Life Story
സ്വപ്നങ്ങളുടെ ഭാരമില്ലാത്ത സഞ്ചാരം
Life Story

സ്വപ്നങ്ങളുടെ ഭാരമില്ലാത്ത സഞ്ചാരം

റഹീമ ശൈഖ് മുബാറക്ക്
|
31 Dec 2023 11:50 AM GMT

എന്റെ എഴുത്തുജീവിതത്തിന്റെ ചരിത്രത്തിന് അക്ഷരത്തെറ്റുകളില്ലാതെ ഞാന്‍ എഴുതാന്‍ പഠിച്ചത്രയും പഴക്കമുണ്ട്. എങ്കിലും എഴുത്തുകാരിയെന്ന് അടയാളപ്പെടാന്‍ ഒരു പുസ്തകം വേണ്ടി വന്നു. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍

ഉള്ളില്‍ കൊളുത്തി വലിക്കുന്ന നോവുകളെ അടക്കം ചെയ്യാന്‍ ഒരു കവിതയും മതിയാവുന്നില്ലല്ലോയെന്ന ചിന്തകള്‍ അവസാനിപ്പിച്ചിടത്ത് നിന്നാണ് പോയവര്‍ഷത്തിന്റെ എഴുത്ത് ജീവിതത്തെ കുറിച്ചിടാന്‍ ഞാന്‍ തുടങ്ങുന്നത്.

തലേന്ന് കണ്ട സ്വപ്നത്തിലെ ഒലിവ് കണ്ണുള്ള രണ്ട് കുഞ്ഞതിഥികള്‍. അവരുടെ ഓറഞ്ചുനിറമുള്ള ഉടുപ്പുകളില്‍ യുദ്ധം സമ്മാനിച്ച ചോരപ്പാടുകള്‍. അവരെ കുറിച്ച് കവിതയെഴുതുകയായിരുന്നു ഞാനതുവരെ.

ആ സമയം ഞാന്‍ ഇങ്ങനെ എഴുതിയിട്ടു:

'ഇപ്പോഴും ഈ നിമിഷവും

ഞാന്‍ എന്റെ മകനെ

ശകാരിക്കുകയാണ്

അവന്റെ മുഖത്ത് ആശങ്കയുണ്ട്

എങ്കിലവന്‍ പറയട്ടെ

ഒലിവ് നിറത്തിന്റെ കണ്ണുകളുള്ള

കുഞ്ഞുങ്ങളെ

പറ്റി പറയട്ടെ.

ഡിസംബറിന്റെ തണുപ്പുള്ള ഈ രാത്രിയില്‍

അവന്‍ ആരെയെല്ലാമാണ്

കൂട്ടി വന്നിരിക്കുന്നതെന്ന്

പറയട്ടെ

ഒലിവ് നിറത്തിന്റെ കണ്ണുകളുള്ള

അവന്റെ

അഥിതികളെ പറ്റി പറയട്ടെ.

അവരുടെ ഓറഞ്ച് നിറമുള്ള

ഉടുപ്പുകള്‍ക്കുള്ളില്‍ ഇനിയും

തുന്നിക്കൂട്ടിയിട്ടില്ലാത്ത

മുറിവുകളെ കുറിച്ച് പറയട്ടെ.'

പുറത്ത് നിന്നും തണുപ്പുള്ള രാത്രി ബാക്കിയാക്കി നേരിയ കാറ്റ് വീശുന്നു. തണുപ്പ് മാത്രം. കവിതയേയും കുഞ്ഞതിഥികളേയും ഉറങ്ങാന്‍ അനുവദിച്ച് തകൃതിയില്‍ തീര്‍ന്നുപോയ ഇരുപത്തിമൂന്നിന്റെ ഇന്നലകളെകുറിച്ച് എഴുതാന്‍ ഇരുന്നു. കഴിഞ്ഞു പോയവയുടെ പട്ടികയിലേക്ക് എഴുതിത്തള്ളാന്‍ മാത്രമല്ലാത്ത എന്തൊക്കെയോ കയ്യിലേക്ക് നീട്ടി വച്ചുതന്ന രണ്ടായിരത്തി ഇരുപത്തിമൂന്ന്.

വെറുതെ പോയെന്ന് പറയാന്‍ വയ്യല്ലോ.

അധിക വായനകളോ എഴുത്തുകളോ ഇല്ലാതിരുന്നിട്ടും എഴുത്ത് ജീവിതത്തിന്റെ കൃത്യമായ വഴികളില്‍ റാന്തല്‍ വെളിച്ചം തെളിയുന്നു. പണ്ടെങ്ങോ ഒരു കാലത്ത് നീളന്‍ വരാന്തയുടെ മൂലയിലെ കുട്ടിത്തിണ്ണയില്‍ കയറിയിരുന്ന് നിലാവ് തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ എണ്ണുമ്പോ ചിതലിറങ്ങിയ ചായപ്പീടികയുടെ കോമ്പരയില്‍ തെളിഞ്ഞു നിന്ന അതെ വെട്ടം.

പകല് മുഴുവന്‍ എഴുതി തീര്‍ത്തതിന്റെ കാരണവും കാര്യങ്ങളും മാറിയും മറിഞ്ഞും ചോദ്യങ്ങളായി ഉള്ളില്‍ ഉയരുമ്പോ, റാന്തല്‍ വെളിച്ചത്തില്‍ പറന്നു പൊന്തുന്ന ഇയ്യാം പാറ്റകള്‍ ഓര്‍മിപ്പിക്കും 'ആത്മസംതൃപ്തി'. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറത്ത് നിന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന് എന്നോട് സംസാരിക്കുകയായിരുന്നു, അതിനുമപ്പുറം മറ്റെന്തോ കൂടി തിരഞ്ഞുള്ള യാത്രയെ സംബന്ധിച്ച്. പറയാതെ വയ്യ, മനോഹരമായൊരു യാത്രയുടെ തുടക്കം തന്നെയായിരിക്കണമിത്.

അങ്ങനെ വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതും.

എന്റെ ആദ്യ പുസ്തകവും (ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച സുഹ്‌റ w/o മജീദ് ) പുസ്തകം വഴി തെളിയിച്ച ആദ്യ വേദിയും (mlf ) പൊടുന്നനെ കണ്ടുമുട്ടിയ ഒരു പറ്റം വല്യ മനുഷ്യരും, സൗഹൃദങ്ങളും ഇരുപത്തിമൂന്നിന്റെ സമ്പാദ്യങ്ങളാണ്. Mlf വേദിയിലേക്ക് എന്നെ എത്തിച്ച മുഴുവന്‍ സാഹചര്യങ്ങളും ഇപ്പോഴും എനിക്ക് അജ്ഞാതമാണ്. പത്തോ അതില്‍ അധികമോ പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാര്‍ക്കൊപ്പം വേദി പങ്കിടുമ്പോള്‍ ഒരു പുസ്തകം മാത്രം എഴുതിയ ഞാന്‍ മോഡറേറ്റര്‍ക്ക് താരതമ്യനേ പുതിയ എഴുത്തുകാരിയാകുന്നതും കാണികള്‍ക്ക് എന്നെ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹം അപരിചിതമായ ഏതോ പ്രവര്‍ത്തിയില്‍ എന്നത് പോലെ പതറുന്നതും സ്വാഭാവികം. പക്ഷേ, എഴുത്ത് ഒരിക്കലും ഞാന്‍ ഉപജീവനമാര്‍ഗമായോ സോഷ്യല്‍മീഡിയയുടെ സ്വാധീനത്താല്‍ പൊടുന്നനെ തുടങ്ങിയതായോ ഒന്നല്ല. സത്യത്തില്‍ എന്റെ എഴുത്തുജീവിതത്തിന്റെ ചരിത്രത്തിന് അക്ഷരതെറ്റുകളില്ലാതെ ഞാന്‍ എഴുതാന്‍ പഠിച്ചത്രയും പഴക്കമുണ്ട്. എങ്കിലും എഴുത്തുകാരിയെന്ന് അടയാളപ്പെടാന്‍ ഒരു പുസ്തകം വേണ്ടി വന്നു. എന്നിട്ടും ഇപ്പോഴും ഈ നിമിഷവും ഇനിയും പുസ്തകങ്ങളെന്ന സ്വപ്നം എന്നെ ഭരിച്ചു തുടങ്ങിയിട്ടില്ല. വലിയ സ്വപ്നങ്ങളുടെ ഭാരമില്ലാത്ത ഈ സഞ്ചാരം മനോഹരമാണ്. അതുകൊണ്ട് തന്നെയാവണം ചെറിയ സന്തോഷങ്ങള്‍ പോലും പുതിയ കളിപ്പാട്ടം കിട്ടിയ കൊച്ചുകുഞ്ഞിന്റെ ആഹ്ലാദത്തോടെ എനിക്ക് സ്വീകരിക്കാന്‍ കഴിയുന്നത്.


രസകരമായ മറ്റൊന്ന് എന്തന്നോ, എഴുത്തിന്റെ വഴിയേ കൂടെകൂടിയ പഴകിത്തെളിഞ്ഞെന്ന് തോന്നിയ മനുഷ്യരൊക്കെ ഇല്ലായ്മയിലേക്ക് പതിച്ചതാണ്. നിരാശകള്‍ കരുതി വക്കാതെ മനുഷ്യരേയും പുതുക്കാന്‍ ശീലിപ്പിച്ചു ഇരുപത്തിമൂന്നിന്റെ ദിനരാത്രങ്ങള്‍. വായനയെ കുറിച്ചാണ് അത്ഭുതം തോന്നിയത്. പുതിയതായി ഒന്നുമുണ്ടായില്ല. ആവര്‍ത്തനങ്ങള്‍ മാത്രം. വായിച്ച് വായിച്ച് പതിഞ്ഞവയില്‍ നിന്നും വീണ്ടും ഭാഷയുടെ ആഴങ്ങള്‍ തേടി കഥകളില്‍ നിന്ന് കഥകളിലേക്ക് സഞ്ചരിച്ചുകൊണ്ട് വായനയുടെ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പുതിയ വര്‍ഷത്തിലേക്കായി പ്രതീക്ഷകളുടെ അമിതഭാരം കരുതിവക്കുന്നില്ല. വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയാകതെയിരിക്കുന്ന കഥകള്‍ ലക്ഷ്യം കാണുമെന്നും, തുടങ്ങി വച്ച നോവലെന്ന സ്വപ്നം മനോഹരമായി കരപറ്റുമെന്നുമൊക്കെയുള്ള വിശ്വാസം മാത്രം. ഞാന്‍ ജനിച്ചതും വളര്‍ന്നതും കടന്നുവന്നതും എല്ലാം ഓര്‍ക്കുന്നു. ജീവിതം എന്തുകൊണ്ട് ചിലതിലേക്ക് എന്നെ തിരഞ്ഞെടുത്തുവെന്നും ഈ നിമിഷം ഓര്‍ക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഇനിയുള്ളതെല്ലാം സ്വയം കണ്ടെത്താനുള്ളതാണ്. തെളിഞ്ഞു വന്ന വെട്ടത്തിലേക്ക് എണ്ണ പകരലാണ്. സര്‍വശക്തന്‍ സാധിപ്പിക്കട്ടെ.

Similar Posts