ഓണത്തിന്റന്ന് ഇലയട, ഓണസദ്യ, നേന്ത്രപ്പഴമെല്ലാമാണ് നേദിക്കാറെങ്കില് അവിട്ടമൊക്കെ ആവുമ്പോഴേക്കും അത് ശര്ക്കരയിലെത്തും
|രണ്ട് ചേരിയായി തിരിഞ്ഞ് 'ഒരു കൊട്ട പൊന്നും തരാം പുടവയും തരാം പെണ്ണിനെ തരോ' എന്ന പാട്ട് പാടി പെണ്ണു ചോദിക്കണ കളിയും രസമുള്ളതാണ് - ഓര്‍മകളുടെ ഓണം
ഓണമെന്ന് പറയുമ്പോഴേ എത്ര പറഞ്ഞാലും തീരാത്ത ഓര്‍മകളുടെ തള്ളികയറ്റമാണ് മനസ്സില്‍. അത്തത്തിന്റെ രണ്ടുമൂന്ന് ദിവസം മുന്നേ തുടങ്ങും തുമ്പപ്പൂ പറിക്കാനുള്ള തയ്യാറെടുപ്പ്. അത്തം മുതല്‍ സ്കൂള്‍ വിട്ട് വന്നാല്‍ പുസ്തകമിട്ടു വയ്ക്കുന്ന സഞ്ചി (ബാഗ്) ഒരു മുക്കില്‍ വച്ചൊരോട്ടമാണ് കൊടിക്കുന്ന് അമ്പലമുറ്റത്തേക്ക് തുമ്പപ്പൂ പറിക്കാന്‍. തേക്കിന്റെ ഇലകൊണ്ട് കുമ്പിള് കുത്തി അതിലാണ് തുമ്പപ്പൂ പറിച്ചിടുക.
ഒന്നോ രണ്ടോ പേരുടെയടുത്തെ പൂക്കൊട്ടയുണ്ടാവുള്ളൂ.
'പൂവേ പൊലി, പൂവേ പൊലി കണ്ണാന്തളിമുറ്റത്തൊരു തുമ്പ മുളച്ചേ
തുമ്പകൊടെമ്പാറും തോണി ചമച്ചേ,
തോണിത്തലപ്പത്തൊരാല് വളര്‍ന്നേ,
ആലിന്റെ പൊത്തീലൊരുണ്ണി പിറന്നേ,
ഉണ്ണിക്ക് കൊട്ടാനും പാടാനും
ഒരു പൂക്കുണ്ട പൂവേ പൊലി
പൂവേ പൊലിപൂവേ.'
അര്ഥമൊന്നുമറിയാതെ ഈ പാട്ട് പാടികൊണ്ടാണ് പൂപറിക്കല്.
മറ്റുള്ളോരെക്കാള് കൂടുതല്‍ തുമ്പപ്പൂ കിട്ടണമെന്ന വാശിയോടെയാണ് എല്ലാവരും പൂ പറിക്കുന്നതെങ്കിലും കുമ്പിള് നിറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് വേണമല്ലോ എന്നോര്‍ത്ത് പൂ പറിക്കല്‍ നിര്‍ത്തും. തുമ്പച്ചെടിയില്‍ നിന്നും ഓരോ പൂവായിട്ടാണ് പൊട്ടിക്കുക. വികൃതി സ്വഭാവള്ളവര് തുമ്പച്ചെടിയുടെ തലപ്പ് ഒന്നാകെ പൊട്ടിക്കും. അപ്പോള്‍ 'മാവേലിക്ക് വിഷമാവും ട്ടോ, പാപം കിട്ടും 'എന്നൊക്കെ കൂട്ടത്തിലാരെങ്കിലും പറയും. നമ്മള് പൂ പറിക്കണതൊക്കെ മഹാബലി കാണുംന്നാണല്ലോ വിശ്വാസം. കുട്ടിയായിരുക്കുമ്പോളത്തെ ആ വിശ്വാസം തന്നെയാ ഇപ്പോഴുമെനിക്ക്, ഈശ്വരനെപ്പോഴും എല്ലാം കാണുന്നുണ്ടെന്ന്.
തുമ്പപ്പൂ വീട്ടില്‍ കൊണ്ടുവന്ന് വച്ചാല്‍ പിന്നെ ചെമ്പരത്തി മൊട്ടും, കോളാമ്പിയും, നിത്യകല്യാണിയും, നന്ദ്യാര്‍വട്ടവുമൊക്കെ തിരച്ചിലാണ്. മുക്കുറ്റി രാവിലെയാണ് പറിക്കുക. അമ്മമ്മയോ വലിയമ്മയോ പൂവിടാന്‍ മണ്ണ് കുഴച്ച് തറയുണ്ടാക്കീട്ടുണ്ടാവും. പൂത്തറയില്‍ രാവിലെ അമ്മമ്മ ചാണകം തേച്ച് തന്നാല്‍ പൂവിടല്‍ തുടങ്ങലായി. പൂവിടല്‍ കഴിഞ്ഞാല്‍ അടുത്ത ജോലി അപ്പുറത്തും ഇപ്പുറത്തുള്ളോരടെ പൂക്കളം കാണലും വീമ്പ് പറച്ചിലും.
പൂരാടം വരെ പൂവിട്ട് പിന്നെ തൃക്കാക്കരയപ്പനെ വയ്ക്കാന്‍ തയ്യാറെടുപ്പ് തുടങ്ങും. വലിയമ്മയോ അമ്മാമയോ ആണ് മണ്ണ് കുഴച്ച് തൃക്കാക്കരയപ്പനെയും മാതേവരെയും ഉണ്ടാക്കുന്നത്. ചാണകം തേച്ച് അരിമാവ് കൊണ്ട് അലങ്കരിച്ച പൂത്തറയില്‍, മരപ്പലകയുടെ മേലെ നാക്കിലയിലാണ് തൃക്കാക്കരയപ്പനെ വയ്ക്കുക. ഹനുമാന് കിരീടം തലയുടെ മുകളില്‍ വച്ച്, കോളാമ്പിയും ചെമ്പരത്തിയും ഈര്ക്കിലിനറ്റത്ത് ചൂടിച്ച് തൃക്കാക്കരയപ്പനെ ഭംഗിയാക്കും. മഴകൊള്ളാതിരിക്കാന്‍ ഓലക്കുടയും കൂടി വച്ച് കഴിഞ്ഞാല്‍ മാവേലിതമ്പുരാനെ കാണാന്‍ ഐശ്യര്യം കൂടും. അമ്മാമ്മ തൃക്കാക്കരയപ്പനെ മൂന്ന് നേരം നേദിക്കും. നേദിക്കുന്ന സമയത്ത് വലിയവരടക്കം എല്ലാവരും പൂവേ പൊലി പൂവേപൊലീന്നുള്ള പാട്ട് പാടും. ഓണത്തിന്റന്ന് ഇലയട, ഓണസദ്യ, നേന്ത്രപ്പഴമെല്ലാമാണ് നേദിക്കാറെങ്കില് അവിട്ടമൊക്കെ ആവുമ്പോഴേക്കും അത് ശര്ക്കരയിലെത്തും.
ഓണസദ്യയില്‍ പായസം അന്ന് പതിവില്ല. നിറപുത്തരിക്കാണ് അന്നൊക്കെ പായസം ഉണ്ടാക്കാറുള്ളത്.
ഉച്ചക്ക് ഊണ് കഴിച്ചാല്‍ പിന്നൊരു ഓട്ടമാണ് താഴത്ത് കുട്ട്യേടത്തിയുടെ വീട്ടിലേക്ക്. അവിടെ ചുറ്റു വട്ടത്തുള്ള എല്ലാ സ്ത്രീകളും ഓണക്കോടിയൊക്കെ ഇട്ട് എത്തിയിട്ടുണ്ടാവും. നല്ല ചന്തണ്ടാവും എല്ലാവരെയും കാണാന്‍. പിന്നെ തുടങ്ങായി തുമ്പിതുള്ളല്‍, കൈകൊട്ടിക്കളി, വടം വലി, തിരുപ്പറക്കല്‍, പെണ്ണുചോദിക്കല് അങ്ങനെയങ്ങനെ ഓരോ കളികള്‍.
തുമ്പി തുള്ളലിന് ഒരാള്‍ തലയില്‍ തോര്‍ത്തു കൊണ്ട് മുഖം മൂടി നടുക്കിലിരിക്കും, ബാക്കി എല്ലാവരും ചുറ്റും വട്ടമിട്ടിരുന്ന്, 'എന്തേ തുമ്പീ തുള്ളാത്തെ, ഏതേ തുമ്പീ തുള്ളാത്തേ, എന്ന പാട്ട് ഉറക്കെ കൈകൊണ്ട് തപ്പുക്കൊട്ടി തപ്പുക്കൊട്ടി ചൊല്ലും. ആ താളം കേട്ട് നടുക്കിരിക്കണ ആള് തലമുടി വട്ടത്തില്‍ കറക്കി കറക്കി തുള്ളും. ഞാനൊരുപ്രാവശ്യം നടുക്കിലിരുന്ന് തുള്ളല്‍ വരാതെ എഴുന്നേറ്റ് പോന്നിട്ടുണ്ട്. ഇതെന്താ തുമ്പീ തുള്ളാത്തെ എന്ന് ചോദിച്ച് എല്ലാവരും ആര്‍ത്തു ചിരിച്ചതോര്ക്കുമ്പോള് ഇന്നും ചിരി വരുന്നു. ചുറ്റുമിരിക്കുന്നവരുടെ കാലുകളില്‍ തൊടാതെ നടുക്കിരുന്ന് തിരുപ്പറക്കലും നല്ല രസമാണ്.
രണ്ട് ചേരിയായി തിരിഞ്ഞ് 'ഒരു കൊട്ട പൊന്നും തരാം പുടവയും തരാം പെണ്ണിനെ തരോ' എന്ന പാട്ട് പാടി പെണ്ണു ചോദിക്കണ കളിയും രസമുള്ളതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്നും ഓണമോര്മകളെ അയവിറക്കുമ്പോള്‍ തോന്നുന്നു, ഒട്ടുമിക്ക വീടുകളിലും ദാരിദ്ര്യവും കഷ്ടപ്പാടുകളും ധാരാളം ഉണ്ടായിരുന്ന അന്നല്ലേ ഓണം ആഘോഷിച്ചിരുന്നതെന്ന്. ഇന്ന് നേന്ത്രപ്പഴം, ശര്‍ക്കര ഉപ്പേരി, കായവറുത്തത്, പുതിയ വസ്ത്രങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും കിട്ടുമെന്നുള്ളതിനാല്‍ ഓണമെന്നത് അവധികിട്ടുന്ന ഒരാഘോഷമായി മാറീല്ലേ എന്നും തോന്നിപോകുന്നു.
'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ.' - അതേ മനുഷ്യത്വം തന്നെയാവട്ടെ നമ്മുടെയെല്ലാം മുഖമുദ്ര.