Life Story
സാഹോദര്യത്തിന്റെ പകിട്ടുള്ള മണലാരണ്യത്തിലെ ഓണാഘോഷങ്ങള്‍
Life Story

സാഹോദര്യത്തിന്റെ പകിട്ടുള്ള മണലാരണ്യത്തിലെ ഓണാഘോഷങ്ങള്‍

സഫാരി സൈനുല്‍ ആബിദീന്‍
|
9 Sep 2024 2:00 PM GMT

സംഘടനകളും കൂട്ടായ്മകളും മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും വരെ ഓണപ്പൂക്കള മത്സരവും പായസവുമായി പ്രവാസികളുടെ ഓണാവേശത്തിന് നിറം പകര്‍ന്നു കൊണ്ടിരിക്കും. | ഓണലാവ്

പ്രവാസികളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ടും കൂടുതലാണ്. മാത്രമല്ല, അത് മാസങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. നാട്ടില്‍ ഓണം കഴിഞ്ഞ് മാവേലി പോയാലും പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങള്‍ വിട്ട് മാവേലി അത്ര പെട്ടെന്ന് പോയെന്ന് വരില്ല. പൂക്കളത്തിലെ വൈവിധ്യങ്ങള്‍ പോലെ ആഘോഷങ്ങളിലെ വൈവിധ്യം ഒരൊറ്റ മേല്‍ക്കൂരക്ക് കീഴില്‍ സംഗമിക്കുന്നത് കാണണമെങ്കില്‍ ഗള്‍ഫിലെ പ്രവാസികളുടെ ഓണാഘോഷത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കണം.

ഓണാഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിലും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുന്നതിലും പ്രവാസി കൂട്ടായ്മകള്‍ക്കിടിയില്‍ ആരോഗ്യകരമായ മത്സരം തന്നെയുണ്ട്. ഈ പൊലിമ കൊച്ചു കേരളത്തെ പ്രവാസ മണ്ണില്‍ പുനഃസൃഷ്ടിക്കുന്നതായി തോന്നിപ്പിക്കും. വിവിധ പ്രവാസി കൂട്ടായ്മകള്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ക്ക് നാട്ടില്‍ നിന്നും അതിഥികളായി സിനിമാ താരങ്ങളും ഗായകരും വരെ എത്താറുണ്ട്. സംഘടനകളുടെ ഓണാഘോഷത്തില്‍ പലപ്പോഴും വീട്ടുരുചിയിലുള്ള സദ്യ തന്നെയാണ്. ഓരോ അംഗങ്ങളും നിശ്ചിത എണ്ണം കറികള്‍ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ടു വരുന്നതും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നതുമൊക്കെ ആഘോഷത്തിനുപ്പറുത്തേക്ക് ഒരുമയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങളാണ് പകരുന്നത്.

ദുബൈയിലെയും ഖത്തറിലെയും സഫാരി മാളുകളില്‍ ഓണച്ചന്തയടക്കം ഒരുക്കിയാണ് മലയാളികള്‍ ഓണാഘോഷത്തെ വരവേല്‍ക്കുന്നത്. ഓണത്തിന്റെ പകിട്ട് ഒട്ടും കുറയാതെ, മലയാളിയുടെ എല്ലാ ഗൃഹാതുരത്വത്തെയും കേരളത്തനിമയെയും മണലാരണ്യത്തിലും പുനഃസൃഷ്ടിക്കുന്നു.

ഗള്‍ഫിലെ ചില വിപണികളില്‍ പോലും ഓണാഘോഷത്തിന്റെ പൊലിമ കാണാം. ദുബൈയിലെയും ഖത്തറിലെയും ചില മാളുകളിലും ഓണം തുടങ്ങുന്നതോടെ ഒരു പൂക്കാലത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറിയിട്ടുണ്ടാകും. കര്‍ണാടകത്തിലെയും കേരളത്തിലെയും പാടങ്ങളില്‍ വിരിയുന്ന ഓണപ്പൂക്കള്‍ വരെ ദോഹയിലെയും ദുബൈയിലെയും വിപണികള്‍ കയ്യടക്കുന്ന കാലമാണ് ഓണനാളുകള്‍. സംഘടനകളും കൂട്ടായ്മകളും മുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും വരെ ഓണപ്പൂക്കള മത്സരവും പായസ മത്സരവുമായി പ്രവാസികളുടെ ഓണാവേശത്തിന് നിറം പകര്‍ന്നു കൊണ്ടിരിക്കും.

കേരളത്തിന്റെ പൂക്കള്‍ മാത്രമല്ല പച്ചക്കറികളും വസ്ത്രങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ പുതിയ ട്രെന്റുകളുമെല്ലാം കടല്‍ കടന്നെത്തും പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍. മാളുകളിലെ അലങ്കാരങ്ങള്‍ ഒരുക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ഇതില്‍ പ്രത്യേക ആവേശവും താല്‍പര്യവുമുണ്ടാകും. മലയാളി എവിടെപ്പോയാലും സംസ്‌കാരിക അടയാളങ്ങളെയും പാരമ്പര്യ ചിഹ്നങ്ങളെയും അതിന്റെ തന്മയത്വത്തോടെ കാത്തു സൂക്ഷിക്കാന്‍ അതീവ താല്‍പര്യം കാണിക്കുമെന്ന് ചുരുക്കം.


Similar Posts