Life Story
ചിട്ടി ആയി ഹേ ആയിഹെ  ചിട്ടി ആയി ഹേ ചിട്ടി ആയി ഹേ വതന്‍ സെ ചിട്ടി ആയി ഹേ. ബഡെ ദിനോം കേ ബാദ് ബേ വതനോം കൊ യാദ് വതന്‍ കീ മിട്ടി ആയി ഹേ.
Life Story

മമ്മൂട്ടിയും മോഹന്‍ലാലും യേശുദാസും ചെയ്യാത്തതാണ് പങ്കജ് ഉധാസ് ചെയ്തത്

രമേഷ് പെരുമ്പിലാവ്
|
27 Feb 2024 8:18 AM GMT

പ്യാര്‍ സെ ചിട്ടി അയച്ച വലിയ ഗസല്‍ ഗായകന്‍ - പങ്കജ് ഉധാസുമായുള്ള ബന്ധം ഓര്‍ത്തെടുക്കന്നു.

ചിട്ടി ആയി ഹേ ആയിഹെ

ചിട്ടി ആയി ഹേ

ചിട്ടി ആയി ഹേ വതന്‍ സെ

ചിട്ടി ആയി ഹേ.

ബഡെ ദിനോം കേ ബാദ്

ബേ വതനോം കൊ യാദ്

വതന്‍ കീ മിട്ടി ആയി ഹേ.

പുതുകാലത്ത് ഗസലിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗായകന്‍. ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരില്‍ ഒരു ജമീന്ദാര്‍ കുടുംബത്തില്‍ ജനിച്ച പങ്കജ് ഉധാസും, പെരുമ്പിലാവിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച രമേഷും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ അതൊരു പ്രശസ്തനായ മനുഷ്യന്റെ ലാളിത്യത്തിന്റേയും സ്‌നേഹത്തിന്റെയും കഥയാണ്.

ചിത്രംവര ഒരനുഗ്രഹമായി മാറിയ ഒരുപാട് അനുഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ദുബായ് വന്ന ആദ്യ കാലങ്ങളില്‍ താമസിച്ചിരുന്ന ബര്‍ദുബൈയിലെ ബാച്ചിലര്‍ മുറിയെ ഞങ്ങള്‍ ചിത്രവീട് എന്നാണ് വിളിച്ചിരുന്നത്. ചിത്രംവര ജീവിതോപാധിയാക്കിയ ഞാനും റാഫിയും ഹരിയേട്ടനും ബാബുവും കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്ന താഹയുമൊക്കെ അവിടെത്തെ പല കാലങ്ങളിലെ താമസക്കാരായിരുന്നു.

അക്കാലത്ത് ദുബൈയില്‍ കലാപരിപാടികളുമായി വരുന്ന ഒട്ടുമിക്ക സിനിമാ കലാകാരന്മാരേയും നേരില്‍ കാണാന്‍ ഞങ്ങള്‍ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു അവര്‍ക്ക് ചിത്രം വരച്ചു കൊടുക്കുക എന്നത്. മമ്മുട്ടിയും മോഹന്‍ലാലും മഞ്ജുവും ദിവ്യാ ഉണ്ണിയും ശോഭനയും ചിത്രയും ഷാരൂഖ് ഖാനും അവരില്‍ ചിലര്‍ മാത്രം.

അക്കൂട്ടത്തില്‍ 1997ല്‍ കണ്ട പ്രശസ്തനായ ഗസല്‍ ഗായകനായിരുന്നു പങ്കജ് ഉധാസ്. മൊഹറ പോലുള്ള സിനിമകളിലെ പാട്ടുകള്‍ ഹിറ്റായ കാലത്തിന് ശേഷമാണ് ആ കൂടിക്കാഴ്ച. അദ്ദേഹം ദുബൈ ദേര റിഗ്ഗയിലെ റോയല്‍ അബ്ജാര്‍ എന്ന ഹോട്ടലില്‍ ഗസലുമായി വന്നത് ഞങ്ങള്‍ അറിയുന്നത്. കൂട്ടുകാരന്‍ ഗഫൂര്‍ പറഞ്ഞാണ്.

ബര്‍ദുബൈ ഷായന്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ചങ്ങരംകുളത്തുകാരന്‍ ഗഫൂര്‍ പരിപാടിയുടെ പാസ് സംഘടിപ്പിച്ചു. തിങ്ങിനിറഞ്ഞ സദസ്സില്‍ ഗസല്‍മഴയില്‍ നനഞ്ഞ് കാഴ്ചക്കാര്‍ ആഹ്ലാദം കൊണ്ട ആ രാത്രിയില്‍, ഞങ്ങള്‍ ആളുകള്‍ ഒഴിയാന്‍ കാത്തിരുന്ന്, അദ്ദേഹത്തെ കണ്ടു. വരച്ച ചിത്രം കൊടുത്തു. ഫോട്ടോയെടുത്തു. തിരക്കിനിടയിലും അദ്ദേഹം ഞങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചു. നാടിനെ കുറിച്ച്, ഇവിടുത്തെ ജോലിയെ കുറിച്ചൊക്കെ സംസാരിക്കാന്‍ സമയം കണ്ടെത്തിയത് ഞങ്ങള്‍ക്കഭിമാനമായി തോന്നി. കോണ്‍ടാക്ട് ചെയ്യാന്‍ അഡ്രസ്സ് ചോദിച്ചപ്പോള്‍, ഫ്രീലാന്‍ഡ് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്ന ഞാന്‍ വിസിറ്റ് കാര്‍ഡ് കൊടുത്തു. ചിത്രം അദ്ദേഹത്തിന് സമ്മാനിച്ച്, യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങിപ്പോന്നു.


ആ രാത്രിയില്‍ ഉറക്കം വരാതെ ഞങ്ങള്‍ പോയത് പാതിരാത്രിവരെ തുറന്നിരിക്കാറുള്ള റസാഖിന്റെ റോസ് സ്റ്റുഡിയോവിലേക്കാണ്. ഫോട്ടോ എടുത്തത് ഫിലിമില്‍ പതിഞ്ഞിട്ടുണ്ടോയെന്നറിയാന്‍. ചിലപ്പോഴൊക്കെ ഇത്തരത്തില്‍ എടുത്ത അപൂര്‍വ ചിത്രങ്ങള്‍ കിട്ടാതെ പോയിട്ടുണ്ട്. കിട്ടിയ ഫോട്ടോസ് കണ്ട് മനസ്സ് സന്തോഷിച്ചാണ് വീട്ടിലേക്ക് നടന്നത്. പിന്നെ കുറച്ച് നാള്‍ പലര്‍ക്കായി നാട്ടിലേക്കയക്കുന്ന കത്തിലൊക്കെ ആ ഫോട്ടോസ് ഉണ്ടാവുമായിരുന്നു പിന്നെയത് മറന്നു പോയി.

എന്നാല്‍, പങ്കജ് ഉധാസ് എന്ന വലിയ മനുഷ്യന്‍ അത് മറന്നില്ല. തിരക്കൊഴിഞ്ഞപ്പോള്‍ ചിത്രം വരച്ച് കൊടുത്തതിന് നന്ദി പറഞ്ഞ് അദ്ദേഹം ഇംഗ്ലീഷില്‍ ഒരു കത്തെഴുതി. അതിന് മുമ്പ് ഫോട്ടോ വരച്ച് കൊടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ യേശുദാസോ ഒന്നും ചെയ്യാത്ത ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. അത്തരത്തില്‍ ഒരു അക്‌നോളജ്‌മെന്റ് ജീവിതത്തില്‍ ആദ്യം എന്നതിനാല്‍ സന്തോഷം കൊണ്ട് സങ്കടം വന്നു പോയി ആ കത്ത് കയ്യില്‍ കിട്ടിയപ്പോള്‍. ജീവിതത്തില്‍ ഇതിലും വലിയ ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന വിധമായിരുന്നു ആ പ്രശസ്തനായ, തിരക്കുപിടിച്ച ഗായകന്റെ കത്ത് തന്ന സന്തോഷം. മലയാളം വിട്ട് മറ്റൊരു ഭാഷ വശമില്ലാത്ത ഞാന്‍ അതിന് മറുപടി അയക്കാന്‍ വാക്കുകള്‍ കിട്ടാതെ അന്തംവിട്ടിരുന്നു.

എന്റെ മറുപടിക്ക് കാക്കാതെ അദ്ദേഹം, എന്നെ പിന്നെയും ഞെട്ടിച്ചു. ആ വര്‍ഷം തന്നെ പുതുവര്‍ഷത്തില്‍ വീണ്ടും കത്തെഴുതി. വൈകിയാണെങ്കിലും ഒരു ന്യൂ ഇയര്‍ കാര്‍ഡ് ഞാനും തിരിച്ചയച്ചു.


ഇന്നദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വല്ലാതെ വിഷമിപ്പിച്ചു. ഏറെ പ്രിയപ്പെട്ട, അടുപ്പമുള്ള ഒരാള്‍ വിട്ടുപോയിരിക്കുന്നുവെന്നത്. മനസ്സില്‍ ഒരു തണുത്ത പ്രതീതിയുണ്ടാക്കി. ചങ്ങരംകുളത്തുകാരന്‍ ഗഫൂര്‍ അദ്ദേഹത്തെ കാണാന്‍ പോയതിനെ ഓര്‍മിപ്പിച്ച് ഫോട്ടോ അയച്ചു തന്നു.

ജോലി കഴിഞ്ഞ് ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍, യൂണിഫോം പോലും മാറാതെ ആദ്യം ചെയ്തത് അദ്ദേഹം എനിക്കായി എഴുതിയ ആ സ്‌നേഹാക്ഷരങ്ങള്‍ സൂക്ഷിച്ചുവെച്ച ഫയല്‍ തുറന്ന് ആ കത്തുകളും ഫോട്ടോയും നോക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടിന് ശേഷവും ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആ കത്തുകള്‍ എടുത്തു വീണ്ടും വായിച്ചപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം വന്നുനിറഞ്ഞു.

ചിട്ടി ആയി ഹേ ആയിഹെ

ചിട്ടി ആയി ഹേ

ചിട്ടി ആയി ഹേ വതന്‍ സെ

ചിട്ടി ആയി ഹേ.

ബഡെ ദിനോം കേ ബാദ്

ബേ വതനോം കൊ യാദ്

വതന്‍ കീ മിട്ടി ആയി ഹേ.

ആ പാട്ടിലെ വരികളിലെ കത്താണ് എന്റെ കയ്യിലെന്ന് തോന്നി. പിന്നീടൊരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ആ മനുഷ്യന്‍ കാണിച്ച സ്‌നേഹം ഒരിക്കലും മറക്കാനാവാത്തതാണ്.


Similar Posts