സമയം നമ്മുടെ മൂലധനം
|ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. എല്ലാം അസ്തമിച്ച ശേഷം വിലപിക്കുന്നതിന് പ്രയോജനം കണ്ടെന്നു വരില്ല. അതിനാല്‍ സദാ നാം കര്‍മ നിരതരാകേണ്ടതുണ്ട്. ടൈം മാനേജ്‌മെന്റിന്റെ പ്രായോഗികവും ആത്മീയവുമായ തലങ്ങളെ കുറിച്ച്.
ലോകത്ത് സമയത്തോളം വിലയേറിയ മറ്റൊന്നില്ല. ശതകോടികള്‍ നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നിരിക്കാം, എന്നാല്‍ നഷ്ടമായ സമയം ഒരു സെക്കന്റ് പോലും തിരിച്ചു ലഭിക്കില്ല. ' നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം ' എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയ സന്ദേശമാണ്. സമയമാണ് ജീവിതം, സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണതിനര്‍ഥം.
മനുഷ്യനിര്‍വചനത്തില്‍ സമയത്തിന്റെ ഏറ്റവും ചെറിയ കഷണമാണ് സെക്കന്‍ഡ്. ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ദിവസം 24 മണിക്കൂറും ഒരു സെക്കന്‍ഡ് എന്നാല്‍ 0.000012 ദിവസവുമാണ്. ഇതിലും കുറഞ്ഞ സമയ ഘടകങ്ങളുണ്ട്. കംപ്യൂട്ടറുകളാണ് ഇത്തരം സമയം കണക്കാക്കി പ്രവര്‍ത്തിക്കുന്നത്. ഒരു സെക്കന്‍ഡിന്റെ 10-18 ഭാഗമാണ് ഒരു ഓട്ടോ സെക്കന്‍ഡ്. മനുഷ്യന് ഇതേവരെ അളക്കാന്‍ കഴിഞ്ഞ ഏറ്റവും ചെറിയ സമയഖണ്ഡം കൂടിയാണിത്, 2010-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഇത് അളന്നത്. ഒരു ഓട്ടോസെക്കന്‍ഡ് കിട്ടാന്‍ ഒരു സെക്കന്‍ഡിനെ ഒന്നും 18 പൂജ്യവും ചേരുന്ന സംഖ്യകൊണ്ട് ഹരിക്കണം. എന്നാല്‍, ഓരോ ഓട്ടോ സെക്കന്റ് പോലും എത്രയോ വിലമതിക്കുന്നതാണെന്ന ബോധ്യമാണ് നമുക്ക് വേണ്ടത്.
ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഭൗതിക, സാമൂഹിക, വൈകാരിക, അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സമയ ക്രമീകരണത്തിലൂടെ സാധിക്കും.
വെറുംവര്‍ത്തമാനങ്ങളിലും ലൗകികമായ വ്യവഹാരങ്ങളിലും സമയം പാഴാക്കാതെ തങ്ങളുടെ നിയോഗദൗത്യം പൂര്‍ത്തീകരിക്കാന്‍ നാം കര്‍മ നിരതരാകണം. പ്രവാചക ശിഷ്യപരമ്പരയിലെ പ്രമുഖനായ ആമിറുബ്നു ഖൈസിനോട് ഒരാള്‍ വന്ന് വല്ല ഉപദേശവും നല്‍കൂ എന്ന് പറഞ്ഞപ്പോള്‍, സൂര്യനെ പിടിച്ചുവെക്കൂ, എന്നാല്‍ ഞാന്‍ സംസാരിക്കാം എന്നായിരുന്നു അദ്ദേഹം പ്രതിവചിച്ചത്. എന്റെ ആയുസ്സില്‍ നിന്ന് ഒരു ദിവസം കുറഞ്ഞുപോവുകയും എന്റെ സല്‍കര്‍മങ്ങളില്‍ ഒന്നും ഏറാതിരിക്കുകയും ചെയ്യുന്ന ഒരു ദിവസമോര്‍ത്ത് ഞാന്‍ ദുഃഖിച്ചതു പോലെ മറ്റൊരു കാര്യമോര്‍ത്തും ഞാന്‍ ദുഃഖിച്ചില്ല എന്ന് പരിതപിച്ചത് പ്രമുഖ പ്രവാചക അനുയായി അബ്ദുല്ലാഹിബ്നു മസ്ഊദാ ആയിരുന്നു.
സമയം എങ്ങനെ വിനിയോഗിക്കണമെന്ന് ഓരോ ടൈം മാനേജ്‌മെന്റ് വിദഗ്ധരും ഇന്ന് ഏറെ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുകയാണ്. സമയപരിധിക്കുള്ളില്‍ നിന്ന് നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഭൗതിക, സാമൂഹിക, വൈകാരിക, അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സമയ ക്രമീകരണത്തിലൂടെ സാധിക്കും.
യൗവ്വനത്തിന്റെ വാര്‍ധക്യമാണ് നാല്‍പത് വയസ്. അന്‍പത് വയസാകട്ടെ, വാര്‍ധക്യത്തിന്റെ യൗവ്വനവുമാണെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. എല്ലാം അസ്തമിച്ച ശേഷം വിലപിക്കുന്നതിന് പ്രയോജനം കണ്ടെന്നു വരില്ല. അതിനാല്‍ സദാ നാം കര്‍മ നിരതരാകേണ്ടതുണ്ട്. 'നിങ്ങള്‍ ഒരു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അടുത്തതില്‍ വ്യാപൃതമാവുക' എന്ന ഖുര്‍ആനിക വചനം ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.
ജീവിച്ച ആയുസിലെ ദിവസങ്ങളുടെ എണ്ണത്തേക്കാള്‍ പേജുകള്‍ ഗ്രന്ഥരചന നടത്തിയും ഗ്രന്ഥരചനക്ക് ഉപയോഗിച്ച മരത്തിന്റെ പേനകള്‍ കൊണ്ട് മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ കല്‍പിച്ചും ചരിത്രത്തെ അത്ഭുതപ്പെടുത്തിയ മഹാമനീഷികള്‍ നമുക്ക് മുമ്പേ കടന്നുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം നമ്മുടേതിനു തുല്യമായി 24 മണിക്കൂര്‍ മാത്രം ദിവസവും നല്‍കപ്പെട്ടിട്ടും അത്രയും ചെയ്യാനായത് സമയത്തിന്റെ യഥാര്‍ഥ വിലയറിഞ്ഞു കൊണ്ട് അവര്‍ ജീവിച്ചു എന്നതു കൊണ്ടാണ്.
ജനങ്ങളില്‍ അധികപേരും വഞ്ചിതരാവുന്നത് രണ്ട് അനുഗ്രഹങ്ങളുടെ വിഷയത്തിലാണ് എന്ന് പറഞ്ഞ പ്രവാചകന്‍ അതില്‍ രണ്ടാമതായി എണ്ണിയത് ഒഴിവു സമയത്തെയാണ്. ' സമയത്തെ ശകാരിക്കരുത്. സമയം അല്ലാഹുവില്‍ നിന്നാണ് ' അതായത്, സമയത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ്. പാപങ്ങള്‍ ചെയ്ത് സമയത്തെ ശകാരിക്കാതെ അതിനെ നല്ല രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സമയത്തെ ശരിയായ വിധം സന്തുലിതപ്പെടുത്തി ഉപയോഗിക്കുവാന്‍ നാം മുന്നോട്ട് വരണം.