കുഞ്ഞതാത്ത ഒരിക്കലും സുമയ്യയെ വിട്ട് പോവില്ലെന്ന് വിചാരിച്ചിരുന്നുവോ?
|പ്രാന്തന് ഹംസയുടെ മകളാണ് സുമയ്യ എന്ന് പിന്നെയാണ് അറിഞ്ഞത്. അവളുടെ ഉപ്പ പ്രാന്തനാണ് എന്നതിനേക്കാള്‍ ഉമ്മ അവളെ ഉപേക്ഷിച്ചു പോയി എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഉമ്മയെ അകന്ന് ജീവിക്കേണ്ടി വരുന്ന എല്ലാ വ്യഥയും ആ ആറു വയസ്സുകാരിക്ക് നിശ്ചയമുണ്ടായിരുന്നു. | ഓര്മ
ഒരു പഴയ കളികൂട്ടുകാരിയെ യാദൃച്ഛികമായി കണ്ടപ്പോള്‍ അവളാണ് പൊട്ടത്തി സുമയ്യയെ ഓര്മയുണ്ടോന്നും അവളുടെ ഉമ്മമ്മ കുഞ്ഞാതാത്ത മരിച്ചു പോയെന്നും പറഞ്ഞത്.
ജഡ പിടിച്ച മുടിയില്‍ ഒഴുകി നടക്കുന്ന പേനുകളും, മുഷിഞ്ഞ വിയര്‍പ്പ് നാറുന്ന യുണിഫോമും ധരിച്ച് സ്കൂളില്‍ വരുന്ന കുട്ടിയായിരുന്നു സുമയ്യ. കുഞ്ഞാതാത്തയുടെ പേരക്കുട്ടി. എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള പണക്കാരുടെ വീടുകളില്‍ കുഞ്ഞാതാത്ത പണിക്ക് വന്നിട്ട് എനിക്കവരെ പരിചയമുണ്ട്. അവരൊരിക്കലും ചിരിക്കുകയോ കരയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. ജീവിതത്തിന്റെ കഠിനത അവരുടെ വികാരവിചാരങ്ങളൊക്കെയും വറ്റിച്ചു കളഞ്ഞിരിക്കാം.
മുണ്ടും കുപ്പായവും തലയിലൊരു പുള്ളി തട്ടവും ധരിച്ചു വെളുത്തു മെലിഞ്ഞ 'റ' പരുവത്തില്‍ വളഞ്ഞാണ് അവരുടെ രൂപം. യുവത്വത്തില്‍ തന്നെ വാര്ധക്യമനുഭവിക്കേണ്ടി വന്ന ഹതഭാഗ്യ. ഏത് വീട്ടില്‍ ജോലിക്ക് ചെന്നാലും കണ്ണില്‍ കാണുന്ന ജോലികള്‍ മുഴുവനെടുത്തു തീര്‍ത്ത്, ഒരല്പം ഭക്ഷണം കൊണ്ട് പോലും സ്വന്തം വിശപ്പ് തീര്‍ക്കാതെ കിട്ടുന്ന ഭക്ഷണമെല്ലാം വീട്ടിലേക്ക് പൊതിഞ്ഞെടുക്കുമവര്. മിക്കതും തലേന്നത്തെ പഴകിയ ഭക്ഷണമായിരിക്കും. അന്നൊക്കെ ആ വീടുകളില്‍ കളിക്കാന്‍ പോവുമ്പോള്‍ 'ഇന്നലെത്തെയാണ് കളയണ്ട കുഞ്ഞാതാത്ത വരുമ്പോള്‍ കൊടുക്കാമെന്നു' പറയുന്നത് പലതവണ കേട്ടിട്ടുണ്ട്.
സുമയ്യയെ പൊട്ടത്തി സുമയ്യ എന്നാണ് എല്ലാവരും വിളിക്കുന്നത്. ആര്‍ക്കും അവളെ ഇഷ്ടമല്ലെങ്കിലും അവള്‍ക്ക് ചുറ്റും എപ്പോഴും കുട്ടികളുണ്ടാവും. സ്കൂളിനടുത്തെ നാല് മിഠായി പീടികകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മിഠായി വാങ്ങുന്നത് അവളാണ്. അവള്‍ക്ക് വേണ്ടി മാത്രമല്ല ചോദിക്കുന്നവര്‍ക്ക് ഒക്കെയും അവള് മിഠായി വിതരണം ചെയ്യും. വൃത്തിയില്ലെങ്കിലും എല്ലാവര്ക്കും അറപ്പായിരുന്നെങ്കിലും അവളുടെ കൂടെ ഇരിക്കാന്‍ ആരും തയ്യാറായില്ലെങ്കിലും മിഠായികള്‍ക്ക് വേണ്ടി കൈ നീട്ടി കുട്ടികള്‍ അവള്‍ക്ക് ചുറ്റും കൂടിയിരുന്നു.
മുത്തുമ്മ കുളിപ്പിച്ച് അലക്കിയ യുണിഫോം ധരിപ്പിച്ചു ഉമ്മുമ്മ ഭക്ഷണം വാരി വായില്‍ വെച്ച് തന്നാല്‍ അല്ലാതെ കഴിക്കാത്ത, അമ്പത് പൈസ ഇല്ലാതെ സ്കൂളില്‍ പോവാന്‍ കൂട്ടാക്കാത്ത, എനിക്കും പൊട്ടത്തി സുമയ്യയോട് പുച്ഛവും അറപ്പുമായിരുന്നു. അവള് പോകുന്ന വഴിയുടെ അടുത്ത് കൂടെ പോലും പോവാതെ ഞാന്‍ ശ്രദ്ധിച്ചു നടന്നു. നിലത്തു വീണ എന്റെ പെന്‍സില്‍ അവളെടുത്തു തന്നത് കാരണം ഞാനാ പെന്‍സില്‍ ഉപേക്ഷിച്ചു അവളോട് പിണങ്ങുകയും ചെയ്തു.
പിന്നെയാണ് അറിഞ്ഞത് പ്രാന്തന് ഹംസയുടെ മകളാണ് സുമയ്യ എന്ന്. അവളുടെ ഉപ്പ പ്രാന്തനാണ് എന്നതിനേക്കാള്‍ ഉമ്മ അവളെ ഉപേക്ഷിച്ചു പോയി എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഉമ്മയെ അകന്ന് ജീവിക്കേണ്ടി വരുന്ന എല്ലാ വ്യഥയും ആ ആറു വയസ്സുകാരിക്ക് നിശ്ചയമുണ്ടായിരുന്നു.
കുഞ്ഞതാത്തയുടെ മകനാണ് അധ്വാനശീലനായ പ്രാന്തന് ഹംസയെന്ന് എനിക്കറിയില്ലായിരുന്നു. ഏതൊരു പ്രാന്തനെയും പോലെ കുട്ടികള്‍ അയാളെ കാണുമ്പോയേക്കും ഓടിയൊളിച്ചു. നാട്ടുകാര്‍ പറയുന്ന ഏത് ജോലിയും ചെയ്തു ബീഡിയും വലിച്ചു നടക്കുന്ന ആ മനുഷ്യന് ആരെയെങ്കിലും ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല. എങ്കിലുമയാള്‍ പ്രാന്തെനെന്ന വാക്കേറ് കൊണ്ടു.
പിന്നെ പിന്നെ അവളെ കണ്ടാല്‍ ഞാന്‍ സൗഹൃദരൂപേണ ചിരിക്കാന്‍ തുടങ്ങി. അവളോട് മാത്രം പുഞ്ചിരിക്കുന്ന എനിക്കവള് പുഞ്ചിരിയെന്ന് പേരിട്ടു. പിന്നൊരിക്കലവള് ക്ലാസ്സില്‍ വന്നത് തല മുഴുവന്‍ മൊട്ടയടിച്ചാണ്. െമാട്ടയടിച്ചത് പേനുകള്‍ പോവാനാണ്. ഇനി നല്ല മുടി വരുമെന്ന് ഉമ്മ പറഞ്ഞതായി അവള് പറഞ്ഞു. ഉമ്മ തന്നെ കാണാന്‍ വന്നെന്നും പുതിയ ഉടുപ്പുകള്‍ വാങ്ങിതന്നെന്നും പറയുമ്പോള്‍ അവളോടപ്പം എന്റെ കണ്ണുകളും നിറഞ്ഞു. എല്ലാ വ്യാഴയ്ച്ചയും ഉമ്മ വന്നു പോവുമ്പോള്‍ ബസ് കയറാന്‍ നേരം കയ്യില്‍ വെച്ച് തരാറുള്ള ആ ഒരു രൂപനാണയം കാണുമ്പോഴുള്ള അതേ കണ്ണുനീര്. ഉമ്മയെ ഏറെ മോഹിച്ചിട്ടും അകന്ന് നില്ക്കാന് മാത്രം വിധിയുള്ള മക്കള്‍ക്ക് മാത്രം മനസ്സിലാവുന്ന കണ്ണുനീര്.
പിന്നെ ഇടയ്ക്കിടെ സുമയ്യയുടെ ഉമ്മ വന്നു പോകുന്നുവെന്ന് അവള് പറയാതെ തന്നെ അറിഞ്ഞു തുടങ്ങി. നന്നായി മുടി ചീകിയും വൃത്തിയും ഭംഗിയുമുള്ള വസ്ത്രം ധരിച്ചും സുമയ്യ സ്കൂളില്‍ വന്നു.
കുഞ്ഞാതാത്ത പണിക്ക് പോയി കിട്ടുന്ന ഭക്ഷണവും രൂപയും സുമയ്യക്ക് വേണ്ടി കരുതി വെച്ചു. പറ്റുന്ന ജോലികളെല്ലാം ചെയ്ത് പ്രാന്തന് ഹംസ ഒരു മിഠായി പൊതിയും ഒരു കെട്ട് ബീഡിയും വാങ്ങിക്കാനുള്ള പണം മാത്രം കൂലി വാങ്ങി.
കുഞ്ഞതാത്ത മരിച്ചുവെന്ന് ഫോണ്‍ വന്നപ്പോള്‍ ഞാനൊന്ന് ഞെട്ടി. അവരൊരിക്കലും സുമയ്യയെ വിട്ട് പോവില്ലെന്ന് വിചാരിച്ചിരുന്നുവോ. സുമയ്യയെ നിക്കാഹ് ചെയ്തയച്ച് സ്വന്തം വീടും സ്ഥലവും അവളുടെ പേരില്‍ എഴുതി വെച്ചിട്ടാണ് ആ സാധുസ്ത്രീ മരിച്ചു പോയതെന്ന് പിന്നീടറിഞ്ഞു. ജീവിതം കൊണ്ടും മരണം കൊണ്ടും ത്യാഗമെന്ന് സ്നേഹത്തെ അടയാളപെടുത്തുന്ന ചില മനുഷ്യര്‍. പ്രിയപ്പെട്ട കൂട്ടുകാരീ, സ്നേഹം കൊതിച്ച മറ്റൊരു പെണ്‍കുട്ടീ, നീ എന്നെന്നും സുഖമായിരിക്കുക.