Life Story
കാളിയമ്മ
Life Story

കാളിയമ്മ

ബീനാവിനോദ് കോവൂര്‍
|
7 April 2024 1:55 PM GMT

| ഓര്‍മ

കാളിയമ്മ രാവിലെ വീട്ടുജോലിക്ക് പോവാനിറങ്ങി. ഭര്‍ത്താവ് രാമുട്ടിയോടൊപ്പം മൂര്യാട് എന്ന സ്ഥലത്ത് ആയിരുന്നു ജോലി. കാളിയമ്മ ഒരുങ്ങി പോവുന്നത് കാണാന്‍ അടുത്തുള്ളവര്‍ക്ക് ഒരു ഹരമാണ്. വക്കീലിന്റെ ഭാര്യ നല്‍കിയ മണമുള്ള പൗഡറുമിട്ടു അവര്‍ ഇറങ്ങുമ്പോള്‍ തന്നെ ആക്കാലത്തു അതിന്റെ മണമടിച്ചാല്‍ എല്ലാവര്‍ക്കും മനസിലാവും കാളിയമ്മ ഇറങ്ങിയെന്ന്.

'കാളീ.... നീ നുപ്പേ നട ഏന്‍ പിറകെയുണ്ട്.' രാമുട്ടി പറയും. കാളിയമ്മയുടെ പിറകെ നടക്കാനാണ് അയാള്‍ക്ക് ഇഷ്ട്ടം.

ഒത്ത തടിയും, ഉയരവുമുള്ള കാളിയമ്മ നേര്യതും ഉടുത്തു പോവുന്നതും കാണാന്‍ നല്ല ചന്തമാണ്. നിറഞ്ഞു കവിഞ്ഞ മാറുമറക്കാന്‍ നേര്യതുകൊണ്ട് അവര്‍ വല്ലാതെ ബുദ്ധിമുട്ടും. മുട്ടറ്റമുള്ള ചുരുണ്ട മുടി അവരുടെ നിതംബത്തെ മറയ്ക്കും. അതിന്റെ തുഞ്ചം കെട്ടി അരയന്നം പോലെ നടക്കും. ബസ്സ്‌റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ എല്ലാവരെയും വിളിച്ചിട്ടേ പോവുകയുള്ളൂ.

പത്തെഴുപത്തഞ്ചു പ്രായമായ അവരെ കാണുന്ന നിമിഷം ചെറുപ്പക്കാരന്‍മാര്‍ 'കാളീ....'. എന്നൊരു നീട്ടിവിളിയാണ്.

' ന്മാരെ... ' എന്ന് വെറ്റിലക്കറ പുരണ്ട പല്ല് ഇളിച്ചുകാട്ടി കാളിയമ്മയും നീട്ടിവിളിക്കും.

ചെറുപ്പകാരോട് കുശലം പറഞ്ഞിട്ടേ പിന്നെ ബസ്സില്‍ കയറുകയുള്ളൂ.

ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴും സ്ഥിതി അതുതന്നെ. ആനയുടെ പിറകെ പാപ്പാനെപ്പോലെ രാമൂട്ടിയും ഉണ്ടാവും. നാലു പെണ്ണും ഒരു മകനുമാണ് അവര്‍ക്ക്. കാളിയുടെ സൗന്ദര്യമൊന്നും അവര്‍ക്ക് കിട്ടിയിട്ടില്ല.

വൈകിയിട്ടുള്ള എണ്ണ തേച്ച കുളി അവര്‍ക്ക് നിര്‍ബന്ധമാണ്. മുടി മടിയിലേക്ക് നീട്ടിയിട്ട് 100 ഗ്രാം എണ്ണ ആ മുടിയില്‍ തേച്ചു മിനുക്കി കിണറ്റിന്‍കരയില്‍ ഒറ്റ മുണ്ടുമുടുത്ത് ഒരു കുളിയാണ്. കണ്ടു മടുത്തതിനാല്‍ കാളിയമ്മയുടെ കുളി ആര്‍ക്കും ഒരു പുത്തരിയല്ല. അതുകൊണ്ട് തന്നെ കാണുന്നവര്‍ക്കും ഒരു പ്രശ്‌നമല്ലായിരുന്നു. കുളികഴിഞ്ഞ് ഉമ്മറക്കോലായില്‍ ഇരുന്ന് ഒരു മുറുക്കല്‍ പതിവാണ്. പടിക്കല്‍ കൂടെ പോകുന്നവരെ എല്ലാം വിളിച്ചുവരുത്തും കുശലം പറയാനും മുറുക്കാനും. ഗോവിന്ദേട്ടന്റെ ചെറുമകനെ കണ്ടാല്‍ കാളിയമ്മക്ക് വല്ലാത്തൊരു വാത്സല്യമാണ്. ചെറിയമ്പ്ര ഒന്ന് മുറിക്കിട്ട് പോ. അത് കേള്‍ക്കേണ്ട താമസം വെറ്റില തുമ്പും പൊട്ടിച്ച് നെറ്റിയില്‍ ഒട്ടിച്ച് എല്ലാം കൂട്ടി ഒന്നു മുറുക്കിയിട്ടേ അവന്‍ പോവുകയുള്ളൂ.

തറവാടിയായ ഗോവിന്ദേട്ടന്‍ വരുമ്പോള്‍ മാത്രം ഓച്ഛാനിച്ച് നില്‍ക്കുന്ന കാളിയമ്മയെ കണ്ടിട്ടുണ്ട്.

' എന്താ കാളി സുഖമല്ലേ ' ഗോവിന്ദേട്ടന്‍ ചോദിക്കും.

'ഏന് സുഖാണ്. വലിയമ്പ്രാ... എന് അരച്ചു ഊട്ടാന്‍ ഒന്നൂല്ല '.

' നീ പറമ്പില്‍ നിന്ന് നാളികേരമെടുത്തോ '. ഗോവിന്ദേട്ടന്‍ പറയും.

' വലിയമ്പ്രാ.,..... ഏന്‍ ഇമ്പച്ചക്ക് എശക്കുന്നുണ്ട് കുടീല്‍ നിന്നു മോങ്ങുകയാ ' (മക്കള്‍ക്ക് വിശക്കുന്നുണ്ട്. കുടില്‍ നിന്നു കരയുകയാ).

' നീയും രാമുട്ടിയും വീട്ടുപണിക്ക് പോകുന്നില്ലേ. എന്നിട്ടും മക്കള്‍ക്ക് വിശപ്പ് അകറ്റാന്‍ കഴിയുന്നില്ലേ കാളി...' അദ്ദേഹം ചോദിച്ചു..

' തറവാട്ടില്‍നിന്നു നെല്ലുവാങ്ങിക്കോ. എന്നിട്ട് പിള്ളേര്‍ക്ക് കഞ്ഞിവെച്ചു കൊട്. പണിക്കാരോട് വര്‍ത്തമാനം പറഞ്ഞു നില്‍ക്കാതെ വേഗംചെല്ല്. '

' എമ്പ്രാന് ഏറിയ കൊണം കിട്ടും' കാളി പറഞ്ഞു.

അച്ഛച്ചന്റെ കൂടെ വയലില്‍ പോവുന്ന എനിക്ക് കാളിയുടെ സംസാരം അത്ഭുതമായിരുന്നു. ജന്മിയായ ഗോവിന്ദന്‍ എന്ന അച്ഛച്ചനെ എല്ലാവരും തൊഴുതു നില്‍ക്കും.

' വയല്‍ കിളാന്‍ ആളു വരുന്നുണ്ട്. ഞാറു നടണം നീ കൂടില്ലേ കാളി.'

' ഏന്‍ കൂട്ടിയാല്‍ കൂടോ എമ്പ്രാ '

' രാമുട്ടി ഉണ്ടാവില്ലേ, പിന്നെ നിന്റെ ലോഗ്യക്കാരായ ജാനു, ദേവകി, ചിരുത എല്ലാവരെയും കൂട്ടിക്കോ '

' ഏന്‍. പറയാം' പിന്നെ തല ചൊറിഞ്ഞു കാളി നിന്നു. ആ നില്‍പ്പ് കണ്ടപ്പോള്‍ ഗോവിന്ദേട്ടന്‍ രണ്ടണയെടുത്തു കാളിക്ക് കൊടുത്തു.

ആ വഴിവന്ന ദേവകിയെ കണ്ടപ്പോള്‍. കാളി കൂകി വിളിക്കുന്നത് കേട്ടു.

' ഏവകി..... ആനയില്ലാ എല്ലു ഒയ്യാനോകയാ അമ്പിറാന്റെ ഇയാരുന്നോ ഏവക്കിയെ ' (ഞാന്‍ തമ്പ്രാന്റെ വയലില്‍ നെല്ലുകൊയാന്‍ പോവുകയാ. നീ വരുന്നോ ദേവകിയേ)

' ഏന്‍ പറയാം. കുടിയില്‍ കിടാങ്ങള്‍ ഒറ്റയ്ക്കാ ദേവകി തിടുക്കത്തില്‍ പോയി '

അവര്‍ തമ്മില്‍ സംസാരിച്ചിരിക്കുന്ന സമയം. ആറ്റിലെ മീനിനെ കണ്ട ഞാന്‍ അതിനെ പിടിക്കാന്‍ ഏന്തിയതും തല കുത്തനെ ആറ്റിലേക്ക് വീണു. ഒച്ചകേട്ട അച്ചാച്ചന്‍ ഓടി വന്നു.

' കാളീ....... എന്റെ കുഞ്ഞു' ഉറക്കെ കരഞ്ഞു.

കാളിയമ്മ ആറ്റിലേക്ക് എടുത്തു ചാടി. ഭദ്രകാളിയെപ്പോലെ നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ നീന്തി വന്നു. എന്നെ രക്ഷിച്ചു.

അതെല്ലാം ഇന്നലെ നടന്നസംഭവം പോലെ ഓര്‍മയില്‍ തെളിഞ്ഞു. കാളിയമ്മയുടെ വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ അതിശയിച്ചുപ്പോയി. ഒരു പാട് മാറ്റം റോഡിന് പോലുമുണ്ട്. കുടില്‍നിന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് വീട്. നിറഞ്ഞു പൊന്നു വിളയുന്ന നെല്‍വയലുകള്‍ കാണാനില്ല. കോളനിപോലെ നിറയെ വീടുകള്‍. താന്‍ കുട്ടിക്കമീസുമിട്ടു അച്ചാച്ചന്റെ കൂടെനടന്ന ഞങ്ങളുടെ വയലുകള്‍. മനസില്‍ വല്ലാത്ത വിങ്ങല്‍.

വീട്ടുപടിക്കല്‍ ആരെയും കാണുന്നില്ല. ബെല്ലടിച്ചു കാത്തിരുന്നു. കാളിയമ്മയെ കാണാന്‍ പറ്റുമോ? ഒരു സംശയം.

' ആരാ..' അന്‍പത് വയസുപ്രായം തോന്നുന്ന സ്ത്രീ വാതില്‍ തുറന്നു ചോദിച്ചു.

' കാളിയമ്മയെ ഒന്നു കാണാന്‍. ഞാന്‍ ഗോവിന്ദേട്ടന്റെ മകന്റെ മകള്‍ '

' ഓ... മനസിലായി. അമ്മ പോയില്ലേ മോളെ.. ഒരു വര്‍ഷമായി ' അവര്‍ സങ്കടത്തോടെ പറഞ്ഞു.

പ്രതീക്ഷിക്കാത്ത വാര്‍ത്ത കേട്ടത ്കൊണ്ടായിരിക്കാം ഒന്നും മിണ്ടാന്‍കഴിയാതെ ഞാന്‍ നിന്നു പോയി.

' മോള്‍ കയറിരിക്ക് ' ആ ചേച്ചി പറഞ്ഞു.

' ഇല്ല. പോട്ടെ ഇത്രയിടം വന്നപ്പോള്‍ വന്നതാ . എന്റെ കൈയില്‍ കാളിയമ്മയെക്ക് കൊടുക്കാന്‍ കരുതിയ വെറ്റിലചെല്ലവും. ഒരു പൊതി മുറുക്കാനും ഉണ്ടായിരുന്നു. അത് നിങ്ങള്‍ക്ക് തരട്ടെ '

മം. അവര്‍ ഒന്നു മൂളി.

ഒരു നീറ്റലോടെ പടി ഇറങ്ങുമ്പോള്‍ സുഗന്ധമുള്ള കാറ്റുവീശി. അതെന്റെ നാസികകളെ ഹരം കൊള്ളിച്ചു. കാളിയമ്മയുടെ പൗഡറിന്റെ അതേ മണമായിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കേട്ടു.

' ബീനക്കുട്ടി ഏന്‍ ഈടുണ്ടേ'

Related Tags :
Similar Posts