Life Story
ചക്കും, ചക്കിലാട്ടിയ വെളിച്ചെണ്ണയും
Life Story

ചക്കും, ചക്കിലാട്ടിയ വെളിച്ചെണ്ണയും അക്ഷയിന്റെ അക്ഷയ പാത്രം

സില്‍വ്യ. കെ
|
11 Aug 2023 11:14 AM GMT

വിപണിയില്‍ ലഭിക്കുന്ന എണ്ണ ചൂടാക്കുമ്പോള്‍ പുകഞ്ഞു പോകും. കാരണം, അത് ഒരുതവണ ചൂടായി വികസിച്ച് കഴിഞ്ഞ ശേഷമാണ് ലഭിക്കുന്നത്. എന്നാല്‍, ചക്കിലാട്ടിയ എണ്ണക്ക് അത്തരത്തിലുള്ള പ്രശ്‌നമില്ല. അതില്‍ യാതൊരു തരത്തിലുള്ള ബാഹ്യ സമ്മര്‍ദവും ഏല്‍ക്കുന്നില്ല.

പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതാണ് ചക്കും ചക്കിലാട്ടിയെ വെളിച്ചെണ്ണയും. ചക്കിലാട്ടിയ വെളിച്ചെണ്ണക്ക് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. വെളിച്ചണ്ണ ഉല്‍പാദിപ്പിക്കാന്‍ ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് ചക്ക്. യന്ത്രവത്കൃത മില്ലുകള്‍ വന്നതോടുകൂടിയാണ് ചക്കും ചക്കിലാട്ടിയ വെളിച്ചെണ്ണയും അത്യപൂര്‍വമായിത്തീര്‍ന്നത്. ചക്കിലാട്ടിയ വെളിച്ചെണ്ണക്ക് ഗുണനിലവാരവും ഒൗഷധ ഗുണവുമൊക്കെ നല്‍കുന്നത് ചക്കിന്റെ നിര്‍മാണത്തിലേയും അതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും പ്രത്യകതകൊണ്ടുകൂടിയാണ്. പൂവം എന്ന മരമാണ് ചക്ക് നിര്‍മിക്കാനായി ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള പ്രതലത്തിലാണ് ചക്ക് സ്ഥാപിക്കുക. നടുവില്‍ കണ സ്ഥാപിക്കും. പെന്‍സില്‍ രൂപത്തില്‍ മുകളിലേക്ക് ഉയര്‍ത്തിയാണ് കണ സഥാപിക്കുക. അതിനുപുറമെ വൃത്താകൃതിയിലാണ് തള്ള ചക്ക്. കൂടാതെ അതിനുള്ളില്‍ മറ്റൊരു ചക്കും ഉണ്ടാകും. അതിനെ പിള്ളച്ചക്കെന്നാണ് പറയുക. കാളയെകൊണ്ടാണ് ചക്ക് വലിപ്പിക്കുക. ചക്കിലാട്ടി കൊണ്ടിരിക്കുമ്പോള്‍ തന്നെ മരം എണ്ണയെ വലിച്ചെടുക്കും. അതിനുശേഷം കുറച്ചുനേരം കഴിഞ്ഞ് മരം ഈ എണ്ണ പുറം തള്ളുകയും ചെയ്യുന്നു.

കൊപ്രയില്‍ വെള്ളം തെളിച്ച ശേഷമാണ് ആട്ടുന്നത്. ഇതിന് തേങ്ങാപ്പാലിന്റെ മണമാണ്. വിപണിയില്‍ ലഭിക്കുന്ന എണ്ണ ചൂടാക്കുമ്പോള്‍ പുകഞ്ഞു പോകും. കാരണം, അത് ഒരുതവണ ചൂടായി വികസിച്ച് കഴിഞ്ഞ ശേഷമാണ് ലഭിക്കുന്നത്. എന്നാല്‍, ചക്കിലാട്ടിയ എണ്ണയ്ക്ക് അത്തരത്തിലുള്ള പ്രശ്‌നമില്ല. അതില്‍ യാതൊരു തരത്തിലുള്ള ബാഹ്യ സമ്മര്‍ദവും ഏല്‍ക്കുന്നില്ല.

വന്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ബിസിനസ് എങ്ങനെ ലാഭകരമാക്കി നടത്താന്‍ കഴിയും എന്ന് പലര്‍ക്കും ആശങ്കയുണ്ട്. മരച്ചക്കില്‍ ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ മായം ചേര്‍ക്കാതെ വിറ്റാണ് പലരും പ്രാദേശിക വിപണി കീഴടക്കുന്നത്. കൂടാതെ അനുബന്ധമായി ലഭിക്കുന്ന തേങ്ങാപിണ്ണാക്കും നല്ലൊരു വരുമാനമാര്‍ഗമാണ്. മറ്റ് എണ്ണകളെ അപേക്ഷിച്ച് ഒരുപാട് വ്യത്യാസമുണ്ട് ചക്കിലാട്ടിയ എണ്ണയ്ക്ക്. ഒരു കുപ്പിയില്‍ വെള്ളവും മറ്റൊരു കുപ്പിയില്‍ ചക്കിലാട്ടിയ എണ്ണയും വച്ചു നോക്കിയാല്‍ വെള്ളമേത് എണ്ണയെത് എന്ന് തിരിച്ചറിയാന്‍ പോലും പറ്റില്ല. മാത്രമല്ല, നല്ല കട്ടിയുള്ള എണ്ണയാണ് ലഭിക്കുന്നത്. വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ, കടലെണ്ണ, ബദാം എണ്ണ എന്നിങ്ങനെ നിരവധി ചക്കിലാട്ടിയ എണ്ണകള്‍ ഇന്ന് വിപണിയില്‍ സജീവമാണ്. ചക്കിലാട്ടിയ എണ്ണക്ക് വിലകൂടുതലാണ്. കാരണം, മരച്ചക്കിലാട്ടുമ്പോള്‍ കൊപ്രയുടെ 55 ശതമാനം മാത്രമേ വെളിച്ചെണ്ണ ലഭിക്ക എന്നതുകൊണ്ടാണ് വില കൂടുതലാവുന്നത്.


ചക്കിലാട്ടിയ വെളിച്ചെണ്ണയുമായി അക്ഷയിന്റെ വ്യാപാരം

ആഹാരവസ്തുക്കളില്‍ പോലും മായം ചേര്‍ത്ത് ലാഭം കൊയ്യാന്‍ വെമ്പല്‍ക്കൊള്ളുന്ന ഇക്കാലത്ത് പഴമയുടെ പരിശുദ്ധി കൈമുതലാക്കി വ്യത്യസ്തനാവുകയാണ് കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശി അക്ഷയ് എന്ന യുവാവ്. കാളയെ ഉപയോഗിച്ച് എണ്ണ ചക്കിലട്ടി ആ പരിശുദ്ധമായ എണ്ണ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് 29 വയസ്സ് കാരന്‍ വ്യത്യസ്തനാവുന്നത്.

കാളകളെ എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയില്‍ ഉരുത്തിരിഞ്ഞതാണ് ഇങ്ങനെ ഒരു ആശയം. കേരളത്തില്‍ കാളവലിച്ചുള്ള വെളിച്ചെണ്ണ നിര്‍മാണം കുറവാണ്. തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി വെളിച്ചെണ്ണ ആട്ടിയെടുക്കാം എന്ന് വിചാരിച്ചാലും തിരക്കേറിയ ജീവിതത്തില്‍ അത് അത്ര എളുപ്പമല്ല. അതിനാല്‍ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് വില കൂടിയാലും വാങ്ങാന്‍ ആരും മടിക്കാറില്ല. തനതായി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ വാങ്ങാന്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ എത്തുന്നുണ്ട്. നല്ല ഗുണനിലവാരം നിലനിര്‍ത്തിയാല്‍ വാങ്ങുന്നവര്‍ തന്നെ വീണ്ടും വാങ്ങുകയും പുതിയ ആളുകളെ വാങ്ങുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അക്ഷയ് പറയുന്നു.


സാധാരണ കടകളില്‍ നിന്ന് ലഭിക്കുന്ന വെളിച്ചെണ്ണയില്‍ ലിക്വിഡ് പരാഫിന്‍, എന്‍ജിന്‍ ഓയില്‍ ഉള്‍പ്പടെ പലവിധ മായം ചേര്‍ത്താണ് വരുന്നത്. മായം കലര്‍ന്ന ഇത്തരം എണ്ണകളുടെ ഉപയോഗം കാന്‍സര്‍ പോലുള്ളവക്ക് കാരണമാകും. വിപണിയില്‍ ലഭ്യമായ 90% വെളിച്ചെണ്ണയും മായം കലര്‍ന്നതാണെന്ന തിരിച്ചറിവാണ് മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ വിപണി ശക്തിപ്പെടുത്തുന്നത്. വില അല്‍പ്പം കൂടിയാലും നേരില്‍ കണ്ട് ഗുണനിലവാരം ഉറപ്പാക്കി വാങ്ങുന്ന സംസ്‌കാരം നാട്ടില്‍ പുതുതായി രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനു പുറകിലുണ്ട്.


Similar Posts