര്. നാഗപട്ടണം കഴിഞ്ഞു കാര്‍ പോയിട്ടും ആ പേര് മനസ്സില്‍ ഉടക്കി കിടന്നു. ആ നിമിഷം ഫോണെടുത്തു ഞാന്‍ നോക്കി. ആ സ്ഥലത്തിന്റെ പ്രത്യേകത. ആ പള്ളി.
ഞാന്‍ കഥ തിരയാന്‍ തുടങ്ങി. അന്വേഷിച്ചു തുടങ്ങി. യാത്ര അവസാനിച്ചു മടങ്ങിയപ്പോള്‍ മുതല്‍ മനസ്സിന്റെ സമനില പാടെ തെറ്റി കഴിഞ്ഞിരുന്നു. ചില സമയങ്ങളില്‍ എന്നെ പിടികൂടി പാതി കൊന്നിട്ട് കടന്നു പോകുന്ന അസുഖം. ബോധമനസ്സിനും ഉപബോധമനസ്സിനും ഇടയില്‍ 445 വര്‍ഷം മുന്‍പുള്ള ഒരു സൂഫി സന്യാസിയും ഖബറും കടന്നു വന്നു. പാതി ബോധത്തില്‍ സുധിയേട്ടന്റെ അടുത്ത് ഞാന്‍ പുലമ്പി കൊണ്ടിരുന്നത് എനിക്കവിടെ പോണം എന്ന് മാത്രം. അങ്ങനെ മെയ് 9 വിവാഹവാര്‍ഷികത്തിന്റെ അന്ന് യാത്ര അവസാനിച്ചത് അവിടെയാണ്. നാഗൂര് ദര്‍ഗയില്‍.
നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ ആ പള്ളി കണ്ടു. വിറക്കുന്ന കൈയും കാലും. എന്റെ മനസ്സൊക്കെ കൈവിട്ടു പോയിരുന്നു. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം സത്യമായിരുന്നു.
എന്നെ കടന്നു പോകുന്ന പര്‍ദ്ദയിട്ട ആ നാലു സ്ത്രീകള്‍ വരെ. ഷാഹുല്‍ ഹമീദ് എന്ന ആ ദിവ്യനായ സൂഫി സന്യാസിയെ അടക്കം ചെയ്ത മണ്ണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. സുധിയേട്ടന് ഉള്ളില്‍ കയറി. ഞാന്‍ പുറത്ത് നിന്നു. ആ പടികളില്‍ കൈ വയ്ക്കുമ്പോള്‍ ഞാന്‍ കരഞ്ഞു. ഞാന്‍ അഭയം തേടി വന്നതാണ്. അവിടുത്തെ കഥകള്‍ ഞാന്‍ വായിച്ചിരിക്കുന്നു, അറിഞ്ഞിരിക്കുന്നു. ഒരു പ്രാവിന്റെ ദേഹം മുഴുവനും ഇരുമ്പ് ആണികള്‍ തറച്ചു ദുര്‍മന്ത്രവാദം ചെയ്തു തളര്‍ത്തിയിട്ട തഞ്ചാവൂര്‍ രാജാവിനെ അവിടുന്ന് രക്ഷിച്ചത്. പ്രാവില്‍ നിന്നും ഓരോ ആണികള്‍ ഊരിയെടുക്കുമ്പോഴും രാജാവ് പിടഞ്ഞു. ഒടുവില്‍ പ്രാവിനെ രക്ഷിച്ചു പറത്തി വിട്ടപ്പോള്‍ രാജാവും രക്ഷപെട്ടു. തന്റെ പ്രാണന് പകരം രാജാവ് സമ്മാനിച്ച സ്ഥലം. നാഗൂര്.
ഞാനും അഭയം തേടി വന്നിരിക്കുന്നു. എന്നെ ഇവിടെ കൊണ്ട് വന്ന് നിര്‍ത്തിയത് എന്റെ ഭ്രാന്തമായ സ്വപ്നമാണ്. രക്ഷിക്കണം. രക്തമൊഴുകാത്ത മുള്ളുകള്‍ തറച്ച മുറിവുകള്‍. എന്റെ മനസ്സും ശരീരവും മുള് ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നു. വേദന. ഞാന്‍ ഓടി തളര്‍ന്നിരിക്കുന്നു. എന്റെ ശത്രു ശക്തിമാനാണ്. പറ്റുമെങ്കില്‍ ആ ശത്രുവിനെ തോല്‍പ്പിച്ചു അവിടുന്ന് എന്നെ രക്ഷിക്കുക.
ഞാന്‍ കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ തേജസ്സുള്ള ഒരു വൃദ്ധന് എന്നെ നടയിലേക്ക് വിളിച്ചു. തലയില്‍ മയില്‍പ്പീലി കെട്ട് കൊണ്ട് ഉഴിഞ്ഞു. കൈകളില്‍ മുല്ലപ്പൂക്കള്‍ തന്നു. ദേഹത്തേക്ക് സാമ്പ്രാണി ഉഴിഞ്ഞു. നെറ്റിയില്‍ നെയ് തൊടുവിച്ചു. പ്രാര്‍ഥിച്ചു. ഒരു കുപ്പിയില്‍ നെയ് തന്നു അത് കൊണ്ടുപോയ്ക്കോളാന്‍
പറഞ്ഞു. അവിടെ തടിച്ച തൂണുകള്‍ക്കിടയില്‍ ഉറുമ്പിന് കൂട്ടം പോലെ ആളുകള്‍. അത്രയൊന്നും സുഖകരമല്ലാത്ത കാഴ്ചകള്‍. പൊട്ടിയും പഴുത്തും വിശന്നും വേദനിച്ചും അഭയം തേടി വന്നവര്‍. ചുരുണ്ടു കൂടി കിടക്കുന്ന മനുഷ്യര്‍. നിറഞ്ഞ കണ്ണുകളോടെ കൈകള്‍ ഉയര്‍ത്തി പ്രാര്ഥിക്കുന്നവര്.
ഭക്ഷണത്തിന്റെ വണ്ടി വന്നു നില്ക്കുമ്പോള് ആര്‍ത്തിയോടെ പായുന്ന മനുഷ്യര്‍. വിശപ്പ്, വേദന, രോഗം അനാഥത്വം. പിളര്‍ന്നു പോയ മനുഷ്യരെ അവിടെ കാണാം.
ഒരു രൂപ തുട്ടിനു വേണ്ടി പോലും തമ്മില്‍ തല്ലുന്ന യാചകര്‍. ജീവിതം. അത്
നമ്മള് കണ്ടതൊന്നുമല്ല എന്ന് പഠിപ്പിക്കുന്ന ഒരിടം. നാഗൂര് ദര്‍ഗ. ഷാഹുല്‍ ഹമീദ് എന്ന ആ വിശുദ്ധനായ സൂഫി സന്യാസി ഉണര്‍ന്നിരിക്കുന്ന ഇടം. എന്റെ ഉള്കണ്ണില് ആ മുഖം എനിക്ക് കാണാം.
എന്നെ ഇവിടെ കൊണ്ടെത്തിച്ച ആ കുസൃതി നിറഞ്ഞ കണ്ണുകള്‍. ചിരി.