മുഖംമൂടികള്‍ അഴിഞ്ഞു വീഴുമ്പോള്‍
|അനീതിക്കെതിരെ കനല്‍ കോരിയിടുന്ന വരികള്‍ കൊണ്ടും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വെമ്പുന്ന വാക്കുകള്‍ കൊണ്ടും സാഹിത്യലോകത്തെ ത്രസിപ്പിക്കുന്ന മഹാന്മാരുടെ സുന്ദരമായ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നത് ഞെട്ടലോടെ കാണേണ്ടി വന്നു. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍
പ്രകൃതിയുടെ നിയമം പോലെ പുതുവര്‍ഷത്തിനു വേണ്ടി പോയവര്‍ഷം വഴിമാറുന്നു. എന്റെ എഴുത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്തതെന്നു മാത്രം വിലയിരുത്തുന്നു. മറ്റൊന്നുമല്ല, വായിക്കാന്‍ തിരഞ്ഞെടുത്തുവെച്ച പുസ്തകങ്ങളില്‍ പലതും വായിച്ചു തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിച്ച പല രചനകളും അപൂര്‍ണ്ണമായി കിടക്കുന്നു. അങ്ങനെയങ്ങനെ കുഞ്ഞുകുഞ്ഞു പരിഭവങ്ങള്‍.
എന്നിരുന്നാലും അനുഗ്രഹീതമായ വര്‍ഷം തന്നെയാണ്. എസ്. രമേശന്‍നായര്‍ സ്മാരക കവിതാ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരത്തില്‍ (കാവ്യപാദപം) എന്റെ കവിതയും ഉള്‍പ്പെട്ടു. മീഡിയാവണ്‍, മനോരമ ഓണ്‍ലൈന്‍, ഇ ദളം എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പുടവ മാസികയില്‍ ഒരു കഥയും പ്രസിദ്ധീകരിച്ചു വന്നു. ഒരു കവിതാസമാഹാരത്തിനു റിവ്യൂ കൊടുക്കാനും സാധിച്ചു. അത് മീഡിയ വണ്‍ പ്രസിദ്ധീകരിച്ചു എന്നുള്ളതും പോയവര്‍ഷത്തെ താളുകളെ ഏറെ മനോഹരമാക്കുന്നു.
ഡോ. സി. രാവുണ്ണി മാസ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാസിസ്റ്റു വിരുദ്ധ കവിത കാമ്പയിനില്‍ എന്റെ കവിതയും ചേര്‍ത്തുവെച്ച് അണിനിരക്കാനായി എന്നുള്ളതും ഏറെ അഭിമാനകരം. ലോകമനസ്സാക്ഷിയെ നടുക്കികൊണ്ടിരിക്കുന്ന മണിപ്പൂര്‍ കൂട്ടക്കുരുതിക്കെതിരെയും, ഭരണകൂടത്തിന്റെ നിസ്സംഗതക്കെതിരെയുമുള്ള സര്‍ഗ്ഗപ്രതിഷേധത്തില്‍ പങ്കുചേരാന്‍ സാധിച്ചു. ഏതുകാലത്തും കവിതയുടെ പ്രഹരശേഷി ചെറുതല്ല എന്നുതന്നെ ഞാനും ഉറച്ചു വിശ്വസിക്കുന്നു. Global voices of poets എന്ന ഉപശീര്‍ഷകത്തില്‍ എത്തുന്ന 'Stain of agony ' എന്ന പ്രസ്തുത ഇംഗ്ലീഷ് കവിതാസമാഹാരം ഏവരും ഹൃദയത്തിലേറ്റുമെന്നു കരുതുന്നു. അവിടെ നിങ്ങള്‍ക്കെന്റെ ശബ്ദവും കേള്‍ക്കാം. ടാഗോറിന്റെ മഹത്തായ വരികള്‍ ഇവിടെ പ്രസക്തം. 'എവിടെ മനസ്സ് നിര്‍ഭയവും ശിരസ്സ് ഉന്നതവും ആകുന്നുവോ എവിടെ സത്യം, നീതി, തുല്യത നിലനില്‍ക്കുന്നുവോ എവിടെ യുക്തിയും ശാസ്ത്രവും ചിന്തയെ രൂപപ്പെടുത്തുന്നുവോ ആ സ്വപ്നരാജ്യത്തിലേയ്ക്കുള്ള യാത്രയില്‍ ഞാനും അണിനിരക്കും.' സാമൂഹ്യപ്രതിബദ്ധതയുള്ള ഓരോ പൗരനും മനസ്സില്‍ കുറിച്ചിടേണ്ട വരികള്‍!
എന്റെ വ്യക്തി ജീവിതത്തിലെ ചില അപ്രതീക്ഷിതമായ സാഹചര്യങ്ങളാലും ഏറിവന്ന തിരക്കുകളാലും വായനയിലോ എഴുത്തിലോ പോയവര്‍ഷം വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചിരുന്നില്ല.
എങ്കിലും, അതുവരെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ കുഞ്ഞെഴുത്തുകളെ സ്വരുക്കൂട്ടി 'തീവണ്ടിയിലെ കാഴ്ചകള്‍' എന്ന എന്റെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി. ഞാന്‍ പഠിച്ചു വളര്‍ന്ന വിദ്യാലയമുറ്റത്തു വെച്ചു തന്നെയായിരുന്നു സ്വപ്നസാക്ഷാത്കാരം.
അധ്യാപകരും വിദ്യാര്‍ഥികളും ലയിക്കുന്നിടത്താണ് വിദ്യാലയം എന്ന് അലക്‌സാണ്ടര്‍ പറഞ്ഞതായി ഞാന്‍ ഒരു കുറിപ്പ് വായിച്ചിരുന്നു. അതെ, അങ്ങനൊരു വിദ്യാലയമുറ്റത്തു എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെയെല്ലാം സാന്നിധ്യത്തില്‍. അവരുടെ അനുഗ്രഹത്തോടെ എന്റെ ആദ്യ കവിതാസമാഹാരം പ്രകാശിതമായി. എന്റെ അധ്യാപകര്‍ വളരെ ഹൃദ്യമായി എന്റെ രചനകളെ വിലയിരുത്തിയപ്പോള്‍, പുസ്തക പരിചയം നടത്തിയപ്പോള്‍, എന്നെ ഓര്‍ത്തെടുത്തപ്പോള്‍ സദസ്സും വേദിയും മറന്നു എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്റെ കുഞ്ഞു പുസ്തകം മാത്രം ഗുരുദക്ഷിണയായി സ്വീകരിച്ചു കൊണ്ട് മനസ്സ് നിറയുവോളം ആശിര്‍വാദങ്ങളും തന്നു കൊണ്ട് എന്റെ പ്രിയപ്പെട്ട അധ്യാപകരെല്ലാം അവരവരുടെ നാട്ടിലേക്കു മടങ്ങി.
അക്ഷരങ്ങളുടെ ഇടയില്‍ പോലും നോക്കുകൂലി തിരയുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയും ചില ജന്മങ്ങള്‍ ഭൂമിക്കു താങ്ങായി, വെളിച്ചമായി മാറുന്നു. ഈ മഹത്വം ചന്തയില്‍ കിട്ടില്ല. അക്ഷരങ്ങളെ സ്‌നേഹിച്ച്, അക്ഷരക്കൂട്ടങ്ങളെ ദൈവീകമായി കാണുന്ന അനുഗ്രഹീതരായവരുടെ കൂട്ടത്തില്‍ മാത്രമേ കാണൂ - എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളെയും വേദനയോടെ ഓര്‍ത്തുപോവുന്നു.
അനീതിക്കെതിരെ കനല്‍ കോരിയിടുന്ന വരികള്‍ കൊണ്ടും, സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വെമ്പുന്ന വാക്കുകള്‍ കൊണ്ടും സാഹിത്യലോകത്തെ ത്രസിപ്പിക്കുന്ന മഹാന്മാരുടെ സുന്ദരമായ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നതും എനിക്ക് ഞെട്ടലോടെ കാണേണ്ടി വന്നു. അവരുടെ തരംതാഴ്ന്ന അഹംബോധവും അസഹിഷ്ണുതയും വികലമായ മനോഭാവവും എന്നെ ശരിക്കും അസ്വസ്ഥയാക്കി. അതില്‍ നിന്നും മുക്തമാവാന്‍ ഞാന്‍ അല്‍പം പാടുപെട്ടു. കര്‍മമേഖലയിലെ മികവു കൊണ്ട് ഒരിക്കലും ഒരു വ്യക്തിയുടെ കാതല്‍ അളക്കരുതെന്ന മഹാസത്യം എന്നെ പഠിപ്പിച്ച സാഹചര്യങ്ങളായിരുന്നു അത്. അത്തരം പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ എനിക്ക് ലോകത്തോട് വിളിച്ചു പറയാന്‍ തോന്നിയത് ഒന്ന് മാത്രം,
'The human heart is the only thing
whose worth increases the more it is broken.' -Shakieb Orgunwall
കൂടുതല്‍ വായിക്കണം. കൂടുതല്‍ ജീവിതങ്ങളെയും ആത്മാക്കളെയും അടുത്തറിയണം. കുറച്ചൊക്കെ പങ്കുവെക്കണം. കൂടുതല്‍ ശക്തമായ, കാലാതിവര്‍ത്തിയായ സൃഷ്ടികള്‍ രൂപപ്പെടുത്തണം.
വെന്തുരുകുന്ന ഫലസ്തീനും പൊള്ളുന്ന മനസ്സുമായി നാമോരോരുത്തരും പ്രാര്‍ഥനയോടെ കലണ്ടര്‍ മറിച്ചിടുമ്പോള്‍ മറയുന്ന കലണ്ടര്‍ നൈരാശ്യത്തിന്റെതു മാത്രമല്ല ഭാവിയിലേക്കുള്ള നന്മയുടെയും പ്രതീക്ഷയുടെയും തിരിനാളം കൂടി കൊളുത്തിവെക്കുന്നുണ്ട്.