ആത്മാവേ.. വെച്ചുപിടിച്ചോ ഊട്ടിയിലേക്ക്
|സഞ്ചാരം ആത്മാവില്‍ ലയിച്ച സഞ്ചാരികളെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും ഊട്ടിയെന്ന പറുദീസ. മൂടല്‍മഞ്ഞിന്റെ മാന്ത്രികതയില്‍ അലിയാം.. കോടമഞ്ഞുകള്‍ മാഞ്ഞുപോകുമ്പോള് പുതിയ വിസ്മയക്കാഴ്ചകളിലേക്ക് മിഴി തുറക്കാം... പ്രകൃതിയുടെ താളം ഒരു സിംഫണിപോലെ ആസ്വദിക്കാം...
നീലഗിരി ജില്ലയിലെ ചെറു മലയോര പട്ടണമാണ് ഊട്ടി. സഞ്ചാരികളെ വീണ്ടും വീണ്ടും അവിടേക്ക് എത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഊട്ടിയെ മറ്റുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സന്ദര്‍ശകരെ ഇത്രയധികം ആകര്‍ഷിക്കാന്‍ എന്തായിരിക്കാം കാരണം? കാഴ്ചകള്‍ക്ക് അപ്പുറം എന്താണാവിടെ ഉള്ളത്?
ഇവിടേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് പൊതുവെ ഉണ്ടാവാറുള്ളത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും, ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുമുള്ള മാസങ്ങളിലാണ്. ഊട്ടിയിലേക്കുള്ള യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇത് തന്നെയാണ്. ഉദഗമണ്ഡലം എന്ന ഊട്ടി, കാഴ്ചക്കാര്‍ക്ക് എന്നും അത്ഭുതവും വിസ്മയവുമാണ്. അതിന്റെ പ്രധാന കാരണം, അവിടുത്തെ കാലാവസ്ഥ തന്നെ ആവാം. ഇളം തണുത്ത കാറ്റ് ശരീരത്തിന് മാത്രമല്ല, മനസ്സിനും കുളിര്‍മ ഏകുന്നതാണ്. നീലഗിരി ഹില്‍ റേഞ്ചിന്റെ ഭാഗമായ ഊട്ടിയിലെ വിവിധ പ്രദേശങ്ങള്‍ ബോളിവുഡ് സിനിമാ ചിത്രീകരണങ്ങളുടെ ജനപ്രിയ സ്ഥലമാണ്.
ഊട്ടിയുടെ ചരിത്രം
കാഴ്ചകള്‍ക്കപ്പുറം ചരിത്ര പ്രാധാന്യമുള്ള ഇടമാണ് ഊട്ടി. ഒട്ടനവധി അധികാര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ മലമ്പ്രദേശം. ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു ഈ മലനിരകള്‍. ബഡഗര്‍, തോടര്‍, ബേള്ളാളര് എന്നീ മൂന്നു ആദിവാസി ഗോത്രങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. ചേര രാജാക്കന്മാര്ക്ക് ശേഷം വന്ന മൈസൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ ഗംഗ സാമ്രാജ്യ ചക്രവര്‍ത്തിമാര്‍ വയനാട് ഉള്‍പ്പെടുന്ന ഈ ഭൂപ്രദേശം കൈക്കലാക്കി. പിന്നീട് വടക്കന്‍ കാനറ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കദംബര്‍ ഊട്ടി കൈവശപ്പെടുത്തി.
അതിനുശേഷം ഹൊയ്സാല രാജാവായ ഹര്ഷവര്ദ്ധന് വയനാടും നീലഗിരിയും ആക്രമിച്ച് കീഴടക്കി. ഹര്‍ഷവര്‍ദ്ധനനാണ് നീലമലയെ-ഊട്ടിയെ ഒരു പട്ടണം ആക്കി മാറ്റിയത്. ഡല്‍ഹി ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികള്‍ ഹൊയ്സാല സാമ്രാജ്യത്തില്‍നിന്ന് അധികാരം പിടിച്ചെടുത്തു. അതേ തുടര്‍ന്ന് ഈ പ്രദേശത്തിന്റെ ഭരണം ഹൊയ്സാല മന്ത്രിയായിരുന്ന മാധവ ദന്നായകനും മക്കള്‍ക്കും ലഭിച്ചു. അവര്‍ നീലഗിരി-സര്‍ദാര്‍ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു വന്നു.
പതിനാറം ശതകത്തില്‍ വിജയനഗരി രാജാക്കന്മാര് നീലമല പ്രദേശങ്ങളെ മുസ്ലിം ഭരണാധികാരികളില്‍നിന്നും പിടിച്ചെടുത്തു. പിന്നീട് ഡെക്കാനിലെ മുസ്ലിം രാജാക്കന്മാര് യുദ്ധത്തിലൂടെ ഇവിടം അവരുടേതാക്കി മാറ്റി. പിന്നീട് ഹൈദരലി മൈസൂര്‍ പിടിച്ചെടുത്തതോടെ മുഗള്‍ രാജവംശത്തിന്റെ അധീനതയില്‍ ആയി ഈ പ്രദേശം. ഹൈദരലിക്കു ശേഷം ടിപ്പുസുല്‍ത്താന്റെ ഭരണത്തിനുകീഴിലായി. പിന്നീട് ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാരുടെ അധീനതയിലേക്കും വന്നുചേര്‍ന്നു. ബ്രീട്ടീഷ് ഭരണകാലത്ത് പഴശ്ശിയുമായുള്ള യുദ്ധത്തിനും ഇവിടം സാക്ഷിയായി. സ്വാതന്ത്രാനന്തരം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായി മാറി. ബ്രിട്ടീഷ് ഭരണകാലത്താണ് ഇവിടേക്കുള്ള ശരിയായ സഞ്ചാരപാത ഉണ്ടാകുന്നത്. അന്നത്തെ മദ്രാസ് ഗവര്‍ണരായിരുന്ന ലഷിങ്ട്ടന് ആണ് ചരിത്ര പ്രസിദ്ധമായ സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് നിര്‍മിക്കുന്നത്.
ആദ്യകാലം മുതല്‍തന്നെ യൂറോപ്യന്മാര് ഉള്‍പ്പെടെ വിശ്രമ സ്ഥലങ്ങളായി ഈ പ്രദേശങ്ങളെ തെരഞ്ഞെടുത്തിരുന്നു. സൈനിക മേധാവികളുടെയും സൈനികരുടെയും വിശ്രമ കേന്ദ്രങ്ങളായും ഊട്ടിയെ തെരഞ്ഞെടുത്തു. മാറി മാറി വന്ന ഓരോ ഭരണാധികാരികളുടെയും ഔദ്യോഗിക വിശ്രമ കേന്ദ്രങ്ങളായിരുന്നു ഇവിടെ. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും സിനിമ താരങ്ങളും ഊട്ടിയിലായിരുന്നു അവരുടെ വേനല്‍കാലം ചിലവിട്ടിരുന്നത്. അതുകൊണ്ടൊക്കെ തന്നെ ക്വീന്‍ ഓഫ് ഹില്സ്റ്റേഷന് എന്ന രാജകീയ പട്ടം ഊട്ടിക്ക് സ്വന്തമാണ്.
കേരളത്തില്‍ നിന്നും ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും രണ്ട് വഴികളാണ് ഉള്ളത്. 1831 ല്‍ നിര്‍മിച്ച കോഴിക്കോട്-ഊട്ടി പാതയാണ് അതില്‍പ്രധാനം. താമരശ്ശേരി ചുരത്തിലൂടെയാണ് ഈ പാത കടന്നുപോകുനന്ത്. മറ്റൊന്ന് നാടുകാണി ചുരം വഴിയാണ്. നാടുകാണി ചുരം വഴി പോകുമ്പോള്‍ ഗുഡലൂര്‍ കഴിഞ്ഞാല്‍ ഫ്രോഗ് ഹില്‍ കാണാം. ഇവിടെ മേഘങ്ങല്‍ താഴെയായി, കാഴ്ച്ചക്കാര്‍ ആകാശത്തിന് മുകളില്‍ നില്ക്കുന്ന കാഴ്ചയും യൂക്കാലി തോട്ടങ്ങളിലെ സുഗന്ധം അനുഭവിച്ചുകൊണ്ടുള്ള യാത്രും അവിസ്മരണീയംതന്നെ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചെടികള്‍ പൂക്കള്‍ വിരിച്ചു നില്‍ക്കുന്നത് കാഴ്ചക്കാരുടെ മനസ്സില്‍ മായാതെ നില്ക്കുന്ന കഴ്ചയില്‍ ഒന്നുതന്നെ ആയിരിക്കം. നീഡില്‍ റോക്ക് പോയിന്റ്, പായ്ക്കര ബോട്ട് ഹൗസ്, പായ്ക്കര വാട്ടര്‍ ഫാള്‍സ്, ഷൂട്ടിങ് പോയിന്റ്, പൈന്‍ ഫോറെസ്റ്റ്, ടീ ചോക്ലേറ്റ് ഫാക്ടറി, റോസ് ഗാര്ഡന് എന്നിങ്ങനെ നീണ്ടു കിടക്കുന്നു സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്ന കേന്ദ്രങ്ങള്‍. ഇതൊക്കെ തന്നെയാണ് ഊട്ടി കണ്ട് മടങ്ങിയവരെ വീണ്ടും അവിടേക്കെത്തിക്കുന്ന മായാജാലം.
ഊട്ടിയിലെ തേയിലത്തോട്ടങ്ങള്‍
ഊട്ടിയുടെ മനോഹാരിതയില്‍ എടുത്തുപറയേണ്ടത് തേയിലത്തോട്ടങ്ങളാണ്. നീലഗിരി പര്‍വത നിരകളില്‍ പടര്‍ന്നു നില്ക്കുന്ന തേയില, കാപ്പിത്തോട്ടങ്ങളുടെ വശ്യസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. രാജ്യത്തെ തേയില ഉത്പാദനത്തില്‍ വലിയ പങ്കും വഹിക്കുന്നത് ഊട്ടി റെയ്ഞ്ച് സ്റ്റേഷന് മേഖലയില്‍നിന്നാണ്. കൂനൂര്‍, ലാംബ്സ് റോക്ക്, കെട്ടി വാലി എന്നിവിടങ്ങളിലാണ് പ്രധാനപ്പെട്ട തേയില ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ തേയിലക്കു പുറമേ കാപ്പിയും ധാരാളമായി കൃഷിചെയ്യുന്നുണ്ട്. മഞ്ഞ് മൂടിയ തേയിലക്കാടുകളും സില്‍വര്‍ ഓക്ക് മരങ്ങളും പൈന്മരങ്ങളും താണ്ടിയുള്ള യാത്ര ഊട്ടിയുടെ സ്വിസര്‍ലാന്‍ഡ് എന്നൊരു വിശേഷണം കൂടി ഈ മലനിനരകള്ക്ക് നേടിക്കൊടുത്തു.
കാര്‍ഷിക മേഖല
കാര്‍ഷിക സമ്പത്തിന്റെ കാര്യം തെല്ലും ഊട്ടി പിന്നിലല്ല. ആദ്യകാലം മുതല്‍തന്നെ കാര്‍ഷിക മേഖലയാണ് ഊട്ടി. അവലാഞ്ചിയും കൂകള്തൊരായും അതുപോലുള്ള പല ഗ്രാമങ്ങളും കാര്‍ഷിക മേഖലകളാണ്. കാബേജ്, കോളിഫ്ളവര്‍, ഉരുളകിഴങ്, കാരറ്റ്, ബീറ്റ്റൂട്ട്, മത്തന്‍, വെള്ളരി, ബീന്‍സ്, ബട്ടര്‍ സ്ട്രോബറി സുക്കിന്നി, മാങ്ങ, പേരക്ക, റെഡ് കാബേജ്, ചൈനീസ് കാബേജ്, ഐസ് ബര്‍ഗ് ബ്രോക്കോളി, സലറി റോസ്മരിയ തുടങ്ങി 40 ലേറെ പച്ചക്കറിയും പഴവര്‍ഗങ്ങളും ഇവിടെ കൃഷിചെയ്യുന്നു.
അവലാഞ്ചി തടാകം
ഊട്ടിയില്‍ ടൗണില്‍ നിന്നും അല്‍പ്പം മാറിയാണ് അവലാഞ്ചി തടാകം ഉള്ളത്. അവലാഞ്ചിയിലേക്ക് പോകുന്ന വഴിയിലുടനീളം പൂക്കള്‍ വിരിഞ്ഞിരിക്കുന്ന മനോഹര കാഴ്ച്ചകള്‍ കാണാം. അവലാഞ്ചി ഡാം സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ സ്ഥലം. തടാകത്തിന് ചുറ്റും ഇടം പിടിച്ച ഉരുളന്‍ പാറകളും അവയ്ക്ക് മുകളില്‍ വര്‍ഷത്തിലേറെ കാലവും പുഷ്പിച്ച് നില്ക്കുന്ന മംഗോളിയ വൃക്ഷങ്ങളും കാട്ടുപൂവരശുകളും ഓര്‍ക്കിഡുകളും കുളിര്മയുള്ള കാഴ്ചകളാണ്. നീലഗിരി കുന്നുകളിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. മത്സ്യസമൃദ്ധമാണ് ഈ തടാകം.
മറ്റൊരു ഇടമാണ് അവലാഞ്ചി മാര്‍ക്കറ്റ്. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കാരറ്റ് കൂടുതലും ഈ പ്രദേശങ്ങളില്‍നിന്ന് വരുന്നവയാണ്. എങ്ങനയാണ് കാരറ്റ് തരം തിരിക്കപ്പെടുന്നതെന്നും എങ്ങിനെയാണ് അതിന്റെ കൈകാര്യരീതി എന്നും കണ്ടു മനസ്സിലാക്കാന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചാല്‍ സാധിക്കും. ലോറിയില്‍ ചാക്കില്‍കെട്ടിയാണ് കാരററ്റുകള് കൊണ്ടുവരിക. അവ വെള്ളത്തിലിട്ട് യന്ത്രസഹായത്തോടെ വീണ്ടും ശുദ്ധീകരിക്കും. പിന്നീട് ജോലിക്കാര്‍ അവയെ വലുത്-ചെറുത് എന്നിങ്ങനെ ഗ്രേയ്ഡ് ആയി തരംതിരിക്കും. ശേഷം ചാക്കില്‍കെട്ടി മാര്‍ക്കറ്റിലേക്ക് ചരക്കുമായി വന്ന അതേ ലോറിയില്‍തന്നെ വൃത്തിയാക്കി കയറ്റി അയക്കുന്നു. ഊട്ടി ടൗണിനെ അപേക്ഷിച്ചു നന്നേ തിരക്ക് കുറഞ്ഞ പ്രദേശമാണ് ഇവിടം. അധ്വാനശീലമുള്ളവരാണ് ഇവിടത്തെ കര്‍ഷകര്‍. സീസണ് വിളകള്‍ കൃഷിചെയ്യാത്ത സമയങ്ങളില്‍ അവര്‍ മറ്റുജോലികള്‍ ചെയ്യുന്നു.
കൂകള്തൊരായ്
ഇതൊരു കാര്‍ഷിക ഗ്രാമമാണ്. ഊട്ടിയില്‍ നിന്നും കോത്താഗിരി വഴിയും തൊടപ്പേട്ട വഴിയും കൂകള്തൊരായില് എത്താം. കടല്‍ നിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് കൂകല്തൊരയുടെ സ്ഥാനം. എങ്കിലും ഊട്ടിയെ അപേക്ഷിച്ച് തണുപ്പ് കുറവാണ്. തേയില തോട്ടങ്ങള്‍ മഞ്ഞില്‍ മുടപ്പെട്ടിരിക്കുന്ന മനോഹര വഴികളിലുയുടെയാണ് യാത്ര. പച്ചക്കറിപ്പാടങ്ങള്‍ കണ്ണെത്താദൂരത്തോളാം കാണാം. സഞ്ചാരികളെ വിരുന്നൂട്ടുന്ന ഊട്ടിയുടെ ഗ്രാമാന്തരങ്ങളിലെ മനുഷ്യരാകട്ടേ കാഴ്ച്ചകള്‍ക്കപ്പുറമുള്ള സൗന്ദര്യമാണ്.
പരിസ്ഥിതി സംരക്ഷണത്തിലെ ഊട്ടി മാതൃക
തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളുടെ ട്രൈ ജംഗ്ഷനിലാണ് നീലഗിരി പര്‍വതനിരകള്‍ സ്ഥിതി ചെയ്യുന്നത്. നീലഗിരി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ പ്രഖ്യാപിച്ച ജൈവമണ്ഡലം കൂടിയാണ്. പര്‍വതനിരകള്‍ ഒരു മനോഹരമായ കാഴ്ച മാത്രമല്ല, തദ്ദേശീയ ജൈവവൈവിധ്യത്തിന്റെ നിര്‍ണായക ആവാസവ്യവസ്ഥ കൂടിയാണ്. കൂടാതെ നിരവധി തദ്ദേശീയ സമൂഹങ്ങളുടെ ആവാസ കേന്ദ്രവുമാണ്. എന്നാല്‍, ഊട്ടിയുടെ ദുര്‍ബലമായ ആവാസവ്യവസ്ഥയും സഞ്ചാരികളുടെ ആധിക്യവും ടൂറിസം പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഊട്ടിയുടെ പരിസ്ഥിതിയെ വലിയതോതില്‍ നാശത്തിലേക്കാണ് നയിച്ചത്. ഈ തിരിച്ചറിവില്‍നിന്നാണ് ഭരണകൂടം കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്. പ്ലാസ്റ്റിക്, കുഴല്‍ക്കിണറുകള്‍ എന്നിവയുടെ സമ്പൂര്‍ണ നിരോധനം, മാലിന്യ വേര്‍തിരിവിലൂടെ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കല്‍ എന്നിവ ഊട്ടിയെ പാരിസ്ഥിതികമായി നിലനിര്‍ത്തുന്നതിന് ഭരണകൂടം സ്വീകരിച്ച ചില നടപടികളാണ്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഊട്ടിയിലേക്ക് വരുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് കാരിബാഗ്, ഗ്ലാസ്, നിരോധിച്ച പേപ്പര്‍ ഗ്ലാസ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവ കൊണ്ടുവന്നാല്‍ കനത്ത പിഴ ഒടുക്കേണ്ടിവരും.
സഞ്ചാരം ആത്മാവില്‍ ലയിച്ച സഞ്ചാരികളെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും ഊട്ടിയെന്ന പറുദീസ. മൂടല്‍മഞ്ഞിന്റെ മാന്ത്രികതയില്‍ അലിയാം.. കോടമഞ്ഞുകള്‍ മാഞ്ഞുപോകുമ്പോള് പുതിയ വിസ്മയക്കാഴ്ചകളിലേക്ക് മിഴി തുറക്കാം... പ്രകൃതിയുടെ താളം ഒരു സിംഫണിപോലെ അനുഭവിക്കാം... ആത്മാവേ വെച്ചുപിടിച്ചോ ഊട്ടിയിലേക്ക്...