Life Story
റൂട്ട് കനാല്‍ ചികിത്സ
Life Story

റൂട്ട് കനാല്‍ ചികിത്സയും തെറ്റിദ്ധാരണകളും

ഡോ. ഹസീന സി.എച്ച്
|
23 May 2023 1:01 PM GMT

മാറിയ ഭക്ഷണരീതിയും പല്ലിന്റെ ആരോഗ്യത്തിലുള്ള അശ്രദ്ധയും കാരണം ദന്തക്ഷയം ബാധിക്കുന്ന രോഗികളുടെ നിരക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന വര്‍ധിച്ചിരിക്കുകയാണ്.

പല്ലിനു റൂട്ട് കനാല്‍ ചികിത്സ ചെയ്യണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സംശയിക്കാന്‍ വരട്ടെ. വേണ്ട ഡോക്ടറേ എനിക്ക് പല്ല് എടുത്താല്‍ മതി എന്ന് പറയുന്ന ഒരു വിഭാഗം രോഗികളുണ്ട്. ഇത് റൂട്ട് കനാല്‍ ചികിത്സയെ കുറിച്ചുള്ള ചില അബദ്ധധാരണകള്‍ കാരണമാണ്.

എന്താണ് റൂട്ട് കനാല്‍ ചികിത്സ

ദന്തക്ഷയം (പല്ലുകളില്‍ കാണപ്പെടുന്ന ദ്രവിക്കല്‍) പല്ലിന്റെ വേരിനകത്തെ ഞരമ്പിനെ ബാധിച്ചാല്‍ ദന്തമജ്ജ പൂര്‍ണമായി നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ചു സംരക്ഷിക്കുന്ന ചികിത്സാ രീതിയാണ് റൂട്ട് കനാല്‍ ചികിത്സ അഥവാ വേരുചികിത്സ.

പല്ലിനു പ്രധാനമായി മൂന്ന് പാളികളാണ് ഉള്ളത്. ഏറ്റവും പുറമെ കാണപ്പെടുന്ന ആദ്യ പാളിയാണ് 'ഇനാമല്‍'. ഇനാമലിനു താഴെ കാണപ്പെടുന്ന പാളിയാണ് 'ഡെന്റിന്‍'. ഇനാമലിനോ ഡെന്റിനോ ദന്തക്ഷയം ബാധിച്ചാല്‍ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചാരത്തില്‍ ഉള്ള മരുന്നുകള്‍ ഉപയോഗിച്ച് പല്ലുകളെ അടച്ചു സംരക്ഷിക്കാവുന്നതാണ്.


ഇനാമലിനും ഡെന്റിനും ഉള്ളിലായാണ് പല്ലിന്റെ ഞരമ്പിന്റെ സ്ഥാനം. അതിനെ 'ഡെന്റല്‍ പള്‍പ്പ്' അഥവാ 'ദന്തമജ്ജ' എന്നറിയപ്പെടുന്നു. ഇതിനകത്തേയ്ക്ക് ബാധിച്ച ദന്തക്ഷയം വേദനാജനകമാണ്. ഇത് സാധാരണ രീതിയില്‍ അടച്ചു സംരക്ഷിക്കല്‍ അസാധ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദന്തമജ്ജ പൂര്‍ണമായി നീക്കം ചെയ്ത് വേരറ്റം മുതല്‍ അടച്ചു സംരക്ഷിക്കുന്നതിനെയാണ് വേരുചികിത്സ അഥവാ, റൂട്ട് കനാല്‍ ചികിത്സ എന്ന് അറിയപ്പെടുന്നത്. സാധാരണ പല്ലടക്കല്‍ ഒരു ദിവസം കൊണ്ട് തന്നെ ദന്തഡോക്ടറുടെ സേവനത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍, വേരുചികിത്സ മൂന്ന് തവണയായി ആണ് ചെയ്യുന്നത്. പിന്നീട് അതിനു മേലെ ക്യാപ്പ്/ക്രൗണ്‍ വെക്കേണ്ടതുമാണ്.

വേരുചികിത്സയുടെ ആദ്യദിനം ദന്തക്ഷയം ബാധിച്ച ദന്തമജ്ജയെ പൂര്‍ണമായി നീക്കം ചെയ്യും. ഇതിനു മുന്നോടിയായി ചില സാഹചര്യങ്ങളില്‍ അങ്ങോട്ടുള്ള ഞരമ്പുകളെ മരവിപ്പിക്കാറുണ്ട്. രണ്ടാം ദിവസം വിവിധ ലായനികളും (സലൈന്‍ ലായനി, സോഡിയം ഹൈപ്പോക്‌ളോറൈറ്റ്,ക്‌ളോര്‍ഹെക്‌സിഡിന്‍ എന്നിവ) ഉപകരണങ്ങളും (റൂട്ട് കനാല്‍ ഫയല്‍, എന്റോമോട്ടോര്‍ എന്നിവ) ഉപയോഗിച്ചു പല്ലിന്റെ ഉള്‍വശം പൂര്‍ണമായി അണുവിമുക്തമാക്കും. മൂന്നാം ദിവസം 'ഗട്ടാ പെര്‍ച്ച' (പല്ലുകള്‍ അടക്കുന്ന ജീവശാസ്ത്രപരമായി നിഷ്‌ക്രിയമായ ഒരു മരുന്ന്) ഉപയോഗിച്ച് വേരും തുടര്‍ന്ന് മറ്റു മരുന്നുകള്‍ ഉപയോഗിച്ച് മുകള്‍വശവും അടച്ചു സംരക്ഷിക്കുന്നതാണ്.

ഉള്‍വശം പൂര്‍ണമായി മറ്റു മരുന്നുകളാല്‍ അടഞ്ഞിരിക്കുന്നതിനാല്‍ പല്ലിന്റെ സ്വാഭാവിക ശക്തി കുറയുകയും, അതിനുമേല്‍ ഏതെങ്കിലും കാരണവശാല്‍ മര്‍ദ്ദം അനുഭപ്പെട്ടാല്‍ വേരുചികിത്സ ചെയ്ത പല്ലുകള്‍ ഭാഗികമായോ പൂര്‍ണമായോ പൊട്ടിപോവാനുള്ള സാധ്യതയേറെയാണ്. ഇതൊഴിവാക്കാനായി ആണ് വേരുചികിത്സയെ തുടര്‍ന്ന് പല്ലുകള്‍ക്ക് മുകളില്‍ ക്യാപ്പ്/ക്രൗണ്‍ വെച്ചു സംരക്ഷിക്കുന്നത്.


ധാരാളം മധുരം അടങ്ങിയ ഭക്ഷണരീതിയും പല്ലുകളെ വൃത്തിയില്‍ ബ്രഷ് ചെയ്ത് സംരക്ഷിക്കാത്തതും മൂലം കുട്ടികളില്‍ ദന്തക്ഷയം കൂടുതലായി കണ്ടുവരുന്നു. ദന്തമജ്ജ വരെ ബാധിച്ച ദന്തക്ഷയം മുതിര്‍ന്നവരുടേത് പോലെ കുട്ടികളിലും അസഹ്യമായ വേദനക്കു കാരണമാവുന്നു. ഭൂരിപക്ഷം കുട്ടികളിലും ഇവ പത്തു മുതല്‍ പന്ത്രണ്ട് വയസ്സ് വരെ നിലനില്‍ക്കേണ്ട പിന്‍വശത്തെ പാല്‍പ്പല്ലുകളില്‍ കാണുന്നതിനാല്‍, മിക്കപ്പോഴും അവ നേരത്തെ എടുത്തുകളയുന്നതും ഉചിതമല്ല. അത്തരം സാഹചര്യങ്ങളില്‍ വേരുചികിത്സ അഥവാ, കുട്ടികളിലെ റൂട്ട്കനാല്‍ ചികിത്സ (പള്‍പ്പെക്ടമി) ചെയ്ത് സംരക്ഷിക്കാവുന്നതാണ്. വേരുചികിത്സ ചെയ്ത പാല്‍പല്ലുകള്‍ കൊഴിഞ്ഞു പോവുമോ എന്ന് ഭയപ്പെടേണ്ടതില്ല. ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തരം മരുന്നുകളാണ് കുട്ടികളുടെ വേരുചികിത്സയില്‍ ഉപയോഗിക്കുന്നത്.

മാറിയ ഭക്ഷണരീതിയും പല്ലിന്റെ ആരോഗ്യത്തിലുള്ള അശ്രദ്ധയും കാരണം ദന്തക്ഷയം ബാധിക്കുന്ന രോഗികളുടെ നിരക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന വര്‍ധിച്ചിരിക്കുകയാണ്. പല്ലുകളില്‍ കറുത്ത പാടുകളോ കുഴികളോ ഭക്ഷണം കുടുങ്ങുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ദന്തഡോക്ടറെ സമീപിച്ചു ചികിത്സ തേടുക. വേദനയോ നീരോ വന്നാല്‍ ഭൂരിഭാഗം പല്ലുകളും വേരുചികിത്സ ചെയ്ത് സംരക്ഷിക്കാവുന്നതുമാണ്. ഓര്‍ക്കുക, ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണ്.


(കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറാണ് ലേഖിക.)


Similar Posts