മെസ്സിയുടെ പെനാൽറ്റി മിസ്
|മെസ്സിയുടെ പെനാൽറ്റി മിസ്സെന്ന യാഥാർഥ്യം കൺമുന്നിൽ അനുഭവിച്ച നിമിഷങ്ങൾ
2020 എന്ന ആവേശ വർഷം
പ്രമുഖമായ സ്റ്റേഡിയങ്ങളിൽ നിന്ന് അകലെയാണ് താമസിക്കുന്നതെങ്കിലും ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ സ്ക്രീനിങ് നടക്കുന്ന ബാറുകളിലെ ഫുട്ബോൾ ചർച്ചകളും മറ്റുമായി ഞാൻ എന്റെ ഫുട്ബാൾ പ്രാന്തിൽ മുഴുകി. അതിനിടയിലാണ് മെസ്സി ബാഴ്സലോണ വിടുന്നെന്ന വാർത്ത ഇടിത്തീ പോലെ വരുന്നത്. ഒട്ടും അമാന്തിക്കാതെ ഞാൻ താമസിക്കുന്ന ഇടത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ബാർഴ്‌സലോണയിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു.
സ്റ്റേഡിയത്തിന് പുറത്ത് ചുറ്റിനടന്ന് പത്രക്കാരോടും ആരാധകരോടും സംസാരിച്ചതിൽ നിന്ന് ലയണൽ മെസ്സി ക്ലബ്ബിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം അർഹിച്ചിരുന്നുവെന്ന യാഥാർഥ്യവുമായി ഞാൻ പൊരുത്തപ്പെട്ടു. മെസ്സിയുമായുള്ള കറ്റാലന്മാരുടെ വൈകാരിക അടുപ്പം വിവരണാതീതമാണ്. അവർക്ക് മെസ്സി അവരിലൊരാളാണ്, അവരുടെ സ്വകാര്യ സ്വത്ത്. മെസ്സിക്കും ബാഴ്‌സലോണ അതുപോലെ ആയിരുന്നു. യാഥാർത്യം അംഗീകരിക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. എന്റെ ഫുട്ബോൾ ജേണലിസം കരിയറിലെ ഏറ്റവും ആവേശഭരിതവുമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. അത് എനിക്ക് മികച്ചൊരു തുടക്കം കൂടിയായിരുന്നു.
വെറും ആരാധികയിൽ നിന്നും അംഗീകൃത മാധ്യമപ്രവർത്തകയിലേക്ക്
2020 ൽ സെവിയ്യയിലേക്ക് താമസം മാറിയതിന് ശേഷം സെവിയ്യ ക്ലബിന്റെ ഹോം ഗ്രൗണ്ടിന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള ഒരു സ്ഥാപനത്തിൽ ലാംഗ്വേജ് അസിസ്റ്റന്റ് ആയി ജോലി നോക്കവേ മത്സരങ്ങൾ കാണാൻ ആ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.പക്ഷെ കോവിഡ് മഹാമാരി മൂലം പൊതുജനത്തിന് പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നില്ല. മാധ്യമ പ്രവർത്തകക്കുള്ള അക്രഡിറ്റേഷൻ നേടിയെടുക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചതും അതുകൊണ്ട് തന്നെയാണ്.
2021 ജനുവരി പതിനേഴിന് സെവിയ്യയിലെ തന്നെ Estadio de La Cartuja യിൽ അത്ലറ്റിക്കോ ബിൽബാവോയും ബാഴ്‌സലോണയും തമ്മിലുള്ള സ്പാനിഷ് സൂപ്പർ കപ്പിലെ ഫൈനൽ മത്സരം നടന്നപ്പോൾ മണിക്കൂറുകളോളം പുറത്ത് കാത്ത് നിന്ന ആയിരക്കണക്കിന് ആരാധകരിൽ ഞാനുമുണ്ടായിരുന്നു. ഗർഭകാലം നൽകിയ കാലിലെ നീരുമായിട്ടായിരുന്നു എന്റെ നിൽപ്പ്. അക്രഡിറ്റേഷനുള്ള എന്റെ അപേക്ഷ തള്ളിയിരുന്നു. എന്നിരുന്നാലും കളിക്കാർ പോകുന്ന ബസെങ്കിലും ഒരു നോക്ക് കാണണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
അന്ന്മുതൽ 2021 ഫെബ്രുവരി പത്താം തീയതി കോപ്പ ഡെൽ റെയിൽ സെവിയ്യയും ബാഴ്‌സലോണയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിന് മറ്റ് മാധ്യമപ്രവർത്തകർക്കൊപ്പം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും വരെ അക്രഡിറ്റേഷൻ പ്രക്രിയക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും മനസിലാക്കാനായി അത്രകാലത്തെ സ്പെയിൻ ജീവിതത്തിൽ ഞാനുണ്ടാക്കിയ എല്ലാ മാധ്യമ സുഹൃത്തുക്കളെയും ബന്ധപ്പെട്ടുക്കൊണ്ടിരുന്നു.
കണ്മുന്നിൽ മെസ്സി കളിക്കുന്നത് രണ്ടാം തവണയാണ് കാണാൻ പോകുന്നത്. എന്നാൽ ഇത്തവണ ഒരു പൈസ പോലും മുടക്കാതെ സ്വന്തം കഠിന പരിശ്രമം കൊണ്ട് നേടിയെടുത്ത അംഗീകൃത മാധ്യമപ്രവർത്തകക്കുള്ള റിസർവ്ഡ് സീറ്റിൽ ഇരുന്നപ്പോൾ ഞാൻ ഏറെ അഭിമാനിച്ചു; എന്റെ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എന്റെ വയറ്റിൽ ഒരു പുതുജീവൻ ഏഴ് മാസം പിന്നിട്ട ആ കാലത്ത് യൂറോപ്പിലെ പ്രമുഖ മാധ്യമപ്രവർത്തകർക്കൊപ്പം മീഡിയക്കും ക്ലബ് അധികൃതർക്കും മാത്രം പ്രവേശനാനുമതിയുള്ള മത്സരം ഞാൻ കണ്ടു. മത്സരം നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്യുന്ന എന്റെ ആദ്യ മത്സരമായിരുന്നു അത്.
അത്യാഹ്ലാദത്തിൽ ആവേശഭരിതയായി ഞാൻ കണ്ണിമ ചിമ്മാതെ ആ മത്സരം കണ്ടു. ഷോട്ടുകളിൽ അറിയാതെ എഴുന്നേറ്റ് ചാടി. ചാമ്പ്യൻസ് ലീഗിലെ അവസാന പതിനാറിലെ സെവിയ്യയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലെ മത്സരവും അംഗീകൃത മാധ്യമ പ്രവർത്തകയായി ഞാൻ കണ്ടു.
പരിശീലനവും പത്രസമ്മേളനങ്ങളും
സെൽറ്റ വിഗോയുടെ തട്ടകമായ സെൽറ്റിക്ക് തീരത്തായിരുന്നു ഒക്ടോബർ 2021 മുതൽ എന്റെ വീട്. അക്രഡിറ്റേഷനുള്ള എന്റെ ശ്രമങ്ങൾ മൂന്നാമതും ഫലം കണ്ടു. കഴിഞ്ഞ മാസം പതിനഞ്ചിന് നടന്ന റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗിലെ അവസാന പതിനാറിലെ മത്സര ദിനത്തേയും അതിന് മുൻപത്തെ ദിനത്തേയും പരിശീലനമുൾപ്പെടെയുള്ള പ്രവൃത്തികൾ കവർ ചെയ്യാൻ പി.എസ്.ജി എനിക്ക് അനുമതി നൽകി. വിഗോയിൽ നിന്നും പാരിസിലേക്കുള്ള യാത്ര രണ്ട് കാരണങ്ങൾ കൊണ്ട് ദൈർഘ്യമേറിയതായിരുന്നു. ഞങ്ങളുടെ എട്ടുമാസം മാത്രം പ്രായമായ കുഞ്ഞുമാലാഖയെ കാണാതെ നിന്ന മൂന്ന് ദിവസങ്ങളായിരുന്നു അത്. ഇതാദ്യമായാണ് ഞാൻ ഇത്രയും ദിനം പിരിഞ്ഞിരുന്നത്. തൊഴിൽ ദിനങ്ങളുടെ നഷ്ടമായിരുന്നു രണ്ടാം കാരണം. എന്നാൽ ആ ദിനങ്ങൾ അതിനെല്ലാം മറികടക്കാൻ കഴിവുള്ള ഓർമ്മകൾ തന്നതായിരുന്നു. പാരിസിൽ ഞാൻ ചെലവഴിച്ച ആ രണ്ട് ദിനങ്ങൾ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ എന്റെ ഏറ്റവും സഫലമായ അനുഭവമായിരുന്നു.
പി.എസ്.ജിയുടെ പരിശീലന ഗ്രൗണ്ടായ ക്യാമ്പ് ഡി ലോഗസ് പലനിലക്കും ചരിത്രമുറങ്ങുന്ന മൈതാനമാണ്. പൊതുജനത്തിന് പ്രവേശനനാനുമതി ഇല്ലാത്ത അവിടേക്ക് മറ്റു അംഗീകൃത ഫോട്ടോഗ്രഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ഒപ്പം ഞാനും കടന്നു. മെസ്സി, എംബപ്പേ, നെയ്മർ, ഡി മരിയ, റാമോസ് അങ്ങനെ പലരും എനിക്ക് മീറ്ററുകൾ മാത്രം മുന്നിൽ കളിചിരികളും പരിശീലനവുമായി കളത്തിൽ. കണ്ണിമ ചിമ്മാത്ത പതിനഞ്ച് നിമിഷങ്ങൾ. അങ്ങനെ മൂന്നാം തവണയും ഞാൻ മെസ്സിയെ കണ്ടു.
പി.എസ്.ജിയുടെ പരിശീലന മൈതാനത്ത് നിന്നും ഇരുപത്തഞ്ച് കിലോമീറ്റർ അകലെയുള്ള ഹോം ഗ്രൗണ്ടിലേക്ക് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് എത്താൻ കുറഞ്ഞത് ഒന്നര മണിക്കൂർ വേണം. അത്കൊണ്ട് തന്നെ പി.എസ്.ജിയുടെ പത്രസമ്മേളനത്തിലെത്താൻ ഞാൻ വൈകി. റയൽ മാഡ്രിഡിന്റെ പത്രസമ്മേളനത്തിനായി ഒരു മണിക്കൂറോളം ഞാൻ കാത്ത് നിന്നു. ആ നില്പിൽ ഞാൻ ചോദ്യങ്ങൾ കുറിച്ച് വെച്ചു.
കരിം ബെൻസേമ പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് നടന്ന് വന്നു. റയൽ മാഡ്രിഡ് മീഡിയക്ക് ആയിരുന്നു ചോദ്യം ചോദിക്കാനുള്ള ആദ്യ അവസരം.പത്ത് ചോദ്യങ്ങൾ മാത്രം അനുവദിച്ച ആ പത്രസമ്മേളനത്തിൽ പെരുമാറ്റച്ചട്ടം നോക്കാതെ നിരന്തരമായി കയ്യുയർത്തി നിന്ന എനിക്കും അവസാനം ചോദ്യം ചോദിയ്ക്കാൻ അവസരം ലഭിച്ചു. ഒരു അന്താരാഷ്ട്ര കളിക്കാരനുമായുള്ള എന്റെ ആദ്യത്തെ സംസാരം.
നാലാം തവണയും മെസ്സിയെ കണ്ടു
അദ്ദേഹത്തെ വാനോളം പുകഴ്ത്തിയ ആരാധകരുടെ ആവേശങ്ങൾ ആ ഒരു നിമിഷം അടങ്ങി. പ്രതീക്ഷയോടെ കാത്തുനിന്ന കാണികളുടെ കണ്ണിൽ നിരാശ മാത്രം. മെസ്സിയുടെ പെനാൽറ്റി തടഞ്ഞിട്ട് റയൽ ഗോളി. മെസ്സിയുടെ പെനാൽറ്റി മിസ്സെന്ന യാഥാർഥ്യം കൺമുന്നിൽ അനുഭവിച്ച നിമിഷങ്ങൾ. വിവരിക്കാനാവുന്നതിലും അപ്പുറമാണ് എന്നിലെ മെസ്സി ആരാധികക്ക് ആ നിമിഷം.
ഞാൻ മെസ്സിയെ കണ്ട നാല് തവണയും നാല് അനുഭവങ്ങളായിരുന്നു. ആദ്യ തവണ അദ്ദേഹം മികച്ച ഫോമിലായിരുന്നു. രണ്ടാം തവണ അടച്ചിട്ട സ്റ്റേഡിയത്തിൽ, മൂന്നാം തവണ പരിശീലന മൈതാനത്ത് നാലാം തവണയോ പെനാൽറ്റി നഷ്ടമാക്കുന്നതും.