Life Story
പുസ്തകങ്ങളില്‍ കൂടുകൂട്ടിയ നാളുകള്‍ വിനോദ് വിയാര്‍
Life Story

പുസ്തകങ്ങളില്‍ കൂടുകൂട്ടിയ നാളുകള്‍

വിനോദ് വിയാര്‍
|
30 Dec 2023 6:25 PM GMT

വായനയുടെ പുതിയ ലോകങ്ങള്‍ തേടി 2024 ലും യാത്ര ചെയ്യണം. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്നത് എഴുതണം എന്നാണ് ആഗ്രഹം. | 2023 ബാക്കി വെച്ച എഴുത്തു വിചാരങ്ങള്‍

ജീവിതത്തിലെ ദൈനംദിന അങ്കലാപ്പുകള്‍ക്കിടയില്‍ നിന്ന് മറ്റൊരിടത്തേക്കുള്ള പറക്കല്‍ ആണ് എനിക്ക് വായന. ഓരോ പുസ്തകവും ഓരോ കിളിക്കൂട് പോലെ അഭയം നല്‍കുന്നു. അതിനുള്ളില്‍ ഞാന്‍ മറ്റൊരു പ്രഭാതം കാണുന്നു, നട്ടുച്ച കൊള്ളുന്നു, സായാഹ്നത്തെ വരവേല്‍ക്കുന്നു. ഞാന്‍ മറ്റൊരാളായി ജീവിക്കുന്നു. വായനയുടെ ആ ആനന്ദം എല്ലാക്കാലത്തും എന്നെ ഭ്രമിപ്പിക്കുന്നു. പുസ്തകങ്ങളില്‍ കൂട് കൂട്ടാന്‍ അതെന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എനിക്ക് 2023 വായനയുടേയും എഴുത്തിന്റേയും വര്‍ഷമായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഒതുങ്ങി നിന്ന എന്റെ എഴുത്തിന് പുത്തന്‍ ചിറക് ലഭിച്ചത് 2023 ലാണ്. മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാഗസിനുകളില്‍ തുടര്‍ച്ചയായി കവിതകള്‍ വരാന്‍ തുടങ്ങി. മീഡിയവണ്‍ ഷെല്‍ഫില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച 'ഹാഷ്ടാഗ്' എന്ന കവിത ഒരുപാട് വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയാന്‍ കഴിഞ്ഞു. പുസ്തകങ്ങളിലേക്കും ആഴ്ചപ്പതിപ്പുകളിലേക്കും കഥകളും കവിതകളും തെരെഞ്ഞെടുക്കപ്പെട്ടു. 2023 കടന്നുപോകുമ്പോള്‍ സന്തോഷകരമായ അത്തരം നിമിഷങ്ങളെല്ലാം ഉള്ളില്‍വന്നു നിറയുന്നു. ഏറെ പ്രിയപ്പെട്ട പല പുസ്തകങ്ങളിലേക്കും വായന എത്തി എന്ന സന്തോഷവും അതിനൊപ്പമുണ്ട്. വായിച്ച പുസ്തകങ്ങളുടെ എണ്ണം കൂട്ടുക എന്നതിനപ്പുറം ഒരോ പുസ്തകത്തിലും കൂടുതല്‍ സമയം ചെലവഴിച്ച് അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക എന്നതാണ് എന്റെ വായന രീതി. ഒരുപക്ഷേ ആ വായന രീതിയാവാം എന്നില്‍ വായനയുടെ അപൂര്‍വാനന്ദം നിറയ്ക്കുന്നത്.


കഥ, കവിത, നോവല്‍, വിമര്‍ശനം തുടങ്ങി പല വിഭാഗങ്ങളിലേക്കും 2023 ലെ വായന സഞ്ചരിച്ചു. വായിച്ചവയില്‍ ചിലതെല്ലാം ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളായി ഒപ്പം കൂടി. സൂര്യമത്സ്യത്തെ വിവരിക്കല്‍ (മേതില്‍), പെണ്‍കുട്ടികളുടെ വീട് (സോണിയ റഫീക്ക്), കാലൊടിഞ്ഞ പുണ്യാളന്‍ (ഷനോജ് ആര്‍ ചന്ദ്രന്‍), അന്നുകണ്ട കിളിയുടെ മട്ട് (അസീം താന്നിമൂട്), ഗാന്ധി നടന്ന വഴികളിലൂടെ (ശ്രീകാന്ത് കോട്ടക്കല്‍), മാനാഞ്ചിറ ടെസ്റ്റ് (വി.കെ.എന്‍), മധുരത്തെരുവ് (നദീം നൗഷാദ്), കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ കടക്കുന്ന വിധം (നിധിന്‍ വി.എന്‍) തുടങ്ങിയ പുസ്തകങ്ങള്‍ അവയില്‍ ചിലതാണ്. ഇവയോരോന്നും വായനയ്ക്ക് ശേഷവും എന്നോടൊപ്പം സഞ്ചരിക്കുന്നു.

ഓരോ പുതുവര്‍ഷവും പ്രതീക്ഷകളുടേതാണ്. 2024 പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്നു. വായനയുടെ പുതിയ ലോകങ്ങള്‍ തേടി 2024 ലും യാത്ര ചെയ്യണം. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്നത് എഴുതണം എന്നാണ് ആഗ്രഹം. പുതിയ വര്‍ഷം അതിനുള്ള അരങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നല്ലദിനങ്ങളുടെ പുതുവത്സരാശംസകള്‍.

Similar Posts