ഓര്‍മയില്‍ ഫാഹിസൂ നീ..
|അവന് നീണ്ടു നിവര്‍ന്നു കിടക്കുന്നു വെള്ള പുതച്ച്.. ചുണ്ടില്‍ സദാ വിരിയാറുള്ള ചിരിയുമായി... 'മോനു സലാം പറ.. ഒരു ഉമ്മ കൊടുത്തോ അവസാനമായി...' ഉമ്മാന്റെ ശബ്ദം.. സലാം പറഞ്ഞു കഴിഞ്ഞു ഞാന്‍ കുനിഞ്ഞു അവന്റെ നെറ്റിയില്‍ ചുംബിച്ചു...
നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍...അന്നത്തെ നിന്റെ യാത്ര ഇന്നലെയെന്ന പോലെ പൊള്ളിയ്ക്കുന്നു മോനേ. ആ ഓര്‍മ്മകളില്‍ നിന്നെത്ര മാറിനടക്കാന്‍ ശ്രമിച്ചാലും അതിലൂടെ ഊളിയിട്ടിറങ്ങാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. അകാലത്തിലുള്ള നിന്റെ വേര്‍പാടേല്‍പ്പിച്ച ആഘാതം ഇന്നും നിഴലിച്ചുനില്‍ക്കുന്നുണ്ട് നമ്മുടെ കുടുംബത്തില്‍.. ഞങ്ങളുടെ ഗദ്ഗദത്തിലൂടെ, ഉപ്പയുടെ മൗനാക്ഷരങ്ങളിലൂടെ, തുളുമ്പിത്തൂവുന്ന ഉമ്മയുടെ കണ്ണീരിലൂടെ, ഞങ്ങള്‍ സഹോദരങ്ങളുടെ ഓര്മത്തിരകളില് നിന്റെ മുഖം തെളിയുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോകുന്നതിലൂടെയൊക്കെ അതിടക്കിടെ പ്രകടമായിപ്പോകാറുമുണ്ട്...
ഓര്‍മയുണ്ടോ നിനക്ക് ആ ദിവസം? വര്‍ഷങ്ങള്‍ക്കു മുമ്പ് സെപ്റ്റംബറിലെ മഴ പെയ്തു തോര്‍ന്ന ഒരു പ്രഭാതമായിരുന്നു അത്.. ആ വെള്ളിയാഴ്ചക്ക് പതിവ് തെളിച്ചമുണ്ടായിരുന്നില്ല.. സ്റ്റഡിലീവ് തുടങ്ങുന്നതിനാല്‍ വീട്ടിലേക്കു വരാന്‍ അനുവാദം കിട്ടാതിരുന്ന എന്നെ കാണാന്‍ ഉമ്മയെയും ഉപ്പയെയും സഹോദരങ്ങളെയും കൂട്ടി നീ വരാമെന്നേറ്റ ദിവസം! നിങ്ങളെല്ലാവരും ഓണാവധിയുടെ സന്തോഷത്തിലായിരുന്നല്ലോ.. കാത്തിരിപ്പിന്റെ ആവേശം തല്ലിക്കെടുത്താന്‍ അന്നു രാവിലെ ഹോസ്റ്റലിലേക്ക് വന്ന ഫോണ്‍കോള്‍.. അയല്വാസികളിലാര്ക്കോ സുഖമില്ലെന്നും ഇന്നത്തെ യാത്ര നാളേയ്ക്ക് മാറ്റിയെന്നും ഉപ്പ വിളിച്ചു പറഞ്ഞെന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ വാക്കുകള്‍ സങ്കടത്തോടെയും അല്‍പ്പം അമര്‍ഷത്തോടെയുമാണ് കേട്ടെടുത്തത്.. എങ്കിലും ഒരു ദിവസം കൂടി കാത്തിരിപ്പിന്റെ മുഷിപ്പിനിട്ടുകൊടുത്ത് ക്ലാസ്സിലേക്ക് നീങ്ങി.. ചില കൂട്ടുകാരൊക്കെ തമാശരൂപേണ കളിയാക്കുന്നത് പുഞ്ചിരിയോടെ അവഗണിച്ചു..
ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും ക്ലാസ്സ്തുടങ്ങിയപ്പോള് അപ്രതീക്ഷിതമായി കോളജ് അങ്കണത്തില്‍ സഡന്‍ബ്രേക്കിട്ടു വന്നു നിര്‍ത്തിയ ടാറ്റാ സുമോ.. അതില്‍ നിന്നുമിറങ്ങി ഓഫീസിലേക്ക് നടക്കുന്ന ഉപ്പാന്റെ സുഹൃത്തുക്കള്‍.. ശേഷം ക്ലാസ്സിലേക്ക് വരുന്ന കോളജ് പ്രിന്‍സിപ്പാളും മാനേജരും രണ്ടു അധ്യാപകരും.. വീട്ടിലേക്കു പൊയ്ക്കൊള്ളാനുള്ള നിര്‍ദേശം.. എന്താണു സംഭവിച്ചതെന്നറിയാതെ പരിസരം പോലും മറന്നു പൊട്ടിക്കരഞ്ഞത്...പേടിക്കാനൊന്നുമില്ലെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പ്രിയപ്പെട്ട അധ്യാപകന്റെ മുഖത്തു പടര്‍ന്ന നിസ്സഹായത...ഉപ്പാന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വണ്ടിയില്‍ കയറുമ്പോള്‍ വിഷമിക്കാനൊന്നുമില്ലെന്നും അനിയനു ചെറിയൊരു ആക്സിഡന്റ് പറ്റി കാലില്‍ മുറിവുണ്ടെന്നും അവന് മോളെ കാണണമെന്ന് പറഞ്ഞപ്പോ കൊണ്ടുപോകാന്‍ വന്നതാണെന്നുമുള്ള വിശദീകരണം..എല്ലാം ഒരു നടുക്കത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ..
എറണാകുളം നഗരത്തിലെ തിരക്കൊഴുക്കില് വണ്ടി ചീറിപ്പാഞ്ഞോടുമ്പോഴും വേഗത പോരെന്ന് മനസ്സ് വാശി പിടിച്ചു. ഓരോ നിമിഷത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യം.. പുറത്തെ കാഴ്ചകളൊക്കെ അരോചകവും അവ്യക്തവും..
എന്നില്‍ നിന്നുയരുന്ന കരച്ചിലടക്കാന്‍ അവര്‍ വെറുതെ ആശ്വാസവാക്കുകള്‍ പറയുന്നുണ്ട് ഇടക്ക് .. ആര്‍ക്കാണ് എന്താണ് സംഭവിച്ചതെന്നറിയാതെ ഉള്ളില്‍ കിടന്ന് ലാവ കണക്കെ തിളച്ചുമറിയുന്ന ചിന്തകളെ അടക്കാന്‍ ഞാന്‍ പാടുപെട്ടു.. ഉമ്മാക്കും ഉപ്പാക്കും വലിയുമ്മക്കും ഒന്നും സംഭവിക്കരുതേ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു... അപ്പോള്‍ പോലും പൊന്നുമോനേ നീയോ നമ്മുടെ സഹോദരങ്ങളോ എന്റെ ചിന്തയില്‍ വന്നെന്നെ വേദനിപ്പിച്ചില്ല...
വണ്ടി തൃശൂര്‍ വിട്ടപ്പോള്‍ മനസ്സല്‍പ്പം ആശ്വാസം കൈക്കൊണ്ടു. കാരണം, അവിടെ അധ്യാപകനായി ജോലി ചെയ്യുന്ന മൂത്താപ്പയെയോ തളിക്കുളത്തു പഠിക്കുന്ന മൂത്താപ്പയുടെ മോനെയോ എടുക്കാന്‍ വണ്ടി കാത്തില്ല... എന്തെങ്കിലും അതി അത്യാഹിതം ഉണ്ടെങ്കില്‍ അവരേം കൂടെ കൂട്ടിയേനെ..
നാട്ടില്‍ എത്തുന്നതിനു മുമ്പത്തെ അങ്ങാടികളില്‍ തുടങ്ങി നീണ്ടുകിടക്കുന്ന മൂകത... വണ്ടി കാണുമ്പോള്‍ തന്നെ ആളുകളൊക്കെ കൈ കൊണ്ടു നിര്‍ദ്ദേശം തരുന്നു വേഗം പൊയ്ക്കോളാന്‍... നാട്ടില്‍ അന്നു വരെ കാണാത്ത ജനപ്രവാഹം... കടകളൊക്കെ അടഞ്ഞു കിടക്കുന്നു... ജനക്കൂട്ടമുണ്ടെങ്കിലും അവിടെ കെട്ടിക്കിടക്കുന്ന അസ്വസ്ഥത നിറഞ്ഞ നിശബ്ദത..
നാട് അടുക്കാന്‍ തുടങ്ങുമ്പോഴാണ് ഉപ്പയുടെ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞത്.. 'ചെറിയ മോനൊരു അപകടം പറ്റിയിട്ടുണ്ട്.. വലിയ പ്രശ്നമൊന്നുമില്ല.. മാഷ് പറഞ്ഞതാണ് മോളെ കൊണ്ടുവരണമെന്ന്..' യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനും നേരിടുമ്പോഴുണ്ടാകുന്ന ആഘാതം കുറക്കാനുമായിരിക്കും അദ്ദേഹം അതു പറഞ്ഞത്..
എന്നില്‍ നിന്ന് വന്ന നിലവിളിയുടെ ചീള് പുറത്തേക്കു തെറിച്ചു ബഹളത്തിലെവിടെയോ അപ്രത്യക്ഷമായി. അവനെന്താ പറ്റിയതെന്ന് കരച്ചിലിനിടയില്‍ ചോദിച്ചെങ്കിലും കേള്‍ക്കാന്‍ കാതുകള്‍ അശക്തമായിരുന്നു...
വീട്ടിലെ ഇളയകുട്ടി ആയതിനാല്‍ എത്ര ലാളിച്ചു വളര്‍ത്തുന്നതാണ് അവനെ.. എല്ലാവരുടേയും വാത്സല്യം ആവോളം കൊടുത്തു പൊന്നുപോലെ ഞങ്ങള്‍ കൊണ്ടുനടക്കുന്ന മോന്... സദാസമയം മാതാപിതാക്കളുടെ കൂടെ ഉണ്ടാകാന്‍ ആഗ്രഹിച്ചിരുന്നു അവന്.. സ്കൂള്‍ വാഹനം വന്നാലും സഹോദരിക്കൊപ്പം അതില്‍ പോകാതെ ഉപ്പാന്റേം ഉമ്മാന്റേം കൂടെ പോകാനായിരുന്നു അവനിഷ്ട്ടം. അധ്യാപകരായതു കൊണ്ട് അവര്‍ക്കും അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല... അവന്റെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും സഹിക്കില്ല ഞങ്ങള്‍ക്ക്... അങ്ങിനെയുള്ള അവന് എന്ത് അപകടമാകും പറ്റിയിട്ടുണ്ടാവുക? എത്ര വേദന സഹിച്ചുകാണും? ഹോസ്പിറ്റലിലായിരിക്കുമോ? അസുഖം വന്നാലോ വേദന വന്നാലോ അവന് ഇഷ്ടമുള്ളവരെ കാണുമ്പോള്‍ കരയാറുണ്ട്... എന്നെ കാണുമ്പോള്‍ പൊട്ടിക്കരയുമായിരിക്കും... ഒന്നൂല്ലെടാ.. ഒക്കെ പെട്ടെന്ന് മാറിക്കോളുമെന്നു പറഞ്ഞു കണ്ണുനീര് തുടച്ചു കൊടുക്കണം.. കാലിലെ മുറിവില്‍ തലോടണം...
ചിന്തകളില്‍ മിഴികള്‍ തോരാതെ ഒഴുകുമ്പോള്‍ പുറത്തേക്കു നോക്കി വെറുതെ.. നാട്ടിലെ പ്രശസ്ത ആശുപത്രി... പക്ഷേ, അവിടെ വണ്ടി നിര്‍ത്തിയില്ല... ഇവിടെയല്ലല്ലോ.. പിന്നെ എവിടെയാകാം? എടപ്പാള്‍ ആശുപത്രിയിലാകുമോ? ആ വഴിയിലൂടെയും വാഹനം തിരിക്കാതിരുന്നപ്പോള്‍ മനസ്സിലൊരു സമാധാനത്തിന്റെ തണുപ്പ്.. അല്‍ഹംദുലില്ലാഹ്.. അപ്പോ അത്ര ഗുരുതരപരിക്കൊന്നുമില്ല.. വീട്ടില്‍ തന്നെയാണ്...
പക്ഷേ, ആ തണുപ്പില്ലാതെയാകാന് അധികസമയം വേണ്ടിവന്നില്ല.. .നാട്ടില്‍ എത്തുന്നതിനു മുമ്പത്തെ അങ്ങാടികളില്‍ തുടങ്ങി നീണ്ടുകിടക്കുന്ന മൂകത... വണ്ടി കാണുമ്പോള്‍ തന്നെ ആളുകളൊക്കെ കൈ കൊണ്ടു നിര്‍ദ്ദേശം തരുന്നു വേഗം പൊയ്ക്കോളാന്‍... നാട്ടില്‍ അന്നു വരെ കാണാത്ത ജനപ്രവാഹം... കടകളൊക്കെ അടഞ്ഞു കിടക്കുന്നു... ജനക്കൂട്ടമുണ്ടെങ്കിലും അവിടെ കെട്ടിക്കിടക്കുന്ന അസ്വസ്ഥത നിറഞ്ഞ നിശബ്ദത..
അതിനിടയില്‍ ആരോ പറയുന്നത് കേട്ടു ഡ്രൈവറോട്, തറവാട്ടിലേക്കാണ് കൊണ്ടുവന്നിരിക്കുന്നതെന്ന്... വണ്ടി അങ്ങോട്ടു തിരിഞ്ഞു... വഴിയില്‍, വന്നും പൊയ്ക്കൊണ്ടുമിരിക്കുന്ന ജനങ്ങള്‍... എല്ലാവരും ശോകം പുതച്ചിരിക്കുന്നു... അവരിലെവിടെയോ കരഞ്ഞോണ്ട് നടന്നകലുന്ന എന്റെ കൂട്ടുകാരെ കണ്ടു... എന്റെ മനസ്സ് എവിടെയാണെന്ന് എനിക്കപ്പോഴും മനസ്സിലായില്ല... എത്തിപ്പിടിക്കാന്‍ നോക്കി കിട്ടുന്നില്ല...
ദൂരെ നിന്നേ ഞാന്‍ കണ്ടു, തറവാട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്തു മൂത്താപ്പ കാത്തു നില്ക്കുന്നു... അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍... വണ്ടി നിര്‍ത്തിയപ്പോ പെട്ടെന്ന് പൊക്കോ എന്നു മാത്രം പറഞ്ഞു അദ്ദേഹം... എന്താണ് പറ്റിയതെന്നു ഞാന്‍ പൊട്ടിക്കരഞ്ഞു ചോദിച്ചപ്പോള്‍ വണ്ടിയിലേക്കു കയറി... ഫാഹിസ്മോനു വയ്യെന്നു മൂത്താപ്പ പറഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു... പിന്നീട് പറഞ്ഞതൊക്കെ ഞാന്‍ അവ്യക്തമായേ കേട്ടുള്ളൂ.... പടച്ചോന്റെ എന്തു പരീക്ഷണവും നമ്മള് ക്ഷമയോടെ നേരിടണമെന്നും അവന് തന്നതു തിരിച്ചെടുക്കുമ്പോള്‍ തളരരുത് എന്നുമൊക്കെ പറയുമ്പോള്‍ എന്റെ ശരീരം ഭാരമില്ലാതെ ഊര്‍ന്നു പോണത് ഞാനറിയുന്നുണ്ടായിരുന്നു...
എന്റെ ഓര്‍മകള്‍ക്ക് കനം കൂടിവരവേ ആരൊക്കെയോ ചേര്‍ന്ന് നീ കിടന്ന കട്ടിലെടുത്തു തോളിലേറ്റിയിരുന്നു...
വീതിയുള്ള റോഡായിട്ടും ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു പോകാന്‍ വണ്ടി നന്നേ പാടുപെട്ടു.. ഒടുവില്‍ ആ വലിയ തറവാട്ടുമുറ്റത്തെത്തിയപ്പോള്‍ ഇറങ്ങാന്‍ കഴിയാതെ... കണ്ണിലൊക്കെ ഇരുട്ട്... ആരൊക്കെയോ താങ്ങി പൂമുഖത്തേക്ക്... ഉപ്പയെ ആരൊക്കെയോ പിടിച്ചു വെച്ചിരിക്കുന്നു... എന്നെ കണ്ടതും നിലവിളിച്ചോണ്ട് എഴുന്നേറ്റു... 'ഫസിയേ...അവന് പോയീട്ടോ... നിന്നെ കാണാന്‍ വരാനിരുന്ന സന്തോഷത്തിലായിരുന്നു.. കഴിഞ്ഞില്ല.. ദേ... നമ്മളെ ഒക്കെ ഇവിടെയിട്ട് അവന് ഒറ്റയ്ക്ക് പോയീ' ഉപ്പാന്റെ വേദന കരച്ചിലായും പറച്ചിലായും അണപൊട്ടി പുറത്തേക്കൊഴുകിയപ്പോള്‍ കണ്ടു നിന്നവരും കണ്ണുതുടച്ചു..
ഉപ്പ എന്നെ അവന്റെ അടുത്തേക്ക് നയിച്ചു.. ഉമ്മ നില്ക്കുന്നു അവന്റെ അടുത്ത്... നിറഞ്ഞൊഴുകുന്ന മിഴികളുമായി.. അവന് നീണ്ടു നിവര്‍ന്നു കിടക്കുന്നു വെള്ള പുതച്ച്.. ചുണ്ടില്‍ സദാ വിരിയാറുള്ള ചിരിയുമായി... 'മോനു സലാം പറ.. ഒരു ഉമ്മ കൊടുത്തോ അവസാനമായി...' ഉമ്മാന്റെ ശബ്ദം.. സലാം പറഞ്ഞു കഴിഞ്ഞു ഞാന്‍ കുനിഞ്ഞു അവന്റെ നെറ്റിയില്‍ ചുംബിച്ചു...
നീ പോകുവാണോ... ഞങ്ങളെയൊക്കെ വിട്ട്.. നീ എപ്പോഴും ചോദിച്ചറിഞ്ഞിരുന്ന ആ സ്വര്‍ഗത്തിലേക്ക്... നീ പോയാല്‍ ഉപ്പയുടേയും ഉമ്മയുടെയും അവസ്ഥ എന്താകും? ആ കൈകളില്‍ തൂങ്ങിയാടാന്‍ നീ ഇല്ലാതെ അവരെങ്ങിനെ സ്കൂളില്‍ പോകും? നീ ഇല്ലാത്ത ആ ക്ലാസ്സില്‍ അവര്‍ക്കെങ്ങിനെ പഠിപ്പിക്കാന്‍ കഴിയും? ഇക്കാക്കാന്റെ കാര്യം നീ ഓര്‍ത്തിട്ടുണ്ടോ? നീ ഇല്ലാതെ അവനെങ്ങിനെ പുറത്തൊക്കെ പോകും.. കടയിലും തറവാട്ടിലുമൊക്കെ? എല്ലായിടത്തും നീയല്ലേ അവന്റെ സന്തത സഹചാരി? ഫാഹിദൂ, നീയില്ലാതെ എങ്ങിനെ വികൃതി കാണിക്കും? വഴക്ക് കൂടും? ഞാന്‍ ഹോസ്റ്റലില്‍ നിന്ന് ലീവിനു വരുമ്പോള്‍ കുസൃതി കാണിക്കാന്‍ നീയില്ലാതെ എങ്ങിനെയാടാ... നീ ഇല്ലെങ്കില്‍, നിന്റെ കളിചിരി ഇല്ലെങ്കില്‍.. നിന്റെ നിശ്വാസമില്ലെങ്കില് നമ്മുടെ വീട് എങ്ങിനെയാടാ ഒരു വീടാകുന്നത്?
എന്റെ ഓര്‍മകള്‍ക്ക് കനം കൂടിവരവേ ആരൊക്കെയോ ചേര്‍ന്ന് നീ കിടന്ന കട്ടിലെടുത്തു തോളിലേറ്റിയിരുന്നു...
ഇന്ന് സെപ്റ്റംബര്‍15.. വര്‍ഷങ്ങള്‍ക്കു മുന്നേ നീ പടിയിറങ്ങിപ്പോയ ദിവസം... ആറ് വര്‍ഷം മാത്രം ഇവിടെ ജീവിച്ചു തിരിച്ചു നാഥനിലേക്ക് മടങ്ങിയെങ്കിലും നീ ഒഴിച്ചിട്ടു പോയൊരു ഇടമുണ്ടിവിടെ.. നികത്താനാകാ ത്തൊരിടം... എങ്കിലും അവന്റെ പറുദീസയില്‍ നീ ചിറകടിച്ചു പറന്നുല്ലസിക്കുന്നത് കാണാം മോനേ...ആ സന്തോഷത്തില്‍ പങ്കുകൊള്ളുവാന്‍, നിന്റെ കൂടെ അവന്റെ സന്നിധിയില്‍ ഒരുമിച്ചു കൂടാന്‍ പ്രാര്‍ഥനയോടെ...