Life Story
ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആകുന്നവര്‍...
Click the Play button to hear this message in audio format
Life Story

ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആകുന്നവര്‍...

ബഹിയ
|
1 Aug 2022 6:03 PM GMT

ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍... രാവും പകലും ഞാന്‍ കണ്ടുകൊണ്ടേയിരുന്ന ഒരേയൊരു വീട്ടിലെ ഒരേയൊരു മനുഷ്യന്‍. ആ മനുഷ്യനാണ്... ആരും അറിയാതെ... എനിക്ക് മരണത്തോട് തന്നെ വല്ലാത്ത ഒരു പുച്ഛവും അറപ്പും തോന്നി.

അടുക്കളയില്‍ രാത്രി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുത്ത് തന്നെ ഫോണില്‍ യൂട്യൂബില്‍ പി.എസ്.സി ക്ലാസ് മിനി സ്പീക്കറുമായി കണക്ട് ചെയ്തു ഉച്ചത്തില്‍ വെച്ചിട്ടുമുണ്ട്. പല തവണ ആവര്‍ത്തിച്ചു വെച്ചാല്‍ ഒരു ചോദ്യം എങ്കിലും ഉള്ളില്‍ പതിഞ്ഞാലോ? അല്ലെങ്കിലും അടുക്കളയോളം മികച്ച പഠനമുറി മറ്റേതാണ്?

അപ്പോഴാണ് ഉപ്പ വിളിച്ചത്. സ്പീക്കര്‍ ഓഫ് ചെയ്തു പണിക്കിടയില്‍ ഫോണ്‍ എടുക്കാന്‍ ഉള്ള മടി കൊണ്ട് തന്നെ ആദ്യ തവണ എടുത്തില്ല. ബെല്ലടിച്ചു തീര്‍ന്ന ഉടനെ വീണ്ടും വിളി വന്നപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍. ആരെങ്കിലും... സ്പീക്കര്‍ ഓഫ് ചെയ്തു ഫോണ്‍ എടുത്തു.

'അനക്ക് ചന്ദ്രജ്യോതിനെ ഓര്‍മണ്ടാ?' യാതൊരു മുഖവുരയും കൂടാതെ ഉപ്പ ചോദിച്ചു. എങ്ങനെ ഓര്‍ക്കാതിരിക്കാന്‍. ഇപ്പോഴും ദിവസവും പലപ്പോഴും ഉപയോഗിക്കാറുള്ള പേര്. ഒരിക്കല്‍ പോലും നേരിട്ട് കാണാഞ്ഞിട്ടും മക്കള്‍ക്കെല്ലാം സുപരിചിതമാണ് ആ പേര്.

'ഓര്‍മല്ലാണ്ട് പിന്നെ...'

'ന്നാ, അവന്‍ മരിച്ചിട്ടാ... ഇന്ന് ഉച്ചക്കാണ് അറിഞ്ഞത്. മ്മളെ കൊവ്വിന്റെ അവിട്‌ത്തെ ഫ്‌ളാറ്റില്ലേ, അതില്‍ ഒന്നിന്റെ മോളിലേര്‍ന്ന് അവസാനം വാടകക്ക് നിന്നേര്‍ന്നത്. ഇള്ള സ്ഥലൊക്കെ ഫ്‌ളാറ്റ്ണ്ടാക്കാന്‍ വിറ്റിട്ട് അവസാനങ്ങനെ വാടകക്ക് മാറി മാറി പാര്‍ക്കല്ലേര്‍ന്നാ... ഒറ്റക്കിങ്ങനെ തീനും കുടീം സെറ്റും പാര്‍ക്കലും ഒക്കായാ ആരെന്ത് അറിയാനാ... നാറ്റടിച്ച് സഹിക്കെട്ടപ്പോ ബാക്കി ഫ്‌ളാറ്റേളിലും പരിസരത്തും ഉള്ളോര് പോലീസിനെ വിളിച്ച്... പൊലീസൊക്കെ വന്ന് തൊറന്ന് നോക്കുമ്പോ കസേരേലിരുന്ന് മരിച്ചേക്കണ്. നാല് ദിവസേങ്കിലും ആയീണ്ടാവും ത്രേ... ആകെ...' ഉപ്പ പിന്നെയും എന്തൊക്കെയോ പറഞ്ഞു. ഞാന്‍ ഒന്നും കേട്ടില്ല.

കണ്ണുകളും കാതുകളും പണിമുടക്കിയ പോലെ... മുന്നില്‍ 'ആട് പുലിയാട്ടം' സിനിമയിലെ സീനുകള്‍ തെളിഞ്ഞു വരുന്ന പോലെ. എനിക്കെന്തോ ഓക്കാനിക്കാന്‍ തോന്നി... പിന്നെ ഒന്നുറക്കെ ചീറിക്കരയാനും. അയാളെന്റെ ആരുമല്ല. ആരും... എന്റെ പേരു പോലും ചിലപ്പോള്‍ അയാള്‍ക്ക് അറിയുമായിരുന്നില്ലായിരിക്കാം... 'പൂക്കല്‍ത്തെ മോമ്മുണ്ണിക്കാടെ എളേ മോള്' എന്ന് പറഞ്ഞാലല്ലാതെ മനസ്സിലാവാനും വഴിയില്ല. എന്നിട്ടും എനിക്ക് ഉറക്കെ കരയാന്‍ തോന്നി.

ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍... രാവും പകലും ഞാന്‍ കണ്ടുകൊണ്ടേയിരുന്ന ഒരേയൊരു വീട്ടിലെ ഒരേയൊരു മനുഷ്യന്‍. ആ മനുഷ്യനാണ്... ആരും അറിയാതെ... എനിക്ക് മരണത്തോട് തന്നെ വല്ലാത്ത ഒരു പുച്ഛവും അറപ്പും തോന്നി. 'ഒറ്റാന്തടിയാണ്. അത്ര ചെറിയ പ്രായവും അല്ല.' അതിനാല്‍ തന്നെ മരണത്തിന് തിരഞ്ഞെടുപ്പ് തെറ്റിയെന്ന തോന്നലില്‍ ഒന്നും ആയിരുന്നില്ല ആ അസ്വസ്ഥത. 'ചത്തു കിടക്കുമ്പോഴും ചമഞ്ഞു കിടക്കണം' എന്ന ഉള്ളിലെ ആഴ്ന്നു പോയ ബോധ്യത്തെ അപ്പാടെ തകര്‍ത്തതിനാലായിരുന്നു അത്.

ചന്ദ്രജ്യോതി എന്ന പേര് തന്നെ എന്റെ ഉള്ളില്‍ നിറച്ചിരുന്നത് അത്തരം ചില മരണക്കാഴ്ചകളും ഓര്‍മകളും ആയിരുന്നു. യാതൊരു വിധ മറയുമില്ലാതെ ചേര്‍ന്ന് നിന്ന ഞങ്ങളുടെ പറമ്പുകളില്‍ പടിഞ്ഞാറു ഭാഗം ചന്ദ്രജ്യോതിയുടെ വീട്ടുകാരുടേത് ആയിരുന്നു. 'മണ്ണാന്റോട്‌ത്തെ' അങ്ങനെയാണ് പറയുക. മണ്ണാനും മണ്ണാത്തിയും രേണുകയും ചന്ദ്രജ്യോതിയും... മുറ്റത്ത് നിറയെ ചുവന്ന തെച്ചിപ്പൂക്കള്‍ കുലകുലയായി നില്‍ക്കുന്ന വെളുത്ത വീട്. എപ്പോഴും അടിച്ചിട്ട മുറ്റം. വെള്ളത്തുണിയും റൗക്കയുമിട്ട, ചെവിയില്‍ വലിയ തുളയുള്ള മണ്ണാത്തി എന്ന അമ്മ്വേച്ചി.

ഒരു ദിവസം ഉറക്കമുണര്‍ന്നത് 'മണ്ണാത്തി മരിച്ചു' എന്ന വാര്‍ത്തയിലേക്കാണ്. 'ചെറിയ കുട്ടികള്‍ മരിച്ചോട്ത്ത് പോവേണ്ട, മയ്യിത്ത്കാണേണ്ട, പേടിക്കും' തുടങ്ങിയ ഉമ്മാടെ വീക്ഷണം മരണത്തെ ഒരു ഉത്തരം കിട്ടാത്ത ചോദ്യമാക്കി ഉള്ളില്‍ ശേഷിപ്പിച്ചു. വല്ലപ്പോഴും അടുത്ത വീട്ടില്‍ പോയി അല്‍പ നേരം കാണുന്ന ടി.വിയില്‍ പോലും ഒരു മരണം അത് വരെ ഞാന്‍ കണ്ടിട്ടുമില്ലായിരുന്നു...

പതിയെ കണ്ണു തിരുമ്മി ഉമ്മറത്ത് വന്നപ്പോള്‍ മുറ്റത്തിനപ്പുറത്തേക്ക് മൂട്ടയെ ഓടിക്കാന്‍ സ്ഥാപിച്ച കട്ടിലില്‍ ഇരുന്ന് മൂത്തവരെല്ലാം പടിഞ്ഞാട്ട് നോക്കുന്നു. അല്പം പൊന്തി നില്‍ക്കുന്ന ഒരു മണ്‍തിട്ടയ്ക്കു ചുറ്റും നനഞ്ഞൊട്ടിയ വെള്ളത്തുണിയുടുത്ത ചന്ദ്രജ്യോതി തോളില്‍ ഒരു കുടവും വെച്ച് നടക്കുന്നു. ആരോ ഒരാള്‍ ഇടക്കിടെ അതില്‍ എന്ത് കൊണ്ടോ കൊട്ടുന്നുണ്ട്. പിന്നെ അതങ്ങ് താഴെ ഇട്ടതും കൃത്യമായി നടുഭാഗം വട്ടത്തില്‍ തന്നെ പൊട്ടുന്നു. അതെങ്ങിനെയാണ് കൃത്യമായി പൊട്ടിയത് എന്ന ഗാഢ ചിന്തയില്‍ ആണ്ടിരിക്കെയാണ് ഉമ്മ അങ്ങോട്ട് വന്നതും അകത്തേക്ക് ഓടിച്ചതും. എങ്കിലും പിന്നീട് എന്നും മരണം എന്ന് കേട്ടാല്‍ നനഞ്ഞ, വെള്ളത്തുണി എടുത്ത ചന്ദ്രജ്യോതിയുടെ രൂപമാണ് ആദ്യം ഓര്‍മയില്‍ വരാറുള്ളത്.

നഴ്‌സറി ക്ലാസിലേക്ക് കൊണ്ട് വിടാനും തിരിച്ചു വിളിക്കാനും ഇടക്ക് കുടിക്കാന്‍ സ്റ്റീലിന്റെ തൂക്കു പാത്രത്തിലാക്കി പാലു തരാനും.. അങ്ങനെ മൂന്നു തവണ നഴ്‌സറി വരെ നടക്കാനുള്ള പ്രയാസം കൊണ്ടാകണം അന്നൊക്കെ ഉമ്മ പലപ്പോഴും വഴിയില്‍ വെച്ച് 'ഇവളെ ഒന്ന് നഴ്‌സറിയില്‍ ആക്കണേ' എന്ന് പലരേയും ഏല്‍പിച്ചിരുന്നത്. സ്‌കൂള്‍ കാലത്തും അവര്‍ ആ ശീലം തുടര്‍ന്നു പോന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ പല പല അപകട സാധ്യതകള്‍ ഉണ്ടായിരുന്ന ആ ഏല്‍പിക്കലുകളില്‍ ഒന്നിലും ഉമ്മാക്ക് പിഴച്ചില്ല. നഴ്‌സറിക്കടുത്ത് മിഷീനടിക്കണ ദിലീപേട്ടനും വല്ലപ്പോഴും ചന്ദ്രജ്യോതിയും പണിക്ക് വന്നിരുന്ന സോമേട്ടനും ജ്യൂസ് കടയിലെ ഗോപ്യേട്ടനും ചിത്തൂന്റേം ചിഞ്ചൂന്റേം അച്ഛനും... ആരും വിശ്വാസം ലംഘിച്ചില്ല. എന്ന് മാത്രമല്ല, സ്വന്തം രക്തത്തോടെന്ന പോലെ കരുതല്‍ കാട്ടുകയും ചെയ്തു പോന്നു. അങ്ങനെയാണ് ഇടക്കെപ്പോഴോക്കെയോ ചന്ദ്രജ്യോതിയും എന്റെ ആരൊക്കെയോ ആയത്.

പിന്നെ പിന്നെ, ആ വീട്ടില്‍ ചന്ദ്രജ്യോതി ഒറ്റക്കായി. കല്ല്യാണം കഴിക്കാതെ, കുടുംബമുണ്ടാക്കാതെ ഒറ്റക്കൊരു ആണൊരുത്തന്‍ മാത്രമുള്ള വീട്ടിലേക്ക് ഞങ്ങള്‍ പെണ്‍കുട്ട്യോള്‍ക്ക് എന്തു സൗഹൃദം ഉണ്ടാവാനാണ്? എങ്കിലും ഇടക്കിടെ വഴിയില്‍ വെച്ച് കണ്ടും ചിരിച്ചും ഒന്നും രണ്ടും മിണ്ടിയും ഞങ്ങള്‍ തമ്മില്‍ ഒരു സൗഹൃദം പങ്കുവെച്ച് പോന്നു. പിന്നെ, പതിയെ പതിയെ ആ വീട് തകര്‍ന്നു തുടങ്ങി, വള്ളിജാതികളും നായ്ക്കളുമൊക്കെ അകത്തും പുറത്തും വിഹരിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകളില്‍ മൂത്ത ആങ്ങളയുടെ മക്കളെ പേടിപ്പിക്കാനുള്ള ഒരു കഥാപാത്രമായി ചന്ദ്രജ്യോതി. 'വേഗം ചോറ് തിന്നോ ഇല്ലെങ്കില്‍ ഇപ്പൊ വിളിക്കും ചന്ദ്രജ്യോതിനെ...' എന്ന് കഥാപാത്ര മാറ്റം നടത്തി അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചു ഞങ്ങള്‍. അക്കാലത്തും വല്ലപ്പോഴും അപൂര്‍വമായി ഞങ്ങള്‍ റോഡില്‍ വെച്ച് കാണുകയും ചിരിക്കുകയും ചെയ്തു.

അവസാനം കണ്ടത് എന്ന് എന്ന ഓര്‍മയില്ല. അദ്ദേഹത്തിന്റെ വീടിന്റെ പിന്നില്‍ ഒരു കറുപ്പും ക്രീമും നിറമുള്ള നായ ഉണ്ടായിരുന്നതും അദ്ദേഹം അതിനെ പോറ്റിയിരുന്നതും ഓര്‍മയുണ്ട്. അതിനിടെ വിവാഹം കഴിഞ്ഞ് നാടുമാറ്റം ചെയ്യപ്പെട്ട എന്റെ ഓരോ വരവും ഗുരുവായൂരിന്റെ ഓരോ പൊളിച്ചു മാറ്റലുകളിലേക്ക് ആയിരുന്നതിനാല്‍ തന്നെ അന്ന് വരെ കണ്ടിരുന്ന അയല്‍ക്കാര്‍ വീടും പറമ്പും വിറ്റു പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞിരുന്നു. അത്തരം കൂടു മാറലുകള്‍ക്കിടയിലും ഇടിഞ്ഞു പൊളിഞ്ഞ വീടും പരിസരവും അതില്‍ താമസിക്കുന്ന ചന്ദ്രജ്യോതിയും ഒരു അത്ഭുതമായി നിലനിന്നു.

'കിന്റര്‍ജോയ്' മിഠായി വേണമെന്ന് മക്കള്‍ എന്റെ ഉപ്പാട് പറഞ്ഞ അന്നാണ് ചന്ദ്രജ്യോതി ഞങ്ങളുടെ ജീവിതത്തില്‍ വീണ്ടും സജീവമായത്. 'എന്തൂട്ട്? ചന്ദ്രജ്യോത്യാ? അവനെ ഇപ്പോ വാങ്ങാന്‍ പോണെന്തിനാ? ഇവടെന്ന് ഒറക്കെ വിളിച്ചാ പോരേ?' ഉപ്പാടെ തമാശയില്‍ അങ്ങനെ കിന്റര്‍ ജോയ് ചന്ദ്രജ്യോതിയും തേന്‍നിലാവ് രേണുകയുമായി. രേണുക എന്ന് ശരിക്കും ഉച്ചരിക്കാന്‍ കഴിയാഞ്ഞ് മക്കളില്‍ ഒരാള്‍ ഏണുക എന്ന് ഉച്ചരിച്ചതോടെ ആ പേരുകള്‍ പതിഞ്ഞു കിട്ടിയ മിഠായികള്‍ എന്നും ഞങ്ങളില്‍ ആ പേരില്‍ നിറഞ്ഞു നിന്നു.

പിന്നീട് എപ്പോഴോ ഒരിക്കല്‍ ഗുരുവായൂരിലേക്ക് എത്തിയപ്പോഴാണ് ചന്ദ്രജ്യോതിയും പെങ്ങളും ഭാഗം കഴിഞ്ഞെന്നും സ്ഥലം വിറ്റെന്നുമൊക്കെ ഉപ്പ പറയുന്നത്. ഉള്ളില്‍ എങ്ങനെയോ കയറിയ ധാരണ വെച്ച് അദ്ദേഹം പെങ്ങളുടെ കൂടെയാണ് എന്ന് ഞാനും കരുതി പോന്നു. പിന്നീട് ഒരിക്കലും ചന്ദ്രജ്യോതിയെ ഞാന്‍ കണ്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ വീട് നിന്നിരുന്നിടത്ത് മനോഹരമായ ഫ്‌ളാറ്റ് ഉയര്‍ന്നു. ആ ക്രിസ്തുമസ് അവധിക്കാലത്തും ആ പറമ്പും ഫ്‌ളാറ്റും കണ്ട് അവരൊക്കെ ഇപ്പോള്‍ എവിടെയാണാവോ എന്ന് കൂടെ ഉണ്ടായിരുന്നവരില്‍ ആരോടൊക്കെയോ പറയുകയും ചെയ്തു. അവിടുന്ന് വിരലില്‍ എണ്ണാവുന്ന നാളുകള്‍ കഴിഞ്ഞില്ല, അതിന്നിടയിലാണ്...

ഉള്ളിലാകെ ഒരു മരവിപ്പ് നിറഞ്ഞു. കരയാന്‍ കൊതിച്ചിട്ടും കരച്ചില്‍ തൊണ്ടയില്‍ വെച്ച് ചത്തു പോകുന്ന ഒരു അവസ്ഥ. ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആണെന്ന മനസ്സിന്റെ നോവ് ആരോട് പറയാനാണ്? ആര്‍ക്കു മനസ്സിലാവാനാണ്?

ബഹിയ


Similar Posts